Campus Alive

അമേരിക്കൻ ഭീകരവിരുദ്ധ നയങ്ങളും ആരോഗ്യ രംഗത്തെ തകർച്ചകളും

ഭീകരതയെ ചെറുക്കാനും മുസ്ലിം സമുദായങ്ങളെ ഒന്നടങ്കം കുറ്റവാളികളാക്കാനുമായി ഒരു ആന്തരിക ഘടന തന്നെ അമേരിക്ക സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2001 മുതൽ 6.4 ട്രില്ല്യൻ ഡോളർ മുതൽമുടക്കി അമേരിക്ക നടത്തിയ യുദ്ധങ്ങളിൽ 5 ലക്ഷത്തോളം പേരാണ് മരണമടഞ്ഞത്. എന്നാൽ, കോവിഡ്-19 ലോകമൊട്ടാകെ വ്യാപിച്ചപ്പോൾ അതിനെ തടുക്കാൻ അവശ്യമായ മുൻകരുതലുകളൊന്നും രാജ്യം എടുത്തില്ല. ഇവിടെ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യം ഇതാണ്, യഥാർത്ഥത്തിൽ ഇവയിൽ ഏതാണ് വലിയ ഭീഷണി?

മാർച്ച്‌ 11-ന് WHO മഹാമാരിയായിപ്രഖ്യാപിച്ച കോവിഡ്-19ന്റെ പിടിയിലാണിന്ന് ലോകം മുഴുവൻ. ലോകമൊട്ടാകെ ഇതുവരെ 12 ലക്ഷം പേർക്ക് വൈറസ് സ്ഥിരീകരിക്കുകയും, 70000-ൽ അധികം രോഗികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. 60 ശതമാനത്തിലധികം അമേരിക്കൻ പൗരന്മാർ രോഗബാധിതർ ആവാൻ സാധ്യതയുണ്ട് എന്ന് ഫെബ്രുവരിയിൽ ‘യു.എസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ’ പ്രവചിച്ചിരുന്നു. നിലവിൽ, യു.എസിൽ മാത്രമായി 337000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, അതിൽ 9600 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. തുടർദിവസങ്ങളിലും രോഗവ്യാപനത്തിന്റെ ആശങ്കാജനകമായ വർധനവിലേക്കാണ് ഈ സാഹചര്യം വിരൽ ചൂണ്ടുന്നത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ഗൗരവത്തോടെ തന്നെ സ്ഥിതിഗതികളോട് പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, തുടക്കത്തിൽ പാൻഡെമിക് എന്നത് വെറും ഒരു തട്ടിപ്പാണെന്ന അദ്ദേഹത്തിന്റെ ലാഘവത്തോടെയുള്ള പ്രസ്താവനയാണ് വൈറസിനെ ചെറുക്കുന്നതിൽ ഗുരുതരമായ കാലതാമസത്തിനും, രോഗവ്യാപനത്തിന്റെ നിരക്ക് ഇത്രയധികം അതിക്രമിക്കാനും കാരണമായത്. മാത്രമല്ല, മിഷിഗൺ, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിൽ, കോവിഡ്-19 ബാധിതരിൽ ഭൂരിഭാഗവും കളേർഡ് കമ്മ്യൂണിറ്റികളിൽ പെട്ടവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


വൈറസും അനുബന്ധ ലോക്ഡൗണുകളും സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ, ബിസിനസ്സുകളെയും പൗരന്മാരെയും പിന്തുണയ്ക്കുന്നതിനായി 2.2 ട്രില്യൺ ഡോളർ സാമ്പത്തിക രക്ഷാപ്രവർത്തനത്തിന് ഭരണകൂടം അടുത്തിടെ അംഗീകാരം നൽകി. രോഗപ്രതിരോധ നടപടികളിൽ എല്ലാവരെയും ഒരുപോലെ ഉൾപെടുത്തേണ്ട ഈ ഘട്ടത്തിൽ പോലും രേഖകളില്ലാത്ത കുടിയേറ്റക്കാരെ CARES ആക്റ്റ് പ്രകാരം അതിൽനിന്ന് ഒഴിവാക്കുന്നു. ഈ അവഗണന പൗരത്വത്തെ മാത്രം പരിഗണനയുടെ അടിസ്ഥാനമാക്കുന്ന ഭരണകൂടത്തിന്റെ അപരവിദ്വേഷത്തിലും കുടിയേറ്റ വിരുദ്ധതയിലും അധിഷ്ടിതമായ നയങ്ങളുടെ ഒരു തുടർച്ചയായി വേണം മനസ്സിലാക്കാൻ.

വിഫല പ്രതികരണങ്ങൾ

ഇനി കോവിഡിന്റെ സ്ഥാനത്ത് ഒരു കൂട്ടം ഭീകരവാദികൾ അമേരിക്കൻ സ്വദേശികളെ ലക്ഷ്യമിട്ട് അക്രമിച്ചിരുന്നതായിരുന്നെങ്കിലോ? ഭീകരരെ നേരിടാൻ ആവശ്യമായ മുന്നേറ്റങ്ങൾ ഗൗരവത്തോടെ കൈക്കൊള്ളാൻ രാജ്യം രണ്ട് മാസത്തോളം സമയം എടുക്കുമായിരുന്നോ?
വാസ്തവത്തിൽ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ വൻ പരാജയമാണ് ട്രംപ് ഭരണകൂടം നേരിട്ടിരിക്കുന്നത്. നിലവിലെ സംഭവവികാസങ്ങളെ ട്രംപിന്റെ പെട്ടെന്നുള്ള തീരുമാനത്തിന്റെ മാത്രം ഫലമല്ല, മറിച്ച് എക്കാലത്തെയും അവരുടെ വിവേചനപരവും, മനുഷ്യത്വരഹിതവുമായ കാഴ്ചപ്പാടുകളുടെയും ചിന്താഗതികളുടെയുംകൂടി പ്രതിഫലനവും പരിണിതഫലവും ആയാണ് കാണേണ്ടത്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ അതിജീവനത്തെ പോലും ഭീഷണിയിലാക്കുന്ന ഈ ഘട്ടത്തിൽ യു.എസ്സിന്റെ റിസോഴ്സ്‌ മാനേജ്മെന്റ് നയങ്ങൾ ഇതിനു മറ്റൊരു ഉദാഹരണമാണ്‌. സ്വാഭാവിക പ്രശ്നങ്ങളെയും പ്രതികരണങ്ങളെയും തന്ത്രപരമായി രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി ചിത്രീകരിക്കുകയും ന്യൂനപക്ഷ സമൂഹങ്ങളെ ക്രിമിനൽവത്കരിക്കുകയും ചെയ്തുകൊണ്ട് അവയെ ഒതുക്കാൻ വൻതോതിൽ രാജ്യത്തിന്റെ സ്രോതസ്സുകളെ തെറ്റായ രീതിയിൽ ചിലവഴിക്കുകയും ചെയ്യുന്നു.

ഭീകരതയെ ചെറുക്കാൻ എപ്പോഴും യു.എസ് മുൻപന്തിയിൽ തന്നെ ഉണ്ടായിട്ടുണ്ട്. കോവിഡ്-19 കൈകാര്യം ചെയ്യുന്നതിൽ പോലും ഒരു ഭീകര-വിരുദ്ധ കാമ്പെയ്ൻ കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ‘ടെററിസം’ മാത്രമാണ് ഇവരുടെ അജണ്ടയിൽ അടിയന്തര പ്രതികരണത്തിന് അർഹമായ പ്രശ്നം. 9/11ന്റെ ആഘാതത്തിൽ പൊതുമനസ്സിൽ നിലകൊണ്ട വികാരങ്ങളെ ഘടനാപരമായി ആന്റി-ടെററിസം എന്ന പേരിൽ ഇസ്ലാമോഫോബിയയാക്കി വാർത്തെടുത്തതും ഇതേ മനോഭാവമാണ്. 6.4 ട്രില്യൺ ഡോളർ ചിലവഴിച്ചു കൊണ്ട് ഭീകരവാദ വിരുദ്ധ യുദ്ധം നടത്താൻ തുടങ്ങിയിട്ട് 18 വർഷം പിന്നിട്ടെങ്കിലും രാജ്യസുരക്ഷയിൽ വർധനവുണ്ടായോ എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്.

ഉള്ളടങ്ങിയ വ്യവസ്ഥാപിത ഹിംസ

മൂന്ന് ഭരണനിർവഹണങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ ഭീകരവാദ വിരുദ്ധ യുദ്ധം ഓരോ ഘട്ടത്തിലും വ്യവസ്ഥാപിത ഹിംസയും കുഴപ്പിക്കുന്ന പുതിയ നയങ്ങളും ഉൾച്ചേർന്നിരിക്കുന്നു. ഓരോ ഭരണകൂടത്തിന്റെ ഭീകരവിരുദ്ധ തന്ത്രങ്ങളും നയങ്ങളും മുൻ ഭരണകൂടങ്ങളുടെ സ്വാധീനത്തിലധിഷ്ഠിതമാണ്. അങ്ങനെയിരിക്കെ കോവിഡ്-19 കൈകാര്യം ചെയ്തതിലെ നയവൈകല്യത്തിന് ഉത്തരവാദി ട്രംപ് ആണെങ്കിലും, നിലവിലുള്ള വ്യസ്ഥകളും ഘടനകളും ആണ് അദ്ദേഹത്തിന്റെ നിലപാടിലേക്ക് വഴിയൊരുക്കിയത്.

ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെ വിഷയത്തിൽ, വ്യത്യസ്ത ഭീഷണികളോടുള്ള സമീപനത്തിന്റെ അടിസ്ഥാനം എന്താണ്? തീവ്രവാദം പോലുള്ള ഒരു വിഷയത്തെ കോവിഡ്-19 പോലൊരു മഹാമാരിയെ സംബന്ധിച്ച് എത്രത്തോളം രാജ്യസുരക്ഷയ്ക്ക് അടിസ്ഥാനപരമായ ഭീഷണിയായി ചിത്രീകരിക്കാൻ കഴിയും എന്നതിലാണ് ഈ ചോദ്യത്തിന്റെ ഉത്തരം. 9/11 ആക്രമണങ്ങൾ നടന്ന് ദിവസങ്ങൾക്കകം ‘Authorization For Use Of Military Force’ നിലവിൽ വന്നു. ഈ നിയമത്തിന്റെ ബലത്തിലാണ് യു.എസ് പല രാജ്യങ്ങളുടെയും പരമാധികാരത്തെ അവഗണിച്ചുകൊണ്ട് താലിബാന്റെയും അൽ ക്വെയ്ദയുടെയും നേതാക്കളെ വേട്ടയാടി ലോകം മൊത്തം യുദ്ധക്കളമാക്കി മാറ്റിയത്. പിന്നെയും ഒരു മാസം പിന്നിട്ട്, ഒക്ടോബർ 2001ന് യു.എസ് അഫ്ഘാനിസ്ഥാൻ യുദ്ധത്തിന് തുടക്കമിട്ടു – അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും നീണ്ട യുദ്ധം. ഒക്ടോബറിൽ തന്നെ ടെററിസത്തിനു പിന്തുണ നൽകുന്നു എന്ന കുറ്റം ചാർത്തി മുസ്ലിംകളെ ക്രിമിനൽവത്കരിക്കുന്ന ‘പാട്രിയോട് ആക്ട്’ കൊണ്ടുവന്നു. ശേഷം, നവംബർ 2001ന് പ്രസിഡന്റ്‌ ജോർജ് ബുഷ് ‘Detention, Treatment, and Trial of Certain Non-Citizens in the War Against Terrorism’ എന്ന പേരിൽ പുതിയ സൈനിക ഓർഡർ ഇറക്കി.

ഡിസംബർ 2019 മുതൽ, ചൈനയിൽ കോവിഡിന്റെ വ്യാപനത്തെ ചുറ്റിപ്പറ്റി ആശങ്കകൾ ഉയർന്നുകൊണ്ടിരിക്കെ, യു.എസ് ഇറാഖിനും സിറിയക്കും എതിരെ മിസൈൽ ലോഞ്ച് ചെയ്യുകയും, യെമനിൽ ഡ്രോൺ ആക്രമണം നടത്തുകയും ഒരു ഇറാനിയൻ ജനറലിനെ വധിക്കുകയും ചെയ്തിരുന്നു. ഈ കഴിഞ്ഞ മാസം പോലും, WHO കൊറോണ മഹാമാരിയായി പ്രഖ്യാപിച്ച സമയത്ത്, യു.എസിന്റെയും ബ്രിട്ടനിന്റെയും പട്ടാളത്തെ ആക്രമിച്ചു കൊലപ്പടുത്തി എന്നാരോപിക്കപ്പെടുന്ന ഇറാന്റെ പിന്തുണയുള്ള സായുധസംഘത്തെ ലക്ഷ്യം വെച്ച് ഇറാഖിനെ ബോംബ് ചെയ്യുകയുണ്ടായി.

അദൃശ്യ ശത്രു

രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ആശ്രയിച്ചിരിക്കുന്ന ഏക ഉപാധിയായി സൈനീക-വ്യാവസായിക സമുച്ചയത്തെ കാണുന്ന യു.എസ് തങ്ങളുടെ ചിന്താഗതിയിൽ എത്രമാത്രം സങ്കുചിതത്വം വെച്ച് പുലർത്തുന്നു എന്നതിന്റെ ഒരു സമകാലിക ഉദാഹരണമായാണ് 9/11 ശേഷമുള്ള വർഷങ്ങൾ നമ്മുടെ മുന്നിൽ തുറന്നു കാട്ടുന്നത്. തികച്ചും ലാഭേച്ഛയുടെയും അത്യാഗ്രഹത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു മനോഭാവം.
ഇവിടെ ശത്രുപക്ഷത്ത് മനുഷ്യനോ മറ്റു ദൃശ്യമായ എതിരാളികളോ ഇല്ലെന്നുള്ളത് കോവിഡിനോടുള്ള അവരുടെ ദയനീയമായ പ്രതികരണത്തിന്റെ മറ്റൊരു കാരണം കൂടിയാണ്. എന്നാൽ കോവിഡ്-19നെ ‘ചൈനീസ് വൈറസ്’ എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്ന് ഇത് ട്രംപിനെ തടഞ്ഞില്ല. യു.എസ് ഭരണകൂടം സ്ഥിരമായി ഉപയോഗപ്പെടുത്തുന്ന ‘എനിമി റെറ്ററിക്ക്’ തന്നെയാണ് ഇവിടെ തെളിയുന്നതും. ഒരു ‘അദൃശ്യ ശത്രുവിനെ’ നേരിടുന്ന ഒരു യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് താനെന്ന് ട്രംപ് തന്നെ സ്വയം വിശേഷിപ്പിച്ചതാണ്. എന്നാൽ മറ്റ് ശത്രുക്കളെ പോലെ കോവിഡിനെ തടങ്കലിൽ ഇടാനോ യുദ്ധത്തിലൂടെ കൊന്നുകളയാനോ അതിർത്തികളിൽ വലിയ മതിലു കെട്ടി തടഞ്ഞു വെക്കാനോ നിരോധനമേർപ്പെടുത്താനോ കഴിയില്ല.

‘ശത്രു’ എന്ന് വിശേഷിപ്പിച്ചെങ്കിൽ പോലും, രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന കോവിഡ്-19നെ എതിരിടാൻ ട്രംപ് ഭരണകൂടം ഇപ്പോഴും ഭീകരവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ കാണിച്ചത്ര ആവേശം കാണിക്കുന്നുമില്ല. അതേസമയം മിനിറ്റുകൾ പിന്നിടുമ്പോൾ ആളുകളുടെ ജീവൻ അപകടത്തിലായി കൊണ്ടിരിക്കുകയാണെന്നിരിക്കെ, നിരപരാധികളായ മനുഷ്യരെ സംരക്ഷിക്കുന്നതിനായി ദേശീയ സുരക്ഷ നയങ്ങൾ നടപ്പിലാക്കൽ അനിവാര്യവുമാണ്.
ഒന്നാലോചിക്കണം, യുദ്ധങ്ങൾക്ക് വേണ്ടി മുതൽമുടക്കിയതെല്ലാം ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും, തൊഴിൽ വർധനവിലും, തുടങ്ങി പൊതുസമൂഹത്തിന്റെ മൊത്തം ക്ഷേമ പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചിരുന്നെങ്കിൽ കോവിഡ്-19 പോലൊരു മഹാമാരിയുടെ ആഘാതം കുറക്കാനുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കിയെടുക്കാമായിരുന്നു. പക്ഷെ ജയിൽ സൗകര്യങ്ങളിലും കുടിയേറ്റക്കാർക്കുള്ള ഡിറ്റെൻഷൻ ഒരുക്കുന്നതിലും മുതൽമുടക്കുകയാണ് യു.എസ് ചെയ്തത്.

ആരോഗ്യ മേഖലയിലെ നിക്ഷേപം

ആശുപത്രികളിലേക്കാളേറെ ബെഡുകൾ ജയിൽ മുറികളിൽ കാണുമ്പോൾ, യു.എസിന്റെ തലതിരിഞ്ഞ മുൻഗണനകളാണ് വ്യക്തമാകുന്നത്. സർവെയ്‌ലൻസിനും, ഡ്രോണുകൾക്കും, ലോകമൊട്ടാകെ ലക്ഷക്കണക്കിന് ആളുകളുടെ കൊലപാതകത്തിനുമൊക്കെ ഒരു മഹാമാരിയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകളെക്കാൾ മുതൽമുടക്കുമ്പോൾ, നമ്മുടെ സമൂഹത്തെയും, ജനതയെയും ആണ് നമ്മൾ കൈ ഒഴിയുന്നത്. ശക്തമായ നിലപാടെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കാലമത്രയും നയരൂപീകരണം നടത്തിയിരുന്നവരുടെ നിലപാടുകൾ എത്രത്തോളം ഹാനികരമാണെന്ന് തിരിച്ചറിഞ്ഞ് അവ തിരുത്തി എഴുതാൻ ആവശ്യപ്പെടേണ്ടത് നമ്മളാണ്. യുദ്ധങ്ങളിൽ നിന്നും അടിച്ചമർത്തലുകൾക്കു മീതെ കെട്ടിപ്പണിത വ്യവസ്ഥകളിൽ നിന്നും വഴിമാറി ഒത്തൊരുമയുടെയും ഒത്തുചേരലിന്റെയും നയങ്ങളിലേക്ക് നീങ്ങുകയാണ് നാം വേണ്ടത്.

നമ്മുടെ നിയന്ത്രണങ്ങൾക്കതീതമായ പകർച്ചവ്യാധികളും കാലാവസ്ഥ ദുരന്തങ്ങളും അടങ്ങുന്ന പാരിസ്ഥിതിക ഭീഷണികൾ കടന്നുകയറുന്ന ഈ യുഗത്തിൽ പൊതു ആരോഗ്യവും സാമൂഹിക പ്രതികരണവും കാര്യക്ഷമമാക്കുകയാണ് വേണ്ടത്. നമ്മുടെ സമൂഹത്തിനു അടിയന്തര ഭീഷണിയാകുന്ന അടിസ്ഥാന ആവശ്യങ്ങളെ മനസ്സിലാക്കി പ്രശ്നപരിഹാരത്തിനായി പ്രവർത്തിക്കുന്നതിന് പകരം അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും മീതെ പടുത്തുയർത്തിയ പ്രയോജനരഹിത വ്യവസ്ഥകളിൽ മാത്രം മുതൽമുടക്കുന്ന ഭരണകൂടമാണ് ഇന്നുള്ളത്.

വിവർത്തനം: ഇവാന
Courtesy: Middle East Eye(April-05)

Admin Admin