Campus Alive

ബ്യുറോക്രസിയും നിയമവും: കാഫ്കയും വെബറും കണ്ടു മുട്ടുന്ന ഇടങ്ങള്‍

ബ്യുറോക്രസിയെ പറ്റിയുള്ള ആധികാരിക ആലോചനകള്‍ പൊതുവേ രണ്ടു രീതിയില്‍ ഉള്ളതാണ്. ഒന്ന് കാഫ്കന്‍ രീതി, മറ്റൊന്ന് വെബറിയന്‍ രീതി. ബ്യുറോക്രസി അതിന്റെ പ്രവര്‍ത്തനങ്ങളിലെ യുക്തി/ യുക്തിരാഹിത്യ ഏറ്റുമുട്ടലുകള്‍ അതിനകത്തെ വയലന്‍സ് നിറഞ്ഞ ഘടന എന്നീ സ്വഭാവങ്ങളെ വ്യത്യസ്ത കോണുകളിലൂടെ നിരീക്ഷിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന രീതിയാണ് കാഫ്കയുടേത്. അതേസമയം ബ്യുറോക്രസിക്ക് അപ്രമാദിത്യം നല്‍കി വളരെ ഉപരിപ്ലവമായ നിരീക്ഷണങ്ങളിലൂടെ അതിന്റെ വക്താവായി സംസാരിക്കാനാണ് വെബര്‍ താല്‍പര്യപ്പെട്ടത്. എന്നാല്‍ രണ്ടുപേര്‍ക്കുമിടയിലുണ്ടായ അഭിപ്രായ വൈവിധ്യങ്ങളെ സ്വാധീനിച്ചത് ഇരുവരുടെയും ജീവിത പിന്നാമ്പുറങ്ങള്‍ (കാഫ്കയുടെ എഴുത്തു പരിസരങ്ങളെ വിവരിച്ചുകൊണ്ട് കാഫ്കന്‍ വായനയുടെ (അ)സാധ്യതകള്‍ എന്ന തലക്കെട്ടില്‍ ഈ അടുത്ത് ഞാന്‍ കാമ്പസ് അലൈവില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു) തന്നെയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. ജര്‍മന്‍ സാഹിത്യകാരനായ ഫ്രാന്‍സ് കാഫ്ക ബ്യുറോക്രസിയില്‍ യുക്തിരാഹിത്യത്തിന്റെ അടരുകളെ കൃത്യമായി രേഖപ്പെടുത്തിയപ്പോള്‍ ജര്‍മ്മനി സോഷ്യോളജിസ്റ്റായ മാക്‌സ് വെബര്‍ ബ്യുറോക്രസിയുടെ അത്തരം അംശങ്ങളെ എന്തുകൊണ്ട് കാണാതെപോയി എന്നും പകരം ഉപരിപ്ലവമായ ഭാഷയില്‍ ബ്യുറോക്രസിയെ പുകഴ്ത്തി സംസാരിച്ചതിന്റെ കാരണമെന്ത് എന്നതും വിരല്‍ചൂണ്ടുന്നത് ഇരുവരുടെയും ജീവിത സാഹചര്യങ്ങളിലേക്കാണ്. അതിലേക്ക് ഞാന്‍ വരാം അതിനുമുമ്പ് ഇരുവര്‍ക്കുമിടയില്‍ ബ്യൂറോക്രസിയെ കുറിച്ചുള്ള സങ്കല്പങ്ങള്‍ ഒന്ന് പരിശോധിക്കാം.

ആധുനിക വല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സമൂഹത്തെ കണ്ടുകൊണ്ടാണ് ഇരുവരും വളര്‍ന്നത്. അതുകൊണ്ടുതന്നെ ആധുനികവല്‍ക്കരണം മൂലം സമൂഹത്തില്‍ ഉടലെടുത്ത പ്രത്യാഘാതങ്ങള്‍ ഇരുവരിലും ആഴത്തിലുള്ള സാംസ്‌കാരിക നൈരാശ്യ ബോധം സൃഷ്ടിച്ചിരുന്നു. ഈയൊരു നൈരാശ്യ ബോധത്തില്‍ നിന്നു തന്നെയാണ് ഇരുവരും ആധുനികതക്ക് കീഴില്‍ വികസിച്ചുവന്ന ബ്യുറോക്രസിയെ മനസ്സിലാക്കിയത് എന്നതും വസ്തുതപരമാണ്. നിലവില്‍ ബ്യുറോക്രസിയെക്കുറിച്ച് നിലനില്‍ക്കുന്ന ഏറ്റവും ആധികാരികമായ ആലോചനകളിലൊന്ന് വെബറിന്റെതാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മാനവകുലത്തിനു മേല്‍ വളരെ ഔദ്യോഗികമായും യുക്തിഭദ്രമായും പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതും ഏറ്റവും കാര്യക്ഷമതയുള്ള ഘടന അടങ്ങിയതുമായ ഏക സാമൂഹ്യ വ്യവസ്ഥ ബ്യുറോക്രസി മാത്രമാണ്. ബ്യുറോക്രസിക്ക് മാത്രമേ അതിന് സാധിക്കുകയുള്ളൂ എന്നും വെബര്‍ തന്റെ Economy and society എന്ന ഗ്രന്ഥത്തില്‍ തീര്‍പ്പു കല്‍പ്പിക്കുന്നുണ്ട്. ഔപചാരിക നിയമങ്ങളെ പിന്തുടരുന്ന (formal) വളരെ യുക്തിഭദ്രമായ സ്വഭാവമാണ് ബ്യുറോക്രസിക്കുള്ളത്. ഇങ്ങനെ Formal-rational എന്നതിന്റെ അടിസ്ഥാനത്തിലാണ് വെബര്‍ ബ്യുറോക്രസിയെ നിരീക്ഷിക്കുന്നത്. എന്നാല്‍ ബ്യുറോക്രസിയെ പറ്റി അല്‍പ്പം കൂടി ആഴത്തിലുള്ള ചിന്തയാണ് കാഫ്കയുടേത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തീരെ കാര്യക്ഷമമല്ലാത്ത യുക്തിഹീനമായ ഒരു സാമൂഹ്യ വ്യവസ്ഥയാണ് ബ്യുറോക്രസി. ഒരര്‍ത്ഥത്തില്‍ എന്താണ് ബ്യുറോക്രസി എന്ന് പുനര്‍ നിര്‍വചിക്കുകയാണ് കാഫ്ക. അഥവാ വെബര്‍ കാണാതെപോയ സൂക്ഷ്മമായ അംശങ്ങളെ കാഫ്ക കണ്ടെടുക്കുന്നുണ്ട്. വളരെ സുനിശ്ചിതവും സ്ഥായിയും സാമൂഹ്യ സ്വഭാവമുള്ളതുമാണ് ബ്യുറോക്രസി എന്ന് വെബര്‍ അവകാശപ്പെടുമ്പോള്‍ അത് വെറും ഉപരിപ്ലവമായ വാദങ്ങളാണ് എന്നാണ് കാഫ്കന്‍ സങ്കല്‍പ്പങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്. വെബര്‍ ബ്യുറോക്രസിയുടെ സാമൂഹികത (Sociality) അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് ഇല്ലെന്ന് മാത്രമല്ല സംഘടിത സ്വഭാവം (Organizational behavior) തന്നെ ഇല്ലെന്നാണ് ബ്യുറോക്രസിയെ ഇതിവൃത്തമാക്കിയുള്ള കാഫ്കന്‍ രചനകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ബ്യുറോക്രസിയെ ഇതിവൃത്തമാക്കി കാഫ്ക എഴുതിയ The trial, The castle, Metamorphosis എന്നിവ ഈ സ്വഭാവത്തിന്റെ അഭാവം എടുത്തുകാട്ടുന്നവയാണ്. കാഫ്കയെ സംബന്ധിച്ചിടത്തോളം ബ്യുറോക്രസി എന്നത് വൈയക്തിക സ്വഭാവമുള്ളതോ പ്രത്യേക സംഘങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതോ ആയ ഒരു വ്യവസ്ഥയാണ്. കേരള രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഒരു ഉദാഹരണമെടുക്കാം. ഓരോ സര്‍ക്കാരും അധികാരത്തില്‍ വരുമ്പോള്‍ അവരിലേക്ക് ചേര്‍ത്തിയാണ് ബ്യുറോക്രസിയെ വ്യവഹരിക്കപ്പെടാറുള്ളത്. അഥവാ പിണറായി വിജയന്‍ ഭരണം കയ്യാളുമ്പോള്‍ പോലീസ് എന്ന ബ്യുറോക്രാറ്റിക് ഏജന്‍സി പിണറായിയുടെതും ഉമ്മന്‍ചാണ്ടി ഭരണം കയ്യാളുമ്പോള്‍ പോലീസ് ഉമ്മന്‍ചാണ്ടിയുടേതുമാകുന്നു. ഭരണം മാറുന്നതിനനുസരിച്ച് പോലീസ് തലപ്പത്ത് അഴിച്ചുപണികള്‍ നടക്കുന്നു. അതേപ്രകാരം മറ്റ് ബ്യുറോക്രാറ്റിക് ഏജന്‍സികളിലും ഈ അഴിച്ചു പണി തകൃതിയായി നടക്കുന്നു. തല്‍ഫലമായി ബ്യുറോക്രസി ഒരു വിഭാഗത്തിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥയായി മാറുകയും ചെയ്യുന്നു. ഇന്ത്യന്‍ ഭരണഘടനാ ഭാഷയനുസരിച്ച് രാഷ്ട (State) ത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് ബ്യുറോക്രസി എന്ന് പറയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല ലോക തലത്തില്‍ തന്നെയുള്ള ആധുനിക ദേശ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ബ്യൂറോക്രാറ്റുകള്‍ അറിയപ്പെടുന്നത് അതാത് സര്‍ക്കാറുകളുടെ പേരിലാണ്. ഇങ്ങനെ പക്ഷപാതിത്വം നിറഞ്ഞ അത്യന്തം ഭീകരമായ ബ്യൂറോക്രാറ്റിക് സ്വഭാവത്തെയാണ് കാഫ്ക എടുത്തുകാട്ടുന്നത്. വെബര്‍ ബ്യൂറോക്രസിയെ വളരെ ഔപചാരിക, വ്യക്തി താല്‍പ്പര്യമില്ലാത്ത ഘടനയായി പരിചയപ്പെടുത്തുമ്പോള്‍ ബ്യൂറോക്രസിക്കകത്തെ വൈയക്തിക അധികാര കര്‍തൃത്വം (personal power agency) കണ്ടെത്താന്‍ ശ്രമിക്കുകയാണ് കാഫ്ക. മനുഷ്യന്റെ ആധുനിക ജീവിതം യുക്തിവല്‍രിക്കപ്പെട്ടതോടെ സാമൂഹ്യവ്യവസ്ഥിതിയില്‍ വളര്‍ന്നു വന്ന ഒരു സ്ഥാപനമാണ് ബ്യുറോക്രസി എന്നാണ് വെബറിന്റെ വാദം. എന്നാല്‍ ബ്യൂറോക്രസിയും നിയന്ത്രിക്കുന്നത് തന്നെ യുക്തിരാഹിത്യമാണ് എന്നാണ് കാഫ്കയുടെ ഫിക്ഷനുകള്‍ നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച സര്‍ക്കാറുകള്‍ക്കനുസരിച്ച് മാറുന്ന ബ്യൂറോക്രസി എന്നതു തന്നെ ഒരുതരം യുക്തിരാഹിത്യമാണ്. തീര്‍ത്തും ബ്യുറോക്രസിക്ക് പുറത്തുനില്‍ക്കുന്ന സര്‍ക്കാറിനെ ബ്യൂറോക്രസി എന്ന് പൊതുസമൂഹം വിശ്വസിക്കുന്നതിലെ യുക്തിയെന്താണ്? എന്തുകൊണ്ടാണ് യുക്തിയില്ലായ്മ പൊതുബോധമായി മാറിയത്?

ബ്യൂറോക്രസിയുടെ മറ്റൊരു പ്രത്യേകതയായി വെബര്‍ ഉയര്‍ത്തിക്കാട്ടുന്നത് അതിന് വിഷയങ്ങളുമായുള്ള ബന്ധമാണ്. ഉദ്യോഗസ്ഥവൃന്ദവും പൊതുസമൂഹവും തമ്മിലുള്ള ബന്ധം വൈയക്തിക(individual )മല്ല, മറിച്ച് നിയതാര്‍ത്ഥ (categorical )മുള്ളതാണ്. എന്നാല്‍ കാഫ്ക ബ്യൂറോക്രസിയെക്കുറിച്ച് ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം തന്നെ അത് വൈയക്തികമാണെന്നാണ്. അദ്ദേഹത്തിന്റെ The trial എന്ന നോവല്‍ മുഖ്യകഥാപാത്രമായ ജോസഫ് കെ.യെ അറസ്റ്റ് ചെയ്യുമ്പോള്‍, കോടതിയെ സമീപിക്കുമ്പോള്‍, വക്കീല്‍ നിയമോപദേശം തേടുമ്പോള്‍, എന്നീ സന്ദര്‍ഭങ്ങളിലെല്ലാം വൈയക്തിക സ്വഭാവം പ്രകടമാകുന്ന ബ്യുറോക്രസിയെയാണ് അദ്ദേഹം എടുത്തു കാണിക്കുന്നത്.

കാഫ്കക്കും വെബറിനും ഇടയില്‍ ഒരുപാട് സാമ്യതകള്‍ ഉണ്ട്. ആധുനികതയുടെ വളര്‍ച്ചയെ അനുഭവിച്ചും കണ്ടുമറിഞ്ഞ് ജീവിച്ച സമകാലിക ചിന്തകന്മാര്‍ ആയിരുന്നു ഇരുവരും. അതോടൊപ്പം ഇരുവരും ബ്യൂറോക്രസിയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്മാരുയിരുന്നു. എന്നിട്ടും എന്തുകൊണ്ടായിരിക്കാം തീര്‍ത്തും വൈപരീത്യ ചിന്താഗതി ഇരുവര്‍ക്കുമിടയില്‍ ഉടലെടുത്തത്. അതൊരു പക്ഷെ സ്വാഭാവികതയാണോ? അല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇരുവരും ബ്യൂറോക്രസിയെ മനസ്സിലാക്കാന്‍ ഉപയോഗിച്ച കോണ്‍ടാക്റ്റ് ലെന്‍സിലുള്ള വ്യതിയാനമാണ് അതിനുള്ള കാരണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാഫ്ക അദ്ദേഹം കണ്ടറിഞ്ഞ രാഷ്ട്ര നിയമങ്ങള്‍, ഭാഷാപരമായ അന്യതാബോധം, രാഷ്ട്രീയവും സാംസ്‌കാരികവുമായ ന്യൂനപക്ഷക്കാരന്‍ ആയതുകൊണ്ട് നേരിട്ട സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് ബ്യൂറോക്രസിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍. വെബര്‍ കാണാതെപോയ ബ്യൂറോക്രസിയുടെ മറു വശങ്ങള്‍ കാഫ്ക കണ്ടത് അദ്ദേഹത്തിന് നിയമവുമായി ഉള്ള ബഹുമുഖ ബന്ധങ്ങള്‍ മൂലമായിരുന്നു. അദ്ദേഹത്തിന് നിയമവുമായി മൂന്നുതരത്തില്‍ ബന്ധമുണ്ടായിരുന്നു. ഒന്ന്, നിയമത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഉഭയഭാവനയും സങ്കല്‍പ്പങ്ങളും ഒരേസമയം നിയമവ്യവസ്ഥക്കകത്തും പുറത്തും പ്രവര്‍ത്തിച്ചിരുന്നു. തന്റെ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും ഏകദാ നിയമത്തെ അകത്തുനിന്നു പുറത്തേക്കും പുറത്തുനിന്ന് അകത്തേക്കും വീക്ഷിക്കാന്‍ സഹായിച്ചിരുന്നു. അതായത് വിഷയികള്‍ ബ്യുറോക്രസിയെ എങ്ങനെ മനസ്സിലാക്കുന്നുവെന്നതും ബ്യുറോക്രസി വിഷയികളുടെ ധാരണ എങ്ങനെ രൂപപ്പെടുന്നുവെന്നും മനസ്സിലാക്കിയ കാഫ്കക്ക് ഇവ രണ്ടിനുമിടയ്ക്കുള്ള വിടവിനെ കൂടി കാണാന്‍ സാധിച്ചു എന്നതാണ് കാഫ്കയുടെ പ്രത്യേകത. രണ്ട്, വെബര്‍ മനസ്സിലാക്കിയ ‘ആധുനികവല്‍ക്കരണത്തോടെ വളര്‍ന്നുവന്ന ജനാധിപത്യം ‘ എന്ന പരിധിക്കുമപ്പുറത്തുള്ള ആധുനികതയുടെ വിരോധാഭാസങ്ങളോടുള്ള സമീപനം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ആധുനിക നിയമങ്ങള്‍ അതിന്റെ ഘടനയില്‍ നിലനിര്‍ത്തിയ വയലന്‍സിനെ കാഫ്ക തിരിച്ചറിഞ്ഞിരുന്നു. മൂന്ന്, കാഫ്ക നിയമങ്ങളെ മനസ്സിലാക്കിയത് യുക്തി/യുക്തിരാഹിത്യം, നിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു.

കാഫ്കയെ പോലെ വെബറും ഒരു ബ്യുറോക്രാറ്റിക് ഉദ്യോഗസ്ഥനായിരുന്നെങ്കിലും കാഫ്കയില്‍ നിന്നും അപവാദപരമായി പ്രഷ്യന്‍ സ്റ്റേറ്റിലെ ബ്യുറോക്രസിയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വെബര്‍. അതോടൊപ്പം പ്രൊട്ടസ്റ്റന്റ് വരേണ്യവര്‍ഗ്ഗക്കാരനുമായിരുന്നു. രാഷ്ട്രത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിച്ച് ബ്യൂറോക്രസിയുടെ ഉന്നതതലത്തില്‍ ഇരുന്നുകൊണ്ട് ബ്യൂറോക്രസിയെ വീക്ഷിക്കുന്ന Top down theory ആണ് അദ്ദേഹത്തിന്റെത്. അത്തരം ഒരു പദവിയില്‍ ഇരുന്നുകൊണ്ട് നിരീക്ഷിച്ചതാവാം ബ്യൂറോക്രസിയുടെ വിഷയികളുമായുള്ള ഇടപാടിനെ മാത്രം നിരീക്ഷിച്ചതും തിരിച്ചുള്ള ഇടപാടിനെ അവഗണിച്ചതും. ഔദ്യോഗിക ചട്ടക്കൂടിനുള്ളില്‍ നിന്നാണ് അദ്ദേഹം നിയമത്തെ കണ്ടത് എന്നാല്‍ ബ്യൂറോക്രസിക്ക് ഔദ്യോഗികമായ ചട്ടക്കൂട് മാത്രമല്ല, അനൗദ്യോഗികമായ ഒരു ചട്ടക്കൂട് കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞതാണ് കാഫ്കയെ വെബറില്‍ നിന്നും നിന്നും വ്യത്യസ്തനാക്കുന്നത്.

കാഫ്ക ബ്യൂറോക്രസിയില്‍ കാണുന്ന പ്രധാന പോരായ്മ യുക്തിരാഹിത്യമാണ്. വെബറും ഒരു വേള അക്കാര്യത്തെ ചര്‍ച്ചചെയ്യുന്നുണ്ട്. ആധുനിക കാലത്തെ യുക്തിരഹിതമായ ബ്യൂറോക്രാറ്റിക് ക്രമമാണ് നിയമങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ ഇല്ലാതാക്കുന്നത് എന്നാണ് കാഫ്കയുടെ പക്ഷം. ബ്യുറോക്രസി അതിന്റെ മുഖ്യലക്ഷ്യമായ നീതി സംസ്ഥാപനത്തെ നേടിയെടുക്കാനുള്ള ശ്രമങ്ങളില്‍ ഔപചാരിക നിയമങ്ങളെ കര്‍ക്കശമായി പിന്തുടരുന്നത് മൂലം നഷ്ടപ്പെടുന്ന പ്രവര്‍ത്തനക്ഷമതയെ വെബറും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഒരു പടി കൂടി കടന്ന് ബ്യുറോക്രസിയുടെ പ്രവര്‍ത്തനങ്ങളെ മറക്കാനുള്ള മുഖംമൂടിയാണ് നിയമങ്ങള്‍ എന്ന് കാഫ്ക പ്രസ്താവിക്കുന്നു. ബ്യുറോക്രസിയുടെ പ്രവര്‍ത്തനക്ഷമതയില്ലായ്മയെ പറ്റി മാത്രമല്ല, ബ്യുറോക്രസിയുടെ യുക്തിരാഹിത്യം പറ്റിയും വെബര്‍ സംസാരിച്ചിട്ടുണ്ട്. വെബര്‍ ബ്യുറോക്രസിക്ക് തന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് സാധ്യമായ വ്യാഖ്യാനങ്ങളെല്ലാം നല്‍കി. എന്നാല്‍ യുക്തി (Rationality) എന്ന പ്രത്യേക കാറ്റഗറിയില്‍ നിന്നുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നില്ല. എങ്കിലും പൊതുവേ സാമൂഹ്യ സംഘടനകളിലുള്ള യുക്തി /അയുക്തി ഘടകങ്ങളെ അദ്ദേഹം വേര്‍തിരിച്ചു കാണുന്നുണ്ട്. ബ്യുറോക്രസിയുടെ അയുക്തി എന്ന ഘടകത്തെ പറ്റി ഇങ്ങനെയൊക്കെ സംസാരിച്ചിട്ടുണ്ടെങ്കിലും അതിനെ Formal -rational എന്ന് പേര് വെക്കുന്നതില്‍ എത്ര മാത്രം വൈരുദ്ധ്യാത്മകത ഉണ്ടെന്ന് അമേരിക്കന്‍ സോഷ്യോളജിസ്റ്റ് ആയ ജോര്‍ജ് റിത്‌സര്‍ പുറത്തു കാട്ടുന്നുണ്ട്.

കാള്‍ ഷ്മിറ്റ്‌

അധികാര ശക്തികളെ മൂന്നു തരമായിട്ടാണ് വെബര്‍ നിരീക്ഷിക്കുന്നത്. ഒന്ന്, പാരമ്പര്യ അതോറിറ്റി. പരമ്പരാഗതമായ കൈമാറിപ്പോന്ന ആചാരങ്ങള്‍, കീഴ്വഴക്കങ്ങള്‍ എന്നിവയൊക്കെയാണ് ഈ അധികാരത്തെ നിലനിര്‍ത്തുന്നത്. അവിടെ പരിഷ്‌കാരങ്ങള്‍ക്കോ കണക്കുകൂട്ടലുകള്‍കക്കോ സ്ഥാനമില്ല. രണ്ട്, വ്യക്തി പ്രഭാവത്തില്‍ അധിഷ്ഠിതമായ അതോറിറ്റി. സമൂഹത്തിലെ സ്വാധീനമുപയോഗിച്ച് ഒരു പ്രത്യേക വ്യക്തി നിര്‍മ്മിക്കുന്ന അധികാര വ്യവസ്ഥ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഹിറ്റ്‌ലര്‍ എന്നിവര്‍ നിലനിര്‍ത്തിയിരുന്നത് ഇത്തരം അതോറിറ്റി ആയിരുന്നു. മൂന്ന് യുക്ത്യാധിഷ്ഠിത നിയമവ്യവസ്ഥ (Rational legal authority). ബ്യൂറോക്രാറ്റിക് വ്യവസ്ഥയെയാണ് ഈ വ്യവസ്ഥ കൊണ്ട് അര്‍ത്ഥമാക്കുന്നത്. യുക്ത്യാധിഷ്ഠിത സാമൂഹിക നിര്‍മ്മിതികളില്‍ നിന്നാണ് ഈ അവസ്ഥ രൂപപ്പെടുന്നത്. ബ്യൂറോക്രസിയെപ്പറ്റിയുള്ള ഈയൊരു കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ rationalization thesis (സാമൂഹിക പെരുമാറ്റങ്ങളെ പാരമ്പര്യ വിശ്വാസം എന്നിവയില്‍ നിന്ന് യുക്ത്യാധിഷ്ഠിതം എന്നതിലേക്ക് മാറ്റല്‍) അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍. ആധുനിക ദേശരാഷ്ട്രങ്ങള്‍ മിക്കതും ഈ രീതിയിലുള്ള യുക്ത്യാധിഷ്ഠിത നിയമവ്യവസ്ഥ (Rational legal authority) കളാണ്. ചരിത്രപരമായി വ്യവസ്ഥാപിത നിയമ തത്വങ്ങളോട് യോജിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് വിഷയികള്‍ ഈ വ്യവസ്ഥയെ അംഗീകരിക്കുന്നതും അനുസരിക്കുന്നതും. ഇക്കാരണം കൊണ്ടുതന്നെയാണ് ഇതിന് നിയമ സാധുത ലഭിക്കുന്നതെന്നും വെബര്‍ വാദിക്കുന്നു. എന്നാല്‍ ഈ അതോറിറ്റിക്ക് അകത്തു തന്നെയാണ് അധികാരം (അഥവാ രാഷ്ട്രത്തിന്റെ പരമാധികാരം) പ്രവര്‍ത്തിക്കുന്നത് എന്ന കാരണത്താലാണ് ഇതിന് നിയമ സാധുത ലഭിക്കുന്നതും മത്സരിക്കുന്നതും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ വ്യവസ്ഥാപിത നിയമതത്വങ്ങളോട് പൊരുത്തപ്പെടുന്ന രീതിയില്‍ ബ്യുറോക്രസി പ്രവര്‍ത്തിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോഴാണ് ജനങ്ങള്‍ രാഷ്ട്രത്തിനും ഭരണകൂടത്തിനെതിരെ തിരിയുന്നത്. എന്നാല്‍ ആധുനികത മനുഷ്യനെയും തളച്ചിട്ടതോടെ ബ്യുറോക്രസി സര്‍വ്വവും യുക്ത്യാധിഷ്ഠിതം എന്ന പൊതുബോധം നിലനില്‍ക്കുന്നുവെന്ന് മാത്രം.

ആധുനിക മനുഷ്യ ജീവിതത്തെ കുറിച്ച് വെബര്‍ വിശേഷിപ്പിക്കുന്നത് ഇരുമ്പിന്‍ കൂട് (Iron cage ) എന്നാണ്. ആധുനികത മൂലം യുക്തി വല്‍ക്കരണം വര്‍ധിച്ചു വരികയും അതു യുക്തിവല്‍ക്കരണം സമൂഹത്തില്‍ അന്തര്‍ലീനമാവുകയും ചെയ്യുന്നതിനെയാണ് വെബര്‍ ‘അയേണ്‍ കേജ്’ എന്ന് വിളിച്ചത്. അതോടെ യുക്തി അവനില്‍ സകലമാന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ലക്ഷ്യോന്മുഖമായ കാര്യക്ഷമതയിലേക്ക് സങ്കോചിക്കുകയും ചെയ്യുന്ന കെണിയില്‍ അവന്‍ അകപ്പെടുകയും ചെയ്യുന്നു. മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന അയേണ്‍ കേജ് ആണ് ബ്യൂറോക്രസി എന്നാണ് വെബറിന്റെ ഭാഷ്യം. മനുഷ്യന് അനുസരിക്കല്‍ ബാധ്യതയായ നിയമങ്ങളാണത്രെ ആ കൂടിന്റെ അഴികള്‍.

വെബര്‍ മനസ്സിലാക്കിയത് പോലെയായിരുന്നില്ല കാഫ്ക യുക്തിരാഹിത്യത്തെ മനസ്സിലാക്കിയത്. യുക്തിയും അയുക്തിയും ആധുനികതയില്‍ അന്തര്‍ലീനമായ വിരോധാഭാസങ്ങളാണെന്നും ആധുനികതയുടെ രണ്ടുവശങ്ങള്‍ മാത്രമാണവ എന്നുമാണ് കാഫ്ക വാദിച്ചത്. ബ്യുറോക്രസിയെ rational എന്ന് വിശേഷിപ്പിക്കുന്ന വെബറിയന്‍ ചിന്താരീതിക്കെതിരെ ഇമ്മാനുവല്‍ കാന്റിനെ മുന്‍നിര്‍ത്തി കാഫ്ക ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. വെബറിയന്‍ നിയമ സങ്കല്പങ്ങളിലെ ഏതു വാദത്തെയാണ് യുക്തിഭദ്രമായി സ്ഥാപിക്കാന്‍ കഴിയുക? തീര്‍ത്തും അസ്ഥിത്വപരമായ ചോദ്യം തന്നെയായിരുന്നു അത്.

ബ്യൂറോക്രസിയെ ഇത്രയേറെ കാഫ്ക വിമര്‍ശിക്കുന്നുണ്ടെങ്കിലും അദ്ദേഹം സംസാരിക്കുന്നത് അരാജകത്വവാദ (anarchism)മല്ല. വെബറിയന്‍ രീതിയില്‍ ബ്യൂറോക്രസിയെ പുകഴ്ത്തി സംസാരിക്കുന്ന സ്റ്റേറ്റ് ഭാഷയുമല്ല. വെബറിനെ പോലെ Irrationality എന്ന പരിധിയില്‍ സംസാരം പരിമിതപ്പെടുത്തുന്നുമില്ല. അപ്പോള്‍ പിന്നെ കാഫ്കയെ എവിടെ പ്രതിഷ്ഠിക്കും? പിന്നെയുള്ള സാധ്യത ജര്‍മന്‍ പൊളിറ്റിക്കല്‍ തിയറിസ്റ്റായ കാള്‍ ഷ്മിറ്റിന്റെ state of exception ലാണ്. state of exception നെ വിശദീകരിച്ചു കൊണ്ട് സമകാലിക കാഫ്കന്‍ ചിന്തകനായ ജിയോര്‍ജിയോ അഗമ്പന്‍ പറയുന്നത് അത് അരാജകത്വത്തിന്റെ അവസ്ഥയോ വ്യവസ്ഥകളെ തകിടം മറിക്കുന്ന അവസ്ഥയോ അല്ല. നിയമ വ്യവഹാരങ്ങളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ നീതിന്യായ ക്രമ (Juridical order) മല്ലെങ്കിലും അതും ഒരു തരം നീതിന്യായ ക്രമം തന്നെയാണ്. അഥവാ അപവാദ പരമായ ഒരു അവസ്ഥ. ‘പ്രാബല്യത്തില്‍ ഉണ്ട് എങ്കിലും പ്രാമുഖ്യം ഇല്ലാത്ത നിയമം’ എന്നാണ് state of exception നെ അഗമ്പന്‍ വ്യാഖ്യാനിക്കുന്നത്. അത്തരം പ്രാമുഖ്യം ഇല്ലാത്ത എന്നാല്‍ പ്രാബല്യത്തിലുള്ള നിയമവ്യവസ്ഥയെയാണ് കാഫ്ക The trial ല്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഷ്മിറ്റിന്റെ State of exception എന്ന സിദ്ധാന്തത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹത്തെ കാഫ്കന്‍ ചിന്ത സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് കാഫ്കക്ക് ഷ്മിറ്റില്‍ സാധ്യത കണ്ടെത്തുന്നതിനേക്കാള്‍ രസകരമായ കാര്യം എന്ന് അഗമ്പന്‍ പറയുന്നുണ്ട്.

വാള്‍ട്ടര്‍ ബെഞ്ചമിന്‍

ഷ്മിറ്റിന്റെ സിദ്ധാന്തങ്ങളെ കാഫ്ക സ്വാധീനിച്ച പോലെ വാള്‍ട്ടര്‍ ബെഞ്ചമിന്റെ ചിന്തയേയും കാഫ്ക ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. തന്റെ critique of violence ല്‍ കാഫ്കന്‍ ചിന്തയാണ് അദ്ദേഹം പങ്കു വെക്കുന്നത്. നിയമ വ്യവസ്ഥക്ക് പുറത്തുനടക്കുന്ന വയലന്‍സിനെ നിയമവ്യവസ്ഥ ഒരു ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല. അതേസമയം അതേ തോതിലുള്ളതോ അതിനേക്കാള്‍ ഭീകരമായതോ ആയ വയലന്‍സ് ആണെങ്കില്‍പോലും നിയമ വ്യവസ്ഥക്കകത്ത് അതു തന്നെ നിലനിര്‍ത്തുന്നു എന്നുമാണ് ബെഞ്ചമിന്‍ വാദിക്കുന്നത്. ഈ pure violence ആണ് ബെഞ്ചമിന്‍ ഉന്നം വെക്കുന്നത്. എന്നാല്‍ ബെഞ്ചമിനുള്ള വിമര്‍ശനമാണ് ഷ്മിറ്റ് തന്റെ Political theology എന്ന ഗ്രന്ഥത്തില്‍ Theory of sovereignty യില്‍ വിശദീകരിക്കുന്ന State of exception. ബെഞ്ചമിന്‍ പറയുന്ന pure violence ഒരിക്കലും സാധ്യമല്ലെന്നും state of exception വഴി അതിന്റെതായ ഒരു നീതിന്യായ ക്രമവും സാഹചര്യവും ഉണ്ടെന്നുമാണ് ഷ്മിറ്റ് വാദിക്കുന്നത്.

ബ്യുറോക്രസിയുടെ സംബന്ധിച്ച വ്യവഹാരങ്ങളില്‍ സമ്പദ് വ്യവസ്ഥയിലെ പക്ഷപാതിത്വം നിര്‍മാര്‍ജനം ചെയ്ത് നീതി നടപ്പിലാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും ബ്യുറോക്രസി അത്യാവശ്യമാണ് എന്ന് ശാഠ്യം പിടിക്കുന്നത വെബറിനും കാര്യക്ഷമമല്ലാത്ത യുക്തിഹീനമായ വ്യവസ്ഥയാണ് ബ്യുറോക്രസി എന്ന് വാദിക്കുന്ന കാഫ്കക്കും ഇടയിലുള്ള ദൂരംമെത്രയാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഷ്മിറ്റിന്റെ State of exception.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സാമൂഹ്യവ്യവസ്ഥയെ നിയന്ത്രിക്കാന്‍ ബ്യുറോക്രസിക്ക് തന്നെയാണ് കാര്യക്ഷമതയുള്ളതെന്ന് വെബര്‍ വാദിക്കുന്നുണ്ടെങ്കിലും ബ്യുറോക്രസിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഉദയ ഭാവനകള്‍ കാലാനുസൃതമായി മാറിയിട്ടുണ്ടെന്നാണ് വെബറിയന്‍ യുക്ത്യാധിഷ്ഠിത ചിന്തകളെ അപഗ്രഥിച്ച അലന്‍ സിക്ക പറയുന്നത്. ‘ബ്യുറോക്രസിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ഉദ്യോഗസ്ഥനും യുക്ത്യാധിഷ്ഠിത കണക്കുകൂട്ടലുകള്‍ക്ക് വഴിപ്പെടുകയും അതുവഴി ബ്യുറോക്രസി എന്ന യന്ത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുന്നു. ഓരോ പദവി ലഭിക്കും തോറും അതിനേക്കാള്‍ ഉയര്‍ന്ന പദവിയാണ് അയാള്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെ സ്വയം ബ്യുറോക്രസിവല്‍ക്കരിക്കപ്പെടാനുള്ള അവന്റെ മോഹം വളരെ നിരാശാജനകമാണ് ‘ എന്ന് പില്‍ക്കാലത്ത് വെബര്‍ പ്രസ്താവിച്ചിരുന്നുവത്രേ. എന്നാല്‍ ബ്യുറോക്രസിയും ആധുനികതയും വെബര്‍ ഇങ്ങനെ പ്രശ്‌നവല്‍ക്കരിക്കുന്നത് നീഷേയെയും ഗോഥെയെയും വായിച്ച ശേഷമാണെന്നും അലന്‍ സിക്ക കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എൻ.മുഹമ്മദ് ഖലീൽ