Campus Alive

സിദ്ധാന്തത്തിന്റെ സിദ്ധാന്തം

ചരിത്രം, പ്രപഞ്ചം, പദാർത്ഥങ്ങൾ തുടങ്ങിയ താൻ ഇടപെടുന്ന ജീവിത വ്യവഹാരങ്ങളെയെല്ലാം ഗ്രഹിച്ചെടുക്കാൻ മനുഷ്യൻ ആശ്രയിക്കുന്നത് സിദ്ധാന്തങ്ങളെയാണ്. അതിരുകളില്ലാതെ വിഹരിക്കുന്ന മനുഷ്യചിന്തയെ നിർണിതപ്പെടുത്താനും കൃത്യതയാർന്ന വീക്ഷണങ്ങളെ രൂപപ്പെടുത്താനും സിദ്ധാന്തങ്ങൾ സഹായിക്കുന്നു. സിദ്ധാന്തത്തെ ആശ്രയിച്ചാണ് എല്ലാ ജ്ഞാനശാസ്ത്രങ്ങളെയും പ്രായോഗിക പദ്ധതികളെയും നാം വിശകലനം ചെയ്യുന്നത്. എന്നാൽ, കേവലം ഒരു കാര്യത്തെ ഗ്രഹിക്കുക, നിർവചിക്കുക എന്നത് മാത്രമല്ല സിദ്ധാന്തങ്ങൾ നിർവ്വഹിക്കുന്ന ധർമ്മം. ഒരു നാഗരികതയെ തന്നെ നിർമ്മിക്കാനും സ്ഥാപിച്ചെടുക്കാനും ശേഷിയുള്ള ബൃഹത്തായ സാമൂഹിക വിമോചന പദ്ധതിയായി സിദ്ധാന്തങ്ങളെ നാം മനസ്സിലാക്കേണ്ടതുണ്ട്. സിദ്ധാന്തങ്ങളുടെ രൂപീകരണ പ്രക്രിയയെക്കുറിച്ചുള്ള അന്വേഷണങ്ങളിലൂടെ നമുക്കത് ബോധ്യപ്പെടും.

നിലനിൽക്കുന്ന വ്യവസ്ഥിതി വ്യക്തിയിൽ രൂപപ്പെടുത്തുന്ന അമർഷം, വെറുപ്പ്, നൊമ്പരം, ആകുലത തുടങ്ങിയ ആന്തരികമായ സംഘർഷങ്ങളാണ് വിമർശനാത്മകമായ ചിന്തകൾക്ക് തിരി കൊളുത്തുന്നതും സിദ്ധാന്തങ്ങളായി ആവിർഭവിക്കുകയും ചെയ്യുന്നതെന്ന് അമേരിക്കൻ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബെൽ ഹുക്‌സ് നിരീക്ഷിക്കുന്നുണ്ട്.(1)വളരെ സ്വാഭാവികവും വ്യവസ്ഥാപിതവുമായി നിലനിൽക്കുന്ന അനീതിയുടെ അനുഭവങ്ങൾ മനുഷ്യ മനസ്സിൽ സൃഷ്ടിക്കുന്ന മുറിപ്പെടുത്തുന്ന നൊമ്പരങ്ങളെ ശമിപ്പിക്കാനുള്ള പരിശ്രമങ്ങൾ തീക്ഷ്ണമായ ചിന്തകളും അന്വേഷണങ്ങളുമായി പരിണമിക്കുമ്പോൾ സിദ്ധാന്തങ്ങൾ സാക്ഷാൽക്കരിക്കപ്പെടുന്നു. ജീവിത സാഹചര്യവുമായി ഇണക്കം ആരംഭിക്കുന്ന ഘട്ടത്തിൽ കുട്ടികളിൽ ഉത്ഭവിക്കുന്ന സന്ദേഹപരമായ ചോദ്യങ്ങളും അന്വേഷണങ്ങളും മേൽ പറഞ്ഞ വിധത്തിലുള്ള സിദ്ധാന്ത രൂപികരണത്തിന്റെ മാതൃകയാണ്. ഏറ്റവും മികച്ച സൈദ്ധാന്തികർ കുട്ടികളാണെന്ന് ടെറി ഈഗിൾടൺ(2) തന്റെ ‘ദ സിഗ്നിഫിക്കൻസ് ഓഫ് തിയറി’ എന്ന കൃതിയിൽ സൂചിപ്പിക്കുന്നുണ്ട്. നാം നിത്യമായി നിർവഹിച്ചു വരുന്ന സാമൂഹിക ശീലങ്ങളെ സ്വാഭാവികമായി ഉൾകൊള്ളാൻ അവർ പഠിപ്പിക്കപ്പെട്ടിട്ടില്ല. നമ്മുടെ സാമൂഹിക ശീലങ്ങളെ സമാനമായി സ്വാംശീകരിക്കുന്നതിന് ബദലായി കാര്യങ്ങളെ വ്യത്യസ്തമായ വീക്ഷണകോണിൽ മനസ്സിലാക്കാനാണ് അവർ ശ്രമിക്കുന്നത്.

വേദനകളും അധിക്ഷേപങ്ങളും സൃഷ്ടിച്ച മുറിവുകൾ ഓർമകളാൽ വീണ്ടെടുക്കുമ്പോഴാണ് വിമർശനാത്മക സാമൂഹിക ചിന്ത സാധ്യമാവുന്നതെന്ന് തന്റെ അനുഭവത്തെ മുൻനിർത്തി സൈക്കോ അനലിസ്റ്റ് ആലീസ് മില്ലർ(3) എഴുതുന്നുണ്ട്. കഴിഞ്ഞു പോയ ജീവിതാനുഭവങ്ങളെ കുറിച്ചുള്ള പുനരാലോചനകളിലൂടെയാണ് സിദ്ധാന്തവൽക്കരണ പ്രക്രിയയിൽ ഏർപ്പെടാൻ പലപ്പോഴും നാം നിർബന്ധിതരാവുന്നത്. അതിനാൽ, പ്രായോഗികതയിൽ (practice) നിന്ന് അടർത്തി മാറ്റി സിദ്ധാന്തത്തെ വിവക്ഷിക്കുന്നത് വസ്തുതാ വിരുദ്ധമാണ്. പ്രായോഗിക ജീവിതത്തിൽ ക്രിയാത്മകമായി ഇടപെട്ട് കൊണ്ട് തന്നെയാണ് സിദ്ധാന്തങ്ങളുടെ വികാസം സാധ്യമാവുന്നത്. ജീവാതാനുഭവങ്ങളെ സൈദ്ധാന്തികവൽക്കരിക്കുന്ന പ്രക്രിയ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരത്തെ ഇല്ലാതാക്കുകയും സ്വയം വീണ്ടെടുക്കലിനെയും സാമൂഹിക വിമോചനത്തെയും സാക്ഷാത്കരിക്കുകയും ചെയ്യുന്നുണ്ടെന്ന് ബെൽ ഹുക്‌സ് വ്യക്തമാക്കുന്നുണ്ട്. സൈദ്ധാന്തിക മുക്തമായൊരു പ്രായോഗിക പദ്ധതിയും പ്രായോഗികമല്ല എന്നതാണ് വാസ്തവം. സൈദ്ധാന്തിക പ്രവർത്തനത്തെ വ്യർഥമായ കർമ്മമായി ന്യൂനീകരിക്കുന്ന പ്രായോഗിക വക്താക്കളും സവിശേഷമായി സ്ഥാപിതമായ ഒരു സിദ്ധാന്തത്തെ ആശ്രയിച്ചാണ് തങ്ങളുടെ പ്രായോഗികതയെ സാക്ഷാൽക്കരിക്കുന്നത്. സിദ്ധാന്തത്തെയും പ്രയോഗത്തെയും വ്യത്യസ്ത ധ്രുവങ്ങളായി മനസ്സിലാക്കാനുള്ള ശ്രമം സിദ്ധാന്തത്തിന്റെ വിമോചനാത്മകമായ ജ്ഞാനോൽപാദന ശേഷിയെ റദ്ദ് ചെയ്യുന്നുണ്ട്. പ്രായോഗിക അനുഭവങ്ങളെ മാത്രം ആധാരമാക്കി സിദ്ധാന്തങ്ങൾ സാധ്യമാക്കുന്ന സംവാദങ്ങളെ നിഷേധിക്കുന്നത് കൃത്യമായ വൈജ്ഞാനിക അസഹിഷ്ണുതയാണ്. സ്ഥാപിതമായൊരു തത്വത്തെ അവലംബിച്ച് സാമൂഹിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതല്ല സിദ്ധാന്തവൽക്കരണ പ്രക്രിയ, മറിച്ച് നിലവിലുള്ള സാമൂഹിക യാഥാർഥ്യത്തെ ഉൾകൊണ്ട് പ്രായോഗികമായ പരിഹാരം സാധ്യമാക്കുകയാണത് ചെയ്യുന്നത്.

ആരാണ് സിദ്ധാന്തങ്ങൾ നിർമ്മിക്കുന്നത് എന്ന അന്വേഷണം വളരെ പ്രസക്തമാണ്. സിദ്ധാന്തങ്ങളുടെ നിർമ്മാണ സ്രോതസ്സിനെ ആശ്രയിച്ചാണ് അത് ഉൽപാദിപ്പിക്കുന്ന നിർമാണാത്മകതയും സംഹാരാത്മകതയും നിർണയിക്കപ്പെടുന്നത്. സിദ്ധാന്ത നിർമാണത്തിൽ പ്രാഥമികമായി വേണ്ടത് നിലനിൽക്കുന്ന സാമൂഹിക ഘടനയെ സംബന്ധിച്ചുളള സൂക്ഷ്മമായ ജ്ഞാനമാണ്. അതിലൂടെ മാത്രമാണ് നിലവിലെ സാമൂഹിക വ്യവസ്ഥ ഉൽപാദിപ്പിക്കുന്ന ഹിംസയുടെ വേരുകളെ തിരിച്ചറിഞ്ഞ് അവയുടെ അപനിർമാണം സാധ്യമാവുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം, തങ്ങളുടെ അസ്തിത്വത്തെ തന്നെ സ്ഥാപിച്ചെടുക്കാനും അതിജീവന പോരാട്ടത്തെ ശക്തിപ്പെടുത്താനുമുള്ള വിമോചന പദ്ധതിയാണ് സിദ്ധാന്തം. അതിജീവനം സാധ്യമാണെന്ന ഉറച്ച ബോധ്യവും പ്രത്യാശയുമാണ് അടിച്ചമർത്തപ്പെട്ടവരുടെ സിദ്ധാന്തവൽക്കരണ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നത്. എന്നാൽ, അത്തരം അതിജീവന ശ്രമങ്ങളെ നിയന്ത്രിച്ച് പരിമിതപ്പെടുത്തുകയാണ്
ജ്ഞാനോൽപാദന പ്രക്രിയയുടെ കുത്തക അവകാശപ്പെടുന്ന വരേണ്യ അധീശത്വ വിഭാഗങ്ങൾ ചെയ്യുന്നത്. ലോകത്ത് യൂറോ കേന്ദ്രീകൃതമായ സെക്കുലർ വിജ്ഞാനം നടത്തിയ ജ്ഞാനശാസ്ത്രപരമായ ഹിംസ ഇതിനുദാഹരണമാണ്. ശ്രേണീകൃതമായ അസമത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സാമൂഹിക ഘടനയും വൈജ്ഞാനിക വരേണ്യതയെ സ്ഥാപനവൽകൃതമായി നിലനിർത്തുന്നുണ്ട്. അത് കൊണ്ടാണ് വരേണ്യ സാമൂഹിക വിഭാഗങ്ങൾ ജനനം കൊണ്ട് തന്നെ സിദ്ധാന്ത നിർമ്മാണത്തിന് അർഹരാവുന്നതും കീഴാള സാമൂഹിക വിഭാഗങ്ങൾക്ക് ആ അർഹത നിഷേധിക്കപ്പെടുന്നതും.

സിദ്ധാന്തം സിദ്ധാന്തമായി പരിഗണിക്കപ്പെടാൻ സ്വയം ഉപാധികൾ നിർണയിച്ച് പാർശ്വവൽകൃത സാമൂഹിക വിഭാഗങ്ങളുടെ ജ്ഞാനോൽപാദന ശ്രമങ്ങളെ അവഗണിക്കുകയാണ് അധീശത്വ ശക്തികൾ ചെയ്യുന്നത്. ‘ഭീകരതാവിരുദ്ധത’യെ പോലുള്ള വ്യവഹാരങ്ങളെ മുൻനിർത്തി അരികുകളിൽ നിന്ന് രൂപപ്പെടുന്ന രാഷ്ട്രീയ കൃത്യതയുള്ള സൈദ്ധാന്തിക ചോദ്യങ്ങളെ സിദ്ധാന്തവിരുദ്ധ പ്രവർത്തനങ്ങളായി ചിത്രീകരിച്ച് അവരുടെ അതിജീവന ശ്രമങ്ങളെ നിർവീര്യമാക്കാനാണ് വരേണ്യ അധികാര വർഗം ശ്രമിക്കുന്നത്. സിദ്ധാന്തവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി മനുഷ്യമനസ്സാക്ഷിയിൽ രൂപപ്പെടുന്ന ധാർമികരോഷത്തെയും വിമർശന ചിന്തയെയും മരവിപ്പിച്ചെടുക്കാനുള്ള ഇത്തരം അധീശത്വ ജ്ഞാന വ്യവഹാരങ്ങളെ പ്രതിരോധിക്കാൻ കഴിയും വിധത്തിൽ സിദ്ധാന്തങ്ങളുടെ വികാസം സാധ്യമാവേണ്ടതുണ്ട്. ഒരു നാഗരികതയുടെ സംസ്ഥാപനത്തിനും പുനർനിർമ്മാണത്തിനും സിദ്ധാന്തങ്ങൾ അനിവാര്യമാണ്. വിജ്ഞാനവും അത് രൂപപ്പെടുത്തുന്ന ഘടനയും മനസ്സിലാക്കി, അനീതി വ്യവസ്ഥയാവുന്നിടത്ത് ശക്തമായ പ്രതിരോധ ചിന്തകളെ ജ്വലിപ്പിച്ച് നിർത്തി, ആശ നഷ്ടപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ അതിജീവന ശ്രമങ്ങൾക്ക് ഊർജം പകർന്ന്, സാമൂഹിക നിർമ്മിതിയെ സാധ്യമാക്കുന്ന വിമോചന പദ്ധതിയായി സിദ്ധാന്തം സാക്ഷാൽക്കരിക്കപെടുമ്പോൾ മാത്രമാണ് സിദ്ധാന്ത ധർമ്മം പൂർത്തിയാവുന്നത്.

1. Bell Hooks, “Theory as Liberatory Practice.” Teaching to Trangress: Education as the Practice of Freedom. New York: Routlege, 1994.
2. Terry Eagleton, The Significance of Theory
3. Alice Miller, Prisoners of Childhood (1981)

ശിബിൻ റഹ്‌മാൻ