Campus Alive

അമേരിക്കൻ ഓർമ്മകളിലെ മൈസൂർ സുൽത്താന്മാർ

 

മൈസൂർ സുൽത്താന് കുറച്ചുകൂടി ഭാഗ്യമുണ്ടായിരുന്നെങ്കിൽ, ജോർജ്ജ് വാഷിംഗ്ടൺ വടക്കേ അമേരിക്കയിലെ ഹൈദർ അലി എന്നറിയപ്പെടുമായിരുന്നു. നിലവിലെ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഒരു രാജ്യമായിരുന്ന മൈസൂറിന്റെ ഭരണാധികാരി എന്ന നിലയിൽ ഹൈദർ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, വിപ്ലവയുഗത്തിന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് സാമ്രാജ്യവുമായി നിരവധി യുദ്ധങ്ങൾ നടത്തിയിരുന്നു. ഹൈദർ ബ്രിട്ടീഷുകാർക്കെതിരായ അവസാന പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കെ, വാലി ഫോർജിലെ കഠിനമായ ശൈത്യകാലം മുതൽ യോർക്ക് ടൗണിലെ വിജയത്തിലേക്ക് വാഷിംഗ്ടൺ അമേരിക്കയുടെ ഉദിച്ചുവരുന്ന ശക്തികളെ നയിക്കുകയായിരുന്നു. ഹൈദറിന്റെ കുട്ടിക്കാലത്തെ ജീവിത സാഹചര്യങ്ങൾ, പിന്നീട് അദ്ദേഹത്തിലെ യുവാവിനെ മഹത്തരമായി അടയാളപ്പെടുത്തുന്ന ഒന്നായി തോന്നുന്നവയായിരുന്നില്ല. 1720 ഓടെ ജനിച്ച ഹൈദറിന് വൈകാതെ കൂലിപ്പട്ടാളക്കാരനായ തന്റെ പിതാവിനെ സൈനികപ്രവർത്തനത്തിനിടെ നഷ്ടമായി. ഹൈദർ തന്റെ പിതാവിനെ പോലെ തന്നെ മൈസൂർ ഭരിച്ച വോഡയാർ രാജവംശത്തിന്റെ സൈനിക ഉദ്യോഗസ്ഥനായി ചേർന്നു. നിരവധി വർഷത്തെ സേവനത്തിനുശേഷം, 1760 കളോടെ രാജകുടുംബത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരാളായി അദ്ദേഹം വളർന്നു. ദക്ഷിണേഷ്യയിൽ അധികാരത്തിൽ വരുന്നത് അപകടകരമായ ഒരു സമയമായിരുന്നു അത്. കിഴക്ക് ബംഗാൾ മുതൽ തെക്ക് ഹൈദറിന്റെ അയൽരാജ്യങ്ങളിൽ വരെയുള്ള ഭരണാധികാരികളെ കൂട്ട് പിടിച്ച് കൊണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉപഭൂഖണ്ഡത്തിലുടനീളം തങ്ങളുടെ ശക്തി വികസിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും ഫ്രാൻസുമായി സഖ്യമുണ്ടാക്കിയ ഹൈദർ ബ്രിട്ടന്റെ മുന്നേറ്റത്തെ രണ്ടു പതിറ്റാണ്ടോളം തടഞ്ഞുനിർത്തി. ബ്രിട്ടനെതിരായ കലാപത്തിൽ യുഎസ് വിജയിക്കുന്നതിന് ഒരു വർഷം മുമ്പ് 1782-ൽ അദ്ദേഹം മരണപ്പെട്ടു.

ഹൈദറും വാഷിംഗ്ടണും ഒരിക്കലും പരസ്പരം നേരിട്ട് ആശയവിനിമയം നടത്തിയിട്ടില്ലെങ്കിലും അവർ ഒരു പൊതുശത്രുവിനെതിരെ പോരാടുകയും, സഖ്യകക്ഷികളായി വർത്തിക്കുകയും ചെയ്തിരുന്നു. രണ്ട് മുന്നേറ്റങ്ങളെയും ബ്രിട്ടനെ കീഴ്പ്പെടുത്താനുള്ള ഒരു അവസരമായി കണ്ടുകൊണ്ട് ഫ്രഞ്ച് സർക്കാർ ധനസഹായം നൽകിയ ആഗോള സഖ്യത്തിലെ അംഗങ്ങളായിരുന്നു മൈസൂരുകാരെപ്പോലെ അമേരിക്കൻ വിമതരും. സപ്തവത്സര യുദ്ധത്തിൽ (1756-1763), കാനഡയിലെ ഫ്രാൻസിന്റെ വിശാലമായ പ്രദേശങ്ങളും മിസ്സിസിപ്പി നദീതടവും പിടിച്ചെടുത്ത് കൊണ്ട് ബ്രിട്ടൻ വടക്കേ അമേരിക്കയിലെ സാമ്രാജ്യത്വ എതിരാളികളുമായുള്ള ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിച്ചിരുന്നു. പരാജയത്തിന്റെ വ്യാപ്തി കുറച്ച് കാണിക്കാൻ ചില ഫ്രഞ്ച് നിരീക്ഷകർ ശ്രമിച്ചു. വടക്കേ അമേരിക്കയുടെ നഷ്ടത്തെ ‘ഏതാനും ഏക്കർ മഞ്ഞ്’ എന്ന പ്രയോഗത്തിലൂടെ വോൾട്ടയർ തള്ളിക്കളഞ്ഞു. അപ്പോഴും ബ്രിട്ടൻ തങ്ങളുടെ ശക്തി വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന വസ്തുത ഫ്രഞ്ച് നയനിർമ്മാതാക്കൾക്ക് നന്നായി അറിയാമായിരുന്നു. സ്വന്തമായി വീണ്ടുമൊരു പോരാട്ടത്തിനുള്ള ശക്തി ഇല്ലാത്തതിനാൽ ഫ്രഞ്ച് ഭരണകൂടം സഖ്യങ്ങൾ രൂപീകരിച്ച് കൊണ്ട് ബ്രിട്ടന്റെ ആഗോള വ്യാപാരത്തിന്റെ വർദ്ധിച്ചുവരുന്ന നിയന്ത്രണത്തിനെതിരെയും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്തിനെതിരെയും നിലകൊണ്ടു. ബ്രിട്ടനെതിരെ കൊളോണിയൽ കലാപങ്ങൾ സൃഷ്ടിച്ച് പരാജയത്തിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ അവർ 1770 കളുടെ പകുതി മുതൽ മൈസൂരിലേക്കും യുഎസിലേക്കും പണവും സൈനിക ഉപദേശകരേയും അയച്ചു കൊണ്ടിരുന്നു.

ഫ്രാൻസുമായുള്ള സഖ്യം വളർന്നുവരുന്ന യുഎസിന്റെ നിലനിൽപ്പിന് നിർണായകമായിരുന്നു. ഫ്രഞ്ച് സഹായത്തിന്റെ ഓർമകളും വിശിഷ്യാ പ്രഗല്‌ഭനായ മാർക്വിസ് ഡി ലഫായെറ്റിൻ വാഷിംഗ്ടണിന് നൽകിയ സഹായവുമൊക്കെ രണ്ട് നൂറ്റാണ്ടിലേറെയായി ഫ്രാൻസും അമേരിക്കയും തമ്മിലുള്ള അടുത്ത ബന്ധങ്ങളുടെ പ്രതീകാത്മക ഉത്ഭവ കഥകളായി വർത്തിക്കുന്നു. അമേരിക്കൻ സ്വാതന്ത്രസമരത്തിൽ (American Revolutionary War) അമേരിക്കക്കാർ തങ്ങളെ ഫ്രാൻസിന്റെ സഖ്യകക്ഷിയായി മാത്രമല്ല, മറിച്ച് മൈസൂരുമുൾപ്പെടുന്ന ഒരു സഖ്യത്തിന്റെ ഭാഗമായി തന്നെയാണ് സ്വയം കണക്കാക്കിയിരുന്നത്.

ഹൈദർ അലി

1783 ൽ യുഎസ് ബ്രിട്ടനുമായി സമാധാനം സ്ഥാപിച്ചതിനുശേഷവും ഹൈദറിനോടും അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ ടിപ്പു സുൽത്താനുമായും (1750-1799) അമേരിക്ക താൽപര്യം പുലർത്തിയിരുന്നു. അമേരിക്കൻ പത്രങ്ങളിലും കവിതകളിലും ദൈനംദിന സംഭാഷണത്തിലും മൈസൂർ ഭരണാധികാരികൾ പരിചിതമായ പരാമർശങ്ങളായി വർത്തിച്ചിരുന്നു. എന്നിട്ടും ഒരു തലമുറയ്ക്കകം ഇന്ത്യൻ ഉപഭൂഖണ്ഡവുമായുള്ള ഐക്യദാർഢ്യം അമേരിക്കൻ ജനതക്ക് നഷ്ടപ്പെട്ടു. അമേരിക്കൻ വിപ്ലവത്തിന്റെ കഥയിൽ നിന്നെഴുതപെട്ട മൈസൂർ, ബ്രിട്ടീഷ് നിയന്ത്രണത്തിൽ തന്നെ തുടർന്നു. വടക്കേ അമേരിക്കയുടെ ഉൾപ്രദേശങ്ങളിലേക്കും സ്വന്തം നിലയിൽ ഒരു സാമ്രാജ്യശക്തിയായി മാറുന്നതിലേക്കും പിന്നീട് യുഎസ് ശ്രദ്ധ കേന്ദ്രീകരിച്ചു.

സ്വാതന്ത്ര്യ സമരത്തിന് മുമ്പുതന്നെ, ദക്ഷിണേഷ്യയോടുള്ള അമേരിക്കയുടെ താൽപ്പര്യം സജീവമായിരുന്നു. വാസ്തവത്തിൽ, ബ്രിട്ടനെതിരായ അമേരിക്കക്കാരുടെ കലാപം ഒരുപരിധിവരെ അമേരിക്കയും ഉപഭൂഖണ്ഡവും തമ്മിലുള്ള ബന്ധത്തിൽ നിന്ന് വളർന്നു വന്നതാണ്. 1770 കൾക്ക് മുമ്പ് അമേരിക്കക്കാർ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വിമർശകരേക്കാളുപരി വക്താക്കളയിരുന്നു. 1757 ലെ റോബർട്ട് ക്ലൈവ് ബംഗാളിന്റെ നിയന്ത്രണം പിടിച്ചെടുത്ത പ്ലാസ്സി യുദ്ധത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിജയത്തെ അനുസ്മരിച്ച് കൊണ്ട് ഫിലാഡൽഫിയയിൽ ജനിച്ച കവി നഥാനിയേൽ ഇവാൻസ് (1742-1767) രചിച്ചത് കാണുക;

ബ്രിട്ടീഷ് ധീരതയ്ക്കു മുന്നിൽ

ലോകം കീഴടങ്ങി,

ശക്തനായ ക്ലൈവിന്റെ ആയോധനാദ്ധ്വാനം ഉണ്ടാക്കിയ

വാൾത്തളപ്പിലാണ് ഇന്ത്യ ജനിച്ചത്”

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്ന അമേരിക്കക്കാർ ഈ രീതിയിൽ ബ്രിട്ടന്റെ മഹത്വത്തെ സ്തുതിക്കുന്നത് സ്വാഭാവികമായിട്ടായിരുന്നു അവർ കണ്ടിരുന്നത്. ബംഗാളിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുള്ള വർദ്ധിച്ചുവരുന്ന സ്വാധീനം ദക്ഷിണേഷ്യൻ ചരക്കുകൾ, പ്രത്യേകിച്ചും തുണിത്തരങ്ങൾ അമേരിക്കൻ തുറമുഖങ്ങളായ ബോസ്റ്റൺ, ചാൾസ്റ്റൺ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഏറെ സഹായകരമായിരുന്നു. ഉപഭൂഖണ്ഡം കൊള്ളയടിച്ച് സമ്പന്നരായി വളരുന്ന ആഗോള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാണ് തങ്ങളെന്ന് കാണിക്കാൻ വേണ്ടി കൊളോണിയൽ വരേണ്യവർഗങ്ങൾ അഭിമാനത്തോടെ അവരുടെ വീടുകളിൽ അവ പ്രദർശിപ്പിച്ചു. ഈ സാമ്രാജ്യത്വ ചരക്കുകൾ വാങ്ങാൻ അമേരിക്കക്കാർക്ക് അനുവാദമുണ്ടെങ്കിലും ദക്ഷിണേഷ്യയിലെ ബ്രിട്ടീഷ് വ്യാപാരികളോടൊപ്പം ചേരാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. മാതൃരാജ്യത്തിന് അസംസ്കൃത വസ്തുക്കൾ നൽകാൻ ബ്രിട്ടന്റെ കോളനികൾ സഹായിച്ചു. അവർക്ക് പരസ്പരം നേരിട്ടുള്ള സാമ്പത്തിക ബന്ധം പുലർത്താനാവില്ല, മറിച്ച് അവരുടെ കയറ്റുമതി ലണ്ടനിലെ വലിയ വ്യാപാര കേന്ദ്രത്തിലേക്ക് അയയ്ക്കുകയായിരുന്നു. നവീന ഇംഗ്ലണ്ട് വ്യാപാരികൾ പ്രത്യേകിച്ചും വ്യാപാര വ്യവസ്ഥയിൽ പാർശ്വവൽക്കരിക്കപ്പെടുന്നതിൽ നീരസം പ്രകടിപ്പിച്ചു. ദക്ഷിണേഷ്യയിലെ ഈസ്റ്റിന്ത്യാ കമ്പനിയുടെ സൈനിക വിജയങ്ങളെത്തുടർന്ന് വടക്കേ അമേരിക്കയുൾപ്പെടെയുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിലെ കമ്പനിയുടെ സാമ്പത്തിക ശക്തി കൂടുതൽ വലുതായി, അതുപോലെ തന്നെ നവീന ഇംഗ്ലണ്ട് വ്യാപാരികളുടെ നീരസവും.

മറ്റേതൊരു കമ്പനിയേക്കാളും വിലകുറഞ്ഞ രീതിയിൽ തേയില വടക്കേ അമേരിക്കയ്ക്ക് വിൽക്കാൻ കഴിയും വിധം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സബ്‌സിഡി നൽകുന്ന ഒരു നിയമപത്രികയായ ടീ ആക്റ്റ് ബ്രിട്ടീഷ് സർക്കാർ 1773-ൽ പുറത്തിറക്കി. യുദ്ധങ്ങളുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കമ്പനിയെ രക്ഷപ്പെടുത്തുകയെന്നതായിരുന്നു ടീ ആക്ട് കൊണ്ടുള്ള ഉദ്ദേശം. സാധാരണയായി കോളനികളിലേക്ക് തേയില കയറ്റുമതി ചെയ്യാൻ അടക്കേണ്ട ഭീമമായ നികുതി അടയ്ക്കാതെ തന്നെ തേയില വിൽക്കാൻ കമ്പനിയെ അനുവദിക്കുന്നതിലൂടെ, ഒരേസമയം കമ്പനിയെ സഹായിക്കാനും അമേരിക്കക്കാരെ സന്തോഷിപ്പിക്കാനും കഴിയുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കരുതി. നികുതി ചുമത്തിയതിനാൽ കോളനികളിൽ ചായ വിലയേറിയതായിരുന്നു. ആയതിനാൽ ചായപ്രിയരായ നവീന ഇംഗ്ലണ്ടുകാർ പലപ്പോഴും അത് കരിഞ്ചന്തയിൽ നിന്ന് വാങ്ങാൻ ശ്രമിച്ചിരുന്നു. കമ്പനിക്ക് കരം നൽകേണ്ടതില്ലെങ്കിൽ സമ്പത്തിനോട് ഭ്രമമുള്ള അമേരിക്കൻ ഉപഭോക്താക്കൾക്ക് ആ സമ്പാദ്യം കൈമാറാൻ കഴിയുമെന്നവർ കരുതി.

ജോർജ്ജ് വാഷിംഗ്ടൺ

എന്നിരുന്നാലും ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചതുപോലെയുള്ള പ്രതികരണങ്ങൾ കോളനിവാസികളിൽ നിന്നുണ്ടായില്ല. മാത്രമല്ല ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നികുതിയിൽ നിന്ന് ഒരു ഇളവ് അനുവദിച്ചുകൊണ്ട് അമേരിക്കക്കാരുടെ സമ്മതമില്ലാതെ പാസാക്കിയ തേയിലയുടെ നികുതി മറ്റെല്ലാ വ്യാപാരികൾക്കും ബാധകമാണെന്ന് പാർലമെന്റ് സ്ഥിരീകരിക്കുകയും ചെയ്തു. തേയിലക്കച്ചവടത്തിൽ നിന്ന് ഒഴിവാക്കി നിർത്തണമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രതീക്ഷിച്ച കള്ളക്കടത്തുകാർ നവീന ഇംഗ്ലീഷ് സൊസൈറ്റിയിലെ സ്വാധീനമുള്ള അംഗങ്ങളായിരുന്നു. 1773 ഡിസംബർ 16-ന് സാമ്പത്തിക സ്വാർത്ഥതാൽപര്യവും നികുതിയിളവിനോടുള്ള എതിർപ്പും, ഒരു കൂട്ടം പ്രക്ഷോഭകാരികളെ ഒരു ചായ കമ്പനിയുടെ കപ്പൽചരക്ക് ആക്രമിക്കാൻ പ്രേരിപ്പിക്കുകയും അതിലെ വിഭവങ്ങൾ സമുദ്രത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.

അമേരിക്കക്കാരുടെ ബ്രിട്ടീഷ് ഭരണത്തിനെതിരായ വർദ്ധിച്ചുവരുന്ന എതിർപ്പിനെയും ദക്ഷിണേഷ്യയെക്കുറിച്ചുള്ള ഒരു പുതിയ വീക്ഷണത്തിന്റെ തുടക്കത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു ബോസ്റ്റൺ ടീ പാർട്ടി (Boston Tea Party). സ്വയംഭരണത്തിനായുള്ള മസാച്ചുസെറ്റ്സിന്റെ അവകാശത്തെ ഇല്ലാതാക്കികൊണ്ട് ബ്രിട്ടീഷ് സർക്കാർ തിരിച്ചടിച്ചു. പ്രകോപിതരായ കോളനിക്കാർ 1774 ൽ യോഗം ചേർന്ന് ആദ്യത്തെ കോണ്ടിനെന്റൽ കോൺഗ്രസ് രൂപീകരിച്ചു. തൊട്ടടുത്ത വർഷം, കൊളോണിയൽ പൗരസേനകളും ബ്രിട്ടീഷ് പട്ടാളക്കാരും തമ്മിലുള്ള സായുധ പോരാട്ടം ലെക്സിംഗ്ടണിലും കോൺകോർഡിലും പൊട്ടിപ്പുറപ്പെടുകയും അമേരിക്കൻ വിപ്ലവം പുരോഗമിക്കുകയും ചെയ്തു. തുടർന്ന് അമേരിക്കക്കാർ തങ്ങളെ ബ്രിട്ടന്റെ സാമ്രാജ്യത്വ അടിച്ചമർത്തലിന്റെ ഇരകളായി കാണാൻ തുടങ്ങി. സാമ്രാജ്യത്തിന്റെ ഇതര ഇരകളോട്, പ്രത്യേകിച്ചും ദക്ഷിണേഷ്യക്കാരോട് അവർ സഹതാപം കാണിക്കാനും തുടങ്ങി.

ബ്രിട്ടനെതിരായ അമേരിക്കൻ കലാപം അന്താരാഷ്ട്ര തലങ്ങളിലേക്ക് പെട്ടെന്നുതന്നെ ഉയർന്നു. മുൻ ബ്രിട്ടീഷ് കോളനികളെ അമേരിക്കൻ ഐക്യനാടുകളാക്കി മാറ്റികൊണ്ട് 1776-ൽ കോണ്ടിനെന്റൽ കോൺഗ്രസ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അമേരിക്കൻ ഏജന്റുമാർ മൊറോക്കോ, നെതർലാന്റ്സ്, ഏറ്റവും പ്രധാനമായി ബ്രിട്ടന്റെ സാമ്രാജ്യത്വ എതിരാളിയായ ഫ്രാൻസ്, എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര അംഗീകാരവും സൗഹാർദ്ദവും തേടുന്നതിന്റെ തിരക്കിലായിരുന്നു. ഒരു വർഷത്തിനുള്ളിൽ, ഫ്രഞ്ച് സർക്കാർ തുടക്കക്കാരായ യുഎസിന് സഹായം അയയ്ക്കാൻ തുടങ്ങി. ഒരു വർഷത്തിനുശേഷം, 1778 ൽ ഫ്രാൻസും യുഎസും സഖ്യകക്ഷികളായി മാറി.

തങ്ങൾ ബ്രിട്ടനെതിരായ സഖ്യത്തിൽ ഫ്രാൻസിന്റെ ഏക പങ്കാളിയല്ലെന്ന് തിരിച്ചറിഞ്ഞ കോണ്ടിനെന്റൽ കോൺഗ്രസ്, ഫ്രാൻസിന്റെ ദക്ഷിണേഷ്യൻ സഖ്യകക്ഷിയായ മൈസൂരുമായി സഹകരിക്കാനുള്ള വഴികൾ തേടി. 1777-ൽ, ഐറിഷ് വംശജനായ ഫ്രഞ്ച് സൈനിക ഉപദേഷ്ടാവായിരുന്ന തോമസ് കോൺവേയുടെ ഉപദേശപ്രകാരം അമേരിക്കൻ ദേശസ്നേഹികൾ ഉപഭൂഖണ്ഡത്തിലേക്ക് ഫ്രഞ്ച് സൈനിക പര്യവേഷണത്തിൽ പങ്കെടുക്കാൻ സൈന്യത്തെ അയയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. താൽക്കാലിക അമേരിക്കൻ ഭരണകൂടത്തിനു അത്തരമൊരു പദ്ധതിക്കുള്ള വിഭവങ്ങൾ ഇല്ലായിരുന്നതിനാൽ, പകരം ദക്ഷിണേഷ്യയിലെ ബ്രിട്ടന്റെ സാമ്പത്തിക സ്വാധീനത്തെ ദുർബലപ്പെടുത്തുന്നതിനായി ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പൽ വ്യാപാരത്തെ ആക്രമിക്കാൻ അമേരിക്കൻ സ്വകാര്യപ്പടക്കപ്പലുകാരെ/കൊള്ളക്കാരെ പ്രോത്സാഹിപ്പിച്ചു.

പെൻ‌സിൽ‌വാനിയ നിയമസഭ മൈസൂർ സുൽത്താനോടുള്ള ആദരസൂചകമായി ഹൈദർ-അലി എന്ന പേരിൽ നിയോഗിച്ച യുദ്ധക്കപ്പൽ

വിവിധ സംസ്ഥാന ഭരണകൂടങ്ങളും മൈസൂരിനോട് സൗഹാർദ്ദപരമായി നിലകൊണ്ടു. 1781 ൽ പെൻ‌സിൽ‌വാനിയ നിയമസഭ മൈസൂർ സുൽത്താനോടുള്ള ആദരസൂചകമായി ഹൈദർ-അലി എന്ന പേരിൽ ഒരു യുദ്ധക്കപ്പൽ നിയോഗിച്ചു. ഈ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വളരെ അകലെയുള്ള വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മാത്രമായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നിരുന്നാലും അതിന്റെ നിലനിൽപ്പ് അമേരിക്കൻ വരേണ്യവർഗത്തിന് മൈസൂരിനോടുള്ള അടുപ്പത്തെ പ്രകടമാക്കിയിരുന്നു. തോമസ് ജെഫേഴ്സന്റെ സഖ്യകക്ഷിയും രാജ്യത്തെ പ്രമുഖ കവികളിലൊരാളുമായ ഫിലിപ് ഫ്രെന്യൂ (Philip Freneau) ‘ഹൈദർ-അലിയെയും’ മൈസൂരിലെ സുൽത്താനെയും ആദരിച്ചുകൊണ്ട് ഒരു കവിത എഴുതി:

ഒരു പൗരസ്ത്യരാജകുമാരനിൽ നിന്ന് അവൾ

അവളുടെ പേര് എടുത്തു,

സ്വാതന്ത്ര്യത്തിന്റെ പവിത്രമായ തീജ്വാല ഉപയോഗിച്ച്

അധികാരമോഹികളായ ബ്രിട്ടീഷുകാരെ നാണംകെടുത്തിയ രാജകുമാരൻ,

അവന്റെ രാജ്യത്തിന്റെ തെറ്റുകൾക്ക് പ്രതികാരം ചെയ്തു.”

പതിനെട്ടാം നൂറ്റാണ്ടിലെ ഈ അമേരിക്കക്കാരെ വിദൂര ഏഷ്യൻ ജനതയെ സ്വാതന്ത്ര്യത്തിന്റെ മാതൃകകളായി കാണുന്നതിൽ നിന്ന് ഒന്നും തടഞ്ഞിരുന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

ഫ്രെന്യൂയുടെ ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നിട്ടുകൂടി സ്വാതന്ത്ര്യത്തിന്റെ പവിത്രമായ ജ്വാല ദക്ഷിണേഷ്യയെ രക്ഷിച്ചില്ല. 1780 കളുടെ തുടക്കത്തിൽ ബ്രിട്ടന് യുദ്ധം തോൽക്കുമെന്ന് വ്യക്തമായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ശക്തി ക്ഷയം സംഭവിക്കുന്ന, ഒരു യുദ്ധാനന്തര ലോകത്തെ പല അമേരിക്കക്കാരും സന്തോഷത്തോടെ സങ്കൽപ്പിച്ചു. എന്നിരുന്നാലും മൈസൂരിലെയും ഫ്രാൻസിലെയും സഖ്യ സേനയെ ചെറുത്തുകൊണ്ട് ഉപഭൂഖണ്ഡത്തിലെ തങ്ങളുടെ കീഴിലുള്ള പ്രദേശങ്ങളെ മുറുകെ പിടിക്കാൻ ബ്രിട്ടന് കഴിഞ്ഞു.

മൈസൂരിനും യുഎസിനുമുള്ള ഫ്രാൻസിന്റെ സൈനിക പിന്തുണ അതിനെ കടക്കെണിയിലകപ്പെടുത്തുകയും അതിലൂടെ ഫ്രഞ്ച് സമൂഹം സമൂലമായ ഒരു വിപ്ലവത്തിന് നിർബന്ധതിരാവുകയും ചെയ്തു. അതേസമയം, ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കുകയും 1783 ന് ശേഷം ഉപഭൂഖണ്ഡത്തിൽ അതിന്റെ വിനാശകരമായ നയം തുടരുകയും ചെയ്തു. പണമിടപാടുള്ള ഫ്രഞ്ചുകാർക്ക് ഈ പ്രദേശത്ത് ഒരു സൂചക സൈനിക സാന്നിധ്യം മാത്രമേ നിലനിർത്താൻ കഴിഞ്ഞിരുന്നുള്ളൂ. ഈ സാഹചര്യം മൈസൂരിന്റെ പുതിയ ഭരണാധികാരി ടിപ്പു സുൽത്താനെ സ്വന്തം മാർഗങ്ങൾ കൈക്കൊള്ളുന്നതിലേക്ക് നയിച്ചു. രണ്ടു പതിറ്റാണ്ടോളം ബ്രിട്ടീഷുകാരുടെ സമ്മർദ്ദത്തെ എതിർത്തതിനു ശേഷം 1799-ൽ മാത്രമാണ് അദ്ദേഹം മരണമടഞ്ഞത്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ചാലുകീറിയുള്ള അവസാന യുദ്ധത്തിൽ തന്റെ കോട്ടയുടെ മതിലുകൾക്കടിയിലാണ് അദ്ദേഹം മരിച്ചു വീണത്.

അമേരിക്കൻ ഭരണകൂടം ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിന്റെ പുതിയ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു. നവീന ഇംഗ്ലീഷ് വ്യാപാരികൾ ഉപഭൂഖണ്ഡവുമായി നേരിട്ട് വ്യാപാരം നടത്താൻ ആകാംക്ഷയോടെ ശ്രമിച്ചുകൊണ്ടിരുന്നു. വിപ്ലവ യുദ്ധം അവസാനിച്ച ആദ്യ വർഷങ്ങളിൽ, അവർ ഉപഭൂഖണ്ഡത്തിന്റെ തെക്കുകിഴക്കൻ തീരത്തുള്ള പോണ്ടിച്ചേരിയിലെ ഫ്രഞ്ച് കോളനിയെ ഒരു തുറമുഖമായി ആശ്രയിച്ചു. എന്നാൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അനുമതിയില്ലാതെ പ്രദേശത്തെ ഏറ്റവും ലാഭകരമായ വിപണികളിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് അവർ താമസിയാതെ തന്നെ മനസ്സിലാക്കി. അമേരിക്കൻ താൽപ്പര്യങ്ങൾക്കാവശ്യമായ സാഹചര്യങ്ങൾ വളർത്തുന്നതിനായി അമേരിക്കൻ കോൺസുലേറ്റുകൾ സ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അവരുടെ സമ്മർദ്ദത്തിനുള്ള മറുപടിയെന്നോണം യുഎസ് ഗവൺമെന്റ് 1792 ൽ കൊൽക്കത്തയിൽ ദക്ഷിണേഷ്യയിലെ ആദ്യത്തെ അമേരിക്കൻ ആസ്ഥാനം പണിതു. രണ്ട് വർഷത്തിന് ശേഷം, മദ്രാസിൽ അവർ മറ്റൊന്ന് കൂടി പണിതു. ഈ മേഖലയിലെ അമേരിക്കൻ പ്രതിനിധികൾ കമ്പനിയുമായുള്ള ബന്ധത്തിന് മാത്രമായിരുന്നു ഉത്തരവാദികൾ. മൈസൂർ പോലുള്ള സ്വതന്ത്ര ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി അവർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു.

ടിപ്പു സുൽത്താൻ

ഫ്രഞ്ചുകാരെപ്പോലെ അമേരിക്കൻ സർക്കാരും സ്വയം പ്രതിരോധിക്കാൻ നിർബന്ധതിരായതിനാൽ ദേശീയ തലത്തിൽ മൈസൂരിനോടുള്ള അമേരിക്കൻ താൽപര്യം അപ്രത്യക്ഷമായി. അപ്പോഴും പല അമേരിക്കക്കാരും ഹൈദർ അലിയിലും ടിപ്പു സുൽത്താനിലും ആകർഷിക്കപ്പെട്ടിരുന്നു. 1788 ൽ ഒരു സംഘം അംബാസിഡർമാരെ പാരീസിലേക്കയച്ച് ഫ്രാങ്കോ-മൈസൂറിയൻ സഖ്യം പുനഃസ്ഥാപിക്കാനുള്ള ടിപ്പുവിന്റെ ശ്രമം പരാജയപ്പെട്ടപ്പോളും ഫ്രാൻസിലേക്കുള്ള അന്നത്തെ അമേരിക്കൻ മന്ത്രിയായിരുന്ന ജെഫേഴ്സൺ വളരെ താൽപ്പര്യത്തോടെയാണ് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ജെഫേഴ്സണെപ്പോലെ, വലിയൊരളവോളം അമേരിക്കക്കാർ മൈസൂരിനെക്കുറിച്ച് കൂടുതലറിയാൻ ഉത്സുകരായിരുന്നു. 1780 കളിലും 90 കളിലുമുള്ള അമേരിക്കൻ പത്രങ്ങൾ ബ്രിട്ടനുമായുള്ള രാജ്യത്തിന്റെ തീവ്രമായ പോരാട്ടത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. കൂടാതെ ജെഡിഡിയ മോഴ്‌സിന്റെ ‘അമേരിക്കൻ യൂണിവേഴ്‌സൽ ജ്യോഗ്രഫി'(1793) ഉൾപ്പെടെയുള്ള അമേരിക്കൻ പാഠപുസ്തകങ്ങളിൽ മൈസൂരിനെ കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈദറും ടിപ്പുവും ദൈനംദിനവേളകളിൽ പോലും പരാമർശിക്കത്തക്ക വിധം അവരെ സ്വാധീനിച്ചിരുന്നു. 1793 ൽ നോർത്ത് കരോളിനയിലെ ഒരു കോടതിയിൽ ഹാജരാക്കിയ വില്യംസ് vs കാബറസ് എന്ന കേസിൽ ഇരു കക്ഷികളും ഒരു കുതിരപ്പന്തയത്തിൽ ഏർപ്പെട്ട ഒരു കലഹത്തെക്കുറിച്ച് തർക്കമുന്നയിച്ചു. മൈസൂരിന്റെ മുൻ ഭരണാധികാരിയെ സ്മരിച്ചുകൊണ്ട് ഒരു കുതിരയ്ക്ക് ‘ഹൈദർ അലി’ എന്നായിരുന്നു പേരുണ്ടായിരുന്നത്.

1799 ലെ ടിപ്പുവിന്റെ അന്തിമ തോൽവിയുടെ പശ്ചാത്തലത്തിൽ പോലും, ഒരു സ്വതന്ത്ര മൈസൂരിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ പോരാട്ടം അമേരിക്കക്കാരുടെ ഭാവനയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. 1800 ജൂലൈ 4 ന് നടത്തിയ പ്രസംഗത്തിൽ പ്രൊവിഡൻസിലെ ബാപ്റ്റിസ്റ്റ് മന്ത്രിയായിരുന്ന ജോൺ റസ്സൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അപകടങ്ങളെക്കുറിച്ച് സദസ്സിനു മുന്നറിയിപ്പ് നൽകിയിരുന്നു. അലക്സാണ്ടർ ഹാമിൽട്ടനെപ്പോലുള്ള പല അമേരിക്കക്കാരും ബ്രിട്ടനുമായി കൂടുതൽ ബന്ധം പുലർത്തണമെന്ന് വാദിച്ചെങ്കിലും റസ്സൽ ബ്രിട്ടനെ വിശ്വസിക്കാൻ കഴിയില്ലെന്നും ബ്രിട്ടീഷ് അനീതിയുടെ ആത്യന്തിക ഉദാഹരണമാണ് മൈസൂർ പിടിച്ചടക്കിയതെന്നും വാദിച്ചു. ടിപ്പുവിന്റെ വീരോചിതമായ ചെറുത്തുനിൽപ്പായി താൻ കണ്ട കാര്യങ്ങളിൽ ആകൃഷ്ടനായ റസ്സൽ, ബ്രിട്ടീഷ് പട്ടാളക്കാരുടെ കൈകളാലുള്ള ടിപ്പുവിന്റെ മരണത്തെക്കുറിച്ച് തന്റെ സഭാംഗങ്ങളോട് ഇപ്രകാരം പറഞ്ഞു: “ഇവിടെ പൂർണ്ണഹൃദയം പ്രകാശിച്ചിരിക്കാം, കാരണം അതിനദ്ദേഹത്തെ അർഹനാക്കുന്ന വിധം തന്റെ അധികാരത്തെ അദ്ദേഹം (ടിപ്പു സുൽത്താൻ) പ്രതിരോധിച്ചു, എന്ത് കൊണ്ടും ഒരു രാജാവിന് അനുയോജ്യമായ മരണമാണ് അദ്ദേഹത്തിന്റേതും.”

റസ്സലിനെ സംബന്ധിച്ചിടത്തോളം, ടിപ്പുവിന്റെ പരാജയത്തോടെ സാമ്രാജ്യത്തിന്റെ മാരകമായ അപകടങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും, പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അമേരിക്ക സ്വന്തം സാമ്രാജ്യത്വ പദ്ധതിയിൽ ഏർപ്പെട്ടിരുന്നു. അമേരിക്കൻ മിഷനറിമാർ വടക്കേ അമേരിക്കയിലുടനീളം വ്യാപിക്കുകയും ലെവന്റിലേക്ക് യാത്ര ചെയ്യുകയും ദക്ഷിണേഷ്യയിലേക്ക് ഒഴുകുകയും ചെയ്തു കൊണ്ട് ഉപഭൂഖണ്ഡം ഉൾപ്പെടെയുള്ള ലോകത്തെ ‘നാഗരിക’വത്കരിക്കാൻ ബ്രിട്ടീഷുകാർ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് തിളക്കമാർന്ന റിപ്പോർട്ടുകൾ എഴുതി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശത്രുവായ അമേരിക്ക സ്വാതന്ത്ര്യം നേടി സാമ്രാജ്യത്തിലെ ബ്രിട്ടന്റെ ഇളയ പങ്കാളിയായത് ഈയടുത്ത കാലത്ത് മാത്രമാണ്.

പ്രാദേശിക വ്യാപാരത്തിലൂടെ ലാഭം നേടുന്നതിനും മതപരിവർത്തനം നടത്തുന്നതിനും മറ്റും വേണ്ടി ദക്ഷിണേഷ്യയിലെ അമേരിക്കൻ നയതന്ത്രജ്ഞരും വ്യാപാരികളും മിഷനറിമാരും ദക്ഷിണേഷ്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ അംഗീകരിച്ചു. തുടർന്നുള്ള ദശകങ്ങളിൽ, വിദേശ നയതന്ത്ര ഉദ്യോഗസ്ഥരും വാണിജ്യ താൽപ്പര്യങ്ങളും മതവിഭാഗങ്ങളും സ്വന്തമായി ഒരു കൊളോണിയൽ സാമ്രാജ്യം സ്വന്തമാക്കാൻ യുഎസിനെ പ്രേരിപ്പിച്ചു. ഒരിക്കൽ അമേരിക്കക്കാർ എതിർത്തിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തെ പോലെ പ്യൂർട്ടോ റിക്കോ, കരീബിയ, തുടങ്ങി ഗ്വാണ്ടനാമോ മുതൽ പസഫിക്കിലെ ഫിലിപ്പീൻസ് വരെ കോളനികൾ വ്യാപിപ്പിച്ചു കൊണ്ട് യുഎസ് ഒരു സാമ്രാജ്യശക്തിയായിത്തീർന്നു.

ഇന്ന്, ലോകമെമ്പാടുമുള്ള എഴുപതിലധികം രാജ്യങ്ങളിൽ സൈനിക താവളങ്ങളുള്ള ഒരു സാമ്രാജ്യമായി യുഎസ് തുടരുന്നു. എന്നിട്ടും, ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടുകയും അമേരിക്കയുടെ സ്വത്വത്തിന് അടിത്തറയിടുകയും ചെയ്ത അമേരിക്കൻ തലമുറകൾ യുഎസിനെ സാമ്രാജ്യത്വ വിരുദ്ധ ശക്തിയായും രാഷ്ട്രമായും കണ്ടു. ഹൈദർ അലിയും ടിപ്പു സുൽത്താനും സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനിൽപ്പിന്റെയും സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷത്തിന്റെയും അമേരിക്കൻ മൂല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് കരുതി മൈസൂരിനോടും അതിന്റെ നേതാക്കളോടും അമേരിക്കൻ സ്ഥാപക തലമുറയും അവരുടെ മക്കളും ആകൃഷ്ടരായി. പിൽക്കാല തലമുറയിലെ അമേരിക്കൻ ജനത ഹൈദറിനെയും ടിപ്പുവിനെയും വീരന്മാരായി കാണുന്നത് തുടരുകയായിരുന്നെങ്കിൽ, അധഃകൃതരായും സാമ്രാജ്യത്വ വിരുദ്ധരുമായി തിരിച്ചറിയുന്നത് തുടരുകയായിരുന്നെങ്കിൽ, യുഎസും ലോകവും ഇന്ന് കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാകുമായിരുന്നു.

 


വിവർത്തനം: സിബ്ഗതുള്ള സാഖിബ്

Courtesy: aeon

ബ്ലെയ്ക് സ്മിത്ത്