Campus Alive

ഹിംസ, ഭീകരത, സ്ത്രീസ്വാതന്ത്ര്യം; അഫ്ഗാൻ എന്ന ആഖ്യാന ഭൂമിക

2001 ലെ അഫ്ഗാൻ അധിനിവേശത്തോടെ തുടക്കം കുറിച്ച ‘വാർ ഓൺ ടെറർ’ എന്നുവിളിക്കപ്പെടുന്ന പദ്ധതിയുടെ ഇരുപതാം വാർഷികം അഫ്ഗാനിൽ നിന്നുള്ള അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തോടെയും താലിബാന്റെ കാബൂളിലേക്കുള്ള ‘തിരിച്ചു വരവോടെയും’ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ നാമിന്ന് 2001 ലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ മറ്റൊരു വിധത്തിൽ, അമേരിക്കൻ ഭീകരവിരുദ്ധ യുദ്ധത്തിന്റെ ഭാഗമായി എട്ട് ലക്ഷത്തോളം ജനങ്ങളെ കൊന്നുതള്ളിയതും 37 ബില്ല്യനോളം ജനങ്ങൾ കുടിയിറക്കപ്പെട്ടതും വെച്ച് നോക്കുമ്പോൾ ഇനിയൊരു തിരിച്ചുപോക്കില്ലതാനും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഭവിച്ച കാര്യങ്ങൾ ചില ചോദ്യങ്ങൾ ചോദിക്കാൻ നമ്മെ നിർബന്ധിതരാക്കിയിരിക്കുകയാണ്. അഫ്ഗാനിൽ സംഭവിച്ചതിനെ എങ്ങനെയാണ് നാം വിശദീകരിക്കേണ്ടത്? അഫ്ഗാനികളോട് എങ്ങനെയാണ് ഒരാൾ ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത്? അല്ലെങ്കിൽ ഏതു തരത്തിലുള്ള പിന്തുണകളെയാണ് നാം ഉപേക്ഷിക്കേണ്ടത്? (ഒരുപക്ഷേ, അമേരിക്ക നടത്തുന്ന അധിനിവേശ ഹിംസയെ ന്യായീകരിക്കും വിധം അഫ്ഗാൻ സ്ത്രീകൾക്കു വേണ്ടി വൈറ്റ്-ലിബറൽ ഫെമിനിസ്റ്റുകൾ ഒഴുക്കുന്ന കണ്ണീരും ഭയവും ഒരു നല്ല തുടക്കമായിരിക്കും)

#SanctionPakistan എന്ന പേരിൽ നടക്കുന്ന അഫ്ഗാൻ സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പങ്കിനെ മറയ്ക്കുകയും, അറിയാതെയെങ്കിലും വെള്ള നിരപരാധിത്വത്തെ (വൈറ്റ് ഇന്നസൻസ്) ലാളിക്കുകയും ചെയ്യുന്നുണ്ടോ? താലിബാന് ഭൗതിക പിന്തുണ നൽകുകയും അഫ്ഗാൻ അഭയാർത്ഥികളെ ക്രൂരമായി വംശീയവൽകരിക്കുകയും അവിടത്തെ പഷ്തൂൺ-ബലൂചി ജനതകളെ ഭരണകൂട പിന്തുണയുള്ള താലിബാൻ അക്രമങ്ങളുടെ ആഘാതങ്ങൾ സഹിക്കാൻ വിടുകയും ചെയ്യുന്ന പാകിസ്താന്റെ ദശകങ്ങളായുള്ള നയങ്ങളെ എതിർക്കുന്നുവെന്ന പേരിൽ നടത്തപ്പെടുന്നതാണ് #SanctionPakistan ക്യാമ്പയിൻ. പക്ഷേ അമേരിക്കൻ സാമ്രാജ്യത്വത്തെ രക്ഷച്ചെടുക്കാൻ ഈ ക്യാമ്പയിൻ ശ്രമിക്കുന്നില്ലേ?

തീർച്ചയായും, ജനങ്ങൾക്ക് മുന്നിൽ അഫ്ഗാനെ പരിചയപ്പെടുത്തുന്ന ആഖ്യാനങ്ങളിലൂടെ കടഞ്ഞെടുത്തിരിക്കുന്നവയാണ് അഫ്ഗാനെ കുറിച്ച നമ്മുടെ സ്ക്രീനുകളിൽ എത്തുന്ന മാധ്യമറിപ്പോർട്ടുകൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അഫ്ഗാനെ നമുക്ക് വായിച്ചു തരികയായിരുന്നു അത്. ആ വായനാഭൂമികയിൽ അഫ്ഗാന്റെ ജൈവികമായ സവിശേഷതയായി ഹിംസ പ്രത്യക്ഷപ്പെടുകയും അവിടത്തെ ജനങ്ങളുടെ സ്വഭാവ സവിശേഷതയെ ഹിംസയുടെ അനവധി അദ്ധ്യായങ്ങളിലെ ഒരു കേവല ഭാഗം മാത്രമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

പക്ഷേ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെ കുറിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന സംശയങ്ങൾ സംഭവങ്ങളുടെ കേവല ഉരിയാടൽ എന്നതിലുപരി, അവയെ വിശകലനം ചെയ്യാനുള്ള വർദ്ധിത ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, അതിന് അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് നിലനിൽക്കുന്ന പ്രബലധാരണകളിൽ ഉള്ളടങ്ങിയിരിക്കുന്ന മുന്നനുമാനങ്ങളെ ചോദ്യം ചെയ്യുന്ന സങ്കീർണമായ ചില ചോദ്യങ്ങൾ ഉന്നയിക്കേണ്ടതുണ്ട്.

അറിയാനുള്ള ഈ ആഗ്രഹം എത്രത്തോളം ക്ഷണികമാണെന്ന് ബോധ്യമുള്ള, അഫ്ഗാനിസ്ഥാനെ വ്യത്യസ്തമായി മനസ്സിലാക്കാനുള്ള ചില മാർഗ്ഗങ്ങളാണ് ഇവിടെ മുന്നോട്ടുവെക്കുന്നത്. അഫ്ഗാനികളോടൊപ്പമാണ് ഞങ്ങൾ എഴുതുന്നതെങ്കിലും അവർക്ക് വേണ്ടിയല്ല ഈ എഴുത്ത്. ഇപ്പോഴവർക്കാവശ്യം അതല്ലെന്ന് മാത്രമല്ല വരേണ്യരല്ലാത്ത അഫ്ഗാനികൾക്ക് ഇതുവരെ അറിയാത്തൊരു കാര്യവുമല്ല അത്. അതേസമയം വരേണ്യരായവർ അവരുടെ നിക്ഷേപങ്ങളും യുദ്ധലാഭവും മൂലം ശ്രദ്ധകൊടുക്കാൻ നിർബന്ധിതരാവുന്നു.

 

‘വാർ ഓൺ ടെററിനെക്കുറിച്ച്’ പഠനം നടത്തുന്ന, വിട്ടുവീഴ്ചയില്ലാത്ത സാമ്രാജ്യത്വ വിരുദ്ധ വിശകലനത്തിന് സന്നദ്ധരായ പണ്ഡിതരെന്ന നിലയിൽ, അഫ്ഗാൻ ജനതയോടുള്ള വഞ്ചനകൾക്ക് മറ്റൊരു അടരുകൂടി നൽകാത്ത തരത്തിൽ അഫ്ഗാനിസ്ഥാനെ വിമർശനാത്മകമായി സിദ്ധാന്തിക്കുകയെന്ന ഭയവിഹ്വലമായ ഒരു ദൗത്യത്തെ അഭിമുഖീകരിക്കുന്നവരോടാണ് ഞങ്ങൾ കൂടുതൽ ചേർന്നുനിൽക്കുന്നത്. രാഷ്ട്രനിർമ്മാണ ഭൗമരാഷ്ട്രീയത്തിന്റെ അതികായത്വവും അഫ്ഗാനിസ്ഥാൻ സ്റ്റഡീസിന്റെ വൈറ്റ്നെസ്സിനോട് ചേർന്നുകൊണ്ടുള്ള വികസന സമീപനങ്ങളും അഫ്ഗാനിസ്ഥാനെ കുറിച്ച ജ്ഞാനോൽപ്പാദനത്തിൽ കാലങ്ങളായി ആഴത്തിൽ നിലനിൽക്കുന്ന, നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.

ഈയൊരു ‘അടിയന്തര’ ഘട്ടത്തിൽ മനസ്സിലാക്കലുകളേയും ധാരണകളേയും പുനഃവിസ്താരണം ചെയ്യാൻ കഴിയുന്ന എന്താണ് അതിന് തയ്യാറുള്ളവരോട് നമുക്ക് പറയാൻ കഴിയുക? കഴിഞ്ഞ രണ്ട് ദശകങ്ങളായി എവിടെയായിരുന്നു ഈ ‘അടിയന്തര’ ഘട്ടം? കഴിഞ്ഞ ഇരുപത് വർഷങ്ങളായുള്ള യുദ്ധവും വൈദേശികാധിനിവേശവും അഫ്ഗാൻ ജനതക്ക് ലാഭകരമായിരുന്നുവെന്നാണോ നാം വിശ്വസിക്കേണ്ടത്? ഇപ്പോൾ മാത്രമാണോ അവർക്ക് പരമാധികാരം നഷ്ടപ്പെട്ടത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങൾകൊണ്ട് അനായാസമായി താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തത് അതിന്റെ ജനകീയതയെയാണ് കാണിക്കുന്നത്. അഫ്ഗാനികൾ അനുസരണ കുറഞ്ഞ മോശം പോരാളികളാണെന്നും അതുകൊണ്ട് തങ്ങളുടെ ആയുധങ്ങളും വാഹനങ്ങളും പൂർണമനസ്സോടെ താലിബാന് മുന്നിൽ ഉപേക്ഷിച്ചുകൊണ്ട് കീഴടങ്ങി എന്ന തരത്തിലാണ് യൂറോപ്പും അമേരിക്കയും അതിനെ അവതരിപ്പിക്കുന്നത്. തങ്ങളുടേതല്ലാത്ത, ഒരിക്കൽപോലും തങ്ങളുടേതല്ലാതിരുന്ന ഒരു യുദ്ധം മൂലമാണ് അഫ്ഗാനികൾ ക്ഷീണിതരായതെന്ന് ആരാണ് പറയാൻ തയ്യാറാവുക?

നീതീകരിക്കാനാവാത്ത അധിനിവേശത്തിന്റെയും അതിന് തുടക്കം കൊടുത്ത വാർ ഓൺ ടെററിന്റെയും ആഖ്യാനങ്ങളിൽ കൗതുകകരമായ ഒരു മാറ്റത്തിന് ഈ പ്രക്ഷുബ്ധതക്കിടയിൽ നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്.  സ്കൂളിൽ പോവുന്ന പെൺകുട്ടിയുടെയും ജോലിക്കു പോകുന്ന സ്ത്രീയുടെയും (അതുമാത്രം എന്തോ ഒന്നിനെ സൂചിപ്പിക്കുന്നുവെന്ന തരത്തിൽ) അല്ലെങ്കിൽ സംഗീതാനന്ദത്തിന്റെയും ഫാഷന്റെയും സ്കേറ്റ്ബോർഡിന്റെയുമൊക്കെ  കാൽപനികമായ ചിത്രങ്ങളാണ് വൈദേശികാധിപത്യം അഫ്ഗാൻ ജനതക്ക് വാഗ്ദാനങ്ങളായി മുന്നോട്ടുവെക്കുന്നത്.

എങ്ങനെയാണ് അഫ്ഗാനികൾ ‘മാനവികതയുടെ’ രൂപത്തിൽ ഹിംസയുടെ പലതലങ്ങൾക്ക് വിധേയരായത് എന്നതാണ് ഈ വൈകാരികതയിൽ മായ്ക്കപ്പെടുന്ന ഒരു സംഗതി. വാസ്തവത്തിൽ, അമേരിക്കൻ നേതൃത്വത്തിലുള്ള യുദ്ധത്തിന് നാന്ദി കുറിച്ചുകൊണ്ടുള്ള ഹിംസാത്മകമായ സംഭവത്തെ (2001 ഒക്ടോബറിലെ അധിനിവേശം) കരുതലിന്റെ ചെയ്തിയായാണ് അവതരിക്കപ്പെട്ടത്.

യുദ്ധത്തിന് വേണ്ടിയുള്ള ഈ സെക്കണ്ടറി യുക്തിയെ വീണ്ടും ഉയർത്തിക്കാട്ടുന്ന അഫ്ഗാൻ രാഷ്ട്രീയ വിദഗ്ധരും വികസനത്തിന്റെ വക്താക്കളും, യു.എസ് പിന്മാറ്റത്തെ “നിരാശാജനകവും വഞ്ചനാപരവും” ആയാണ് കണ്ടത്. തങ്ങള്‍ ആന്തരികവത്കരിച്ച സാമ്രാജ്യത്വ വിധേയത്വം ഇല്ലാതാക്കപ്പെടുന്നു എന്നതാണ് യഥാർഥത്തിൽ അവരുടെ ആരോപണം: അഥവാ, സ്വയം ഭരണശേഷിയില്ലാത്ത തദ്ദേശീയരെ ഭരിക്കുക എന്നത് സാമ്രാജ്യത്തിന്റെ ബാധ്യതയായി അവർ കണക്കാക്കിക്കൊടുക്കുന്നു.

മാനവികവാദത്തിന്റെയും പുരോഗമനത്തിന്റെയും ഹിംസയുടെയും കെട്ടുപിണഞ്ഞുകിടക്കുന്ന ഈ അവസ്ഥയെ വിവരിക്കാനായി, ഈ ലേഖനത്തിന്റെ സഹലേഖക നടത്തിയിട്ടുള്ള സുദീർഘമായ ഒരു ഫീൽഡ് വർക്കിനെ ഇവിടെ അവലംബമാക്കുന്നു. 2006 മുതൽ 2012 വരെ നടത്തിയിട്ടുള്ള പ്രസ്തുത ഗവേഷണം കാബൂളിലങ്ങോളമിങ്ങോളമുള്ള പ്രതിമാസ റേഷൻ വിതരണ സ്ഥലങ്ങളിലെ വിധവകളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.

ഭക്ഷ്യവസ്തുക്കളുടെ റേഷനെ ആശ്രയിച്ചു കഴിയുന്ന സ്ത്രീകൾ  ‘മാനവികതയുടെ’ തുഛമായ ‘കരുതലിന്’ വേണ്ടി പരസ്പരം മത്സരിക്കുന്നവരായി മാറിയതായി കാണാം. പിന്നീട് സഹായിക്കപ്പെട്ട വിധവകളുടെ എണ്ണം കുറയുകയും, ഒടുവിൽ അധിനിവേശവുമായി ബന്ധപ്പെട്ട നവലിബറൽ സഹായ ഉത്തരവുകൾ പിൻവലിക്കപ്പെടുകയും സഹായം ജോലിയായി പരിവർത്തിക്കണമെന്ന് വ്യവസ്ഥചെയ്യുകയും, ഇതിന്റെ ഫലമായി,  ക്രമേണ അടിസ്ഥാനഭക്ഷണത്തിനായി ഹീനമായ തൊഴിലുകളെടുക്കാൻ വിധവകൾ നിർബന്ധിതരാവുകയും ചെയ്തു.

റേഷന് വേണ്ടി കാത്തു നിൽക്കുന്ന അഫ്ഗാൻ സ്ത്രീകൾ

ഒരുതരം യുക്തിഹീനമായ കാഫ്ക്കസ്ക്യൂ പ്രയോഗത്തിലൂടെ, വിധവകൾ ഓരോ മാസവും തങ്ങളോടു ചോദിക്കപ്പെടുന്ന ഒരേ ചോദ്യത്തിന് നിരന്തരം ഉത്തരം നൽകികൊണ്ട് സഹായത്തിന് അർഹരാണെന്ന് തെളിയിക്കേണ്ടിയിരുന്നു. തങ്ങൾ വിധവകളായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന രൂപത്തിൽ വീണ്ടും വീണ്ടും തങ്ങളുടെ ജീവിതത്തെ തിടുക്കത്തിൽ വിവരിക്കുകയെന്നത് അവർക്ക് ഒരു നിർബന്ധിതാവസ്ഥയായിരുന്നു. അവരുടെ വിധവത്വത്തിന്റെ എല്ലാമാസവും നടക്കുന്ന ഒരു അനുഷ്ഠാനമായി അത് മാറി.

സഹായ പദ്ധതികൾ അതിന്റെ ഗുണഭോക്താക്കളുടെ എണ്ണം കുറച്ചുകൊണ്ടിരുന്നതിനാൽ, ഇത്തരം പദ്ധതികൾ തങ്ങൾ വിധവകളായതിന്റെ എല്ലാ കാരണങ്ങളെയും തുല്യമായല്ല പരിഗണിക്കുന്നതെന്ന് അവർ കണ്ടെത്തുന്നുണ്ട്: “‘താലിബാൻ എന്റെ ഭർത്താവിനെ കൊന്നുകളഞ്ഞു’ എന്ന് പറയുന്നവർക്കാണ് സഹായം ലഭിക്കുകയെന്ന് ഞങ്ങൾ മനസ്സിലാക്കി. അവരോട് സോവിയറ്റുകൾ നമ്മുടെ ഭർത്താക്കന്മാരെ കൊന്നുകളഞ്ഞെന്നോ, 1990ലെ കാബൂൾ യുദ്ധത്തിലാണ് ഞങ്ങളുടെ ഭർത്താക്കന്മാർ മരണപ്പെട്ടതെന്നോ അല്ലെങ്കിൽ ശമനീയമായ രോഗം ബാധിച്ചാണ് ഞങ്ങളുടെ ഭർത്താക്കന്മാർ മരിച്ചതെന്നോ, മനോവിഷമം കൊണ്ടോ ഹെറോയിൻ ഉപയോഗിച്ചോ ആണ് അവർ മരിച്ചതെന്നോ ഒക്കെ പറഞ്ഞാൽ അവർ സഹായിക്കില്ല, അവർക്കത് ഉപയോഗപ്രദമല്ല. താലിബാനാണ് ഞങ്ങളെ വിധവകളാക്കിയത് എങ്കിൽ മാത്രമേ അവർ സഹായിക്കുകയുള്ളൂ”.  സ്ത്രീകൾ പറയുന്നു.

താലിബാൻ അവരുടെ ഭർത്താക്കന്മാരെ എങ്ങനെയാണ് കൊലചെയ്തത് എന്നത് സംബന്ധിച്ച സാങ്കൽപ്പിക വിവരണങ്ങൾ നൽകാൻ പോലും രണ്ട് സ്ത്രീകൾ നിർബന്ധിക്കപ്പെട്ടു. -ഭർത്താക്കന്മാർ മരിച്ചെന്ന് അവർ വാദിക്കുന്ന വർഷങ്ങൾ അവരുടെ മക്കളുടെ വയസ്സുമായി ഒത്തുവെക്കുന്നതടക്കം ഭർത്താക്കന്മാരുടെ മരണത്തെ കുറിക്കുന്ന കാര്യങ്ങൾ വിശ്വസനീയമാക്കുന്ന തരത്തിൽ കണക്കുകൾ ക്രമീകരിക്കാനായി ബാഹ്യസഹായങ്ങൾ വരെ അവർക്ക് തേടേണ്ടി വന്നു.

താലിബാന് മുന്നേ ഏറ്റവും കുറഞ്ഞത് 17 വർഷത്തോളമെങ്കിലും യുദ്ധവും ഹിംസയും ഉണ്ടായിരുന്നുവെങ്കിലും, അഫ്ഗാൻ സ്ത്രീകൾ അനുഭവിച്ച യാതനകളുടെ ഈ കാലദൈർഘ്യം ‘രക്ഷകരായ’ സാമ്രാജ്യത്വ മാനവികവാദികൾക്ക് അപ്രധാനമായിരുന്നു. ഹിംസയുടെ സാമൂഹ്യ-വ്യക്തിഗത ചരിത്രങ്ങൾ മായ്ക്കപ്പെടുകയും താലിബാന്റെ ഹിംസകളെ മാത്രം തിരിച്ചറിയപ്പെടുകയും ചെയ്തു. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധപരമ്പരകളിൽ വിധവകളാക്കപ്പെട്ട സ്ത്രീകൾക്ക്, അധിനിവേശ ശക്തികളുടെ ‘കരുതലിന്’ അർഹരാവാൻ വേണ്ടി മാത്രം അവരുടെ യുദ്ധങ്ങളുടെയും ഹിംസകളുടെയും യഥാർത്ഥ ചരിത്രങ്ങളെ പോലും മാറ്റിപ്പറയേണ്ടി വന്നിരുന്നു.

താലിബാനെ കുറ്റവിമുക്തരാക്കുവാനോ ആ സായുധ സംഘമല്ല ഹിംസയുടെ യഥാർത്ഥ നിർവാഹകർ എന്ന് വാദിക്കാനോ, കൂടുതൽ വ്യക്തമായി പറഞ്ഞാൽ, താലിബാൻ വിധവകളെ നിർമ്മിക്കുന്നുവെന്നത് ഒരു സാങ്കൽപ്പിക കഥയാണെന്നോ പറയുവാനല്ല ഈ ഉദാഹരണങ്ങൾ ഞങ്ങൾ നൽകുന്നത്. താലിബാൻ കൊല്ലും, വിധവകളെ ഉണ്ടാക്കും, അതിനിയും ഉണ്ടാകും. എന്നിരുന്നാലും,  താലിബാന്റെ ഹിംസകളെ ഒരു രോഗലക്ഷണമായി (പാത്തോളജി) കാണാൻ കഴിയില്ല.

ആഗോളതലത്തിൽ ഒരു സംഘം നടത്തിയ മനഃപൂർവമുള്ള അപൂർവവും അസ്വാഭാവികവുമായ കുതന്ത്രങ്ങളുടെയും വിശ്വാസവഞ്ചനയുടെയും ഫലമായുണ്ടായ ‘സ്വാഭാവികമായ’ ഹിംസയാണ് താലിബാന്റേത്. അമേരിക്ക, പാകിസ്താൻ, ചൈന, സൗദി അറേബ്യ, ഇസ്രായേൽ, മുൻ സോവിയറ്റ് യൂണിയൻ, അഫ്ഗാൻ പാവ നേതാക്കൾ, കമാന്റർമാർ തുടങ്ങി അഫ്ഗാനുമുകളിൽ ഹിംസയെ കെട്ടഴിച്ചു വിടുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിൽ പങ്കുചേർന്ന എല്ലാവരും ആ സംഘത്തിൽ ഉൾപ്പെടുന്നു.

ഭീകരതയെ ‘ലോകവ്യാപകമായ’ സാന്നിധ്യമായി മനസ്സിലാക്കുന്നതിന് വിപരീതമായി അതിനെ ചില പ്രത്യേക പ്രദേശങ്ങളിലേക്ക് മാത്രമായി ഒതുക്കിക്കാട്ടുക വഴി, ബോംബിംഗിന് സാധ്യതയുള്ള സോണുകളിലേക്ക്/ഇടങ്ങളിലേക്ക് മാത്രമായി ഭീകരതയുടെ ചെയ്തികളെ പ്രാദേശികവത്കരിക്കാനും സാധിച്ചു. ഈ ആഗോള കുതന്ത്രങ്ങളുടെ, അല്ലെങ്കിൽ അവയേയും മറികടക്കുന്ന ശേഷിപ്പാണ് താലിബാൻ. ഏറെ ഭയാനകമാണത്, കാരണം അത് ബുദ്ധിഭ്രംശം സംഭവിച്ച ലോകക്രമത്തിന്റെ വർദ്ധിച്ചുവരുന്ന കുതന്ത്രങ്ങളുടെ യാഥാർഥ്യവത്കരണമാണ്. താലിബാനു മേൽ, താലിബാനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മേൽ,  അഫ്ഗാനികൾക്ക് യാതൊരുവിധ ബാധ്യതയും ഇല്ല.

താലിബാനെ സന്നിഹിതമാക്കുമ്പോൾ എങ്ങനെയാണ് മറ്റുചില ഹിംസകൾ പൂർണമായും മറയ്ക്കപ്പെടുകയോ മായ്ക്കപ്പെടുകയോ ചെയ്യുന്നുവെന്നതിനെ തിരിച്ചറിയുക എന്നതാണ് നമ്മെ സംബന്ധിച്ച് പ്രധാനം. അതിജീവനത്തിന് വേണ്ടി ഹിംസകളുടെ ചരിത്രത്തെ പുനരെഴുതാൻ നിർബന്ധിക്കപ്പെട്ടവരാണ് വിധവകൾ. എല്ലാ അഫ്ഗാൻ പുരുഷനെയും ഒരു തീവ്രവാദിയാവാൻ സാധ്യതയുള്ളവനായും ഓരോ അഫ്ഗാൻ സ്ത്രീയെയും ആധുനിക രാഷ്ട്ര യുദ്ധമെന്ന വിരസമായ തിന്മയിൽ രക്ഷിക്കപ്പെടേണ്ടവളായും കാണുന്ന ഒരു അധിനിവേശ ശക്തിയാൽ സമുദായങ്ങൾ ഭീകരവൽക്കരിക്കപ്പെടുകയും സംശയത്തിന്റെ നിഴലിലാക്കപ്പെടുകയും ചെയ്യുന്നു.

അമേരിക്കൻ ഡ്രോൺ ആക്രമണത്തിലും വിമാനാക്രമണത്തിലും സംഭവിച്ച അഫ്ഗാനികളുടെ മരണത്തേക്കാളും സി.ഐ.എ ഫണ്ട് ചെയ്ത് പരിശീലിപ്പിക്കുന്ന അഫ്ഗാൻ സായുധസംഘങ്ങളാൽ ഉണ്ടായ മരണങ്ങളേക്കാളും ക്രിമിനലുകളായ കമാന്റർമാരാലും അവരുടെ സേനകളാലും അഫ്ഗാൻ ഭരണകൂടത്താലും ഉണ്ടായ മരണങ്ങളേക്കാളും അഫ്ഗാനിന്റെ അതിർത്തികടക്കാൻ ശ്രമിക്കുന്ന വേളയിൽ ഉണ്ടാവുന്ന മരണങ്ങളേക്കാളും ‘അതികഠിനമായ’ മരണങ്ങളായി താലിബാന്റെ കാർമ്മികത്വത്തിൽ സംഭവിച്ചിട്ടുള്ള അഫ്ഗാനികളുടെ മരണങ്ങളെല്ലാം നമ്മുടെ ബോധമണ്ഡലങ്ങളിൽ ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

താലിബാൻ പോരാളികളുടെ ‘വിഷലിപ്തമായ പുരുഷത്വം’ (ടോക്സിക് മസ്കുലിനിറ്റി) അനിയന്ത്രിതമായ വെള്ള വയലൻസിനേക്കാളും വെള്ള അധിനിവേശത്തേക്കാളും വെള്ളപീഢനങ്ങളേക്കാളും ഡ്രോണുകളേക്കാളും കൂടുതൽ വിഷലിപ്തമാണ്. അവരുടെ വയലൻസെന്നത് മറ്റൊരു ലോകസംബന്ധിയായ (otherworldly) ഒന്നാണ്, പടിഞ്ഞാറിന്റേതിൽ നിന്ന് വ്യത്യസ്തമായി അത് നിർദ്ദയവും മൃഗീയവുമാവുന്നു. അപരിഷ്കൃതരും ആധുനികരും തമ്മിൽ, ‘അവരും’ ’നാമും’ തമ്മിൽ അതിർത്തി തിരിക്കുന്ന ഒന്നാണ് അവരുടെ വയലൻസ്.

അഫ്ഗാൻ ജനതക്ക് മേലുള്ള സാമ്രാജ്യത്വ ഹിംസ, കൂടുതൽ യുക്തിസഹമായി നമുക്ക് കാണേണ്ടി വരുന്നത് എന്ത് കൊണ്ടാണ്? പകരം താലിബാന്റേത് പോലെ (കൂടുതൽ) അയുക്തികമെന്നോ (കൂടുതൽ) അസാധുവെന്നോ (കൂടുതൽ) ബീഭത്സമെന്നോ നമുക്കതേക്കുറിച്ച് തോന്നാത്തതെന്ത് കൊണ്ടാണ്?

താലിബാനെക്കുറിച്ചുള്ള പ്രബല സിദ്ധാന്തങ്ങൾ ആ സംഘത്തെ ഒരു ഹിംസാക്തമായ രോഗാതുരരായി (violent pathology) ചിത്രീകരിച്ചുകൊണ്ട് മാത്രമല്ല അതിനെ വംശീയവൽക്കരിക്കുന്നത്, മറിച്ച് ഗ്രാമീണ കലാപത്തോടു ചേർന്നുനിൽക്കുന്ന, താലിബിനെ എപ്പോഴും ഒരു ഗ്രാമീണ യാഥാസ്ഥിതിക പഷ്തൂണിലേക്ക് തിരികെ കൊണ്ടുപോവുന്ന, ദേശത്തിന്റെ പുരോഗതിക്ക് വിഘാതം നിൽക്കുന്ന തെറിച്ച ഒരുകൂട്ടർ എന്ന നിലയിൽ കൂടിയാണ്.

ഭൂമിയിൽ വേരുകളുള്ളവർക്കുമേൽ മാത്രം ആധികാരികത കണ്ടെത്തുന്ന വംശീയ-സാംസ്കാരിക ദേശീയതയുടെ നേർ വിപരീതം കൂടിയാണിത്. ഇവിടെ ഭൂമിക്ക് പകരം ആധുനികത ജീവം നൽകിയ നഗരത്തിലാണ് ദേശം ജന്മംകൊള്ളുന്നത്.

ആഗോള ഭീകര വിരുദ്ധ യുദ്ധത്തിന്റെ ശരീരക്കൂട്ടങ്ങൾക്കപ്പുറം (Piles of bodies) എങ്ങനെയാണ് ഒരാൾക്ക് കാണാൻ കഴിയുക? നമുക്കതിന് കഴിയുമോ? അമേരിക്കൻ സാമ്രാജ്യത്തിന് തീർച്ചയായും നാമത് ചെയ്യണമെന്നാണ്. യുദ്ധകുറ്റങ്ങളെ കുറിച്ച് ആസ്ട്രേലിയൻ-ബ്രിട്ടീഷ് സൈന്യങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ വെള്ളക്കാരൻ ആഗ്രഹിച്ചത് പോലെ തന്നെ അഫ്ഗാനിസ്ഥാൻ ഒരു കൊലനിലമായി മാറിയിരിക്കുന്നുവെന്നാണ് കാണിക്കുന്നത്. വൈറ്റ് ഇന്നസെൻസിന്റെ തുടർന്നുകൊണ്ടിരിക്കുന്ന ശക്തിയെയും വെള്ള വിമലീകരണത്തെയും (white redemption) അതിന്റെ ആഗോള സ്വീകാര്യതയെയുമൊക്കെയാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൾച്ചറൽ ആന്ത്രോപോളജിസ്റ്റായ തലാൽ അസദിന്റെ വാക്കുകൾ കടമെടുത്ത് പറയുകയാണെങ്കിൽ, പാശ്ചാത്യ ഹിംസ എന്നത് അതിന്റെ എല്ലാവിധ ഭീകരതകളും ഉണ്ടായിരിക്കേ തന്നെ, അപ്രതീക്ഷിതമായതും യുക്തിസഹമായതും സർവ്വോപരി, ലക്ഷ്യത്തെ നീതീകരിക്കുന്നതുമായാണ് അവതരിപ്പിക്കപ്പെടാറുള്ളത്, യുദ്ധകുറ്റവാളികളെ നായകരായി കണക്കാക്കുകയും ചെയ്യുന്നു.

‘കരുതലിന്റെ’ യുദ്ധ വ്യവസായത്തിൽ കരിയറുണ്ടാക്കിയ അഫ്ഗാനിലെ ഒരു വർഗ്ഗ വിഭാഗത്തിൽ നിന്ന് വരും ദിവസങ്ങളിൽ നമുക്ക് ഒരുപാട് കേൾക്കേണ്ടി വരും. സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, പുരോഗതി എന്നിവയെക്കുറിച്ചൊക്കെ സംസാരിക്കുമെങ്കിലും അഫ്ഗാന്റെ ആശ്രിതത്വം നിലനിർത്താൻ പ്രതിജ്ഞാബദ്ധരായ രക്തദാഹിയായ ഒരു സഹായ വ്യവസായത്തിന് അത്തരം “കരുതലിന്റെ” വ്യവഹാരം ജന്മം നൽകിയിട്ടുണ്ട്.

പടിഞ്ഞാറ് അതിന്റെ സ്വാതന്ത്രത്തെ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രകണ്ട് അതിന്റെ ഭീകരരൂപികളെ/രാക്ഷസന്മാരെ അത് ഇഷ്ട്പ്പെടുന്നു. അതിയായ അരക്ഷിതാവസ്ഥയിൽ കഴിയുന്ന അവിവാഹിതരായ മുസ്ലിം സ്ത്രീകളുടെയും അവരെ സ്വതന്ത്രരാക്കാൻ വേണ്ടി ധീരവും ക്രൂരവുമായി പോരടിക്കുന്ന വെള്ള ഭടന്മാരുടെയും മായികകഥ ആയാണ് വാർ ഓൺ ടെറർ പലപ്പോഴും പറയപ്പെട്ടിട്ടുള്ളത്. ഭീകരരൂപികൾ/രാക്ഷസന്മാർ ആകർഷിക്കുന്നത്ര തന്നെ അകലുകയും ചെയ്യുന്നു, പക്ഷേ ആത്യന്തികമായി അവരെ ഉണ്ടാക്കുന്നതിന് കാരണമായ ഹിംസയെ അവർ മറച്ച് പിടിക്കുന്നു.


Original: ‘Monsters, Inc: The Taliban as Empire’s bogeyman’

കടപ്പാട്: അൽ ജസീറ

സഹർ ഗുംഖോർ/അനില ദൗലത്‌സായി