Campus Alive

ഒരു ഇന്ത്യൻ സാക്ഷിയുടെ വിചാരണ: ഒരു മുസ്‌ലിമിന്റെ കോടതിയനുഭവങ്ങൾ

(ഭാഗം – 2)

VI

നാല് ദിവസം കഴിഞ്ഞ് ഒരു ശനിയാഴ്ച കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ മൊഴി നൽകാൻ പ്രമാചലയുടെ കോടതിയിലേക്ക് അഹ്മദ് തിരികെ വന്നു. ഞാൻ പുറത്ത് അദ്ദേഹത്തെയും കാത്ത് നിൽക്കവേ, കലാപ സമയത്ത് അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടവരെന്ന് പറയപ്പെടുന്ന മുസ്‌ലിങ്ങളെക്കൊണ്ട് ആ ഇടവഴി നിറഞ്ഞിരുന്നു. “ഞാനവിടെ വെറുതെ നിൽക്കുകയായിരുന്നു,” ഒരു അലക്കുകാരൻ പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട എട്ട് കേസിൽ പ്രതിയായിരുന്നു അദ്ദേഹം. “ഒരു ഫോട്ടോയോ, തെളിവോ ഒന്നും തന്നെയില്ല,” അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തെയും കോടതി അടിക്കടി വിളിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത് നിൽക്കുന്ന, ചുമരിൽ കുമ്മായമടിക്കുന്ന ജോലി ചെയ്ത് ജീവിക്കുന്ന ഒരു ചെറുപ്പക്കാരൻ താൻ 13 കേസിൽ പ്രതിയാണെന്ന് സങ്കടത്തോടെ പറഞ്ഞു. കോടതിയായിരുന്നു അവരുടെ കുറ്റത്തിൽ തീരുമാനമെടുക്കേണ്ടത്. കലാപ സമയത്ത് മുസ്‌ലിങ്ങളും വയലന്റായിരുന്നുവെന്നത് നേരാണ്, എങ്കിലും അതിജീവിതർ എന്നോട് പറഞ്ഞ പ്രകാരം മുസ്‌ലിങ്ങൾക്ക് ആത്മരക്ഷാർത്ഥം വയലന്റാവുകയല്ലാതെ പിന്നെയുള്ളൊരു വഴി മരണമായിരുന്നു എന്നാണ്.

10 മണി കഴിഞ്ഞ് അല്പസമയത്തിന് ശേഷം അഹ്മദിനെ വിളിപ്പിച്ചു, അദ്ദേഹം കസേരയിൽ നിന്നെഴുന്നേറ്റ് റൂമിന്റെ മുൻവശത്തേക്ക് നടന്നു. പക്ഷേ വീണ്ടും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങളുണ്ടാവുകയും ഇതും നീട്ടിവെക്കേണ്ടി വരികയും ചെയ്തു. ജസ്റ്റിസ് പ്രമാചല ഒരിക്കൽ കൂടി സാക്ഷിയോട് ക്ഷമാപണം നടത്തി. ജഡ്ജിക്ക് മുൻപാകെ ബഹുമാനപുരസരം കൈകൂപ്പി തിരിഞ്ഞു നിന്ന് കൊണ്ട് അഹ്മദ് നെടുവീർപ്പിട്ടു.

പുറത്തുവെച്ച് തനിക്ക് പരിചയമുള്ള ഒരു അഭിഭാഷകനെ കണ്ടുമുട്ടുകയും സാക്ഷിയെന്ന നിലയിൽ തനിക്ക് ലഭിക്കാനുള്ള തുകയെ കുറിച്ച് ചോദിക്കുകയും ചെയ്തു (കോടതിയിൽ ഹാജരാവുമ്പോൾ ഒരു ചെറിയ തുക ബത്തയായി സാക്ഷികൾക്ക് ലഭിക്കും). “അടുത്ത തവണ തന്നേക്കാം,” അഭിഭാഷകൻ പറഞ്ഞു.

“ഞാൻ വീണ്ടും വീണ്ടും ഇവിടെ വന്നുകൊണ്ടിരിക്കുകയാണ്,” അഹ്മദ് അസ്വസ്ഥനായി. “ഇതുവരെ എനിക്ക് മൊഴി കൊടുക്കാൻ സാധിച്ചിട്ടില്ല.”  പ്രായത്തിൽ അഹ്മദിനെക്കാൾ ഇളയവനായ അഭിഭാഷകൻ ദേഷ്യപ്പെടാൻ തുടങ്ങി. “നിങ്ങളിതേ കുറിച്ച് ആശങ്കപ്പെടേണ്ട,” അഭിഭാഷകൻ പറഞ്ഞു. “നിങ്ങളവര് വിളിക്കുമ്പോ കോടതിയിലേക്ക് വരൂ, മറ്റേ ആൾ ആശങ്കപ്പെടട്ടെ. ഇപ്പോ താങ്കൾ പോകൂ.”

ആ കെട്ടിടത്തിന് പുറത്ത് ടാക്സി പ്രതീക്ഷിച്ച് നിൽക്കവേ അദ്ദേഹം പറഞ്ഞു: “എനിക്കറിയില്ല എന്താണ് സംഭവിക്കുന്നതെന്ന്, എനിക്കീ മൊഴിയൊന്ന് കൊടുക്കണം, പക്ഷേ അവർക്കത് വേണ്ടെന്ന് തോന്നുന്നു. മൊഴി കൊടുത്തിട്ടില്ലെങ്കിൽ, അങ്ങനെയൊരു കലാപം തന്നെ നടന്നിട്ടില്ലെന്ന പോലെയായിരിക്കും.”

ആ സന്ദർഭങ്ങളിൽ, ഈ രാജ്യത്തെ ഭരിക്കുന്നത് ലിഖിത നിയമങ്ങളല്ല, മറിച്ച് താനിതുവരെ അറിഞ്ഞിട്ടില്ലാത്ത ചില അലിഖിത നിയമങ്ങളാണെന്ന് അദ്ദേഹത്തിന് തോന്നി. സത്യത്തിലെത്തി ചേരാനുള്ള ആത്മാർത്ഥ ശ്രമത്തിന്റെ പുതിയൊരു തുടക്കമായിരുന്നു ജസ്റ്റിസ് പ്രമാചലിന്റെ കടന്നു വരവ് മുന്നോട്ടുവെച്ചത്. പക്ഷേ, അവസാനിക്കാത്ത വൈകിപ്പിക്കലുകൾ സമീപകാലത്ത് സംഭവിച്ച കുറ്റകൃത്യങ്ങളെ വിദൂരമാക്കുകയും ഓർമ്മകളെ ദുർബലമാക്കുകയും സാക്ഷികളുടെ മനോധൈര്യത്തെ കെടുത്തിക്കളയുകയും ചെയ്തു.

ടാക്സി വന്നു, ഡ്രൈവർ അഹ്മദിന്റെ വീട് മുസ്തഫാബാദിൽ ഒരുപാട് ഉള്ളിലാണെന്ന് പറഞ്ഞു. ആകാശത്ത് എവിടെയോ കിടക്കുന്ന സാറ്റലൈറ്റ് എന്ത് പറയുന്നു എന്ന് നോക്കിയിട്ട് കാര്യമില്ല, അവിടത്തേക്കുള്ള റോഡുകൾ നന്നേ ഇടുങ്ങിയതും അയാളുടെ കാറാവട്ടെ വിലപിടിപ്പുള്ളതുമായിരുന്നു. മുസ്തഫാബാദിന്റെ തലക്കലുള്ള പാലത്തിനടുത്ത് കൊണ്ടുവിടാം എന്ന് ഡ്രൈവർ അഹ്മദിനോട് വിശദീകരിച്ചു. അവിടന്നങ്ങോട്ട് എന്തേലും വഴി തന്നത്താൻ കണ്ടു പിടിക്കണം. നടക്കുകയാണെങ്കിൽ അര മണിക്കൂറുണ്ട്. ഒരു നിമിഷം അഹമ്മദിന് മറുത്തുപറയാൻ തോന്നിയെങ്കിലും, പെട്ടെന്ന് തന്നെ ആ തോന്നൽ അദ്ദേഹത്തെ വിട്ടുപോവുകയും ചെയ്തു. ചെല്ലേണ്ടയിടം ഒരു മുസ്‌ലിം ലൊക്കാലിറ്റിയാണെങ്കിൽ എല്ലാതരത്തിലുള്ള ഒഴികഴിവുകളും ഡ്രൈവർമാർ പറയും. എന്നെ വിഷമകരമായി ഒന്ന് ആലിംഗനം ചെയ്ത് ഇടുങ്ങിയ ഒരു ചിരിയോടെ അദ്ദേഹം കാറിലേക്ക് കയറി.

VII

മാസത്തിൽ ഒന്നോ രണ്ടോ തവണ ഞങ്ങൾ സംസാരിച്ചിരുന്നു, ഒരേ നഗരത്തിലാണെങ്കിൽ ചിലപ്പോൾ അതിലും കൂടുതൽ. തൊഴിലില്ലായ്മയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കേ പൊടുന്നനെ കടപുഴകി വീണ മരത്തെക്കുറിച്ച രൂപകത്തെ കുറിച്ചുള്ള സംസാരത്തിലേക്ക് മാറുകയും, പതിയെ പോലീസ് പണി രാഷ്ട്രീയക്കാരുടെ ബന്ധനത്തിലാണെന്ന അനുമാനത്തിലേക്കെത്തുകയും ചെയ്യുന്ന തരത്തിൽ എവിടെയും തൊടാത്ത തരം സംസാരങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. എനിക്കൊരു വാക്കെങ്കിലും ആലോചിച്ചെടുക്കാൻ കഴിയുന്നതിന് മുൻപേ, അഹ്മദിന്റെ മനസ്സ് മറ്റെവിടെയെങ്കിലും എത്തിയിട്ടുണ്ടാകും. വാക്കുകൾ അദ്ദേഹത്തിന്റെ വായിൽ നിന്ന് ദ്രുതഗതിയിൽ ഒഴുകും, കഥകളും ഫിലോസഫികളും ഏത് നിമിഷത്തിനും വേണ്ടി തയ്യാറായി നിൽക്കും.

ചില സമയത്ത് അദ്ദേഹം വിഷാദ മൂകനാകും. നിയമക്രമത്തിനും ഉത്തരവാദിത്വത്തിനും യുക്തിരഹിതമായ വിദ്വേഷങ്ങൾ അവസാനിപ്പിക്കാനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ ഫലം കണ്ടിരുന്നില്ല. അദ്ദേഹത്തിന് വാഗ്ദത്തം ചെയ്തിരുന്ന രാജ്യം ഇല്ലാതാവുകയും, ആ ലംഘിക്കപ്പെട്ട വാഗ്ദാനത്തെ കുറിച്ച് അദ്ദഹം വിലപിക്കുകയും ചെയ്തിരുന്നു. മറ്റു ചിലപ്പോൾ, കുറ്റവാളികളെ നീതിക്കു മുന്നിലെത്തിക്കാൻ എത്രമാത്രം എളുപ്പമായിരുന്നു എന്നാലോചിക്കവേ പൊടുന്നനെ അദ്ദേഹം ശുഭപ്രതീക്ഷ കൊണ്ട് നിറയും. “എന്നെ പോലെ ഒരു അഞ്ച് ആളുകൾ കൂടി മുന്നോട്ട് വന്നാൽ മതി,” അദ്ദേഹം പറഞ്ഞു. “എന്ത് മാറ്റമാണുണ്ടാവുക എന്ന് സങ്കൽപ്പിച്ചു നോക്ക്.”

ഒടുവിൽ, ജൂലായ് മാസത്തിന്റെ അവസാനം അദ്ദേഹം സാക്ഷിയായിരുന്നു കേസ് വീണ്ടും വിളിച്ചു. കോടതിയിൽ എത്തിയപ്പോൾ, ജഡ്ജ് പ്രമാചല താടി വെച്ച്, മുടി അല്പം പിന്നിലേക്ക് വളർത്തിയത് ഞാൻ ശ്രദ്ധിച്ചു. ചെറിയ മറ്റു ചില മാറ്റങ്ങളുമുണ്ടായിരുന്നു.  അപ്പോഴും പോലീസുകാർക്കും അഭിഭാഷകർക്കും അവർ ചെയ്യേണ്ട സംഗതികൾ ചെയ്യാത്തതിന്റെ പേരിൽ ക്ലാസെടുക്കാൻ വേണ്ടിയായിരുന്നു ദിവസത്തിന്റെ നല്ലൊരു ഭാഗവും പ്രമാചല ചെലവഴിച്ചുകൊണ്ടിരുന്നത്, അവരാവട്ടെ അദ്ദേഹത്തെ പ്രീണിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു (ഒരിക്കലൊരു ക്രിമിനൽ അഭിഭാഷകനോട് ഞാൻ ജഡ്ജിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ചോദിച്ചു. വളരെ സംക്ഷിപ്തമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “അദ്ദേഹം ഒരു സത്യസന്ധനാണ്”).

അന്നേ ദിവസം ഒരു ഇടവേളസമയത്ത് പിന്നിലെ വരിയിലിരിക്കുന്ന യുവാക്കളായ മൂന്ന് പ്രതിഭാഗം അഭിഭാഷകർ അഹ്മദിനെ കുറിച്ച ചില ഗൂഢാലോചനാ കഥകൾ എന്നോട് പറഞ്ഞു. തന്റെ കക്ഷിയെ കുടുക്കാൻ ഡൽഹി പോലീസും ഒരു ഇസ്ലാമിക മത സംഘടനയും അഹ്മദിന് 20000 ഡോളറിനടുത്ത് പൈസ നൽകിയിട്ടുണ്ടെന്ന് അതിലൊരാൾ പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു. ഒരു ബി.ജെ.പി കൗൺസിലറെ കുടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെയെന്ന് അദ്ദേഹം അവകാശപ്പെട്ടു.  ഇത് അയാൾക്കെങ്ങനെയറിയാം എന്ന് ഞാൻ ചോദിച്ചപ്പോൾ തന്റെ പക്കൽ തെളിവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “രേഖാപരമായതോ?,” ഞാൻ ചോദിച്ചു. “നിങ്ങൾ കാര്യങ്ങൾ കേൾക്കൂ,” തനിക്കെല്ലാമറിയാം എന്ന മട്ടിലുള്ള ഒരു നോട്ടത്തോടെ അദ്ദേഹം പറഞ്ഞു.

അഭിഭാഷകരെല്ലാം അഹ്മദിനെ വിസ്തരിക്കാൻ ഏറെ ആകാംക്ഷരായിരുന്നു. “അവന്റെ കള്ളം ഞാൻ പൊളിക്കാൻ പോവുകയാണെന്ന് എന്റെ കക്ഷിയോട് ഞാൻ പറഞ്ഞിട്ടുണ്ട്,” ഒരാൾ പറഞ്ഞു. “അവനെ ഞാൻ ഒരു കളിപ്പാവയാക്കാൻ പോവുകയാണ്,” താനും വിട്ടുകൊടുക്കാനൊരുക്കമല്ലെന്ന മട്ടിൽ മറ്റൊരാൾ പ്രതികരിച്ചു. അഹമ്മദ് പോലീസിന് നൽകിയ മൊഴിയിൽ ഒരു പഴുത് കണ്ടെത്തിയെന്ന് ഉറപ്പായ പോലെ അവർ പരസ്പരം കൈകൊട്ടി ചിരിച്ചു.

VIII

അന്ന് ഉച്ചക്ക് ശേഷം അഹ്മദിന് സംസാരിക്കാനുള്ള അവസരം വന്നു. കുറ്റാരോപിതരായ ചെറുപ്പക്കാർ മരക്കൂട്ടിന് പിന്നിൽ നിരന്നു നിന്നു. അവരെ ഓരോരുത്തരെയും ഓരോ പോലീസുകാർ പിന്നിൽ നിന്ന് പിടിച്ചിരുന്നു. വിരലുകൾ പരസ്പരം കോർത്തുവെക്കുകയല്ലാതെ കൈവിലങ്ങുകളൊന്നുമുണ്ടായിരുന്നില്ല (ജയിൽ പുള്ളികൾ അങ്ങേയറ്റം അപകടകാരികളല്ലെങ്കിൽ കൈവിലങ്ങുകൾ ഉപയോഗിക്കരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ ഭാഗമായിരുന്നു ഇത്).

ജഡ്ജിക്ക് മുഖാമുഖമായി അഹ്മദ് മുൻനിരയിൽ തന്നെ ഇരുന്നു – അഹ്മദ് രക്ഷപ്പെട്ട് 887 ദിവസങ്ങൾ കഴിഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ഓർമ്മശക്തി ഇപ്പോൾ പരിശോധിക്കപ്പെടും. പ്രമാചല അഹ്മദിന്റെ മേൽവിലാസം ചോദിക്കുകയും മൊഴികൊടുക്കാൻ പറയുകയും ചെയ്തു. വരികൾ പൂർത്തിയാക്കും മുൻപേ ജഡ്ജി സ്ഥലം മാറി പോകുമോ എന്ന് ഭയന്നിട്ടെന്ന പോലെ ഇത്രയും കാലം അടക്കിവെച്ച അദ്ദേഹത്തിന്റെ കഥ തിരക്കിട്ട് പറയാൻ തുടങ്ങി. ആ റാലിയെ കുറിച്ചും, പാലത്തിൽ വെച്ചുള്ള മുദ്രാവാക്യം വിളികളെ കുറിച്ചും, തന്റെ വീടിനു നേരെ ആക്രമണമുണ്ടായതും, അവിടെ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ചും ഒക്കെ അദ്ദേഹം സംസാരിച്ചു. ജഡ്ജിയുടെ ചോദ്യം ചെയ്യലിൽ തനിക്കറിയാത്ത കാര്യങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഉദാഹരണത്തിന്, രാത്രി മുഴുവൻ കൊള്ളയും കുഴപ്പങ്ങളും നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. “ഇരുട്ടാണെങ്കിൽ കൊള്ള നടന്നിരുന്നുവെന്ന് താങ്കൾക്കെങ്ങനെ അറിയാൻ കഴിഞ്ഞു? വ്യക്തമാക്കി പറയൂ,” ജഡ്ജി പറഞ്ഞു. “നിങ്ങളുടെ കണ്ണ് കൊണ്ടെന്ത് കണ്ടോ, കാത് കൊണ്ടെന്ത് കേട്ടോ, മൂക്ക് കൊണ്ടെന്ത് മണത്തോ, നാവ് കൊണ്ടെന്ത് രുചിച്ചോ അല്ലെങ്കിൽ ശരീരത്തിൽ എന്ത് അനുഭവിച്ചോ അതെന്നോട് പറയണം. ഈ സത്യം മുറുകെ പിടിച്ച് ഉത്തരം പറയണം.”

ജഡ്ജിയുടെ ഓരോ ചോദ്യവും സംക്ഷിപ്തമായ കഥപറച്ചിൽ ആവശ്യപ്പെടുന്നുണ്ടായിരുന്നു, പക്ഷേ കൃത്യമായി പറയുക അഹ്മദിന് എളുപ്പമായിരുന്നില്ല. അദ്ദേഹം പാടുപെട്ടു. ജഡ്ജിയുടെ ഉപദേശങ്ങളൊക്കെ അദ്ദേഹം മറന്നുപോയി. അദ്ദേഹം പരസ്പര ബന്ധമില്ലാത്ത പോലെ സംസാരിച്ചു. എന്തെങ്കിലും തരത്തിലുള്ള മുന്നൊരുക്കങ്ങളോ വാദി ഭാഗം അഭിഭാഷകൻ സാക്ഷിയോട് എന്തൊക്കെ പ്രതീക്ഷിക്കണമെന്ന് പറയുകയോ ചെയ്തിരുന്നില്ല (ഇന്ത്യൻ നിയമപ്രകാരം സാക്ഷിയെ ഒരുക്കൽ മൊഴിയിൽ കൈകടത്തലായാണ് പരിഗണിക്കുക എന്ന് പ്രതിഭാഗം വക്കീൽ എന്നോട് പറഞ്ഞു).

അഹ്മദിന്റെ അരികിൽ നാലടി അകലെയല്ലാതെ പ്രതിക്കൂട്ടിൽ കേസിലെ പ്രതി നിന്നിരുന്നു. ഇവർക്കെതിരെയുള്ള പ്രോസിക്യൂഷന്റെ കേസിലെ ആരോപണ പ്രകാരം 2020 ഫെബ്രുവരി 25 ന്റെയും 26 ന്റെയും രാത്രികളിലായി 125 ഓളം അംഗങ്ങളടങ്ങിയ ഒരു വാട്സാപ്പ് ഗ്രൂപ്പ് പ്രതികൾ ഉണ്ടാക്കിയിരുന്നു. അവരുടെ ഫോൺ ചാറ്റുകൾ പോലീസിന്റെ ചാർജ്ഷീറ്റിന്റെ ഭാഗമായിരുന്നു. തന്റെ ‘ടീം’ രണ്ട് ‘മുല്ലകളെ’ കൊന്നു എന്ന് പ്രതികളിലൊരാൾ എഴുതിയതായി പറയപ്പെടുന്നു. മറ്റൊരാൾ ഇന്ത്യൻ പിസ്റ്റളായ 315-ന്റെ ബുള്ളറ്റുകൾ ആരുടെയെങ്കിലും കൈവശമുണ്ടോ എന്ന് ചോദിച്ചു. മറ്റൊരാൾ ഇങ്ങനെ പറഞ്ഞു: “സഹോദരരെ… ആർക്കെങ്കിലും എന്തേലും പ്രശ്നമുണ്ടെങ്കിൽ, അല്ലെങ്കിൽ ആരോടൊപ്പമെങ്കിലും ആളുകൾ കുറവുണ്ടെങ്കിൽ പറയൂ. ഞാനെന്റെ മൊത്തം ടീമിനെയും കൂട്ടി വരാം. നിങ്ങൾ വേണ്ടതൊക്കെ എന്റെയടുത്തുണ്ട്. ബുള്ളറ്റ്സ്, തോക്കുകൾ, എല്ലാം.”

അവിടെ നടന്നുകൊണ്ടിരിക്കുന്ന വിചാരണയൊന്നും തങ്ങളെ പറ്റിയേ അല്ലെന്ന വിധത്തിലായിരുന്നു പ്രതിക്കൂട്ടിൽ ഉള്ളവരുടെ ഭാവം. അവർ പരസ്പരം ചെവിയിൽ പിറുപിറുത്ത് ചിരിച്ചുകൊണ്ടിരുന്നു. സമയം പോകുന്നതിനനുസരിച്ച് അവർ അസ്വസ്ഥരായി. ഒരാൾ കോട്ടുവായിട്ടു, മറ്റൊരാൾ മീശ പിടിച്ചു കൊണ്ടിരുന്നു, വേറൊരുവൻ മൂക്ക് പിടിച്ചു കളിച്ചു കൊണ്ടിരുന്നു. മിനിറ്റുകൾ കഴിയുമ്പോൾ ആരെങ്കിലുമൊരാൾ എന്റെ തലക്ക് മുകളിലുള്ള ക്ലോക്കിലേക്ക് നോക്കികൊണ്ടിരുന്നു. പ്രതികളിൽ ഒരാൾ “പ്രമുഖനായ ഒരു തടവുകാരൻ” ആണെന്ന് ഒരു സെക്യൂരിറ്റി ജീവനക്കാരൻ എന്നോട് പറഞ്ഞു. അയാൾ ചെവിയിൽ മത ചിഹ്നമായ സിന്ദൂരം അണിഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തുറന്നിട്ടിരുന്നു. അനങ്ങാതെ തന്നെ പൊങ്ങച്ചം കാണിക്കുന്ന, എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ നിൽപ്പ്. ചില പോലീസുകാർ അദ്ദേഹത്തോട് ഇടക്കിടക്ക് തമാശ പറഞ്ഞുകൊണ്ടിരുന്നു. ഒരവസരത്തിൽ, ഒരു കോൺസ്റ്റബിൾ അദ്ദേഹത്തിന് കസേര ഒഴിഞ്ഞുകൊടുക്കുക വരെ ചെയ്തു. മറ്റൊരവസരത്തിൽ, തന്റെ സുഹൃത്തുക്കളെയും അരികിൽ ഇരുത്താൻ കഴിയുമോ എന്നദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ ആവശ്യം കേട്ട് പോലീസുകാർ അത്ഭുതപ്പെട്ടെങ്കിലും അവരദ്ദേഹം പറഞ്ഞ പടി ചെയ്തുകൊടുത്തു. ജഡ്ജി കോടതിയില്ലാത്ത ഘട്ടങ്ങളിൽ അദ്ദേഹം പരിധി വിടുമായിരുന്നു.

അന്നേ ദിവസം അവസാനമാവുമ്പോഴേക്കും, ആക്രമണം നടന്ന രാത്രിയെ ഒന്നുകൂടി ജീവിച്ചു കാണിച്ചു കഴിഞ്ഞപ്പോഴേക്കും ആകെ ക്ഷീണിതനായിരുന്നു. പ്രമാചല പ്രത്യേകം നിരീക്ഷിച്ചു. “അഹ്മദ്, സഹോദരാ, ധൈര്യവാനായി പ്രതീക്ഷയോടെ ഇരിക്കൂ,” ജഡ്ജി അദ്ദേഹത്തോട് പറഞ്ഞു. “കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാവും. ഇപ്പോൾ നീയൊരു ഇറക്കത്തിലാണ്, പക്ഷേ ജീവിതത്തിലും ചവിട്ടുപടികളുണ്ടാവും.”

IX

എന്നത്തേയും പോലെ തൊട്ടടുത്ത ദിവസത്തെ വാദം കേൾക്കലും, ഇതൊക്കെ അനുഭവിക്കാൻ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന രൂപേണയുള്ള ജസ്റ്റിസ് പ്രമാചലയുടെ മുഖഭാവത്തോടെയാണ് ആരംഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഒരു സി.ഡി തെളിവായി സമർപ്പിച്ചിരുന്നു, പക്ഷേ കലാപത്തിന്റെ ഒറിജിനൽ വീഡിയോ ഫൂട്ടേജിനു പകരം ആ വീഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. “ഈ സ്ക്രീൻഷോട്ടുകളൊക്കെ എവിടെ നിന്നുള്ളതാണെന്ന് ആരാണ് ഉറപ്പിക്കുക?” പ്രമാചല ചോദിച്ചു. തൃപ്തികരമായ ഒരു മറുപടി ആയിരുന്നില്ല ലഭിച്ചത്.

അതിനിടയ്ക്ക്, പ്രതിഭാഗം അഭിഭാഷകരിൽ ഒരാൾ ഒരു മൈക്രോഫോണെടുത്ത് അഹ്മദിന്റെ കഴിഞ്ഞ ദിവസത്തെ മൊഴി തന്റെ കക്ഷികളാരെയും കുറ്റവാളികളാക്കുന്നില്ലെന്ന് ജഡ്ജിയോട് പറഞ്ഞു. ജഡ്ജി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു; “അതിന് സമയം കൊടുക്കൂ, സമയം കൊടുക്കൂ.”

മുക്കിയും മൂളിയും ആ ദിവസമങ്ങനെ നീങ്ങിക്കൊണ്ടിരുന്നു, എന്റെ ശ്രദ്ധയാണെങ്കിൽ ഉച്ചതിരിയുന്നത് വരെ പലകാര്യങ്ങളിലായി അലഞ്ഞുനടന്നു. അഹ്മദ് താൻ കലാപത്തിൽ പങ്കെടുക്കുന്നതായി കണ്ടിരുന്നു എന്നുപറഞ്ഞ ആളുകളെക്കുറിച്ച് പ്രമാചല ചോദിച്ചു. “ഈ കോടതിമുറിയിൽ താങ്കൾക്ക് അവരെ തിരിച്ചറിയാൻ കഴിയുമോ?”. ആ മുറിയൊന്നടങ്കം നിശബ്ദതയിലേക്ക് വീണു, അഹ്മദ് പതുക്കെ എഴുന്നേറ്റ് പ്രതിക്കൂട്ടിനരികിലേക്ക് നടന്നു. എത്രത്തോളം അടുത്ത് പോകാൻ കഴിയും എന്ന് നിശ്ചയമില്ലാത്ത വിധത്തിൽ അഹ്മദ് ജഡ്ജിയെ ഒന്ന് നോക്കി. “പേടിക്കേണ്ട,” ജഡ്ജിയും വക്കീലും പറഞ്ഞു, വളരെ സൗമ്യമായി അദ്ദേഹത്തെ പ്രോത്സാഹിച്ചിച്ചു.

അവരുമായുള്ള അഹ്മദിന്റെ സാമീപ്യം അദ്ദേഹത്തിന്റെ മൊഴിക്ക് ജീവൻ കൊടുത്തു. പ്രതികൾ പൊടുന്നനെ ചിരിയും സംസാരവും നിർത്തി അദ്ദേഹത്തെ തന്നെ നോക്കി നിന്നു. അവർക്ക് തൊടാൻ കഴിയുന്നത്രയും അകലത്തിൽ അഹ്മദ് ചെന്ന് നിന്നു. വലിയ വ്യത്യാസമായിരുന്നു അവർ തമ്മിൽ. അനിശ്ചിതമായി കുനിയുകയും അനങ്ങുകയും ചെയ്തു കൊണ്ടിരിക്കുന്ന അവരിൽ ഏറ്റവും മുതിർന്നയാളേക്കാൾ കുറഞ്ഞത് 20 വയസെങ്കിലും പ്രായം കൂടുതലുണ്ട് അഹ്മദിന്, അതേസമയം മറ്റുള്ളവർ മുന്നിൽ പിരിമുറുക്കത്തിൽ നിൽക്കുകയായിരുന്നു. ജഡ്ജിയോട് ഏറ്റവും അടുത്തുനിൽക്കുന്ന ആളെ ചൂണ്ടിക്കാണിച്ച് അയാളുടെ മുഖത്ത് നോക്കി അഹ്മദ് അദ്ദേഹത്തിന്റെ പേര് പറഞ്ഞു. അത് ഉറപ്പിക്കാനായി ജഡ്ജ് പ്രതികളോട് ചോദിച്ചു. ശേഷം അഹ്മദ് അടുത്ത പ്രതിയെ ചൂണ്ടിക്കാണിച്ച് പേര് പറയുകയും നേരത്തെ നടന്ന നടപടി ആവർത്തിക്കുകയും ചെയ്തു. അവരിൽ 9 പേരെ ചൂണ്ടിക്കാണിച്ച ശേഷം അഹ്മദ് നിർത്തുകയും അവരിൽ ചിലരെ മുഖം കണ്ട് മാത്രമാണ് തിരിച്ചറിഞ്ഞതെന്ന് ജഡ്ജിയോട് പറയുകയും ചെയ്തു.

നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ആ നേരം എന്തോ ഒരു മാറ്റം സംഭവിച്ചിരുന്നു. ആളുകളുടെ പേര് തിരിച്ചറിയുന്ന ഈ പ്രക്രിയ സംശയാസ്പദമായ ‘പ്രതികൾ’ എന്ന ഒരു കൂട്ടം ആളുകൾ എന്നതിൽ നിന്ന് ആ റൂമിൽ സന്നിഹിതരായ ചല വ്യക്തികൾ എന്ന തലത്തിലേക്ക് അവരെ മാറ്റിയിരുന്നു.

അന്നേ ദിവസം അവസാനിക്കാറായപ്പോഴായിരുന്നു പ്രതിഭാഗത്തിന് അഹ്മദിനെ അടുത്ത ദിവസം രാവിലെ വിസ്തരിക്കാമെന്ന് പ്രഖ്യാപിക്കുന്നത്. സകലരുടെയും ശ്രദ്ധാ പാത്രമാവുന്നതിന്റെ ഭാരം അപ്പോഴും അദ്ദേഹത്തെ വിട്ടുപോയില്ല. അഹ്മദ് ഇരുന്ന് നെറ്റിത്തടം തുടച്ചു. പിന്നീട്, അന്ന് രാത്രി അഹ്മദ് എനിക്കിങ്ങനെ എഴുതി; “ചില കാര്യങ്ങൾ മറന്നുപോയത് കൊണ്ട് ഒരുപാട് സമയമെടുത്ത് നിർത്തി നിർത്തിയാണ് ഞാൻ സംസാരിച്ചത്. എന്നെ ആരെങ്കിലും വെടിവെച്ചിടുമോ എന്ന പേടിയും എനിക്കുണ്ട്.”

X

അടുത്ത ദിവസം രാവിലെ, മുറിയുടെ മുൻഭാഗത്ത് ഇരിക്കുന്ന അഹ്മദിന്റെയടുത്ത് തിക്കിതിരക്കുന്ന അഭിഭാഷകരുടെ ബഹളത്തോടെയാണ് ക്രോസ് വിസ്താരം ആരംഭിച്ചത്. ആദ്യത്തെ അഭിഭാഷകൻ അദ്ദേഹത്തെ നോക്കി  ഭഗീരഥി വിഹാറിൽ എത്രകാലമായി താമസിക്കുന്നതെന്നും, കലാപസമയത്ത് അദ്ദേഹത്തിന്റെ കട അടച്ചിട്ടിരിക്കുകയായിരുന്നോ അതോ തുറന്നിരുന്നോ എന്നും, ജോലിക്കാരുണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നു അവരുടെ പേര്, അവരുടെ പിതാവിന്റെ പേരെന്തായിരുന്നു എന്നൊക്കെ അദ്ദേഹത്തോട് ചോദിച്ചു. മറ്റൊരു അഭിഭാഷകൻ അദ്ദേഹത്തിന്റെ വീടിനു പുറത്തുള്ള റോഡ് എത്ര വിശാലമായിരുന്നുവെന്ന് ചോദിച്ചു. മറ്റൊരാൾ ആ പാലം അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് എത്ര ദൂരെയാണെന്ന് ചോദിച്ചു. വേറൊരാൾ അഹ്മദ് സമീപദൃഷ്ടിയുള്ളയാളാണെന്ന് തറപ്പിച്ചു പറഞ്ഞു. ഒരാൾ അഹ്മദിന്റെ ഫോണിന് എത്ര ക്യാമറകൾ ഉണ്ടായിരുന്നുവെന്ന് ചോദിച്ചു.

ലീഗൽ ഷോകൾ കാണുന്നവർ ഒരുപക്ഷേ ഈ രീതിയിലുള്ള ചോദ്യം ചെയ്യലിനെ കുറിച്ച് വായിച്ചിട്ടുണ്ടാകാം; സാക്ഷിയെ കെണിയിൽപ്പെടുത്തുന്ന വിധത്തിലുള്ള നിർദ്ദോഷകരമായ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുന്ന രീതി. അഹ്മദിനെ കൊണ്ട് താനവിടെ ഉണ്ടായിരുന്നില്ലെന്നും, തന്റെ വീട്ടിൽ നിന്ന് നോക്കിയാൽ പാലം കാണാൻ കഴിയില്ലെന്നും, കാഴ്ച ശക്തി വിശ്വസനീയമല്ലെന്നും, ഇതൊക്കെ തന്നെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നും സമ്മതിപ്പിക്കുന്ന തരത്തിൽ എങ്ങനെയാണീ വാദം വികസിക്കുകയെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനായേക്കും.

പക്ഷേ തുടർന്നുള്ള ചോദ്യങ്ങൾ എവിടെയുമെത്തിച്ചില്ല. അഭിഭാഷകർ അവരുടെ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയും വിജയശ്രീലാളിതരെ പോലെ അപ്രസക്തമായ കാര്യങ്ങൾ ചോദിക്കുകയും ചെയ്തു, ആ ഘട്ടത്തിൽ ജഡ്ജി അദ്ദേഹത്തിന്റെ വിയോജിപ്പറിയിച്ചു. അഹ്മദിനെ ഞാൻ ഒരു കളിപ്പാവയാക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ച അഭിഭാഷകൻ അഹ്മദിന്റെ കുടുംബത്തിന് രക്ഷപ്പെടാൻ സഹായകരമായ ഏണിയെ കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചെന്നല്ലാതെ അതിന്റെ പരിണിതികളെ കുറിച്ച് ഒന്നും ചോദിച്ചില്ല. ഒരു കളിപ്പാവയും അതിന്റെ അവസാനം ഉണ്ടായിരുന്നില്ല.

വൈകുന്നേരം 4:11 ആയപ്പോൾ അന്നത്തേക്ക് ജഡ്ജി ആ വിഷയം അവസാനിപ്പിച്ചു. ഈ കേസിലെ അഹ്മദിന്റെ ജോലി കഴിഞ്ഞോയെന്ന് വ്യക്തമായിരുന്നില്ല. മുടിയിഴകളിലൂടെ കയ്യോടിച്ചുകൊണ്ട് അദ്ദേഹം പുറത്തിറങ്ങി. അദ്ദേഹത്തിനും അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്ന അംഗരക്ഷകർക്കും ആശ്വാസമായി, പ്രതികളാവട്ടെ ആ ഭാഗത്തൊന്നും തന്നെ ഉണ്ടായിരുന്നുമില്ല.

ഇതിനൊക്കെ തുടക്കം കുറിച്ച, ശരിക്കും അപകടകാരിയായ ആൾ കോടതിയുടെ പരിസരത്തുണ്ടായിരുന്നില്ലെന്ന് അഹ്മദ് ഇടക്കിടെ പറഞ്ഞു. കലാപങ്ങളുടെ സമയത്ത് കാലാൾഭടന്മാരെ അവർ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുക ആയിരുന്നു, അഹ്മദ് പറഞ്ഞു – അദ്ദേഹമത് കണ്ണു കൊണ്ട് കണ്ടു. ഈ സംഘാടകർ ബി.ജെ.പിയുടെ സായുധ വിഭാഗമായ ആർ.എസ്.എസിന്റെ മീറ്റിംഗുകളിൽ സ്ഥിരമായി പങ്കെടുത്തിരുന്നുവെന്നും അവരാണെങ്കിൽ അപ്പോഴും സ്വതന്ത്രരായിരുന്നു എന്നും അഹ്മദ് പറഞ്ഞു. അദ്ദേഹത്തിന്റെ പോലീസ് എസ്കോർട്ട് സംസാരിച്ചപ്പോഴായിരുന്നു ഞങ്ങളിത് ചർച്ചചെയ്യാൻ തുടങ്ങിയത്.

“അവരെ ആര് പിടിക്കുമെന്നാണ് താങ്കൾ കരുതുന്നത്?” അദ്ദേഹം ചോദിച്ചു. പോലീസോ? അവര് റിപ്പോർട്ട് ചെയ്യേണ്ട ജനങ്ങളുടെ പിറകെ പോകുന്ന പോലീസോ? അദ്ദേഹത്തിന്റെ സംസാരത്തിലാ ധ്വനി ഉണ്ടായിരുന്നു. നിങ്ങൾ തമാശിക്കുകയാണ്.

XI

ആഗസ്റ്റ് കഴിഞ്ഞു, സെപ്തംബർ വന്നുപോയി, ഒരു വർഷം കഴിഞ്ഞു. 2023 ഫെബ്രുവരി പകുതി വരേയും കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. കലാപത്തിന് ശേഷം ഏകദേശം മൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, പക്ഷേ അഹ്മദിന് അതൊരു പ്രശ്നമാണെന്ന് തോന്നുന്നില്ല, അദ്ദേഹത്തിന്റെ മൊഴി ഇപ്പോൾ ഒരു നിയമ രേഖയാണ്. “ഞാൻ ജനങ്ങളെ സഹായിക്കും,” അദ്ദേഹം എന്നോട് പറഞ്ഞു. “എന്നെക്കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യും. ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ഞാൻ ഒന്നിപ്പിക്കും. അതിന് ഞാൻ മനസ്സ് പാകപ്പെടുത്തി കഴിഞ്ഞു.”

അദ്ദേഹം മുന്നോട്ടു വന്നപോലെ എന്തു കൊണ്ട് കൂടുതൽ ആളുകൾ മുന്നോട്ടു വന്നില്ല എന്നാലോചിച്ച് അദ്ദേഹം അത്ഭുതം കൂറി. ഞങ്ങളുടെ സംഭാഷണങ്ങളിൽ സാധാരണ ഹിന്ദുക്കളോട് അവരുടെ വീക്ഷണങ്ങളെ കുറിച്ച് പുനരാലോചിക്കാൻ പ്രേരിപ്പിക്കുന്ന സന്ദർഭങ്ങളെ അദ്ദേഹം സങ്കൽപ്പിക്കാറുണ്ടായിരുന്നു. അവരുടെ മനുഷ്യത്വത്തോട് ചേർന്നുനിൽക്കുന്ന വാദങ്ങളോട് ധാർമ്മിക പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ച് കൊണ്ട് അദ്ദേഹമാരംഭിക്കും, പിന്നീട് പതിയെ വിദ്വേഷം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകർത്തുകൊണ്ടിരിക്കുകയാണെന്ന വാദവുമായി ബന്ധിപ്പിക്കും. ലോകത്തിലെ മുൻ നിര രാജ്യങ്ങളിലൊന്നായാണ് ഇന്ത്യ സ്വയം കണക്കാക്കുന്നത്. പക്ഷേ ഒരു ആയുഷ്കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത വീടുകളും കച്ചവടസ്ഥാപനങ്ങളും മിനിറ്റുകൾ കൊണ്ട് തകർക്കപ്പെട്ടേക്കാൻ സാധ്യതയുള്ള സ്ഥലം കൂടിയായിരുന്നു ഇത്. “ഇങ്ങനെയായാൽ ഈ രാജ്യം എങ്ങനെ പുരോഗമിക്കാനാണ്?” അദ്ദേഹം ചോദിച്ചു. ഒരുപക്ഷേ അത് ജനങ്ങളെ ചലിപ്പിച്ചേക്കാം, അദ്ദേഹം ആലോചിച്ചു. ഇന്ത്യൻ ദേശത്തിന്റെ ഭാഗമായി തന്നെ ആവർ കണ്ടില്ലാ എങ്കിൽ, രാജ്യത്തിന്റെ സമൃദ്ധിയിൽ സംഭാവന നൽകാൻ കഴിയുന്ന സാമ്പത്തിക വ്യവസ്ഥയുടെ ഒരു ഭാഗമായെങ്കിലും ഒരുപക്ഷേ തന്നെ അവർ അംഗീകരിക്കുമായിരിക്കും. പക്ഷേ ചില സമയങ്ങളിൽ, ആ ചുരുങ്ങിയ പങ്ക് പോലും ഈ പുതിയ ഇന്ത്യക്ക് മതിയാവുകയില്ല എന്ന് അദ്ദേഹത്തിന് തോന്നി. കഴിഞ്ഞ വസന്ത കാലത്തിൽ ഒരു ദിവസം വളരെ അസ്വസ്ഥനായിക്കൊണ്ട് അഹ്മദ് എന്നെ വിളിക്കുകയും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നോർത്ത്-ഈസ്റ്റ് ഡൽഹിയിൽ നടന്നിരുന്നതായി പറയുകയും ചെയ്തു. കുറച്ചു മാസങ്ങൾക്ക് ശേഷം, കിഡ്നാപ് ചെയ്യപ്പെട്ട രണ്ട് മുസ്‌ലിങ്ങളുടെ കത്തിക്കരിഞ്ഞ മൃതശരീരം ഒരു കത്തിയ കാറിൽ നിന്ന് കണ്ടുകിട്ടിയപ്പോൾ അദ്ദേഹം ക്ഷുബ്ധനായിരുന്നു. ആ സമയമായപ്പോഴേക്കും ഒന്നര വർഷത്തെ പരിചയം എനിക്കദ്ദേഹവുമായുണ്ടായിരുന്നു, പക്ഷേ എന്നിട്ടും മറ്റാരെക്കാൾ അദ്ദേഹത്തിന് നന്നായറിയാവുന്ന കാര്യങ്ങളാൽ ഞെട്ടാനുള്ള അദ്ദേഹത്തിന്റെ ശേഷിയെക്കുറിച്ച് എനിക്കപ്പോഴും അത്ഭുതം തോന്നുന്നുണ്ടായിരുന്നു. തന്റെ അയൽക്കാരുടെ വിദ്വേഷത്തെ അഹ്മദ് നേരിട്ടനുഭവിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും, അപ്രതീക്ഷിതമായ പുതിയ എന്തോ ഒന്നെന്ന പോലെയും ആളുകൾക്ക് ഇങ്ങനെ പെരുമാറാൻ കഴിയുമോ എന്ന അത്ഭുതത്തോടെയുമായിരുന്നു ഇത്തരം അനുഭവങ്ങളെ ഏത് സമയത്തും അദ്ദേഹം അഭിമുഖീകരിക്കാറുണ്ടായിരുന്നത്. ചില സമയങ്ങളിലൊക്കെ നിഷ്കളങ്കതയെന്നോ അല്ലെങ്കിൽ നിരാകരണം എന്നോ ഒക്കെയാണ് ഇതേക്കുറിച്ച ഞാൻ ആലോചിക്കാറുള്ളത്. പക്ഷേ ഹിംസ്രമായ വിദ്വേഷത്തെ സ്വാഭാവികമായി കാണാൻ കൂട്ടാക്കാതിരിക്കുക എന്നതും ഒരു തരം മനക്കരുത്താണ്. എല്ലാത്തിലുമുപരി ഇന്ത്യയിൽ ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിൽ ശരിക്കും വ്യത്യാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരേ ഭക്ഷണമാണവർ കഴിക്കുന്നത്, ഒരേ വെള്ളമാണ് അവർ കുടിക്കുന്നത്, ഒരേ നാട്ടിൽ അവർ വസിക്കുകയും ചെയ്യുന്നു. “പിന്നെങ്ങനെയാണ് അതിലേക്ക് ഈ ഹിന്ദു-മുസ്‌ലിം കടന്നുവരുന്നത്?”

2020-ൽ അദ്ദേഹം ആദ്യമായി തന്റെ പെറ്റീഷൻ ഫയൽ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പ്രദേശത്ത് ചാർജിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഈ കേസ് അവസാനിക്കാൻ 15-20 വർഷങ്ങളെടുക്കും എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. “എന്നെ പേടിപ്പിക്കാൻ വേണ്ടിയാണ് അദ്ദേഹമങ്ങനെ പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ അതൊന്നും വിഷയമല്ലെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു, കാരണം ദൈവം എന്റെ ജീവൻ രക്ഷിച്ചതിന് ഒരു കാരണമുണ്ട്,” അദ്ദേഹം പറഞ്ഞു. “ഞാനിവിടെ ഉള്ളിടത്തോളം കാലം ഈ കേസിൽ ഞാൻ പോരാടും.”

(അവസാനിച്ചു)

 

വിവർത്തനം: മൻഷാദ് മനാസ്

കടപ്പാട്: ദ ഗാർഡിയൻ

ഭാഗം 01 വായിക്കാം:

ഒരു ഇന്ത്യൻ സാക്ഷിയുടെ വിചാരണ: ഒരു മുസ്‌ലിമിന്റെ കോടതിയനുഭവങ്ങൾ

രാഹുൽ ഭാട്ടിയ