Campus Alive

സാദിഖുൽ മഹ്ദി: സുഡാനിലെ രാഷ്ട്രീയ ദാർശനികൻ

ആധുനിക സുഡാനിലെ  രാഷ്ട്രീയ മേഖലയിലും ഇസ്‌ലാമിക വൈജ്ഞാനിക വ്യവഹാരങ്ങളിലും ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതനാണ് സാദിഖുൽ മഹ്ദി. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ രണ്ടു തവണ പ്രധാനമന്ത്രിയായി അധികാരം കയ്യാളാനും അദ്ദേഹത്തിനു സാധിച്ചു. സമാനിയ്യ ത്വരീഖത്തിന്റെ ശൈഖും  ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ വിമോചന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ 1881 മുതൽ 1899 വരെ സുഡാനിൽ  അധികാരം വാണ പ്രമുഖ പണ്ഡിതൻ ഇമാം മുഹമ്മദ് അഹ്മദ് ഇബ്നു അബ്ദില്ല(1844-1885)യുടെ ചെറുമകനുമായിരുന്നു   സാദിഖുൽ മഹ്ദി. 1935 ഡിസംബർ 25 ൽ ഖാർതൂമിലെ ഏറ്റവും വലിയ നഗരമായ ഓംദുർമാനിൽ ജനിച്ച സാദിഖുൽ മഹ്ദി, ഇമാം മഹ്ദി സ്ഥാപിച്ച സംഘടനയായ ‘അൻസാറി’ന്റെ അനിഷേധ്യ നേതാവായി മാറി. ഈജിപ്തിലെ അലക്സാണ്ട്രിയയിലെ വിക്ടോറിയ കോളേജിൽ (1948-1950) പഠിച്ച അദ്ദേഹം പിന്നീട് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റ് ജോൺസ് കോളേജിൽ (1954-1957) പഠിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തികം, രാഷ്ട്രീയം, തത്ത്വശാസ്ത്രം എന്നിവയിൽ ബിരുദവും എം എസ് സിയും നേടി.

സാദിഖ് അൽ മഹ്ദി

1958 മുതൽ 1964 വരെ അധികാരത്തിലിരുന്ന മുൻ സുഡാൻ പ്രസിഡന്റ് ഇബ്രാഹിം അബൂദിന്റെ ഭരണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ്‌ ദേശീയ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം രംഗപ്രവേശം നടത്തിയത്. 1957-1958 കാലഘട്ടത്തിൽ ധനമന്ത്രാലയത്തിൽ പ്രവർത്തിച്ചു. 1958 ലെ അട്ടിമറിയിൽ പ്രതിഷേധിച്ച് അദ്ദേഹം മന്ത്രാലയം വിട്ടു. അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതൃത്വം 1964 ൽ ഇബ്രാഹീം അബൂദിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പതനത്തിന് കാരണമായി. 1964 നവംബറിൽ സാദിഖുൽ മഹ്ദി ‘നാഷണൽ ഉമ്മ’ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിനും ഇസ്‌ലാമിക രാഷ്ട്രീയ ചിന്തകൾ പ്രവർത്തകർക്കിടയിൽ വ്യാപിപ്പിക്കാനുമുള്ള പരിശ്രമങ്ങൾക്ക് നേതൃത്വം നൽകി. 1966 ജൂലൈ 25 ന് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1967 മെയ് വരെ സേവനമനുഷ്ഠിച്ചു. 1969ലെ സൈനിക അട്ടിമറി ജനാധിപത്യ ക്രമത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രയത്നക്കൾക്കു വിലങ്ങുതടിയായി. പട്ടാള ഭരണകൂടം അദ്ദേഹത്തെ  അറസ്റ്റ് ചെയ്യുകയും ഈജിപ്തിലേക്ക് നാടുകടത്തുകയും ചെയ്തു. പിന്നീട് മടങ്ങിയെത്തിയ അദ്ദേഹത്തെ 1974 വരെ  സുഡാനിലെ വിവിധ ജയിലുകളിൽ പാർപ്പിക്കുകയും ചെയ്തു. ജയിൽ മോചിതനായ സാദിഖുൽ മഹ്ദി  അറബ് രാജ്യങ്ങളിൽ പര്യടനം നടത്തുകയും അവിടെ നിരവധി പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. പ്രവാസകാലഘട്ടത്തിൽ അദ്ദേഹം ഉമ്മ പാർട്ടി, മുസ്‌ലിം ബ്രദർഹുഡ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി, എന്നിവരടങ്ങുന്ന നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് (എൻ‌.ഡി.‌എഫ്) രൂപീകരിച്ചു. 1977 ൽ അദ്ദേഹത്തിന്റെ ശ്രമങ്ങളിലൂടെ ഭരണകൂടവുമായി ദേശീയ അനുരഞ്ജനം നടത്താൻ എൻ‌.ഡി.‌എഫിന് കഴിഞ്ഞെങ്കിലും ദേശീയ തലത്തിൽ കാര്യമായ ഫലമൊന്നുമുണ്ടായില്ല. ഭരണകൂട വിരുദ്ധ സ്വരമുയർത്തിയതോടെ 1983 ൽ വീണ്ടും അറസ്റ്റിലായ സാദിഖുൽ മഹ്ദി 1984 ഡിസംബറിൽ മോചിതനായി. 1985 ൽ ഉമ്മ പാർട്ടിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും 1986 ൽ പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം  1989 ൽ ശൈഖ് ഹസൻ തുറാബിയുടെ ആശീർവാദത്തോടെ പട്ടാള മേധാവി ഉമറുൽ ബഷീർ നടത്തിയ സൈനിക അട്ടിമറി വരെ അദ്ദേഹം പ്രധാനമന്ത്രിയായി ഭരിച്ചു. പട്ടാള അട്ടിമറിയിൽ പ്രതിഷേധിച്ച അദ്ദേഹത്തെ 1992 വരെ  ജയിലിലടച്ചു. 1996 ൽ സുഡാൻ വിട്ട് അൽ ബഷീറിനെതിരെ വിദേശത്തുനിന്നുള്ള പ്രതിപക്ഷത്തിന് നേതൃത്വം നൽകി വന്നു. 1999 നവംബറിൽ സാദിഖുൽ മഹ്ദി അയൽരാജ്യമായ ജിബൂട്ടിയിൽ അൽ-ബഷീറുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റ നാഷണൽ  ഉമ്മ പാർട്ടി ജിബൂട്ടി  പ്രസിഡന്റ് ഇസ്മായിൽ ഉമർ ഗ്വെല്ലെയുടെ ആഭിമുഖ്യത്തിൽ ഉമറുൽ ബഷീറുമായി ‘കോൾ ഓഫ് നേഷൻ’ കരാറിൽ ഒപ്പു വെക്കുകയും ചെയ്തു. 2000 ൽ അൽ-മഹ്ദി സുഡാനിലേക്ക് മടങ്ങുകയും അൽ-അൻസാറിന്റെ ഇമാമായി തിരഞ്ഞെടുക്കപ്പെട്ടു. 2003 ൽ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്(എസ്.പി.എൽ.എം), ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി) എന്നിവരുമായി ഉമ്മ പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ സമാധാനത്തിനും ജനാധിപത്യ പരിവർത്തനത്തിനുമുള്ള ശ്രമത്തിനായി കൈറോ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.

2019 ലെ പട്ടാള അട്ടിമറി

രാജ്യത്തെ വഷളായ സാമ്പത്തിക സാഹചര്യങ്ങൾക്കെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് 2019 ഏപ്രിൽ 11 ൽ സൈന്യത്തിന്റെ പട്ടാള അട്ടിമറി വരെയും ഉമറുൽ ബഷീറിന്റെ ഭരണകൂടത്തെ ശക്തമായി എതിർത്തിരുന്നു. ജനകീയ പ്രക്ഷോഭങ്ങളെ സർവാത്മനാ പ്രോത്സാഹിപ്പിച്ച മഹ്ദി അൽ-സാദിഖ് രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടു. മാറിയ പ്രാദേശിക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ രാജ്യത്തിന്റെ ദേശീയ താത്പര്യത്തിന് എതിരെയാണെന്ന് അദ്ധേഹം പ്രസ്താവിച്ചിരുന്നു. പ്രതിഷേധ സ്വരമുയർത്തി മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തിൽ നിന്നും പിന്മാറുകയും ചെയ്തിരുന്നു. പലസ്തീനികളോടുള്ള ഇസ്രായേലിന്റെ ഭീകരതയെ വിശദീകരിക്കാൻ “അപ്പാർത്തീഡ് രാഷ്ട്രം” എന്ന് അദ്ദേഹം ഉപയോഗിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുസ്‌ലിംകൾക്കും കറുത്തവർഗ്ഗക്കാർക്കുമെതിരെ വംശീയവാദിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സുഡാനിലെ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പുനർ സ്ഥാപനം, ഇസ്‌ലാമിക പുനരുജ്ജീവനം തുടങ്ങിയവയാണ് മഹ്ദി അൽ-സാദിഖിന്റെ രാഷ്ട്രീയ-വൈജ്ഞാനിക വ്യവഹാരങ്ങളിലെ പ്രധാന മേഖലകൾ. ഇസ്‌ലാമുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളിലും ഉത്തരാഫ്രിക്കൻ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളെക്കുറിച്ചും വിവിധ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇസ്‌ലാമിക നവോത്ഥാനം, ജനാധിപത്യം, മനുഷ്യാവകാശം, വികസനം, ദക്ഷിണ സുഡാൻ പ്രതിസന്ധി തുടങ്ങി  വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ധാരാളം ലഘുലേഖകളുടെയും പുസ്തകങ്ങളുടെയും രചയിതാവാണ് അദ്ദേഹം. The Southern Question (1964); Speeches in Exile (1976); Questions on Mahadism (1979); Legitimate Penalties and Their Position in the Islamic Social System (1987); Democracy in Sudan: Will Return and Triumph (1990); Challenges of the Nineties (1991) എന്നിവയാണ് അദ്ധേഹത്തിന്റെ പ്രധാന കൃതികൾ.

ശരീഅത്തിന്റെ ഇസ്‌ലാമിക ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തിലുള്ളതും മനുഷ്യരുടെ നീതിയും ആധാരവും പുലർത്തുന്ന കാലത്തോളം, സാമ്പ്രദായികമോ ആധുനികമോ വിപ്ലവാത്മകമോ ആയ ഏതു രാഷ്ട്രഘടനയും സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മാനവിക സാഹോദര്യം, നീതിയുടെ അപ്രമാദിത്വം, കരാറുകളും വിശ്വസ്തതയും പ്രാധാന്യം, ബന്ധങ്ങളിലെ പാരസ്പര്യം എന്നിവയാണ് ഇസ്‌ലാമിക വീക്ഷണത്തിൽ അന്താരാഷ്ട്ര ബന്ധങ്ങളിലെ (international relations) അടിസ്ഥാന തത്വങ്ങളെന്ന് അദ്ധേഹം അഭിപ്രായപ്പെടുന്നു. യുദ്ധം പോലും അക്രമത്തെ ചെറുക്കാനുള്ള ഉപാധിയാണ്. ബലപ്രയോഗം ഇസ്‌ലാമിക നിയമസംഹിതക്കെതിരാണ്. ഇസ്‌ലാമിക രാഷ്ട്ര സ്ഥാപനം ലക്ഷ്യം വെച്ചാണെങ്കിൽ പോലും പട്ടാള അട്ടിമറി ന്യായീകരിക്കപ്പെടുന്നതല്ല; മിലിട്ടറി ഭരണങ്ങളുടെ പിന്നാമ്പുറങ്ങളിൽ കമ്യൂണിസ്റ്റുകളോ ഇസ്‌ലാമിക സംഘടനകളോ ആരുമാകട്ടെ രക്തച്ചൊരിച്ചിലും മർദ്ദന നടപടികളും മാത്രമായിരിക്കും പരിണിതഫലമെന്നാണ് അദ്ധേഹം വീക്ഷിച്ചത്. ഉമറുൽ ബഷീറിന്റെ പട്ടാള അട്ടിമറിയിൽ ഹസൻ അൽ-തുറാബി നൽകിയ പിന്തുണയുടെ പശ്ചാത്തലത്തിലാണ് മഹ്ദി അൽ-സാദിഖ് ഈ അഭിപ്രായപ്രകടനം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുന്നതിൽ വിജയിച്ച മഹ്ദി പ്രസ്ഥാനത്തിന്റെ പൈതൃകം സുഡാന്റെ രാഷ്ട്രീയ ഭാവിക്ക് അനുഗുണമാകുമെന്ന് സാദിഖുൽ മഹ്ദി കരുതി. സയ്യിദ് മുഹമ്മദ് ഉഥ്മാൻ അൽ-മിർഗാനി അൽ-ഖാതിമിന്റെ ഖാതിമിയ്യാ ത്വരീഖതിന്റെ പിന്തുണയും അദ്ധേഹത്തിനു ലഭിച്ചിരുന്നു.

സമ്പത്ത് പൊതുവായി മനുഷ്യരാശിയുടെ ഉടമസ്ഥതയിലുള്ളതാണ്, ഒരാളുടെ പരിശ്രമത്തിലൂടെ  ലഭിക്കുന്നതിനേ സ്വകാര്യ ഉടമസ്ഥാവകാശം സാധുവാകുകയുള്ളൂ. ദരിദ്രരുടെ ഉത്തരവാദിത്വം സമൂഹ ബാധ്യതയായി മാറുന്നു. സകാത്ത്, അനന്തരാവകാശ നിയമങ്ങൾ, പലിശ നിരോധനം മുതലായവയുടെ നടപ്പിലാക്കൽ സാമ്പത്തിക മേഖലയിലെ  പൊതുതത്ത്വങ്ങൾ ആണ്. തുടങ്ങി ഇസ്‌ലാമിന്റെ  സാമ്പത്തിക വ്യവസ്ഥ എക്കാലത്തിനും അനുയോജ്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. കുരിശുയുദ്ധങ്ങൾ, സ്പാനിഷ് സംഘർഷങ്ങൾ, ഉഥ്മാനി ഖിലാഫത്തിന്റെ ചരിത്രം എന്നിങ്ങനെ ക്രിസ്ത്യൻ സമൂഹവുമായുള്ള സംഘർഷങ്ങൾ ഇസ്‌ലാമിനെ കുറിച്ച പ്രതിലോമകരമായ വീക്ഷണങ്ങൾ രൂപപ്പെടാൻ വഴിയൊരുക്കിയിട്ടുണ്ട്. ഓറിയന്റലിസ്റ്റ് പഠനങ്ങളും ഈ മുൻധാരണകൾ പ്രചരിപ്പിക്കാൻ സഹായകമായി എന്നും അദ്ദേഹം വീക്ഷിക്കുന്നു. കമ്മ്യൂണിസ്റ്റ്-ക്യാപിറ്റലിസ്റ്റ് ചിന്തകളുടെ പരാജയം, ഇസ്‌ലാമിന്റെ ചലനാത്മകതയും പുനർ വ്യാഖാനപ്രാപ്തിയും പടിഞ്ഞാറിന് ബോധ്യപ്പെടുത്താൻ സാധ്യതയൊരുക്കിയെന്ന് മഹ്ദി അൽ സാദിഖ് അഭിപ്രായപ്പെട്ടു.

ഷെയ്ഖ് ഹസൻ അൽ-തുറാബി

സഹോദരീ ഭർത്താവായ ഷെയ്ഖ് ഹസൻ അൽ തുറാബിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം ബ്രദർഹുഡിന്റെ പ്രവർത്തന രീതികളെ  വിമർശനാത്മകമായാണ് അദ്ദേഹം സമീപിച്ചത്. ഇസ്‌ലാമിക ഭൂതകാലത്തിന്റെ പുനർജീവനമാണ് അവർ ഉദ്ദേശിക്കുന്നത്. മുസ്‌ലിം ബ്രദർഹുഡ് സുഡാനിന്റെ പുറത്തു രൂപപ്പെട്ട സംഘടനയാണ്‌. മുസ്‌ലിം ബ്രദർഹുഡിനെക്കാൾ ഇസ്‌ലാമിക നവജാഗരണത്തിനു നേതൃത്വം നൽകാൻ അദ്ദേഹത്തിന്റെ സംഘടന അൽ-അൻസാറിന് സാധിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.  മുസ്‌ലിം ബ്രദർഹുഡ് കമ്മ്യുണിസ്റ്റുകൾക്കെതിരായ പ്രത്യയശാസ്ത്ര പോരാട്ടത്തിൽ കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ അൽ അൻസാറിന് പൊതുജനങ്ങൾക്കിടയിൽ വേരുറപ്പിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വാദിച്ചു. ബ്രദർഹുഡിനെക്കാൾ സുഡാനി സ്വത്വവും സമൂഹത്തിന് അനുയോജ്യമായ ആധുനികവൽക്കരണവും പ്രദാനം ചെയ്യാൻ അൽ അൻസാറിന് സാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. മഹ്ദി പ്രസ്ഥാനത്തെ സുന്നി, ശീഈ, സൂഫീ മാനങ്ങളെല്ലാമടങ്ങുന്ന ചട്ടക്കൂട്‌ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.

ഇസ്‌ലാം സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും നേതൃത്വം നൽകിയിരുന്നെങ്കിലും സമകാലിക സാഹചര്യത്തിൽ അതിൽ നിന്ന് പിന്നോട്ട് പോയി, മുസ്‌ലിം ലോകം അനീതിയിൽ മുൻപന്തിയിൽ നിൽക്കുന്നു, ആത്മാഭിമാനം സംരക്ഷിക്കുക എന്ന ഇസ്‌ലാമിക രീതി മറ്റു സാംസ്‌കാരിക പ്രത്യയശാസ്ത്ര അക്രമങ്ങൾക്ക് മുൻപിൽ ഇല്ലാതായി, ധനിക മുസ്‌ലിം രാഷ്ട്രങ്ങളുടെ അവഗണന, സിയോണിസ്റ്റുകൾക്കു മുമ്പിൽ അറബ് മുസ്‌ലിം രാഷ്ട്രങ്ങൾ പരാജയം ഏറ്റു വാങ്ങി ഫലസ്തീൻ നഷ്ടപ്പെടുത്തി എന്നീ അഞ്ചു കാരണങ്ങളാണ് ഇസ്‌ലാമിക ലോകത്തിന്റെ തകർച്ചയിലേക്ക് നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2020 നവംബർ 26 ൽ കോവിഡ് ബാധയേറ്റു അന്തരിച്ച സാദിഖുൽ മഹ്ദി ലണ്ടനിലെ യൂറോപ്യൻ ഇസ്‌ലാമിക് കൗൺസിൽ, ഗ്ലോബൽ ഫോറം ഫോർ മോഡറേഷൻ ഉൾപ്പെടെ നിരവധി പ്രാദേശിക, അന്തർദേശീയ  സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അംഗമായിരുന്നു. 2013 ൽ ഫിലിപ്പൈൻസിൽ മനില ആസ്ഥാനമായുള്ള ഗുസി സമാധാന സമ്മാനത്തിനും അദ്ദേഹം അർഹനായിരുന്നു.

ഡോ: സൈഫുദ്ദീൻ കുഞ്ഞ്. എസ്