Campus Alive

പറുദീസയിലെ പകലിരവുകൾ – Three Poems on pellet victims of Kashmir

നരകത്തിലെ കഴുകന്മാർ  പറുദീസയിൽ 

കഴുകന്മാർ അവളുടെ കണ്ണുകൾ കാർന്നുതിന്നു.

മരിക്കാതെ അവൾ..

അവളിപ്പോഴും ശ്വസിക്കുന്നുണ്ട്

അവളിപ്പോഴും ജീവിക്കുന്നുണ്ട്

അപ്പോഴും അവളുടെ അമ്മ കരയുക തന്നെയാണ്

അവളൊരിക്കലും അവളാശിച്ചത് കാണുകയില്ല

അവളൊരിക്കലും അവൾ പൊരുതിയതെന്തിനോ, അതു കാണുകയില്ല

അവളുടെ അച്ഛൻ, ശവക്കുഴി നിർമ്മിക്കുന്നവൻ

ശവപ്പെട്ടികൾ വഹിക്കുന്നവൻ

ഇനി പൂക്കൾ വളർത്താൻ തുടങ്ങുമായിരിക്കും

എന്റെ മാലാഖക്കുഞ്ഞ്

അവൾ അന്ധയാണ്, പക്ഷേ അവളിപ്പോഴും ജീവിക്കുന്നു.

പനിനീർ പൂക്കൾ പൂക്കുന്നത് കാണുക അസാധ്യമെന്നിരിക്കെ

അവളാ പൂക്കളുടെ സുഗന്ധമെങ്കിലുമറിയട്ടെ !

ഫറോവ കഴിഞ്ഞ രാത്രി ഒരു പേക്കിനാവ് കണ്ടു.

ആരാണീ പിഞ്ചു കുഞ്ഞുങ്ങളുടെ
കൊലയ്‌ക്കുത്തരവാദി, ഹോ മിശിഹായെ?

ഹാ! നൈൽ നദി ഇവിടെ കാഴ്ച്ചയിലില്ല, ഝലം ?

അനാഥമായ ചിനാർ മരങ്ങൾക്കു കീഴിൽ ഝലം തേങ്ങുകയാണ്

കണ്ണുകൾ! കണ്ണുകൾ! കണ്ണുകൾ!

അന്ധത! അന്ധത! അന്ധത!

ഈസായുടെ മുറിവുണക്കുന്ന വിദ്യകളെവിടെ?

പ്രവാചകരേവരെയും നമുക്കാവശ്യമായിരിക്കുന്നു

നരകത്തിലെ കഴുകന്മാരാണിവിടെയെങ്ങും

ഈ പറുദീസ അക്രമിക്കപ്പെട്ടിരിക്കുന്നു .

നമ്മുടെ കണ്ണുകൾ!

നമ്മുടെ കണ്ണുകൾ!

പ്രാക്കളും കഴുകന്മാരും മുഖാമുഖം വരുമ്പോൾ..

ആപ്പിൾ പൂക്കുന്ന കാലമാണിത്.
പ്രാക്കളാകട്ടെ കർഫ്യൂവിലാണ്.
ചുറ്റും നിന്ദ്യമായ കാഴ്ചകൾ മാത്രം
എല്ലാ ദിക്കിൽ നിന്നുമതേ.. (ഇടതർ , വലതർ, മതേതരർ, ദേശീയവാദികൾ, ദോഷദര്‍ശികൾ, വിമർശകർ, അതിവ്യഗ്രരായ നിഷേധികൾ)

തേടിപ്പിടിക്കുക, കൊല്ലുക
ലോകത്തിലേറ്റം വലിയ സൈനിക മേഖലയിൽ,
വീണ്ടും പ്രാക്കളും കഴുകന്മാരും മുഖാമുഖം

വെടിയുണ്ടകളും ബോംബുകളുമായി ഒരു പറ്റം ഭീരുക്കൾ വേട്ടയ്ക്കിറങ്ങുന്നു
ഹൈവെകളിലുടനീളം, പൂന്തോട്ടങ്ങളിൽ, പാടങ്ങളിൽ, മേൽക്കൂരകളിൽ
അങ്ങാടിയിലെ ചെറുചത്വരത്തിനു പുറത്തെ പീടികകളിൽ
വലിയ ജീവനാശങ്ങൾ.

പ്രാക്കളും കഴുകന്മാരും, വീണ്ടും മുഖാമുഖം വരുന്നു.

ഇത്തവണ കഴുകൻമാർ എന്തിനെ ബോംബിടും?

ക്ഷമിക്കാൻ ഒരുക്കമല്ലാത്ത, തണുത്തു ദ്രവിക്കുന്ന രോഷത്തെയോ?
വന്യമായ തീരാവേദനകളെയോ?
സ്വാതന്ത്ര്യത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയോ?
ഉയിർത്തെഴുന്നേൽപ്പെന്ന സങ്കല്പത്തെയോ?

പക്ഷെ നിങ്ങൾ കാണുക

ആയിരം കഴുകന്മാർ ഒന്നിച്ചു വന്നാലും കീഴടങ്ങാത്ത നിരായുധരായ പ്രാക്കളെ!

വീണ്ടും, പ്രാക്കളും കഴുകന്മാരും മുഖാമുഖം വരുന്നു..

വ്യാഖ്യാനിക്കാനാവാത്ത ഭാവങ്ങൾ

ഇരുണ്ട ചിന്തകളുടെ മൂകതയിൽ
നെഞ്ചിലൊരു കനം,
സ്വപ്നത്തോളം ഇരുണ്ടതും പുരാതനവുമായത്, നിദ്രയോളം ഗാഢമായത്.

മഞ്ഞുപുതഞ്ഞ നിലാവൊഴുകുന്ന വെളുത്ത രാത്രിയിൽ
തൊലിപ്പുറത്ത് പ്രകാശമേറ്റുവാങ്ങുന്ന
ആ പഴയ തിടുക്കം പോൽ
ഒരായിരം ഓർമ്മകൾ, ഒരൊറ്റ പ്രഹരത്തിൽ കഷ്ണങ്ങളായി ചിതറിയവ.
ജീവിതത്തിന്റെയും ഓർമ്മകളുടെയും വലിയൊരു ഭാഗം മായ്ച്ചു കളഞ്ഞപോൽ

സൂര്യനെപ്പോലെയിരുന്ന ഈ കൽക്കരിക്കണ്ണുകൾ,

സുന്ദരസ്വപ്നത്തിന്റെ കിരണങ്ങളുതിർന്ന അതിന്റെ ഓരോ കൺപീലികൾ,

ഇന്ന് നില കാണാത്ത ഇരുണ്ട കിണറുകളാണ്.

നിശയുടെ തമസ്സിൽ നനഞ്ഞു കുതിർന്ന കറുകറുത്ത ജനാലകൾ,
അതിൽ നിന്നില്ലാതാവുന്ന ഓരോ കണ്ണീർത്തുള്ളിയും നഷ്ടസ്മൃതിയാണ്‌,
നഷ്ടസ്വപ്നമാണ്‌,

ആത്മാവിനുള്ളിലെ കലാപത്തെ മെരുക്കുന്ന മനസ്സിന്റെ ചെപ്പടിവിദ്യകൾ

മുറിവേറ്റ നിശ്ശബ്ദമായ കണ്ണുകൾ ഭീതിയുടെ പുനരെഴുത്താണ്

വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടേറിയേ ജീവിതത്തിന്റെ താക്കീതാണത്

ഈ സുഖകരമല്ലാത്ത
പിടി തരാത്ത ഏകാന്തതയിൽ
ശൂന്യമായ രണ്ടു കണ്ണുകൾക്ക് സൂര്യപ്രകാശത്തോട് പ്രണയമറിയിക്കണം, കാറ്റിനോടു പോലും
പറയാത്ത ചിന്തകളിലൂടെ..

എപ്പോഴാണിതെല്ലാം തുടങ്ങിയത്‌?
അല്ല! അല്ല!!
എന്നുതൊട്ടാണിതെല്ലാം ചിതറിവീഴാൻ തുടങ്ങിയത്‌?
ഈ കണ്ണുകളിൽ പ്രതീക്ഷയസ്തമിച്ചിരിക്കുന്നു!

ഈ കണ്ണുകൾ മറ്റുള്ളവർക്ക് അദൃശ്യമായിരുന്നെങ്കിൽ എന്നോർത്തുപോവുന്നു.
പക്ഷെ കണ്ണുകളെ എങ്ങനെയൊരാൾ ലോകത്തിനു മുന്നിൽ ഒളിപ്പിക്കും?
അതെ, അവ ഉള്ളിലെരിയുന്ന എല്ലാ യാതനകളെയും മജ്‌ജയുടെ ആഴങ്ങളിലേക്ക് വലിച്ചെടുക്കും
അതെ, ആത്മാവിൽ ഇപ്പോഴുമുണ്ട് ഉണങ്ങാത്തൊരു മുറിവ്.

സ്വപ്‌നരഹിതമായ ഉറക്കമാണ് കണ്ണിൽ ബാക്കി നിൽക്കുന്നത്. തിരികെയൊന്നും നൽകാത്ത ഉറക്കം,

കറുകറുത്ത നീളമേറിയ, പുലരാൻ കൂട്ടാക്കാത്ത, മനസ്സിന്റെ ഇരുണ്ട രാത്രികളിൽ
വലിയ മുറിവേറ്റ കണ്ണുകൾ
സുതാര്യമല്ലാത്ത, എന്നാൽ അവയ്‌ക്ക് പോലും അദൃശ്യമായ കണ്ണീർ പൊഴിക്കുന്നു.

വ്യാഖ്യാനിക്കാനാവാത്ത ഭാവങ്ങളോ ഇത്?

(കശ്‍മീരി കവിയും കലാകരനുമാണ് മുഹമ്മദ് നദീം. നിലവില്‍ കശ്‍മീര്‍ സര്‍വകലാശാലയില്‍ മാധ്യമവിദ്യാര്‍ഥിയായ ഇദ്ദേഹത്തിന്റെ രചനകള്‍ kashmir Life, Precya Review, Cofedissensusblog.com  എന്നിവയില്‍ മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്)

മുഹമ്മദ് നദീം