Campus Alive

തബ്‌ലീഗ് ജമാഅത്തും വിമർശനങ്ങളുടെ വാർപ്പ്മാതൃകയും

(തബ്‌ലീഗി ജമാഅത്തിനെ ന്യായീകരിക്കണോ? എന്ന തലക്കെട്ടിൽ ഈയടുത്ത് ന്യൂ ലീമിൽ വന്ന പ്രൊഫസർ രോഹിത് ധൻകറുടെ(1) ലേഖനത്തിനുള്ള മറുപടിയാണ് താഴെ കൊടുത്തിരിക്കുന്ന ലേഖനം)

തബ്‌ലീഗി ജമാഅത്തിന്റെ “മാനവികതക്കെതിരെയുള്ള വൻപാപ”ത്തിനെ പ്രതിരോധിക്കുന്നതിലെ മൗലികമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫസർ രോഹിത് ധൻകറുടെ വിലയിരുത്തലിനുള്ള മറുപടിയാണിത്. വിദ്യാഭ്യാസരംഗത്തെ ഏറ്റവും മികച്ച ചിന്തകരിലൊരാളാണ് പ്രൊ.ധൻകർ. വിദ്യഭ്യാസവുമായി ബന്ധപ്പെട്ട തത്ത്വചിന്തയിലും സാമൂഹികചിന്തയിലും താൽപര്യമുള്ളവർക്ക് പത്രമാധ്യമങ്ങളിൽനിന്നും മറ്റു പല പ്ലാറ്റ്ഫോമുകളിൽ നിന്നും ഇദ്ദേഹത്തിന്റെ പുതിയ ചിന്തകളടങ്ങിയ ലേഖനങ്ങൾ വായിക്കുന്നത് ഏറെ പ്രയോജനപ്പെടാറുണ്ട്. എന്നിരുന്നാലും തബ്‌ലീഗി ജമാഅത്തുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് ഏറെ ഗൗരവമായ പ്രതിവായന അർഹിക്കുന്നുണ്ട്. കൂടാതെ, ചില സന്ദർഭങ്ങളിൽ പ്രൊ.ധൻകറിന്റെ അസാധാരണമായ അഭിപ്രായങ്ങൾ എങ്ങനെയാണ് “അക്കാദമിക സത്യസന്ധതക്ക് അപരാധ”മാകുന്നത് എന്നതും വ്യക്തമാക്കേണ്ടതുണ്ട്.

സത്യത്തിൽ, “തബ്‌ലീഗി ജമാഅത്തിന്റെ മാനവികതക്കെതിരെയുള്ള കുറ്റകൃത്യം” എന്ന പ്രൊ.ധൻകറുടെ വളരെ അലോസരപ്പെടുത്തുന്ന വാദത്തിൽ നിന്നാണ് ഞാൻ ആരംഭിക്കേണ്ടത്. എന്നാൽ, ആ ഒരു പൊസിഷനിൽ നിന്നും ക്രമാനുഗമമായി ആരംഭിക്കുന്ന പ്രൊ.ധൻകറുടെ വളരെ പ്രശ്നഭരിതമായ നിലപാടിൽ നിന്നും മാറിക്കൊണ്ട് അതിലേക്ക് എത്തുന്നതിലാണ് കൂടുതൽ ശരി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

പ്രൊഫസർ രോഹിത് ധൻകർ

തബ്‌ലീഗുകാരെ പ്രതിരോധിക്കുന്നതിനെതിരെ ഉയർത്തിയ വാദങ്ങളുടെ ഒരു വിമർശനാത്മക വിലയിരുത്തൽ

തബ്‌ലീഗുകാരെ പ്രതിരോധിച്ചുകൊണ്ടുള്ള പ്രധാനപ്പെട്ട നാല് വാദങ്ങളെ പ്രൊ.ധനകർ ലിസ്റ്റ് ചെയ്യുന്നുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വത്തെ കുറിച്ചുള്ളതാണ് ആദ്യത്തേത്. കേന്ദ്ര ഗവണ്മെന്റിന്റെ അശ്രദ്ധയെ നമുക്ക് പൊറുത്തുകൊടുക്കാൻ കഴിയാതിരിക്കെതന്നെ തബ്‌ലീഗുകാരുടെ ധാർമികമായ ഉത്തരവാദിത്വത്തെയും അവഗണിക്കാൻ നമുക്കാവില്ല എന്നാണ് അദ്ദേഹം വാദിച്ചത്. സാമാന്യബോധമുള്ള ഒരു മനുഷ്യനും ഈ വാദത്തോട് വിയോജിക്കുമെന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും, കുറ്റകൃത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിൽ പ്രൊ.ധൻകർ കാണിക്കുന്ന ലാഘവം നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. അത് ഞാൻ പിന്നീട് വിശദീകരിക്കാം.

ഡൽഹി പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ അലംഭാവമാണ് രണ്ടാമത്തേത്. നിസാമുദ്ദീൻ എസ്.എച്ച്.ഒ പുറത്തുവിട്ടെന്ന് പറയപ്പെടുന്ന മാർച്ച് 23-ലെ ഒരു വീഡിയോ ലിങ്ക് പ്രൊ.ധൻകർ പങ്ക് വെക്കുന്നുണ്ട്. 4 മിന്റ്റ് 26 സെക്കന്റ് സമയദൈർഘ്യമുള്ള വീഡിയോ യഥാർത്ഥത്തിൽ ഹിന്ദുസ്ഥാൻ ടൈംസ് ആണ് പുറത്ത് വിട്ടത്. പോലീസ് സ്റ്റേഷനിൽ നടന്ന സംഭാഷണത്തിന്റെ മീഡിയ വേർഷൻ ആയിരുന്നു അത്. മീഡിയ ഓരോ വിഷയങ്ങളെയും സെൻസേഷണൽ ആക്കുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് കൃത്യമായ ധാരണയുള്ള ഒരു അക്കാദമീഷ്യൻ എന്ന നിലക്ക്, ഒന്നരമിനിറ്റ് നേരത്തേക്കെങ്കിലും വളരെ കൃത്യമായി സൂചനകൾ നൽകുന്ന തരത്തിൽ നിർമിച്ചെടുക്കപ്പെട്ട ആ വീഡിയോ അദ്ദേഹം ഷെയർ ചെയ്യരുതായിരുന്നു. അതിന് പിന്നണിയായി നൽകിയിട്ടുള്ള പശ്ചാത്തല സംഗീതവും അടിയിലുള്ള ന്യൂസ് സ്ക്രോളുകളും  കാണികളുടെ അഭിപ്രായത്തെ കൃത്യമായി കണ്ടീഷൻ ചെയ്യുന്നുണ്ട്. യഥാർത്ഥത്തിൽ, വെറും സംഭാഷണം മാത്രമുള്ള ഒരു വീഡിയോ ലിങ്ക് ആയിരുന്നു അദ്ദേഹം നൽകേണ്ടിയിരുന്നത്. വീഡിയോയുടെ തുടക്കത്തിലെ എസ്.എച്ച്.ഓയുടെ അഭിപ്രായങ്ങൾ വെച്ച്,  തബ്‌ലീഗികളോട് മസ്ജിദ് പരിസരത്ത് നിന്ന് ഒഴിഞ്ഞ് പോവാൻ പോലീസ് ആവശ്യപ്പെട്ടുകൊണ്ടിരുന്നിരുന്നു എന്ന് പ്രൊ.ധൻകർ വാദിക്കുന്നുണ്ട്. എന്നാൽ, എസ്.എച്ച്.ഓ രേഖാമൂലം തബ്‌ലീഗികളോട് പരിസരങ്ങളിൽ നിന്നും ഒഴിഞ്ഞ് പോവാൻ ആവശ്യപ്പെട്ടതിന്റെ തീയ്യതി(കളോ) ഒന്നും വെറുതേ പോലും അന്വേഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. വളരെ പ്രധാനപ്പെട്ട ആ കാര്യത്തിനോടുള്ള അദ്ദേഹത്തിന്റെ നിസംഗത നിർഭാഗ്യകരം എന്നേ പറയാനൊക്കൂ. കൂടാതെ, (വീഡിയോയിൽ തന്നെ പലയിടങ്ങളിൽ കാണിച്ചിട്ടുള്ള) അവിടെയുണ്ടായിരുന്ന 2500 പേരിൽ നിന്നും 1500 പേരെ ആ ദിവസത്തോടെ തബ്‌ലീഗുകാർക്ക് പുറത്തിറക്കാൻ സാധിച്ചു എന്ന് പറയാൻ പ്രൊ.ധൻകർ കാര്യമായി ശ്രദ്ധിച്ചില്ല. തബ്‌ലീഗികളുടെ ഭാഗത്ത് നിന്നുമുണ്ടായ ആ പരിശ്രമത്തെ കുറിച്ചുള്ള ചെറിയൊരു സൂചന പോലും മുഴുവൻ വിഷയത്തെ അഭിമുഖീകരിക്കുന്നതിലും വിലയിരുത്തുന്നതിലുമുള്ള പ്രൊ.ധൻകറുടെ വസ്തുനിഷ്ഠതയെ എടുത്തുകാണിക്കുമായിരുന്നു. അവസാനമായി, തബ്‌ലീഗ് ജമാഅത്ത് പോലെയുള്ള ഒരു കബളിപ്പിക്കുന്ന സംഘടനയെ തൊടാൻ പോലീസ് ഇത്ര ഭയം കാണിക്കരുതായിരുന്നു എന്നദ്ദേഹം അഭിപ്രായപ്പെടുന്നു. തബ്‌ലീഗുകാരെ ഭയക്കുന്ന പോലീസ് എന്നുള്ളതുതന്നെ വളരെ ഉദാസീനമായ അഭിപ്രായമാണ്, അതോടൊപ്പം അവർ വയലൻസിന് കാരണക്കാരായേക്കാം എന്ന തരത്തിൽ പറയുന്നത് അതിലേറെ അപകടകരവുമാണ്. അവരൊരു കൂട്ടം താടി വെച്ച യഥാസ്ഥികരായ മുസ്‌ലിംകളാണ്. പോലീസ് പോലും തൊടാൻ ഭയക്കുന്ന ഒരു തട്ടിപ്പ് സംഘടനയുടെ ഭാഗം കൂടിയാണ് തുടങ്ങിയ അഭിപ്രായങ്ങൾ നിർമ്മിക്കുന്നതിലൂടെ തന്റെ വായനക്കാരുടെ ഇടയിൽ ഏത് തരത്തിലുള്ള അവബോധമാണ് താൻ സൃഷ്ടിക്കുന്നത് എന്നതിനെ പറ്റി പ്രൊ.ധൻകർ ബോധവാനാണ് എന്ന് ഞാൻ കരുതുന്നു. തുറന്ന അക്രമങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും യാതൊരു ലജ്ജയും കൂടാതെ ആഹ്വാനങ്ങളുയരുന്ന ഒരു കാലത്ത്, തന്റെ നിരുത്തരവാദിത്വപരമായ അഭിപ്രായപ്രകടനം ഉണ്ടാക്കിയേക്കാവുന്ന സ്വാഭാവികവും അസ്വാഭാവികവുമായ പരിണിതഫലങ്ങളെ കുറിച്ച് പ്രൊ.ധൻകർ ചെറുതായെങ്കിലും ചിന്തിക്കേണ്ടതുണ്ട്.

ഹിന്ദു അമ്പലങ്ങൾ തുറന്നുപ്രവർത്തിക്കുകയും ഹിന്ദു ഒത്തുചേരലുകളും ഉത്സവങ്ങളും അതേസമയത്തുതന്നെ നടക്കുമ്പോഴും തബ്‌ലീഗിനു പിന്നാലെ മാത്രം പോവുന്നതെന്താണ് എന്നതായിരുന്നു മൂന്നാമത്തെ വാദം. ആ വാദത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രൊ.ധൻകർ പറയുന്നത് ഈ സംഗമങ്ങളെല്ലാം ലോക്ഡൗണിന് മുന്നെ ആയിരുന്നു എന്നാണ്. എന്നാൽ ലോക്ഡൗൺ കൊണ്ട് താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കൃത്യമാക്കാൻ അദ്ദേഹം സൗകര്യാർത്ഥം മറക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ഡൗൺ ആണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നതെങ്കിൽ അത് യാതൊരു അർത്ഥവുമുണ്ടാക്കുന്നില്ല. കാരണം തബ്‌ലീഗികളുടെ സംഗമം മാർച്ച് 15ന് മുമ്പ് തന്നെ അവസാനിച്ചിരുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, വളരെ അസൂക്ഷ്മമായ അഭിപ്രായപ്രകടനങ്ങളാണ് പ്രൊ.ധൻകർ ഇവിടെ നടത്തിയത്. സത്യത്തിൽ, തബ്‌ലീഗി ജമാഅത്തിനെ പ്രതിരോധിക്കുന്നവർ പരാമർശിക്കുന്ന സംഭവങ്ങളുടെയും സംഗമങ്ങളുടെയും ഒരു ലിസ്റ്റ് പങ്കുവെക്കുകയും അതിൽ ഓരോന്നും എന്ത്കൊണ്ട് ഇത്തരത്തിൽ ഒരു പ്രാധാന്യമോ രോഷമോ അർഹിക്കുന്നില്ല എന്ന് വ്യക്തമാക്കുകയുമായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. മാർച്ച് 13-ന് പുറത്തിറക്കിയ ഓർഡറിൽ 200-ന് മുകളിൽ ആളുകളുടെ സംഘം ചേരലുകളെ ഡൽഹി സർക്കാർ നിരോധിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. നിർഭാഗ്യകരമെന്ന് പറയട്ടെ, ഇവിടെ മാർച്ച് 13-ലെ ഓർഡറിനെ തെറ്റായി ഉദ്ധരിക്കുകയാണ് പ്രൊഫസർ. ഈ ഓർഡർ അദ്ദേഹം കൃത്യമായി വായിക്കുകയാണെങ്കിൽ സംഘം ചേരൽ(congregation) എന്ന പദം ഒരു പ്രാവശ്യം പോലും ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന് മനസ്സിലാവും. സെമിനാറുകളും, സമ്മേളനങ്ങളും, കായിക സംഗമങ്ങളും എന്നാണ് ആ റിപ്പോർട്ട് പറയുന്നത്. “ഇജ്തിമാ” എന്ന അറബി-ഉറുദു പദത്തിന്റെ അർത്ഥം മനസ്സിലാക്കാൻ പ്രൊഫ.ധൻകർ അല്പസമയം ചെലവഴിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഇത്തരത്തിലൊരു വാദം മുന്നോട്ട് വെക്കുമായിരുന്നില്ല. ഇജ്തിമാ എന്നാൽ ഏതെങ്കിലുമൊരു സംഗമമല്ല, മറിച്ച് മതപരമായ സംഗമമാണ്. മാർച്ച് 13-ലെ ഓർഡറിൽ മതപരമായ സംഗമങ്ങളെ കുറിച്ച് യാതൊരു പരാമർശവുമുണ്ടായിരുന്നില്ല. മാർച്ച് 16-ന് പുറത്തിറക്കിയ ഓർഡറിലാണ് ഈ കൂട്ടിച്ചേർക്കൽ നടത്തിയിരിക്കുന്നത്. “A X എന്ന ഒരു തെറ്റ് ചെയ്താൽ പിന്നെ B യെ അതേ തെറ്റ് ആവർത്തിച്ചു എന്ന് പറഞ്ഞ് നിങ്ങൾക്ക് കുറ്റംപറയാനാവില്ല” എന്നിങ്ങനെ മുന്നോട്ട് പോവുന്ന അദ്ദേഹത്തിന്റെ വാദം അൽപം കഴിഞ്ഞ് ഞാൻ വിശദമാക്കാം.

“ഗവണ്മെന്റ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനും മുൻപേ ആണ് മർക്കസിൽ ആൾക്കാർ ഒത്തുചേർന്നതെന്നും അതുകൊണ്ട് അവിടെ നിന്നും അവർക്ക് പുറത്തുപോകാൻ കഴിഞ്ഞില്ല” എന്ന നാലാമത്തെ വാദം, ഡൽഹി ഗവണ്മെന്റ് മാർച്ച് 13, 16, 19 തീയ്യതികളിൽ പുറപ്പെടുവിച്ച ഉത്തരവുകളുടെ വെളിച്ചത്തിൽ അസാധുവാകുന്നുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മേൽപറഞ്ഞ ഓർഡറുകളുടെ ഉള്ളടക്കത്തെ കുറിച്ചുള്ള ഒരു ചുരുങ്ങിയ വിശദീകരണം തന്റെ വായനക്കാർക്ക് അദ്ദേഹം നൽകിയിരുന്നെങ്കിൽ കുറച്ച്കൂടി അർത്ഥവത്തായ ഒരു ഇടപെടൽ സാദ്ധ്യമാവുമായിരുന്നു. കഴിഞ്ഞ പാരഗ്രാഫിൽ ചെറുതായി ഞാൻ പരാമർശിച്ചിരുന്നുവെങ്കിലും, ഈ ഓരോ ഓർഡറുകളും എന്താണ് പറയുന്നത് എന്ന് ഞാൻ വിശദീകരിക്കുകയാണ്. അത് വഴി വായനക്കാർക്ക് ഒരു കൃത്യമായ അഭിപ്രായം രൂപീകരിക്കാൻ അത് സഹായകമാവും:

  • മാർച്ച് 13-ന് പുറത്തിറക്കിയ ഓർഡർ പ്രകാരം “കോവിഡ്-19 എന്ന മഹാമാരിയുടെ പകർച്ചയെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഡൽഹി എൻ.സി.ടിയിൽ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുക്കുന്ന എല്ലാ കായികസംഗമങ്ങളും (ഐ.പി.എൽ അടക്കം) സമ്മേളനങ്ങളും സെമിനാറുകളും നിരോധിച്ചിരിക്കുന്നു” എന്നാണ് പറയുന്നത്.
  • മാർച്ച് 16-ന് പുറത്തിറക്കിയ ഓർഡർ ജിംനേഷ്യങ്ങളുടെയും സ്പാകളുടെയും, പബ്ബുകളുടെയും തിയേറ്ററുകളെയും പ്രവർത്തനങ്ങളെ നിർത്തിവെക്കുകയും, മാർച്ച് 31 വരെ രാഷ്ട്രീയപരമോ, മതപരമോ, സാമൂഹ്യപരമോ, അക്കാദമികമോ കായികമോ ആയ ഏതൊരു സെമിനാറും സമ്മേളനങ്ങളും പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവുള്ളു എന്ന് നിഷ്കർഷിക്കുകയും ചെയ്തു. അതുപോലെ. ഷോപ്പിങ്ങ് മാളുകൾ ദിവസവും അണുവിമുക്തമാക്കണമെന്നും കൃത്യമായ എണ്ണം ഹാൻഡ് സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ഉത്തരവ് പറയുന്നു.
  • മാർച്ച് 19-ന് പുറത്തിറക്കിയ ഓർഡർ ഭക്ഷണശാലകളോട് അവരുടെ സീറ്റിങ്ങ് സൗകര്യങ്ങൾ നിർത്തിവെക്കാനും എല്ലാ കായിക സമുച്ചയങ്ങളും അടച്ചിടാനും മാർച്ച് 31 വരെ രാഷ്ട്രീയപരമോ, മതപരമോ, സാമൂഹ്യപരമോ, അക്കാദമികമോ കായികമോ ആയ ഏതൊരു സെമിനാറും സമ്മേളനങ്ങളും പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവുള്ളു എന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

അപ്പോൾ മാർച്ച് 13-ലെ ഓർഡർ മതപരമായ സംഗമങ്ങളെ പരാമർശിച്ചിരുന്നില്ല. എന്നാൽ 16-നും 19-നുമുള്ള ഓർഡറുകളിൽ അത് പരാമർശിക്കുന്നുമുണ്ട്. തബ്‌ലീഗി ജമാഅത്തിന്റെ സംഗമം മാർച്ച് 13 മുതൽ  മാർച്ച് 15 വരെ ആയതിനാൽ നിയമപരമായി അതിനെ ചോദ്യം ചെയ്യാൻ സാധിക്കുകയില്ല. പ്രൊ.ധൻകർ പരാമർശിച്ചിട്ടുള്ള ഡൽഹി ഗവണ്മെന്റ് പുറത്തിറക്കിയ ഓർഡറുകളുടെ തീയ്യതികളും ഉള്ളടക്കവും വെച്ച് നോക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ലേഖനത്തിലുടനീളം അദ്ദേഹം വെച്ചുപുലർത്തുന്ന നീരസമനോഭാവത്തെ മനസ്സിലാക്കാൻ അൽപം ബുദ്ധിമുട്ടാണ്. ഡൽഹി ഗവണ്മെന്റിന്റെ വെബ്പേജ് സന്ദർശിക്കാൻ അൽപസമയമെങ്കിലും പ്രൊ.ധൻകർ മാറ്റിവെച്ചിരുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ വിമർശനം ഇത്ര പ്രതിലോമകരവും പരുഷവുമാകുമായിരുന്നില്ല. മാർച്ച് ഒന്ന് മുതൽക്ക് ഡൽഹിയിൽ നടന്ന കല്യാണങ്ങളെ കുറിച്ചും, മാളുകളെ കുറിച്ചും, പൊതുഗതാഗതസംവിധാനത്തെ കുറിച്ചും ഡൽഹിയിൽ താമസിക്കുന്ന 35000 വിദേശത്ത് നിന്നും തിരിച്ചുവന്ന ആളുകളെ കുറിച്ചുമുള്ള അന്വേഷണങ്ങളും അദ്ദേഹം ഇതുപോലെ നടത്തിയിട്ടുണ്ടാവണം!

 പ്രൊ.ധൻകറുടെ ‘യഥാർത്ഥ’ ഉത്ക്കണ്ഠകളെ കുറിച്ചുള്ള ആശങ്കകൾ

കുറച്ച് കൂടെ മുന്നോട്ട് പോയാൽ, ഒരു ഉത്തരവിനെ മനപ്പൂർവ്വം ലംഘിക്കുന്നതും അല്ലെങ്കിൽ ഒരു ഉത്തരവിനെ മനപ്പൂർവ്വമല്ലാതെ, പരിമിതികൾ കാരണം ലംഘിക്കുന്നതും തമ്മിലുള്ള വ്യത്യാസം നമുക്ക് വ്യക്തമാവും. എന്നെ സംബന്ധിച്ചിടത്തോളം ഈ വ്യത്യാസം ഉയർത്തിക്കാണിക്കേണ്ടതില്ല. മറിച്ച്, ഉയർത്തികാണിക്കേണ്ടതെന്താണെന്ന് വെച്ചാൽ പ്രൊ.ധൻകർ തബ്‌ലീഗുകാരെ ഇതിൽ ആദ്യത്തെ കൂട്ടരായും മറ്റുള്ളവരെ രണ്ടാമത്തെ കൂട്ടരായും കണക്കാക്കുന്നതാണ്. ഇത് തീർച്ചയായും ശ്രദ്ധയർഹിക്കുന്ന ഒരു കാര്യമാണ്. തബ്‌ലീഗുകാർ മനപ്പൂർവ്വം ഉത്തരവുകൾ ലംഘിച്ചു എന്നത് തെളിയിക്കുന്ന ഒരൊറ്റെ വിശ്വസിനീയമായ വാദവും ഇല്ല എന്നോർക്കണം. രാമനവമി, യാഗ്ന പ്രശ്നങ്ങളോട് നേരത്തെ പറഞ്ഞ “എ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, അതേ തെറ്റ് ആവർത്തിക്കുന്നതിന് ബി യെ കുറ്റം പറയാനാവില്ല” എന്ന പക്ഷമാണ് ഞാൻ സ്വീകരിക്കുന്നത്.

തബ്‌ലീഗി ജമാഅത്തിന്റെ തലവനായ മൗലാനാ സാദിന്റെ ഓഡിയോകളിൽ നിന്നും തുടങ്ങുന്ന വളരെ പ്രധാനപ്പെട്ട രണ്ട് ഉത്ക്കണ്ഠകളിലേക്കാണ് പ്രൊ.ധൻകർ പിന്നീട് കടക്കുന്നത്. ഒന്നുകൂടെ പറയട്ടെ, വാർത്താമാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്ന എല്ലാ വിവരങ്ങൾക്കും പിറകെ പോകുന്നതിന് പകരം സ്വയം അൽപം ഗവേഷണം നടത്തിയിരുന്നുവെങ്കിൽ തബ്‌ലീഗി ജമാഅത്തിന് രണ്ട് വിഭാഗങ്ങളുണ്ട് എന്ന് പ്രൊ.ധൻകറിന് മനസ്സിലാകുമായിരുന്നു. അതിലൊന്ന് കുറച്ച് അംഗങ്ങളുള്ള ഒരു ബോഡി (ശൂറ) നയിക്കുന്നതാണെങ്കിൽ മറ്റേത് മൗലാനാ സാദ് നയിക്കുന്നതാണ്. തബ്‌ലീഗി ജമാഅത്ത് എന്ന പദം ഈ പ്രശ്നങ്ങളിലുടനീളം വളരെ സ്വാഭാവികമായി ഉപയോഗിക്കുന്നത് കൃത്യമായ ഹിംസയാണ്. കാരണം നിസാമുദ്ദീൻ വിംഗ് എന്നത് ഈ പറഞ്ഞ രണ്ട് വിഭാഗങ്ങളിലൊന്നാണ്. അതേ സമയം മറ്റേ വിഭാഗം മാർച്ച് ആദ്യത്തോടെ തന്നെ എല്ലാ സംഗമങ്ങളും റദ്ദാക്കിയിരുന്നു. മൗലാനാ സാദിന്റെ വിഷയത്തിലേക്ക് വരികയാണെങ്കിൽ, അദ്ദേഹത്തിനുള്ള വലിയ അനുയായികളുടെ കാര്യം പരിഗണിച്ച് പ്രൊ.ധൻകർ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചുകൊണ്ട് വിശകലനം ചെയ്യുന്നുണ്ട്. മൗലാനാ സാദ് തന്റെ പ്രസംഗങ്ങളിൽ പറഞ്ഞതിൽ പലതും ചോദ്യം ചെയ്യേണ്ടതാണ് എന്ന് പറയുന്നതിൽ കാര്യമില്ലാതില്ല. എന്നിരുന്നാലും, മൗലാനാ സാദ് എന്ന് പറയുന്നയാൾ മറ്റേതൊരു മതപ്രബോധകന്റെയും പോലെ മതത്തിന്റെ സാഹചര്യത്തിൽ വെച്ച് മനസ്സിലാക്കേണ്ട ഒരു മതപ്രബോധകൻ മാത്രമാണെന്നും പ്രൊ.ധൻകർ മനസ്സിലാക്കേണ്ടതുണ്ട്.

മൗലാനാ സാദ്

പരമാധികാരിയായ രക്ഷിതാവിന്റെ അനുമതിയില്ലാതെ ലോകത്തൊന്നും സംഭവിക്കുകയില്ലെന്നും അതുകൊണ്ട് തന്നെ ഏതൊരു പ്രശ്നവും ദുരന്തവുമുണ്ടാവുമ്പോൾ അവനിലേക്ക് മുഖം തിരിക്കണമെന്നും വിശ്വസിക്കുന്നവരാണ് തബ്‌ലീഗി ജമാഅത്ത് അംഗങ്ങൾ. ഈ നിലപാടിനോട് പലർക്കും പ്രശ്നമുണ്ടായേക്കാമെങ്കിലും ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയെ ഇത് യാതൊരു വിധത്തിലും ലംഘിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ. “ഇത്തരത്തിലുള്ള മതവീക്ഷണങ്ങൾ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും വലിയ തോതിലുള്ള ആരോഗ്യ ദുരന്തത്തിലേക്ക് നയിക്കുമെന്നു”മുള്ള ആരോപണമെടുത്താൽ, ഒരിക്കൽകൂടെ പറയട്ടെ, കുറച്ചുകൂടി കൃത്യതയാർന്ന തരത്തിലായിരിക്കണം ഇതുമായിട്ട് സംവദിക്കാൻ ഒരാൾ തയ്യാറാവേണ്ടത്. തബ്‌ലീഗി ജമാഅത്ത് മനസ്സിലാക്കുന്ന മതപരമായ കടമയുടെ വീക്ഷണത്തിൽ നിന്ന് വേണം മൗലാനാ സാദിന്റെ നിർദേശങ്ങളെ മനസ്സിലാക്കാൻ.

എന്തൊക്കെ തരത്തിൽ ആലോചിച്ചാലും പ്രൊ.ധൻകർ പറയുന്നത് പോലെ ദൈവശാസ്ത്രപരമായ സംബോധനമല്ല (theological invocation) മനപ്പൂർവ്വം എല്ലാവരുടെയും ജീവൻ അപകടത്തിലാക്കാൻ തുനിയുന്നത്. എന്റെ അറിവിൽ, ജാമിഅ നഗറിലെ നൂറിൽപരം മസ്ജിദുകളിൽ ഒരൊറ്റ മസ്ജിദ് പോലും ലോക്ഡൗൺ ആരംഭത്തിന് ശേഷം തുറന്ന് പ്രവർത്തിച്ചിട്ടില്ല. ഏകദേശം എല്ലാ മസ്ജിദുകളിലെയും പ്രധാനികളായ തബ്‌ലീഗുകാർ പക്ഷെ റോഡിലിറങ്ങി പള്ളിയിലേക്ക് വരണം എന്നാരോടും ആഹ്വാനം ചെയ്തിട്ടില്ല. മാർച്ച് 13-മുതൽക്ക് തന്നെ വെള്ളിയാഴ്ച്ച പ്രാർത്ഥനക്ക് വൃദ്ധരോ, കുട്ടികളോ, ട്രാവൽ ഹിസ്റ്ററി ഉള്ളവരോ അവരുടെ കുടുംബാംഗങ്ങളോ അല്ലെങ്കിൽ പനി ചുമ മുതലായ രോഗങ്ങളുള്ളവരോ പങ്കെടുക്കരുത് എന്ന തരത്തിലുള്ള അനൗൺസ്മെന്റുകൾ ഒരുപാട് നടത്തിയിരുന്നു. ഇതിനൊന്നും തബ്‌ലീഗ് യാതൊരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ല.

എല്ലാവരും കൂട്ടമായി ചേർന്ന് പ്രാർത്ഥിക്കണമെന്നും പള്ളിയിൽ വന്ന് മറ്റുള്ളവരെ കാണണമെന്നും പറയുന്ന മാർച്ച് 26-ന് മൗലാനാ സാദ് നടത്തിയ പ്രഭാഷണമാണ് പ്രൊ.ധൻകർ ഉദ്ധരിക്കുന്നത്. അത് ഗവണ്മെന്റ് ഉത്തരവിനെ നിഷേധിക്കുന്ന മനപ്പൂർവ്വമായ ദൈവശാസ്ത്രപരമായ തലത്തിലുള്ള ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ലേഖനത്തിലുടനീളം ചുരുക്കം ചില വ്യത്യാസങ്ങൾ പങ്കുവെക്കുന്ന പ്രൊ.ധിൻകർ, മതപരമായ ഒരു കടമ നിർവഹിക്കുന്നതിലൂടെ സ്വയം അപകടത്തിൽപ്പെടുത്തുന്നതും ദൈവശാസ്ത്രത്തെ ഉപയോഗിച്ച് എല്ലാവരുടെയും ജീവൻ അപകടത്തിലാക്കുന്നതും തമ്മിലുള്ള ക്യത്യമായ വിത്യാസം കുറിക്കാൻ വിട്ടുപോയിരിക്കുന്നു. അലീഗഢ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് ഡിപാർട്ട്മെന്റിലെ അദ്ധ്യാപകനായ മുഹമ്മദ് ദാനിഷ് ഇഖ്ബാൽ പ്രൊ.ധൻകറുടെ ഈ വിലയിരുത്തലിനുമേൽ വളരെ വ്യക്തതയുള്ള വിമർശനപ്രസ്താവന നടത്തുന്നുണ്ട്. ഒരു ഇ-മെയിൽ സന്ദേശത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: “സ്വയം അപകടത്തിലാകുന്ന തരത്തിൽ സ്പഷ്ടമായ ഒരു മതപര കടമ നിർവ്വഹിക്കുന്നതും, മറ്റുള്ളവരെ മനപ്പൂർവ്വം അപകടത്തിലാക്കുന്ന തരത്തിൽ ദൈവശാസ്ത്രത്തെ എടുത്തുപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുക എന്നത് വളരെ പ്രധാനമാണ്. ആദ്യത്തേത് വിശ്വാസത്തിന്റെ കാര്യമാണെങ്കിലും(ചില കാര്യങ്ങളിൽ, മനോഭാവത്തിന്റെയും) വിമർശനം അർഹിക്കുന്നതാണ്. എന്നാൽ ഇവിടെ നടത്തിയിരിക്കുന്ന തരത്തിലുള്ള വിമർശനമല്ല. രണ്ടാമത്തേത്, എഴുത്തുകാരൻ നടത്തുന്ന തരത്തിലുള്ള വിമർശനം അർഹിക്കുന്നുണ്ടെങ്കിലും, മർക്കസിന്റെ കാര്യമെടുത്താൽ അതല്ല അവിടെ സംഭവിച്ചത് എന്ന് പറയാൻ കഴിയും”

“അകത്ത് കുടുങ്ങി” എന്ന വിശദീകരണത്തിന്റെ സാധുത പരിഗണിക്കാൻ കൂട്ടാക്കാത്ത പ്രൊ.ധൻകർ പകരം “മതപരമായ അവഹേളനത്തിന്റെ ചെയ്തികൾ” എന്നതിലേക്ക് തന്റെ വായനക്കാരുടെ ശ്രദ്ധതിരിക്കുന്നു. അത്പോലെ ഗവണ്മെന്റ് ഉത്തരവുകൾ മനപ്പൂർവ്വം അനുസരിക്കാൻ കൂട്ടാക്കാത്ത തബ്‌ലീഗുകാരെ കുറിച്ചുള്ള തന്റെ സന്ദേഹങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. തുടർന്ന് വന്ന അതേ പോലെ തന്നെ തന്റെ വാദം യുക്തിപരമായി വികസിപ്പിക്കാൻ, ഏതെങ്കിലും അമ്പലപൂജാരിയോ മഹന്തോ ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതായി കണ്ട്പിടിക്കപ്പെട്ടാൽ അവരെയും ഒരുപോലെ അപലപിക്കുകകയും ശിക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നു. വളരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള അനായാസത്തോടെയാണ് “ഇത്തരത്തിലുള്ള ചെയ്തികൾ” കണ്ട്പിടിച്ചില്ലെങ്കിൽ തബ്‌ലീഗിനെ പ്രതിരോധിക്കാനാവില്ല എന്ന് പ്രൊ.ധൻകർ ചൂണ്ടികാണിക്കുന്നത്. ഇത്തരത്തിൽ രാജ്യത്തുടനീളം പരക്കുന്ന നൂറുകണക്കിന് മതപ്രചാരകരുടെ വീഡിയോകൾ കാലങ്ങളായി തുടർന്നുപോകുന്ന മതവും ഭരണകൂടവും തമ്മിലുള്ള  പ്രതിസന്ധിയെ തുറന്ന്കാണിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. എന്നിട്ടും പ്രൊഫ.ധൻകർ “അത്തരം ചെയ്തികളില്ലെങ്കിൽ” എന്ന വാദത്തെ പ്രോത്സാഹിപ്പിക്കുന്നു. ഒരേ പാരഗ്രാഫിൽ തന്നെ ദൈവശാസ്ത്രപരമായ ബോധത്തിൽ മനപ്പൂർവ്വം ജനങ്ങളെ ഭരണകൂട ഉത്തരവുകൾ ലംഘിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് പറയുന്ന അദ്ദേഹം ഒന്നോ രണ്ടോ വരികൾക്ക് ശേഷം വളരെ സംശയകരമായ “എങ്കിൽ(if)” എന്ന് ഉപയോഗിക്കുന്നത് തന്നെ ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

വളരെ സംശയകരമായ ഒരു വഴിയിലൂടെയാണ് പ്രൊ.ധൻകർ തന്റെ “ശരിയായ ഉത്ക്കണ്ഠ”(real concern) പ്രകടിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ എഴുത്തിലെ അവസാന ഭാഗങ്ങൾ വായിച്ചാൽ തബ്‌ലീഗുകാരുടെ മതപരമായ ബാധ്യതകളെല്ലാം തന്നെ ഗവണ്മെന്റ് ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നതിലാണ് എന്ന് തോന്നും. അദ്ദേഹം അവിടെയും നിർത്തുന്നില്ല. ഭരണഘടനയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന്റെ ഉത്തരവുകളെയും വിലകുറച്ച് കാണുകയാണ് ഇവരുടെ ചെയ്തികൾ എന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നു. സ്വാഭാവികമായും പ്രസ്ഥാനത്തിന്റെ ചരിത്രത്തെ കുറിച്ചോ അതിന്റെ അടിസ്ഥാനങ്ങളെകുറിച്ചോ യാതൊരു ധാരണയുമില്ലാത്തതിന്റെ ഫലമായി പുറത്ത് വരുന്ന ഇത്തരത്തിലുള്ള രോഗാതുരമായ ഉത്ക്കണ്ഠകളെ എന്ത് വിലകൊടുത്തും ചോദ്യം ചെയ്യേണ്ടതുണ്ട്. താൻ നടത്തുന്ന വളരെ ദൂരവ്യാപകമായ പ്രസ്താവനകളുടെ പ്രത്യാഘാതങ്ങൾ പ്രൊ.ധൻകർ മനസ്സിലാക്കേണ്ടതുണ്ട്.

അവസാനമായി, മൗലാനാ സാദിന്റെ പ്രസംഗങ്ങൾ ശ്രവിച്ചാൽ മാത്രമേ തബ്‌ലീഗി ജമാഅത്തിനെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ എന്ന് പറയുന്നതിലൂടെ വളരെ അസുഖകരമായ ഒരു രക്ഷാധികാര മനോഭാവമാണ് പ്രൊ.ധൻകർ പ്രകടമാക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇത് പ്രസ്ഥാനത്തിന്റെ യഥാർത്ഥ ഘടനയെകുറിച്ചോ അവസ്ഥയെ കുറിച്ചോ ഉള്ള അജ്ഞതയിൽ നിന്നുമാണ് വരുന്നത്. തബ്‌ലീഗി ജമാഅത്തിനെ മുഴുവനായി മൗലാനാ സാദ് പ്രതിനിധീകരിക്കുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ വിഭാഗത്തിൽ പെടുന്നവർക്കു പോലും പ്രസ്ഥാനവുമായിട്ട് മൗലാനാ സാദിന്റെ പ്രസംഗങ്ങൾ പങ്കുവെക്കുന്നതിനേക്കാളും വ്യത്യസ്തമായ വലുതും ചെറുതുമായ ഇടപാടുകളാണുള്ളത്. മൗലാനാ സാദിന്റെ പ്രസംഗങ്ങൾ മാത്രം കേട്ടുകൊണ്ടാണ് പ്രൊ.ധൻകർ തബ്‌ലീഗിന്റെ ഭാഗത്ത് നിന്നും വ്യക്തമായ ഒരു അവഗണന ഉണ്ടായി എന്ന് ഉറപ്പിക്കുന്നത്. സമൂഹത്തിന്റെ പലധാരകളിലായി അനുയായികളുള്ള ഏതൊരു രാജ്യാന്തര പ്രസ്ഥാനത്തെയും ഇത്തരത്തിൽ വിലയിരുത്തുക എന്ന് പറയുന്നത് നിരുത്തരവാദിത്വപരമാണെന്ന് മാത്രമല്ല, ശക്തമായ വിമർശനാർഹവുമാണ്.

 പ്രൊ.ധൻകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഞാനവസാനിപ്പിക്കുന്നതിന് മുമ്പായിട്ട്, തന്റെ വിശദമായ വിലയിരുത്തലുകളിൽ അദ്ദേഹത്തിന് പരാമർശിക്കാൻ തോന്നാതിരുന്ന ചില പോയന്റുകളിലേക്ക് ഞാൻ പ്രൊ.ധൻകറിന്റെ ശ്രദ്ധ ആവശ്യപ്പെടുകയാണ്. ആദ്യമായിട്ട്, തബ്‌ലീഗി ജമാഅത്തിനെ പ്രതിരോധിക്കുന്നവരോടുള്ള തന്റെ പ്രശ്നങ്ങളാണ് പ്രൊ.ധൻകർ എഴുതുന്നത്. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ, അദ്ദേഹം ഒരു സ്വാഭാവികമായ അന്വേഷണം അല്ലെങ്കിൽ തിരച്ചിൽ നടത്തുകയാണെങ്കിൽ തബ്‌ലീഗിനെ പ്രതിരോധിക്കുന്ന ഒരോ ലേഖനങ്ങൾക്കും പകരം കുറഞ്ഞത് ഒരു പത്തെണ്ണമെങ്കിലും തബ്‌ലീഗിനെ ക്രൂശിക്കുന്നത് അദ്ദേഹത്തിന് കാണാനായേക്കും. എന്നിരുന്നാലും ഇന്ത്യൻ ജനതയുടെ പകുതിയും തബ്‌ലീഗിനെ പ്രതിരോധിക്കുന്നുണ്ട് എന്ന് വായനക്കാർക്ക് തോന്നിപ്പിക്കുന്ന തരത്തിലാണ് അദ്ദേഹം തന്റെ ഉത്ക്കണ്ഠകൾ രേഖപ്പെടുത്തുന്നത്. അതങ്ങനെ വിട്ടാൽ തന്നെയും, പ്രൊ.ധൻകറുടെ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന “പ്രതിരോധം”(defend) എന്ന പദത്തിന് തന്നെ ഒരുപാട് പ്രശ്നങ്ങളുണ്ട്. വെറുപ്പിന്റെയും ക്രൂശിക്കലിന്റെയുമെല്ലാം മുകളിൽ അൽപം നന്മ വിചാരിക്കുന്നവരുടെ മേൽ അന്ധമായ ന്യായീകരണത്തിന്റെ കുറ്റാരോപണമാണ് യഥാർത്ഥത്തിൽ ആ പദപ്രയോഗം വഴി സാദ്ധ്യമാവുന്നത്. വെറുപ്പ് നിറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ, “ഒരാൾ തബ്‌ലീഗിനെ ന്യായീകരിക്കേണ്ടതുണ്ടോ?” എന്ന പ്രസ്താനവ കൃത്യമായ ഒരു ഉത്തരം ആവശ്യപ്പെടുന്നുണ്ട്. ആ ഉത്തരത്തിന്റെ ഘടനാപരമായ രൂപപ്പെടലിനെ ആ പ്രസ്താവന ചതിക്കുന്നു. പ്രതിരോധിക്കുന്നതും ഹിംസക്കും, അധിക്ഷേപത്തിനും, ക്രൂശിക്കലിനും, വെറുപ്പിലധിഷ്ഠിമായ ഇരയാക്കലിനുമെതിരെ നിലപാടെടുക്കുന്നതിനും ഇടയിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിൽ പ്രൊ.ധൻകർ പരാജയപ്പെടുന്നുണ്ട്. ഈ എഴുത്തുകളൊന്നും തന്നെ തബ്‌ലീഗുകാരോ അവരുടെ പ്രസ്ഥാനവുമായിട്ട് യാതൊരു ബന്ധവുമില്ലാത്തവരോ ആണ് എഴുതുന്നത് എന്ന് പ്രൊ.ധൻകർ മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു. ആ ഒരർത്ഥത്തിൽ, അത് കേവലമൊരു പ്രതിരോധമല്ല, മറിച്ച് കോവിഡിനേക്കാൾ പ്രത്യഘാതമുളവാക്കിയേക്കാവുന്ന തരത്തിലുള്ള വെറുപ്പിലധിഷ്ഠിതമായ തീർപ്പുകൾക്കെതിരെയുള്ള നിലപാടാണ് എന്നതാണ്.

രണ്ടാമതായി, തന്റെ ഇടപെടൽ നിഷ്പക്ഷമാണ് എന്ന് തെളിയിക്കാൻ വേണ്ടി തുല്യമായ അപലപനത്തിനും ശിക്ഷക്കും വേണ്ടി പ്രൊ.ധൻകർ വാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ വാദം കടമെടുക്കുകയാണെങ്കിൽ “A X  എന്നൊരു തെറ്റ് ചെയ്താൽ, പിന്നെ അതേ തെറ്റ് ചെയ്തതിന്റെ പേരിൽ B യെ നിങ്ങൾക്ക് കുറ്റം പറയാനാവില്ല” എന്ന വാദം യഥാർത്ഥത്തിൽ അബദ്ധാഭിപ്രായമാണ്. ബിയെ കുറ്റവിമോചിതനാക്കുന്നതിന് പകരം എയെ കൂടി ശിക്ഷിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാദം സ്വീകാര്യമാണെങ്കിലും, തുല്യമായ പരിഗണന ഉറപ്പുവരുത്തുന്നതിനിടയിൽ അദ്ദേഹം വളരെ നിർണായകമായ എന്തോ ഒന്ന് ഇവിടെ ഒഴിവാക്കുന്നുണ്ട്. വളരെ നിർലജ്ജമായ ഒരു ഭൂരിപക്ഷവാദത്തിന്റെ സാഹചര്യത്തിലൂടെയാണ് ഇന്ത്യ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹത്തെ ആരെങ്കിലും പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്. ഇന്ത്യയിലെ മുസ്‌ലിംകൾ സമാനതകളില്ലാത്ത വിധത്തിൽ അക്രമങ്ങൾക്കും വെറുപ്പിനും വംശവെറിക്കും ഇരകളായിക്കൊണ്ടിരിക്കുകയാണ്. സമുദായത്തിന് പൂർണ്ണമായും അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്ക് എത്താറായിട്ടുണ്ട്. അവരുടെ വോട്ടിന് യാതൊരു വിലയുമില്ല എന്ന് മുഖത്ത് നോക്കി പറയുന്ന തരത്തിൽ ഏകദേശം എല്ലാ രാഷ്ട്രീയ പാർട്ടികളും ന്യുനപക്ഷ സംരക്ഷണത്തിന്റെയും, സാമൂഹ്യനീതിയുടെയും, പ്രതിനിധാനത്തിന്റെയും ചോദ്യങ്ങളെ വളരെ ഗൂഢമായ രീതിയിൽ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ നിലവിലെ ഈ സാമൂഹ്യ-രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള നിരീക്ഷണങ്ങളോട് പ്രൊ.ധൻകർ അംഗീകരിക്കുന്നുണ്ട് എങ്കിൽ ഇത്തരം കാര്യങ്ങളിൽ ഈ വിധത്തിലുള്ള നിഷ്പക്ഷത യാതൊരു ഫലവും ചെയ്യില്ല. ഞങ്ങൾ ഹിന്ദുക്കളെയും മുസ്ലിംകളെയും ആരെയും ഒരു പോലെ അപലപിക്കും എന്ന് പറയുന്നത് സ്വത്വത്തെ ഒരു സാമൂഹിക ബന്ധമായോ, സ്വീകരിച്ച ഒരു സങ്കൽപമായോ മനസ്സിലാക്കുന്നതിലുള്ള അജ്ഞതയാണ്. മറ്റു സമുദായങ്ങളെ സംബന്ധിച്ചുള്ള വാർത്തകളിൽനിന്നും വളരെ വ്യത്യസ്തമായിട്ടുള്ള പ്രതിഫലനവും പ്രതികരണങ്ങളുമാണ് മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള വാർത്തകൾ ഉണ്ടാക്കുക എന്ന കാര്യം നമുക്കോർമ്മയുണ്ടാവണം. അതിലുപരിയായി, തബ്‌ലീഗികളുടെ വസ്ത്രധാരണത്തെകുറിച്ചും മുസ്‌ലിംകൾക്കെതിരെയുള്ള വെറുപ്പിന്റെയും വംശവെറിയുടെയും വലിയ ചിത്രവും ഒന്നാലോചിച്ചാൽ നിരുത്തരവാദിത്തപരവും അബദ്ധജടിലവുമായിട്ടുള്ള  ഇത്തരം വിമർശനങ്ങൾ എന്തിലേക്കാണ് നയിക്കുക എന്ന് ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട്തന്നെ ഉത്തരവാദിത്വപരമായ വിമർശനങ്ങൾക്കാണ് (വളരെ വ്യക്തമായ സാമൂഹ്യധ്രൂവീകരണം നടന്നുകഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അതെന്താണെന്ന് ദൈവത്തിന് മാത്രമറിയാം!) ഞാൻ വില കൽപിക്കുന്നത്.

മൂന്നാമതായി, തുല്യമായ പരിഗണന എന്ന പരികൽപനക്ക് വേണ്ടി വളരെ ശുഷ്കാന്തിയോടെ വാദിക്കുന്ന പ്രൊ.ധൻകർ, വ്യാഖ്യാനങ്ങളുടെയും വ്യവസ്ഥകളുടെയും വലിയ രാഷ്ട്രീയത്തിന്റെ ഏറെ മൗലികമായ ധാരണകൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്. തബ്‌ലീഗി ജമാഅത്തിനെ കുറിച്ച് പരാമർശിക്കുമ്പോൾ കടന്നുവരുന്ന മറ്റുള്ളവയെ(തിരുപ്പതി, ഗുരുദ്വാര, മറ്റ് മത സംഗമങ്ങൾ) കുറിച്ചെല്ലാം തന്നെ മുൻകഴിഞ്ഞുപോയി എന്ന തരത്തിലുള്ള ഒരു പരാമർശമാണ് കാണാൻ കഴിയുക. “അതും അപലപിക്കപ്പെടേണ്ടതാണ്” എന്നതിലെ “അതും” എന്നത് പങ്കുവെക്കുന്ന തലം മനസ്സിലാക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നുണ്ട്. ഈ മുഴുവൻ കൊടുക്കൽ വാങ്ങലുകളുടെയും ഇടപെടലുകളുടെയും ഭൂമിക തബ്‌ലീഗ് ജമാഅത്ത് സംഭവം ഉണ്ടാവുന്നത് വരെ നടന്ന സംഭവങ്ങളിലെ നമ്മുടെ കൂട്ട നിശബ്ദതയെ വെളിവാക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംവാദങ്ങളിൽ (അപ്പോൾ A യുടെ കാര്യം? അല്ലെങ്കിൽ B യുടെ കാര്യം?) ഇടപെടുന്നത് വളരെ ചുരുക്കം പേരാകുന്നതിന്റെ കാരണമെന്താണെന്ന് നോക്കിയാൽ നമുക്ക് കൂടുതൽ വ്യക്തമാകും. കോവിഡ്-19 ന്റെ മറ്റ് ഇൻഫെക്ഷനുകളെ പോലെ തബ്‌ലീഗി സംഭവം വെറുതെ റിപ്പോർട്ട് ചെയ്യപ്പെടുകയല്ല ചെയ്യുന്നത്. മറിച്ച്, അത് ദേഷ്യവും, വെറുപ്പും പകയുമുളവാക്കുന്ന വാർത്തയാണ്. അത്തരം റിപ്പോർട്ടിങ്ങുകൾക്കെതിരെ സംസാരിക്കുക എന്ന് പറയുന്നത് കേവലം തബ്‌ലീഗി ജമാഅത്തിനെ പ്രതിരോധിക്കുക എന്നതിലപ്പുറം ചിന്താശക്തിയുള്ള ജീവികളെന്ന നിലയിൽ നമ്മുടെ ശേഷിയെ കൂടി ചോദ്യം ചെയ്യുന്ന ഒന്നാണ്.

നാലാമതായി, രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും വരുന്ന തബ്‌ലീഗി പ്രവർത്തകരെ സംബന്ധിച്ച വ്യാജവാർത്തകളുടെ പ്രളയത്തെ കുറിച്ച് പ്രൊ.ധൻകർ വായിച്ചിട്ടുണ്ടാവണം. അവർ നഗ്നരായി നടക്കുന്നു, വൃത്തികെട്ട പാട്ടുകൾ ശ്രവിക്കുന്നു, പോത്ത് ബിരിയാണിയും 25-ൽപരം റൊട്ടികളും ആവശ്യപ്പെടുന്നു, അവർക്ക് തീവ്രവാദ ബന്ധങ്ങളുണ്ട്, അവർ ആരോഗ്യപ്രവർത്തകരെയും ഡോക്ടർമാരുടെയും നേരെ തുപ്പുന്നു തുടങ്ങിയ വാർത്തകളിൽ ഏറിയ പങ്കും വ്യാജമാണെന്ന് പല സംസ്ഥാനങ്ങളുടെയും പോലീസിന്റെ ട്വിറ്റർ അക്കൗണ്ടുകൾ വിശദീകരിക്കുന്നുണ്ട്. അതിലുപരിയായി, കൊറോണ ജിഹാദ്, ജമാഅത്തി വൈറസ്, മുസ്ലിം എന്നാൽ തീവ്രവാദി തുടങ്ങിയ ഹാഷ്ടാഗുകൾ ദിവസങ്ങളോളം ട്രെന്റിങ്ങുമായിരുന്നു. ചിലർ ഈ പ്രശ്നങ്ങൾക്ക്(നമുക്ക് വേണമെങ്കിൽ “കുറ്റകൃത്യം” എന്നും വിളിക്കാം) മറ്റൊരു പരിഹാരവും നിർദേശിച്ചു; എല്ലാ തബ്‌ലീഗുകാരെയും വെടിവെച്ച്കൊല്ലുക എന്നതായിരുന്നു ആ പരിഹാരം! പല പ്രദേശങ്ങളിൽ നിന്നും മുസ്‌ലിംകളോട് ഒഴിഞ്ഞ്പോകാൻ ആവശ്യപ്പെടുകയും, പാവപ്പെട്ട പഴം പച്ചക്കറി കച്ചവടക്കാരെ, (പലരും വർഷങ്ങളായി ആ പ്രദേശങ്ങളിൽ കച്ചവടം നടത്തുന്നവരായിരുന്നു) നിർബന്ധപൂർവ്വം പുറത്താക്കുകയും ചെയ്തു. ഏപ്രിൽ 3-ന്, വടക്കു-തെക്കൻ ഡൽഹിയിലെ ഒരു മസ്ജിദ് ഇരുന്നൂറോളം പേർ ചേർന്ന് ആക്രമിക്കകുയും കത്തിക്കുകയും ചെയ്തു. ഇത് ഒരു ലോക്ഡൗൺ കാലയളവ് കൂടിയല്ലായിരുന്നുവെങ്കിൽ, യാതൊരു ദയയുമില്ലാതെ എത്രപേരെ റോഡുകളിലിട്ട് അടിച്ചുകൊല്ലുമായിരുന്നു എന്ന് പറയാൻ കൂടെ പറ്റില്ല. ഇതെല്ലാം മനസ്സിൽ വെച്ച് കൊണ്ട്, പ്രൊ.ധൻകർ തന്നോട് തന്നെ വളരെ എളുപ്പമുള്ള ഒറു ചോദ്യം ചോദിക്കണം. ഇപ്പോൾ തബ്‌ലീഗികൾ ചെയ്തത് വേറെ ഏതെങ്കിലും ഒരു സമുദായമാണ് ചെയ്തിരുന്നത് എങ്കിൽ ഇതേയളവിലുള്ള ക്രൂരതക്കും വെറുപ്പിനും അവർ ഇരയാകുമായിരുന്നോ? അദ്ദേഹത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെ തന്നെ “തുല്യപരിഗണനാസിദ്ധാന്ത“ത്തെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചേക്കും. എന്ത് കൊണ്ടാണ് വളരെ ചുരുക്കം ആളുകൾ മാത്രം തബ്‌ലീഗികളെ ക്രൂശിക്കുന്നതിൽ നിന്നും വിമുഖത കാണിച്ചത് എന്നതും അദ്ദേഹത്തെ ചിന്തിപ്പിച്ചേക്കാം.

അഞ്ചാമതായി, പാണ്ഡിത്യപരമായ ദൃഢവിശ്വാസത്തോടെയും ഗവണ്മെന്റ് ഓർഡറുകൾ വെച്ചും, പ്രൊ.ധൻകർ തബ്‌ലീഗുകാരെ കൃത്യമായതും മനപ്പൂർവ്വമായതുമായ അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്. തബ്‌ലീഗുകാർ വിഡ്ഢികളായേക്കാം എന്നാൽ ആ അജ്ഞത തങ്ങൾ രണ്ടാംതരം പൗരന്മാരാണെന്നുള്ള ബോദ്ധ്യം അവരിൽ നിന്നും ഇല്ലാതാക്കുന്നില്ല. തങ്ങൾ ഏറ്റവുമെളുപ്പത്തിൽ ഇരയാക്കപ്പെട്ടേക്കാമെന്നും വളരെ ദുർബലമായ അവസ്ഥയാണ് തങ്ങളുടേത് എന്നും അവർക്ക് ബോദ്ധ്യമുണ്ട്. ഇത്കൊണ്ടാണ്, ഇത്ര അനുയായികളുണ്ടായിട്ടും, ഒരിക്കൽ പോലും ഒരു നിയമലംഘനം പോലും നടത്തിയതായി കണ്ട് ഇവരെ മുമ്പൊരിക്കലും പിടിക്കപ്പെടാത്തത്. തങ്ങൾ അരാഷ്ട്രീയരാണ് എന്നതിൽ അവർ അഭിമാനിക്കുന്നുണ്ട് (ഈ കാരണം കൊണ്ട് തന്നെ മുസ്‌ലിം സമുദായത്തിനിടയിൽ തന്നെ ഇവർക്കൊരുപാട് വിമർശനങ്ങൾ നേരിടേണ്ടിവരുന്നുമുണ്ടായിരുന്നു). അത് പോലെ അതാത് കാലങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് ഒരു സന്ദർഭത്തിൽ പോലും ഇവർ ചർച്ചചെയ്യാറുമില്ല. മനപ്പൂർവ്വമുള്ള അവജ്ഞക്ക് ഗൗരവകരമായ പിന്തുണ ആവശ്യമാണ്. വളരെ ദുർബലരായ ഒരു സംഘത്തിന് ഏറെ പരിമിതികളുണ്ട്. അവരൊരിക്കലും ഒരു അപകടകരമായ സാഹചര്യത്തിലേക്ക് സ്വയം നീങ്ങുകയില്ല. ഇതിനുവിപരീതമായി, ഏപ്രിൽ രണ്ടിന് ബംഗാളിൽ നടന്ന രാമനവമി ആഘോഷമാണ് എന്നെ സംബന്ധിച്ചിടത്തോളം മനപൂർവ്വമുള്ള അവഗണനയുടെ ചെയ്തി. തങ്ങൾ പിടിക്കപ്പെടുകയില്ല എന്ന ഉറപ്പിലാണ് അവരത് ചെയ്തതും. അത് സംഭവിക്കുമ്പോൾ നിങ്ങൾ അതിനെകുറിച്ച് എഴുതുകയില്ല. പിന്നീട് കുറച്ച്കഴിഞ്ഞ്, മറ്റു സാഹചര്യങ്ങളിൽ നിങ്ങൾ ഇതിനെ കുറിച്ച് ഓർമിപ്പിക്കപ്പെടുമ്പോൾ, നിങ്ങൾ നിങ്ങളുടെ സ്ഥിരം പല്ലവി ആവർത്തിക്കും; ”അതും അപലപിക്കപ്പെടേണ്ടതാണ്”. സത്യം പറയട്ടെ, ആരൊക്കെ ഏതൊക്കെ അളവിൽ നിയമം ലംഘിച്ചു എന്നതിൽ ഞാനധികം ശ്രദ്ധ കാണിക്കാറില്ല. കാരണം, രാഷ്ട്രതന്ത്രത്തിന്റെയും സംസ്കാരികപഠനത്തിന്റെയും വിദ്യാർത്ഥി എന്ന നിലയക്ക് എന്നെ സംബന്ധിച്ചിടത്തോളം അവ കേവലം അപ്രസക്തവും അമൂർത്തവുമാണ്. അവ യാതൊന്നും ചെയ്യുന്നുമില്ല.

അവസാനമായി, ഞാനുയർത്തിയ ചില സന്ദേഹങ്ങളുടെ അടിസ്ഥാനത്തിൽ ഒരുപക്ഷേ “മാനവികതക്കെതിരെയുള്ള കുറ്റകൃത്യം” എന്ന പ്രയോഗം താങ്കൾ പുനഃപരിശോധിച്ചേക്കാം. എന്നെ സംബന്ധിച്ചിടത്തോളം വളരെ ദുർബലമായി നിലനിൽക്കുന്ന ഒരു സമുദായത്തിലെ അതിലേറെ ദുർബലമായ ഒരു വിഭാഗത്തെ ഇത്തരത്തിൽ വിമർശിക്കുക എന്ന് പറയുന്നത് വളരെ ഹിസാത്മകമായ പ്രവർത്തിയാണ്. ഒരൊറ്റ വ്യക്തിയുടെ അലംഭാവം കാരണം, മധ്യപ്രദേശിലെ മൊറേനയിൽ 26000-ലേറെ പേർ ഹോം ക്വാറന്റൈനിലാണ്. ഈ വാർത്ത നേരത്തെ പറഞ്ഞത് പോലെയുള്ള ദേഷ്യത്തിലേക്കോ വിദ്വേഷത്തിലേക്കോ നയിക്കാത്തതും ഇതൊരു പൊതുജനാരോഗ്യതകർച്ചയായി പരിഗണിക്കാത്തതും മേൽപറഞ്ഞ വ്യക്തിയുടെ സ്വത്വം കാരണമാണ്. ഞാനതിനെ ഒരിക്കലും മാനവികതക്കെതിരെയുള്ള കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കില്ല. എന്നിരുന്നാലും, കേവലം പേരുകൾ മാറ്റികൊണ്ട്, നിങ്ങൾക്ക് ആ വാർത്തയെ പുനരാലോചനക്ക് വിധേയമാക്കാം. ഇതും ഒരേയളവിൽതന്നെ അപലപിക്കപ്പെടേണ്ടതാണെന്ന് നിങ്ങൾക്ക് പറയാം. എന്നാൽ, ഞാൻ ആദ്യമേ ക്ഷമചോദിക്കട്ടെ, അത് തികച്ചും അബദ്ധജടിലമായ ഒരു പ്രയോഗമാണ് എന്നതാണ് വാസ്തവം. നമ്മൾ രണ്ടിനെയും ഒരേപോലെ അപലപിച്ചാലും അത് സമൂഹത്തിൽ ഒരേപോലെയുള്ള പ്രതികരണമല്ല ഉളവാക്കുന്നത്. അത്കൊണ്ട് തന്നെ അജ്ഞത എപ്പോഴും ഒരു കുറ്റകൃത്യമായിക്കൊള്ളണമെന്നില്ല.

തബ്‌ലീഗുകാർ കൂടുതൽ ഉത്തരവാദിത്വബോധത്തോട് കൂടി പെരുമാറേണ്ടിയിരുന്നു എന്ന് ഞാൻ പറയും. എന്നിരുന്നാലും, അവർക്കെതിരെയുള്ള ഏതൊരു തരത്തിലുള്ള അപകീർത്തിപ്പെടുത്തലുകൾക്കെതിരെയും ഞാൻ ശക്തമായി അവർക്ക് വേണ്ടി നിലകൊള്ളും. അവർ ചെയ്തതിനെ മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യം എന്നൊക്കെ വിശേഷിപ്പിക്കുന്നത് വെറുപ്പിനെയും വിദ്വേഷത്തെയും ആളിക്കത്തിക്കലാണ്. അത്തരം അപകീർത്തികളിൽനിന്നും അവരെ പ്രതിരോധിക്കുന്ന പ്രവർത്തികളെ ചോദ്യം ചെയ്യുന്നത് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ആഴമേറിയ മുറിവുകൾക്കും തുല്യമല്ലാത്ത സമുദായങ്ങളുടെ അവകാശവാദങ്ങൾക്കും നേരെ അസാധാരണമായ അബദ്ധധാരണയാണ് പ്രകടിപ്പിക്കുന്നത്.

Notes:

(1)- ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ വിജക്ഷണനായ രോഹിത് ധൻകർ നിലവിൽ ലബാഗ്ലൂർ അസിം പ്രേംജി യൂനിവേഴ്സിറ്റിയിൽ ഫിലോസഫി ഓഫ് എജുക്കേഷൻ വിഭാഗം പ്രൊഫസ്സറാണ്. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ടും എ.ൻ.സി.ആർ.ടിയുടെ കരിക്കുലം നിർമ്മാണവുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചു. ദികന്തർ എന്ന വിദ്യാഭ്യാസ എൻ.ജി.ഓയുടെ സ്ഥാപകനാണ് ഇദ്ദേഹം.

വിവർത്തനം: അഫീഫ് അഹ്മദ്

Courtesy: New Leam

ഇർഫാനുള്ള ഫാറൂഖി