Campus Alive

‘വ്യത്യാസ’ത്തിന്റെ തത്വശാസ്ത്രം ഇസ്‌ലാമിക പാരമ്പര്യത്തിൽ

വ്യത്യാസത്തെ രണ്ടാം കിട യാഥാർഥ്യമായോ അല്ലെങ്കിൽ മായയായോ വീക്ഷിക്കുന്ന തത്വചിന്താ പാരമ്പര്യത്തെ വിമർശിച്ചു കൊണ്ടാണ് വ്യത്യാസത്തിലധിഷ്ഠിതമായ സത്താമീമാംസ ( Differential Ontology) നവീന തത്വചിന്തയിൽ ഇടം പിടിക്കുന്നത്. രണ്ട് വസ്തുക്കൾക്കിടയിലെ വൈരുദ്ധ്യത്തെ കുറിക്കാനാണ് പൊതുവേ നാം വ്യത്യാസമെന്ന പദമുപയോഗിക്കാറ്. ഉദാഹരണത്തിന് “എ” “ബി” യെപ്പോലെ അല്ലാതിരിക്കുന്ന വിധത്തെക്കുറിച്ച് നാം “വ്യത്യാസം” എന്ന് പറയുന്നു. ഇപ്രകാരം പൂർവസ്ഥാപിതവും ആദ്യമേ അറിയപ്പെട്ടതുമായ സ്വത്വങ്ങളുള്ള (Identity) രണ്ട് വസ്തുക്കൾക്കിടയിലുള്ള ബന്ധമായി വ്യത്യാസത്തെ കാണുന്നതിന് പകരം അതിനെ ആദിമവും നിർമാണാത്മകവും സ്വത്വ രൂപവത്കരണത്തിൽ പ്രാഥമിക ഭാഗധേയമുള്ളതുമായി മനസ്സിലാക്കുകയാണ് ഡിഫറൻഷ്യൽ ഓൺടോളജി ചെയ്യുന്നത്. സാധാരണ കാഴ്ചപ്പാടിൽ, അല്ലെങ്കിൽ സത്താവാദ പാരമ്പര്യത്തിൽ ( Essentialist tradition) ഒരു വസ്തുവിൻ്റെ സ്വത്വം കിടക്കുന്നത് അതിൻ്റെ അടിസ്ഥാനപരമായ ഗുണങ്ങളിലും സ്വഭാവങ്ങളിലുമാണ്. അപ്പോൾ, “എ” ക്കും “ബി” ക്കും സ്വന്തമായ, മറ്റൊന്നിൻ്റെ മേൽ ആശ്രിതമല്ലാത്ത സ്വത്വമുണ്ടെന്നും, പിന്നെയാണ് വ്യത്യാസമെന്ന ബന്ധം അവക്കിടയിൽ കടന്നു വരുന്നതെന്നുമാണ് തത്വചിന്തയുടെ ചരിത്രത്തെയുടനീളം സ്വാധീനിച്ച സത്താവാദ പാരമ്പര്യത്തിൻ്റെ നിലപാട്. ഇതിന് വിരുദ്ധമായി, ഒരു വസ്തുവിൻ്റെ സ്വത്വത്തെ രൂപപ്പെടുത്തുന്നത് അതല്ലാത്തതിൽ നിന്നുള്ള അതിൻ്റെ വ്യത്യാസമാണെന്നും, അതുകൊണ്ട് വ്യത്യാസം പ്രാഥമികവും അനന്യത/സ്വത്വം അതിനു ശേഷം വരുന്നതാണെന്നുമാണ് ഡിഫറൻഷ്യൽ ഓൺടോളജി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതിനാൽ, മെറ്റഫിസിക്സ് മൗലികമായ പ്രതിഭാസങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന ധാരണ ശരിയാകണമെങ്കിൽ, അനന്യതക്ക് പകരം വ്യത്യാസത്തിൽ നിന്ന് ആരംഭിക്കുകയാണ് വേണ്ടത് എന്നും ഡിഫറൻഷ്യൽ ഓൺടോളജി കരുതുന്നു.

ഡിഫറൻഷ്യൽ ഓൺടോളജിയുടെ പ്രധാന വക്താക്കൾ ഫ്രഞ്ച് തത്വചിന്തകരായ ദെറിദയും  ദെലൂസുമാണ്. ഇവരുടെ ആശയങ്ങൾ ഇന്ന് ചലച്ചിത്ര പഠനങ്ങൾ, ധാർമിക ശാസ്ത്രം, ദൈവശാസ്ത്രം, രാഷ്ട്രീയം, ടെക്നോളജി, സൗന്ദര്യശാസ്ത്രം തുടങ്ങിയവയിലെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് ¹.

ഡിഫറൻഷ്യൽ ഓൺടോളജിയുടെ പ്രധാനപ്പെട്ട ഒരു ധർമം വ്യത്യാസാധിഷ്ഠിതമായ കാഴ്ചപ്പാടിന്(Differential thinking) അത് പ്രേരകമാവുന്നുവെന്നതാണ്. അഥവാ,  ഡിഫറൻഷ്യൽ ഓൺടോളജിയെ അംഗീകരിക്കുന്നതോട് കൂടി ഒരാൾക്ക് താനടക്കമുള്ള പ്രപഞ്ചത്തിലെ ഒന്നും സ്വയം പര്യപ്തമല്ലെന്നും പരസ്പരാശ്രിതങ്ങളായ സ്വത്വങ്ങളാണ് എല്ലാത്തിനും ഉള്ളതെന്നും  അതിനാൽ തന്നെ സർവതും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നുമുള്ള വിശാലമായ കാഴ്ചപ്പാടിനെ ആശ്ലേഷിക്കാനാകുന്നു. ഇസ്ലാമിക തത്വചിന്തയിൽ ഉള്ള ഡിഫറൻഷ്യൽ ഓൺടോളജിയുടെ പൂർവ്വ രൂപങ്ങളെ കുറിച്ച് അന്വേഷിക്കുകയും അതോടൊപ്പം വ്യത്യാസാധിഷ്ഠിതമായ ലോക വീക്ഷണത്തിന് ഇസ്ലാമിൽ ഉള്ള പ്രാധാന്യത്തെ അടയാളപ്പെടുത്തുകയും ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. കൂടെ മുസ്ലിം രാഷ്ട്രീയത്തിന് ഇതുമായുള്ള ബന്ധത്തെ ലളിതമായി പരിശോധിക്കുകയും ചെയ്യുന്നു.

ദെലൂസും മുല്ലാ സദ്റയും

പരമ്പരാഗത മെറ്റഫിസിക്സിന് വസ്തുക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ, അല്ലെങ്കിൽ ഒരു വസ്തുവിനെ അതായിത്തന്നെ ഗ്രഹിക്കാൻ സാധിക്കില്ലെന്നുള്ള വിമർശനത്തിൽ നിന്നാണ് ദെലൂസ് തൻറെ ഡിഫറൻഷ്യൽ ഓൺടോളജി ആരംഭിക്കുന്നത്. തത്വചിന്തയുടെ ദൗത്യം വസ്തുക്കളെ നേരായി മനസ്സിലാക്കുകയെന്നതാണ്. ഇതിന് ഒരു വസ്തുവിനെ അതായിത്തന്നെ ഗ്രഹിക്കൽ അത്യാവശ്യമാണ്;  അഥവാ,  അതല്ലാത്ത എല്ലാത്തിൽ നിന്നും വ്യത്യസ്തമായതായി ഒരു വസ്തുവിനെ മനസ്സിലാക്കണം എന്നർത്ഥം. ഉദാഹരണത്തിന് ഒരു പന്തിനെ എടുക്കുക. വസ്തുക്കളുടെ യഥാർത്ഥ സ്വഭാവം ഗ്രഹിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന പരമ്പരാഗത മെറ്റഫിസിക്സ് പലതരം സംപ്രത്യയങ്ങളും സാമാന്യ സങ്കൽപ്പങ്ങളും ഉപയോഗിച്ചാണ് പ്രസ്തുത പന്തിനെ കുറിച്ച് ചിന്തിക്കുക ( പന്തിന്റെ പ്രത്യേക നിറം, ആകൃതി, നിർമ്മിക്കാൻ ഉപയോഗിച്ച വസ്തുക്കൾ, വലിപ്പം, ഇലാസ്തികത വായു ഉൾക്കൊള്ളാനുള്ള ശേഷി തുടങ്ങിയ കാര്യങ്ങൾ ഉദാഹരണം). എത്ര തന്നെ സാമാന്യ സങ്കല്പങ്ങളും മറ്റും ഉപയോഗിച്ചാലും നമ്മുടെ ആശയപരമായ പ്രതിനിധാനത്തിന് പന്തിന്റെ സ്വഭാവത്തെ പൂർണ്ണമായി ഗ്രഹിക്കാനാവില്ല. മേൽപ്പറഞ്ഞ സവിശേഷതകൾ ഒക്കെ പന്തിൽ ഉണ്ടെങ്കിലും ഈ പ്രത്യേക പന്തും അവയും തമ്മിൽ മൗലികമായ ഒരു വ്യത്യാസം ഉണ്ട്. ഈ പന്തിനെ ‘ഈ പന്താക്കുന്നത്’ എന്താണോ അത് മനസ്സിലാക്കാതെ നാമൊരിക്കലും ഈ പന്തിലേക്ക് എത്തിച്ചേരുന്നില്ല. തത്വചിന്തയെ ബാധിച്ചിരിക്കുന്ന വലിയൊരു പ്രതിസന്ധിയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. ഡിഫറൻഷ്യൽ ഓൺടോളജിക്ക് മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് ദെലൂസിൻ്റെ വാദം.

വസ്തുക്കളെ അതായിത്തന്നെ ( Being qua being) പഠിക്കുന്നതാണ് മെറ്റഫിസിക്സ് എന്നാണ് അരിസ്റ്റോട്ടിലിൻ്റെ വാദം. മെറ്റഫിസീഷ്യൻ വസ്തുക്കളെ മനസ്സിലാക്കുന്നത് അവയിലുള്ള ഒരു പൊതു ഘടകത്തെ മുൻനിർത്തിയാണ്. അരിസ്റ്റോട്ടിലിനെ സംബന്ധിച്ചിടത്തോളം ഈ പൊതു ഘടകം ദ്രവ്യം (substance) ആവുകയെന്നതാണ്. അപ്പോൾ അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ, ഒരു വസ്തു ഉണ്ടാവുക എന്നാൽ പ്രാഥമികമായി അതൊരു ദ്രവ്യം ആവുകയെന്നാണ്, അഥവാ ഗുണങ്ങളുടെ വാഹിനിയാകുക എന്നർത്ഥം. ദ്രവ്യത്തോട് ബന്ധമില്ലാതെ ഗുണങ്ങൾക്ക് അസ്തിത്വമില്ല (ചുവപ്പിന് സ്വതന്ത്രമായി അസ്ഥിത്വം ഇല്ല; ചുവന്ന വസ്തുവിനേയുള്ളൂ). ഇതിനർത്ഥം മെറ്റഫിസിക്സ് എന്നാൽ പ്രധാനമായും ദ്രവ്യം ആകുകയെന്നാലെന്താണ്, ഗുണമാകുയെന്നാലെന്താണ് എന്നീ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന ജ്ഞാനശാഖയാണെന്നാണ്. പക്ഷേ,  ഈയർത്ഥത്തിൽ വസ്തുവിനെക്കുറിച്ച് ചിന്തിക്കുന്നത് അതിൻറെ വളരെ മൗലികമായ ഉണ്മയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നില്ല എന്ന് ദെലൂസ് വാദിക്കുന്നു. ദ്രവ്യം, ഗുണം എന്നീ സംപ്രത്യയങ്ങൾക്കപ്പുറത്ത് ഇതര വസ്തുക്കളിൽ നിന്ന് ഒരു വസ്തുവിനെ അതാക്കി തീർക്കുന്ന വ്യത്യാസത്തിലേക്ക്,  ആ വസ്തുവിന് മാത്രമായ സ്വഭാവത്തിലേക്ക് മെറ്റഫിസിക്സ് കടക്കുന്നില്ല. അഥവാ,  ഉണ്മയെ/വസ്തുക്കളെക്കുറിച്ച് ചിന്തിക്കുകയെന്ന ലക്ഷ്യം പരമ്പരാഗത സത്താമീമാംസക്ക് സാക്ഷാൽകരിക്കാൻ ആവുന്നില്ലെന്നർത്ഥം ². അനന്യതയെ അല്ലെങ്കിൽ സ്വത്വത്തെ വ്യത്യാസത്തിനു മുൻപേ പ്രതിഷ്ഠിച്ചതിന്റെ ഫലമാണിത്.

സത്യത്തിൽ തത്വചിന്തയിൽ അനേകകാലം തുടർന്നു വന്നിരുന്ന പരികല്പനയെയാണ് ദെറിദയുടെയും  ദെലൂസിൻ്റെയും ഡിഫറൻഷ്യൽ ഓൺടോളജി എതിർത്തത്.  എന്നിരുന്നാലും ഈ സമീപനം പൂർവ്വ മാതൃകകളില്ലാത്ത ഒന്നാണെന്ന് നമുക്ക് പറയാനാവില്ല. ഇസ്ലാമിക തത്വചിന്തയിൽ മുല്ലാ സദ്റയുടെ ചിന്താപദ്ധതി ദെലൂസിൻ്റെത് പോലെ വസ്തുക്കളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശ്രമമായിരുന്നെന്ന് കാണാവുന്നതാണ്. ഇബ്നു സീനയുടെ Univocity of being എന്ന ആശയത്തെ ( ഉണ്മ എന്ന വാക്ക് ദൈവമടക്കം സർവ്വ വസ്തുക്കൾക്കും ഒരേ അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടേണ്ടത് എന്ന ആശയമാണിത്. മധ്യകാല സ്കോട്ടിഷ് ചിന്തകൻ ജോൺ ഡൺസ് സ്കോട്ടസ് ആണ് ഈ ആശയം ആദ്യമായി മുന്നോട്ടുവെച്ചതെന്ന് ദെലൂസ് തെറ്റിദ്ധരിച്ചിട്ടുണ്ട്) വിമർശിച്ചു കൊണ്ടാണ് മുല്ലാ സദ്റ തൻറെ സത്താമീമാംസയെ അവതരിപ്പിക്കുന്നത്. സദ്റയുടെ അഭിപ്രായത്തിൽ വിവിധ വസ്തുക്കളുടെ ഉണ്മ വ്യത്യസ്ത സ്വഭാവത്തിലാണ് ഉള്ളത്; Univocity of being എന്ന ആശയപ്രകാരമുള്ള പോലെ ഉണ്മ എല്ലാത്തിലും സമമാണെന്നത് ശരിയല്ല. സദ്റയെ സംബന്ധിച്ചിടത്തോളം അസ്തിത്വം (Existence) മാത്രമാണ് യഥാർത്ഥമായത്. ആയിത്തീരലിന്റെ പ്രവാഹമായ (Flow of being) അസ്തിത്വം വസ്തുക്കളെ ഒരേസമയം ഏകീകരിക്കുകയും വിവേചിക്കുകയും ചെയ്യുന്നു. എല്ലാ മൂർത്തമായ വസ്തുക്കളിലുമുള്ളതാണ് അസ്തിത്വമെങ്കിലും ഓരോന്നിലും വ്യത്യസ്തമായ സാന്ദ്രതയാണ് അതിനുള്ളത്. അസ്തിത്വത്തെ ഈ രീതിയിൽ നോക്കിക്കാണുന്ന തൻ്റെ ചിന്താപദ്ധതിയെയാണ് തശ്കീക് എന്ന് മുല്ലാസദ്റ വിളിക്കുന്നത്. അയഥാർത്ഥമായ വശങ്ങളിൽ (മൂർത്തമായ അസ്തിത്വവുമായി ബന്ധമില്ലാത്ത) നിന്നൊഴിവായി കൂടുതൽ യഥാർത്ഥമാവാനുള്ള പ്രയാണത്തിലാണ് പ്രപഞ്ചത്തിലെ സർവ്വ വസ്തുക്കളുമെന്ന് നിരീക്ഷിക്കുന്ന മുല്ലാ സദ്റ പൂർണ്ണ യാഥാർത്ഥ്യമുള്ള അസതിത്വമായി കാണുന്നത് ദൈവത്തെയാണ്. വെറും പദാർത്ഥമാണ് യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയുള്ളത്. ഏതായാലും നമുക്ക് ഇവിടെ ഏറെ പ്രധാനപ്പെട്ട കാര്യം ഓരോ വസ്തുവിന്റെയും അസ്തിത്വത്തെ വേറിട്ടു കാണാൻ തന്നെ മുല്ലാസദ്റ ശ്രമിച്ചുവെന്നതാണ്. അസ്തിത്വം വഴി ഉണ്ടാകുന്ന ഒരു വസ്തുവിന്റെ ഐകസ്വഭാവത്തെ(Singularity) ഗ്രഹിക്കുകയാണ് തശ്കീക്കിന്റെ ലക്ഷ്യം. അഥവാ വസ്തുക്കളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ദെലൂസിന്റെ ശ്രമത്തിന്റെ മറ്റൊരു രൂപമാണ് സദ്റയിൽ ഉള്ളത്. മറ്റുള്ളതിൽ നിന്നെല്ലാം ഒരു വസ്തുവിനെ വ്യത്യസ്തമാക്കുന്ന അതിൻറെ ഐകഭാവത്തെയും അതേസമയം അസ്തിത്വ സാകല്യത്തോടുള്ള ( Whole being) അതിൻറെ ബന്ധത്തെയും നമുക്ക് ഗ്രഹിക്കാനാവുന്നത് അനുഭവപരമായ അറിവിലൂടെയാണ്, അല്ലെങ്കിൽ സദ്റ ഇൽമ് ഹുദൂരി ( Presential Knowledge) എന്ന് വിളിക്കുന്ന സൈദ്ധാന്തികമല്ലാത്ത സ്വാഭാവിക ജ്ഞാനത്തിലൂടെയാണ് ( Non-discursive contemplation). ഒരുദാഹരണം പറയാം: തശ്കീക് പ്രയോഗിച്ചു നോക്കാൻ ആദ്യം,  ഉദാഹരണത്തിന്, ഈച്ച എന്ന വർഗ്ഗവും നിങ്ങൾ ചായ കുടിക്കാൻ ഉപയോഗിക്കുന്ന കോപ്പക്ക് ചുറ്റും പറക്കുന്ന നിങ്ങൾക്കറിയാവുന്ന ഈച്ചയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് മനസ്സിലാക്കുക. നിങ്ങൾ കാണുന്ന ഈ ഈച്ച മൂർത്തമായ ഒരു അസ്തിത്വമാണ്. ശാസ്ത്രവും തത്വചിന്തയും ഇതുപോലൊരു ജീവിയെ മനസ്സിലാക്കാൻ വേണ്ടി പറഞ്ഞു തരുന്ന സംപ്രത്യയങ്ങളുപയോഗിച്ച് ഈ ഈച്ചയുടെ അസ്ഥിത്വം ഗ്രഹിക്കാൻ ശ്രമിക്കുന്തോറും അത് നിങ്ങളിൽ നിന്ന് കൂടുതൽ അകലുകയായിരിക്കും. എന്നാൽ, കൂടുതൽ സൂക്ഷ്മമായി ശ്രദ്ധിക്കുന്നതോടെ ഇത്തരം പൂർവ്വ സ്ഥാപിത ധാരണകളെല്ലാം അടർന്നു പോവുകയും തുടർന്ന് ഈച്ചയുടെ സാന്നിധ്യത്തിലാണ് താനെന്ന ബോധം നിങ്ങൾക്കുണ്ടാവുകയും ചെയ്യുന്നു. അപ്പോൾ, ചെറിയ ശരീരവും ചിറകുകളുമുള്ള, പ്രത്യേക നിറവും മൂളക്കവുമുള്ള, ഭക്ഷണാവശിഷ്ടത്തിന് വേണ്ടി അങ്ങുമിങ്ങും പാറി നടക്കുന്ന മൂർത്തമായൊരു അസ്തിത്വമായി ഈ ഈച്ച നിങ്ങൾക്ക് വെളിപ്പെടും. മാത്രമല്ല, ഭക്ഷണമന്വേഷിക്കുന്ന ഈച്ചയോടൊപ്പം ചായക്കോപ്പയും ടേബിളും ഇതൊക്കെ നിരീക്ഷിക്കുന്ന നിങ്ങളുമടങ്ങുന്ന പരസ്പരബന്ധിതമായ ചുറ്റുപാടും നിങ്ങൾ മനസ്സിലാക്കുന്നു. ഇതാണ് വസ്തുക്കളെ അതായിത്തന്നെ വെളിപ്പെടുത്തുന്ന, അവയുടെ ഐകഭാവം വ്യക്തമാക്കിത്തരുന്ന ഇൽമ് ഹുദൂരി. ഇതുവഴി, അസ്തിത്വത്തിൻ്റെ ഭാവഭേദങ്ങൾ അർത്ഥ ശങ്കകൾക്കിടയില്ലാതെ ഗ്രാഹ്യമാവുന്നു. സൈദ്ധാന്തിക ജ്ഞാനത്തേക്കാൾ യാഥാർത്ഥ്യത്തോട് അടുത്ത, മൗലികവും അനുഭവപരവുമായ സ്വാഭാവിക ജ്ഞാനമാണ് ഇൽമ് ഹുദൂരി. സൈദ്ധാന്തിക വിജ്ഞാനത്തിൽ അടങ്ങിയ യാഥാർത്ഥ്യത്തിൽ നിന്നുള്ള അകൽച്ചയെയും അന്യവൽക്കരണത്തെയും  വിമർശിച്ച മാർട്ടിൻ ഹൈഡഗറുടെ വിപ്ലവാത്മകമായ ഇടപെടൽ ഈ തരത്തിലുള്ള ജ്ഞാനത്തെ ഉത്ഘോഷിച്ചു കൊണ്ടുള്ളതായിരുന്നു. വ്യത്യാസത്തിലൂടെ വസ്തുക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ച ദെലൂസും ഈ സ്വാഭാവിക ജ്ഞാനത്തെയാണ് ഉയർത്തിക്കാട്ടിയത്. വസ്തുവിന്റെ വ്യതിരിക്തത ഈ ജ്ഞാനം വഴി മാത്രമേ തിരിച്ചറിയപ്പെടുകയുള്ളൂ എന്നാണ് അദ്ദേഹവും വാദിക്കുന്നത്. പക്ഷേ, ഇവർക്കൊക്കെ മുന്നേ വളരെ വ്യക്തമായി മുല്ലാ സദ്റ തൻ്റെ തശ്കീകിലൂടെ ഇത്  വിശദമാക്കിയിട്ടുണ്ട് ³. ലോറ മാർക്സിൻ്റെ Lively up your ontology: Bringing Deleuze into Sadra’s modulated universe എന്ന ലേഖനം ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നുണ്ട്.  വസ്തുക്കളുടെ വ്യതിരിക്തത മനസ്സിലാക്കാൻ ശ്രമിക്കുന്ന ദെലൂസിയൻ ഡിഫറൻഷ്യൽ ഓൺടോളജിയുടെ പൂർവ്വ രൂപം, വ്യത്യാസത്തിൽ അധിഷ്ഠിതമാണ് അസ്തിത്വം എന്നും ഓരോ വസ്തുവിന്റെയും വ്യതിരിക്തതയെ, അഥവാ അതിൻറെ യഥാർത്ഥ സ്വഭാവത്തെ, മനസ്സിലാക്കി തരുന്നത് ഇൽമ് ഹുദൂരിയാണെന്നുമുള്ള സദ്റിയൻ സിദ്ധാന്തത്തിൽ നമുക്ക് വ്യക്തമായി ദർശിക്കാവുന്നതാണ്. വ്യത്യാസത്തോടുള്ള ഇസ്ലാമിക തത്വചിന്തയിലെ ഏറ്റവും ക്രിയാത്മകമായ സമീപനം കൂടിയാണ് സദ്റയുടേത്.

ഡിഫറൻഷ്യൽ ഓൺടോളജിയുടെ പ്രസക്തമായ രണ്ട് പ്രശ്നങ്ങളെ സാന്ദർഭികമായി ചൂണ്ടിക്കാട്ടി ഈ ശീർഷകത്തിന് കീഴിലുള്ള ചർച്ച അവസാനിപ്പിക്കാമെന്ന് കരുതുന്നു. ഒന്നാമത്തെ പ്രശ്നം വ്യത്യാസമാണ് ഏറ്റവും ആദിമം എന്ന് പറയുന്നത് എത്രത്തോളം ശരിയാണെന്നതാണ്. സ്വത്വവും വ്യത്യാസവും ഒരുപോലെ ആദിമവും മൗലികവും ആണെന്നുള്ളതല്ലേ (Equiprimordial) കൂടുതൽ ശരി…? ഉദാഹരണത്തിന്, പൂർണ്ണ ശൂന്യതയിൽ വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുന്നത് തന്നെ അപ്രസക്തമാണ്. ആ ശൂന്യതയിൽ ഒരു സ്വത്വമുടലെടുക്കുന്ന തോടെ മാത്രമേ അവിടെ വ്യത്യാസത്തിന് നിലനിൽപുണ്ടാകുന്നുള്ളൂ. അങ്ങനെ ഉടലെടുക്കുന്ന വസ്തുവിന്റെ സ്വത്വരൂപീകരണത്തിൽ വ്യത്യാസത്തിന് വളരെ പ്രധാനപ്പെട്ട ഭാഗധേയമുണ്ട്. കാരണം ആ വസ്തുവിനെ അതാക്കി തീർക്കുന്നത് ശൂന്യതയിൽ നിന്നുള്ള അതിൻറെ വ്യത്യാസമാണല്ലോ. എന്നാൽ അങ്ങനെയൊരു വസ്തുവില്ലാതെ അവിടെ വ്യത്യാസമേ ഉണ്ടാകില്ല എന്ന യാഥാർത്ഥ്യം മറുവശത്തുണ്ട്. ഇതിനർത്ഥം ഒന്ന് മറ്റേതിനേക്കാൾ ആദിമമോ മൗലികമോ ആണെന്ന് നമുക്ക് പറയാനാവില്ല എന്നാണ്. വസ്തുവിന്റെ സ്വത്വരൂപീകരണത്തിൽ ഒരേസമയം അനന്യതയും വ്യത്യാസവും ഇടപെടുന്നുണ്ട്. സ്വത്വം ഉടലെടുക്കുന്ന അതേസമയം തന്നെ വ്യത്യാസവും ഉണ്ടാകുന്നു എന്ന് ചുരുക്കം. ഇതിനാൽ തന്നെ, വ്യത്യാസത്തെ അനന്യതയ്ക്ക് മുമ്പേ പ്രതിഷ്ഠിക്കുന്ന ഡിഫറൻഷ്യൽ ഓൺടോളജിയിൽ മൗലികമായൊരു പ്രശ്നം കിടക്കുന്നുണ്ടെന്ന് തോന്നുന്നു.

രണ്ടാമത്തെ പ്രശ്നം ഡിഫറൻഷ്യൽ ഓൺടോളജിക്ക് വസ്തുക്കളിലേക്ക് എത്രത്തോളം ഇറങ്ങിച്ചെല്ലാൻ കഴിയുന്നുണ്ടെന്നതാണ്. വ്യത്യാസത്തെ ഉത്ഘോഷിച്ചതിലൂടെ ദെലൂസിൻ്റെ ലക്ഷ്യം തന്നെ അതായിരുന്നല്ലോ. ഒരു വസ്തുവെന്നാൽ, ഡിഫറൻഷ്യൽ ഓൺടോളജി വാദിക്കുന്നത്, വ്യത്യാസങ്ങളുടെ സൃഷ്ടിയാണെന്നാണ്. ഉദാഹരണത്തിന് ഈ ഈച്ച ‘ഈ ഈച്ചയാകുന്ന’ത് അതല്ലാത്ത എല്ലാത്തിൽ നിന്നും വ്യത്യസ്തമായത് കൊണ്ടാണ്. അതല്ലാത്ത എല്ലാത്തിൽ നിന്നും ഈ ഈച്ച എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് മനസ്സിലാക്കുമ്പോൾ മാത്രമേ നിങ്ങൾ അതിലേക്ക്  ഇറങ്ങിച്ചെല്ലുന്നുള്ളൂ,  അല്ലെങ്കിൽ അതിനെ അതായിത്തന്നെ ഗ്രഹിക്കുന്നുള്ളൂ. പക്ഷേ ഈ ഈച്ചയല്ലാത്തതെല്ലാം എന്നു പറഞ്ഞാൽ അനന്തമാണല്ലോ അത്. അവയെയൊക്കെ അറിയാൻ എങ്ങനെ മനുഷ്യനാവും? പറഞ്ഞുവരുന്നത്, ഒരർത്ഥത്തിൽ ഒന്നിനെയും കൃത്യമായി മനുഷ്യൻ അറിയുന്നില്ലെന്നതാണ് വസ്തുത. ഡിഫറൻഷ്യൽ ഓൺടോളജി സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന ജ്ഞാനത്തിന് മുമ്പിലുള്ള പ്രധാന പ്രതിബന്ധമാണിത്. എങ്കിലും ദെലൂസിൻ്റെ ഡിഫറൻസും സദ്റയുടെ ഇൽമ് ഹുദൂരിയും സൈദ്ധാന്തിക ജ്ഞാനത്തേക്കാളും വസ്തുക്കളുടെ യാഥാർത്ഥ്യത്തിലേക്ക്  അടുത്ത് നിൽക്കുന്നതാണെന്നത് ശരി തന്നെ.

ഇനി ഡിഫറൻഷ്യൽ ഓൺടോളജിയുടെ ഉത്പന്നമായ, അല്ലെങ്കിൽ അത് പ്രേരിപ്പിക്കുന്ന ഡിഫറൻഷ്യൽ തിങ്കിംഗിന് ( വ്യത്യാസത്തിലധിഷ്ഠിതമായ ലോകവീക്ഷണം) ഇസ്ലാമിലുള്ള സുപ്രധാനമായ പങ്കിനെ കുറിച്ച് ചർച്ച ചെയ്യാം.

ഇസ്ലാമിൻറെ വ്യത്യാസാധിഷ്ഠിതമായ ലോക വീക്ഷണം

ആത്മാവ് /ശരീരം, നന്മ/ തിന്മ,  പുരുഷൻ/ സ്ത്രീ, എഴുത്ത്/ സംസാരം തുടങ്ങിയ അനവധി ദ്വന്ദങ്ങളിൽ നിന്ന് ഒന്നിനെ മറ്റൊന്നിനുമേൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് തത്വചിന്ത ഇക്കാലമത്രയും മുന്നോട്ട് പോയതെന്നത് ഴാക് ദെറീദയുടെ പ്രധാനപ്പെട്ട ഒരു വാദമാണ്. ഇത്തരം ദ്വന്ദങ്ങളിലുള്ള ഒരു സംവർഗ്ഗത്തിന് സമ്പൂർണ്ണ ആധിപത്യം നൽകുകയും മറ്റേതിനെ പാടെ മാറ്റി നിർത്തുകയും ചെയ്യുന്നതിനെ വിമർശിക്കുകയും ഒന്നില്ലാതെ മറ്റൊന്നില്ലെന്ന യാഥാർത്ഥ്യം മുൻനിർത്തി പരസ്പരാശ്രിതങ്ങളായി രണ്ട് സംവർഗ്ഗങ്ങളെയും മനസ്സിലാക്കാൻ ശ്രമിക്കുകയെന്നതുമാണ്  അപനിർമ്മാണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ദ്വന്ദങ്ങളുടെ മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാത്തിൻ്റെയും സ്വത്വരൂപീകരണത്തിൽ വ്യത്യാസത്തിന് നിർണായകമായ ഭാഗധേയമുണ്ടെന്നും അതിനാൽ എല്ലാം പരസ്പരാശ്രിതങ്ങളാണെന്നുമുള്ള വിശാലമായ കാഴ്ചപ്പാടാണ് ഡിഫറൻഷ്യൽ തിങ്കിംഗ് മുന്നോട്ട് വെക്കുന്നത്. വ്യത്യാസത്തിനും വ്യത്യാസാധിഷ്ഠിത കാഴ്ചപ്പാടിനും ഇസ്ലാമിക ശരീഅതിൽ സുപ്രധാനമായ സ്ഥാനമുണ്ട്.

സൃഷ്ടാവും സൃഷ്ടികളും തമ്മിൽ മൗലികമായൊരു അന്തരമുണ്ടെന്നത് അടിസ്ഥാനപ്പെടുത്തിയാണ് ശരീഅത്ത് തന്നെ നിലകൊള്ളുന്നത്. പ്രജ്ഞയിൽ നിന്ന് ഈ അന്തരം നഷ്ടപ്പെട്ടു പോയവർക്ക് ശരീഅത്തിന്റെ നിയമവ്യവസ്ഥകൾ പ്രസക്തമല്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുണ്ട്. മജ്ദൂബുകൾ ഉദാഹരണം. പ്രസ്തുത വ്യത്യാസത്തെ കൃത്യമായി തിരിച്ചറിഞ്ഞ് ശരീഅത്തിൻറെ തത്വങ്ങൾ അണുവിടാതെ അനുധാവനം ചെയ്തവരാണ് ഇസ്ലാമിൽ ഏറ്റവും ഉന്നത സ്ഥാനീയർ. പ്രവാചകന്മാരും സ്വഹാബികളുമൊക്കെ ഇങ്ങനെയായിരുന്നല്ലോ. ഇബ്നു അറബിയും മൗലാനാ ജലാലുദ്ദീൻ റൂമിയും തമ്മിൽ നടന്ന പ്രസിദ്ധമായ ഒരു സംഭാഷണമുണ്ട്. ഇബ്നു അറബി ചോദിച്ചു: “അല്ലാഹുവേ, നിനക്കാണ് സർവ്വസ്തുതിയും. നിന്നെ അറിയേണ്ട പോലെ ഞങ്ങളറിഞ്ഞിട്ടില്ല എന്ന് പറഞ്ഞ മുഹമ്മദ് നബിയാണോ എനിക്കാണ് സർവ്വസ്തുതിയും, ഞാൻ എത്ര ഉന്നതൻ എന്ന് ദിവ്യാനന്ദത്തിൽ വിളിച്ചുപറഞ്ഞ ബായസീദ് ബിസ്താമിയാണോ ഏറ്റവും ശ്രേഷ്ഠൻ?”. മൗലാനാ റൂമി പ്രതിവചിച്ചു: “രണ്ട് പ്രസ്താവനകളും വിളിച്ചോതുന്നത് മുഹമ്മദ് നബിയുടെ മഹത്വത്തെയാണ്. അവിടുത്തെ ആത്മാവ് എത്ര നിറച്ചാലും നിറയാത്ത അഗാധസാഗരം പോലെയായിരുന്നു. എന്നാൽ ബിസ്താമിയുടെത് ചെറുഭരണി കണക്കെ പെട്ടെന്ന് നിറഞ്ഞൊഴുകി”⁴. ദൈവത്തിലുള്ള സംലയനത്തിന്റെ (ഫനാഅ്) മൂന്ന് വിധങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട് ഇബ് നു തൈമിയ്യ(റ). ഒന്നാമത്തേത്, പൂർണ്ണത പ്രാപിച്ച പ്രവാചകന്മാരുടെയും ദൈവദാസന്മാരുടെയും ഫനാഅ് ആണ്. ഏറ്റവും ശ്രേഷ്ഠമായ തലം ഇതാണ്. ദൈവം ഇഷ്ടപ്പെട്ടത് മാത്രം ഇഷ്ടപ്പെടുന്ന, അവൻ ആജ്ഞാപിച്ച രീതിയിൽ മാത്രം ജീവിക്കുന്നവരായ ഇവർ സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള വ്യത്യാസത്തെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ടവരും ആ വ്യത്യാസം ദിവ്യനിയമങ്ങൾക്ക് അനുസൃതമായി മാത്രം ജീവിതം നയിക്കാൻ തങ്ങളെ ബാധ്യസ്ഥരാക്കുന്നുവെന്ന് തിരിച്ചറിഞ്ഞവരുമാണ്. ഇതിന് കീഴെയുള്ളതാണ് പൂർണ്ണത പ്രാപിക്കാത്ത സച്ചരിതരുടെ ഫനാഅ്. ദിവ്യ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാകാതെ പ്രജ്ഞ നഷ്ടപ്പെട്ട് സ്രഷ്ടാവിനും സൃഷ്ടികൾക്കുമിടയിലുള്ള അന്തരം കൃത്യമായി തിരിച്ചറിയാതെ പോകുന്നവരാണ് ഇവർ. പലപ്പോഴും ശരീഅത്തിൻറെ വ്യവസ്ഥകൾക്ക് പുറത്തായിരിക്കും ഇവരുടെ ജീവിതശൈലികൾ. മൂന്നാമത്തെ വഴിപിഴച്ച വിഭാഗമാണ് പൂർണ്ണ ബോധ്യത്തോടെ സ്രഷ്ടാവും സൃഷ്ടികളും ഒന്നു തന്നെയാണെന്ന് വാദിക്കുന്നവർ. സ്പഷ്ടമായ തെറ്റിദ്ധാരണയിൽ അകപ്പെട്ടവരാണ് മൂന്നാമത്തെ ഈ വിഭാഗമെന്നാണ് ഇബ്നു തൈമിയ്യ പ്രസ്താവിക്കുന്നത് ⁵.

തൻറെ സ്വത്വ രൂപീകരണത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്നതാണ് അല്ലാഹുവും താനും തമ്മിലുള്ള വ്യത്യാസമെന്ന് തിരിച്ചറിയുന്നവനാണ് വിശ്വാസി. ഈ വ്യത്യാസം അവന് അല്ലാഹുവിൻറെ ആജ്ഞകൾ അനുസരിക്കാൻ ബാധ്യസ്ഥനായ അടിമ എന്ന ഭാവം നൽകുന്നു. ഈ വ്യത്യാസത്തെ നിരാകരിക്കുകയോ അറിഞ്ഞിട്ടും ഒരു പ്രാധാന്യവും കൽപ്പിക്കാതിരിക്കുകയോ ചെയ്യുകയായിരുന്നു ഫറോവയെ പോലുള്ളവരുടെ രീതി. “ഞാൻ നിങ്ങളുടെ രക്ഷിതാവാണെ”ന്ന് വിളിച്ചു പറയാൻ ഫറോവയ്ക്ക് ധൈര്യം നൽകിയത് പ്രസ്തുത വ്യത്യാസത്തോടുള്ള നിസ്സംഗതയാണ്. അതുപോലെ തന്റെ സ്വത്വ രൂപീകരണത്തിൽ ഇടപെടുന്ന മറ്റു വ്യത്യാസങ്ങളെക്കുറിച്ച് മാത്രം ബോധവാനായ വ്യക്തിയും മനുഷ്യൻറെ ഏറ്റവും പരമമായ ഭാവം അല്ലാഹുവിനെ ആരാധിക്കാനായി നിയോഗിക്കപ്പെട്ട അവൻറെ പ്രതിനിധി എന്നതാണെന്ന യാഥാർത്ഥ്യത്തെ കുറിച്ച് അജ്ഞനാണ്. മനുഷ്യനെന്നാൽ ആത്യന്തികമായി ദൈവത്താൽ സ്ഥാപിതനായ സ്വത്വമാണെന്ന് ( Self as constituted by God) ഡാനിഷ് തത്വചിന്തകൻ സോറൻ കീർകെഗാദ് നിരീക്ഷിച്ചത് പ്രസ്താവ്യമാണ് ⁶.

സൃഷ്ടികളുടേതെന്ന പോലെ അല്ലാഹുവിൻറെ സ്വത്വത്തിലും ഈ വ്യത്യാസം ഇടപെടുന്നുണ്ട്. ഇതിനർത്ഥം മറ്റുള്ളതിന്റെ മേൽ ആശ്രിതനാണ് അല്ലാഹുവെന്നല്ല, മറിച്ച് സൃഷ്ടികളോട് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നവനാണവൻ എന്നതാണ്. ആത്മജ്ഞാനികൾ ഉദ്ധരിക്കാറുള്ളതാണ് “ഗൂഢമായ ഒരു നിധിയായിരുന്നു ഞാൻ. അങ്ങനെ ഞാൻ അറിയപ്പെടാൻ ആഗ്രഹിക്കുകയും ലോകം സൃഷ്ടിക്കുകയും ചെയ്തു” എന്ന ഹദീസ്.  വ്യത്യാസം ആവിർഭവിച്ചത് അല്ലാഹു അറിയപ്പെടാൻ ആഗ്രഹിച്ചത് മുതലാണ്. കാരണം താൻ അറിയപ്പെടണമെങ്കിൽ തന്നെ അറിയുന്ന താൻ അല്ലാത്ത ഒരു സ്വത്വം ഉണ്ടാവണമല്ലോ. ഈ വ്യത്യാസത്തിലേക്കുള്ള സൂചനയാണ് അറിയപ്പെടാനുള്ള ആഗ്രഹം. ദൈവവും സൃഷ്ടികളും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കൂടി കുറിക്കുന്നുണ്ട് ഹദീസ്. ഇസ്ലാമിക ദൈവസങ്കൽപത്തിന്റെ തന്നെ പ്രത്യേകതയാണിത്. സൃഷ്ടികളിൽ നിന്നുള്ള ദൈവത്തിൻറെ നിർമ്മാണാത്മകമായ വ്യത്യാസത്തെ ഉയർത്തിപ്പിടിക്കുന്നതിനാൽ ഇസ്ലാമിക ദൈവസങ്കല്പം ദൈവത്തിൻറെ അതിവർത്തനത്തിനും ( Transcendence) അന്തർവർത്തിത്വത്തിനും ഇടയിൽ (Immanence) സന്തുലിതത്വം സ്ഥാപിക്കുന്ന സമീപനമാണ്.

സൃഷ്ടികളോട് ഒരുതരത്തിലും സാമ്യതയില്ലാത്ത, ഭൗതികതയുടെ സകല പരിമിതികൾക്കും അതീതമായ (Transcendent) എന്നാൽ നിരന്തര പരിപാലനത്തിലൂടെയും നിരീക്ഷണത്തിലൂടെയും മൂർത്ത ലോകത്തോട് ബന്ധപ്പെട്ടു കിടക്കുന്ന (Immanent)സ്വത്വമാണ് അല്ലാഹുവിന്റെത് ⁷.

ഇതര മതങ്ങളിലും ഇസങ്ങളിലും തത്വശാസ്ത്രങ്ങളിലും കാണുന്ന ദൈവ സങ്കൽപ്പങ്ങളിൽ നിന്ന് ഏറെ സവിശേഷമായി നിൽക്കുന്നതാണിത്. വിശേഷിച്ച് പാശ്ചാത്യ തത്വചിന്തയിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നതാണ് മതത്തിൻറെ അതിവർത്തനവും  അന്തർവർത്തിത്വവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ. ജർമൻ തത്വചിന്തകൻ ഗാഡമർ ചൂണ്ടിക്കാണിക്കുന്ന, പാശ്ചാത്യ തത്വചിന്താ ചരിത്രത്തിൽ ചരിത്രപരമായ മനുഷ്യാനുഭവവും അമൂർത്തമായ ആശയങ്ങളും തമ്മിൽ പൊതുവേ കാണപ്പെടുന്ന പൊരുത്തക്കേടിന്റെ ഭാഗമാണിത്. മധ്യകാല ക്രിസ്തീയ ചിന്തയിലെ ദൈവസങ്കൽപത്തിന് അടിസ്ഥാനമായ തൻറെ പരമമായ നന്മ(The Good) എന്ന ആശയത്തെ പ്ലേറ്റോ അവതരിപ്പിക്കുന്നത് ബൗദ്ധിക വിചിന്തനത്തിനുള്ള യാഥാർത്ഥ്യമായിട്ട് മാത്രമാണ്. അരിസ്റ്റോട്ടിലിൻ്റെ ആദ്യചാലക ശക്തിയും ( Prime mover) മൂർത്തമായ മനുഷ്യാസ്തിത്വത്തോട് സംവദിക്കുന്നതല്ല ആശയമല്ല. പിന്നീട് മധ്യകാല ക്രിസ്തീയ ചിന്തയിൽ ദൈവശാസ്ത്രം ദൈവത്തെ പ്രതിയുള്ള ബൗദ്ധികമായ ആലോചനകൾക്ക് പ്രാമുഖ്യം നൽകിയതിനാൽ മനുഷ്യൻറെ ബാഹ്യവും ആന്തരികവുമായ ജീവിതാവസ്ഥകളുടെ സങ്കീർണതയെ അതത്രമാത്രം അഭിമുഖീകരിച്ചില്ല. ആധുനിക തത്വചിന്തയിലും ഈ ദ്വന്ദം തീവ്രമാവുകയാണുണ്ടായത്. കാൻ്റിൻ്റെയും  ഹെഗലിന്റെയും ധാർമികതക്ക് ബൈബിളിൽ പ്രതിപാദിക്കപ്പെട്ട ഐസാക്കിന്റെ ബലിസന്ദർഭത്തെ ഗ്രഹിക്കാൻ കഴിയാതെ പോയത് ഉദാഹരണം. പിന്നീട് ഹസ്സേളിനെയും ഹൈഡഗറെയും പിന്തുടർന്ന് വന്ന പ്രാതിഭാസികമായ മത ചിന്തക്ക് വിശ്വാസവും മനുഷ്യാസ്തിത്വവും തമ്മിലെ ബന്ധത്തെ വിശകലനം ചെയ്യാനായെങ്കിലും സർവ്വാതിശായിയായ ദൈവാസ്തിത്വത്തെ അതിൻറെ ചിന്താ പദ്ധതിയിലേക്ക് ഫലപ്രദമായി ഉൾച്ചേർക്കാൻ കഴിഞ്ഞില്ല.

ഒരുപക്ഷേ, മതത്തിൻറെ ഈ രണ്ടു വശങ്ങളെയും ഏറെക്കുറെ ഫലപ്രദമായി കൂട്ടിയിണക്കാൻ കഴിഞ്ഞത് ഡാനിഷ് തത്വചിന്തകൻ സോറൻ കീർകെഗാദിനായിരിക്കും.  വിശ്വാസത്തിൻറെ മൂർത്തീഭാവമായി അദ്ദേഹം അവതരിപ്പിക്കുന്ന knight of faith, സാധാരണ മനുഷ്യനെ പോലെ  ഭൗതികതയോട് ഒത്തുപോവുകയും അതോടൊപ്പം തൻറെ സ്വത്വത്തെയൊന്നടങ്കം ദൈവത്തിൽ ഭരമേല്പിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ്. Fear and Trembling എന്ന കൃതിയിൽ ഈ വ്യക്തിത്വത്തിന്റെ സാധാരണത്വത്തെ വിവരിക്കുന്നിടത്ത് “അനന്തതയുടെ വല്ല അടയാളങ്ങളും അയാളിൽ നിന്ന് പ്രസരിക്കുന്നുവോ എന്ന് നോക്കിയെങ്കിലും ഒന്നും കണ്ടില്ല” എന്ന് യോഹാനസ് സൈലൻഷിയോ ( കീർകെഗാദിൻ്റെ തൂലികാനാമം) എഴുതുന്നുണ്ട്. വിശ്വാസ പാരമ്യതയിൽ സംഭവിക്കുന്ന അസ്തിത്വപരമായ സംഘർഷത്തെപ്പറ്റി കാവ്യാത്മകമായി വിവരിക്കുന്നു കൂടിയുണ്ട് പ്രസ്തുത കൃതി.  എങ്കിലും കീർകെഗാദിൽ അപ്രാപ്യമായ ഒരു ആശയപരതയായി (Ideality) knight of faith മാറുന്നത് മേൽപ്പറഞ്ഞ ദ്വന്ദങ്ങളുടെ പൂർണ്ണാർത്ഥത്തിലുള്ള ലയനത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്നതാണ് ⁸. വ്യത്യാസത്തിന്റെ നിർമ്മാണാത്മകമായ സ്വഭാവത്തെ പരിഗണനയിലെടുത്തു കൊണ്ടുള്ള സന്തുലിതമായ ഒരു ദൈവ സങ്കൽപത്തിന്റെ അഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണം.

ഇനി ശരീഅത്തിന്റെ ജീവിതഗന്ധിയായ തലങ്ങളിൽ ഡിഫറൻഷ്യൽ തിങ്കിംഗിനുള്ള പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യാം. ഓരോ വ്യക്തിയുടെയും വ്യതിരിക്തതയെ പ്രത്യേകം പരിഗണിക്കുന്നു എന്നത് ശരീഅത്തിൻറെ സവിശേഷതകളിലൊന്നാണ്. പ്രവർത്തനങ്ങളുടെ പ്രതിഫലം വ്യക്തികളുടെ ഉദ്ദേശ്യത്തിന് അനുസരിച്ചാണെന്നുള്ള അടിസ്ഥാനതത്വത്തിൽ നിന്നു തന്നെ വ്യക്തമാണ് ഓരോ മനുഷ്യനെയും അപരനിൽ നിന്ന് വ്യത്യസ്തനാക്കുന്ന ആത്മനിഷ്ഠയുടെ മേലുള്ള ഇസ്ലാമിൻറെ ഊന്നൽ. ഓരോ വ്യക്തിയെയും ഉത്തരവാദിത്ത ബോധമുള്ളവനാക്കുന്ന ഉത്തരവാദിത്തമുള്ള സമൂഹനിർമ്മിതിയാണ് ഇതിൻറെ ഫലം.

ഇസ്ലാമിൽ ഡിഫറൻഷ്യൽ തിങ്കിംഗിനുള്ള പ്രധാന സ്ഥാനം കൂടുതൽ സ്പഷ്ടമാവുക ശരീഅത്തിന്റെ തന്നെ അടിസ്ഥാനമായ “വൈജാത്യങ്ങളിലൂടെയുള്ള തുല്യത” എന്ന ആശയത്തിന്റെ പ്രയോഗവൽക്കരണത്തിലൂടെയാണ്. എല്ലാവരെയും ഒരേപോലെ തുല്യരായി കാണുന്ന നീതിയുക്തമല്ലാത്ത കാഴ്ചപ്പാട് അല്ല ഇസ്ലാമിന്റേത്. മറിച്ച് ഓരോരുത്തരുടെയും ജൈവികവും സാമൂഹികവുമായ വൈജാത്യങ്ങളെ കണക്കിലെടുത്ത് അതിനനുസരിച്ചുള്ള വ്യവസ്ഥകളും സാമൂഹിക ഭാഗധേയവും നൽകുന്ന രീതിയാണ് ശരീഅത്തിന്റേത്. ഭരണാധികാരികൾക്കും പ്രജകൾക്കും, ധനികനും പാവപ്പെട്ടവനും, ബുദ്ധിയുള്ളവനും ഇല്ലാത്തവനും, സ്ത്രീക്കും പുരുഷനും എല്ലാം അവരുടെ വ്യത്യാസങ്ങൾക്ക് അനുസരിച്ചുള്ള വ്യവസ്ഥകളാണ് ഇസ്ലാമിൽ ഉള്ളത്. ഓരോരുത്തരുടെയും സാമൂഹികമായ നിർവാഹകത്വവും ഇതിനനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇതിലൂടെ ഒരു വിഭാഗത്തിനും മറ്റേതിനുമേൽ സമ്പൂർണാധിപത്യം ഇല്ലെന്നും എല്ലാവരും പരസ്പരാശ്രിതരാണെന്നുമുള്ള തത്വത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. തങ്ങൾ തമ്മിലുള്ള വ്യത്യാസം കുറിക്കുന്നത് പരസ്പരാശ്രിതത്വത്തെയാണെന്ന വളരെ നിർമ്മാണാത്മകമായ വ്യത്യാസാധിഷ്ഠിത ലോകവീക്ഷണമാണ് ഓരോ വിഭാഗത്തിലും ഇസ്ലാം ഉണ്ടാക്കിത്തീർക്കുന്നത്. ഈ പരസ്പരാശ്രിതത്വം ആത്യന്തികമായി എല്ലാവരും തുല്യരാണ് എന്നുള്ള അവബോധത്തിലേക്ക് നയിക്കുന്നു. വ്യത്യാസത്തിൽ ഊന്നിക്കൊണ്ട് തുല്യതാ ബോധത്തിലേക്ക് എത്തിക്കുകയെന്നതാണ് വ്യത്യാസാധിഷ്ഠിത ലോകവീക്ഷണത്തിന്റെ പ്രധാന ധർമ്മങ്ങളിലൊന്ന് . എൻറെ സ്വത്വ രൂപീകരണത്തിൽ അപരനും ഞാനും തമ്മിലുള്ള വ്യത്യാസത്തിന് പ്രധാന പങ്കുണ്ടെന്നതിനാൽ ഞാനും അപരനും പരസ്പരാശ്രിതരാണെന്നുള്ള ബോധ്യത്തിൽ നിന്ന്, ആ അർത്ഥത്തിൽ തങ്ങൾ തുല്യരാണെന്നുമുള്ള കാഴ്ചപ്പാട് ഉടലെടുക്കുക വളരെ സ്വാഭാവികം.

അവസാനമായി നിലവിലെ സാഹചര്യത്തിൽ മുസ്ലിം സ്വത്വ രാഷ്ട്രീയം ഡിഫറൻഷ്യൽ തിങ്കിംഗുമായി കൈകോർത്തു പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ച് ഈ ലേഖനം ഉപസംഹരിക്കാം. വൈജാത്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള തുല്യത ( Equality by difference) വേണമെന്ന ആവശ്യമാണ് സ്വത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്ന് താരിഖ് മൊദൂദ് നിരീക്ഷിക്കുന്നുണ്ട് ⁹. തങ്ങളുടേതായ ആചാര-സംസ്കാരങ്ങളെ അനുഷ്ഠിക്കാനും സ്വത്വം കാത്തുസൂക്ഷിക്കാനുമുള്ള ഓരോ വിഭാഗത്തിൻറെയും അവകാശങ്ങളെ മാനിക്കണം എന്ന് ആവശ്യപ്പെടുന്ന ഈ രാഷ്ട്രീയം പക്ഷേ പലപ്പോഴും സങ്കുചിതമാവാറുണ്ട്.  എല്ലാവരുടെയും വൈജാത്യങ്ങളെ തുല്യമായി അംഗീകരിക്കണമെന്ന ആവശ്യത്തോടൊപ്പം, വ്യത്യാസം സാമൂഹികവും, സാംസ്കാരികവും മാനസികവുമായ തുല്യതക്കടിസ്ഥാനമാണ് എന്ന ബോധ്യം കൂടി സ്വത്വ രാഷ്ട്രീയത്തിന് ശക്തി പകരണം. ഇതര വിഭാഗങ്ങളിൽ നിന്നുള്ള അന്തരമാണ് തങ്ങളെ തങ്ങളാക്കിയെടുക്കുന്നത് എന്ന ബോധ്യത്തിലൂന്നി എല്ലാ വിഭാഗങ്ങളും പരസ്പരാശ്രിതരാണെന്നുള്ള യാഥാർത്ഥ്യത്തെ നല്ലവണ്ണം ഉൾവഹിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോഴേ മുസ്ലിം സ്വത്വ രാഷ്ട്രീയം കൂടുതൽ ശക്തമാവൂ. അഥവാ, ഡിഫറൻഷ്യൽ തിങ്കിംഗിന്റെ സാന്നിധ്യം എപ്പോഴും അതിലുണ്ടാവണം എന്നർത്ഥം.

Notes and Citations

1.Differential Ontology, Internet Encyclopaedia of Philosophy

2. https://iep.utm.edu/differential-ontology/

3. Ibid.

 Laura U. Marks, ” Lively up Your Ontology: Bringing Deleuze into Sadra’s Modulated Universe”, Qui Parle 27, no. 2 (December 2018): 321-354

4. M. Fethullah Gülen, The Infinite Light, trans. Ali Ünal (New Delhi: Adam Publishers & Distributers 2012),135-136

5. Ibn Taymiyyah, Difference between the Creator and the Creation and the Concept of Fans’ (Obliteration of Self), trans. Nasiruddin Khattab, Sunnahonline. com

6. https://sunnahonline.com/library/beliefs-and-methodology/91-difference-between-the-creator-and-the-creation-and-the-concept-of-fana-the

7. Søren Kierkegaard, Sickness Unto Death, trans. Howard V.Hong & Edna V. Hong (New Jersey: Princeton University Press, 1983), 16

8. Immanence എന്ന പദം ഈയർഥത്തിലാണ് ഇവിടെ ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. അതിവർത്തനത്തിന് പൂർണ വിരുദ്ധമായത് എന്ന് ഇവിടെ ഉദ്ദേശ്യമില്ല.

9. ഖിള്ർ പി.ടി, അർത്ഥവും അനുഭൂതിയും ,തെളിച്ചം മാസിക, August 2022: 15-16.

10. Tariq Modood, ” Muslims and the Politics of Difference” in Muslims in Britain: Race, Place, Identities, ed. Peter Hopkins, Richard Gale (Edinburgh University Press: 2009)105-110.

ഖിള്ർ പുല്ലിത്തൊടിക