Campus Alive

ആൻഡ്രു ടൈറ്റും, മതപരിവർത്തനത്തിലെ നൈതിക ചോദ്യങ്ങളും

‘സോഷ്യൽ മീ‍ഡിയ ഇൻഫ്ലുവൻസറും മുൻ ബ്രിട്ടിഷ്–അമേരിക്കൻ കിക്ബോക്സറുമായ ആൻഡ്രു ടെയ്റ്റിനെ സ്‌ത്രീകൾക്കേതിരെ വിദ്വേഷ പ്രസ്താവനകൾ നടത്തുന്ന മറ്റൊരു സോഷ്യൽ മീഡിയ സാന്നിധ്യമായി മാത്രം ചുരുക്കി കാണാവുന്നതല്ല. തന്റെ വിദ്വേഷജനകമായ ആശയങ്ങൾക്ക് പ്രചാരണം ലഭിക്കുവാൻ വലിയൊരു വിഭാഗം യുവാക്കളെ ഉപയോഗിക്കുന്ന, സാമൂഹിക മാധ്യമങ്ങളിൽ മില്യൺ കണക്കിനു അനുയായികളുള്ള ഇദ്ദേഹത്തിന്റെ സമീപകാല ഇസ്‌ലാം മതാശ്ലേഷണവും, മുസ്‌ലിം ഓൺലൈൻ പ്രാസംഗികരുടെ ഇടയിൽ ഇദ്ദേഹം നേടിയെടുത്ത അംഗീകാരവും, കൂടാതെ ഇസ്‌ലാം മതാശയങ്ങൾ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് മുസ്‌ലിം യുവാക്കൾക്കിടയിൽ ‘റെഡ് പിൽ’ സംസ്കാരത്തിന് പ്രചാരം സൃഷ്ടിച്ചതും വിശകലനമർഹിക്കുന്നവയാണ്.

സ്ത്രീകളെക്കുറിച്ച് വിദ്വേഷജനകവും അക്രമാസക്തവുമായ അഭിപ്രായങ്ങൾ നടത്തിക്കൊണ്ടാണ്‌ ആൻഡ്രൂ ടെയ്റ്റ് സോഷ്യൽ മീഡിയയിൽ തൻ്റെ സജീവമായ സാന്നിധ്യമുറപ്പിക്കുന്നത്. തുടർന്ന്, വ്യാപകമായ വിമർശനം നേരിട്ട ഇദ്ദേഹം ഇസ്‌ലാം മതാശ്ലേഷണത്തിലൂടെ മറ്റൊരു രീതിയിൽ തന്റെ സ്വാധീനത്തെ ശക്തിപ്പെടുത്തുകയായിരുന്നു. ഇസ്‌ലാമിനെ ലോകത്തുള്ള ഏറ്റവും സത്യമായ മതമെന്ന് പ്രകീർത്തിച്ച് കൊണ്ട് ഇസ്‌ലാമിക അധ്യാപനങ്ങൾ പിന്തുടരുന്ന വ്യക്തിയായി സ്വയം അവകാശപ്പെട്ട് വന്ന ടെയ്റ്റിനു ഓൺലൈൻ മുസ്‍ലിം പ്രാസംഗികരുടെ നിരവധി പരിപാടികളിൽ ക്ഷണം ലഭിക്കുകയുണ്ടായി.

തുടർന്ന്, ഇസ്‌ലാമിക അധ്യാപനങ്ങളെ വിശിഷ്യാ സ്ത്രീ-പുരുഷ സംബന്ധമായ അധ്യാപനങ്ങളെ ഇദ്ദേഹം മുന്നേ തുടർന്ന് വന്നിട്ടുള്ള സ്ത്രീകൾക്കെതിരെയുള്ള വിദ്വേഷപരമായ പ്രസ്താവനകൾക്ക് ന്യായീകരങ്ങളെന്ന രീതിയിൽ ഉപയോഗിക്കുകയും മുസ്‌ലിം യുവാക്കൾക്കിടയിൽ ടോക്സിക് മാസ്ക്കുലിനിറ്റി പ്രചരിപ്പിക്കുകയുമായിരുന്നു .

ഇത്രയൊക്കെ ആയിട്ടും, ഇത്തരം ആശയ പ്രചരണങ്ങളിലെ ഗുരുതരമായ അപകടങ്ങൾ ഉൾക്കൊള്ളാതെ ഇസ്‌ലാം മതാശ്ലേഷണം മാത്രം മുൻനിർത്തി അദ്ദേഹത്തിന്റെ പൂർവ്വകാല ചെയ്തികളെ വിസ്മരിച്ച് കൊണ്ട്, അദ്ദേഹത്തിന്റെ പ്രസ്താവനകളെ കേവലം ഇസ്‌ലാമിനെ പറ്റി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടെ ചെറിയ വീഴ്ചകൾ മാത്രമായി കാണുകയാണ് ഖത്തർ സ്വദേശിയും പ്രഭാഷകനുമായ അബ്ദുൽ അസീസ് അൻസാരിയെ പോലെയും മുസ്‌ലിം സംവാദകനായ മുഹമ്മദ് ഹിജാബ് നെ പോലെയുമുള്ള ഇസ്‌ലാമിക ദഅവ പ്രവർത്തകരും പ്രാസംഗികരുമായ ആളുകൾ. ഇത് അദ്ദേഹത്തിന് വിമർശനരഹിതമായ പിന്തുണ നേടിയെടുക്കാൻ വഴിയൊരുക്കുകയായിരുന്നു.

സ്ത്രീകൾക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല ടെയ്റ്റിന്റെ ഇസ്‌ലാം സംബന്ധമായ പ്രസ്താവനകൾ. ഉദാഹരണമായി, ISIS സത്യവാന്മാരായ മുസ്‌ലിംകളാണെന്ന് ഇസ്ലാമിക അധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച്‌ കൊണ്ട് ടെയ്റ്റ് പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: “ഐസിസ് എന്നത് യഥാർത്ഥ മുസ്‌ലിംകളാണ് കാരണം അവർ ദൈവിക വേദഗ്രന്ഥത്തിൽ പറയുന്നത് എന്തോ അത് കൃത്യമായി ചെയ്യുന്നു. അത് ഇപ്രകാരമാണ് “മുസ്‌ലിംകളല്ലാത്ത എല്ലാവരെയും കൊല്ലുക, ആളുകളുടെ തലയറുക്കുകയും, തീയിടുകയും ചെയ്യുക.”

ഈ പ്രസ്താവനയിൽ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചുവെങ്കിലും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ ഇദ്ദേഹത്തിൻ്റെ അതുവരെ ഉണ്ടായിട്ടുള്ള പ്രസ്താവനകളൊന്നും തന്നെ അദ്ദേഹം പിൻവലിക്കുകയോ മാപ്പു പറയുകയോ ചെയ്തില്ല.

യുഎസ് മുസ്‌ലിം സ്ത്രീകളുടെ ജീവിത പരിസരത്തെയും മുസ്‌ലിംകൾക്കെതിരെയുള്ള വംശീയതയുടെ വ്യാപനത്തെയും പഠനവിധേയമാക്കി കൊണ്ടിരിക്കുന്ന റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ സിൽവിയ ചാൻ-മാലിക്, ടെയ്റ്റിന്റെ സ്വാധീനത്തെ വിലയിരുത്തിക്കൊണ്ട് പറയുന്നത്, പല പുരുഷന്മാരും ഫെമിനിസം പോലെയുള്ള ലേബലുകൾ ഊന്നിപ്പറയുമ്പോൾ പെട്ടെന്ന് തന്നെ പ്രതിരോധപരമായി പ്രതികരിക്കുന്നത് പലപ്പോഴും സ്ഥിരകാഴ്ചയാണെന്നാണ്. ഇതിനാൽ തന്നെ പാശ്ചാത്യ മുസ്‌ലിം പുരുഷന്മാർക്ക് ടെയ്റ്റിനോട് ആകർഷണം തോന്നുന്നത് തീർത്തും സ്വാഭാവികമാണെന്നാണ് അവർ പറഞ്ഞ് വെക്കുന്നത്. കൂടാതെ, ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ള പിന്തുണയെ പറ്റി സംസാരിക്കുമ്പോൾ, നിലവിലുള്ള ലോകാവസ്ഥയിൽ ശക്തമായി ഉയരുന്ന ശബ്ദങ്ങൾ അത് പണ്ഡിതരുടെയോ, ചിന്തകന്മാരുടെയോ ഒന്നും അല്ലെങ്കിൽ തന്നെയും അത് ആളുകളെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ദോഹയിലെ ഹമദ് ബിൻ ഖലീഫ സർവകലാശാലയിലെ ഖുർആനിക പഠന മേഖലയിൽ അസോസിയേറ്റ് പ്രൊഫസറായ ജോസഫ് ലംബാർഡ് ഇവ്വിഷയകമായി ട്വിറ്ററിലൂടെ പ്രതികരിച്ചത് ഇപ്രകാരമാണ് : “നിരവധി മുസ്‌ലിം പുരുഷന്മാർ ‘ഹുസ്ൻ അൽ ദൻ’ (നല്ല അഭിപ്രായം) ഉണ്ടെന്നും, മത പരിവർത്തനത്തിന് ശേഷം ഇസ്‌ലാം ഒരു വ്യക്തിയുടെ മുൻകാല പാപങ്ങൾ എല്ലാം തുടച്ചു നീക്കുന്നുവെന്നും കാണിച്ച് ടെയ്റ്റ്നു മേൽ നിഷ്കളങ്കത്വം ചാർത്താൻ ശ്രമിക്കുകയാണെന്നാണ്. ഇത്തരം ന്യായീകരണങ്ങളിലൂടെ ഇവർ ടെയ്റ്റ് ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിച്ച്‌ കൊണ്ടിരിക്കുന്ന അക്രമാസക്തമായ സ്ത്രീവിദ്വേഷം , ഫിസ്ഖ് (ദുഷ്ടത), ഫസാദ് [ദുർനടപടികൾ] എന്നിവയ്‌ക്ക് അന്യായമായ മാപ്പുനൽകുകയും ചെയ്യുകയാണ്” എന്നാണ്.

കാലിഫോർണിയ സർവകലാശാലയിലെ ചരിത്ര വിഭാഗത്തിൽ പ്രൊഫസറായ ബിലാൽ വെയർ, ടെയ്‌റ്റിനെ ഹോസ്റ്റ് ചെയ്തു കൊണ്ട് ദഅവാ പ്രവർത്തകർ നടത്തിയിട്ടുള്ള പോഡ്‌കാസ്റ്റുകളെയും യൂട്യൂബ് വീഡിയോകളെയും വിമർശിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റുകളുടെ ഒരു പരമ്പര തന്നെ പോസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹം അതിലൂടെ പറഞ്ഞുവെച്ചത് ഇപ്രകാരമാണ്: മുസ്‌ലിം മാനോസ്ഫിയർ(Manosphere) എന്നത് കർക്കശക്കാരും, സ്ത്രീ-പീഡകരുമായ ദുർബലരായ ഒരു കൂട്ടം പുരുഷന്മാരുടെ സങ്കേതമായി മാറിയിരിക്കുന്നു എന്നാണ്.

വളരെ വ്യക്തമായിക്കൊണ്ട് തന്നെ മുസ്‌ലിം വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്ന, സൗകര്യാനുസരണം അതിനു ഇസ്ലാമിനെ ഉപയോഗിക്കുന്ന ടെയ്റ്റിനെ പോലെയുള്ള വ്യക്തികൾക്ക് മുസ്‌ലിം യുവ സമൂഹത്തിന്റെ ഇടയിൽ സ്വാധീനം ലഭിക്കുന്നത്തിനു പരിഹാരമായി “മുസ്‌ലിം യുവാക്കളും പൗരുഷവും” എന്ന വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള അമേരിക്കയിലെ യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് റിസർച്ചിലെ ഗവേഷണ മേധാവി കൂടിയായ ഷെയ്ഖ് ഇസ്മായിൽ കംദർ പറയുന്നത് : മുസ്‌ലിം യുവാക്കളുടെ കാഴ്ചയിൽ സമുദായത്തിൽ ആരും തന്നെ ‘ഫെമിനിസം, പുരുഷത്വം’ എന്നീ വിഷയങ്ങളെ വേണ്ട രീതിയിൽ അഭിസംബോധന ചെയ്യുന്നില്ല എന്നാണ് .

എന്നാൽ “ഫെമിനിസ്റ്റ് ആശയങ്ങളിൽ” പല പുരുഷന്മാരും നിരാശരുമായതിനാൽ തന്നെ മുസ്‌ലിം സമുദായത്തിന് പുറത്തുള്ള ആളുകൾ ഈ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ മുൻ-പിൻ ആലോചിക്കാതെ അവർ അതിലേക്ക് തിരിയുന്നു . ഇതിലൂടെ മുസ്‌ലിം യുവ തലമുറ അറിയാതെ തീവ്രമായ ആശയങ്ങളുടെ ചക്രത്തിൽ അകപ്പെടുകയും മത നേതൃത്വങ്ങളോടുള്ള അനുഭാവം അവർക്ക് നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.

ആൻഡ്രൂ ടെയ്റ്റിനെ പോലെയുള്ളവരുടെ മുസ്‌ലിംകൾക്കിടയിലെ സ്വാധീനം ദഅവാ പ്രവർത്തകരും, മത പണ്ഡിതരും കൂടാതെ യുവാക്കളുമായ അനേകം വരുന്ന മുസ്‌ലിംകളെ തങ്ങളുടെ മതപരമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പല മുൻവിധികളെയും അതുണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെയും പറ്റി ഗൗരവകരമായ ചോദ്യങ്ങൾക്ക് വിധേയരാക്കുന്നു.

അവലംബം

1.  https://www.middleeasteye.net/news/why-do-so-many-western-muslim-men-love-andrew-tate
https://newlinesmag.com/argument/andrew-tate-and-the-moral-bankruptcy-of-muslim-proselytization/

2.  https://www.aljazeera.com/opinions/2022/11/22/andrew-tate-red-pill-muslim

3.  https://www.theguardian.com/technology/2022/aug/06/andrew-tate-violent-misogynistic-world-of-tiktok-new-star

4.  https://www.bbc.com/news/world-europe-64523028

സ്വാലിഹ പി.പി