Campus Alive

മുഹമ്മദ് ഫതഹുല്ലാഹ് ഗുലെൻ: ചിന്തയും ജീവിതവും

ആധുനിക തുർക്കിയിലെ മുസ്‌ലിം പണ്ഡിത നേതാക്കളിൽ പ്രമുഖനാണ് മുഹമ്മദ് ഫതഹുല്ലാഹ് ഗുലെൻ. തുർക്കി, മധ്യേഷ്യൻ രാഷ്ട്രങ്ങൾ, അമേരിക്കൻ-യൂറോപ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഫതഹുല്ലാഹ് ഗുലെന്റെ ചിന്തകൾക്കും പ്രവർത്തനങ്ങൾക്കും പ്രസക്തമായ സ്വാധീനമുണ്ട്. തുർക്കിയുടെ സമകാലിക സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഏറ്റവും കൂടുതൽ വിമർശന വിധേയനായ വ്യക്തി കൂടിയാണ് ഫതഹുല്ലാഹ് ഗുലെൻ.

1941 ഏപ്രിൽ 27-ൽ  എർസ്‌റും പ്രദേശത്തെ കൊറുജുക് ഗ്രാമത്തിൽ ജനിച്ചു. പ്രാദേശിക ഇമാമായ റമീസ് ഗുലെനും റെഫിയെയുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. കമാലിസ്റ്റ് ഭരണകൂടത്തിന്റെ നിരോധത്തെ മറികടന്ന് കൊറുജുക് ഗ്രാമത്തിൽ ഖുർആൻ പഠനം നടത്തിയവരാണ് ഗുലെനിന്റെ മാതാവ് റെഫിയ.  മറ്റൊരു ഗ്രാമത്തിലേക്ക് മാറിത്താമസിച്ചതിനാൽ സെക്കുലർ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. എർസുറുമിലെ മദ്രസകളിൽ മതവിദ്യാഭ്യാസം പൂർത്തിയാക്കി. 1958-ൽ ആദ്യമായി മതപ്രഭാഷണം നടത്താനുള്ള ഔദ്യോഗിക അനുമതി ലഭിച്ചു. ആധുനിക തുർക്കിയുടെ ഇസ്‌ലാമിക നവജാഗരണത്തിനു വഴിയൊരുക്കിയ ബദീഉസമാൻ സയീദ് നൂർസിയുടെ ചിന്തകളിൽ ആകൃഷ്ടനായി. 1959 ആഗസ്റ്റ് 6 നു എദിർനെ നഗരത്തിലെ ഉച് ഷെരെ ഫ്‌ലി മസ്ജിദ് ഇമാമായി നിയോഗിക്കപ്പെട്ട ഗുലെൻ 1981 വരെ തൽസ്ഥാനത്തു തുടർന്നു. 1971-ലെ പട്ടാള അട്ടിമറിയോടനുബന്ധിച്ചു ഗുലെനെയും അദ്ദേഹത്തിന്റെ അനുയായി വൃന്ദത്തെയും രഹസ്യ മത സംഘടനയായി പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചു കൊണ്ട് നിരോധിക്കുകയും ഏഴു മാസക്കാലത്തേക്കു ജയിലിലടക്കുകയും ചെയ്തു. 1988 മുതൽ 1991 വരെ വിവിധ നഗരങ്ങളിൽ മത പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. 1994-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘ജേർണലിസ്റ്റ് ആൻഡ് റൈറ്റേഴ്സ് ഫൗണ്ടേഷൻ’ രൂപീകരിച്ചു. തുർക്കിയിലെ മുസ്‌ലിം രാഷ്ട്രീയ പ്രതിനിധാനത്തോട് അകലം പാലിച്ച ഗുലെൻ, തൻസു ചില്ലർ, മുസ്തഫ ബുലെന്ത് എജെവിത് തുടങ്ങിയ സെക്കുലർ കമാലിസ്റ്റ് പാർട്ടി നേതാക്കളുമായി നല്ല ബന്ധം പുലർത്തി.

ഫതഹുല്ലാഹ് ഗുലെൻ

1999 ൽ ചികിത്സക്കായി അമേരിക്കയിൽ എത്തിയ ഗുലെൻ പിന്നീട് സ്വരാജ്യത്തേക്ക് മടങ്ങിയില്ല. തുർക്കിയിലെ കമാലിസ്റ്റ് ഭരണകൂടത്തിന്റെ മതവിരുദ്ധ നിയമക്കുരുക്കുകളിൽ നിന്നും രക്ഷപ്പെടാനാണ് അമേരിക്കയിലേക്ക് പോയതെന്നും അഭിപ്രായമുണ്ട്. 2002 ൽ അമേരിക്കയിൽ ഗ്രീൻ കാർഡിനായി അപേക്ഷിച്ചത് വലിയ വിവാദമായി. വിദ്യാഭ്യാസ വിചക്ഷണൻ എന്ന ഗുലെനിന്റെ വാദം അമേരിക്കയുടെ പൗരത്വ കുടിയേറ്റ വിഭാഗം തിരസ്കരിച്ചു. ഗുലെനിസ്റ്റ് സ്ഥാപനങ്ങളിലെ അക്കാദമിക സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്ന പണ്ഡിതർ ഗുലെനു വേണ്ടി ഇറക്കിയ അനുകൂല പ്രസ്താവനകളെ തള്ളിക്കളഞ്ഞ യു.എസ് ഹോംലാൻഡ് സുരക്ഷാ വിഭാഗം ഗുലെന് വിദ്യാഭ്യാസ പരിശീലകൻ എന്ന പദവിക്ക് തെളിവ് നൽകുന്ന ഡിഗ്രികളൊന്നുമില്ലെന്ന് വാദിച്ചു. എന്നാൽ മുൻ സി.ഐ.എ മേധാവി ഗ്രഹാം ഇ. ഫുള്ളർ, മുൻ തുർക്കി അംബാസഡർ മോർട്ടൻ അബ്രമോവിട്സ് അടക്കമുള്ള ഒന്നാം നിര നേതൃത്വത്തിന്റെ ശുപാർശയുടെയും നിയമ സഹായത്തിന്റെയും ഫലമായി ഗ്രീൻ കാർഡ് ഗുലെന് ലഭിച്ചു. പെൻസിൽവാനിയയിലെ പോകോണോസിൽ ഇരുപത്തഞ്ച് ഏക്കർ പരന്നുകിടക്കുന്ന എസ്റ്റേറ്റിലാണ് അവിവാഹിതനായ ഗുലെൻ താമസിക്കുന്നത്. ഗുലെനിന്റെ ഹിസ്മത് ഫൗണ്ടേഷന്റെ കീഴിലുള്ള ഗോൾഡൻ ജനറേഷൻ ഫൗണ്ടേഷൻ ആണ് എസ്റ്റേറ്റ് നിയന്ത്രിക്കുന്നത്.

1970-കളോടെ വിദ്യാഭ്യാസ മേഖലകളിൽ സജീവമായ ഗുലെൻ ‘ഇഷിക് എവ്‌ലെർ’ (പ്രകാശ ഗേഹങ്ങൾ) എന്ന് വിളിക്കപ്പെടുന്ന നിരവധി സ്റ്റുഡന്റ് ഹോസ്റ്റലുകൾ സ്ഥാപിച്ചു. ദരിദ്ര വിദ്യാർത്ഥികൾക്ക് ഫെല്ലോഷിപ്പോടുകൂടി താമസിച്ചു പഠിക്കാൻ തക്ക സൗകര്യമുള്ള ഈ സ്ഥാപനങ്ങളിൽ ഇസ്‌ലാമിക ശിക്ഷണവും നൽകി വന്നിരുന്നു. പിന്നീട് തുർകിക് രാജ്യങ്ങളിലേക്കും പടർന്ന ഗുലെൻ മൂവ്മെന്റ് അവിടങ്ങളിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ആയിരക്കണക്കിന് വിദ്യാർത്ഥികളെ സംഘടനയുടെ അഭിവാജ്യ ഘടകങ്ങളായി മാറ്റുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഡൽഹി, ഹൈദരാബാദ് പ്രദേശങ്ങളിലും സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും ദുർഗുത് ഒസാലിന്റെ ഭരണകാലത്ത് ഗുലെൻ മൂവ്മെന്റിന് കൂടുതൽ ഭരണകൂട സഹായം ലഭിക്കുകയുണ്ടായി. ദുർഗുത് ഒസാലിന്റെ മുസ്‌ലിം അനുകൂല നയത്തെ ഉപയോഗപ്പെടുത്തി സാധാരണ ഒരു മത സംഘടനയിൽ നിന്നും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സാംസ്ക്കാരിക സംഘടനയായി വളരാൻ അതിന് കഴിഞ്ഞു.

1971 മാർച്ച് 12-ൽ നടന്ന പട്ടാള അട്ടിമറിയിൽ ഫതഹുല്ലാഹ് ഗുലെനും അറസ്റ്റു ചെയ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യത്തിനായി മതത്തെ ഉപയോഗപ്പെടുത്തി എന്നാണ് സൈന്യം ആരോപിച്ചത്. രാഷ്ട്രീയ ബാലൻസിംഗിന് വേണ്ടിയാണ് മുസ്‌ലിം സംഘടനകളെ അറസ്റ്റു ചെയ്തതെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. 1972-ന്റെ തുടക്കത്തിൽ തന്നെ വിമോചിതനായ ഗുലെൻ പ്രവർത്തനം ഊർജ്ജിതമാക്കുകയും 1978-ൽ അദ്ദേഹത്തിന്റെ സ്വാധീനത്താൽ അനുയായികൾ ഇസ്മീറിൽ അക്-യാസ്‌ലി ഫൗണ്ടേഷൻ സ്ഥാപിക്കുകയും ചെയ്തു. 1979-ൽ അദ്ദേഹം എഡിറ്റോറിയൽ പേജ് കൈകാര്യം ചെയ്തുകൊണ്ട് സിസിന്ദി മാസിക പുറത്തിറങ്ങി. 1977 മതകാര്യ വകുപ്പായ ദിയാനെത് ഇസ്താംബൂളിലെ പ്രധാന രണ്ട് മസ്ജിദുകളിൽ പ്രസംഗിക്കാനുള്ള അവസരം നൽകി. അന്നത്തെ പ്രധാനമന്ത്രി സുലൈമാൻ ദെമിറേലും വിദേശകാര്യമന്ത്രി സബ്‌രി ചാഗ്‌ലയാൻഗിലും അദ്ദേഹത്തിന്റെ നിത്യ സന്ദർശകരായിരുന്നു. 1980 ഒക്ടോബറിൽ ദെമിറേലിന്റെ അട്ടിമറിച്ച സൈന്യത്തിനു മുന്നിൽ അനുനയന നിലപാടാണ് ഗുലെൻ സ്വീകരിച്ചത്. കൂടാതെ മിലിട്ടറിയുടെ വീക്ഷണങ്ങളെ അംഗീകരിക്കുന്നവരാണ് തങ്ങളെന്ന രൂപത്തിൽ സിസിന്ദി മാസികയിൽ അദ്ദേഹം എഴുതുകയും ചെയ്തു. ഈ പട്ടാള അട്ടിമറിയിൽ സൈനിക മേധാവികളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെ അദ്ദേഹം പ്രകീർത്തിച്ചിരുന്നു. പക്ഷേ, പട്ടാള ഭരണകൂടത്തിൽ നിന്നും അനുകൂല നടപടി പ്രതീക്ഷിച്ച ഗുലെനെ സുരക്ഷാ ഭീഷണി ആരോപിച്ചു അറസ്റ്റ് വാറണ്ട് അയക്കുകയാണ് ചെയ്തത്.

അർബകാനോടുള്ള  സമീപനം

നജ്മുദ്ദീൻ അർബകാനിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഔട്ലുക് പ്രസ്ഥാനം തുർക്കിഷ് സെകുലർ – കമാലിസ്റ്റ് സാമൂഹിക- രാഷ്ട്രീയ ഘടനയെ വെല്ലുവിളിച്ചു ശക്തി പ്രാപിക്കുന്ന സാഹചര്യവും കൂടിയായിരുന്നു അത്. നജ്മുദീൻ അർബകാനിന്റെ വീക്ഷണങ്ങളെ എതിർത്ത ഗുലെൻ സെകുലർ രാഷ്ട്രീയ ഘടനയോടു യുദ്ധം ചെയ്യുന്നതിനു പകരം വിശ്വാസികൾ ആത്മീയ-വിദ്യാഭ്യാസ വളർച്ചക്കു പ്രാമുഖ്യം നൽകണമെന്ന് വാദിച്ചു. ഹെഡ്-സ്കാർഫ് പോലുള്ള തുർക്കിഷ് മതേതര ഭാവനയെ വെല്ലുവിളിക്കുന്ന പൊതുയിടങ്ങളിലെ ഇസ്‌ലാമിന്റെ ദൃശ്യതയെ സംബന്ധിച്ച ചർച്ചകളിൽ നിന്നകന്നു നിന്ന ഗുലെനിന്റെ കാഴ്ചപ്പാടുകളിലൂടെ ആധുനിക തുർക്കിയുടെ സെക്കുലർ ഘടനയുടെ എതിരാളിയല്ല താനെന്ന നിലപാട് രൂപപ്പെടാനും കാരണമായി. ഇതിനാൽ ഗുലെൻ മൂവ്മെന്റിനെ ഒരു അരാഷ്ട്രീയ സംഘടനയെന്നു വിലയിരുത്തപ്പെട്ടു. 1995-ലെ നജ്‌മുദ്ദീൻ അർബകാനിന്റെ വെൽഫെയർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിജയവും ഭരണകൂട രൂപീകരണവും ‘ഇസ്‌ലാമിസ്റ്റ് ഭീഷണി’ എന്ന പേരിൽ രാഷ്ട്രത്തിൽ ചർച്ച ചെയ്യപ്പെടാൻ ആരംഭിച്ചത് ഗുലെനിന്റെ സ്വീകാര്യത വർദ്ധിക്കാൻ വഴിയൊരുക്കി.

നജ്മുദ്ദീൻ അർബകാൻ

കൂടാതെ തൊണ്ണൂറുകളിൽ തുർക്കിയുടെ സോഫ്റ്റ്പവർ നയതന്ത്രത്തിന്റെ ഭാഗമെന്ന നിലയിൽ സമീപ രാഷ്ട്രങ്ങളിൽ ഗുലെൻ മൂവ്മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭരണകൂടം തന്നെ വ്യാപനമൊരുക്കിക്കൊടുക്കുന്ന സാഹചര്യവുംകൂടി രൂപപ്പെട്ടു. അന്നത്തെ പ്രധാനമത്രി ദുർഗുത് ഒസാൽ, തൻസു ചില്ലർ, ബുലെന്ത് എജെവിത് തുടങ്ങി നിരവധി ഉന്നത രാഷ്ട്രീയ നേതാക്കളുമായും ഗുലെൻ ബന്ധം ശക്തമാക്കിയതും ശ്രദ്ധേയമായിരുന്നു. 1997-ലെ അർബകാൻ ഭരണകൂടത്തിനെതിരെ പട്ടാള അട്ടിമറി നടന്നപ്പോൾ ഗുലെൻ പട്ടാള നടപടിയെ അനുകൂലിക്കുകയാണുണ്ടായത്. വെൽഫെയർ പാർട്ടിയുടെ അധികാര നഷ്ടം ഗുലെനിന്റെ ഭരണകൂട സ്വീകാര്യത കുറയാൻ കാരണമായി. 1997 ഡിസംബർ 23 നു ഗുലെനിന്റെ അനുയായികൾ നടത്തി വന്ന മുന്നൂറിലധികം പ്രൈവറ്റ് സ്കൂളുകൾ ഭരണകൂടത്തിനു കൈമാറേണ്ടി വന്നത് വലിയ തിരിച്ചടിയായി. 1999 മാർച്ച് 31-ന് ശുശ്രൂഷക്കായി അമേരിക്കയിലേക്ക് പോയതോടെ പിന്നീടുള്ള ആഭ്യന്തര വിവാദങ്ങളിൽ നിന്നും മാറിനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതേവർഷം തന്നെ ജൂൺ മാസത്തിൽ ഗുലെനിന്റെ ചില പ്രസംഗങ്ങളുടെ പേരിൽ പത്ര വിചാരണ ആരംഭിക്കുകയും ചെയ്തത് മിലിറ്ററിയുടെ കീഴിലുള്ള സാമൂഹിക രാഷ്ട്രീയ ഘടനയിൽ അദ്ദേഹത്തിന്റെ പ്രസ്ഥാനം നേരിട്ട പ്രതിബന്ധങ്ങൾ സൂചിപ്പിക്കുന്നുണ്ട്. 1997 മുതൽ മിലിട്ടറി ഭരണകൂടങ്ങളുടെ നിരീക്ഷണത്തിനു വിധേയമായ ഗുലെൻ മൂവ്മെന്റ് എ.കെ. പാർട്ടിയുടെ ആഗമനത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചു. സിവിലിയൻ ഭരണകൂടത്തിനു മേൽ മിലിട്ടറി ചെലുത്തുന്ന അനാവശ്യ സ്വാധീനത്തെ എതിർത്ത എ.കെ. പാർട്ടിയുടെ നിലപാടുകൾ ഗുലെൻ മൂവ്മെന്റ് അടക്കമുള്ള പൊതുജന പ്രസ്ഥാനങ്ങൾക്കു പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കാനിടയാക്കി.

ഗുലെൻ മൂവ്മെന്റും എ കെ പാർട്ടിയും

തുർക്കി സമൂഹത്തിൽ എ.കെ പാർട്ടി നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ ഗുലെൻ മൂവ്മെന്റിന്റെ വിശാലമായ വളർച്ചക്കും കാരണമായി. ഗുലെൻ അനുയായികളുടെ മാധ്യമ ശൃംഖലകൾ ഭരണകൂടത്തെയും അകമഴിഞ്ഞു പിന്തുണച്ചു. എന്നാൽ എ.കെ പാർട്ടിയുടെ ആഭ്യന്തര-വിദേശനയങ്ങളോടുള്ള ഗുലെനിന്റെ സമീപനങ്ങൾ ബന്ധം വഷളാക്കുന്നതിലേക്കു നയിച്ചു. 2010 മെയ് 31 ൽ തുർക്കിഷ് പൗരന്മാർ കൊലചെയ്യപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ല സംഭവത്തിൽ തുർക്കിഷ് ഭരണകൂടത്തെ വിമർശിച്ചത് വലിയ വിവാദമുണ്ടാക്കി. ഇസ്രാഈലിന്റെ അനുവാദം ചോദിക്കാതെ ഫലസ്തീനികൾക്ക് സഹായം നൽകാൻ പാടില്ലായിരുന്നു എന്നാണ് ഗുലെൻ അഭിപ്രായപ്പെട്ടത്. സിറിയൻ ആഭ്യന്തര സംഘർഷത്തിൽ തുർക്കിയുടെ ഇടപെടലിനെയും അദ്ദേഹം വിമർശിച്ചിരുന്നു.

അദ്ദേഹത്തിന്റെ അനുയായി വൃന്ദങ്ങൾ സ്ഥാപിച്ച വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നിരവധി പേർക്ക് തുർക്കിയുടെ കോടതി, മിലിറ്ററി, ഭരണകൂട സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകൾ ലഭിച്ചു. 2013-ൽ അഴിമതിയുടെ പേരിൽ എർദൊഗാൻ അനുകൂലികൾക്കെതിരെ നടന്ന അറസ്റ്റ് പരമ്പര ഗുലെൻ- എർദൊഗാൻ സംഘട്ടനത്തിനു ആക്കംകൂട്ടി. ഗുലെൻ മൂവ്മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടിയെടുത്തതിന്റെ പ്രതികാരം തീർത്തതാണെന്നതാണ് ഭരണകൂട ഭാഷ്യം. തുർക്കിയുടെ സെക്യൂരിറ്റി, ഇന്റലിജൻസ്, കോടതി അടക്കമുള്ള സ്ഥാപനങ്ങളിൽ നുഴഞ്ഞു കയറാനുള്ള ഗുലെനിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും ഭരണകൂടം ആരോപിച്ചിരുന്നു. 2014 ജൂലൈ പത്തൊമ്പതിനു സായുധ തീവ്രവാദ സംഘടന നടത്തുന്നു എന്നാരോപിച്ചു കൊണ്ട് തുർക്കി കോടതി ഗുലിനെതിരെ അറസ്റ്റു വാറണ്ട് നൽകിയിരുന്നു. 2016 ജൂലൈയിൽ നടന്ന പട്ടാള അട്ടിമറി ശ്രമം ഗുലെനിന്റെ അനുഭാവികളായ മിലിട്ടറി വിഭാഗം നടത്തിയതാണ് എന്നാണ് ഭരണകൂട ഭാഷ്യം. പട്ടാള അട്ടിമറി ശ്രമത്തിനു ശേഷം പാകിസ്ഥാൻ, അൽബേനിയ, ബോസ്നിയ, സോമാലിയ ജർമനി ഇൻഡോനേഷ്യ, കെനിയ, നൈജീരിയ തുടങ്ങിയ രാഷ്ട്രങ്ങളെ ഗുലെൻ മൂവ്മെന്റിനോട് ചേർന്ന സ്ഥാപനങ്ങൾ അടക്കാൻ തുർക്കി ആവശ്യപ്പെടുകയുണ്ടായി. എർദോഗാൻ ഗുലെൻ മൂവ്മെന്റിനെ പാരലൽ സ്റ്റേറ്റ് എന്നാണ് വിളിക്കാറുള്ളത്. പട്ടാള അട്ടിമറി ശ്രമത്തോടെ ‘ഫെതോ’ അഥവാ ഫത്തഹുല്ലാഹ് ഗുലെൻ ടെററിസ്റ്റ് ഓർഗനൈസഷൻ എന്ന പേര് നൽകി തുർക്കി ഭരണകൂടം നിരോധിക്കുകയുണ്ടായി. സമാൻ ന്യൂസ്‌പേപ്പർ, ആസ്യ ബാങ്ക്, സമാൻയോലു ടി വി അടക്കം നിരവധി മീഡിയ സംരംഭങ്ങളും സ്ഥാപനങ്ങളും ഹിസ്മത് മൂവ്മെന്റ് നടത്തി വന്നിരുന്നു. പ്രമുഖ തുർക്കിഷ് സാമ്പത്തിക സംഘടനയായ ദി തുർക്കിഷ് കോൺഫെഡറേഷൻ ഓഫ് ബിസിനസ്‌മെൻ ആൻഡ് ഇൻഡസ്ട്രിയലിസ്റ്റ്സ് (TUSKON) അവരുടെ സ്ഥാപനങ്ങളിൽ പെടുന്നു. പട്ടാള അട്ടിമറിയോടനുബന്ധിച്ചു ഇവയെല്ലാം നിരോധിക്കപ്പെടുകയുണ്ടായി. അമേരിക്കൻ തുർക്കി ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ പോലും ഗുലെനിന്റെ അമേരിക്കയിലെ താമസം കാരണമായിട്ടുണ്ട്. പട്ടാള അട്ടിമറി ശ്രമത്തിനു ശേഷം ഗുലെനിനെ തുർക്കിയിലേക്ക് പറഞ്ഞയക്കണമെന്ന തുർക്കിയുടെ ആവശ്യം അമേരിക്ക തള്ളിക്കളയുകയാണുണ്ടായത്. 2016 ൽ ഈജിപ്ത് പോലും ഗുലെനിന് അഭയം നല്കാൻ തയ്യാറായി. സീസി ഭരണകൂടം എർദോഗാന്റെ മുസ്‌ലിം ബ്രദർഹുഡുമായുള്ള ബന്ധം പറഞ്ഞാണ് ഗുലെനിന് അഭയം നൽകാൻ തയ്യാറായത്. പ്രവർത്തന ശൈലിയിലെ സവിശേഷതയനുസരിച്ചു രഹസ്യാത്മകം, ഗൂഡം, ദുര്‍ഗ്രഹം തുടങ്ങിയ പദപ്രയോയോഗങ്ങളിലൂടെയാണ് ഗുലെനിന്റെ സംഘടനയെ പൊതുവെ മീഡിയ വിശേഷിപ്പിക്കാറുള്ളത്.

ഫതഹുല്ലാഹ് ഗുലെനിന്റെ വീക്ഷണങ്ങൾ

ഹോജ എഫന്ദി എന്നാണ് അനുയായികൾ ഫത്ഹുല്ല ഗുലെനെ ആദരപൂർവം വിളിക്കാറുള്ളത്. ഹനഫി മദ്ഹബ് പിൻപറ്റുന്ന ഗുലെൻ ഇസ്‌ലാമിക വിശ്വാസം, ശാസ്ത്രം എന്നിവയുടെ സങ്കലനത്തിൽ വിശ്വസിക്കുന്നു. മൗലാന റൂമി, ഇമാം ഗസാലി,  സയീദ് നൂർസി എന്നിവരുടെ ചിന്തകൾ അദ്ദേഹത്തിന്റെ രചനകളിൽ പ്രതിഫലിക്കാറുണ്ട്. സേവനത്തേക്കുറിച്ച (ഹിസ്മത്) ഫത്തഹുല്ലാഹ് ഗുലെനിന്റെ പഠനങ്ങൾ ലോക ശ്രദ്ധയാർജിച്ചിരുന്നു. ശരിയായ വിദ്യാഭ്യാസ ക്രമത്തിലൂടെ മുസ്‌ലിം സമൂഹത്തിലെ തീവ്ര നിലപാടുകൾ ഇല്ലാതാക്കാൻ സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ശാസ്ത്രം പ്രൊഫഷണൽ കോഴ്‌സുകൾ, ഇംഗ്ലീഷ് ഭാഷ എന്നിവക്കെല്ലാം അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ പ്രാമുഖ്യം ലഭിച്ചിരുന്നു.

തുർക്കിഷ് സാംസ്ക്കാരിക പൈതൃകം പേറുന്ന സുന്നി മുസ്‌ലിംകളുടെ ഒരു വിഭാഗമെന്ന നിലയിലും ഇവർ പ്രവർത്തിച്ചു. ആധുനിക സ്റ്റാന്റേർഡിനൊപ്പം ധാർമിക – മതബോധമുള്ള തലമുറയുടെ നിർമിതി എന്ന ലക്ഷ്യത്തിൽ വിദ്യാഭ്യാസ പ്രസ്ഥാനവും ശിക്ഷണ നടപടികളും ഗുലെൻ മൂവ്മെന്റ് രൂപപ്പെടുത്തിയിരുന്നു. യൂറോപ്യൻ സാംസ്കാരിക ഭാവനയിൽ ആനന്ദം കൊള്ളുന്ന കമാലിസ്റ്റ് – സെകുലർ ബോധത്തിനു ബദലായി മുസ്‌ലിം ധാർമിക ബോധം നിലനിർത്തുന്ന ഒരു പ്രതികൂല വിഭാഗത്തെ വികസിപ്പിക്കുവാൻ അവർക്ക് സാധിച്ചു. ഗുലെൻ മൂവ്മെന്റിന്റെ സമീപനങ്ങളിൽ തുർക്കി ദേശീയത മുഴച്ചു നിന്നിരുന്നു. ജനാധിപത്യത്തിനും ഇസ്‌ലാമിനും ചേർന്നു പോകാൻ കഴിയുമെന്ന് അദ്ധേഹം നിരീക്ഷിക്കുന്നു. അധികാരക്കൈമാറ്റത്തിൽ തിരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രാധാന്യം അനിവാര്യമാണെന്ന് വീക്ഷിക്കുന്ന അദ്ദേഹം ജനങ്ങളുടെ ആവശ്യപൂർത്തീകരണത്തിലൂടെ മാത്രമേ സുഭദ്രമായ രാഷ്ട്രീയ വ്യവസ്ഥ നിലനിൽക്കുകയുള്ളൂ എന്നഭിപ്രായപ്പെടുന്നു. ഇസ്ലാം അനുശാസിക്കുന്ന ധാർമികത വികസിപ്പിക്കുന്നതിൽ മുസ്‌ലിംകളുടെ സേവനം അനിവാര്യമാണ് എന്നർഥത്തിൽ ഗുലെൻ തുർക്കിയെ സേവനത്തിന്റെ ഗേഹം (ദാറുൽ ഹിസ്മെത്) എന്നാണ് വിശേഷിപ്പിച്ചത്. പരിശീലനത്തിലൂടെ വളർത്തിയെടുക്കപ്പെടുന്ന ഉന്നത ബൗദ്ധിക നിലവാരമുള്ള ഒരു വിഭാഗത്തിന്റെ കൈകളിൽ ഭരണകൂട നിയന്ത്രണം ഭദ്രമായിരിക്കുമെന്നു അദ്ദേഹം നിരീക്ഷിച്ചു.

പാശ്ചാത്യവത്ക്കരണവും പടിഞ്ഞാറൻ സാസ്കാരിക ശൈലികളും അദ്ദേഹം വിമർശന വിധേയമാക്കിയിട്ടുണ്ട്. തുർകിഷ് – മുസ്‌ലിം രാഷ്ട്രീയ ശക്തി എന്ന നിലയിൽ ഉഥ്മാനീ ഖിലാഫത്തിന്റെ പ്രതാപകാലത്തെ അദ്ദേഹം പുകഴ്ത്തി. അമേരിക്കൻ ബൗദ്ധിക വ്യവഹാരങ്ങളിൽ ഈ നിലപാടിലൂടെ ‘ഇസ്‌ലാമിക നവീകരണ’ത്തിന്റെ വക്താവ് എന്ന പ്രതിച്ഛായ അദ്ദേഹത്തിനു ലഭിച്ചു. ‘ഇസ്‌ലാമിസ’ത്തിനുള്ള ബദൽ എന്ന നിലയിൽ അമേരിക്കൻ പാശ്ചാത്യൻ ചിന്തകളിൽ സ്വീകാര്യത നേടി. പാശ്ചാത്യനാടുകളിലെ മുസ്‌ലിം സംഘടനകളെപ്പോലെ മസ്ജിദ് നിർമാണം, ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ച പൊതുയിടങ്ങളിലെ ചർച്ചകൾക്കു പകരം സെകുലർ വ്യദ്യാഭ്യാസം നൽകപ്പെടുന്ന സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിൽ പ്രാമുഖ്യം കൊടുത്തത് ഭരണകൂടങ്ങളുമായി സഹവർത്തിത്വം രൂപപ്പെടുത്തുവാൻ വഴി തുറന്നു. ജർമനിയടക്കമുള്ള രാജ്യങ്ങളിൽ ഈ ശൈലിയിലൂടെ തുർക്കിഷ് വംശജർക്കിടയിൽ കാര്യ പ്രസക്തമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞു. ഭരണകൂടാധികാരത്തെ തങ്ങൾക്കു അനുകൂലമായി പ്രയോജനപ്പെടുത്തുക എന്ന സമീപനമാണ് ഗുലെൻ പൊതുവെ സ്വീകരിച്ചു വന്നത്.

ഇസ്‌ലാം കൃസ്തുമത ജൂതമത സംവാദങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്രമുള്ളതിനാൽ അമേരിക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിൽ അദ്ദേഹത്തിന് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മാർപാപ്പ ജോൺ പോൾ രണ്ടാമൻ അടക്കമുള്ള ലോക മത നേതാക്കളുമായുള്ള ചർച്ചകൾ ഗുലെനിന്റെ പ്രവർത്തനങ്ങൾക്ക് ലോക ശ്രദ്ധ ലഭിക്കാൻ വഴിയൊരുക്കി. തുർക്കിഷ് ഇസ്‌ലാം എന്ന പേരിൽ അദ്ദേഹത്തിന്റെ ചിന്തകളെയും സംഘടനയെയും കുറിച്ചു ഹകൻ യാവൂസ് അടക്കമുള്ള തുർക്കിഷ് പണ്ഡിതർ നിരവധി രചനകൾ രചിക്കുകയുണ്ടായി.  അനതോലിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തുർക്കിഷ് വ്യാവസായിക പ്രമുഖരാണ് ഈ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകി വന്നത്. ഈ പരിപാടികളിലൂടെ സമൂഹ മധ്യത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കാൻ അവർക്കു സാധിച്ചു.

തുർക്കിയിലെ ഏതെങ്കിലും പ്രമുഖ സൂഫി ത്വരീഖത്തിന്റെ ഭാഗമാണെന്നു പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും നക്ഷബന്ധി ത്വരീഖത്തിന്റെ സ്വാധീനം അദ്ദേഹത്തിന്റെ ചിന്തകളിൽ പ്രകടമാണ്. തസവ്വുഫിന്റെ വിശദീകരണങ്ങളെക്കുറിച്ച നിരവധി രചനകളും സംഭാഷണങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. തസവ്വുഫ്, സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങൾ, അടക്കം നിരവധി വിഷയങ്ങളിൽ നാല്പതിലധികം കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. അവയിൽ പലതും പ്രഭാഷണ സമാഹാരങ്ങളാണ്. സിസിന്തി, യാഗ്‌മുർ, യെനി ഉമിത്, ദി ഫൗണ്ടൈൻ തുടങ്ങിയ ഇസ്‌ലാമിക മാസികകളിൽ പൊതുവെ എഴുതാറുണ്ട്. മിക്ക രചനകളും ഇംഗ്ലീഷ് ഭാഷയിലേക്കു ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. The Messenger of God: Muhammad, Reflections on the Qur’an: Commentaries on Selected Verses, Towards Global Civilization Love and Tolerance, From Seed to Cedar: Nurturing the Spiritual Needs in Children, Terror and Suicide Attacks: An Islamic Perspective, Journey to Noble Ideals: Droplets of Wisdom from the Heart (Broken Jug), Speech and Power of Expression, Selected Prayers of Prophet Muhammad എന്നിവ അവയിൽ ചിലതാണ്. ലോകത്തെ സ്വാധീനിച്ച സമകാലികരായ അഞ്ഞൂറ് മുസ്‌ലിം പണ്ഡിതരിൽ ഒരാളായി ഗുലെൻ എണ്ണപ്പെട്ടിരുന്നു. ലോക പ്രശസ്ത 100 വ്യക്തികളിൽ ഒരാളായി ടൈം മാസികയും അദ്ദേഹത്തെ കണക്കാക്കിയിട്ടുണ്ട്. 2015 ൽ മാർട്ടിൻ കിംഗ് ജൂനിയർ അന്താരാഷ്ട്ര ചാപ്പൽ ഏർപ്പെടുത്തിയ ഗാന്ധി കിംഗ് ഐകെടാ സമാധാന അവാർഡ് ഫതഹുല്ലാഹ് ഗുലെനിന് ലഭിക്കുകയുണ്ടായി. fgulen.com എന്ന വെബ്‌സൈറ്റിൽ അദ്ദേഹത്തിന്റെ ചിന്തകളും രചനകളും ലഭ്യമാക്കിയിട്ടുണ്ട്.

ഡോ: സൈഫുദ്ധീൻ കുഞ്ഞ്