Campus Alive

ഹിംസയുടെ ഗ്രാൻഡ് മുഫ്തിക്ക് അൺവെൽക്കം

ഈജിപ്ഷ്യൻ മർദ്ദക ഭരണകൂടത്തിൻ്റെ ഗ്രാൻ്റ് മുഫ്തി ശൗഖി അല്ലാമിന്റെ അലീഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സന്ദർശനവും യൂണിവേഴ്സിറ്റിക്ക് അകത്ത് തന്നെയുള്ള വിദ്യാർത്ഥികളുടെ വിമർശനാത്മക പ്രതികരണവും സവിശേഷ ശ്രദ്ധയർഹിക്കുന്ന വിഷയമാണ്.

സംഭവത്തിന് ശേഷം SIO AMU പുറത്തിറക്കിയ സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗത്തിൽ ഇങ്ങനെ വായിക്കാം. ”മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിരുപാധികം എഴുന്നേറ്റു നിൽക്കാൻ സന്നദ്ധരായ ഒരു കൂട്ടം എന്ന നിലക്ക് ഹിംസയോടും അവയെ സ്വാഭാവികവത്കരിക്കുന്ന പ്രവൃത്തികൾക്ക് മുന്നിലും യാതൊരു കാരണവശാലും മൗനമവലംബിക്കാൻ കഴിയില്ല. അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഇരകളായവരോട് ഞങ്ങൾ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.” എന്തുകൊണ്ട് മുഫ്തി ശൗഖി അല്ലാം അലീഗഢ് യൂണിവേഴ്സിറ്റിലെ വിദ്യാർത്ഥികൾക്ക് അസ്വീകാര്യനാവുന്നു എന്നും അൺവെൽക്കം ചെയ്യപ്പെട്ടു എന്നുമുള്ള ചോദ്യത്തിനുള്ള മറുപടി കൂടിയാണ് മേൽ ഉദ്ധരിച്ച സ്റ്റേറ്റ്മെന്റിലെ വാചകങ്ങൾ.

ഈജിപ്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു കൊണ്ട് അധികാരത്തിലേറിയ കിരാത ഭരണം കാഴ്ച വെക്കുന്ന സീസി ഗവൺമെന്റിന്റെ ഗ്രാന്റ് മുഫ്തിയാണ് ശൗഖി അല്ലാം. ആസൂത്രിതമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും അന്യായമായ വധശിക്ഷ വിധികൾക്കും മതപരമായ ന്യായം ചുമത്തി ഭരണകൂട ഭീകരത പ്രവർത്തനക്ഷമമാക്കുക കൂടിയാണ് മുഫ്തി ശൗഖി അല്ലാം. ആംനസ്റ്റി ഇന്റർനാഷണൽ പുറത്തുവിടുന്ന കണക്ക് പ്രകാരം
ലോകത്ത് ഏറ്റവുമധികം തൂക്കിക്കൊലകൾ/വധശിക്ഷകൾ നടപ്പിലാക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഈജിപ്ത്. ഈജിപ്റ്റിലെ ജയിലുകളിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നവർ ഏറെയാണ്. ഏഴു വർഷം തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം 2019ൽ മുൻ പ്രസിഡണ്ട്‌ മുഹമ്മദ്‌ മുർസിയുടെ ശഹാദത്തും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. സൈനിക അട്ടിമറിയിലൂടെയുള്ള സീസിയുടെ അധികാര ആരോഹണത്തിന് ശേഷം നൂറുകണക്കിന് വധശിക്ഷകളാണ് ശൗഖി അല്ലാം ശരിവെച്ചത്.
2011 മുതൽ ഈജിപ്തിൽ 53 കൂട്ട വിചാരണകൾ നടക്കുകയും രണ്ടായിരത്തോളം പേർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ചെറിയ കുട്ടികൾ വരെ അതിൽ ഉൾപ്പെടുന്നു. അസംഖ്യം വധശിക്ഷകൾ നടപ്പിലാക്കുന്നതിൻ്റെ കാരണങ്ങളും ന്യായങ്ങളും ഭീകരവാദം തീവ്രവാദം തുടങ്ങിയ ഭരണകൂട ഭാഷ്യങ്ങളല്ലാതെ മറ്റൊന്നുമല്ല.

2022ൽ ബ്രിട്ടീഷ് പാർലമെന്റിൽ സംസാരിക്കാൻ എത്തുന്ന ശൗഖി അല്ലാമിനെതിരെ Muslim Association of Britan പ്രതിഷേധ സ്വരം ഉയർത്തിയിരുന്നു. Muslim Association of Britan ശൗഖി അല്ലാമിനെ പരിചയപ്പെടുത്തുന്നത് ”മനുഷ്യാവകാശങ്ങൾക്ക് മേലുള്ള കുറ്റകൃത്യങ്ങളുടെ പേരിൽ അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യപ്പെടേണ്ട വ്യക്തി” എന്നാണ്.

‘Dialouge Among Civilizations’ എന്ന തലക്കെട്ടിൽ Ministry of External Affairs ന് കീഴിലെ Indian Council for Cultural Relations (ICCR)മായി ചേർന്ന് നടത്തുന്ന പരിപാടിയിൽ സംവദിക്കാനാണ് മുഫ്തി അല്ലാം അലീഗഢ് യൂണിവേഴ്സിറ്റിയിലേക്ക് മുഖ്യ അഥിതിയായി ക്ഷണിക്കപ്പെടുന്നത്. അനീതി മാത്രം നടപ്പിലാക്കി ശീലിച്ച സീസി ഭരണകൂടത്തിന്റെ ഹിംസകൾക്ക് മതകീയ ന്യായങ്ങൾ ഒപ്പിച്ചു കൊടുക്കുന്ന ഗ്രാന്റ് മുഫ്തിയുടെ സാന്നിധ്യത്തെ അൺവെൽക്കം ചെയ്യാൻ അലീഗഢ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ തീരുമാനിക്കുകയായിരുന്നു. The Aligarh Dialogue എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ കീഴിൽ നടന്ന അൺവെൽക്കമിങ് യൂണിവേഴ്സിറ്റി അധികൃതരെ ചൊടിപ്പിക്കുകയുണ്ടായി. ഗ്രാന്റ് മുഫ്തിയുടെ പരിപാടി നടക്കുന്ന കെന്നഡി ഹാളിൽ മുഫ്തിക്ക് എതിരെ പ്ലക്കാർഡുകൾ ഉയർന്നപ്പോൾ വിദ്യാർത്ഥികളെ ഹാളിൽ നിന്നും പുറത്താക്കാനായിരുന്നു യൂണിവേഴ്സിറ്റി പ്രോക്ടർമാരുടെ ശ്രമം. ഏകാധിപത്യ ഭരണകൂടത്തിന് വേണ്ടി മുഫ്തി ശൗഖി നടത്തുന്ന ഒത്താശകൾ വിശദീകരിക്കുന്ന ലഘുലേഖകളിലൂടെ പരിപാടിക്കെതിരെ വിയോജിപ്പിൻ്റെ പക്ഷം സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപെട്ട നിരവധി വിദ്യാർഥികൾ ഹാൾ വിട്ട് ഇറങ്ങി പോവുക പോലുമുണ്ടായി.

മുസ്‌ലിം രാഷ്ട്രീയ കർതൃത്വത്തിന്റെ നാൾ വഴികൾ അടയാളപ്പെടുത്തുന്നതിൽ അലീഗഢ് ചെറുതല്ലാത്ത സ്ഥാനം അലങ്കരിക്കുമ്പോഴും യൂണിവേഴ്സിറ്റിയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. വിശിഷ്യ അലീഗഢ് യൂണിവേഴ്സിറ്റി അതോറിറ്റിയുടെ സമീപനങ്ങൾ. CAA-NRC സമര പശ്ചാത്തലത്തിൽ കാമ്പസിൽ നടന്ന പ്രതിഷേധ പ്രകടനം അടിച്ചമർത്തിയത് മുതൽ ഭീകരവാദ മുദ്രകുത്തിയും കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ചും സയ്യിദ് മൗദൂദി (റ) യെ സിലബസിൽ നിന്ന് ഏകപക്ഷീയമായി പുറത്താക്കിയ അനുഭവം വരെയുളള കാര്യങ്ങൾ അതിലുണ്ട്. മൗദൂദി (റ) യെ തിരസ്കരിച്ച അലീഗഢാണ് ശൗഖി അല്ലാമിനെപ്പോലെയുള്ള ഹിംസയുടെ ഗ്രാന്റ് മുഫ്തിമാരെ യുണിവേഴ്സിറ്റിയിലേക്ക് അതിഥിയായി ആനയിച്ചിരുത്തുന്നത്.

ഇസ്‌ലാമിനെ അരാഷ്ട്രീയവൽക്കരിക്കുന്നതിന് പൊളിറ്റിക്കൽ ഇസ്‌ലാം എന്ന ഒരു കാറ്റഗറിയെ ധാരാളമായി ഉപയോഗിക്കുകയും അതിനെ മുൻനിർത്തി മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങളെ നിരന്തരം പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുന്ന സമീപനം 9/11 ന് ശേഷം വലിയ രീതിയിൽ പ്രകടമാണ്. അതിന്റെ തുടർച്ചയിലാണ് ഇത്തരത്തിൽ സ്വീകരിക്കപ്പെടുന്ന ‘ഇസ്‌ലാ’മിനെയും തിരസ്കരിക്കപ്പെടുന്ന ‘ഇസ്‌ലാ’മിനെയും മനസ്സിലാക്കാൻ കഴിയേണ്ടത്.

‘ഇസ്‌ലാമിസം’ എന്ന് വിളിക്കപ്പെടുന്ന ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ വ്യവഹാര മണ്ഡലങ്ങളെ നിരന്തരം പൈശാചികവൽക്കരിച്ചാണ് ഈജിപ്തിലേതടക്കമുള്ള ഭരണകൂടങ്ങൾ തങ്ങൾക്ക് സഹിക്കാൻ കഴിയുന്ന സവിശേഷമായ ‘ഇസ്‌ലാ’മുകളെ രൂപപ്പെടുത്തിയെടുക്കുന്നത്. അതിന് ദൈവശാസ്ത്രത്തിന്റെ പിന്തുണ നൽകുന്ന പ്രൊഫഷണൽ ബുദ്ധിജീവിയാണ് ശൗഖി അല്ലാമിനെ പോലുളളവർ. അദ്ദേഹത്തെ പോലുള്ളവർക്ക് പള്ളി മിമ്പറുകളിൽ പരവതാനി വിരുക്കുന്നവർ ഈജിപ്ഷ്യൻ ഭരണകൂടത്തിൻ്റെ കിരാത ചെയ്തികളെ അംഗീകരിക്കുക മാത്രമല്ല, ഇന്ത്യയിലെ ഭരണകൂട ഭീകരതകൾക്ക് സാധുത നൽകുക കൂടിയാണ് ചെയ്യുന്നത്.

(അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ലേഖകൻ)

ടി.എം ഇസാം