Campus Alive

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വിഷലിപ്തമായ കാൽപ്പാടുകൾ: 21ആം നൂറ്റാണ്ടിലെ മാലിന്യ അധിനിവേശം.

അദൃശ്യ യാന്ത്രികസംവിധാനം: AI കാലഹരണപ്പെടലും ഡാറ്റയുടെ ഭൗതികതയും

നിഗൂഢവും അരൂപിയുമായ ഒരു ‘ബുദ്ധിശക്തി’ എന്ന നിലയിലാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെ (AI) സംബന്ധിച്ച നിലവിലെ സാംസ്കാരിക ആഖ്യാനങ്ങൾ നിലനിൽക്കുന്നത്; അതായത്, ‘ക്ലൗഡ്’ (Cloud) എന്ന ആലങ്കാരികമായ ഇടത്തിൽ വസിക്കുന്ന ഭാരരഹിതവും അദൃശ്യവുമായ ഒരു ശക്തിയായി ഇതിനെ വിഭാവനം ചെയ്യുന്നു. എന്നാൽ ഈ പദപ്രയോഗങ്ങൾ യാദൃശ്ചികമല്ല; പ്രമുഖ പണ്ഡിതയായ കെയ്റ്റ് ക്രോഫോർഡ് തന്റെ ‘അറ്റ്ലസ് ഓഫ് എ ഐ’ (2021) എന്ന കൃതിയിൽ വാദിക്കുന്നതുപോലെ, കൃത്രിമബുദ്ധിയുടെ നിലനിൽപ്പിന് ആധാരമായ ബൃഹത്തും ഭൗതികവും ഊർജ്ജസാന്ദ്രവുമായ അടിസ്ഥാന സൗകര്യങ്ങളെ മറച്ചുവെക്കാൻ രൂപപ്പെടുത്തിയ ഒരു ‘വിപണന തന്ത്രം’ (Marketing Abstraction) മാത്രമാണ് ഈ ‘ക്ലൗഡ്’ എന്നത്. യഥാർത്ഥത്തിൽ, കൃത്രിമബുദ്ധി എന്നത് അതീവ ഭൗതികമായ (Intensely Material) ഒരു സാങ്കേതികവിദ്യയാണ്. ജലം, ഊർജ്ജം, അപൂർവ്വ ധാതുക്കൾ (Rare-earth minerals) എന്നിവ അമിതമായി ഉപയോഗിക്കുന്ന ഡാറ്റാ സെന്ററുകളിലെ ഉന്നത കാര്യക്ഷമതയുള്ള ജി പി യുകളുടെ (Graphics Processing Units) വിപുലമായ ശ്രേണികളാലാണ് ഇത് നിർമ്മിതമായിരിക്കുന്നത്. കൃത്രിമബുദ്ധിയെ വെറുമൊരു ‘സോഫ്റ്റ്‌വെയർ’ മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ, അതിന്റെ നിർമ്മാതാക്കളും പ്രമുഖ ഉപഭോക്താക്കളുമായ ആഗോള ഉത്തരാർദ്ധ രാഷ്ട്രങ്ങൾ (Global North), പ്രസ്തുത ഹാർഡ്‌വെയറുകൾ അവശേഷിപ്പിക്കുന്ന ഭൗതികമായ നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.

ഈ പാരിസ്ഥിതിക ആഘാതത്തിന്റെ സുപ്രധാനമായ ഒരു ചാലകശക്തി “ഹൈപ്പർ – ഒബ്‌സൊലസൻസ്” (Hyper – Obsolescence) അഥവാ അതീവവേഗത്തിലുള്ള സാങ്കേതിക കാലഹരണപ്പെടൽ എന്ന പ്രതിഭാസമാണ്. ആഗോളതലത്തിൽ നിലനിൽക്കുന്ന തീക്ഷ്ണമായ “AI മത്സരയോട്ടത്തിൽ” (AI Arms Race), ഹാർഡ്‌വെയറുകളുടെ ആയുസ്സ് കൃത്രിമമായി ചുരുക്കപ്പെട്ടിരിക്കുന്നു. ഒരു സാധാരണ ലാപ്‌ടോപ്പ് ആറ് വർഷത്തോളം സേവനക്ഷമമായിരിക്കുമ്പോൾ, AI മോഡലുകളുടെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയുമായി പൊരുത്തപ്പെടുന്നതിനായി വ്യാവസായിക ഡാറ്റാ സെന്ററുകളിലെ AI ചിപ്പുകൾ പലപ്പോഴും രണ്ട് മുതൽ മൂന്ന് വർഷത്തിനുള്ളിൽ ഉപേക്ഷിക്കപ്പെടുന്നു. ഇതിനെയാണ് ലിബോയിറോൺ (2021) “മാലിന്യ അധിനിവേശത്തിന്റെ” (Waste Colonialism) കാതലായ തത്വമായി വിശേഷിപ്പിക്കുന്നത്: അതായത്, വ്യാവസായിക പുരോഗതിയുടെ പുറന്തള്ളലുകളെ സ്വീകരിക്കാനുള്ള ഒരു “മാലിന്യക്കുഴിയായി” (Sink) പരിസ്ഥിതിയെ കണക്കാക്കുന്ന പ്രവണത. ആഗോള ഉത്തരാർദ്ധ രാഷ്ട്രങ്ങൾ മാലിന്യത്തിന്റെ ഭീകരതയേക്കാൾ മുൻഗണന നൽകുന്നത് നവീനതയുടെ വേഗതയ്ക്കാണ്. ഇത് എവിടെയെങ്കിലും നിക്ഷേപിക്കേണ്ടി വരുന്ന ഉപയോഗശൂന്യമായ സിലിക്കൺ അവശിഷ്ടങ്ങളുടെ ഒരു പ്രവാഹം തന്നെ സൃഷ്ടിക്കുന്നു.

ഏറ്റവും പ്രധാനമായി, ‘ആഗോള ഉത്തരാർദ്ധം’ (Global North), ‘ആഗോള ദക്ഷിണം’ (Global South) എന്നീ പ്രയോഗങ്ങളെ കേവലം ഭൂമിശാസ്ത്രപരമായ വിഭജനങ്ങളായി കാണാൻ സാധിക്കില്ല. മറിച്ച്, ടോസ്കാനോയെ (2023) പോലുള്ള സിദ്ധാന്തകർ നിരീക്ഷിക്കുന്നത് പോലെ, ഈ പദങ്ങൾ സാമൂഹിക – സാമ്പത്തിക അധികാര ബന്ധങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ആഗോള ഉത്തരാർദ്ധം എന്നത് മൂലധനം, കോർപ്പറേറ്റ് അധികാരം, സാങ്കേതിക മേധാവിത്വം (Technological Hegemony) എന്നിവ കേന്ദ്രീകരിച്ചിരിക്കുന്ന ഇടങ്ങളെയാണ് സൂചിപ്പിക്കുന്നത്. നേരെമറിച്ച്, ആഗോള ദക്ഷിണം എന്നത് ഉത്തരാർദ്ധത്തിലെ ആഡംബരങ്ങൾ നിലനിർത്തുന്നതിനായി ചൂഷണം ചെയ്യപ്പെടുന്ന ഭൂമിയെയും അധ്വാനത്തെയും പ്രതിനിധീകരിക്കുന്നു. ഇതിനെ വിഭവചൂഷണത്തിനായും മാലിന്യനിക്ഷേപത്തിനായും മാറ്റിവെക്കപ്പെട്ട മേഖലകൾ (Sacrificial zones) എന്ന് വിശേഷിപ്പിക്കാം. ആഗോള ഉത്തരാർദ്ധം നൂതനമായ വിവരങ്ങൾ സൃഷ്ടിക്കുമ്പോൾ ആഗോള ദക്ഷിണം അതിന്റെ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ നിർബന്ധിക്കപ്പെടുന്നു.

കെയ്റ്റ്ക്രോ ഫോർഡ്

ഈ സാങ്കേതിക “പുരോഗതിയുടെ” ഇരുണ്ട വശം എന്നത് ആഴത്തിലുള്ള ഒരു വ്യവസ്ഥാപിത വൈരുദ്ധ്യമാണ്. ഗൂഗിളും മൈക്രോസോഫ്റ്റും പോലുള്ള കമ്പനികൾ ഊർജ്ജ ശൃംഖലകളെ കാര്യക്ഷമമാക്കാനും കാർബൺ ഉദ്വമനം കുറയ്ക്കാനുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവിനെ പ്രകീർത്തിച്ചുകൊണ്ട് സുസ്ഥിരതാ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുമ്പോഴും, അവ ആഗോള ദക്ഷിണത്തിന്റെ മണ്ണിൽ വിഷം പടർത്തുന്ന തരത്തിലുള്ള ഹാർഡ്‌വെയർ ചക്രഗതിയെ ഒരേസമയം ത്വരിതപ്പെടുത്തുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശുദ്ധവും വിപ്ലവകരവുമായ ഒരു ശക്തിയല്ല കൃത്രിമബുദ്ധിയെന്നും, മറിച്ച് ലോകത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു ഭൗതിക ഭാരമാണെന്നും ഈ ഭാഗം സമർത്ഥിക്കുന്നു. ബുദ്ധിയുടെ “അദൃശ്യ യന്ത്രത്തെ” നാം ആഘോഷിക്കുമ്പോൾ, അത് പിന്നിട്ടുപോകുന്ന ദൃശ്യമായ ടോക്സിക് ഹാർഡ്‌വെയർ മലകളെ നാം വിസ്മരിക്കുകയാണ് ചെയ്യുന്നത്.

ടോക്സിക് ഫീഡ്ബാക്ക് ലൂപ്പ്: ആഗോള ദക്ഷിണത്തിൽ AI-യുടെ ആൽഫയും ഒമേഗയും

ഒരു AI ചിപ്പിന്റെ ആയുഷ്കാലം എന്നത് അതിന്റെ നിർമ്മാണം മുതൽ വിനാശം വരെയുള്ള കേവലം രേഖീയമായ ഒരു പ്രക്രിയയല്ല. മറിച്ച് അത് ആഗോള ദക്ഷിണത്തിലെ സാക്രിഫിഷ്യൽ സോണുകളിൽ (Sacrificial zones) ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന ഒരു പ്രിഡേറ്ററി ഫീഡ്ബാക്ക് ലൂപ്പാണ് (Predatory feedback loop). സിലിക്കണിന്റെ ഈ ആൽഫയും ഒമേഗയും (Alpha and Omega) അക്രമാസക്തമായ ധാതു ഖനനത്തിൽ തുടങ്ങി ഹാർഡ്‌വെയറുകളുടെ വിഷലിപ്തമായ ഉപേക്ഷിക്കലിൽ എത്തിനിൽക്കുന്ന ചൂഷണത്തിന്റെ ഒരു ക്ലോസ്ഡ് സർക്യൂട്ടായി (Closed circuit) പ്രവർത്തിക്കുന്നു. ഗ്രീൻ എക്സ്ട്രാക്റ്റിവിസത്തെ (Green extractivism) കുറിച്ചുള്ള പഠനങ്ങളിൽ തിയ റിയോഫ്രാങ്കോസ് (2020) നിരീക്ഷിക്കുന്നത് പോലെ ഡിജിറ്റൽ യുഗത്തിലേക്കുള്ള ഈ മാറ്റം പത്തൊൻപതാം നൂറ്റാണ്ടിലെ കൊളോണിയൽ മാതൃകകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള മൈനിംഗ് വർദ്ധനവിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. ആഗോള ഉത്തരാർദ്ധത്തിലെ അതിവേഗ പ്രോസസ്സിംഗ് സംവിധാനങ്ങൾക്ക് ഊർജ്ജം പകരാനായി കൊബാൾട്ട്, ലിഥിയം, കോപ്പർ എന്നിവയ്ക്കായി ആഗോള ദക്ഷിണം ഉള്ളുപൊള്ളയാക്കപ്പെടുന്നു. സിദ്ധാർത്ഥ് കാര തന്റെ കൊബാൾട്ട് റെഡ് (2023) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയത് പോലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അപകടകരവും കഠിനവുമായ മൈനിംഗിലൂടെയാണ് AI – യുടെ ആൽഫ ആരംഭിക്കുന്നത്. ടെക് ഭീമന്മാരുടെ ലിഥിയം അയൺ ബാറ്ററികൾക്കും ഹൈ കണ്ടക്ടിവിറ്റി സർക്യൂട്ടുകൾക്കും വേണ്ടിയുള്ള ആവശ്യകത നിറവേറ്റുന്നത് ഈ ചൂഷണമാണ്.

ഈ വസ്തുക്കൾ ഉത്തരാർദ്ധത്തിലെ എൻജിനീയറിംഗിലൂടെ റിഫൈൻ ചെയ്യപ്പെടുകയും വാലറൈസ് (Valorized) ചെയ്യപ്പെടുകയും ചെയ്തശേഷം അവയുടെ അന്ത്യഘട്ടമായ ഒമേഗ (Omega) അവസ്ഥയിൽ അപകടകരമായ അവശിഷ്ടങ്ങളായി ദക്ഷിണത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു. ആഗോള ദക്ഷിണം നവീന സാങ്കേതികവിദ്യയ്ക്കായുള്ള അസംസ്കൃത വസ്തുക്കൾ നൽകുകയും അതേ നവീനതയുടെ വിഷലിപ്തമായ അവശിഷ്ടങ്ങൾ സ്വന്തം മണ്ണിലേക്ക് തന്നെ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്ന ഒരു ടോക്സിക് ഫീഡ്ബാക്ക് ലൂപ്പ് (Toxic Feedback Loop) ഇതിലൂടെ രൂപപ്പെടുന്നു. ഇത് വിപണിയുടെ പരാജയമല്ല മറിച്ച് കൃത്യമായി കണക്കുകൂട്ടിയ ഒരു ഇക്കണോമിക് സ്ട്രാറ്റജി (Economic strategy) മാത്രമാണ്. റോബ് നിക്സൺ (2011) തന്റെ സ്ലോ വയലൻസ് (Slow Violence) എന്ന കൃതിയിൽ വിവരിക്കുന്നത് പോലെ ഇത് കാഴ്ചയിൽപ്പെടാത്ത ഒരുതരം അക്രമത്തെയാണ് പ്രതിനിധീകരിക്കുന്നത്. സമയം കൊണ്ടും സ്ഥലം കൊണ്ടും വ്യാപിച്ചുകിടക്കുന്ന ഈ വൈകിയുള്ള വിനാശം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.

​ബേസൽ കൺവെൻഷനിലെ (Basel Convention) നിയമപരമായ പഴുതുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഉത്തരാർദ്ധത്തിലെ കോർപ്പറേഷനുകൾ തങ്ങളുടെ പ്രവർത്തനരഹിതമായ ജി പി യു (GPU) കണ്ടെയ്നറുകളെ ഡിജിറ്റൽ ഡിവൈഡ് (Digital divide) പരിഹരിക്കാനുള്ള ഉപകരണങ്ങൾ എന്നോ ചാരിറ്റബിൾ ഡൊണേഷൻ (Charitable donation) എന്നോ തെറ്റായി ലേബൽ ചെയ്യുന്നു. ഇലക്ട്രോണിക് സർക്യൂട്ട് ബോർഡുകളിൽ കാണപ്പെടുന്ന ലെഡ് (Pb), മെർക്കുറി (Hg) തുടങ്ങിയവ സുരക്ഷിതമായി സംസ്കരിക്കാൻ ആവശ്യമായ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ (Industrial infrastructure) ഇല്ലാത്ത രാജ്യങ്ങളിലേക്ക് ഹസാർഡസ് വേസ്റ്റ് മാനേജ്‌മെന്റിന്റെ (Hazardous waste management) ഭാരിച്ച ചിലവുകൾ കൈമാറ്റം ചെയ്യാൻ ഇത്തരം നടപടികൾ അവരെ സഹായിക്കുന്നു.

ആൽബെർട്ടോ ടോസ്കാനോ

മാത്രവുമല്ല ഈ ലൂപ്പ് കേവലം ഭൂമിശാസ്ത്രപരമായ ഉത്തര ദക്ഷിണ വിഭജനം എന്ന സങ്കല്പത്തിലെ അബദ്ധത്തെ തുറന്നുകാണിക്കുന്നു. ഈ ഫീഡ്ബാക്ക് ലൂപ്പ് വർഗ്ഗാധിഷ്ഠിതമായ കൊളോണിയാലിറ്റി (Coloniality) എന്ന പ്രക്രിയയുടെ ഭാഗമാണ്. ആഗോള ദക്ഷിണത്തിന്റെ അതിർത്തികൾക്കുള്ളിൽ തന്നെ ഇ – വേസ്റ്റ് (E-waste) ഇറക്കുമതി ചെയ്യുന്നതിലൂടെയോ മൈനിംഗ് കരാറുകൾ നിയന്ത്രിക്കുന്നതിലൂടെയോ വലിയൊരു സമ്പന്ന വർഗ്ഗം ലാഭമുണ്ടാക്കുന്നു. അതേസമയം മാർജിനലൈസ്ഡ് ലേബറേഴ്സ് (Marginalized laborers), ഇൻഫോർമൽ സ്കാവഞ്ചേഴ്സ് (Informal scavengers) എന്നിവരടങ്ങുന്ന ഇന്റേണൽ സൗത്ത് (Internal South) ഈ ഭൗതിക വിഷാംശങ്ങൾ മുഴുവൻ ഏറ്റുവാങ്ങുന്നു. ഇപ്രകാരം ആഗോള ഉത്തരത്തിന് അഥവാ മൂലധന കേന്ദ്രങ്ങൾക്ക് തങ്ങളുടെ ക്ലീൻ ഹൈടെക് ഐഡന്റിറ്റി (Clean high-tech identity) നിലനിർത്താനും എ ഐ വിപ്ലവത്തിന്റെ മലിനമായ ചിലവുകളെ എക്സ്റ്റേണലൈസ് (Externalize) ചെയ്യാനും ഈ ടോക്സിക് ഫീഡ്ബാക്ക് ലൂപ്പ് ഒരു ഉപാധിയായി വർത്തിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഭൂമിയെ വിഭവങ്ങൾ ഖനനം ചെയ്തെടുക്കുന്ന കുഴിയായും ഒടുവിൽ മാലിന്യം നിക്ഷേപിക്കുന്ന കൂമ്പാരമായും ഒരേസമയം പരിഗണിക്കുന്നതിലൂടെ പരിസ്ഥിതിയുടെയും മനുഷ്യരുടെയും തകർച്ചയ്ക്ക് മുകളിലാണ് ആഗോള ഉത്തരാർദ്ധ രാഷ്ട്രങ്ങളുടെ ഇന്റലിജൻസും (Intelligence) എ ഐ വ്യവസായവും നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

മാലിന്യനിക്ഷേപ കേന്ദ്രത്തിന്റെ ഘടന: ലെഡ്ഡിലും മെർക്കുറിയിലും രേഖപ്പെടുത്തിയ AI-യുടെ പൈതൃകം

​AI ഹാർഡ്‌വെയറുകളുടെ ഭൗതികമായ ആയുഷ്കാലത്തിന് ശേഷമുള്ള അവസ്ഥയെ നിർണ്ണയിക്കുന്നത് അത്യാധുനികമായ ഹൈടെക് റിക്കവറി (High-tech recovery) പ്രക്രിയകളല്ല. മറിച്ച് പീറ്റർ ലിറ്റിൽ (2014) തിരിച്ചറിയുന്ന ടോക്സിക് ലാൻഡ്‌സ്‌കേപ്പ്‌സ് ഓഫ് ലേബർ (Toxic landscapes of labor) അഥവാ വിഷലിപ്തമായ തൊഴിലിടങ്ങളാണ് അവയെ അടയാളപ്പെടുത്തുന്നത്. ആഗോള ഉത്തരാർദ്ധം അതിന്റെ കാലഹരണപ്പെട്ട AI സെർവറുകൾ പ്രവർത്തനരഹിതമാക്കുമ്പോൾ അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങൾ പലപ്പോഴും ഘാനയിലെ അഗബോഗ്ബ്ലോഷി (Agbogbloshie) പോലെയുള്ള അല്ലെങ്കിൽ തെക്കുകിഴക്കൻ ഏഷ്യൻ മേഖലകളിലെ ഇൻഫോർമൽ റീസൈക്ലിംഗ് ഹബ്ബുകളിൽ (Informal recycling hubs) എത്തിച്ചേരുന്നു. ഇവിടെ ചിപ്പുകളുടെ ഇന്റലിജൻസ് (Intelligence) പ്രാകൃതവും അപകടകരവുമായ പ്രക്രിയകളിലൂടെ ഇല്ലാതാക്കപ്പെടുന്നു. സ്വർണ്ണം (Au), കോപ്പർ (Cu) തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങൾ വീണ്ടെടുക്കുന്നതിനായി കുട്ടികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ പ്ലാസ്റ്റിക് കവചങ്ങളും സിലിക്കൺ സബ്‌സ്‌ട്രേറ്റുകളും (Silicon substrates) ഉരുക്കാൻ ഓപ്പൺ എയർ ബേണിംഗും (Open-air burning) സയനൈഡ് ആസിഡ് ബാത്തുകളും (Cyanide acid baths) ഉപയോഗിക്കുന്നു. ഈ പ്രക്രിയ ന്യൂറോടോക്സിനുകളുടെ (Neurotoxins) ഒരു മിശ്രിതം നേരിട്ട് അന്തരീക്ഷത്തിലേക്കും തൊഴിലാളികളുടെ ശ്വസനവ്യവസ്ഥയിലേക്കും പുറന്തള്ളുന്നു. ഇത് ഉത്തരാർദ്ധത്തിന്റെ സാങ്കേതിക പുരോഗതി ദക്ഷിണാർദ്ധത്തിന്റെ ബയോളജിക്കൽ ഡികേ (Biological decay) അഥവാ ജൈവികമായ ജീർണ്ണതയായി മാറുന്നതിന്റെ വ്യക്തമായ തെളിവാണ്

​ഒരു AI ചിപ്പിന്റെ രാസപരമായ പൈതൃകം (Chemical legacy) അളക്കുന്നത് അതിലടങ്ങിയിരിക്കുന്ന ലെഡ് (Pb), മെർക്കുറി (Hg), കാഡ്മിയം (Cd) തുടങ്ങിയ ഹെവി മെറ്റൽസുകളുടെ (Heavy metals) സാന്ദ്രതയിലൂടെയാണ്. ഹൈ ഡെൻസിറ്റി (High-density) സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ജി പി യുകളിൽ സോൾഡറിംഗിനായി ലെഡ് വ്യാപകമായി ഉപയോഗിക്കുമ്പോൾ സ്വിച്ചുകളിലും റെസിസ്റ്ററുകളിലും (Resistors) മെർക്കുറിയും കാഡ്മിയവും കാണപ്പെടുന്നു. ഈ ഘടകങ്ങൾ സുരക്ഷിതമല്ലാത്ത ലാൻഡ്‌ഫില്ലുകളിൽ (Landfills) കിടക്കുമ്പോഴോ ഇൻഫോർമൽ സ്മെൽറ്റിംഗിന് (Informal smelting) വിധേയമാകുമ്പോഴോ ലീച്ചിംഗ് (Leaching) എന്ന പ്രക്രിയയ്ക്ക് കാരണമാകുന്നു. മഴവെള്ളം ഈ പെഴ്സിസ്റ്റന്റ് ഓർഗാനിക് പൊല്യൂട്ടൻ്റ്സ് (Persistent Organic Pollutants – POPs) മണ്ണിലേക്ക് എത്തിക്കുകയും അവിടെനിന്ന് അവ ഭൂഗർഭ ജലത്തിലേക്കും ഒടുവിൽ പ്രാദേശികമായ ഫുഡ് ചെയിനിലേക്കും (Food chain) പടരുകയും ചെയ്യുന്നു. ഇത്തരം മേഖലകൾക്ക് സമീപം ജീവിക്കുന്ന കുട്ടികളിൽ ഈ പദാർത്ഥങ്ങളുടെ ചെറിയ തോതിലുള്ള സാന്നിധ്യം പോലും മാറ്റാനാവാത്ത കോഗ്നിറ്റീവ് ഇംപെയർമെന്റ് (Cognitive impairment), ഡെവലപ്പ്മെന്റൽ ഇഷ്യൂസ് (Developmental issues) എന്നിവയ്ക്ക് കാരണമാകുമെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (2021) രേഖപ്പെടുത്തിയിട്ടുണ്ട്. AI യുഗത്തിന്റെ ഏറ്റവും വലിയ വൈരുദ്ധ്യം ഇതാണ്: ഉത്തരാർദ്ധം ഈ ചിപ്പുകൾ ഉപയോഗിച്ച് ലാർജ് ലാംഗ്വേജ് മോഡലുകളും (Large Language Models) ആർട്ടിഫിഷ്യൽ ഇന്റലിജൻസും വികസിപ്പിക്കുമ്പോൾ അതേ സാങ്കേതികവിദ്യയുടെ ഭൗതികാവശിഷ്ടങ്ങൾ ദക്ഷിണാർദ്ധത്തിലെ ഭാവിതലമുറയുടെ ബയോളജിക്കൽ ഇന്റലിജൻസിനെയും (Biological intelligence) ആരോഗ്യത്തെയും വ്യവസ്ഥാപിതമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നു

റോബ് നിക്സൺ

ഈ വിഷബാധയെ റോബ് നിക്സൺ (2011) സ്ലോ വയലൻസ് (Slow Violence) എന്ന് വിശേഷിപ്പിക്കുന്നു. വിവിധങ്ങളായ ടെമ്പോറൽ സ്കെയിലുകളിൽ (Temporal scales) അരങ്ങേറുന്ന ഒരു വിനാശമാണിത്. ഒരു പ്രകൃതി ദുരന്തത്തിന്റെ പെട്ടെന്നുള്ള ആഘാതം പോലെയല്ലാതെ ഒരു ഗ്രാമത്തിലെ ജലസ്രോതസ്സുകളിൽ മെർക്കുറി കലരുന്നത് ക്രമാനുഗതവും എന്നാൽ അദൃശ്യവുമായ ഒരു മഹാദുരന്തമാണ് (Catastrophe). സമ്പന്നരുടെ വ്യാവസായിക അതിപ്രസരങ്ങൾ പുറന്തള്ളുന്ന മാലിന്യങ്ങളെ സ്വീകരിക്കാനുള്ള സിങ്കുകൾ (Sinks) ആയി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശരീരങ്ങളെ പരിഗണിക്കുന്ന എൻവയോൺമെന്റൽ റേസിസം (Environmental racism) അഥവാ പാരിസ്ഥിതിക വംശീയതയുടെ ഒരു രൂപമാണിത്. ഈ മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ ഘടന വിശകലനം ചെയ്യുമ്പോൾ ആഗോള ഉത്തരാർദ്ധം കേവലം ഉപയോഗിച്ച സാധനങ്ങളെയല്ല മറിച്ച് മോർട്ടാലിറ്റി (Mortality) അഥവാ മരണനിരക്കിനെത്തന്നെയാണ് കയറ്റുമതി ചെയ്യുന്നത് എന്ന് വ്യക്തമാകുന്നു. ഒരു സോഷ്യോ ഇക്കണോമിക് പവർ സെന്റർ (Socio – economic power center) എന്ന നിലയിൽ ഉത്തരാർദ്ധം ഡിജിറ്റൽ യുഗത്തിലെ ഏറ്റവും മാരകമായ വശങ്ങളെ എക്സ്റ്റേണലൈസ് (Externalize) ചെയ്തുകൊണ്ട് തങ്ങളുടെ ഹരിതാഭമായ പ്രതിച്ഛായ നിലനിർത്തുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഹെവി മെറ്റൽസുകൾ (Heavy metals) ദക്ഷിണാർദ്ധത്തിന്റെ മാത്രം ഭാരമായാണ്  അവശേഷിക്കുന്നത് എന്നതാണ് യാഥാർഥ്യം.

അൽഗോരിതമിക് ഇൻജസ്റ്റിസ്: ക്ലീൻ കമ്പ്യൂട്ടിംഗിന്റെ ധാർമ്മിക ശൂന്യത

ഗ്രീൻ എ ഐ (Green AI) എന്ന വിഷയത്തിൽ നിലനിൽക്കുന്ന ഇന്നത്തെ ചർച്ചകൾ ഗൗരവകരമായ ഒരു എത്തിക്കൽ പാരഡോക്സ് (Ethical paradox) അഥവാ ധാർമ്മിക വൈരുദ്ധ്യത്തെയാണ് മുന്നോട്ട് വെക്കുന്നത്. ആഗോള ഉത്തരാർദ്ധം കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ എ ഐ ഉപയോഗിക്കുമ്പോൾ തന്നെ അതിന്റെ ഹാർഡ്‌വെയർ മാലിന്യങ്ങളിലൂടെ ആഗോള ദക്ഷിണത്തിന്റെ പാരിസ്ഥിതിക തകർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കാർബൺ സീക്വസ്ട്രേഷൻ (Carbon sequestration), റിന്യൂവബിൾ എനർജി ഒപ്റ്റിമൈസേഷൻ (Renewable energy optimization), ക്ലൈമറ്റ് മോഡലിംഗ് (Climate modeling) എന്നിവയ്ക്കുള്ള അത്യന്താപേക്ഷിതമായ ഉപാധിയായി ടെക് കോൺഗ്ലോമറേറ്റുകൾ (Tech conglomerates) എ ഐയെ നിരന്തരം ഉയർത്തിക്കാട്ടുന്നു. എന്നാൽ ക്ലീൻ കമ്പ്യൂട്ടിംഗ് (Clean computing) എന്ന ഈ ആഖ്യാനം നിക്ക് കൗൾഡ്രിയും യുലിസസ് മെജിയാസും (2019) വിവരിക്കുന്ന ഡാറ്റാ കൊളോണിയലിസത്തെ (Data Colonialism) പൂർണ്ണമായും അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ ഫ്രെയിംവർക്കിനുള്ളിൽ (Framework) ആഗോള ഉത്തരാർദ്ധം അസംസ്‌കൃത വിഭവങ്ങൾ അതായത് ഡാറ്റയും ധാതുക്കളും വേർതിരിച്ചെടുക്കുകയും അതിന്റെ ഭൗതിക ചെലവുകൾ അഥവാ ടോക്സിക് വേസ്റ്റ് (Toxic waste) ആഗോള ദക്ഷിണത്തിലേക്ക് എക്സ്റ്റേണലൈസ് (Externalize) ചെയ്യുകയും ചെയ്യുന്നു. ഉത്തരാർദ്ധത്തിന് ഒരു സസ്റ്റൈനബിൾ ഫ്യൂച്ചർ (Sustainable future) വിഭാവനം ചെയ്യാൻ ഉപയോഗിക്കുന്ന അതേ ഉപകരണങ്ങൾ തന്നെ ദക്ഷിണാർദ്ധത്തിന്റെ ഇക്കോളജിക്കൽ ഡിസ്ട്രക്ഷൻ (Ecological destruction) അഥവാ പാരിസ്ഥിതിക നാശത്തിനുള്ള ഭൗതിക ഉപാധികളായി മാറുന്നു എന്നതാണ് ഇവിടുത്തെ ധാർമ്മിക അധഃപതനം.

കമ്പ്യൂട്ടിംഗിന്റെ പശ്ചാത്തലത്തിലുള്ള ജെവോൺസ് പാരഡോക്സ് (Jevons Paradox) ഈ കപടതയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. AI ചിപ്പുകൾ കൂടുതൽ കാര്യക്ഷമമാകുമ്പോൾ കമ്പ്യൂട്ട് (Compute) എന്ന ആവശ്യകത കുറയുന്നതിന് പകരം അത് സ്ഫോടനാത്മകമായി വർദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഹാർഡ്‌വെയർ ഉൽപാദനത്തിലും തുടർന്നുണ്ടാകുന്ന മാലിന്യത്തിലും വലിയ തോതിലുള്ള വർദ്ധനവിന് കാരണമാകുന്നു. മൂലധനത്തിന്റെ അധികാര കേന്ദ്രമെന്ന നിലയിൽ ആഗോള ഉത്തരാർദ്ധം നവീനതയുടെ ശില്പിയായി തുടരുമ്പോൾ ആഗോള ദക്ഷിണം ഒരു ഡിജിറ്റൽ ജാനിറ്റർ (Digital janitor) അഥവാ ഡിജിറ്റൽ ശുചീകരണ തൊഴിലാളിയുടെ റോളിലേക്ക് തള്ളപ്പെടുന്നു. ഉത്തരാർദ്ധം സുസ്ഥിരതയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും അതേസമയം തന്നെ ഉപേക്ഷിക്കപ്പെട്ട GPU-കൾക്കായി ദക്ഷിണത്തെ ഒരു സാക്രിഫിഷ്യൽ സോൺ (Sacrifice zone) ആയി നിലനിർത്തുന്ന സോഷ്യോ ഇക്കണോമിക് സ്ട്രക്ചർ (Socio-economic structure) പിന്തുടരുകയും ചെയ്യുന്ന ടെക്നോളജിക്കൽ പറ്റേണലിസത്തിന്റെ (Technological paternalism) ഒരു രൂപമാണിത്. ശക്തമായ എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (Extended Producer Responsibility – EPR) ഇല്ലാത്തതിനാൽ തങ്ങളുടെ ഉൽപന്നങ്ങളുടെ അന്ത്യഘട്ടത്തെക്കുറിച്ചുള്ള ഉത്തരവാദിത്തം ബാലൻസ് ഷീറ്റുകളിൽ (Balance sheets) ഉൾപ്പെടുത്താതെ തന്നെ എൻവിഡിയ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കോർപ്പറേഷനുകൾ റെക്കോർഡ് ലാഭം കൊയ്യുന്നു.

മാത്രവുമല്ല ഈ അനീതി ദക്ഷിണാർദ്ധത്തിന്റെ ഡിജിറ്റൽ സോവറിൻറ്റിയെ (Digital sovereignty) അടിച്ചമർത്തുന്നു. ഉത്തരാർദ്ധത്തിലെ എ ഐ സാങ്കേതികവിദ്യയുടെ വിഷലിപ്തമായ ഭാരം ഈ രാജ്യങ്ങൾ ചുമക്കുമ്പോഴും ആ സാങ്കേതികവിദ്യയുടെ സാമ്പത്തിക ലാഭങ്ങളിൽ നിന്ന് അവർ പലപ്പോഴും പുറന്തള്ളപ്പെടുന്നു. വിഭവചൂഷണം മാലിന്യനിക്ഷേപം എന്നിങ്ങനെ എ ഐ ആയുഷ്കാലത്തിലെ ഏറ്റവും മാരകമായ ഘട്ടങ്ങളിൽ മാത്രമാണ് ദക്ഷിണാർദ്ധം ഉൾച്ചേർക്കപ്പെടുന്നത്. ഇത് ഒരുതരം ഡിജിറ്റൽ പാരതന്ത്ര്യം സൃഷ്ടിക്കുന്നു. ടോസ്കാനോ (2023) സൂചിപ്പിക്കുന്നത് പോലെ ഉത്തരാർദ്ധവും ദക്ഷിണാർദ്ധവും കേവലം ഭൂപടത്തിലെ സ്ഥലങ്ങളല്ല മറിച്ച് ആഗോളതലത്തിലുള്ള ഹൈറാർക്കി ഓഫ് ഹാം (Hierarchy of harm) അഥവാ ഉപദ്രവങ്ങളുടെ മുൻഗണനാക്രമത്തിലെ സ്ഥാനങ്ങളാണ്. തങ്ങളുടെ ഡിജിറ്റൽ ഭ്രമത്തിന്റെ മലിനമായ യാഥാർത്ഥ്യങ്ങളെ ഓഫ്‌ഷോറിംഗ് (Offshoring) ചെയ്തുകൊണ്ട് സ്വന്തം രാജ്യങ്ങളിൽ ഒരു ക്ലീൻ എൻവയോൺമെന്റ് (Clean environment) നിലനിർത്താൻ ഉത്തരാർദ്ധം തങ്ങളുടെ സാമ്പത്തിക അധികാരം ഉപയോഗിക്കുന്നു.

പീറ്റർ ലിറ്റിൽ

ആത്യന്തികമായി എ ഐ യുഗത്തിലെ വെയ്സ്റ്റ് കൊളോണിയലിസം (Waste colonialism) എന്നത് ഈ വ്യവസായത്തിന്റെ ഒരു ചെറിയ പിഴവല്ല മറിച്ച് അതൊരു സ്ട്രക്ചറൽ നെസസിറ്റി (Structural necessity) അഥവാ ഘടനാപരമായ അനിവാര്യതയാണ്. ഇന്റലിജന്റ് മോഡലുകളുടെ ദ്രുതഗതിയിലുള്ള ആവർത്തനം നിലനിർത്താൻ നിയമപരമായും ഭൂമിശാസ്ത്രപരമായും അകലെയുള്ള ഒരു സിങ്ക് (Sink) ഉത്തരാർദ്ധത്തിന് ആവശ്യമാണ്. അതിനാൽ അൽഗോരിതമിക് ഇൻജസ്റ്റിസ് (Algorithmic injustice) എന്നത് ദക്ഷിണാർദ്ധത്തിലെ മനുഷ്യജീവനേക്കാൾ ഉത്തരാർദ്ധത്തിലെ  നിരീക്ഷണങ്ങൾക്ക് മൂല്യം നൽകുന്ന രീതിയാണ്. ആഗോള ഉത്തരാർദ്ധ രാഷ്ട്രങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ദയനീയാവസ്ഥക്ക് മുകളിൽ കെട്ടിപ്പടുക്കുന്ന ഒരു ഭയാനകമായ ലോകമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ഉപസംഹാരം: ചൂഷണരഹിതമായ ഒരു ഡിജിറ്റൽ ഫ്യൂച്ചറിലേക്ക്

മനുഷ്യന്റെ സർഗ്ഗാത്മകതയുടെ ഭാരമില്ലാത്ത അത്ഭുതമായി പലപ്പോഴും വിപണനം ചെയ്യപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇൻവിസിബിൾ എഞ്ചിൻ (Invisible Engine) യഥാർത്ഥത്തിൽ വിനാശകരവും കൊളോണിയൽ സ്വഭാവമുള്ളതുമായ ഒരു ഭൗതിക ചക്രഗതിയോട് ബന്ധിക്കപ്പെടാറുണ്ട്. ഈ പ്രബന്ധത്തിൽ വാദിക്കുന്നതു പോലെ ആഗോള ഉത്തരാർദ്ധത്തിലെ കമ്പ്യൂട്ട് (Compute) എന്ന അത്യാഗ്രഹത്താൽ നയിക്കപ്പെടുന്ന AI ഹാർഡ്‌വെയറുകളുടെ ദ്രുതഗതിയിലുള്ള മാറ്റം വെയ്സ്റ്റ് കൊളോണിയലിസത്തിന്റെ ഒരു പുതിയ കാലഘട്ടത്തെ തന്നെ സൃഷ്ടിക്കുന്നുണ്ട്. ഈ ടോക്സിക് ഫീഡ്ബാക്ക് ലൂപ്പിനെ (Toxic Feedback Loop) വിശകലനം ചെയ്യുമ്പോൾ ആഗോള ദക്ഷിണം ഒരു ഡബിൾ ജപ്പാർഡി (Double-jeopardy) അഥവാ ഇരട്ട പ്രതിസന്ധിയിലേക്ക് തള്ളപ്പെട്ടതായി നമുക്ക് കാണാം. ചിപ്പുകളുടെ നിർമ്മാണഘട്ടമായ ആൽഫയിൽ (Alpha) അക്രമാസക്തമായ ധാതു ഖനനത്തിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ദക്ഷിണം അവയുടെ ഒമേഗയിൽ (Omega) ഉത്തരാർദ്ധത്തിന്റെ അപകടകരമായ ഇ – വേസ്റ്റിന്റെ അവസാന സിങ്ക് (Sink) ആയി മാറുന്നതിലൂടെ വീണ്ടും വിഷലിപ്തമാക്കപ്പെടുന്നു. ഇത് കേവലം ഒരു പാരിസ്ഥിതിക പ്രതിസന്ധിയല്ല മറിച്ച് നെക്രോ പൊളിറ്റിക്സിന്റെ (Necro-politics) ഒരു വ്യവസ്ഥാപിത രൂപമാണ്. ഇവിടെ ഒരു സോഷ്യോ ഇക്കണോമിക് ക്ലാസ്സിന്റെ സാങ്കേതിക പുരോഗതി മറ്റൊന്നിന്റെ ജൈവികമായ ജീർണ്ണതയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്.

​നമ്മുടെ നിലവിലെ ഡിജിറ്റൽ പാതയിലെ മോറൽ ഡെഫിസിറ്റ് (Moral deficit) എന്നത് ഗ്രീൻ എ ഐ (Green AI) നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങളിലാണ് നിലനിൽക്കുന്നത്. അൽഗോരിതങ്ങൾ ഉൾക്കൊള്ളുന്ന ഭൗതിക രൂപങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഭൂഗർഭ ജലത്തിലേക്ക് ലെഡും മെർക്കുറിയും ഒഴുക്കിവിടുമ്പോൾ അൽഗോരിതങ്ങളിലൂടെ ആഗോള പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് നമുക്ക് അവകാശപ്പെടാൻ സാധിക്കില്ല. ഈ വിടവ് നികത്താൻ ആഗോള സമൂഹം ക്ലൗഡ് (Cloud) എന്ന രൂപകത്തിന് അപ്പുറത്തേക്ക് മാറുകയും ഡാറ്റയുടെ മെറ്റീരിയലിറ്റി (Materiality) അഥവാ ഭൗതികതയെ അഭിമുഖീകരിക്കുകയും വേണം. ഇതിനായി ഹാർഡ്‌വെയറുകൾ ഹൈപ്പർ ഒബ്സലേസൻസിന് (Hyper – obsolescence) പകരം ദീർഘകാലാടിസ്ഥാനത്തിലും മൊഡ്യൂളർ റിപ്പയറിംഗിനും (Modular repair) അനുയോജ്യമായ രീതിയിൽ നിർമ്മിക്കുന്ന സർക്കുലർ എ ഐ ഡിസൈനിലേക്ക് (Circular AI Design) ഒരു സമൂലമായ മാറ്റം ആവശ്യമാണ്. കൂടാതെ ചാരിറ്റിയുടെ മറവിൽ തങ്ങളുടെ മോർട്ടാലിറ്റി (Mortality) കയറ്റുമതി ചെയ്യാൻ ബിഗ് ടെക്കിനെ (Big Tech) അനുവദിക്കുന്ന നിയമപരമായ പഴുതുകൾ ഇല്ലാതാക്കാൻ ബേസൽ കൺവെൻഷൻ (Basel Convention) പോലുള്ള അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും പരിഷ്കരിക്കുകയും വേണം.

​ആത്യന്തികമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്റലിജൻസിന്റെ (Intelligence) മാനദണ്ഡം ഒരു അൽഗോരിതത്തിന്റെ വേഗതയോ ലാർജ് ലാംഗ്വേജ് മോഡലുകളുടെ (Large Language Model) സങ്കീർണ്ണതയോ ആകരുത്. മറിച്ച് അതിന്റെ ഭൗതികമായ പാദമുദ്രകളുടെ സുസ്ഥിരതയും നീതിയുമായിരിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പൈതൃകം വിഷലിപ്തമായ ഭൂമിയും ആഗോള അസമത്വത്തിന്റെ ആഴത്തിലുള്ള വിടവുമാണെങ്കിൽ അതിനെ ഒരു വിജയമായി കണക്കാക്കാൻ കഴിയില്ല. ഉത്തരാർദ്ധത്തിന്റെ ഡിജിറ്റൽ ഇൻസൈറ്റുകൾക്കായുള്ള (Insights) അന്വേഷണം ദക്ഷിണാർദ്ധത്തിന്റെ മേൽ ഇനിമുതൽ പുരോഗതിയുടെ വിഷലിപ്തമായ ഭാരം അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നമ്മുടെ സാങ്കേതിക ഭാവി പുനർനിർവചിക്കപ്പെടണം. എങ്കിൽ മാത്രമേ പ്രോസസ്സറിന്റെ വേഗതയോളം തന്നെ മണ്ണിന്റെ ആരോഗ്യത്തിനും വിലകൽപ്പിക്കുന്ന യഥാർത്ഥമായ ഒരു ആഗോള ഇന്റലിജൻസിലേക്ക് നമുക്ക് നീങ്ങാൻ സാധിക്കൂ.

References

  1. Down To Earth. “Big Polluter.” Down To Earth. 
    https://www.downtoearth.org.in/environment/big-polluter-15592.
  2. World Health Organization. Children and Digital Dumpsites: E-waste Exposure and Child Health. Geneva: World Health Organization, 2021.
  3. Toscano, Alberto. Terms of Disorder: Keywords for an Interregnum. London: Seagull Books, 2023.
  4. United Nations Environment Programme. Basel Convention on the Control of Transboundary Movements of Hazardous Wastes and Their Disposal. Basel: UNEP, 1989. Amended 2019.
  5. Rucevska, Ivana, et al. “Waste Crime—Waste Risks: Gaps in Meeting the Global Waste Challenge.” International Journal of Environmental Research and Public Health 21, no. 1 (2024). https://pmc.ncbi.nlm.nih.gov/articles/PMC10815197/.
  6. Earth.org. “Waste Colonialism: A Brief History of Dumping Rich Countries’ Trash in the Global South.” Earth.org. https://earth.org/waste-colonialism-a-brief-history-of-dumping-rich-countries-trash-in-the-global-south/.

 

ഹനീൻ ഹൈദർ