Campus Alive

താലിബ്, താലിബാൻ, അഫ്ഗാനിസ്ഥാൻ

അപ്രതീക്ഷിതമായ വേഗതയിൽ താലിബാൻ കാബൂളും കീഴടക്കി കഴിഞ്ഞതോടെ പഞ്ചഷീർ ഒഴികെയുള്ള അഫ്ഗാനിസ്ഥാനിന്റെ എല്ലാ പ്രവിശ്യകളും തന്നെ താലിബാന്റെ ഏകപക്ഷീയമായ ആധിപത്യത്തിനു കീഴിൽ വന്നിരിക്കുകയാണ്. ആഗസ്റ്റ് പതിനഞ്ച് രാത്രിയോടെ താലിബാൻ പോരാളികൾക്ക് അഫ്ഗാൻ പ്രസിഡൻഷ്യൽ പാലസിന്റെ അധികാരം ഔദ്യോഗികമായി പാലസ് ഉദ്യോഗസ്ഥർ കൈമാറിയതിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ താലിബാൻ നേതൃനിരയിലെ രണ്ടാമനും ഖത്തറിലെ താലിബാൻ പ്രതിനിധിസംഘത്തിന്റെ തലവനുമായ മുല്ല അബ്ദുൽ ഗനി ബർദാർ അഫ്ഗാൻ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ആധുനിക അഫ്ഗാനിസ്ഥാനിന്റെ കലുഷിതമായ ചരിത്രത്തിലെ പ്രധാനപ്പെട്ടൊരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. ഏകപക്ഷീയമായ തങ്ങളുടെ ഈ വിജയത്തെ കൂടുതൽ വിശാലമാക്കുന്നതിന്റെ ഭാഗമായി ഇതിനോടകം തന്നെ അഫ്ഗാനിസ്ഥാനിലെ പ്രബല താലിബാനിതര കക്ഷികളുമായി താലിബാൻ നേതൃത്വം ചർച്ചകളാരംഭിച്ചിട്ടുണ്ട്. മുൻ ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാനിന്റെ പ്രസിഡന്റായിരുന്ന അഹ്മദ് കർസായി, പ്രബല താജിക് രാഷ്ട്രീയ നേതാവായ ഡോക്ടർ അബ്ദുല്ല അബ്ദുല്ല, മുൻ മുജാഹിദീനും പ്രമുഖ ഇസ്‌ലാമിസ്റ്റ് നേതാവുമായ ഹിക്മത്തിയാർ അടക്കമുള്ളവരുമായി നിലവിൽ താലിബാൻ നടത്തിക്കൊണ്ടിരിക്കുന്ന ചർച്ചകൾ അഫ്ഗാനിസ്ഥാന്റെ സമാധാനപൂർണ്ണമായ ഭാവിയെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്.

മുല്ലാ അബ്ദുൽ ഗനി ബർദാർ

പല തലങ്ങളിൽ പ്രാധാന്യമർഹിക്കുന്നതാണ് താലിബാന്റെ ഈ രണ്ടാം വരവ്. എന്നിരുന്നാലും ആ തലങ്ങളുടെ വസ്തുനിഷ്ടമായൊരു അവലോകനത്തിന് ഒന്നാമതായി അഫ്ഗാനിസ്ഥാനിനെക്കുറിച്ചും താലിബാനെക്കുറിച്ചും കൊണ്ടുനടക്കുന്ന പല മിത്തുകളും മാറ്റിവെക്കുക എന്നതൊരു അനിവാര്യതയാണ്. അതിനുപകരം കേവലം ഉപരിപ്ലവമായ കറുപ്പ്/വെളുപ്പ് ദ്വന്ദ്വങ്ങളിൽ നിന്നുകൊണ്ടുള്ള വിലയിരുത്തലുകൾ മുൻപ് പലർക്കും സംഭവിച്ച പിഴവുകൾ ആവർത്തിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ.

അഫ്ഗാനിസ്ഥാന് അപരിചതമായൊരു ഇസ്‌ലാമിസ്റ്റ് ഇറക്കുമതി, അല്ലെങ്കിൽ ഇന്നത്തെ അഫ്ഗാൻ മുഖ്യധാരാ എന്നോ പിന്നിലുപേക്ഷിച്ച ഗോത്രീയതയുടെ പുനരുജ്ജീവനം, എന്ന തീർത്തും നിസ്സാരാമായ വ്യാഖ്യനങ്ങൾക്ക് പകരം അഫ്ഗാനിസ്ഥാനിലെ തദ്ദേശീയമായ ഒരു മുസ്‌ലിം ആത്മീയ-രാഷ്ട്രീയ യാഥാർത്ഥ്യമായി താലിബാനെ അംഗീകരിക്കുക എന്നതാണ് ഒന്നാമതായി നാം ചെയ്യേണ്ടത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് സൈനിക മേധാവി നിക് കാർട്ടറുമായുള്ള സംഭാഷണത്തിൽ മുൻ അഫ്ഗാൻ പ്രസിഡന്റ് ഹാമിദ് കർസായി താലിബാനെ വിശേഷിപ്പിച്ചത് “ഞങ്ങളുടെ നാട്ടിൻപുറത്തെ കുട്ടികൾ” (Our country boys) എന്നാണ്. താലിബാൻ എത്രത്തോളം അഫ്ഗാനിസ്ഥാനിന്റെ യാഥാർത്ഥ്യത്തോട് ചേർന്നു നിൽക്കുന്നു എന്ന് കർസായിയുടെ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. അഫ്ഗാനിൽ മതരാഷ്ട്രം സ്ഥാപിക്കാനാണ് താലിബാൻ ശ്രമിക്കുന്നത് എന്നതാണ് മറ്റൊരു മിത്ത്. അഫ്ഗാൻ ആദ്യമേ തന്നെ ഒരു “മതരാഷ്ട്രമാണ്”. അമേരിക്കൻ അധിനിവേശാനന്തരം നിലവിൽ വന്ന ഭരണഘടനയിൽ ഇസ്‌ലാമിക ശരീഅത്ത് പ്രധാനപ്പെട്ട സ്വാധീനം ചെലുത്തുന്നുണ്ട്. അവസാനം വരെ അധികാരത്തിലുണ്ടായിരുന്ന അമേരിക്കൻ പിന്തുണയുള്ള സർക്കാരടക്കം അധികാരത്തിന് നിയമസാധുത ലഭിക്കുന്നതിനായി 2001 മുതൽ 2020 വരെയുള്ള കാലയളവിൽ മതപണ്ഡിതരും ഗോത്രനേതാക്കളും മുതിർന്നവരുമടങ്ങിയ മഹാപഞ്ചായത്ത് എന്ന് വിളിക്കാവുന്ന ‘ലോയ ജിർഗ’ പന്ത്രണ്ട് തവണ സംഘടിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഒരു കൂട്ടർ പ്രാകൃതർ മറുപക്ഷം ആധുനിക മൂല്യങ്ങളുടെ കാവൽക്കാർ എന്ന പക്ഷംപിടിച്ച വായനകൾ ഇവിടെ ഗുണം ചെയ്യില്ല.

അഫ്ഗാനിന്റെ മുസ്‌ലിം സാംസ്കാരിക ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടൊരു പദവും പാരമ്പര്യവുമാണ് താലിബ് എന്നത്. മദ്രസകളിൽ പഠിക്കുന്നവരെയും പഠിച്ചിറങ്ങിയവരെയും പൊതുവായി വിശേഷിപ്പിക്കാനുപയോഗിച്ചു പോന്നിരുന്ന ഈ പദം തൊണ്ണൂറുകളിൽ അഫ്ഗാൻ ആഭ്യന്തരയുദ്ധത്തിന്റെ അരക്ഷിതാവസ്ഥയിൽ സ്വയരക്ഷക്കായി ഏതാനും ഗ്രാമീണരായ താലിബുകളാൽ രൂപംകൊണ്ട ഒരു പ്രസ്ഥാനത്തെ വിശേഷിപ്പിക്കാനായി ബി.ബി.സി കടംകൊണ്ടതോടുകൂടിയാണ് ഇന്നത്തെ നിലയിലേക്ക് രാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. അതിശക്തമായ ഭക്തി (piety) ദൈനംദിന ജീവിതത്തിൽ ഉൾകൊള്ളുന്ന (embody) താലിബ് പാരമ്പര്യമാണ് താലിബാൻ എന്ന പ്രസ്ഥാനത്തിനെ നിർമ്മിച്ചെടുക്കുന്ന ഒന്നാമത്തെ ഘടകം. താലിബാന്റെ സുന്നീ-സൂഫീ പാരമ്പര്യം അതിനെ ഇസ്‌ലാമിസ്റ്റ്/സലഫി ധാരകൾക്ക് പുറത്ത് നിർത്തുന്നുണ്ട്. കോളനിയാനന്തര മുസ്‌ലിം ലോകത്തെ ആധുനിക ഇസ്‌ലാമിക രാഷ്ട്രീയ ശ്രമങ്ങൾ മിക്കതും തന്നെ പ്രധാനമായും നഗരകേന്ദ്രീകൃത സ്വഭാവം ഉൾക്കൊണ്ടതായിരിക്കുമ്പോൾ (ഇറാൻ ഇസ്‌ലാമിക വിപ്ലവമടക്കം) താലിബാന്റെ ഉത്ഭവം ഗ്രാമീണമാണെന്നത് ശ്രദ്ധേയമാണ്.

രണ്ടാമതായി താലിബാനെ സംബന്ധിച്ച് പ്രാധാനമായ ഒന്ന്, താലിബാന്റെ വലിയൊരു ശതമാനം അംഗങ്ങളെയും ഉൾക്കൊള്ളുന്ന പക്തു വിഭാഗത്തിന്റെ നിത്യജീവിതത്തിലെ പ്രധാനഘടകമായ പക്തൂവാലി എന്നറിയപ്പെടുന്ന ഒരുകൂട്ടം സാമൂഹിക ഗോത്ര മര്യാദകളാണ്. ഇസ്സത് (അഭിമാനം), ബദൽ/ബദലാ (പ്രതിക്രിയ), മെലമസ്തിയ (ആതിഥ്യം), നാനവഥീ (അഭയം നൽകൽ) എന്നീ നാല് ഘടകങ്ങൾ കണിശമായി പാലിക്കുക എന്നത് പക്തൂവാലിയുടെ അടിസ്ഥാനമാണ്. കാബൂൾ പോലുള്ള വൻനഗരങ്ങൾക്ക് പുറത്ത് പക്തൂവാലി ഇന്നും അതേ കണിശതയോടെ പാലിക്കപ്പെടുന്നു. ഈയൊരു ഗോത്രസ്വഭാവമാണ് 2001-ൽ അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷവും വളരെ പെട്ടന്നു തന്നെ വീണ്ടും പുനഃസംഘാടനത്തിന് താലിബാനെ സഹായിച്ചത്. സർബനി, ബെട്ടനി, ഗർഗഷ്ടി, കർലാനി എന്നീ നാല് പ്രധാന കോൺഫെഡറസികളിൽ നിന്ന് ആരംഭിച്ച് പല ഉപവിഭാഗങ്ങളായി വികസിക്കുന്ന പക്തു ഗോത്രഘടനയുടെ സങ്കീർണത അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് നിർണ്ണായകമാണ്. താലിബാന്റെ ആരംഭകാലത്ത് അവരോട് ആദ്യം സഖ്യപ്പെട്ട സർബനി കോൺഫഡറസിയിലെ നൂർസായി വിഭാഗത്തിന്റെ സ്വാധീനം മറ്റ് ചില വിഭാഗങ്ങളെ താലിബാന് എതിരാക്കുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. തുടർന്ന് അമേരിക്കൻ അധിനിവേശകാലത്തും ഈ ഗോത്രവിത്യാസങ്ങളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾ അമേരിക്കയുടെയും താലിബാനാനന്തര അഫ്ഗാനിസ്ഥാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി, അഫ്ഗാൻ അധിനിവേശത്തെ തുടർന്ന് കാന്ദഹാർ ഭാഗത്ത് നിന്ന് അമേരിക്ക കണ്ടെത്തിയ തങ്ങളുടെ പ്രധാന സഖ്യകക്ഷികളെല്ലാം തന്നെ സർബനി കോൺഫെഡറസിയിലെ പ്രധാന വിഭാഗമായ അത്സക്സായിൽ നിന്നായിരുന്നു. അത്സക്സായിയുടെ അധികാരാരോഹണവും തുടർന്ന് അമേരിക്കൻ നിർബന്ധത്താൽ കാന്ദഹാറിൽ നടന്ന താലിബാൻ വേട്ടകളും പ്രദേശത്തെ അത്സക്സായികളും വലിയൊരു വിഭാഗം താലിബാൻ അംഗങ്ങളും വരുന്ന നൂർസായികളും തമ്മിലുള്ള ഗോത്രവൈര്യത്തിന്റെ സാഹചര്യത്തിലേക്ക് എത്തിക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോൾ നടന്ന താലിബാൻ മുന്നേറ്റത്തിന്റെ ഭാഗമായി അഫ്ഗാൻ പാക്കിസ്ഥാൻ അതിർത്തിയിലെ സ്പിൻ ബോൾദക്ക് താലിബാന്റെ കീഴിൽ വന്നതിനെ തുടർന്ന് പ്രദേശത്തെ പ്രമുഖ ഗോത്രവിഭാഗമായ അത്സക്സായികൾക്കെതിരെ താലിബാന്റെ പ്രതികാരനടപടികൾ ഒരു വംശഹത്യയുടെ സ്വഭാവത്തിലേക്കുയരുമോ എന്ന ആശങ്കകൾ പലരും പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും ഇതേ ഗോത്രപാരമ്പര്യം തന്നെയാണ് താലിബാന്റെ വളരെ പെട്ടെന്നുള്ള വിജയത്തിനു പിന്നിലുള്ള പ്രധാന കാരണവും. പക്തു സംസ്കാരത്തിൽ സവിശേഷമായും അഫ്ഗാൻ ഗ്രാമീണ പാരമ്പര്യത്തിൽ പൊതുവായും ഗോത്രനേതാക്കൾക്കും മുതിർന്നവർക്കുമുള്ള നിർണ്ണായകസ്ഥാനം പരമാവധി മുതലാക്കികൊണ്ട് സംഭാഷണങ്ങളിലൂടെയും ഒത്തുതീർപ്പുകളിലൂടെയുമാണ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയൊരളവോളം പ്രവിശ്യകൾ താലിബാൻ തങ്ങൾക്ക് കീഴിൽ കൊണ്ടുവന്നത്. ആദ്യത്തെ ഈ രണ്ട് ഘടകങ്ങൾ താലിബാന്റെ സംഘടനാസംവിധാനത്തെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്. പക്തുവാലി താലിബാന്റെ അടിസ്ഥാന സംഘാടനം വളരെ എളുപ്പമാക്കുമ്പോൾ താലിബ് പാരമ്പര്യം അതിനെ കേവലമൊരു പക്തു സംഘടനയായി ചുരുക്കാതെ താജിക്, ഉസ്ബെക്ക്, നൂരിസ്ഥാനി, തുർക്ക്മെൻ അടക്കമുള്ള മറ്റ് പ്രബല വിഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുവാൻ സഹായിക്കുന്നു.

മൂന്നാമത്തെ ഘടകം എന്നത് താലിബാന്റെ ഗ്രാമീണ സ്വഭാവമാണ്. ഈയൊരു സവിശേഷത താലിബാനെ വിശകലനം ചെയ്യുമ്പോൾ വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ആദ്യം മുതൽക്ക് തന്നേ അഫ്ഗാനിസ്ഥാന്റെ ഭൂരിപക്ഷം വരുന്ന ഗ്രാമീണ പ്രദേശങ്ങളിൽ താലിബാന് സ്വീകാര്യത ലഭിക്കുന്നുണ്ട്. തൊണ്ണൂറുകളിൽ പക്ഷെ നഗരങ്ങളിലേക്ക് വരുമ്പോൾ അത്തരമൊരു പിന്തുണ നേടുന്നതിൽ താലിബാൻ പരാജയപ്പെടുകയാണുണ്ടായത്. മാത്രമല്ല മുല്ലാ മുഹമ്മദ് ഉമറടക്കമുള്ള താലിബാൻ നേതൃത്വം ആദ്യകാലങ്ങളിൽ വൻ നഗരമായ കാബൂളിനോടുള്ള അനിഷ്ടം തുറന്ന് പ്രകടിപ്പിക്കുന്നുണ്ട്. താലിബാന്റെ ആദ്യ ഭരണകാലയളവിലുടനീളം കാന്ദഹാറിലിരുന്നുകൊണ്ടാണ് ഉമർ ഭരണം നിർവഹിച്ചിരുന്നത്. ഈയൊരു രണ്ടാംവരവിലും താലിബാന്റെ മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളിയും ഗ്രാമങ്ങളിൽ തങ്ങൾക്കുള്ള സ്വീകാര്യത നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നത് തന്നെയാണ്. കഴിഞ്ഞ ഇരുപത് വർഷങ്ങൾകൊണ്ട് അഫ്ഗാൻ നഗരകേന്ദ്രങ്ങളിലുണ്ടായ സിവിൽ സൊസൈറ്റിയുടെ വളർച്ചയും ഈയൊരു വെല്ലുവിളിയുടെ ആക്കം കൂട്ടുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ആവർത്തിച്ചുള്ള ഉറപ്പുകൾ തങ്ങളുടെ മാറിയ നിലപാടുകളുടെ ഭാഗമായി താലിബാൻ നേതൃത്വം നൽകുന്നുണ്ടെങ്കിലും നഗരകേന്ദ്രീകൃതമല്ലാത്ത തങ്ങളുടെ ഭൂരിപക്ഷം വരുന്ന പിന്തുണയെ തൃപ്തിപ്പെടുത്തിക്കൊണ്ട് അവ എങ്ങനെ പ്രയോഗത്തിൽ വരുത്തുമെന്നതാണ് അനുബന്ധമായ മറ്റൊരു ചോദ്യം.

കൗതുകമുണർത്തുന്ന മറ്റൊരു വസ്തുത എന്നത് ഗ്രാമങ്ങളിൽ/നാടോടികളിൽ നിന്ന് ഒരു മതനവീകരണ മൂവ്മെന്റ് എന്ന സ്വഭാവത്തിൽ ആരംഭിച്ച് ഘട്ടംഘട്ടമായി നഗരങ്ങളെ കീഴ്പ്പെടുത്തുന്ന ഖൽദൂനിയൻ പ്രതിഭാസം വലിയൊരു ഇടവേളക്ക് ശേഷം വീണ്ടും മുസ്‌ലിംലോകത്ത് സംഭവിക്കുന്നു എന്നതാണ്. ഈയൊരു ഖൽദൂനിയൻ ചട്ടക്കൂടിലൂടെ നോക്കുമ്പോൾ താലിബാൻ അവകാശപ്പെടുന്ന തങ്ങളുടെ മാറ്റത്തെ അസ്വാഭാവികതയോടെയോ അവിശ്വാസത്തോടെയോ നോക്കികാണേണ്ടതില്ല. രാഷ്ട്രനിർമ്മാണം തങ്ങളുടെ പ്രധാന അജണ്ടയായിരിക്കുന്നിടത്തോളം താലിബാന് പുതിയ നിലപാടുകളെടുക്കുക എന്നത് ഒരു അനിവാര്യതയാണ്.

അഫ്ഗാനിസ്ഥാൻ നേരിടുന്ന മൗലികമായ ഒരു രാഷ്ട്രീയ പ്രശ്നം എന്നത് പതിനാലോളം വംശീയ വിഭാഗങ്ങളുള്ള ഒരു രാഷ്ട്രത്തിന്റെ നിയന്ത്രണം അനിയന്ത്രിതമായ അധികാരത്തോടെ ഏതെങ്കിലും ഒരു വിഭാഗം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്നതാണ്. അഫ്ഗാനിസ്ഥാനിന്റെ കമ്മ്യൂണിസ്റ്റ് ഘട്ടത്തിൽപ്പോലും താജിക്-പക്തു വംശീയ സമവാക്യങ്ങളിലായിരുന്നു കമ്മ്യൂണിസ്റ്റ് ചേരികളായിരുന്ന പർച്ചം-ഖൽക്ക് യഥാക്രമം പ്രവർത്തിച്ചിരുന്നത്. ചരിത്രപരമായി വലിയതോതിലുള്ള സ്വയംഭരണം ആസ്വദിച്ചിരുന്ന ഈ വിഭാഗങ്ങൾ ഒരിക്കലും ഏകപക്ഷീയമായ ഒരു പരമാധികാരത്തിന് കീഴിലൊതുങ്ങാൻ തയ്യാറായിട്ടില്ല. എന്നാൽ അത്തരമൊരു അധികാരഘടന വെച്ച് പുലർത്തുന്ന ആധുനിക രാഷ്ട്ര സങ്കൽപ്പമോ അത് പ്രാവർത്തികമാക്കാൻ ശ്രമിച്ച രാഷ്ട്രീയ ശക്തികളോ (തൊണ്ണൂറുകളിലെ താലിബാനടക്കം) ഈയൊരു രാഷ്ട്രീയ സങ്കീർണ്ണതയെ വേണ്ടത്ര മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് ഏതൊരു ഭരണകൂടം കാബൂൾ പിടിച്ചടക്കിയാലും വളരെ പെട്ടന്ന് തന്നെ അതിനെതിരായ സായുധമോ അല്ലാത്തതോ ആയ എതിർപ്പ് അഫ്ഗാനിസ്ഥാനിൽ ഉയർന്നു വരുന്നത്. ഈയൊരു പ്രതിസന്ധിയെ മറികടക്കുക എന്നതാണ് ഇനി വരുന്ന ഭരണകൂടത്തിന്റെയും മുന്നിലുള്ള പ്രധാന കടമ്പ. താലിബാൻ മുന്നോട്ട് വെക്കുന്ന എല്ലാ വിഭാഗങ്ങളെയും ഉൾകൊള്ളുന്ന ഭരണകൂടം എന്ന സങ്കൽപ്പത്തിന് ഈയൊരു കടമ്പയെ മറികടക്കാൻ സാധിക്കുന്നപക്ഷം കോളനിയാനന്തര മുസ്‌ലിംലോകത്തെ രാഷ്ട്രനിർമ്മാണ പ്രൊജക്ടുകൾക്ക് പുതിയൊരു സാധ്യത തുറന്നുകൊടുക്കാൻ സാധിക്കും.

1973ൽ അന്നത്തെ അഫ്ഗാൻ രാജാവ് സാഹിർ ഷായെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനു ശേഷമുള്ള കലുഷിതമായ നീണ്ട നാൽപ്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാൻ ആദ്യമായി ഒരു ഏകീകൃത ഭരണകൂടത്തിനു കീഴിൽ വരുമ്പോൾ അഫ്ഗാൻ ജനതക്കുള്ള പ്രതീക്ഷകളും ആശങ്കകളും വളരെ വലുതാണ്. പ്രതീക്ഷ എന്നത് വൈദേശിക ശക്തികളുടെ നേരിട്ടുള്ള ഇടപെടലുകളിൽ നിന്നുള്ള സ്വതന്ത്രമായ ഒരു ഭരണകൂടത്തിന്റെ അഴിമതിരഹിത ഭരണവുമായി ബന്ധപ്പെട്ടതാണെങ്കിൽ ആശങ്കകളെന്നത് മുൻ താലിബാൻ ഭരണവുമായി പൊരുത്തപ്പെടാൻ കഴിയാതിരുന്ന മധ്യ-ഉപരിവർഗ്ഗത്തിന്റെ ഓർമ്മകളും തുടർന്ന് വന്ന രക്തരൂക്ഷിതമായ രണ്ട് പതിറ്റാണ്ടുകളുടെ ഇപ്പോഴും ഉണങ്ങാത്ത മുറിവുകളുമാണ്.

 

Sources

* Taliban: The Unknown Enemy, James Fergusson

* My Life with the Taliban, Abdul Salam Zaeef

* Understanding The Taliban Case Through History And The Context Of Pukhtunwali, Amineh Ahmed

* Is A Tribal War Looming in Kandahar?, Ahmed-Waleed Kakar, https://afghaneye.org/2021/07/24/spinboldak/

* Returning to the Afghan Way of War,  Mujib Abid

ബിലാൽ ഇബ്ൻ ജമാൽ