നഗര മധ്യത്തിലെ റാംസെസ് പള്ളിക്ക് തൊട്ടുമുന്നിൽ നിന്ന് ഞാൻ ഒരു ടാക്സി ക്യാബിൽ കയറി. ഡ്രൈവർ റാംസെസ് സ്ട്രീറ്റിലെ തിരക്കേറിയ റോഡുകളിലൂടെ വണ്ടി ഓടിച്ചുക്കൊണ്ടിരിക്കുകയും കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഒരു ചെറിയ ഖുർആൻ വച്ചിരിക്കുന്ന വെൽവെറ്റ് പൊതിഞ്ഞ പെട്ടിക്കു താഴെ, ടാക്സിയുടെ ഡാഷ് ബോർഡിനടിയിൽ ബോൾട്ട് ചെയ്ത ഒരു ടേപ്പ് പ്ലെയറിൻറെ തകർന്ന സ്പീക്കറുകളിലൂടെയും പൊടിയിൽ പൊതിഞ്ഞ ഇലക്ട്രോണിക്സിലൂടെയും ഒരു പ്രഭാഷണം പാടുപെട്ടു പുറത്തേക്കു കേൾക്കുന്നുണ്ട്. നേരത്തെ കേട്ട ഒന്നിലധികം ശബ്ദങ്ങളുടെ പകർപ്പുകളിൽ നിന്ന് പാരമ്പര്യമായി ലഭിച്ച വൈബ്രേഷൻ, സ്റ്റാറ്റിക്, ഹിസ്, സ്ക്വാക്ക് എന്നിവയ്ക്കൊപ്പം അതിന്റെ വാചാടോപമുള്ള വ്യത്യസ്ത രീതികളിലൂടെ ശബ്ദം കുതിച്ചുപായുകയും ക്രമാനുഗതമായി ഉയരുകയും ചെയ്യുന്നു. മൈക്രോഫോണിൽ പതിയുന്ന തെരുവിന്റെ ശബ്ദകോലാഹലങ്ങൾ തുടർച്ചയായി ഉയർന്നുവരികയും സംസാരിക്കുന്ന ശബ്ദത്തെ വിഴുങ്ങുകയും ചെയ്യുന്നു, ഇപ്പോൾ കാറിന്റെ അരോചകമായ ഹോണുകളുടേയും, നിലവിളികളുടേയും, തുരുമ്പിച്ച എക്സ്ഹോസ്റ്റ് പൈപ്പുകളുടെ കിരുകിരുപ്പുകളുടേയും പൊട്ടിത്തെറികളുടേയും ശബ്ദസമ്മിശ്രണം ഇവ ഇരട്ടിയാകുന്നു.
പിൻസീറ്റിൽ, രണ്ട് സുഹൃത്തുക്കൾ തമാശ പറഞ്ഞ് ചിരിക്കുന്നുണ്ട്, പെട്ടെന്നുള്ള നിർത്തലിലും, ബ്രേക്കിടലിലും, മുന്നോട്ടുള്ള കുതിപ്പിലും തിരക്കേറിയ ഇടുങ്ങിയ വഴികളിലൂടെ കാർ മുന്നോട്ട് പോകുമ്പോൾ അവർ തമ്മിൽ കൂട്ടിയിടിക്കുകയും അവർ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുകയും ചെയ്യുന്നു. കമ്പ്യൂട്ടർ ഭാഗങ്ങളുടെയും, ശീതളപാനീയങ്ങളുടെയും, ഏറ്റവും പുതിയ സിനിമകളുടെയും പരസ്യ ബോർഡുകൾ കട മുകളിലും തിരക്കേറിയ നടപ്പാതകൾക്കുമുകളിൽ ഉയർന്നുനിൽക്കുന്നത് കാണാം. ടേപ്പിലെ ശബ്ദം മരണത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള ഖുർആൻ വാക്യം ഉരുവിടുമ്പോൾ, ഡ്രൈവർ തന്റെ മുന്നിലേക്ക് കയറാൻ ശ്രമിക്കുന്ന കാറിനു നേരെ ഹോൺ മുഴക്കുന്നു: ‘എല്ലാ ആത്മാക്കളും മരണം ആസ്വദിക്കും…'(كُلُّ نَفْسٍ ذَآئِقَةُ الْمَوْت). പള്ളിയിൽ കൂടിയിരുക്കുന്നവരിൽ നിന്നുള്ള നിലവിളികളും ഒരു കൂട്ടം പശ്ചാത്തല ശബ്ദങ്ങളുടെ കഠിനമായ മാറ്റൊലികളും കാതുകളിലേക്ക് തുളച്ചുകയറുകയും, തന്നെ കടന്നുപോകാൻ ശ്രമിക്കുന്ന കാറിനെ കടക്കുന്നതിനുവേണ്ടി വേഗത കൂട്ടികൊണ്ട്, ഡ്രൈവറുടെ ചുണ്ടുകൾ “ഏക ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല” എന്ന വാക്യം കേൾക്കാൻ പറ്റാത്ത രൂപത്തിൽ ചെറിയ ശബ്ദത്തിൽ അദ്ദേഹം ഉരുവിട്ടു. പിൻ സീറ്റിലിരുന്നൊരാൾ തന്റെ സംഭാഷണം നിർത്തി അഭിപ്രായപ്പെടുന്നു: ‘ആ പ്രഭാഷകൻ സൗദിക്കാരനായിരിക്കണം. നമ്മളെ യഥാർത്ഥത്തിൽ പേടിപ്പിക്കാൻ അറിയുന്നവരാണ് അവർ’. ടാക്സി യാത്രക്കാർ അവരുടെ നേരത്തെയുള്ള സംഭാഷണത്തിലേക്ക് മടങ്ങുകയും ഡ്രൈവർ ശബ്ദ ക്രമീകരിക്കുകയും ചെയ്യവേ, റെക്കോർഡ് ചെയ്ത ശബ്ദത്തിൽ നിന്ന് പ്രാർത്ഥനകളുടെ ഒരു നിര ആരംഭിക്കുന്നു: ‘അല്ലാഹു നമുടെ മരണ വേദന ലഘൂകരിക്കട്ടെ. അല്ലാഹു നമ്മുടെ ഖബറുകൾ പ്രകാശിപ്പിക്കട്ടെ. അല്ലാഹു വിചാരണാ ദിനത്തിൽ നമ്മെ സംരക്ഷിക്കട്ടെ.’ ഓരോ പ്രാർത്ഥനയ്ക്കും ശേഷം അവിടെയുള്ള ജനക്കൂട്ടം ‘ആമീൻ’ എന്നുച്ചരിക്കുമ്പോൾ സ്പീക്കറുകൾ കിടിലംകൊള്ളുന്നു.
ഈജിപ്റ്റ് 1973-ൽ ഇസ്രായേലുമായി നടത്തിയ യുദ്ധത്തിന്റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ജൂലൈ-26 പാലത്തിന്റെ പ്രവേശന കവാടത്തിനടുത്ത് ടാക്സി നിർത്തി, രണ്ട് യാത്രക്കാർ ഡ്രൈവർക്ക് പൈസ കൊടുത്ത് അവിടെ ഇറങ്ങുന്നു. ഗതാഗതത്തിലേക്ക് വീണ്ടും ലയിച്ചുചേർന്ന് ഡ്രൈവർ, ഉന്നത-മധ്യവർഗ്ഗ ഉപനഗരമായ മുഹന്ദിസിനിലേക്ക് എത്തിക്കുന്ന പാലത്തിന്റെ പ്രവേശന പാതയിലേക്ക് തിരിച്ചു.
പാലത്തിന്റെ കയറ്റത്തിലേക്ക് അടുക്കവേ, ടേപ്പിലെ ശബ്ദം ചോദിക്കുന്നു: ‘നിങ്ങൾ ചെയ്ത തിന്മകളെല്ലാം കാരണം ഖബർ നിങ്ങളെ എല്ലാ വശങ്ങളിൽ നിന്നും മുറുക്കിപ്പിടിക്കുമ്പോൾ നിങ്ങൾക്കെന്ത് തോന്നും?’ കടന്നുപോകുന്ന കാറിന്റെ തുറന്ന ജനാലയിൽ നിന്ന് മൈക്കിൾ ജാക്‌സന്റെ പ്രശസ്ത പാശ്ചാത്യ ഗാനത്തിന്റെ ബേസ് ലൈൻ ഒഴുകിയെത്തി വേഗം മറയുന്നു. ‘ഹേ ശൈഖേ, ആ മൂന്ന് ചോദ്യങ്ങളിലേക്ക് വരൂ,’ ദൈവിക വിചാരണയുടെ രംഗം വരാൻ പോകുന്നുവെന്ന് മുൻ അനുഭവത്തിൽ നിന്നറിയുന്ന ഡ്രൈവർ ആകാംക്ഷയോടെ വേഗത കൂട്ടിക്കൊണ്ട് അപേക്ഷിക്കുന്നു. പാലം കടന്നുപോകവേ, അദ്ദേഹം ഇപ്പോഴും അത് ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കുകയാണ്.
പശ്ചിമ ഏഷ്യയിലെ മതം, രാഷ്ട്രീയം, സമുദായം എന്നിവയുടെ രൂപീകരണത്തിൽ മുഖ്യമായ പങ്കുവഹിച്ച ഒരു ജനപ്രിയ ഇസ്ലാമിക മാധ്യമ രൂപത്തെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകം. ഇസ്ലാമിക നവോത്ഥാനത്തിന്റെ താൽക്കാലികമായ ചട്ടക്കൂടിന്റെ ഒരു പ്രധാന ഘടകം എന്ന നിലയിൽ, കാസറ്റ് പ്രഭാഷണങ്ങൾ മിക്ക പശ്ചിമേഷൻ നഗരങ്ങളിലും സർവ്വവ്യാപിയായ പശ്ചാത്തല ഗീതമായി മാറിയിരിക്കുന്നു. ഞാൻ മുകളിൽ പറഞ്ഞ ടാക്സി ഡ്രൈവറുടെ കൈറോയിലൂടെയുള്ള യാത്രയിലും സാധാരണ ജനങ്ങളുടെ ഭൗതിക ജീവിതത്തിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ കാസറ്റ് പ്രഭാഷണങ്ങളും കൂടെ സഞ്ചരിക്കുന്നു. ആകയാൽ എന്റെ വാദപ്രകാരം, പശ്ചിമേഷ്യയുടെ സമകാലിക ധാർമ്മികവും രാഷ്ട്രീയവുമായ ഭൂപ്രകൃതിയെ രൂപപ്പെടുത്തുന്നതിൽ ഈ ശ്രവണ മാധ്യമത്തിന്റെ (Aural media) സംഭാവന, ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനോ മതപരമായ പ്രത്യയശാസ്ത്രങ്ങൾ വളർത്തുന്നതിനോ ഉള്ള കഴിവിൽ മാത്രമല്ല, മറിച്ച് ഇത് മനുഷ്യ അനുഭവശേഷിയെ (Sensorium) തന്നെ സ്വാധീനിക്കുന്നതിനും, ആ കാരണത്താൽ ഇതിൻറെ വിശാല പ്രേക്ഷകരുടെ ഗ്രഹണക്ഷമതയെയും ബോധപൂർവ്വമായ ശീലങ്ങളെയും സ്വാധീനിക്കുന്നു.
ഈ മാധ്യമത്തിന്റെ പ്രചാരണത്തിലൂടെ ഉണ്ടാകുന്ന സൌണ്ട്സ്കേപ്പ് ഇന്ദ്രിയാവബോധവും സമകാലിക ഇസ്ലാമിക പുനരുജ്ജീവന മുന്നേറ്റങ്ങളെ ബലപ്പെടുത്താൻ ഉതകുന്ന അതിന്റെ സഹജമായ കഴിവുകളെ നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഇതിൻറെ ഉത്ഭവം മുതൽക്ക് തന്നെ, ഈ മുന്നേറ്റങ്ങൾ മതപരവും മതേതരവുമായ അധികാരത്തിന്റെ നിലവിലുള്ള ഘടനകളെ വിമർശിക്കുന്നതിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ മുന്നേറ്റത്തിന്റെ ഭാഗമായവർക്ക് സമകാലിക മുസ്ലിം സമൂഹങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ ദിശ നിർണയനം രാഷ്ട്രീയക്കാർക്കോ മതപണ്ഡിതർക്കോ തീവ്രവാദ പ്രവർത്തകർക്കോ വിട്ടുകൊടുക്കാൻ ഒരുക്കമല്ല, മറിച്ച് സാധാരണ മുസ്ലിംകൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കൂട്ടായി തീരുമാനിക്കുകയും നടപ്പിലാക്കുകയും വേണം. ഈ മുന്നേറ്റം സൃഷ്ടിച്ച വ്യക്തിഗതവും കൂട്ടായതുമായ ഉത്തരവാദിത്വത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ നാനാവിധ സ്ഥാപനങ്ങളും, മാധ്യമ രൂപങ്ങളും, പൊതു സാമൂഹികതയുടെ സമ്പ്രദായങ്ങളും ഉൾവഹിച്ചിരിക്കുന്നു.
അങ്ങനെ ചെയ്യുന്നതിലൂടെ, ഭാവിയിൽ വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാവുന്ന വിധം പശ്ചിമേഷ്യയിലെ രാഷ്ട്രീയ ഉള്ളടക്കത്തെ അവ സ്വാധീനിക്കുന്നുണ്ട്. പുനരുജ്ജീവന മുന്നേറ്റത്തിനും അത് സൃഷ്ടിച്ച പരിവർത്തനങ്ങൾക്കും കാസറ്റർ റെക്കോർഡ് ചെയ്ത പ്രഭാഷണത്തിന്റെ സംഭാവനയാണ് ഈ പുസ്തകം പരിശോധിക്കുന്നത്. ഞാൻ വിശകലനം ചെയ്യുന്ന ശ്രവണ രീതികൾ ഒരു വിപരീത ചരിത്രാന്വേഷണത്തെ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും (Counter History)-രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ആധുനിക രൂപീകരണങ്ങളെയും അവയെ നിലനിർത്തുകയും നിയമാനുസൃതമാക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളെയും എതിർക്കുന്ന-എന്നിരുന്നാലും ഈ ചരിത്രം സമകാലികതയിലും അതിൻറെ തീരത്തുനിന്ന് സങ്കൽപ്പിക്കാൻ കഴിയുന്ന ഭാവിയെ കുറിച്ചും ശക്തമായ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഇസ്ലാമിക കാസറ്റ് പ്രഭാഷണങ്ങൾ സാധാരണയായി അധോലോക സായുധ സംഘടനകളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും ആശയ പ്രചാരണ പ്രസംഗങ്ങളായിട്ടാണ് പാശ്ചാത്യ സുരക്ഷ സംവിധാനങ്ങൾ ബന്ധപെടുത്തിയിരിക്കുന്നത്. മുസ്ലീം തീവ്രവാദികൾ നടത്തിയ അക്രമാസക്തമായ ആക്രമണത്തെക്കുറിച്ചുള്ള സമീപകാല വാർത്തകളിലേക്ക് നോക്കിയാൽ, കുറ്റവാളികൾ ഉപേക്ഷിച്ച വസ്തുക്കളിൽ ഒരു ടേപ്പ് ചെയ്ത പ്രഭാഷണം ഉണ്ടാകാൻ സാധ്യതയുണ്ട്, അത് മറഞ്ഞിരുന്ന് ഈ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാനും പ്രചോദനം നൽകാനും കാരണമാകുന്നു എന്ന് പറയുന്നു. “ബിൻ ലാദന്റെ ലോ-ടെക് ആയുധം; ‘ന്യൂയോർക്ക് ടൈംസിന്റെ സമീപകാല ലേഖനം ഈ മാധ്യമ രൂപത്തെ വിശേഷിപ്പിക്കുന്നത് പോലെ,” രഹസ്യ രാഷ്ട്രീയ ആശയവിനിമയത്തിന് വളരെ അനുയോജ്യമാണ്, ഉപയോഗിക്കാൻ എളുപ്പവും സർക്കാരുകൾക്ക് നിയന്ത്രിക്കാൻ ഫലത്തിൽ അസാധ്യമായതും” (Nunberg 2004). ഇസ്ലാമിക മതഭ്രാന്തന്റെ പ്രതീകമായി കാസറ്റ് പ്രഭാഷണത്തിന്റെ ഈ ഭയപ്പെടുത്തുന്ന ചിത്രം 1979-ലെ ഇറാനിയൻ വിപ്ലവത്തിലേക്ക് ചേർത്ത് വായിക്കാറുണ്ട്.
ആയത്തുല്ലാഹ് ഖുമൈനിയുടെ റെക്കോർഡ് ചെയ്ത സന്ദേശങ്ങളുടെ വിതരണം ഷായെ അട്ടിമറിക്കുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട് (മുഹമ്മദ്, മുഹമ്മദ് 1994). 1993-ൽ വേൾഡ് ട്രേഡ് സെന്ററിൽ ആദ്യ ആക്രമണം നടത്തിയ മുസ്ലീം തീവ്രവാദികളെ പ്രേരിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തതിന് ശിക്ഷിക്കപ്പെട്ട ഈജിപ്ഷ്യൻ പുരോഹിതൻ ഷെയ്ഖ് ഒമർ അബ്ദുൾ റഹ്മാന്റെ വിചാരണയിലാണ് ഇസ്ലാമിക കാസറ്റ് പ്രഭാഷണം വീണ്ടും പ്രത്യക്ഷപ്പെട്ടത്. കേസ് ഫയൽ ചെയ്യുന്നതിൽ അബ്ദുൾ റഹ്മാന്റെ റെക്കോർഡ് ചെയ്ത പ്രഭാഷണങ്ങളെ പ്രോസിക്യൂഷൻ വളരെയധികം ആശ്രയിച്ചിട്ടുണ്ട്.

അതിനുശേഷം, ഒരു അറസ്റ്റിനോ ആക്രമണത്തിനോ ശേഷം അന്വേഷകർ ശേഖരിച്ച മുസ്ലീം തീവ്രവാദികളുടെ വസ്തുക്കൾക്കിടയിൽ കാസറ്റ് പ്രഭാഷണങ്ങൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടു. “സാധാരണയായി ഒരു കാർഡ്ബോർഡ് ബോക്സിൽ എറിയപ്പെടുന്ന കാസറ്റ് ടേപ്പുകൾ ഒരു സംശയവും ജനിപ്പിക്കില്ല”; ഒരു ഓസ്ട്രേലിയൻ പത്രപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുന്നു, “കഴിഞ്ഞ മാസം ഓസ്ട്രേലിയൻ എംബസിക്ക് പുറത്ത് ഒരു വലിയ കാർ ബോംബ് പൊട്ടിത്തെറിച്ച ചാവേർ സംഘത്തിലെ അംഗങ്ങൾ കഴിഞ്ഞ വർഷം കേട്ടതും പഠിച്ചതും ഈ റെക്കോർഡിംഗുകളാണ്” (Wockner 2004).
ഒരേസമയം പ്രത്യയശാസ്ത്രപരമായ ഉപദേശത്തിന്റെയും അതുപോലെതന്നെ തീവ്രവാദ നിർദേശങ്ങളുടെ കൈമാറ്റവാഹിനിയായും, കാസറ്റുകൾ, യൂറോപ്യൻ പ്രബുദ്ധ ബൂർഷ്വാ പൊതുമേഖലയ്ക്ക് പ്രസ് മീഡിയ- അതിന്റെ അതുല്യമായ മാത്യകാ രൂപം- എന്തായിരുന്നോ അതുപോലെതന്നെ ആയിരുന്നു മൗലികവാദ ഇസ്ലാമിന് എന്ന് തോന്നും. സമകാലിക ഇസ്ലാമിലെ പണ്ഡിതന്മാർ തന്നെ മത മൗലികവാദികൾക്കോ തീവ്രവാദികൾക്കോ ഉള്ളിലെ കാസറ്റ് പ്രഭാഷണത്തിൻറെ പ്രധാന പങ്കിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദത്തിന്റെ അറിയപ്പെടുന്ന ഒരു അന്വേഷകന്റെ ഇനിപ്പറയുന്ന അഭിപ്രായം ജനപ്രിയ പത്രപ്രവർത്തന വിവരണങ്ങളെ പ്രതിധ്വനിക്കുന്നു:
1970-കളുടെ മധ്യത്തിൽ ഇറാനിലെ ആയത്തുല്ലാഹ് ഖുമൈനിയുടെ പ്രസ്ഥാനം മുതൽ, മൗലികവാദ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ വ്യാപനത്തിലും അതിജീവനത്തിലും വിജയത്തിലും കാസറ്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ടേപ്പുകൾക്ക് അത്തരമൊരു പ്രധാന പങ്കുണ്ട്, കാരണം കോമിന്റൺ(കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ) ശൈലിയിലുള്ള ശ്രേണിപരമായ ഘടനയുടെ അഭാവത്തിൽ, അവ മിക്കപ്പോഴും ദേശീയ അതിർത്തികൾക്കുള്ളിൽ പ്രവർത്തിക്കുന്ന നിരവധി പ്രാദേശിക ചലനങ്ങളും ഗ്രൂപ്പുകളും ഒരുമിച്ച് നിർത്തുന്ന ഒരു പ്രതിരോധ ശേഷിയുള്ള വെബ് രൂപീകരിക്കുന്നു. അഫ്ഗാൻ മുതൽ മൊറോക്കോ വരെയുള്ള പ്രദേശങ്ങളിൽ ടേപ്പുകളുടെ നിരന്തരമായ ഒഴുക്ക് സമാന ചിന്താഗതിക്കാരായ മുസ്ലിംകളെ ഒറ്റ വലിയ കൂട്ടവുമായി ബന്ധിപ്പിക്കുന്നു. ഈ ടേപ്പുകൾ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്ക് പോലും ഒഴുകുന്നു. (SIVAN 1995:13)
ഈ കാഴ്ചപ്പാടിൽ, കാസറ്റിന്റെ കാപ്പിലറി ചലനമാണ്, അഥവാ നിയമ നിർവ്വഹണത്തിന്റെ റഡാറിന് കീഴിൽ വിപുലീകരിക്കാനുള്ള അതിന്റെ കഴിവാണ് ഈ മാധ്യമ രൂപത്തെ അന്താരാഷ്ട്ര ഇസ്ലാമിക കലാപത്തിന്റെ ദൗത്യത്തിന് വളരെ ഉപയോഗ പ്രദമാക്കിയത്. കാസറ്റ് സാങ്കേതികവിദ്യ നെയ്തെടുക്കുന്ന അശുഭകരമായ വെബ്, ഈ രചയിതാവ് മുന്നറിയിപ്പ് നൽകുന്നതുപോലെ, യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും അതിർത്തികൾക്കപ്പുറത്ത് പോലും, പാശ്ചാത്യ സുരക്ഷാ ഏജൻസികൾ ചിത്രീകരിച്ചത് പോലെയുള്ള അൽ-ഖ്വയ്ദയുടെ ഹൈഡ്ര-ഹെഡ്(വിവിധ മേഖലയിൽ സ്വാധീനമുള്ള) ഇമേജും അഴഞ്ഞ ശൃംഖലയുള്ള വിദ്വേഷം നിറഞ്ഞ ഗൂഢാലോചനക്കാരെയും ഓർമ്മിപ്പിക്കുന്നു.
ഈ പുസ്തകം മുഖേന ഞാൻ ഉന്നയിക്കുന്ന പ്രശ്‌നം സായുധസംഘ സങ്കല്പത്തോടും, പുതുതായി നിർമ്മിക്കപ്പെട്ട “ഭീകരൻ” എന്ന പദാവലിയോടും ഇസ്ലാമിക മാധ്യമം എന്ന പ്രതിഭാസത്തെ, പ്രത്യേകിച്ച് ക്യാസറ്റ് പ്രഭാഷണങ്ങളെ തുന്നി കെട്ടുന്ന വിധത്തിൽ എത്തിക്കുന്ന പല അനുമാനങ്ങളോടും വിധികളോടും ചേർത്തുവായിക്കുന്നതിനെ കുറിച്ചാണ്. ഈ ടേപ്പുകളിൽ ഭൂരിഭാഗവും ഒരു തീവ്രവാദ സന്ദേശത്തെയും പിന്തുണയ്ക്കുന്നില്ല എന്ന വസ്തുതയ്ക്ക് പുറമെ, കാസറ്റ് പ്രഭാഷണങ്ങൾ കേൾക്കുന്നത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സാധാരണ മുസ്ലീങ്ങൾക്ക്, പതിവായി ജോലിചെയ്യുന്ന, സർവകലാശാലയിൽ പഠിക്കുന്ന, അവരുടെ കുട്ടികളെ പബ്ലിക് സ്കൂളുകളിലേക്ക് അയക്കുന്ന, അവരുടെ കമ്മ്യൂണിറ്റികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നവർക്ക് സാധാരണവും വിലപ്പെട്ടതുമായ പ്രവർത്തനമാണ്. തുടർന്നുള്ള അധ്യായങ്ങളിൽ ഞാൻ വിവരിക്കുന്നതുപോലെ, അവ കേൾക്കുന്ന മിക്കവാറും എല്ലാവർക്കും, ഈ ടേപ്പുകൾ തീവ്രവാദ പടയൊരുക്കത്തിനുള്ള പരിപാടിയുടെ ഭാഗമായല്ല, മറിച്ച്, തീവ്രവാദിയുടെയോ ഭീകരവാദിയുടെയോ കൽപ്പിക്കപ്പെട്ട രൂപത്തിന് ഉൾക്കൊള്ളാൻ കഴിയാത്തക്കവിധം സങ്കീർണ്ണമായ ധാർമ്മികവും രാഷ്ട്രീയവുമായ പദ്ധതിയുടെ ഭാഗമായാണ് മനസിലാക്കുന്നത്. ഇസ്ലാമിക പ്രഭാഷണ ടേപ്പുകൾ ഒരു കൂട്ടം ധാർമ്മികവും സാമൂഹികവുമായ പ്രശ്നങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു മതബോധത്തിന് ആവിഷ്കാരം നൽകാനും സഹായിച്ചിട്ടുണ്ട്, അതിന്റെ യുക്തി മുസ്ലിം സമൂഹങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള ഏതൊരാളുടെയും ഗൗരവമായ ഇടപെടൽ അർഹിക്കുന്നു-അല്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ “ജനാധിപത്യം പ്രോത്സാഹിപ്പിക്കുക” എന്ന ലക്ഷ്യത്തോടെ എങ്കിലും. കാസറ്റ് പ്രഭാഷണം പ്രാഥമികമായി മൗലിക വാദത്തിന്റെയും തീവ്രവാദത്തിന്റെയും സാങ്കേതിക വിദ്യയായി വായിക്കുന്നത് ഈ മാധ്യമം പ്രാപ്തമാക്കിയ സങ്കീർണമായ ജീവിത ലോകത്തിൻറെ വ്യാപ്തിയെ കുറക്കുന്നു, ഭീഷണിയുടെയും ഭയത്തിൻ്റെയും തിരസ്കരണത്തിൻ്റെയും യുക്തിരാഹിത്യത്തിൻ്റെയും ഇടുങ്ങിയ പരിമിതികളിലേക്ക് അതിനെ ഉൾക്കൊള്ളാൻ ഇവ നമ്മെ നിർബന്ധിതരാകുന്നു.
ഈ ജനപ്രിയ കാസറ്റ് മാധ്യമങ്ങൾക്ക് രാഷ്ട്രീയ ഉള്ളടക്കം ഇല്ലാത്തവയാണെന്ന് തീർച്ചയായും ഇതിനർത്ഥമില്ല. നേരെമറിച്ച്, കാസറ്റ് പ്രഭാഷണങ്ങൾ മുസ്ലിം ലോകത്തെ ഭരണവർഗങ്ങൾക്കിടയിലെ ജനാധിപത്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അഭാവമുള്ള ദേശീയത പദ്ധതിയെക്കുറിച്ചുള്ള കടുത്ത വിമർശനം പലപ്പോഴും വ്യക്തമാക്കാറുണ്ട്. എന്നിരുന്നാലും, ഈ വിമർശനം നടക്കുന്ന പൊതു വ്യവഹാരത്തിന്റെ രൂപം തീവ്രവാദ രാഷ്ട്രീയ നടപടികളിലേക്കോ ഭരണകൂടത്തെ അട്ടിമറിക്കുന്നതിലേക്കോ കേന്ദ്രീകരിച്ചിട്ടുള്ളതല്ല. മറിച്ച്, അത്തരം രാഷ്ട്രീയ വ്യാഖ്യാനങ്ങൾ സാമൂഹിക ഉത്തരവാദിത്തം, പവിത്രമായ പെരുമാറ്റം, ഭക്തി പരിശീലനം എന്നിവയെ കേന്ദ്രീകരിച്ചുള്ള ഒരു നിലവാരം പുലർത്തുന്ന ധാർമ്മിക പദ്ധതിക്ക് ദിശാബോധം നൽകുന്നു. കൂടാതെ, ഈ മാധ്യമ രൂപത്തിന്റെ സ്വഭാവ സവിശേഷതകൾ ജനപ്രിയ വിനോദ മാധ്യമങ്ങളുടെ സ്വഭാവവും പ്രകടിപ്പിക്കുന്നു, കൂടാതെ ചില ശ്രോതാക്കൾ അവരുടെ ശ്രവണ ശീലങ്ങളിൽ പ്രഭാഷണങ്ങളും സംഗീത ടേപ്പുകളും ഇടകലർത്തി ആസ്വദിക്കുന്നവരാണ്. ഇസ്ലാമിക കാസറ്റ് മാധ്യമങ്ങളിൽ സംയോജിപ്പിച്ചിരിക്കുന്ന ഈ വൈവിധ്യമാർന്ന ഇഴകൾ-രാഷ്ട്രീയം, ധാർമികം, സൗന്ദര്യബോധം-ചില സമയങ്ങളിൽ പരസ്പരം സംഘർഷത്തിലാക്കുന്നു, അത്തരം മാധ്യമങ്ങളുടെ ഉചിതമായ ഉപയോഗം മുതൽ കമ്മ്യൂണിറ്റിയുടെ ഭാവി സ്ഥാപിക്കേണ്ട ധാർമ്മികവും രാഷ്ട്രീയവുമായ അടിത്തറകളെക്കുറിച്ചുള്ള വിശാലമായ ചോദ്യങ്ങൾ വരെയുള്ള വിഷയങ്ങളെക്കുറിച്ച് കേൾവിക്കാർക്കിടയിൽ തീവ്രമായ സംവാദവും തർക്കങ്ങളും ഉണ്ടാക്കുന്നു.
സമകാലിക ഇസ്ലാമിനെ കുറിച്ചുള്ള പണ്ടിതോചിതമായ സാഹിത്യങ്ങളിൽ ഭൂരിഭാഗവും “ഇസ്ലാമിക നവോത്ഥാന പ്രസ്ഥാനം ജനാധിപത്യവുമായി പൊരുത്തപ്പെടുന്നുണ്ടോ?” എന്ന ചോദ്യത്തിൽ കേന്ദ്രീകരിച്ചാണ്. ജനാധിപത്യ ചിന്തയോടും അതിന്റെ സ്ഥാപനപരമായ മാനദണ്ഡങ്ങളോടും വ്യക്തമായ കൂറ് കാണിക്കുന്ന പൊതുബോധ വിമർശനങ്ങളുടെ രൂപങ്ങളെ കുറിച്ച് ഞാൻ ചർച്ച ചെയ്യുമ്പോൾത്തന്നെ, ഈ രൂപങ്ങളെ കുറിച്ചുള്ള എൻറെ അന്വേഷണം ഈ പ്രത്യേക രാഷ്ട്രീയ ചിന്ത പാരമ്പര്യവുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനപ്പുറം വ്യാപിക്കുന്നു.
ഈജിപ്ത് പോലുള്ള പോസ്റ്റ്-കൊളോണിയൽ സന്ദർഭങ്ങളിൽ രാഷ്ട്രീയവും ധാർമികവും മതപരവുമായ വ്യവഹാരങ്ങളെ ഗ്രഹിക്കുന്നതിനും സാമൂഹികവും രാഷ്ട്രീയവുമായ നീതിയുടെ സാധ്യതകൾ വിലയിരുത്തുന്നതിനും ജനാധിപത്യം എന്ന സങ്കൽപ്പം നൽകുന്ന വിശകലനാത്മകമായ നിലപാട് അപര്യാപ്തമാണെന്ന എൻ്റെ ബോധ്യത്തെയാണ് ഇക്കാര്യത്തിൽ ഞാൻ പിന്തുടരുന്ന അന്വേഷണ രീതി പ്രതിഫലിപ്പിക്കുന്നത്. പോസ്റ്റ്-കൊളോണിയലിസത്തിൻ്റെ പണ്ഡിതന്മാർ വിപുലമായി നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് പോലെ, ജനകീയ പരമാധികാരത്തിൻ്റെ അമൂർത്ത തത്വം ആധുനിക ദേശ-രാഷ്ട്രത്തിൻ്റെ മാനദണ്ഡങ്ങളുമായും നിയന്ത്രണ സ്ഥാപനങ്ങളുമായും സങ്കീർണ്ണവും പലപ്പോഴും വിരുദ്ധവുമായ ബന്ധത്തിലാണ് നിലകൊള്ളുന്നത്- അഥവാ ടെക്നോളോജിസ് ഓഫ് ഗവൺമെന്റാലിറ്റി എന്ന് ഫൂക്കോ പരാമർശിക്കുന്ന ധാർമ്മികവും രാഷ്ട്രീയവുമായ വിഷയങ്ങളുമായി, നിയമപരമായി നിർവചിക്കപ്പെട്ട പൗരന്മാർ അനുഭവിക്കുന്ന ഔപചാരിക അവകാശങ്ങളെ പരാമർശിക്കുന്നതിലൂടെയോ അത്തരം അവകാശങ്ങൾ സൃഷ്ടിക്കുന്നതായി മനസ്സിലാക്കുന്ന ജനാധിപത്യ സംസ്കാരത്തെ പരാമർശിക്കുന്നതിലൂടെയോ മാത്രം ജനാധിപത്യ രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ ഉണ്ടാവുന്നതെന്തെന്ന് മനസ്സിലാക്കാൻ കഴിയില്ല. ജനാധിപത്യപരമായ പ്രത്യേകാവകാശങ്ങളുടെ വികസനത്തിനും പ്രയോഗത്തിനും അനുവദിക്കുന്ന പൗരത്വത്തിന്റെ വ്യവസ്ഥകൾ പൗരന്മാരുടെ യഥാർത്ഥ ശേഷികളെ രൂപപ്പെടുത്തുന്ന സാമൂഹിക വ്യവഹാരത്തിന്റെ- ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, മതം തുടങ്ങിയ സ്ഥാപനങ്ങളുടെ ശൃംഖലകൾ- സാങ്കേതികതയെ ആശ്രയിച്ചിരിക്കുന്നു.
ഇതിൻറെ വെളിച്ചത്തിൽ, പോസ്റ്റ്-കൊളോണിയൽ ഈജിപ്ത് പോലുള്ള ഒരു സന്ദർഭത്തിൽ ഒരു ജനാധിപത്യ സമ്പ്രദായം എങ്ങനെയിരിക്കുമെന്ന് ചിന്തിക്കാൻ തുടങ്ങുന്നതിനുപോലും, കൂട്ടായ ഏജൻസിയുടെ വ്യവഹാരങ്ങൾ തമ്മിലുള്ള ആകസ്മികവും സങ്കീർണവുമായ ബന്ധത്തെക്കുറിച്ചും ഈ വ്യവഹാരങ്ങൾ നിലനിൽക്കുന്ന സ്ഥലത്തെ പ്രത്യേക തരത്തിലുള്ള സഹവാസ ജീവിതത്തെയും കമ്മ്യൂണിറ്റിയേയും അവിടുത്തെ അധികാരത്തെയും കുറിച്ച് പ്രത്യേക ശ്രദ്ധ ഉണ്ടാവണം.
തുടരും…
വിവർത്തനം: വാസിഫ്