Campus Alive

പൊലിവ്

മിക്ക പാരമ്പര്യങ്ങളുടെയും ഉത്ഭവത്തെ സംബന്ധിച്ച ആഖ്യാനങ്ങളിൽ അതിന്റെ സ്ഥാപകന്റെ ജനനം ഉൾക്കൊള്ളുന്ന ഒരു ഭാഗമുണ്ടാവും. അയാൾ എവിടെ നിന്ന് വരുന്നു? അയാളെ എങ്ങനെ ഗർഭം ധരിച്ചു? തുടങ്ങിയ ചോദ്യങ്ങൾ രൂപപ്പെടുത്തുന്നത് അങ്ങനെയാണ്. വിധി അതിനു വഴങ്ങാത്ത ഒരവസരത്തെ വിലപേശാൻ പ്രലോഭിപ്പിക്കുന്നതിനും അതിന്റെ പൂർണത കൈവരിക്കുന്നതിനും  മുൻപുള്ള അനിശ്ചിതത്വത്തിന്റെ നിമിഷത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പലപ്പോഴും അതിന്റെ ഉത്തരം. അതായത്, തുടക്കത്തിൽ ഉണ്ടായില്ലെങ്കിലും പിതാവിന്റെ ഉൽപത്തിയെക്കുറിച്ചുള്ള സാങ്കൽപിക ആഖ്യാനങ്ങളിലൂടെ അദ്ദേഹത്തിന്റെ സാന്നിധ്യം പ്രത്യക്ഷപ്പെടേണ്ടതാണ്. അസാധ്യതയുടെ സാധ്യതയെ വരുതിയിലാക്കുന്നതിലൂടെ ഉത്ഭവത്തിന്റെ ഭാഷ ചുരുളഴിയേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഇസ്‌ലാമിൽ ഈ ചോദ്യത്തെ പ്രവാചകന്റെ ജീവചരിത്രാഖ്യാനങ്ങളിലൂടെ, രണ്ട് സ്ത്രീകൾക്കിടയിലുള്ള പാതയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈയൊരു തിരഞ്ഞെടുപ്പിലൂടെ ഉണ്ടാവുന്ന പ്രത്യേക സാഹചര്യം, ഉത്ഭവത്തെ കുറിച്ചുള്ള ഇസ്‌ലാമിക പ്രതിനിധാന പ്രക്രിയയെ കുറിച്ചുള്ള അറിവുൾകൊള്ളുന്നതാണ്. ഇതിൽ അപര സ്ത്രീയെ നിയന്ത്രിക്കാനുള്ള ശ്രമം നിറഞ്ഞുനിൽക്കുന്നതായി കാണാൻ കഴിയും. 

സ്ഥാപകന്റെ ഉദയം

മുഹമ്മദിന്റെ ഗർഭധാരണത്തെ കുറിച്ച് ഒരുപാടു പേർ എഴുതിയിട്ടുണ്ട്. ഇസ്‌ലാമികപൂർവ മക്കയിലെ ദൈവങ്ങൾക്ക് മക്കളിലൊരാളെ ബലി കൊടുക്കാമെന്ന തന്റെ ഉപ്പയുടെ നേർച്ചയിൽ നിന്നും ഒട്ടകങ്ങളെ പകരമായി നൽകിയതിനാൽ രക്ഷപ്പെടുന്ന പ്രവാചക പിതാവായ അബ്ദുല്ലയുടെ കഥയാണ് പശ്ചാത്തലം. തൽഫലമായി ജീവൻ നഷ്ടപ്പെടുമായിരുന്ന ആ ദുരന്തത്തെ അതിജയിച്ച അബ്ദുല്ല തന്റെ ഉപ്പയുടെ നിർദ്ദേശപ്രകാരം ഭാവിയിൽ പ്രവാചക മാതാവായിത്തീരുന്ന ആമിനയെ തന്റെ ജീവിതപങ്കാളിയായി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. മകനെ കൊല്ലാൻ വിസമ്മതിക്കുന്ന, ക്രൂരനും നിഷ്ഠൂരനുമെന്ന ബിംബത്തെ മറികടക്കുന്ന പ്രാകൃത പിതാവിലാണ് പിതാവിന്റെ ഉൽപത്തിയുടെ തുടക്കം.

‘മെൻഷൻ ഓഫ് ദി വുമൺ ഹൂ പ്രൊപ്പോസ്ഡ് ഇന്റർകോഴ്സ് റ്റു അബ്ദുല്ല’ എന്ന അദ്ധ്യായത്തിൽ ജീവചരിത്രകാരൻ ഇബ്നു ഹിഷാം ഇപ്രകാരം എഴുതുന്നു: “ദേവാലയത്തിലിരിക്കുന്ന വറഖയുടെ സഹോദരിയായ റുഖിയയെ അബ്ദുല്ല കടന്നുപോയി. അയാളുടെ മുഖം കണ്ടപ്പോൾ അവർ ചോദിച്ചു: ‘ഹേ അബ്ദുല്ലാ,  നീ എവിടേക്കാണ് പോകുന്നത്?’. തന്റെ പിതാവിനൊപ്പമെന്ന് അബ്ദുല്ല മറുപടി കൊടുത്തു. ഇപ്പോൾ തന്റെ കൂടെ കിടക്കുകയാണെങ്കിൽ അയാളെ വീണ്ടെടുക്കുന്നതിനായി നേർന്ന അത്രയും ഒട്ടകങ്ങളെ അബ്ദുല്ലയ്ക്ക് കൊടുക്കാമെന്ന് റുഖിയ വാഗ്ദാനം ചെയ്തു. എന്നാൽ, താൻ പിതാവിന്റെ കൂടെയാണെന്നും അദ്ദേഹത്തിനെതിരെ പ്രവർത്തിക്കാനോ വിട്ടുനിൽക്കാനോ തനിക്ക് സാധ്യമല്ലെന്നും അബ്ദുല്ല പ്രതിവചിച്ചു. തുടർന്ന്, ഖുറൈശികൾക്കിടയിൽ ഉയർന്ന പദവിയും പാരമ്പര്യവുമുണ്ടായിരുന്ന, തന്റെ ഭാര്യയായ ആമിനയുടെ വീട്ടിലേക്ക് അയാൾ പോയി. അങ്ങനെ ആമിനയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് അവർ പ്രവാചകൻ മുഹമ്മദിനെ ഗർഭംധരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. അതിനുശേഷം അബ്ദുല്ല നേരത്തെ തന്നോടൊപ്പം കിടക്കാൻ ക്ഷണിച്ച സ്ത്രീയെ കാണാൻ പോയി. ‘ഇന്നലെ നിങ്ങൾ എനിക്ക് വാഗ്ദാനം ചെയ്ത കാര്യത്തിന് ഇന്നെന്തുകൊണ്ട് താങ്കൾ സന്നദ്ധയാവുന്നില്ല’ എന്ന് അബ്ദുല്ല റുഖിയയോട് ചോദിച്ചു. ‘നിങ്ങളിൽ ഇന്നലെ ഉണ്ടായിരുന്ന പ്രകാശം ഇന്ന് അവശേഷിക്കുന്നില്ലെന്നും, ഇനി തനിക്ക് അബ്ദുല്ലയോട് ഒരു ആഗ്രഹവുമില്ലെന്നും’ അവർ മറുപടി പറഞ്ഞു. മക്കയിൽ ഒരു അറബ് പ്രവാചകൻ ഉണ്ടാകുമെന്ന് തന്റെ സഹോദരൻ വറഖയിൽ നിന്ന് റുഖിയക്ക് അറിവു ലഭിച്ചിരുന്നു.

ഇതിനു സമാനമായ മറ്റൊരു വിവരണം കൂടിയുണ്ട്: “ആമിനയ്ക്ക് പുറമേ തനിക്ക് ബന്ധമുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിൽ അബ്ദുല്ല പ്രവേശിച്ചു. അദ്ദേഹം കളിമൺശാലയിൽ ജോലിക്ക് പോയിരുന്നു. പ്രസ്തുത സ്ത്രീയെ സമീപിച്ച അദ്ദേഹത്തോട് ശരീരത്തിൽ പറ്റിയ കളിമണ്ണിന്റെ അംശം കാരണം അവൾ ഉടൻ പ്രതികരിച്ചില്ല. പിന്നീട് അദ്ദേഹം ആമിനയുടെ അടുത്തേക്ക് പോയി, തിരിച്ച് വീണ്ടും അവളുടെ അടുക്കലേക്ക് തിരിച്ചെത്തുകയും അവൾ വിളിച്ചപ്പോൾ അവൻ നിരസിക്കുകയും ചെയ്തു. അവൻ ആമിനയുടെ അടുത്തേക്ക് പോവുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു, അങ്ങനെ മുഹമ്മദിനെ ഗർഭം ധരിക്കുകയും ചെയ്തു. തിരിച്ച് അവൻ വീണ്ടും അവളുടെ അടുത്തെത്തി ചോദിച്ചു: ‘നിനക്ക് വേണോ’ അവൾ മറുപടി പറഞ്ഞു: ‘വേണ്ട, നേരത്തെ നീയെന്നെ കടന്നുപോയപ്പോൾ നിന്റെ കണ്ണുകൾക്കിടയിൽ ഒരു വെളിച്ചമുണ്ടായിരുന്നു, അപ്പോൾ ഞാൻ നിന്നെ വിളിച്ചു, നീ എന്നെ നിരസിച്ചു, എന്നിട്ട് നീ ആമിനയുടെ വീട്ടിൽ പ്രവേശിച്ചപ്പോൾ അവൾ നിന്നെ അപഹരിച്ചു’”.

പ്രവാചക ജനനത്തെക്കുറിച്ച് വേദഗ്രന്ഥങ്ങളിലൂടെ മുമ്പേ അറിവുള്ളവളായിരുന്ന റുഖിയ അബ്ദുല്ലയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയായിരുന്നുവെന്നാണ് തബരിയുടെ അഭിപ്രായം. അബ്ദുല്ല അത് അംഗീകരിച്ചുകൊണ്ട് പറഞ്ഞു, “ഇവിടെ നിൽക്കൂ, ഞാൻ വീട്ടിൽ പോയി പിതാവുമായൊന്ന് സംസാരിക്കട്ടെ”. അദ്ദേഹം വീട്ടിലെത്തിയപ്പോൾ ആമിന അബ്ദുല്ലയുടെ ശരീരത്തിലേക്കടുക്കുകയും അവന്റെ ആഗ്രഹത്തിന് വഴങ്ങി കൊണ്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ആമിനയുടെയുള്ളിൽ പ്രവാചകൻ ഗർഭം ധരിക്കപ്പെടുകയും ചെയ്തു. അബ്ദുല്ല തിരിച്ചുവരികയും അദ്ദേഹത്തിന്റെ നെറ്റിയിലുണ്ടായിരുന്ന വെളിച്ചം കാണാതെ വരികയും ചെയ്തപ്പോൾ അബ്ദുല്ല  ആമിനയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും അവന്റെ ശരീരത്തിൽ ഉണ്ടായിരുന്ന നിധി ശരീരം വിട്ടുപോയെന്നും റുഖിയക്ക് മനസിലായി, തുടർന്നിപ്രകാരം പറഞ്ഞു: “പോകൂ, എന്റെ ആഗ്രഹം ഇല്ലാതായിരിക്കുന്നു”. അബ്ദുല്ല തിരിച്ചുപോയി. 

ഈ വിഷയ സംബന്ധിയായി വ്യത്യസ്ത ആഖ്യാനങ്ങൾ നിലനിൽക്കുമ്പോഴും എല്ലാ കഥകളിലും പൊതുവായി വരുന്നത് രണ്ട് സ്ത്രീകൾക്കിടയിലുള്ള ഇടമാണ് – പ്രവാചകന്റെ ജനനം നടക്കുന്ന ഇടം. ഒരു സ്ത്രീയിൽ നിന്നും മറ്റൊരു സ്ത്രീയിലേക്കുള്ള ഈയൊരു പോക്കുവരവിലൂടെ സാധ്യമാകുന്ന ‘ഇടത്തെ’ ആണ് ഇസ്‌ലാമിക ആഖ്യാനങ്ങളിലെ ഉൽപത്തിയെക്കുറിച്ചുള്ള അടിസ്ഥാന ചോദ്യം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈയൊരു പ്രക്രിയയെ വിശകലനം ചെയ്തു നോക്കാം.

അടിസ്ഥാനപരമായി, ‘എവിടേക്കാണ് നീ പോകുന്നത്’ എന്ന ലക്ഷ്യത്തെക്കുറിച്ചുള്ള ചോദ്യത്തിലൂടെ വിജ്ഞാനത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചുമുള്ള നമ്മുടെ അസ്തിത്വപരമായ ചോദ്യം തന്നെയല്ലെ റുഖിയയും തേടുന്നത്? ഇവിടെ കഥ തികച്ചും ഒരു നാടക രംഗം പോലെയാണ് അവതരിപ്പിക്കപ്പെടുന്നത് – ‘എവിടേക്കാണ് നീ പോകുന്നത്?’. അതിലെ മുഖ്യകഥാപാത്രം ഒരു സമുദായത്തിന്റെ ഉത്ഭവത്തിന് അടിത്തറ പാകുന്ന കുഞ്ഞാണ്, അവന്റെ ജനന സ്ഥലത്തെയാണ് ‘എവിടെ’ എന്നത് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും ഈയൊരു ചോദ്യത്തെ മാത്രം അഡ്രസ്സ് ചെയ്തു കൊണ്ടല്ല കഥ മുന്നോട്ടു പോകുന്നത്, മറിച്ച് അതാ ഇടത്തെക്കുറിച്ചുള്ള സത്യത്തെയും നിയമസാധുതയെയും കൂടി ഉൾക്കൊള്ളുന്നതാണ്.

പ്രക്രിയയുടെ വിവിധ മാനങ്ങൾ

ഈ പ്രക്രിയയുടെ ആദ്യ മാനം റുഖിയയോടുള്ള അബ്ദുല്ലയുടെ പ്രതികരണത്തിലാണ് നമുക്ക് കാണാൻ സാധിക്കുക. ഒരുവേള തന്റെ പിതാവിനെ പിന്തുടരുമെന്ന് അവൻ തീർച്ചപ്പെടുത്തുന്നതായി കാണാം, അപ്പോൾ റുഖിയയുടെ ചോദ്യത്തിനുള്ള അബ്ദുല്ലയുടെ മറുപടി ഒരു നിശ്ചിത ലക്ഷ്യത്തെക്കുറിച്ചായിരുന്നില്ല, മറിച്ച് തന്റെ പിതാവായ സഹയാത്രികനെ കുറിച്ചായിരുന്നു. റുഖിയയുടെ അഭ്യർത്ഥനക്കും തന്റെ ലൈംഗിക ആസക്തിക്കും തടയിടുന്ന പിതാവിന്റെ സൂചകം ‘രണ്ട്-സ്ത്രീകൾക്കിടയിലുള്ള’ എന്ന ചോദ്യത്തെ വിഷയിയുടെ ആഗ്രഹവും പിതാവിന്റെ തിരഞ്ഞെടുപ്പും തമ്മിലുള്ള ഒരു  സംഘർഷമാക്കി മാറ്റി തീർക്കുന്നുണ്ട്. ഇവിടെ കഥാഖ്യാനം ഒരുവൻ തന്റെ പിതാവിന്റെ  കൽപ്പനയ്ക്ക് സ്വയം വിധേയമാകുന്നതോടുകൂടി അവസാനിപ്പിക്കാവുന്നതാണ്. എന്നാൽ തന്റെ പിതാവിനാൽ അനുവദിക്കപ്പെട്ട സ്ത്രീയുമായി (ആമിന) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ‘അമൂല്യവസ്തു’ അവളിൽ നിക്ഷേപിക്കുകയും, ആമിനയിൽ തൃപ്തിയടയാതെ വരികയും ചെയ്യുന്നതോടുകൂടി തന്റെ പിതാവിന്റെ കൽപ്പനയെ മറികടന്നുകൊണ്ട് താൻ ആദ്യം താൽപര്യം പ്രകടിപ്പിച്ച സ്ത്രീയിലേക്ക് (റുഖിയ) അബ്ദുല്ല മടങ്ങുന്നതായി കാണാം. പക്ഷേ അവർക്കിടയിൽ പരസ്പരധാരണ സാധ്യമാകുന്നില്ല; അവൾക്ക് വേണ്ട സമയത്ത്  അവന് വേണ്ട, അവന് വേണ്ട സമയത്ത് അവൾക്കും വേണ്ട. ഇവിടെ പിതാവിന്റെ നിർദ്ദേശം/ആജ്ഞ എന്നത്, കേവലമൊരു തടസ്സം എന്നതിലുപരി തൃഷ്‌ണകൾക്കിടയിൽ ഭിന്നത രൂപപ്പെടുത്തിയെടുക്കുന്ന ഒരു ഘടകമായി മാറുന്നു. പ്രത്യക്ഷത്തിൽ, ‘രണ്ട്-സ്ത്രീകൾക്കിടയിലൂടെ’ ഈ ഭിന്നതയുടെ ഇടം സ്ഥാപിതമാവുകയും അതിലൂടെ പ്രവാചകന്റെ ജനനവും അവന്റെ പിതാവിന്റെ ലൈംഗികാഭിലാഷത്തിനും, പിതാവിന്റെ പിതാവ് പ്രതിനിധീകരിക്കുന്ന പ്രതീകാത്മക നിയമത്തിനും ഇടയിലുള്ള വ്യത്യാസം വെളിപ്പെടുകയും ചെയ്യുന്നു.

രണ്ടാമത്തെ മാനം കഥയിലെ പുരുഷനെ സംബന്ധിച്ച സ്ത്രീയുടെ അറിവും ആഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല ആഖ്യാനങ്ങളിലും, നബിയുടെ  വരവിനെക്കുറിച്ച് പൂര്‍വ്വജ്ഞാനം ഉണ്ടായിരുന്ന ക്രിസ്ത്യൻ സന്യാസിനിയായ വറഖയുടെ സഹോദരി ആയാണ് റുഖിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ‘അപര സ്ത്രീയുടെ’ (1) (other woman) രണ്ട് ഹാഗേറിയൻ സവിശേഷതകളായ (2) ദീര്‍ഘദര്‍ശനവും, വിദേശത്ത്വവും ഉൾകൊള്ളുന്ന റുഖിയക്ക് നബിയുടെ ന്യായാനുസൃതമായ മാതാവ് ആവാനുള്ള ആഗ്രഹം ഇരട്ടിയാണ്. പക്ഷേ കഥ പ്രകാരം പ്രവാചകന്റെ യഥാർത്ഥ സ്വീകർത്താവായി മാറുന്നത് ഉയർന്ന ഗോത്രത്തിൽ ജനിച്ച, അനുവദിക്കപ്പെട്ട സ്ത്രീയായ ആമിനയാണ് (woman of the Other). കഥയിൽ റുഖിയയുടെ സവിശേഷതയായി അവതരിപ്പിക്കുന്നത് ലിംഗാര്‍ച്ചനപരമായ അറിവ് (phallic illumination) കൈവശമുള്ള വിദേശ സ്ത്രീയായാണ്, അതേസമയം അബ്ദുല്ലയാവട്ടെ അജ്ഞതയുടെയും നിന്ദയുടെയും പ്രതീകമായാണ് ചിത്രീകരിക്കപ്പെടുന്നത്. അവൻ വിശ്വസിക്കുന്നതുപോലെ അവനല്ല റുഖിയയുടെ ആഗ്രഹത്തിന്റെ ലക്ഷ്യം, അവൻ ആ ലക്ഷ്യത്തിന്റെ വാഹകൻ മാത്രമാണ്. ആസന്നഭാവിയിൽ ഒരു ജനതയുടെ ഉൽപത്തിയുടെ സ്ഥാപകനാകേണ്ടുന്ന മകനെ ഉളവാക്കുന്ന ഫലഭൂഷ്ടിയുള്ള സൂചകമാണ് (glow) താൻ വഹിക്കുന്നതെന്ന് അബ്ദുല്ല അറിയുന്നില്ല. പുത്രൻ പിതാവിലാണ് അടങ്ങിയിട്ടുളളത് എന്നതിനെ സൂചിപ്പിക്കുന്ന ഒരു ‘പൊലിവിനെ’ റുഖിയ വ്യാഖ്യാനിക്കുകയും അതിനെ തനിക്ക് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ അവൾക്ക് പിതാവിനോട് അനുവാദം ചോദിക്കേണ്ടി വരുന്നു. അതേസമയം താനെന്താണ് വഹിക്കുന്നതെന്നോ, റുഖിയ എന്താണ് ആഗ്രഹിക്കുന്നതെന്നോ അറിയാത്ത അബ്ദുല്ല പൂർണമായി തെറ്റിദ്ധരിക്കപ്പെടുന്നു. തന്നോട് ചോദിക്കപ്പെട്ടതിനെയല്ല അബ്ദുല്ല നിരസിക്കുന്നത്. ഈ തെറ്റിദ്ധാരണയിലൂടെ, ഫിക്ഷൻ ലിംഗാർച്ചനപരമായ അപഹരണത്തെ (phallic appropriation) കുറിച്ചുള്ള ചോദ്യമാണ് ഉന്നയിക്കുന്നത്. എന്താണത് നമ്മോട് പറയുന്നത്? വിധിയെയും ലക്ഷ്യസ്ഥാനത്തെയും നിർണ്ണയിക്കുന്നത് ലിംഗത്തെ (phallus) കൈവശം വെക്കുന്നതിലൂടെയോ അതിനെ കുറിച്ചുള്ള അറിവിനെ അടിസ്ഥാനപ്പെടുത്തിയോ അല്ല, മറിച്ച് പിതാവിന്റെ നിയമം അനുസരിച്ചാണ്. യഥാർത്ഥത്തിൽ നിയമത്തിന്റെ സ്ഥാപകന്റെ ജനനത്തിന് മുമ്പേ നിലനിൽക്കുന്ന ഈ നിയമമാണ് പ്രകാശത്തിന്റെ (ബീജം) ഉടമസ്ഥൻ.

മൂന്നാമത്തെ മാനം എന്നത് രണ്ട് സ്ത്രീകൾ തമ്മിലുള്ള അന്തർലീനമായ ശത്രുതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അബ്‌ദുല്ല താനറിയാതെ വഹിക്കുന്ന  തിളക്കം “പരിശുദ്ധ ശിശുവിനെ” സൂചിപ്പിക്കുന്നതാണെന്ന് ആഖ്യാനങ്ങളിലൂടെ സ്പഷ്ടമാണ്. അതുകൊണ്ടുതന്നെ അതിന്റെ സ്വീകർത്താവിനെ പ്രവാചക മാതാവെന്ന വിശുദ്ധ പദവിയിലേക്ക് അതുയർത്തുന്നതുമാണ്. അതായത് രണ്ട് സ്ത്രീകൾ തമ്മിലുള്ള വൈരാഗ്യം പുരുഷലൈംഗികതയെ ചുറ്റിപ്പറ്റിയല്ല നടക്കുന്നത്, മറിച്ച് സ്ഥാപക പിതാവായിത്തീരുന്ന മകനെ ജനിപ്പിക്കുന്നതിലൂടെ കൈവരുന്ന ഒരു തരം ലൈംഗിക സുഖത്തെയും (3) (phallic jouissance) അപരന്റെ സ്ത്രീ (women of Other) എന്ന പരമോന്നതമായ പദവിയിലേക്ക് എത്തിച്ചേരുന്നതിനെയും ബന്ധപ്പെടുത്തിയാണ്. ഈ പ്രശ്നത്തെ പരിഹരിക്കപ്പെടുന്നതായി തോന്നുമ്പോഴും ഒരു സ്ത്രീക്ക് അതിനെ വഹിക്കുന്നവളായും മറ്റൊരാൾ അല്ലാതെയും, ഒരു സ്ത്രീ അമ്മയായും മറ്റേയാൾ ശൂന്യവും വിദേശിയും, ആഗ്രഹമില്ലാത്തവാളുമായി തുടരുന്നു.

ഈ സംഭവത്തിന്റെ വ്യാഖ്യാനം വ്യക്തമാണ്; അത് ഉല്പത്തിയിലെ പിതാവിന്റെ ഉത്ഭവത്തെ പുനർനിർമ്മിക്കുന്ന ഒരു ഫിക്ഷനാണ്, എന്നാൽ രണ്ട് സ്ത്രീകൾ തമ്മിലുള്ള വേർതിരിവ് നിലനിർത്തുകയും അതേസമയം സാഹചര്യം സ്വന്തം വരുതിയിലാക്കി കൊണ്ട് തന്നെ അപര സ്ത്രീയെ അസാധുവാക്കുകയും ചെയ്യുന്ന പുതിയ ഒരു ഇടപാടാണത്. അങ്ങനെ വിദേശിയായ സ്ത്രീ യഥാർഥ ഭാര്യയെ മറികടക്കാതിരിക്കുകയും പുത്രൻ തന്റെ നിയമാനുസൃത ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യുന്നുതോടെ ദൈവിക നിധി ആമിനയുടെ (Woman of the Other) ശരീരത്തിന്റെ ഒളിവിലാവുകയും ചെയ്യുന്നു.

മൂസയും മുഹമ്മദും; ഒരു താരതമ്യം

ഈ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ, രണ്ട്-സ്ത്രീകൾ തമ്മിലുള്ള രംഗത്തിന്റെ ഇസ്‌ലാമിക ആവിഷ്‌കരണം മൂസയുടെ പാരമ്പര്യത്തിൽ (Mosaic Tradition) നിന്ന് വ്യത്യസ്തമാണ്. ഇവിടെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇസ്‌ലാമിക ഫിക്ഷനിൽ കുട്ടിയുടെ അതിജീവനത്തേക്കൾ പ്രാധാന്യം നൽകുന്നത് ആഗ്രഹത്തിനും, നിയമത്തിനുമാണ്. മുഹമ്മദൻ ആഖ്യാനങ്ങളിൽ മർമ്മ പ്രധാനമായ അപരസ്ത്രീയുടെ (other woman) അറിവിനെ സംബന്ധിച്ച ഘടകം മൂസയുമായി ബന്ധപ്പെട്ട വിവരണത്തിൽ കാണാൻ സാധിക്കുകയില്ല. മൂസാ പാരമ്പര്യത്തിൽ, ഫിർഔൻ ഇസ്രായേലിലെ ആൺമക്കളെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നത് കാരണം വിദേശ വനിത അതിന്റെ വിനാശകരമായ രൂപത്തിൽ അധികാരത്തിന്റെ വശത്ത് തന്നെ തുടരുന്നു, എന്നാൽ ഈ സ്ത്രീയുടെ തന്നെ അമ്മയുടെ സേവനത്തിലേക്കുള്ള തിരിച്ചുവരവാണ് മൂസയെ മരണത്തിൽ നിന്ന് രക്ഷിക്കുന്നത്. തന്റെ ജനതയുടെ രക്ഷകനായ കുട്ടിയെ രക്ഷിക്കുന്നതിൽ രണ്ട് സ്ത്രീകളും- അപരന്റെ സ്ത്രീയും, അപര സ്ത്രീയും- അജ്ഞതയോടെയാണെങ്കിലും പങ്കാളികളാവുന്നു.

ഈ രണ്ട് രംഗങ്ങളും താരതമ്യം ചെയ്യുമ്പോൾ, ഓരോ പാരമ്പര്യവും അതിന്റെ  ഉത്ഭവത്തിന്റെ അപകടസാധ്യതയാൽ അല്ലെങ്കിൽ ഉത്ഭവ വീഴ്ച്ചയാൽ വേട്ടയാടപ്പെടുന്നതായി കാണാം. യഹൂദമതത്തിന്റെ ആരംഭം മുതൽ തന്നെ, നൽകപ്പെട്ട സമ്മാനം പിൻവലിക്കുമെന്നും, വളർത്തമ്മയെയും പുത്രനെയും നശിപ്പിക്കുമെന്നും ബൈബിളിലെ ദൈവം ഭീഷണി ഉയർത്തിയതായി കാണാം. എന്നിട്ടും മൂസയുടെ കാര്യത്തിൽ, രണ്ട്-സ്ത്രീകൾക്കിടയിലുള്ള ഇടം, അതായത് മൊസായിക് പാരമ്പര്യത്തിലെ ഉത്ഭവ സംബന്ധിയായ ഘടനാപരമായ വ്യത്യാസം, രക്ഷയുടെ ഫിക്ഷനായി അവതരിപ്പിക്കപ്പെടുന്നതിലൂടെ ഫിർഔൻ എന്ന നാശത്തിന്റെ ഉറവിടം രക്ഷയുടെ ഉറവിടമായി മാറുന്നു.

ഉല്പത്തിയിലെ നിഷേധം (originary repudiation of Ruqya) മുതൽ പുത്രനെ പിടികൂടുമെന്നും, അവനെ ഒരു ജാരസന്തതിയാക്കി മാറ്റുമെന്നുമുള്ള അപര സ്ത്രീയുടെ (other woman) ഭീഷണി ഇസ്‌ലാമിനെ വേട്ടയാടുന്നുണ്ട്. ഇവിടെ രണ്ടു-സ്ത്രീകൾക്കിടയിലുള്ള ഇടം മാതാവിന്റെ ജനനത്തിന്റെ കുലീനത സ്ഥാപിക്കുന്നതും, അപര സ്ത്രീയെ നിയന്ത്രിക്കുന്നതും, പിതാവിലൂടെ സന്താനത്തിന്റെ ബീജം സംരക്ഷിക്കുന്നതുമായ ഒരു ഫിക്ഷൻ ഉൾവഹിക്കുന്നുണ്ട്. അപരസ്ത്രീ പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ പിതാവിനോടുള്ള മകന്റെ അനുസരണം അവന്റെ തൃഷ്‌ണ നിയന്ത്രിക്കുവോളം എത്തിച്ചേരുന്നു. പിതാവിന്റെ പ്രതീകാത്മക നിയമത്തിന് സ്വയം സമർപ്പിക്കുന്നതിന്റെ വില മറ്റൊരു സ്ത്രീയുടെ യഥാർത്ഥ ആഗ്രഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക രംഗത്തിൽ രണ്ട് സ്ത്രീകൾ തമ്മിലുളള വൈരുദ്ധ്യത്തിന് പ്രാധാന്യം കൽപ്പിക്കുന്നത്; ഒരുവൾക്ക് പുരുഷനെ ലഭിച്ചപ്പോൾ മറ്റവൾക്ക് അത് നഷ്ടമാകുന്നു. എന്നാൽ മൊസായിക് രംഗത്തിൽ, പുത്രനെ ഉള്ളവൾ (മാതാവ്) അത് ഇല്ലാത്തവളിലേക്ക് (ഫിർഔന്റെ ഭാര്യ) ഒഴുക്കി വിടുകയും തിരിച്ച് വീണ്ടും അവനെ ഉപേക്ഷിക്കാൻ തയ്യാറായ സ്ത്രീക്ക് (മാതാവ്) അവനെ ശുശ്രൂഷിക്കാൻ തിരികെ നൽകുകയും ചെയ്യുന്നു. ഈയവസരത്തിൽ കുട്ടി യഥാർത്ഥത്തിൽ പ്രവാസത്തിലാണെന്നും അലഞ്ഞുതിരിയുകയോ വിധിക്കു വിധേയമാവുകയോ ചെയ്യുകയാണെന്നും പറയാം. വിശുദ്ധ പുത്രൻ അമ്മയ്ക്ക് അപരിചിതനാവുന്നതോടെ, ഉത്ഭവത്തെ വിഭജിക്കുകയും സ്വയം തിരിച്ചറിയലിന്റെയും ഏക സ്വത്വത്തിന് വിധേയമാകുന്നതിൽ നിന്ന് മോചിതനാവുകയും ചെയ്യുന്നതോടെ ഉത്ഭവം സംരക്ഷിക്കപ്പെടുകയും നിലനിർത്തുകയും ചെയ്യുന്നുതായി മനസ്സിലാക്കാം. ഒരർത്ഥത്തിൽ, ഫ്രോയിഡും മൂസയെ തന്റെ ജനതയ്ക്ക് അപരിചിതനാക്കികൊണ്ട്  ഈ സംജ്ഞയെ പുനരവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഇസ്‌ലാമിൽ നേരെ തിരിച്ചാണ്, വിശുദ്ധ സന്തതി പിതാവ് നിർദേശിച്ച ഉചിതമായ ലക്ഷ്യ സ്ഥാനത്തേക്കാണ് പോകേണ്ടത്. എല്ലാ അവസ്ഥയിലും പിറവിയിലെ പിഴവ്‌ (originary fault) ഒരേ സമയം ഉത്ഭവത്തെ നിരീക്ഷിക്കുകയും  ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

സിഗ്മണ്ട് ഫ്രോയിഡ്

‘രണ്ടു-സ്ത്രീകൾക്കിടയിൽ’ മനോവിശ്ലേഷണപ്രകാരം

‘രണ്ട്-സ്ത്രീകൾക്കിടയിൽ’ എന്ന ഈ ആശയത്തെക്കുറിച്ച് മനോവിശ്ലേഷണ സിദ്ധാന്തത്തിന് എന്താണ് പറയാനുള്ളത്? മൂസയുടെ (മോസസ്) മിത്തിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന്റെ ആദ്യ ഭാഗത്ത് സിഗ്മണ്ട് ഫ്രോയ്ഡ് രണ്ട് കുടുംബങ്ങളെയും (ഉയർന്ന കുടുംബത്തിന്റേയും താഴ്ന്ന കുടുംബത്തിന്റേയും), യഥാർഥ കുടുംബത്തെ സംബന്ധിച്ച, പ്രത്യേകിച്ച് അവന്റെ വളർത്തച്ഛനെ കുറിച്ചുള്ള അമിതമായ വിലയിരുത്തലിനും നിരാശയ്ക്കും ഇടയിൽ ചാഞ്ചാടുന്ന കുടുംബാഭിനിവേഷവുമായി (ഫാമിലി റൊമാൻസ്) ബന്ധപ്പെടുത്തുന്നത് കാണാം. പിന്നീട്, മരണത്തിന് കാരണമായേക്കാവുന്ന തരത്തിൽ, തന്നെ ചെറുപ്പത്തിൽ തുറന്നുകാട്ടിയ പിതാവിനെതിരെ കലഹിക്കുകയും പിന്നീട് പിതാവിനെ കൊല്ലാനായി തിരിച്ച് വരികയും കൊല്ലുകയും ചെയ്യുന്ന വീരയോദ്ധാവിന്റെ മിത്തിലേക്ക് ഫ്രോയിഡ് ഈ വ്യാഖ്യാനത്തെ ചേർത്തു വെക്കുന്നുണ്ട്. ഈ സംഭവവുമായി എങ്ങനെയാണ് ഈഡിപ്പൽ വായന ബന്ധപ്പെട്ടിരിക്കുന്നത്? അബ്ദുല്ല ഇവിടെ പിതാവിനും മകനും ഇടയിലുള്ള പരിവർത്തന ഘട്ടത്തിലോ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പറഞ്ഞാൽ മകനും പിതാവിനുമിടയിലുള്ള വംശാവലിപരമായ സംയോജനത്തിലോ ആണ്. കുട്ടിയെ തുറന്നുകാട്ടുന്ന ഭാഗം ഈ പതിപ്പിലും കാണാവുന്നതാണ്. കാരണം, കഥപ്രകാരം അബ്ദുല്ലയുടെ പിതാവ് തന്റെ മകനെ ബലിയർപ്പിക്കാനുള്ള പ്രതിജ്ഞ നടപ്പാക്കാൻ ആഗ്രഹിക്കുകയും, എന്നാൽ അവന്റെ ജീവിതം തിരികെ നൽകുകയും ചെയ്യുന്നു. തൽഫലമായി മകനിപ്പോൾ തന്റെ ജീവനിൽ പിതാവിനോട് കടപ്പെട്ടിരിക്കുന്നവനാണ്, അവന് പിതാവിനെ അനുസരിക്കുകയും അദ്ദേഹത്തിന്റെ നിയമത്തിന് കീഴടങ്ങുകയും ചെയ്യേണ്ടതായി വരുന്നു. ഇവിടെ മകൻ യാഗോചിതമായ കടത്താൽ (Sacrificial debt) പിതാവുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു അബ്രഹാമിക കൗണ്ടർ-ഈഡിപ്പലിനെ നാം ഇവിടെ അഭിമുഖീകരിക്കുന്നുണ്ട്. ഈയൊരു ബന്ധമാണ് വിശുദ്ധ പുത്രനെ ദീർഘദശിനിയായ വിദേശി സ്ത്രീക്ക് നൽകുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അവനെക്കൊണ്ട് സാധിപ്പിക്കുന്നത്. അതുപോലെ പിതാവിന്റെ നിയമം പാരസ്പര്യത്തിന്റെ സാമ്പത്തിക നിയമമാണ്, എന്നാൽ മകന്റെ യാഗോചിത കടം അപരന്റെ സ്ത്രീക്ക് വേണ്ടിയുള്ള ഒരു ലൈംഗികമായ കടമായി/കടമയായി മാറുന്നു.

ഒരു പ്രത്യേക തരത്തിലുള്ള അറിവ് ഉൾക്കൊള്ളുന്ന ഒരു സ്ത്രീയെ താൻ കണ്ടുമുട്ടുന്നതിനെ കുറിച്ചുള്ള സുപ്രധാന ഭാഗം ഫ്രോയിഡിന്റെ ആത്മ വിശകലനത്തിലും ഉണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തന്റെ പരിചാരക ആയിരുന്ന ഈ വൃദ്ധയെ കുറിച്ച് വിൽഹേം ഫ്ലൈസിനയച്ച ഒരു കത്തിൽ ഫ്രോയ്ഡ് പരാമർശിക്കുന്നുണ്ട്. ഒരു നിർദ്ദേശകയുടെ ധര്‍മ്മം കല്പിച്ചുകൊടുത്തു കൊണ്ട് തന്റെ മാതാവുമായുള്ള ബന്ധത്തിലാണ് ഫ്രോയ്ഡ് അവരെ സ്ഥാനപ്പെടുത്തുന്നത്. ഒരു മന്ത്രവാദിനിയും അതോടൊപ്പം തന്റെ ‘ലൈംഗിക അദ്ധ്യാപകയും’ (Professor of sexuality) ആയാണ് അവരെ വിവരിക്കുന്നത്. ഇതു സൂചപ്പിക്കുന്നത് ഫ്രോയിഡിന് ഈ സ്ത്രീയിൽ നിന്ന് ലൈംഗിക വിജ്ഞാനത്തിൽ മികച്ച പ്രോത്സാഹനം കിട്ടി എന്നാണോ? അങ്ങനെ മനസ്സിലാക്കുകയാണെങ്കിൽ, ഒരർഥത്തിൽ ‘ജ്ഞാനിയായ മന്ത്രവാദിനിയുടെ’ രൂപകം അതായത് അപര സ്ത്രീ മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ കണ്ടുപിടിത്തത്തിന്റെ ശൈശവ ദശയിലെ മനോവേരുകൾ (psychic root) ആയിരിക്കാം.

ഴാക് ലകാൻ ‘സിഗ്നിഫിക്കേഷൻ ഓഫ് ദി ഫാലസ്’ എന്ന ലേഖനത്തിൽ ‘രണ്ട്-സ്ത്രീകൾക്കിടയിലുള്ള’ എന്ന പദാവലിയെ ഓർമിപ്പിക്കുന്ന ഒരു സൂചകം കാണാം: “അവളിലില്ലാത്തതിനെ അവൾ സ്നേഹത്തിനായി നൽകുന്നുവെന്ന് ‘ഫാലിക് സിഗ്നിഫയർ’ വ്യക്തമായി ഉൾക്കൊള്ളുവോളം ഒരു സ്ത്രീയുമായുള്ള സ്നേഹബന്ധത്തിൽ പുരുഷന് പൂർണ സംതൃപ്തിയടയുവാൻ കഴിഞ്ഞാൽ, അതിന് വിപരീതമായി, മറ്റൊരുവളാൽ ആഗ്രഹിക്കപ്പെടണമെന്ന പുരുഷന്റെ തന്നെ ആഗ്രഹത്തിന്റെ സൂചകം കന്യകയെന്നോ വേശ്യയെന്നോ പല തരത്തിൽ സൂചിപ്പിച്ചേക്കാവുന്ന ‘അപര സ്ത്രീ’യിലേക്ക് വ്യതിചലിക്കാൻ തുടങ്ങും”. ഈയൊരു പ്രസ്താവന ഒരർത്ഥത്തിൽ അബ്ദുല്ലയുടെ വിഷയത്തിലും പ്രസക്തമാണ്, അബ്ദുല്ലയുടെ മുഖത്ത് ‘വിശുദ്ധ കുഞ്ഞിനെ ഉൾവഹിക്കുന്നുവെന്ന്’ സൂചിപ്പിക്കുന്ന ‘സൂചകത്തെ’ ചിത്രീകരിക്കുന്നതിന് ‘അപരസ്ത്രീയിലേക്കുള്ള വ്യതിചലനം’ എന്ന ആശയത്തെ ആഖ്യാനത്തിൽ ഉപയോഗിക്കുന്നതായി കാണാം.

ഴാക് ലകാൻ

ഈ സൂചകത്തെ തിരിച്ചറിഞ്ഞ അപര സ്ത്രീ തന്നിലുള്ളടങ്ങിയിരിക്കുന്നതിനെ തൊട്ട് അജ്ഞനായ അബ്ദുല്ലക്ക് അതേക്കുറിച്ച് വെളിപ്പെടുത്തി കൊടുക്കുന്നു: “നിന്നിൽ ഇന്നലെ ഉണ്ടായിരുന്ന വെളിച്ചം ഇപ്പോഴില്ല”. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നഷ്ടപ്പെട്ട നിമിഷത്തിൽ മാത്രമാണ് തന്നിലുണ്ടായിരുന്നതിനെപ്പറ്റി അബ്ദുല്ല അറിയുന്നത്. 

കഥപ്രകാരം, പിതാവാണ് അവനറിയാത്തതിനെ അവന് നൽകുന്നതെങ്കിൽ, ലക്കാന്റെ പ്രസ്താവനയെ അല്പംകൂടെ പുതുക്കാവുന്നതാണ്: ഒരാൾക്ക് ഇല്ലാത്തതിനെ സമ്മാനിക്കുകയെന്നത് മാത്രമല്ല സ്നേഹത്തെ നിർവചിക്കുന്നത്, മറിച്ച് അജ്ഞാതമായ സമ്മാനം (unknown gift) നൽകുക കൂടിയാണ്. ഒരു വശത്ത്, ഒരാളുടെ കൈവശമില്ലാത്ത ഒന്ന് അയാൾക്ക് നൽകുക എന്നതിൽ ഉടമസ്ഥാവകാശത്തിന്റെ പ്രശ്നം ഉടലെടക്കുന്നുണ്ട്, അത് സമ്മാനത്തെ ഒരു കടമായി കണക്കാക്കിയാലും അല്ലെങ്കിൽ അപഹരിക്കപ്പെട്ട സാധനങ്ങൾ മറച്ചുവെച്ചതാണെങ്കിലും. ഇത് വായ്പയുമായി ബന്ധപ്പെട്ട സാമ്പത്തിക യുക്തിയിലേക്ക് നമ്മെ നയിക്കുന്നു. മറുവശത്ത്, അറിയാത്തതിനെ നൽകുന്നത് സമ്മാനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെയും അതിന്റെ സാമ്പത്തിക യുക്തീകരണത്തിന്റെയും ചോദ്യങ്ങളിലേക്ക് എത്തിക്കും. ക്രെഡിറ്റ്, മൂല്യം, പ്രതിഫലം എന്നിവ പരിഗണിക്കുമ്പോൾ ‘അറിയാതെ  നൽകുക’ എന്നത് അചിന്തനീയമായ കൈമാറ്റമാണ്. ഈ കൈമാറ്റം സാമ്പത്തികവൽക്കരിക്കുക സാധ്യമല്ലാത്തതിന്റെ (noneconomizable) യുക്തിയുടെ ഭാഗമായിരിക്കും. കാരണം ആ സമ്മാനത്തെക്കുറിച്ച് അറിവും ഗ്രാഹ്യവുമുള്ള ഒരാൾ (റുഖിയ) ഇല്ലാത്തിടത്തോളം സമ്മാനം തിട്ടപ്പെടുത്താനാവാത്തതാണ്. എന്നാൽ സാമ്പത്തികവൽക്കരിക്കുക സാധ്യമല്ലാത്തതും, തിട്ടപ്പെടുത്താനാവാത്തതും, ഗ്രഹിക്കാനാവാത്തതുമായതും എന്നാൽ അസാദ്ധ്യമായതാണ്, ഇമ്പോസിബ്ൾ ആണ്.

അസാദ്ധ്യത സംബന്ധിച്ച് പിതാവ്

പിതാവിന്റെ പിറവിയെ നമുക്ക് രണ്ട് തട്ടുകളായി മനസ്സിലാക്കാം. ലൈംഗികസമ്മാനത്തെ (ഫാലിക് ഗിഫ്റ്റ്) സ്നേഹത്തിന്റെ രേഖയിൽ ഒരാൾക്കില്ലാത്തതിനെ നൽകുന്നതായി ആലേഖനം ചെയ്തിരിക്കുന്ന ത്യാഗത്തിന്റെ സമ്പദ്ഘടനയാണ് ആദ്യത്തേത്. ഇത് ഒളിച്ചുവെക്കപ്പെടുന്ന വസ്തുവായ മകന്റെ ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. ഒരേ സമയം മരണത്തിലേക്ക് മുതിരുകയും അതേസമയം അതിനെ വഴിതിരിച്ചുവിടുകയും ചെയ്യുന്ന അബ്ദുല്ലയുടെ പിതാവിൽ ഈ ഭാവം വീണ്ടും നമുക്ക് കാണാം. പിതാവിനോട് കടപ്പെട്ടിരിക്കുന്ന മകൻ പിതാവ് നിർദ്ദേശിച്ച സ്ഥലത്ത് തന്നെ തന്റെ ബീജം നിക്ഷേപിക്കുന്നു. രണ്ടാമത്തെ തലം തന്റെ അടുക്കലുള്ളതിനെക്കുറിച്ചോ, താൻ നൽകുന്നതിനെക്കുറിച്ചോ അറിവില്ലാത്ത, എന്നാൽ പിതാവിന്റെ നിർദ്ദേശ പ്രകാരം അനുയോജ്യമായ സ്വീകർത്താവിന് തന്നെ അതു നൽകുന്ന മകനായ പിതാവിനെ  (son-father) സൂചിപ്പിക്കുന്നു. ഈ ഘട്ടത്തിൽ, സമ്മാനം സംജാതമാക്കുന്നതിനോ, അപര സ്ത്രീ അതേക്കുറിച്ച് പറയുന്നതിനോ മുമ്പ് സമ്മാനത്തെക്കുറിച്ച് അറിയുക അസാധ്യമാണ്. അറിവ് ഇല്ലാത്തിടത്തോളം കാലം തിട്ടപ്പെടുത്താനാവാത്തതും, പിടികൊടുക്കാത്തതും സാമ്പത്തിക വൽക്കരിക്കാനാവാത്തതുമായ ‘അസാധ്യമായതുമായി’ സമ്മാനം ആശയക്കുഴപ്പത്തിലാകുന്നു. മറ്റൊരിടത്ത് ഞാനുപയോഗിച്ച സൂത്രവാക്യം ഇവിടെയും ബാധകമാണ്: “അവിടെയില്ലാത്തത് അവിടെ ഉണ്ട്”. മറ്റൊരു രീതിയിൽ പറഞ്ഞാൽ:  “അവനറിയാത്തത് അവിടെ ഉണ്ട്”. എന്നാൽ സമ്മാനത്തെ കുറിച്ച് റുഖിയ അറിയുന്നത് മുതൽ പിതാവിന്റെ നിയമം പ്രവർത്തനസജ്ജമാവും. കടവുമായി ബന്ധപ്പെട്ട സാമ്പത്തിക നിയമം എന്ന നിലക്ക് ഈ നിയമത്തിന് ഉടമസ്ഥാവകാശവും ലക്ഷ്യസ്ഥാനവും മാത്രമേ നിയമനിർമ്മാണം നടത്താൻ കഴിയൂ. അസാധ്യമായത് അതിന്റെ നിയമപരിധിയിൽ നിന്ന് രക്ഷപ്പെടുന്നുതിനാൽ കൈകാര്യം  ചെയ്യാൻ കഴിയുന്ന ഒരു വസ്തു ഉണ്ടെന്ന അറിവ് വേണമെന്ന പാറ്റർ ഇക്കണോമിക്സിന്റെ നിയമത്തെ ഇത് മുൻകടക്കുന്നു. ചുരുക്കത്തിൽ, അസാധ്യമായത് (impossible) പുരുഷാധിപത്യ നിയമത്തിന് വിധേയമല്ല.

പ്രവാചകൻ തുടക്കത്തിൽ തന്നെ മനസ്സിലാക്കിയത് പോലെ ഇസ്‌ലാമിലെ ദൈവം സ്ഥിതി ചെയ്യുന്നത് ഈ അസാധ്യതയുടെ (impossible) ഭാഗത്താണ്. തുടർന്ന്, അദ്ദേഹം സ്ഥാപകനായ മതം അദ്ദേഹത്തോട് സഹകരിച്ചുകൊണ്ട് അദ്ദേഹത്തെ ഗാർഹിക പിതൃത്വത്തിന്റെയും ലൈംഗിക സുഖത്തിന്റെ (phallic jouissance) ഒബ്ജക്ടായും സ്ഥാനപ്പെടുത്തുന്നു. പ്രകാശത്തിലൂടെ പിതാവായി മാറിയതല്ല ദൈവം എന്ന് ഖുർആൻ ഉറപ്പിച്ചു പറയുന്നുണ്ട്, ദൈവത്തിന്റെ ഈ വിശേഷണത്തെ അനന്യദൈവവുമായി (Unique God) താരതമ്യം ചെയ്ത് കൊണ്ട് ഴാക് ബെർക്ക് തന്റെ പേർമനൈഡ്സ് എന്ന കവിതയിൽ “ജനിക്കാത്തതും, നശിപ്പിക്കാനാവാത്തതും, പൂർണ്ണവും, അതുല്യവും, അനങ്ങാത്തതും” എന്നാണ് ദൈവത്തെ വിവരിക്കുന്നത്.

Credit: Thoufeeq K

സ്ഥാപകന്റെ പുനരുൽപാദനത്തെ കുറിച്ചുള്ള ഫിക്ഷനിൽ, തിട്ടപ്പെടുത്താനാവാത്ത അസാധ്യതയെ (the inestimable impossible) ‘പൊലിവിനാൽ’ (the glow) ആവിഷ്‌ക്കരിക്കപ്പെടുന്നതായി കാണാം. എന്നാൽ പൊലിവിന്റെ തെളിച്ചത്തേക്കാളുപരി അസാധ്യതയെ വെളിപ്പെടുത്തുന്നത് അതിനെ ആവിഷ്‌ക്കരിക്കുന്നതിനെ തുടർന്ന് ഉണ്ടാവുന്ന അനന്തരഫലങ്ങളാണ്. ഈ പൊലിവ് എങ്ങനെയാണ് കഥാപാത്രങ്ങൾക്കിടയിൽ ഒരു പിളർപ്പ് ഉണ്ടാക്കുന്നത് എന്നത് ശ്രദ്ധിക്കുക; അതവരുടെ ആഗ്രഹത്തിന്റെ ലക്ഷ്യമായി പ്രതിനിധാനം ചെയ്യുന്നതിനെ നിഷേധിക്കുകയോ ഒളിച്ചുവെക്കുകയോ ചെയ്യുന്നു: “അവങ്കലതുണ്ട്, പക്ഷേ അവനതറിയുന്നില്ല”, “തന്റെ പക്കലുണ്ടായിരുന്നു എന്നറിയുമ്പോൾ അവങ്കലതില്ല” (അബ്ദുല്ല); “അവൾക്കതറിയാം പക്ഷേ അവളുടെ അടുത്ത് അതില്ല” (റുഖിയ); “മറ്റവളുടടുത്ത് ഇല്ലാത്തത് അവളുടെ പക്കലുണ്ട്” (ആമിന). ഈ അവസാന പ്രയോഗം പൂർണമായും കൈയടക്കിവെക്കലിനെയാണ്   സൂചിപ്പിക്കുന്നത്. എന്നാൽ പുരുഷ ലിംഗത്തെ കൈയടക്കിവെക്കുന്നതിനെയും (phallic appropriation) അസാധ്യമായതിനെ ചോദ്യംചെയ്യലിനെയും (interrogation of impossible) കുറിച്ചുള്ള  മിഥ്യാബോധം മാത്രമാണിത്. യഥാർഥത്തിൽ ആമിനയിൽ തന്നെ ഒരു  പിളര്‍പ്പ്‌ ഉള്ളടങ്ങിയിട്ടുണ്ട്: പുത്രന്റെ ബീജം അവളുടെ അടുത്തുണ്ടെങ്കിലും അബ്ദുല്ലക്ക് റുഖിയയോട് തോന്നുന്ന ലൈംഗിക താത്‌പര്യം ആമിനയിൽ അസന്നിഹിതമാണ്. പിതാവും മകനുമല്ലാത്ത പുരുഷൻ (അബ്ദുല്ല) ആഗ്രഹിക്കുന്നതും അപരന്റെ സ്ത്രീക്ക് ഇല്ലാത്തതും അപര സ്ത്രീക്ക് ഉള്ളതുമായ ഈ അനുബന്ധ ലൈംഗിക താൽപര്യം (supplemental jouissance) phallic jouissance നെ മറികടക്കുന്നു.

പൊലിവിന്റെ പരിണിത ഫലമാണ് തിട്ടപ്പെടുത്താനാവാത്ത അസാധ്യത (inestimable impossible). ഒരു സാർവത്രിക പിളർപ്പ് അത് സൃഷ്ടിക്കുകയും എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന തരത്തിൽ എല്ലാവരിൽ നിന്നും കുറഞ്ഞ അളവിൽ ലൈംഗിക സുഖം (jouissance) കവർന്നെടുക്കുകയും ചെയ്യുന്നു. ലക്കാന്റെ സിദ്ധാന്ത പ്രകാരം, ഇവിടെ ‘പൊലിവ്’ കേവലമായ ഏതെങ്കിലുമൊരു  സൂചകമല്ല പകരം  ഗുരു സൂചകമായാണ് (മാസ്റ്റർ സിഗ്നിഫയർ) പ്രവർത്തിക്കുന്നത്. എത്രത്തോളമെന്നാൽ അത് നമ്മെയെല്ലാവരെയും ഈ അഭാവത്തിന്റെ പ്രതിസന്ധിക്കു മുന്നിൽ തുറന്നുകാട്ടുന്നു.

ശൂന്യതയ്ക്കും പൂർണ്ണതയ്ക്കും ഇടയിൽ

മറ്റ് ചില മനോവിശ്ലേഷണ പഠനങ്ങളിൽ അപര സ്ത്രീയുടെ ലൈംഗികസുഖത്തെ മുൻനിർത്തി ‘രണ്ട്-സ്ത്രീകൾക്കിടയുലുള്ള’ രൂപകത്തെ പരിശോധിക്കുകയും, തനിക്കെതിരെ പ്രവർത്തിക്കുന്ന മറ്റൊരു സാങ്കൽപ്പിക സ്ത്രീ വിഷയിയുടെ അഭാവത്തിൽ വിനാശകരമായ വിദ്വേഷം പ്രകടിപ്പിച്ചേക്കാവുന്ന സ്ത്രീ രൂപകത്തെക്കുറിച്ച് ഊന്നിപ്പറയുന്നുമുണ്ട്. സ്ത്രീകളുടെ അസൂയയെ കുറിച്ച് ഒരു അഭിമുഖത്തിൽ മിശേലെ മൊണ്ട്രെലെ പറയുന്നു: “എല്ലാ കാമനകളും നഷ്ടപ്പെട്ട്, നിങ്ങളൊരു ശരീരമായി തുടരുന്നു, കേവലമൊരു ശരീരമായി മാത്രം. അതേസമയം അപര സ്ത്രീയുടെ ശരീരം എപ്പോഴും പ്രകാശമാനമായി കാണപ്പെടുന്നു, അത് മാതാവിന്റെ ആഗ്രഹത്തിന്റെ വെളിച്ചം വഹിക്കുന്ന ശരീരമാണ്, ആ ശരീരം നിങ്ങളെ ആകർഷിക്കുന്നു, നിങ്ങളതിൽ ലയിക്കാൻ കൊതിക്കുന്നു. ആ നിമിഷത്തിൽ നിങ്ങൾ സ്വയം പുനർനിർമ്മിക്കാൻ ശ്രമിക്കുന്നു, ഈ പുനർനിർമാണത്തിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ നിന്നുള്ള നോട്ടവും ഉൾക്കൊള്ളുന്നു. അതൊരു വെളിച്ചമാകുന്ന സ്ത്രീയുടെ ശരീരമാണ്, ഇത് നമ്മെ ഒരു പുരാതന കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. നിങ്ങൾക്ക്  വേണ്ടത് അപരനിൽ നിലകൊള്ളുന്ന ആ വെളിച്ചത്തിന് ഒരു രൂപം നൽകിക്കൊണ്ട് ഒരു മാതൃശരീരം സൃഷ്ടിക്കാനുള്ള അവസരമാണ്. നിങ്ങൾ വെറുമൊരു ശരീരമല്ലാതെ മറ്റൊന്നുമല്ല, നിങ്ങളുടെ അസൂയ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ഇനി വാക്കുകളില്ല, പക്ഷേ ഒരു സമസ്യയായി നിലകൊള്ളുന്ന അപര സ്ത്രീയുടെ ശരീരമുണ്ട്, നിങ്ങളെ സ്വയം പുനർനിർമിക്കാനുള്ള ആദ്യ പടിയാണത്. ആ സ്ത്രീയുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ അന്ധമായ സ്‌പഷ്‌ടത നിരര്‍ത്ഥകമായ അസൂയ അല്ലാതെ മറ്റൊന്നുമല്ല. ഇത് നിങ്ങളുടെ അമ്മയുടെ ശരീരവുമായി നിങ്ങൾക്ക് നിർമാണാത്മക ബന്ധമുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. അതായത്, അമ്മയുമായുള്ള നിങ്ങളുടെ അസൂയ യുടെ അനുഭവങ്ങൾ ഒരർഥത്തിൽ അപൂർണമാണ്, എന്നാൽ അത് പൂര്‍ണ്ണമായും നശിച്ചതുമല്ല”.

മിശേലെ മോൺട്രേല

ക്ലിനിക്കൽ ഗവേഷണത്തിന്റെ വഴികളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ഉത്ഭവ കഥയിൽ സൂക്ഷ്മതലത്തിൽ വരെ ആവിഷ്കരിക്കപ്പെട്ട പ്രശ്നങ്ങളോട് സമാനമാണെന്ന കാര്യത്തിൽ അത്ഭുതമില്ല. വെളിച്ചത്തെ അപരനോടുള്ള ആഗ്രഹവുമായി സാമ്യപ്പെടുത്തുന്ന മോൺട്രേലയുടെ പരാമർശത്തെ പരിശോധിച്ചു നോക്കാം. അതിൽ വെളിച്ചത്തെ ശൂന്യമായതും, ഒന്നുമല്ലാതത്തുമായ അപരനോട് സാമ്യപ്പെടുത്തുമ്പോൾ തന്നെയും മറുഭാഗത്ത് അപരസ്ത്രീയുടെ ശരീരത്താൽ രൂപം നൽകപ്പെടേണ്ട ഒന്നുമായാണ് മനസ്സിലാക്കുന്നത്. എങ്ങനെയായിരിക്കും ഈ വെളിച്ചം ശൂന്യതയെയും മൂർത്തതയെയും വെളിപ്പെടുത്തുന്നത്? രണ്ട്-സ്ത്രീകൾക്കിടയിലുള്ള ഘടനയെ സ്ഥാപിക്കുന്നതും അപരസ്ത്രീയോടുള്ള ആകർഷണീയതയിലൂടെ മാത്രം രക്ഷപ്പെടാവുന്നതുമായ നാശത്തിന്റെ വികാരം (അസൂയയുടെ ശൂന്യത) സൃഷ്ടിച്ചുകൊണ്ടാണത്. 0/1, 1/0  എന്നീ രണ്ട് ബൈനറികളുടെ (Binary modality) ഉദയത്തോടെ, വെളിച്ചത്താൽ ഉണ്ടായ നാശത്തിന്റെ ഉത്കണ്ഠ ശമിക്കുകയും അതോടൊപ്പം അപര സ്ത്രീ അപകടകാരിയല്ല എന്നും മനസ്സിലാക്കി തരുന്നു. ഇവിടെ അസൂയ ഒന്നുമില്ലായ്മയുടെ ഉത്കണ്ഠയെയും, അപര സ്ത്രീയുടെ ധ്രുവത്തെ സൃഷ്ടിച്ചുകൊണ്ട് സ്വന്തത്തെ സ്വതന്ത്രമാക്കാനുള്ള ഉദ്ദേശ്യത്തെയും മറയ്ക്കുന്നു. ഇതാണ് ആഖ്യാനഭാഗത്തിൽ പൊലിവിന്റ ധര്‍മ്മം, കാരണം ഇതിലൂടെയാണ് അടിസ്ഥാന ഘടനയുടെ “ഉള്ള ഒരു സ്ത്രീയും”, “ഇല്ലാത്ത മറ്റൊരു സ്ത്രീയും” എന്നീ രണ്ട് സംജ്ഞകൾ പ്രകടമാവുന്നത്. അതേപോലെ ഒരു വെളിപാട് പോലെ പൊലിവ് വിപരീതവും പരസ്പര പൂരകവുമായ വൈരുദ്ധ്യ ശക്തികളെ തുറന്നുകാട്ടുന്നതിലൂടെ, പ്രതീകാത്മക സ്ഥാപനത്തിന്റെ സ്ഥാപകൻ നിലവിൽ വരികയും ചെയ്യുന്നു. എന്നിരുന്നാലും, മേൽപറഞ്ഞ ബൈനറി (0/1) അനുസരിച്ച് ശൂന്യമായി തുടരുന്ന ഒരിടവും (ഗർഭപാത്രം), നിറഞ്ഞ് നിൽക്കുന്ന മറ്റൊരിടവുമുണ്ടെങ്കിലും, ഈ ശൂന്യമായ സ്ഥലത്ത് നിന്നാണ് പൊലിവ് ദൃശ്യമാവുന്നത്. ശൂന്യമായ ഇടത്തിന് തിളക്കം ലഭിക്കുന്നില്ലെങ്കിലും പൊലിവിനെ മനസ്സിലാകുന്ന നോട്ടത്തെ നിർമ്മിക്കുന്നത് അതാണ്. അപരസ്ത്രീ കാണുന്നുവെങ്കിൽ അതവൾ ലൈംഗികപരമായി തൃപ്തയല്ലാത്തതു കൊണ്ടാണ്, അല്ലെങ്കിൽ അപരനോടുള്ള ആഗ്രഹത്തിന്റെ സ്ഥിരതയോ അഭാവമോ അവളെ പ്രവാചാത്മകവും അറിവുള്ളതുമാക്കുന്നത് കൊണ്ടാണ്. 

എന്നിരുന്നാലും, ഇവിടെ ശൂന്യത എന്ന ആശയം ഉപയോഗിക്കുമ്പോൾ നാം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അപര സ്ത്രീയുടെ ശൂന്യത (റുഖിയയുടെ ഗർഭപാത്രം) എന്നത് ഇവിടെ തെളിച്ചത്തെ സൂചിപ്പിക്കുന്നതോ അല്ലെങ്കിൽ ബൈനറികൽക്കിടയിൽ വരുന്ന ഇടവേളയോ (പൂജ്യത്തിനും ഒന്നിനുമിടയിലെ ബാർ ചിഹ്നമോ – 0/1) അല്ല മറിച്ച് അത് ഇല്ലായ്മയുടേതാണ്/പരാധീനതയുടെതാണ്. ഇടവേളയുടെ ശൂന്യത എന്നത് ഒരു സ്ഥലമല്ല മറിച്ച് അസാധ്യതക്കുമപ്പുറമുള്ള ഒരു ഇടത്തെ സൂചിപ്പിക്കുന്നതാണ്, കേവലമൊരു ആലങ്കാരിക രൂപകമെന്നതിനപ്പുറം നാം പഠിച്ചുകൊണ്ടിരിക്കുന്ന ഘടനയുടെ നിലനിൽപ്പിനെ സാധ്യമാക്കുന്ന ഇല്ലായ്മയുടെയും പെട്ടന്നുള്ള വെളിപാടിന്റെയും ഇടവേളയാണ് (ഇന്റർവൽ). സ്വാഭാവികമായും ഇത് പ്രകടമാകുന്നത് അപരസ്ത്രീയുടെ ഇല്ലായ്മയിലൂടെയാണ്, അവളത് വെളിപ്പെടുത്തുന്നത് അവളുടെ നോട്ടത്തിലൂടെയും, ആഗ്രഹത്തിലൂടെയും, അപരന്റെ സ്ത്രീയുമായുള്ള നിഷേധാത്മക പോരാട്ടത്തിലെ അതിമനഃശാസ്ത്രപരമായ (metapsychological) ജ്ഞാനത്തിലൂടെയുമാണ്. എന്നാൽ ഇടവേളയുടെ ശൂന്യത (void of interval) വ്യത്യസ്തമായ നിഷേധാത്മക ക്രമത്തിൽ പെടുന്നു, അംഗത്വത്തിനും, സ്വത്വത്തിനും അപ്പുറത്താണ് അതിന്റെ നിലനിൽപ്പ്. അത് “ഒന്നും, മറ്റൊന്നുമല്ല” പകരം നിഷ്പക്ഷമാണ്.

പിതാവിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഇസ്‌ലാമിക കഥ ബൈബിളിന്റേതിൽ നിന്ന് വ്യത്യസ്തമാണെന്നത് വ്യക്തമാണ്. രണ്ട് സ്ത്രീകൾക്കിടയിലെ വൈപരീത്യത്തിന് ഊന്നൽ കൊടുക്കന്നതിലൂടെ, ഇടവേളയിലെ ശൂന്യതയായ, പിതാവിന്റെ കഥാവൽക്കരണത്തെ സാധ്യമാക്കുന്ന അസാധ്യതയെ അത് പ്രകടമാവാൻ അനുവദിക്കുന്നു. ഇത് ഇസ്‌ലാമിന്റെ തുടക്കത്തിലെ പിതൃ ഇതര ദൈവവുമായി ബന്ധപ്പെട്ട നമ്മുടെ കണ്ടെത്തലുകളെ ഓർമിപ്പിക്കുന്നു; സർവ്വ ഉത്ഭവവും അവയുടെ നിരന്തരമായ ഭാവനാ പരതയും സംഭവിക്കുന്ന പരമമായ ഏകമെന്നത് വംശാവലിപരമായ പിതൃ രൂപകമില്ലാത്ത അനന്തമായ മരുഭൂമിയാണ് (ജീനിയോളജിക്കൽ ഡെസേർട്ട് എന്ന് സിസേക്ക്). ഇവിടെയാണ് മുസ്‌ലിം ജ്ഞാനോദയ തത്ത്വചിന്തയുടെയും മിസ്റ്റിസിസത്തിന്റെയും സമുദ്രം ഒരു (അടിത്തട്ടില്ലാത്ത) അടിത്തട്ടിൽ സ്പർശിക്കുന്നത്. എന്നാൽ ഈ ആശയം എങ്ങനെയാണ് ജനനത്തിന്റെ നിരാകരണത്തിലൂടെയും അവളുടെ നോട്ടത്തിന്റെ ലൈംഗികകേന്ദ്രീകൃതമായ പുരുഷാധിപത്യ സംയോജനത്തിലൂടെയും ഉയരുന്ന അപര സ്ത്രീക്കെതിരായ നിലപാടുകളാൽ മൂടിവെക്കപ്പെടുന്നത് എന്നും കാണാൻ സാധിക്കും. പൊലിവിന്റെ വാഹകനായി പുരുഷനെ അവതരിപ്പിക്കുന്നതിലൂടെ, “പിതാവ് ഗർഭം ധരിക്കുന്നവനാകുന്നു”. എന്നാൽ അപര സ്ത്രീയാൽ സ്ഥാനഭ്രംശം സംഭവിച്ചേക്കാവുന്ന തരത്തിൽ മാതാവ് ഇവിടെ അനിശ്ചിതത്വത്തിലാണ്: മകന്റെ ബീജത്തെ അവളിലേക്ക് നയിക്കാൻ പിതാവിന്റെ പിതാവ് (ഗോത്രപിതാവ്) അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ, സാധാരണയായി മാതാവിന് കല്പിച്ചുകൊടുക്കുന്ന നിശ്ചിതത്വത്തിന്റെ നിർണയത്തിൽ ഒരു വിപരീതഫലം ഉണ്ടാകുമായിരുന്നു. ഇവിടെ, അപരസ്ത്രീയുടെ ഇന്ദ്രിയങ്ങളുടെ (കാഴ്ചയുടെ) സ്പഷ്ടതയാണ് പിതൃത്വത്തെ സാക്ഷ്യപ്പെടുത്തുന്നത്.

മാതാവെന്ന ഫിക്ഷൻ

ഈയൊരു വിധിവിപര്യയത്താൽ, സ്ത്രീ വിഷയിയുമായി ബന്ധപ്പെട്ട്, ആഖ്യാനത്തിൽ ഒരു പ്രശ്നം അടങ്ങിയിരിക്കുന്നതായി മനസ്സിലാവും. നിമിഷ നേരത്തേക്കെങ്കിലും മാതാവിനോടുള്ള പുരുഷന്റെ ആഗ്രഹത്തെ അനിശ്ചിതത്തിലാക്കുന്നതിലൂടെ പ്രത്യുല്‍പാദനപരമായ നിശ്ചിതത്ത്വത്തിൽ ഒരു ഇടർച്ച കൊണ്ടുവരാൻ ആഖ്യാനത്തിന് സാധിക്കുന്നുണ്ട്. ഈയൊരു ഇടർച്ചയിലൂടെയാണ് മാതാവ് ഒരു ഫിക്ഷനായി നിർമ്മിക്കപ്പെടുന്നത്. അത്തരമൊരു പ്രവർത്തനം സാധ്യമാകുന്നതിന്, ഒരു ക്രമം ആവശ്യമാണ്- പിതൃ നിയമം എങ്ങനെയാണ് വിധിയുടെ അജ്ഞമായ ആഗ്രഹത്തിന്റെ അപകടം ഇല്ലാതാക്കിയെതെന്നും, ജനനത്തിലൂടെ മറ്റൊരു വിതരണം സാധ്യമാണെന്നും വെളിപ്പെടുത്തുന്ന ഒരു ക്രമം. ഫിക്ഷൻ അനുസരിച്ച്, മാതൃനിശ്ചയത്തിന്റെ അസന്ദിഗ്ദ്ധമായ ഒരിടം ഗർഭധാരണം നൽകുന്നുണ്ട്.

Credit: Jasir Basheer

ഒരു ‘വേള മാതാവ് മാതാവല്ലാതാവുകയും പ്രസ്തുത സ്ഥാനം അപരസ്ത്രീക്ക് ഏറ്റെടുക്കാനും കഴിയുമായിരുന്നു. ഇത്തരം ‘വേളകളിൽ’, ശുദ്ധമായ അസൂയയുടെ ഇടർച്ചകളിലാണ് ഓരോ കഥയും, ആഖ്യാനവും, സൂചകങ്ങളും നിർമിക്കപ്പെടുന്നത്. അപരസ്ത്രീ (റുഖിയ) കാരണം, ജനനം എന്നത് അപരന്റെസ്ത്രീയുടെ (ആമിന) ഗർഭ പാത്രത്തിലേകുള്ള ബീജത്തിന്റെ പ്രവാഹം മാത്രമല്ല മറിച്ച് രണ്ട് പേർക്കിടയിലുള്ള ഫിക്ഷന്റെ അല്ലെങ്കിൽ, ഉല്പത്തിയെ കുറിച്ചുള്ള ഫിക്ഷന്റെ തന്നെ ഉദയത്തിന്റെ പ്രവാഹമാകുന്നു. അതായത്, അങ്ങനെയൊരു കഥ സാധ്യമാവുന്നതിന് റുഖിയക്ക് അബ്ദുല്ലയെ അൽപനേരത്തേക്കെങ്കിലും വൈകിപ്പിക്കേണ്ടതായി വരുന്നു. അപരസ്ത്രീയോടുള്ള ലൈംഗിക ആകർഷണത്തിലൂടെ ഉണ്ടാവുന്ന ഈയൊരു സമ്മാനം സ്ഥാപകന്റെ ഉത്ഭവം സ്ഥാപിക്കുന്നതിന് ആവശ്യമാണ്. ആമിനക്കും റുഖിയക്കുമിടയിൽ സംഭവിക്കുന്ന ഈയൊരു ഇടപാട് (mediation), ഒരു തരത്തിലുള്ള നീട്ടിവെക്കൽ (différance – Derrida’s orthography), അതായത്, സാമയികതയുടെ ഒരു സമ്മാനം എന്ന നിലയിൽ സ്ഥാപകന്റെ ശരീരത്തിന്റെ പ്രത്യുൽപാദനത്തെ സാധ്യമാക്കുന്ന പ്രതീകാത്മകയുടെ കേവല സാങ്കൽപ്പികത ഫിക്ഷനാണ്. വിഷയിയെ സംബന്ധിച്ചേടത്തോളം, വിശുദ്ധിയുടെയോ സത്യത്തിന്റെയോ ശരീരം എന്ന നിലയിൽ, സ്ഥാപകനെ നിർമിക്കുന്നത് ഫിക്ഷനിലുള്ള വിശ്വാസമാണ്. ഈ വിശുദ്ധി കുഞ്ഞിന്റെ ശരീരത്തിലല്ല അടങ്ങിയിട്ടുള്ളത് മറിച്ച് അവന്റെ മേൽ കല്പിച്ചുകൊടുക്കുന്ന ഫിക്ഷനിലാണ്. ഇപ്രകാരം വിശുദ്ധ കുഞ്ഞിന്റെ വിശുദ്ധിയുടെ മാതാവാകുന്നു ഫിക്ഷൻ, ഇതു തന്നെയാണ് എല്ലാ ഫിക്ഷനുകളും ഇന്നു നാം സാഹിത്യമെന്നു വിളിക്കുന്നവയും നേടാനും  പുനർസൃഷ്ടിക്കാനും ശ്രമിക്കുന്നത്, .

എന്നാൽ “ഒരു സ്ത്രീക്ക് മറ്റൊരുവളുടെ സ്ഥാനം പിടിച്ചെടുക്കാൻ കഴിയുമെന്ന സാധ്യതയെ” കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ഫിക്ഷൻ അവതരിപ്പിക്കുന്ന ഈ അനിവാര്യ സംഭവ്യതയുടെ (eventuality) അവസ്ഥ എന്താണെന്ന ചോദ്യം ബാക്കിയാവുന്നുണ്ട്. മുമ്പ് കാണിച്ചത് പോലെ, അനിവാര്യമായ സംഭവ്യത എന്നത്, മുൻപേ നിലനിൽക്കുന്നതും പരിവർത്തനത്തെയും അസാധ്യമായതിനെ സാധ്യമാക്കുന്നതുമായ ഒരു വിച്ഛേദനമാണ്. “രണ്ടു പേർക്കിടയിലെ” ഇടം എന്നത് രണ്ട് സ്ത്രീകളാൽ ഉദയം കൊള്ളുന്ന ഒന്നല്ല, മറിച്ച് എല്ലാവിധ ധ്രുവങ്ങളെയും, പിതൃ-മാതൃ നിശ്ചയങ്ങളെയും മുന്തിക്കുന്ന അവരാലോ അവർക്കിടയിലോ രൂപപ്പെടുന്ന വിച്ഛേദനമാണ്. യഥാർഥത്തിൽ എല്ലാ ഉത്ഭവത്തിന്റെയും ഉത്ഭവത്തിൽ ഒരു വിച്ഛേദം നിലനിൽക്കുന്നുണ്ട്. ഉല്പത്തിയുടെ അർത്ഥം ഉണ്മയുടെ അസൂയ ആയി പ്രത്യക്ഷീകരിക്കപ്പെടുന്ന ആദിഘടനാപരമായ (archistrctural) വിഭജനമാണത്.

ഇടവേളയുടെ ശൂന്യത ആയാണ് ഞാൻ ഇതിനെ പരാമർശിച്ചിട്ടുള്ളത്, കൂടാതെ ഈ ശൂന്യതയ്ക്കുള്ള ബാഹ്യാവരണമാണ് ഫിക്ഷൻ, അതിൽ നിന്നാണ് സമയമെന്ന സമ്മാനം (gift of time) ഉടലെടുക്കുന്നത്. അസൂയയെ കുറിച്ചുള്ള ഫിക്ഷൻ എന്നത് ശൂന്യതയുടെ അസൂയയാണ്, അത് യഥാർഥ പരമാധികാരത്തെ മറച്ച് വെക്കുന്നു. അവ പെൺമക്കളായ ഉല്പത്തിയുടെ മാതാവായാണ് ഫിക്ഷനുകളെ അവതരിപ്പിക്കപ്പെടുന്നത്. അപ്പോളിനെയറിന്റെ കവിതയിലെ ക്രോക്കസ് പുഷ്പങ്ങളെ പോലെ “അവരവരുടെ പെണ്മക്കളുടെ പെണ്മക്കളാവുന്ന അമ്മമാരാവും”. കുട്ടിയാകുന്ന യഥാർത്ഥത്തിന്റെ (real) മാതാവാകുമോ സാങ്കൽപ്പികത? എന്നാൽ ഉല്പത്തിയുടെ യഥാർത്ഥം എല്ലാവിധ പിതൃത്വത്തിൽ നിന്നും മാതൃത്വത്തിൽ നിന്നും പിൻവാങ്ങുന്നു, അതേക്കുറിച്ച് പറയുന്നതോ സങ്കല്പിക്കുന്നതോ ആയ (അസൂയ) എല്ലാത്തിൽ നിന്നും അത് സ്വയം പിൻവാങ്ങുന്നു.

 

കുറിപ്പ്

1. അപര സ്ത്രീയും’ ‘അപരന്റെ സ്ത്രീയും’ – ലേഖനത്തിൽ ആവർത്തിച്ച് പരാമർശിച്ചിരിക്കുന്ന രണ്ട് സ്ത്രീ ശരീരങ്ങളും, യഥാക്രമം റുഖിയയും ആമിനയും, പ്രാഥമികമായ  സ്വഭാവസവിശേഷതകളാൽ  പരസ്പരം വ്യത്യസപ്പെട്ടിരിക്കുന്നു. ആമിന പ്രതിനിധാനം ചെയ്യുന്ന ഉല്പത്തിപരമായ വ്യത്യാസത്തിന്റെ ഘടനയെ മനസ്സിലാക്കാതെ, ‘അപര സ്ത്രീ’ എന്ന സംജ്ഞയെ ഒറ്റയ്ക്ക് മനസ്സിലാക്കൽ സാധ്യമല്ല. അപരന്റെ സ്ത്രീ, (Woman of other-ആമിന) പ്രതീകാത്മക സ്ഥാപനത്തിന്റെ പിതാവോ സ്ഥാപകനോ ആയി തിരഞ്ഞെടുക്കപ്പെട്ട പുരുഷനെക്കാൾ (ഇവിടെ അബ്ദുല്ല) സാമൂഹികമായി (കുടുംബ-ഗോത്ര) ഉയർന്നതോ അല്ലെങ്കിൽ തുല്യ പദവിയിലുള്ളവരോ ആണ്. എന്നാൽ ‘അപര സ്ത്രീ’, (other woman-റുഖിയ) പ്രാഥമികമായി വിദേശിയാണ്, അതുകൊണ്ടാണ് അവൾ എപ്പോഴും ഔദ്യോഗിക ഭാര്യയുടെ ദ്വന്ദ്വമാകുന്നതും അവളെ മുന്തിക്കുന്നതും, അതുപോലെ മാതൃത്വത്തിന്റെ നടപടിക്രിയയിൽ തുടക്കം മുതലേ അവളെ വെല്ലുവിളിക്കുകയും കുടുംബത്തിലെ ഭിന്നതയുടെയും വിഭജനത്തിന്റെയും പ്രക്രിയയെ സാധ്യമാകുന്നതും.

2. അപര സ്ത്രീയുടെ രണ്ട് ഹാഗേറിയൻ സവിശേഷതകൾ – ഹാജറാ ബീവിയുമായി ബന്ധപ്പെട്ടാണ് ‘ഹാഗർ’ എന്ന പദം നിലകൊള്ളുന്നത്. വിദേശി, ദീർഘദർശിണി എന്നിവയാണ് പ്രധാന ഹാഗേറിയൻ സവിശേഷതകൾ. വിദേശിയെന്ന നിലയിൽ അവളുടെ അസ്തിത്വം എല്ലായ്പ്പോഴും പിതാവ് അല്ലെങ്കിൽ പ്രതീകാത്മക ക്രമത്തിന്റെ സ്ഥാപകനായി തിരഞ്ഞെടുക്കപ്പെട്ട പുരുഷന്റെ ജാതി, കുടുംബം, വംശം എന്നിവയ്ക്ക് പുറത്തായിരിക്കും. ദീര്‍ഘദർശിണിയെന്ന നിലയിൽ പ്രവാചകന്റെ ഉത്ഭവത്തെ സംബന്ധിച്ച അറിവ് ഉൽകൊള്ളുന്നവൾ എന്ന നിലയിൽ, ‘അപര സ്ത്രീ’ അതിന്റെ പ്രകാശത്തെ വഹിക്കുന്ന പുരുഷനേക്കാളും മുൻപന്തിയിലാണ്.

3. phallic jouissanceകേവലമായ പ്ലെഷർ പ്രിൻസിപ്പ്ളിനപ്പുറം നിലനിൽക്കുന്നതും സബ്ജക്ട്നെ ഒരിക്കലും സംതൃപ്തിപ്പെടുത്താതുമായ ഒരുതരം painful sexual drive


കവർ & മൊഴിമാറ്റം: തൗഫീഖ് കെ

ഫെത്തി ബെൻസലേമ