Campus Alive

ഉപേക്ഷിക്കപ്പെട്ട സമൂഹം: നാൻസിക്കും അഗമ്പനും ഒരു മറുപടി

(പകർച്ചവ്യാധിയെ തുടർന്നുള്ള ഭരണകൂട നടപടികളുടെ പശ്ചാത്തലത്തിൽ ജോർജിയോ അഗമ്പന്റെയും ജീൻ ലൂക്ക് നാൻസിയുടെയും രാഷ്ട്രീയ നിരീക്ഷണങ്ങളോടുള്ള ദിവ്യ ദ്വിവേദി, ഷാജ്‌ മോഹൻ എന്നീ ഇന്ത്യൻ തത്ത്വചിന്തകരുടെ പ്രതികരണം)

‘പ്രത്യേക (അടിയന്തര) സാഹചര്യം’ (state of exception) എന്ന ആശയത്തെ അപ്രസക്തമാക്കുമാറ് പ്രത്യേകതകൾ നിറഞ്ഞ (exceptional) ആളുകളാണ് ഇന്ത്യയിലുള്ളത്‌!. മതാചാരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ (സ്വയം) അവരോധിതരായവർ എന്ന നിലക്കും താഴ്ന്ന ജാതിക്കാർക്ക് -അശുദ്ധി ഭയന്നുകൊണ്ട്- തീണ്ടിക്കൂടാത്തവർ എന്ന നിലക്കുമാണ് ബ്രാഹ്മണർ വ്യത്യസ്തരാവുന്നത്. അടുത്ത കാലത്ത് അവർക്കു വേണ്ടി പ്രത്യേക കക്കൂസുകൾ പണിയുന്ന അവസ്ഥ വരെ ഉണ്ടായി. ദലിതരാകട്ടെ അസ്പൃശ്യരാണ്. കാരണം, അവർ സ്പർശിച്ചാൽ ഉയർന്ന ജാതിക്കാർക്ക് അശുദ്ധി (ritual pollution) ഉണ്ടാകുമെന്നാണ് വെപ്പ്. ഇവിടെ നമുക്ക് കാണാനാകുന്നതു പോലെ, ഉയർന്ന ജാതിക്കാർ വ്യത്യസ്തരാകുന്നത് പോലെയല്ല, താഴ്ന്ന ജാതിക്കാർ വ്യത്യസ്തരാകുന്നത്. അവർ ഒഴിവാക്കപ്പെടുകയാണ്. ‘പാര്യ’ എന്നു പേരായ ദലിത് ജാതിവിഭാഗത്തെ ഹന്ന ആരെണ്ടിന്റെ ഒരു പഠനത്തിന് മാതൃകയായി (paradigm) അവർ സ്വീകരിച്ചിരുന്നു. അവരുടെ പരിതാപകരമായ അവസ്ഥകളിലേക്ക് വെളിച്ചം വീശുന്നതാണ് ഇത്. 1896ൽ ബ്യുബോണിക് പ്ലേഗ് (bubonic plague) ബോബെയിൽ പടർന്നുപിടിച്ച സമയത്ത്‌, പകർച്ചവ്യാധി നിയമം (epidemic disease act, 1897) നടപ്പിലാക്കിക്കൊണ്ട് ബ്രിട്ടീഷ് കോളനി ഭരണകൂടം രോഗവ്യാപനത്തെ ചെറുക്കാൻ ശ്രമിച്ചു. എന്നാൽ ജാതിമതിലുകൾ ഇതിനു വിലങ്ങുതടിയായി നിന്നു. ഉയർന്ന ജാതിക്കാർ പ്രത്യേക ആശുപത്രികൾ ആവശ്യപ്പെട്ടതുകൊണ്ടും താഴ്ന്ന ജാതിക്കാരുടെ ആതുരസേവനം സ്വീകരിക്കാൻ വിസമ്മതിച്ചതു കൊണ്ടും സാഹചര്യം വഷളാവുകയും പത്തു മില്യണിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ഔദ്യോഗിക വൃത്തങ്ങൾ പുറത്തുവിട്ടതനുസരിച്ച് ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതു വെളിവാക്കുന്നത് എന്തുവിലകൊടുത്തും രക്ഷപ്പെടുത്താൻ മാത്രം നമ്മുടെ ജീവിതത്തിനുള്ള മൂല്യമെന്ത് എന്ന നമ്മുടെ ആശ്ചര്യത്തെയാണ്. ഒരുവശത്ത് വൈറസ് ജൈവായുധമാണ് (bio-weapon) എന്നും കുടിയേറ്റം തടയാനുള്ള പദ്ധതിയുടെ ഭാഗമാണ് എന്നുമുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്. മറുവശത്ത്, കൊറോണാ ബിയറിൽ നിന്നാണ് വൈറസ് പരക്കുന്നതെന്ന് പോലുള്ള തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. ചിലർ ചൈനീസ് വംശജർക്കെതിരെ വംശീയ അധിക്ഷേപങ്ങൾ നടത്താൻ വൈറസിനെ കരുവാക്കുന്നു. ‘ദൈവത്തിന്റെ മരണത്തിനും’ ‘യാന്ത്രിക ദൈവത്തിന്റെ’ ഉദയത്തിനുമിടയിലെ ചരിത്രസന്ധിയിൽ പ്രസക്തമാകുന്നത് ഒരു ചോദ്യമാണ്. എന്താണ് മനുഷ്യജീവന്റെ വില?. ഇതിന്റെ ഉത്തരം കാലാവസ്ഥാ വ്യതിയാനത്തിനും സാങ്കേതികവിദ്യകളുടെ അതിപ്രസരത്തിനും കൊറോണ വ്യാപനത്തിനുമിടയിൽ നിന്ന് കണ്ടെടുക്കാനാകും.

മുൻപ്, മനുഷ്യർ തങ്ങളുടെ ജീവിതത്തിന് വിലയിട്ടിരുന്നത് ദൈവ-സാങ്കേതികതകൾ (theo-technologies) ഉപയോഗിച്ചുകൊണ്ടായിരുന്നു. ഉദാഹരണത്തിന്, സൃഷ്ടാവ്/സൃഷ്ടി (creator/creature) എന്നീ ദ്വന്ദങ്ങൾ എടുക്കുക. ഇവയിൽ ഒന്ന് അനന്തവും (infinite) മറ്റൊന്ന് അന്ത്യമുള്ളതും (finite) ആയിരിക്കും. ഈ വിഭജനത്തിൽ ഒരാൾക്ക്, ദൈവമെന്നാൽ ‘അനന്തനായ മനുഷ്യൻ’ എന്നും, മനുഷ്യൻ എന്നാൽ ‘അന്ത്യമുള്ള ദൈവം’ എന്നുമാണെന്ന് ചിന്തിക്കാൻ സാധിച്ചേക്കും. അനന്തമായ മനുഷ്യന്റെ (ദൈവത്തിന്റെ) പേരിൽ അന്ത്യമുള്ള ദൈവം (മനുഷ്യൻ) രണ്ടാൾക്കുമുള്ള പരിധികൾ നിശ്ചയിക്കുന്നു. എന്നാൽ ഇന്ന്, പരിധികൾ നിശ്ചയിക്കുന്ന ഈ പ്രക്രിയ നാം യന്ത്രങ്ങൾക്ക് ഏൽപിച്ചു കൊടുത്തിരിക്കുകയാണ്. അതുകൊണ്ട് നമുക്കിതിനെ സാങ്കേതിക-ദൈവശാസ്ത്രം (techno-theology) എന്നുവിളിക്കാം.

ഈ സവിശേഷമായ സാഹചര്യത്തിലാണ്, കോവിഡ് 19നെതിരെ ഗവണ്മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ച ജോർജിയോ അഗമ്പന്റെ പ്രസ്താവനയെ നാം വായിക്കുന്നത്. ആ നടപടികൾ ജനങ്ങളുടെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കും വിധം അന്യായേന പ്രഖ്യാപിക്കപ്പെടുന്ന അടിയന്തരാവസ്ഥകളാണെന്നും ഭരണവർഗത്തിന്റെ അമിതാധികാര പ്രയോഗങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കോവിഡ് വ്യാപനത്തിനെതിരെ മിക്ക സ്റ്റേറ്റുകളും എടുത്തിരിക്കുന്ന പ്രതിരോധ നടപടികൾ അൽപം വൈകിയിരുന്നുവെങ്കിൽ ലോകത്തെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തെ വരെ കൊന്നൊടുക്കാൻ പാകത്തിന് അത് പരക്കുമായിരുന്നു എന്ന സാഹചര്യം നിലനിൽക്കുമ്പോഴും അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നു എന്നതാണ് ആശ്ചര്യകരം. അഗമ്പൻ നമ്മളോട് സവിശേഷ (അടിയന്തര) സഹചര്യത്തിനും (state of exception) സാധാരണത്വത്തിനും (regularity) ഇടയിൽ തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുന്നു. അദ്ദേഹമാകട്ടെ സാധാരണത്വത്തെയാണ് പരിഗണിക്കുന്നത്. ജീൻ ലുക്ക് നാൻസി അദ്ദേഹത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്, നിലവിൽ എല്ലാ സാഹചര്യങ്ങളും സവിശേഷമാണ് (ecxeptional) എന്നാണ്. ഒരിക്കൽ സാധാരണം എന്നു കരുതിയിരുന്ന പലതും ഇന്ന് സവിശേഷമായതിലേക്ക് വഴിമാറിയിരിക്കുന്നു. ദെല്യൂസ് അദ്ദേഹത്തിന്റെ അവസാന കൃതികളിൽ സാധാരണത്വത്തിന്റെ സകല കളികളും അവസാനിക്കുമെന്നും ജീവിതം സവിശേഷ സാഹചര്യങ്ങളിലൂടെ മാത്രമാകും എന്നും പറയുന്നുണ്ട്. ഒരു വശത്ത് ഉത്തരവാദിത്വങ്ങൾ പിടിമുറുക്കപ്പെടുമ്പോൾ മറുവശത്ത് മരണത്തിന്റെ പിടിച്ചെടുക്കലിനെയും ഒരു മനുഷ്യജീവന് നേരിടേണ്ടി വരുന്നു.

ഇനി നമുക്ക് സവിശേഷ സാഹചര്യങ്ങളുടെ സവിശേഷരാഹിത്യത്തിലേക്ക് (non-exceptionality of exceptions) കടന്നുവരാം. 1800കളുടെ അവസാനം വരെ, ഹോസ്പിറ്റലുകളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന ഗർഭിണികളിൽ അധികപേരും പ്രസവശേഷം മരണപ്പെടുന്ന അവസ്ഥ നിലനിന്നിരുന്നു. പ്രസവശേഷമുള്ള പനിയോ ഇൻഫെക്ഷനോ ആണ് മരണകാരണം. അങ്ങിനെയിരിക്ക, ഇഗ്നാസ് സമ്മെലേവിസ് (ignaz semmeleweis) എന്ന ഡോക്ടർ ഒരു കണ്ടെത്തൽ നടത്തി. ഓട്ടോപ്സിക്കു ശേഷമോ മറ്റു സ്ത്രീകളുടെ ഗർഭാശയത്തിൽ നിന്നോ രോഗാണുക്കൾ ശുശ്രൂഷക്കാരുടെ കൈകൾ മുഖേന ഗർഭിണികളിലേക്ക് എത്തുന്നതാണ് ഇൻഫെക്ഷനും അതുവഴി അവരുടെ മരണത്തിനും കാരണമാകുന്നത്. ഓരോ പരിചരണത്തിനും ശേഷം കൈ കഴുകുക എന്നതാണ് അദ്ദേഹം അതിനു കണ്ടെത്തിയ പരിഹാരം. ഈ കണ്ടെത്തൽ നടത്തിയതിന് മെഡിക്കൽ സമൂഹം അദ്ദേഹത്തെ അപവാദമായി (exception) മനസ്സിലാക്കുകയും അദ്ദേഹത്തിന് ഭൃഷ്ട്ട് കൽപിക്കുകയും ചെയ്തു. ഒടുവിൽ ഒരു ഭ്രാന്താശുപത്രിയിൽ വെച്ച്, സെപ്റ്റിസീമിയ എന്ന അസുഖം ബാധിച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ഈ അസുഖം ഹോസ്പിറ്റൽ ഗാർഡുകളുടെ അടികൊണ്ടതുമൂലം ബാധിച്ചതാവനാണ് സാധ്യത. സമ്മെലേവിസിന്റെ കേസിൽ, ഇൻഫെക്ഷൻ തടയാൻ അദ്ദേഹം കണ്ടെത്തിയ മാർഗം സവിശേഷമായിരുന്നു (exceptional). ‘politics’ എന്ന കൃതിയിൽ, സവിശേഷ മനുഷ്യനെ (exceptional man) കുറിച്ച് അരിസ്റ്റോട്ടിൽ ചർച്ച ചെയ്യുന്നുണ്ട്,  കോറസിനെക്കാൾ നന്നായി പാടാൻ കഴിയുന്ന ആൾ, മനുഷ്യർക്കിടയിൽ ദൈവമെന്നപോലെ സവിശേഷനാകുന്നത് പോലെ.

ഈ സവിശേഷതക്ക് (exception) ഒരു വർപ്പുമാതൃക മാത്രമല്ല ഉള്ളത്. ഒരു സൂക്ഷ്‌മ-രോഗാണുവിന്റെ പാതയല്ല മറ്റൊന്നിന്റേത്. ഉദാഹരണത്തിന്, ‘സ്റ്റാഫൈലോകോക്കി’ (staphylococci) എന്ന സൂക്ഷ്മാണു മനുഷ്യശരീരത്തിൽ യാതൊരു ഉപദ്രവങ്ങളുമുണ്ടാക്കാതെ ജീവിക്കുന്നവയാണ്. ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥ (immunal system) കൂടുതലായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ഇവ ഇന്ഫെക്ഷന് കാരണമാവുക. സസ്യകോശങ്ങളിലുള്ള ‘ക്ലോറോപ്ലാസ്റ്റും’ (chloroplast) മനുഷ്യശരീരത്തിലുള്ള മൈറ്റോകോണ്ഡ്രിയയും (mitochondria) പുരാതനമായി പല ജീവജാലങ്ങളും സഹവാസത്തിലേർപ്പെട്ടിരിക്കുന്ന നോൺ-പാത്തോളജിക്കൽ ബന്ധങ്ങളുടെ ഉദാഹരങ്ങളാണ്. എല്ലാറ്റിനുമുപരി, ബാക്ടീരിയകളും വൈറസുകളും അവർ കുടികൊള്ളുന്ന ശരീരത്തെ കൊല്ലാൻ താൽപര്യപ്പെടുന്നവരല്ല. അതില്ലാതെ അവയ്ക്ക് അതിജീവനം സാധ്യമല്ല എന്നതുകൊണ്ടാണിത്. മില്യൺ കണക്കിന് വർഷങ്ങൾ പ്രകൃതിയിൽ അധിവസിച്ചവർ എന്ന നിലക്ക്, മറ്റുള്ളവയുമായി സഹജീവിക്കുന്നതിന്റെ പാഠങ്ങൾ ഓരോ ജീവജാലങ്ങളും പഠിച്ചിരിക്കും. കുറഞ്ഞത് സഹജീവനത്തിനു വേണ്ട തുലനാവസ്ഥ (equilibrium) എങ്കിലും അവ ഉണ്ടാക്കിയിരിക്കും. ഇതാണ് പ്രകൃതിയുടെ താൽകാലികത്വത്തെ കുറിച്ച ഒരു ബയോളജിസ്റ്റിന്റെ വീക്ഷണം.

അടുത്ത കാലങ്ങളിൽ നമ്മൾ സ്വീകരിച്ച കൃഷിരീതികളുടെ ഫലമായി അകന്നുകഴിഞ്ഞിരുന്ന ചില സൂക്ഷ്മാണുക്കൾ മനുഷ്യശരീരത്തിലേക്ക് കടക്കുകയും ചില ജനിതക വസ്തുക്കളുടെ കൈമാറ്റങ്ങൾ നടത്തുകയും ചെയ്തിരുന്നു. ചിലപ്പോളത് ഡി.എൻ.എയുടെയോ  ആർ.എൻ.എയുടെയോ അംശങ്ങൾ വരെ ആവാം. മനുഷ്യശരീരങ്ങളിലേക്കുള്ള ഇവയുടെ കടന്നുകയറ്റം വലിയ ദുരന്തങ്ങൾക്ക് കാരണമാകും. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ഇവയെ ശരീരത്തിന് ഹാനികരമെന്നു തിരിച്ചറിയുകയും അവയെ പുറംതള്ളാൻ തീവ്രമായ പനിയോ വൃണങ്ങളോ ഉണ്ടാക്കുകയും ചെയ്യും. ഇവ മനുഷ്യരുടെയും സൂക്ഷ്മാണുക്കളുടെയും മരണത്തിന് കാരണമാവുകയും ചെയ്യും. പദോൽപത്തിശാസ്ത്രമനുസരിച്ച് (etymology) വൈറസ്, വിഷവുമായി (poison) ബന്ധപ്പെട്ടതാണ്. കാരണം, പുതിയ ഒരു വൈറസ് കണ്ടെത്തി, അതുമായി മനുഷ്യർ ഒരു ധാരണയിലെത്തുമ്പോഴേക്ക് (പ്രതിവിധി കണ്ടെത്തുമ്പോഴേക്ക്) ധാരാളം പേർ കാലവശേഷമായിരിക്കും. എല്ലാ കാര്യങ്ങളെയും ദെറിദയുടെ ഫാർമകോൺ (pharmakon) (വിഷവും മരുന്നും) മാതൃകയിൽ ചിന്തിക്കാനാകും. എന്നിരുന്നാലും, വിഷവും മരുന്നും തമ്മിലുള്ള വിത്യാസം മനുഷ്യനെന്ന അപൂർവസൃഷ്ടിയുടെ ആയുസ്സുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. നമ്മൾ ഇന്ന് ജൈവ-രാഷ്ട്രീയം (bio-politics) എന്നുവിളിക്കുന്ന സംഗതി, പ്രകൃതിയുടെ താത്കാലികത്വം എന്ന സങ്കൽപ്പത്തിൽ നിന്നാണ് നിലപാടുകൾ സ്വീകരിക്കുന്നത്. അതേസമയം, വരാനിരിക്കുന്ന ദുരന്തത്തെയും, ഓരോ മനുഷ്യജീവനുകളെ തൊട്ട് നമുക്കുള്ള ഉത്തരവാദിത്വത്തെയും അത് അവഗണിക്കുന്നു. ആളുകളുടെ ജീവൻ വൈറസുകൾ ബാധിച്ച് അപകടത്തിലാവുകയും ചെയ്യുന്നു.

ദിവ്യ ദ്വിവേദി, ഷാജ്‌ മോഹൻ

ഇവിടെയാണ് പ്രശ്‌നത്തിന്റെ മർമം കിടക്കുന്നത്. പ്രകൃതിയിലുള്ള സവിശേഷതകളെ പരുവപ്പെടുത്തിക്കൊണ്ട് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയുടെ താൽപര്യങ്ങളെ നിർണ്ണയിക്കാൻ നാം പ്രാപ്തരായിരിക്കുന്നു. സമ്മേലെവിസിന്റെ ‘കൈ കഴുകലും’ വാക്സിനുകളും ഉദാഹരണം. നമ്മുടെ തരത്തിലുള്ള ജീവികൾക്ക് (മനുഷ്യർക്ക്) തങ്ങളുടെ ഓരോ ഇടപെടലുകളും പരിപൂർണമായി നിർവ്വഹിക്കാൻ നിർണ്ണിതമായ (ജൈവിക) കാലഘട്ടങ്ങളില്ല. അതുകൊണ്ടുതന്നെ അത്യാഹിത സന്ദർഭങ്ങളെ നേരിടുമ്പോൾ, പ്രകൃതിയെപ്പോലെ നമ്മളും കോഡിങ് പിഴവുകളും പരിവർത്തനങ്ങളും വരുത്തുന്നു. നാൻസി സൂചിപ്പിച്ചതുപോലെ, സാങ്കേതികമായി സവിശേഷതകൾ നിർമ്മിക്കുന്നതും തന്നോട് തന്നെ അപരിചിതനുമായ മനുഷ്യനെക്കുറിച്ച ചിന്ത, വളരെ നാളുകൾ മുൻപ് സോഫകിൾസ്‌ (sophocles) അദ്ദേഹത്തിന്റെ ഓഡ് ടു മാനിലൂടെ (ode to man) പങ്കുവെക്കുന്നുണ്ട്. പ്രകൃതിയുടെ സമയം (natures time) എന്നതിലുപരി ‘ഈ മൊമെന്റിനോടാണ് മനുഷ്യൻ താൽപര്യം പുലർത്തുന്നത്. തൊട്ടടുത്ത നിമിഷം, ഞങ്ങളെല്ലാം ഉപേക്ഷിക്കപ്പെട്ടവരാണ് (forsaken) എന്ന ദൈന്യതയിലാണ് ഇത് അവസാനിക്കുക. എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ സംഭവിച്ചത് എന്ന് പറയാൻ അവസരമില്ലാഞ്ഞിട്ടും അവർ അപ്രകാരം ചിന്തിച്ചുകൊണ്ടിരിക്കും. ഈ ഉപേക്ഷിക്കപ്പെടലിന്റെ (forsakeness) ആഘാതം, ചില വസ്തുക്കളുടെ അഭാവം കൊണ്ട് ഉപേക്ഷിക്കപ്പെടുമ്പോൾ ഉണ്ടാകുന്നത് പോലെയല്ല. ഈ ഉപേക്ഷിക്കപ്പെടൽ ആവശ്യപ്പെടുന്നത്, ദെല്യൂസിൽ (deleuze) നിന്ന്‌ നാം കണ്ടെത്തിയതുപോലെ, ഓരോ മനുഷ്യജീവനും അമൂല്യമാണെന്ന് കണ്ടുകൊണ്ട് അതിനെ ഏറ്റെടുക്കലാണ്. അതുപോലെതന്നെ ഉപേക്ഷിക്കപ്പെട്ട സമൂഹങ്ങളുണ്ടാവാമെന്നും (forsaken communities) അതിലെ ഉപേക്ഷിക്കപ്പെട്ട വ്യക്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നുമാണ്.

വിവർത്തനം: അഫ്സൽ ഹുസൈൻ

ദിവ്യ ദ്വിവേദി/ഷാജ് മോഹൻ