വൈരുധ്യങ്ങൾ നിറഞ്ഞ അർത്ഥങ്ങളിലാണ് പലപ്പോഴും നമ്മൾ ശാസ്ത്രത്തെ മനസിലാക്കാറുള്ളത്. യഥാർത്ഥ അന്തസത്തയിലേക്ക് അവ നമ്മളെ നയിക്കുന്നില്ല എന്ന് മാത്രമല്ല, തെറ്റായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ഇത് കാരണമാവും. വിജ്ഞാനത്തിന്റെ അവസാന വാക്കായിട്ടോ, കേവല ഗൂഢാലോചനകൾ മാത്രമായോ ശാസ്ത്രത്തെ തെറ്റായി വായിക്കുന്നതിൽ നിന്ന് പുറത്ത് കടന്ന്, ശാസ്ത്രത്തെ എങ്ങനെ വായിക്കാതിരിക്കാം എന്നാണ് ഇവിടെ ശ്രമിക്കുന്നത്. ശാസ്ത്രത്തോടുള്ള നിഷേധമല്ല ഈ വായനയെ മുന്നോട്ട് നയിക്കുന്നത്. മറിച്ച് അവയുടെ ജ്ഞാനമണ്ഡലത്തെ യഥാവിധം തിരിച്ചറിയാനും അതിനകത്തെ അധികാര രൂപത്തെ വ്യവച്ഛേദിച്ച് മനസ്സിലാക്കാനുമുള്ള ശ്രമമാണ്. വിജ്ഞാനത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കാൻ ശാസ്ത്രത്തിന് കഴിയില്ല എന്നും അവയെ സമീപിക്കുന്നതിലെ രീതിശാസ്ത്രപരമായ പരിമിതികളെ കുറിച്ചും മുന്നേ എഴുതിരുന്നല്ലോ. അതേസമയം നിക്ഷിപ്ത താല്പര്യങ്ങൾ ആരോപിച്ച് ശാസ്ത്ര വായനയെ തള്ളിക്കളയുന്നതും ശരിയായ രീതിയല്ല. ദ്വന്ദ്വ ഭാവനയിൽ നിന്നുകൊണ്ടുള്ള ഏറ്റെടുക്കലിന്റെയും നിഷേധത്തിന്റെയും തലത്തിൽ നിന്ന് മാറി, ശാസ്ത്രം എങ്ങനെയാണ് വായിക്കപ്പെടുന്നത്, വ്യാഖ്യാനിക്കപ്പെടുന്നത്, തെറ്റിദ്ധരിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ശാസ്ത്രത്തെ തെറ്റായി വായിക്കുക എന്നത് കേവലം ഒരു ബൗദ്ധിക പിശക് മാത്രമല്ല. അതിന് സാമൂഹിക, രാഷ്ട്രീയ,ധാർമ്മിക പ്രത്യാഘാതങ്ങളുണ്ട്. നയരൂപീകരണത്തെ സ്വാധീനിക്കുന്ന, അക്രമങ്ങളെ ന്യായികരിക്കുന്ന, അസമത്വങ്ങളെ സ്വാഭാവികവൽക്കരിക്കുന്ന രീതി ശാസ്ത്ര വായനയിൽ ഇന്ന് കാണാൻ കഴിയും. വിജ്ഞാനത്തിന്റെ inter disciplinary ആയ മനസ്സിലാക്കൽ ഈ വായനയുടെ പ്രധാന ഉള്ളടക്കമാണ്. അവയിലൂടെ ശാസ്ത്ര വായനയിൽ കൂടുതൽ വ്യക്തത കൈവരിക്കാൻ സാധിക്കുമോ എന്നാണ് അന്വേഷിക്കുന്നത്. ആ അന്വേഷണത്തിൽ വിമർശന ചിന്തയെയാണ് അവലംബമായി കാണുന്നത്. ഇവിടെയാണ് ശാസ്ത്രത്തെ എങ്ങനെ വായിക്കരുത് എന്ന ആലോചന പ്രസക്തമാവുന്നത്.
ശാസ്ത്രമെന്ന അന്തിമ സത്യം
ശാസ്ത്ര വായനയിലെ അടിസ്ഥാന പ്രശ്നം, അതിനെ ഒരു അന്തിമ സത്യമായി കാണുന്നിടത്ത് തന്നെയാണ്. ശാസ്ത്രീയ ശരികൾ ആത്യന്തിക ശരിയുടെ പര്യായമായി കാണാക്കപ്പെടുന്ന രീതി ഇന്ന് അധികമാണ്. യഥാർത്ഥത്തിൽ ശാസ്ത്രീയമായ നിഗമനങ്ങൾ താൽക്കാലികവും തിരുത്തലുകൾക്ക് വിധേയവുമായ വിശദീകരണങ്ങളാണ്. ശാസ്ത്രത്തിന്റെ അറിവ് ഉത്പാദിപ്പിക്കാനുള്ള അധികാരത്തെ (epistemic authority) അറിവിന്റെ അന്തിമത്വമായി (epistemic finality) തെറ്റായി മനസിലാക്കപ്പെടുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ലഭ്യമായ ഉപകരണങ്ങൾ, സങ്കൽപ്പങ്ങൾ, അനുമാനങ്ങൾ എന്നിവ ഉപയോഗിച്ച് ഒരു പ്രത്യേക സാഹചര്യത്തിൽ പ്രതിഭാസങ്ങളെ വിശദീകരിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. ശാസ്ത്രീയ സിദ്ധാന്തങ്ങളുടെ മൂല്യം അത് തെളിയിക്കപ്പെട്ട സത്യങ്ങൾ ആയതുകൊണ്ടല്ല മറിച്ച് അവ തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുമെന്നത് കൊണ്ടാണെന്ന് പ്രമുഖ ചിന്തകനായ കാൾ പോപ്പർ നിരീക്ഷിക്കുന്നുണ്ട്. നിലനിൽക്കുന്ന ‘ശാസ്ത്രീയ സത്യങ്ങളെ’ നിരന്തരം തിരുത്തി കൊണ്ടാണ് ശാസ്ത്രം മുന്നോട്ട് പോവുന്നത് തന്നെ. ദൗർഭാഗ്യവശാൽ ശാസ്ത്രത്തിന്റെ നിരീക്ഷണങ്ങൾ തീർപ്പുകളായി സ്ഥാപിക്കപെടുന്നു. വിവിധ ചർച്ചകളിൽ, ശാസ്ത്രം തീർപ്പ് കല്പിച്ചതാണ് എന്ന വാദം തന്നെയും ഉന്നയിക്കപ്പെടുന്നതിന്റെ പശ്ചാത്തലം ഇതാണ്.
ശാസ്ത്രത്തിൽ തീർപ്പുകൾ വളരെ വിരളമാണ്. പുതിയ ചോദ്യങ്ങൾ/ സംശയങ്ങൾ ഇല്ലാതെ അവക്ക് മുന്നോട്ട് പോവുക സാധ്യമല്ല. ലഭ്യമായ ഉപകരണങ്ങൾ, തിരഞ്ഞെടുത്ത രീതിശാസ്ത്രം, സ്ഥിതിവിവരക്കണക്കുകളുടെ പരിധികൾ, വ്യാഖ്യാനിക്കാനുപയോഗിക്കുന്ന ചട്ടക്കൂടുകൾ എന്നിവക്ക് അനുസരിച്ചാണ് വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തപെടുന്നതും ശാസ്ത്രീയ നിഗമനങ്ങൾ രൂപപ്പെടുന്നതും. ഇവയൊന്നും അന്തിമ തീർപ്പിനെ മുന്നോട്ട് വെക്കാൻ സാധിക്കുന്ന അവലംബങ്ങളല്ല. അതേസമയം ഇത്തരം പരീക്ഷണങ്ങളിലൂടെ ഉണ്ടാവുന്ന ഫലങ്ങളെ സമൂഹത്തിന്റെ മുന്നോട്ട് പോക്കിൽ നിർണായക ഘടകങ്ങളാണ് എന്ന് തിരിച്ചറിയൽ പ്രധാനമാണ്.
ശാസ്ത്രീയ വിജ്ഞാനത്തിന്റെ ചരിത്രരഹിതമായ വായന

ചരിത്ര രഹിതമായി സമീപിക്കുക എന്നത് ശാസ്ത്ര വായനയിലെ മറ്റൊരു പ്രധാന പ്രശ്നമാണ്. ശാസ്ത്രീയ അറിവുകൾ എന്നത് സാമൂഹിക സംഘർഷങ്ങളോ, രാഷ്ട്രീയ അധികാരമോ, ഭൗതിക സാഹചര്യങ്ങളോ ബാധിക്കാത്ത, ശൂന്യതയിൽ നിന്ന് രൂപപ്പെടുന്ന ഒന്നാണെന്നത് മിഥ്യാധാരണയാണ്. സത്യത്തിലേക്ക് മാത്രം നേർരേഖയിൽ സഞ്ചരിക്കുന്ന കേവല വസ്തുതകളുടെ ശേഖരമാണ് ശാസ്ത്രം എന്നാണ് ഇവിടെ കരുതപ്പെടുന്നത്. ശാസ്ത്രം എന്നത് കേവലം ഒരു കൂട്ടം അറിവുകളല്ല. അതാത് കാലഘട്ടത്തോട് പല നിലക്ക് ചേർന്ന് നിന്നുകൊണ്ട് വികസിക്കുന്ന പദ്ധതിയാണ്. ലഭ്യമായ സാങ്കേതിക വിദ്യകൾ, പിന്തുണ നൽകുന്ന സ്ഥാപനങ്ങൾ, അടിയന്തരമെന്ന് കരുതപ്പെടുന്ന പ്രശ്നങ്ങൾ, പഠനവിഷയമാക്കാൻ തിരഞ്ഞെടുക്കുന്ന മനുഷ്യവിഭാഗങ്ങൾ എന്നിവയെല്ലാം ശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക ഘടകങ്ങളാണ്. ശാസ്ത്രത്തെ ചരിത്രരഹിതമായി വായിക്കുക എന്നത് അത് രൂപപ്പെട്ടുവന്ന ഈ സാഹചര്യങ്ങളെ മായ്ച്ചുകളയുന്നതിന് തുല്യമാണ്. ഇത് ശാസ്ത്രത്തിന്റെ അധികാരത്തെയും പരിമിതികളെയും ഒരുപോലെ മനസ്സിലാക്കുന്നതിൽ നമ്മെ പരാജയപ്പെടുത്തുന്നു.
ചരിത്ര രഹിത വീക്ഷണത്തിൽ ശാസ്ത്രീയ പുരോഗതിയെ രേഖീയമായ ഒന്നായിട്ടാണ് മനസിലാക്കപ്പെടുന്നത്. ശരികളിലേക്കാണ് നമ്മൾ നിരന്തരം സഞ്ചരിക്കുന്നത് എന്നും വർത്തമാന ഘട്ടമാണ് ഏറ്റവും ശരിയായത് എന്നും ഇവിടെ കരുതപ്പെടുന്നു. എന്നാൽ ശാസ്ത്രത്തിന്റെ യഥാർത്ഥ ചരിത്രം തിരുത്തലുകളുടെയും, തകർച്ചകളുടെയും, പുനഃക്രമീകരണങ്ങളുടെയും ചരിത്രമാണ്. ഒരു കാലഘട്ടത്തിൽ സർവ്വസമ്മതമായിരുന്ന പല ചിന്താരീതികളും പിന്നീട് പാടെ തള്ളിക്കളയപ്പെടാറുണ്ട്. തോമസ് കുൻ നിരീക്ഷിച്ചതുപോലെ, ശാസ്ത്രം പ്രവർത്തിക്കുന്നത് ചില നിശ്ചിത മാതൃകകൾക്കുള്ളിലാണ് (Paradigms). നിലവിലുള്ള നിയമങ്ങളെ ചോദ്യം ചെയ്യുന്ന കണ്ടെത്തലുകൾ വരുമ്പോൾ പെട്ടെന്ന് മാറാൻ ശാസ്ത്രത്തിന് കഴിയില്ല. മറിച്ച് ആ വൈരുദ്ധ്യങ്ങളെ അവഗണിക്കാനോ മാറ്റിനിർത്താനോ ആണ് അത് ശ്രമിക്കാറുള്ളത്. സമൂല മാറ്റം (Paradigm shift) ആവശ്യം വരുമ്പോൾ, കേവലമായ തിരുത്തലുകൾക്കുള്ളിൽ നിൽക്കാതെ, ഒരു പരിവർത്തനത്തിലേക്ക് പിന്നീട് അത് സഞ്ചരിക്കുന്നു. പഴയ ചോദ്യങ്ങൾക്ക് അർത്ഥം നഷ്ടപ്പെടുകയും പുതിയ വിഭാഗങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.
ശാസ്ത്രത്തെ ചരിത്രരഹിതമായി വായിക്കുന്നതിന്റെ മറ്റൊരു പരിണിതഫലമാണ് ‘റെട്രോസ്പെക്റ്റീവ് അരഗൻസ്’ (Retrospective arrogance) അഥവാ വർത്തമാനകാലത്തെ വച്ചുകൊണ്ട് മുൻകാലങ്ങളെ പുച്ഛിച്ചു തള്ളുന്ന രീതി. പഴയകാല ശാസ്ത്രരീതികളെല്ലാം വെറും മണ്ടത്തരമോ പ്രത്യയശാസ്ത്രപരമായ തകരാറോ ആണെന്ന് വിധിക്കുകയും, ഇന്നത്തെ ശാസ്ത്രം ഇത്തരം മുൻവിധികളിൽ നിന്നെല്ലാം മുക്തമാണെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു. ഇന്ന് നാം തള്ളിക്കളയുന്ന പല ശാസ്ത്രങ്ങളും ഒരുകാലത്ത് ഏറ്റവും ആധുനികവും ശാസ്ത്രീയവുമായിരുന്നു. വംശീയ ശാസ്ത്രം (Race science), യൂജെനിക്സ് (Eugenics), ആദ്യകാല മനോരോഗ ചികിത്സാ രീതികൾ എന്നിവയെല്ലാം അവ സർവകലാശാലകളിൽ പഠിപ്പിക്കപ്പെടുകയും ഗവൺമെന്റുകൾ അതിനായി ഫണ്ട് നൽകുകയും ചെയ്തിരുന്നു. ഈ ശാസ്ത്രങ്ങൾ ശരിയാണ് എന്നല്ല, മറിച്ച് ‘ശാസ്ത്രീയമായ ആധികാരികത’ എന്നത് ചരിത്രപരമായി നിർമ്മിക്കപ്പെടുന്നതാണ് എന്ന് തിരിച്ചറിയാൻ ഈ ബോധ്യം അനിവാര്യമാണ്. നമ്മുടെ കാലത്തെ ശാസ്ത്രവും സമാനമായ തെറ്റുകളിൽ നിന്ന് പൂർണ്ണമായും മുക്തമാണെന്ന് പറയാൻ കഴിയില്ല. ആ നിലക്ക് വർത്തമാന ശാസ്ത്ര നിരീക്ഷണങ്ങളെ അനിഷേധ്യ യാഥാർഥ്യമായി കാണുന്നത് അശാസ്ത്രീയമാണ്.
ശാസ്ത്രീയമായ അറിവുകളെ രൂപപ്പെടുത്തുന്നത് ഉത്തരങ്ങൾ മാത്രമല്ല, മറിച്ച് ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ കൂടിയാണ്. ഏതൊക്കെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം എന്ന് തീരുമാനിക്കുന്നത് അതാത് കാലത്തെ രാഷ്ട്രീയ-സാമ്പത്തിക താൽപ്പര്യങ്ങളാണ്. കൊളോണിയൽ ഭരണകൂടങ്ങൾ തങ്ങളുടെ കോളനികളെ നിയന്ത്രിക്കാനാണ് നരവംശശാസ്ത്രത്തിനും ഭൂപട നിർമ്മാണത്തിനും പ്രാധാന്യം നൽകിയത്. സൈനിക ആവശ്യങ്ങൾക്കായി ആയുധ ശാസ്ത്രവും ആണവ ഭൗതികശാസ്ത്രവും വികസിപ്പിക്കപ്പെട്ടു. മരുന്ന് കമ്പനികൾ ലാഭകരമായ രോഗങ്ങളെക്കുറിച്ച് മാത്രം ഗവേഷണം നടത്തുന്നു. ഈ മുൻഗണനകളെല്ലാം ശാസ്ത്രത്തിന്റെ മൊത്തം ഘടനയെ തന്നെ മാറ്റുന്നുണ്ട്. ശാസ്ത്രം എന്നത് സത്യത്തിന്റെ ഒരു സ്വാഭാവികമായ വെളിപ്പെടലല്ല, മറിച്ച് ഒരു സമൂഹം ബോധപൂർവ്വം നടത്തുന്ന തിരഞ്ഞെടുപ്പുകളുടെ ഫലമാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്.
മെത്തഡോളജിക്കൽ ന്യൂട്രാലിറ്റി എന്ന മിഥ്യാധാരണ
ശാസ്ത്ര നിഗമനങ്ങളിൽ രീതിശാസ്ത്രപരമായ നിക്ഷ്പക്ഷത ആരോപിക്കുക എന്നതാണ് മറ്റൊരു സമീപന പ്രശ്നം. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം നിക്ഷ്പക്ഷമാണ് എന്ന് സ്ഥാപിക്കുന്നിടത്ത് രാഷ്ട്രീയമായ പലതരം സൗകര്യങ്ങൾ ഉൾച്ചേർന്നിട്ടുണ്ട്. കൃത്യമായ അളവുകോലുകൾ പാലിച്ച് കൊണ്ട് നടത്തപ്പെടുന്ന നിരീക്ഷണങ്ങൾ പ്രത്യയശാസ്ത്രങ്ങൾക്കോ അധികാര രാഷ്ട്രീയത്തിനോ അതീതമാണെന്ന് കരുതപ്പെടുന്നു. കോർപറേറ്റുകൾ, ഭരണകൂടങ്ങൾ തുടങ്ങിയ മേധാവിത്വ വിഭാഗങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കൾ. എന്നാൽ രീതിശാസ്ത്രം രാഷ്ട്രീയത്തെ ഇല്ലാതാക്കുന്നില്ല. അവയെ ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഇവിടങ്ങളിൽ ഒക്കെ നിക്ഷ്പക്ഷ ഉപകരണങ്ങളായിട്ടാണ് ശാസ്ത്ര രീതിശാസ്ത്രങ്ങൾ മനസിലാക്കപ്പെടുന്നത്. എന്നാൽ രീതിശാസ്ത്രങ്ങൾ നിഷ്ക്രിയമായ ഉപകരണങ്ങളല്ല. സവിശേഷ ജ്ഞാനമണ്ഡലത്തിനകത്തെ നിശ്ചിത ഘടനയുള്ള സാമൂഹിക നിർമ്മിതികളാണ്. ചോദ്യങ്ങളുടെ ക്രമം, തെളിവുകളുടെ മാനദണ്ഡം, പഠനങ്ങൾ നടത്താനുള്ള യോഗ്യതകൾ, എന്തൊക്കെയാണ് പഠന വിഷയങ്ങൾ തുടങ്ങി, ഇവയുടെ അടിസ്ഥാന നിർവഹണത്തിൽ തന്നെ നിക്ഷ്പക്ഷതയുടെ അളവുകോൽ അവഗണിക്കപ്പെടുന്നുണ്ട്. ഈ തീരുമാനങ്ങളൊന്നും ഒരിക്കലും കേവലം സാങ്കേതികമല്ല. മറിച്ച് വിവിധ സ്ഥാപനങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, രാഷ്ട്രീയ മുൻഗണനകൾ, സാംസ്കാരിക ബോധ്യങ്ങൾ എന്നിവയിൽ നിന്നാണ് അവ രൂപപ്പെടുന്നത്. ഉദാഹരണത്തിന്, ‘ജീവിത നിലവാരം’ മനസിലാക്കാതെ മരണ നിരക്കിനെ മാത്രം മുൻനിർത്തി ഒരു സമൂഹത്തിന്റെ വികാസത്തെ മനസിലാക്കുന്നത്, കണക്കുകൾ ശരിയാകുമ്പോഴും പല നിലക്ക് പ്രശ്നമുള്ള വിശകലനമാണ്. ഒരു സാമ്പത്തിക പഠനം വളർച്ചയെ മാത്രം അളക്കുകയും അസമത്വത്തെ അവഗണിക്കുകയും ചെയ്യുമ്പോൾ അവ നിഷ്പക്ഷമാവുന്നില്ല. ഒരു സാമൂഹിക ലക്ഷ്യത്തിന് മറ്റൊന്നിനേക്കാൾ മുൻഗണന നൽകപ്പെടുകയാണ്. രീതിശാസ്ത്രം സമൂഹത്തിന് പുറത്ത് നിലനിൽക്കുന്ന ഒന്നല്ല. മറിച്ച്, തന്നെക്കുറിച്ചുള്ള അറിവുകളെ സമൂഹം എങ്ങനെ ക്രമീകരിക്കുന്നു എന്നതിന്റെ ഒരു വഴി മാത്രമാണത്.

വിവിധ സാമൂഹിക പ്രശ്നങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ/ നിരീക്ഷണങ്ങൾ പരിശോധിച്ചാൽ ഈ പ്രശ്നം ബോധ്യപ്പെടും. ഓരോ ശാസ്ത്രീയ പഠനവും ആരംഭിക്കുന്നത് ചില അളവുകോലുകൾ (variables) നിശ്ചയിച്ച് കൊണ്ടാണ്. ഈ തിരഞ്ഞെടുപ്പാണ് ഏത് കാര്യം വ്യക്തമാക്കപ്പെടണമെന്നും ഏത് കാര്യം അവ്യക്തമായി തുടരണമെന്നും തീരുമാനിക്കുന്നത്.
സമീപകാലത്ത് മലപ്പുറം ജില്ലയിൽ ക്രമാതീതമായി കുറ്റകൃത്യങ്ങൾ വർധിക്കുന്നു എന്ന കണക്ക് വിവാദമായിരുന്നല്ലോ. ഒരു കേസിൽ തന്നെ ഉള്ള പ്രതികളെ വേറിട്ട ഓരോ കേസുകളാക്കി മാറ്റിയാണ് കേസിന്റെ എണ്ണം കൂട്ടുന്നത് എന്ന് പിന്നീട് വ്യക്തമായി. ഇവിടെ കണക്കുകളും രീതിശാസ്ത്രവും ശരിയായ ഫലം നൽകുമ്പോഴും അതിനകത്ത് സമീപന പ്രശ്നമുണ്ട് എന്ന് വ്യക്തമാണ്.
പുതിയൊരു ഹൃദ്രോഗ മരുന്നിന്റെ ഫലപ്രാപ്തി പരിശോധിക്കുന്നതിനായി നടത്തുന്ന ഒരു ടെസ്റ്റിൽ, രക്തസമ്മർദ്ദത്തിലുള്ള കുറവ്, കൊളസ്ട്രോൾ നിലയിലെ പുരോഗതി, ഹ്രസ്വകാല അതിജീവന നിരക്ക് എന്നിവ മാനദണ്ഡമായി സ്വീകരിച്ചു എന്ന് കരുതുക. ആറ് മാസത്തിനുള്ളിൽ മരുന്ന് രക്തസമ്മർദ്ദം കുറയ്ക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വളരെ ഫലപ്രദമാണെന്ന് പഠനം നിഗമനത്തിൽ എത്തുകയും, ഇവ ശാസ്ത്രീയമായി വളരെ ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാൽ ദീർഘകാല പാർശ്വഫലങ്ങൾ, ചികിത്സയ്ക്ക് ശേഷമുള്ള ജീവിത നിലവാരം, സാധാരണയായി ഉപയോഗിക്കുന്ന മറ്റ് മരുന്നുകളുമായുള്ള പ്രതിപ്രവർത്തനം, സ്ത്രീകൾ അല്ലെങ്കിൽ പ്രായമായവർ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവ ഇവിടെ പരിഗണിക്കാത്തത് കൊണ്ട് തന്നെ ഡാറ്റയുടെയും, സ്റ്റാറ്റിസ്റ്റിക്കൽ പ്രാധാന്യത്തിന്റെയും, വിദഗ്ധ പരിശോധനയുടെയും പിൻബലം ഉണ്ടായിരിക്കുമ്പോഴും സമീപനത്തിലെ പ്രശ്നം ഇവിടെയും പ്രകടമാണ്. ഇവിടെ ഫലപ്രാപ്തിയെ കുറിച്ചുള്ള നിഗമനം തെറ്റാണെന്ന് പറയാനാവില്ല, എന്നാൽ പഠനത്തിനായി തിരഞ്ഞെടുത്ത വേരിയബിളുകളാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒന്നാണ്. ഇതൊരു സാങ്കൽപ്പിക ആശങ്കയല്ല. പതിറ്റാണ്ടുകളായി, പല ഹൃദ്രോഗ മരുന്ന് പരീക്ഷണങ്ങളും പ്രധാനമായും പുരുഷന്മാരിലാണ് നടത്തിയിരുന്നത്. കാരണം പുരുഷ ശരീരശാസ്ത്രത്തെയാണ് ‘സ്റ്റാൻഡേർഡ്’ മാതൃകയായി കണക്കാക്കിയിരുന്നത്. ഇതിന്റെ ഫലം, ശാസ്ത്രീയമായി കൃത്യതയുള്ളതാണെങ്കിലും പൊതുജനങ്ങളിൽ പ്രയോഗിക്കുമ്പോൾ പരാജയപ്പെടാനുള്ള സാധ്യത നിലനിർത്തുന്നുണ്ട്. ഈ പഠനരീതി അതിന്റെ നിശ്ചിത പരിധികൾക്കുള്ളിൽ ശരിയായിരുന്നു, പക്ഷേ ആ പരിധികൾ ആരുടെ ശരീരമാണ് സാധാരണമായി കണക്കാക്കേണ്ടതെന്ന സാമൂഹിക മുൻവിധികളെയാണ് പ്രതിഫലിപ്പിച്ചത്. സ്റ്റാറ്റിസ്റ്റിക്കൽ സിഗ്നിഫിക്കൻസ് (Statistical significance) പലപ്പോഴും ശാസ്ത്രീയ നിഷ്പക്ഷതയുടെ ഏറ്റവും ശുദ്ധമായ ആവിഷ്കാരമായാണ് കണക്കാക്കപ്പെടുന്നത്. അക്കങ്ങൾ വസ്തുനിഷ്ഠമായി തോന്നും. സമവാക്യങ്ങൾ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് മുക്തമാണെന്നും തോന്നും. എന്നാൽ സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ പോലും സാമൂഹികമായ തീരുമാനങ്ങളാൽ നിർമ്മിക്കപ്പെട്ടവയാണ് എന്നാണ് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നത്.
ശാസ്ത്രീയ രീതികൾ പലപ്പോഴും ലഘൂകരണത്തെ (Simplification) ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ചില പ്രത്യേക ഘടകങ്ങളെ വേർതിരിച്ചു പഠിക്കുന്നതിനായി ഗവേഷകർ ജനങ്ങളുടെ വൈവിധ്യത്തെ പരിമിതപ്പെടുത്തുകയും സങ്കീർണ്ണതകളെ അവഗണിക്കുകയും ചെയ്യുന്നുണ്ട്. പഠനരീതിയുടെ ഭാഗമെന്ന നിലയിൽ ഇത് അത്യാവശ്യമായി വന്നേക്കാം. എന്നാൽ ഇതിന് രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങളുണ്ട്. സ്ത്രീകൾ, ഗർഭിണികൾ, വയോധികർ, വംശീയ ന്യൂനപക്ഷങ്ങൾ എന്നിവർ പലപ്പോഴും ഇത്തരം ഗവേഷണങ്ങളിൽ അവഗണിക്കപ്പെടാറുണ്ട്. ഈ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് ഫലങ്ങൾ വിശകലനം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്ന തരത്തിലുള്ള വ്യതിയാനങ്ങൾ (Variability) ഉണ്ടാക്കുന്നു എന്ന രീതിശാസ്ത്ര ന്യായികരണങ്ങൾ പൊതുവെ നൽകാറുണ്ട്. വൈദ്യശാസ്ത്രപരമായ അറിവുകൾ സാമൂഹികമായി മുൻഗണന ലഭിക്കുന്ന ഒരു ചെറിയ വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നിർമ്മിക്കപ്പെടുന്നു എന്നതാണ് ഇവിടെ സംഭവിക്കുന്നത്. പിന്നീട് മരുന്നുകൾ ഒഴിവാക്കപ്പെട്ട ഈ വിഭാഗങ്ങളിൽ വ്യത്യസ്തമായ ഫലങ്ങൾ ഉണ്ടാക്കിയപ്പോൾ, അത് രീതിശാസ്ത്രപരമായ പക്ഷപാതമായി (Methodological bias) കാണുന്നതിന് പകരം ജൈവികമായ വ്യത്യാസങ്ങളായി (Biological difference) ചിത്രീകരിക്കപ്പെട്ടു. അത്തരം ഒഴിവാക്കലുകൾ ഒരു രാഷ്ട്രീയ തീരുമാനമെന്നതിലുപരി കേവലമൊരു സാങ്കേതിക അനിവാര്യതയായി മാത്രം കണക്കാക്കപ്പെട്ടു.
ഈ സന്ദർഭത്തിൽ, പഠനരീതി എന്നത് അറിവ് ഉൽപ്പാദിപ്പിക്കുക മാത്രമല്ല ചെയ്തത്. ചില പ്രത്യേക ശരീരങ്ങളെയും അനുഭവങ്ങളെയും കുറിച്ചുള്ള ആസൂത്രിതമായ അജ്ഞത (Systematic ignorance) കൂടിയാണ് നിർമ്മിക്കപ്പെട്ടത്.
സമവായങ്ങളുടെ (consensus) നിർമിതി
ലഭ്യമായ എല്ലാ തെളിവുകളും ശാസ്ത്രീയ രീതികളും വിശകലനം ചെയ്ത ശേഷം, ആ മേഖലയിലെ ഭൂരിഭാഗം വിദഗ്ധരും എത്തിച്ചേരുന്ന പൊതുവായ ധാരണ (consensus) ഒരു സമൂഹത്തിന്റെ മുന്നോട്ട് പോക്കിൽ നിർണായക സാന്നിധ്യമാണല്ലോ. പൊതുവെ രണ്ടുതരം സമീപനങ്ങളാണ് ഇവയോട് പുലർത്താറുള്ളത്. സമവായങ്ങൾ ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത സത്യമായി കണക്കാക്കേണ്ടതുണ്ട് (Consensus Fetishism) എന്നതാണ് ഒരു പക്ഷം. മറുഭാഗത്ത് എല്ലാത്തരം സമവായത്തിന് പിന്നിലും ഗൂഢാലോചന ഉണ്ടെന്നും അതിനാൽ സർവവും തള്ളികളയേണ്ടതാണ് എന്ന വാദവും. കേരളത്തിൽ അടക്കം പോളിയോ, വാക്സിൻ സംബന്ധമായ ദീർഘമായ സംവാദങ്ങളുടെ വേര് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
കൂട്ടായ ആലോചനയിലൂടെയാണ് സമവായങ്ങൾ രൂപപ്പെടുന്നത് എന്നത് കൊണ്ട് തന്നെ അതിനകത്ത് പല നിലക്കുള്ള അധികാര കേന്ദ്രങ്ങളുടെ ഇടപെടലിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. സമവായങ്ങൾ ശാസ്ത്ര ഗവേഷണങ്ങളിലെ അന്തിമ യുക്തിയല്ല. ശക്തമായ പുതിയ തെളിവുകളുടെ സാന്നിധ്യത്തിൽ സമവായങ്ങൾ തിരുത്തപ്പെടാം. എന്നാൽ അന്തിമ യുക്തിയായി അതിനെ പരിഗണിച്ച് തുടങ്ങുന്നിടത്ത് ശാസ്ത്രം അധികാരത്തിന്റെ ഉപകരണമായി മാറുന്നു. വിയോജിക്കാനും പുതിയ ഗവേഷണങ്ങളിലേക്ക് പ്രവേശിക്കാനുമുള്ള സാധ്യത നിഷേധിക്കപ്പെടുന്നു. അന്തിമ യുക്തി ഒരു ലക്ഷ്യസ്ഥാനമാണ്, എന്നാൽ ശാസ്ത്രീയ സമവായം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ നിലവിലെ ഏറ്റവും മികച്ച നിഗമനമങ്ങൾ എന്ന നിലക്കാണ് മനസിലാക്കപ്പെടേണ്ടത്. തെളിവുകളുടെ സാന്നിധ്യത്തിൽ ഉൾകൊള്ളാനും, പുതിയ ചോദ്യങ്ങൾ ഉണ്ടാവുമ്പോൾ അവയെ പരീക്ഷിക്കാനും, പുതിയ തെളിവുകൾ രൂപപെടുമ്പോൾ പഠനങ്ങളെ പരിഷ്ക്കരിക്കാനും സാധിക്കുമ്പോഴാണ് സമവായങ്ങൾക്ക് അതിന്റെ യഥാർത്ഥ അർത്ഥതലങ്ങൾ കൈവരുന്നത്.
ഇതിന്റെ തുടർച്ചയിൽ മനസിലാക്കേണ്ട മറ്റൊരു സംഗതിയാണ് ശാസ്ത്ര പഠനങ്ങളിൽ ഡാറ്റക്കുള്ള പങ്ക്. ശാസ്ത്രീയ സംവാദങ്ങളിൽ നിലനിൽക്കുന്ന ഏറ്റവും ശക്തമായ മിഥ്യകളിലൊന്നാണ് ഡാറ്റ അത്യന്തിക സത്യമാണ് എന്നത്. അസംസ്കൃതമായ ഡാറ്റയെ ഒരു നിഷ്പക്ഷ തെളിവായിട്ടാണ് ഇവിടെ കാണുന്നത്. യഥാർത്ഥത്തിൽ, ഡാറ്റ എന്നത് നിർമ്മിക്കപ്പെടുന്നതും, ഒഴിവാക്കപ്പെടുന്നതും, തരംതിരിക്കപ്പെടുന്നതും, വിവിധ മാതൃകകളായി മാറ്റപ്പെടുന്നതുമാണ്. ഈ ഓരോ ഘട്ടത്തിലും ഓരോ നിഗമനങ്ങളോ തീരുമാനങ്ങളോ (judgement) അതിനകത്ത് അടങ്ങിയിട്ടുണ്ട്. എന്ത് അളക്കണം, എങ്ങനെ അളക്കണം, ഫലങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണം തുടങ്ങിയ കാര്യങ്ങളിലെ തീരുമാനങ്ങളെല്ലാം സിദ്ധാന്തങ്ങളും, പശ്ചാത്തലവും, ഉദ്ദേശ്യലക്ഷ്യങ്ങളും കൊണ്ട് സ്വാധീനിക്കപ്പെടുന്നവയാണ്.
ഉദാഹരണത്തിന്, ‘സ്റ്റാറ്റിസ്റ്റിക്കൽ സിഗ്നിഫിക്കൻസ്’ (Statistical significance) എന്നത് പ്രകൃതിയുടെ സ്വതസിദ്ധമായ ഒരു ഗുണമല്ല. നിങ്ങൾ ഒരു പഠനം നടത്തുകയും ഒരു വൈറ്റമിൻ മനുഷ്യരുടെ ഉയരം 2% വർദ്ധിപ്പിക്കുന്നു എന്ന് കണ്ടെത്തുകയും ചെയ്താൽ, ആ 2% എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ശാസ്ത്രീയ ലോകത്ത് ഈ മരുന്ന് അംഗീകരിക്കപ്പെടണമെങ്കിൽ അത് ‘സിഗ്നിഫിക്കന്റ്’ (Significant) ആണെന്ന് തെളിയിക്കണം. ഇവിടെയാണ് മനുഷ്യന്റെ ഇടപെടൽ വരുന്നത്. 5 സെന്റിമീറ്ററിൽ കൂടുതൽ മാറ്റം ഉണ്ടെങ്കിൽ മാത്രമേ ഇതിനെ ഗൗരവമായി കാണേണ്ടതുള്ളൂ എന്നാണ് തീരുമാനിക്കുന്നതെങ്കിൽ, പ്രത്യക്ഷത്തിൽ മാറ്റം പ്രകടമാണെങ്കിലും അവ അവഗണിക്കപെടും. അഥവാ പരീക്ഷണങ്ങളുടെ ഫലത്തിന് മുകളിൽ മനുഷ്യരുടെ കൈകടത്തൽ കൂടി ഉണ്ടായതിന് ശേഷമാണ് ഏതൊരു പരീക്ഷണവും അവതരിപ്പിക്കപ്പെടുന്നത്. ഇവിടെ ഡാറ്റ എന്നത് സ്വയമേവ ഒന്നും വെളിപ്പെടുത്തുന്നില്ലെന്നും മനുഷ്യരുടെ യുക്തിയാണ് അന്ത്യന്തികമായി ആധിപത്യം പുലർത്തുന്നത് എന്ന് വ്യക്തമാകുന്നു.
സമാനമായി, വലിയ ഡാറ്റാശേഖരങ്ങൾ പലപ്പോഴും കാര്യങ്ങൾ വെളിപ്പെടുത്തുന്നതിനേക്കാൾ കൂടുതൽ ഒളിപ്പിച്ചുവെക്കാറുണ്ട്. കൂടുതൽ വിശദീകരണങ്ങൾ ഇല്ലാതെ വ്യക്തമാവുന്ന ഒരു ഉദാഹരമാണ് പ്രതിശീർഷ വരുമാനത്തിന്റെ രീതിശാസ്ത്രം. അതൊരു സമൂഹത്തിന്റെ ശരിയായ വിവരണം നൽകുന്നില്ലെന്ന്, ഡാറ്റയുടെ പിൻബലം ഉണ്ടായിരിക്കെ തന്നെ വ്യക്തമാണ്. അതിനാൽ തന്നെ ഒരു ഡാറ്റയെ വിശകലനം ചെയ്യുമ്പോൾ, എന്തൊക്കെയാണ് ഒഴിവാക്കപ്പെട്ടത്, ഈ മാതൃകയ്ക്ക് ആധാരമായ അനുമാനങ്ങൾ എന്തൊക്കെയാണ്, ഇത് കൊണ്ട് ആർക്കാണ് ഗുണം ലഭിക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കൂടി ഗവേഷണത്തിന്റെ ഉള്ളടക്കങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചോദ്യങ്ങളില്ലാതെ, ഡാറ്റ എന്നത് കാര്യങ്ങൾ മനസ്സിലാക്കാനുള്ള മാർഗ്ഗമാകുന്നതിന് പകരം അധികാരപ്രയോഗത്തിനുള്ള ആയുധമായി മാറും.
ശാസ്ത്രം, അധികാരം, ഭരണകൂടം

ശാസ്ത്രം എല്ലായ്പ്പോഴും അധികാരവുമായി കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. ഇത് കേവല യാദൃശ്ചികതയല്ല. മറിച്ച്, ആധുനിക സമൂഹങ്ങളുടെ ഒരു ഘടനാപരമായ യാഥാർത്ഥ്യമാണ്. ജനസംഖ്യയെ ഭരിക്കാൻ ആവശ്യമായ വിഭാഗങ്ങൾ, മാനദണ്ഡങ്ങൾ (Norms), നിലവാരങ്ങൾ (Standards) എന്നിവ അത് നിർമ്മിച്ചെടുക്കുന്നു. മിഷേൽ ഫൂക്കോയുടെ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. ശാസ്ത്രത്തെ കേവലം നിഷ്പക്ഷമായ വസ്തുതകളുടെ ശേഖരമായല്ല ഫൂക്കോ കണ്ടത്. പകരം, അധികാര വ്യവസ്ഥകൾക്കുള്ളിൽ നിന്ന് എങ്ങനെയാണ് അറിവിന്റെ രൂപങ്ങൾ ഉദയം ചെയ്യുന്നതെന്നും, ആ അറിവ് തിരിച്ച് ആ വ്യവസ്ഥകളെ നിലനിർത്താൻ എങ്ങനെ സഹായിക്കുന്നുവെന്നും അദ്ദേഹം പരിശോധിക്കുന്നുണ്ട്. അറിവും അധികാരവും വെവ്വേറെ മണ്ഡലങ്ങളല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന നിരീക്ഷണം. അറിവിനെ അധികാരത്തോട് ചേർത്ത് മനസിലാക്കുക എന്ന രീതി ഫൂക്കോയുടെ ചിന്തകളുടെ അടിത്തറയാണ്. ഇവിടെ ശാസ്ത്രത്തെ അധികാരം ഉപയോഗിക്കുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, അധികാരം പ്രവർത്തിക്കുന്ന രീതികളിൽ ഒന്നുതന്നെയാണ് ശാസ്ത്രം.
അധികാരം പ്രവർത്തിക്കുന്ന രീതിയിൽ വന്ന ചരിത്രപരമായ മാറ്റത്തെ ഫൂക്കോ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ആധുനികതയ്ക്ക് മുൻപുള്ള സമൂഹങ്ങളിൽ അധികാരം പ്രധാനമായും ‘പരമാധികാരം’ (Sovereign power) ആയിരുന്നു. ജീവനെടുക്കാനോ ജീവിക്കാൻ അനുവദിക്കാനോ അവകാശമുള്ള ഭരണാധികാരികളാണ് അത് പ്രയോഗിച്ചിരുന്നത്. എന്നാൽ ആധുനിക സമൂഹങ്ങൾ ‘ബയോപവർ’ (Biopower) എന്ന് ഫൂക്കോ വിളിക്കുന്ന വ്യത്യസ്തമായ ഒരു അധികാരരൂപം വികസിപ്പിച്ചെടുത്തു. ശിക്ഷിക്കുന്നതിലോ കൊല്ലുന്നതിലേക്കോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ആധുനിക ഭരണകൂടങ്ങൾ ജീവിതത്തെത്തന്നെ നിയന്ത്രിക്കാൻ തുടങ്ങി. അധികാരത്തിന്റെ ഈ പുതിയ രൂപത്തിന് ‘അറിവ്’ ആവശ്യമായിരുന്നു. ഇതിനായി സ്ഥിതിവിവരക്കണക്കുകൾ (Statistics), ജനസംഖ്യാശാസ്ത്രം (Demography), വൈദ്യശാസ്ത്രം, മനോരോഗചികിത്സ, പൊതുജനാരോഗ്യം എന്നിവ ആവശ്യമായി വന്നു. ജനതയെ മനസ്സിലാക്കാനും നിയന്ത്രിക്കാനുമുള്ള അവശ്യ ഉപകരണങ്ങളായി ശാസ്ത്രശാഖകൾ മാറി.
അഥവാ ആധുനിക ശാസ്ത്രം ഭരണകൂടത്തോടൊപ്പം വെറുതെ വളർന്നു വന്നതല്ല. മറിച്ച് ജനതയെ നിരീക്ഷിക്കാനും വർഗ്ഗീകരിക്കാനും നിയന്ത്രിക്കാനുമുള്ള പ്രധാന ആയുധമായി ശാസ്ത്രീയ അറിവ് മാറുകയായിരുന്നു. ആധുനിക ജ്ഞാനശാസ്ത്രത്തിനകത്തെ കൊളോണിയൽ ജ്ഞാന മാതൃകയുടെ തുടർച്ചയിൽ തന്നെയാണ് ആധുനിക ശാസ്ത്രത്തെയും മനസിലാക്കേണ്ടത് എന്ന ബോധ്യമാണ് ഫൂക്കോ നൽകുന്നത്.
ജനസംഖ്യ എന്ന സങ്കല്പം തന്നെ ഒരു ആധുനിക കണ്ടുപിടുത്തമാണെന്ന് ഫൂക്കോ വാദിക്കുന്നു. പഴയകാല അധികാരം പ്രജകളിലും പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ആധുനിക ഭരണം ശ്രദ്ധിക്കുന്നത് ഡാറ്റകളിലാണ്. ജനന-മരണ നിരക്കുകൾ, രോഗവ്യാപന നിരക്ക്, ഉൽപ്പാദനക്ഷമത, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയെ സംബന്ധിച്ച വിവിധ ഡാറ്റ സ്വാഭാവികമായി നിലനിൽക്കുന്നതല്ല. സ്ഥിതിവിവരക്കണക്കുകളിലൂടെയും ശാസ്ത്രീയ പ്രയോഗങ്ങളിലൂടെയും അവ നിർമ്മിക്കപ്പെടുന്നതാണ്. ജനസംഖ്യ അളക്കാൻ കഴിയുന്ന ഒന്നായി മാറുന്നതോടെ അത് ഭരിക്കാൻ എളുപ്പമുള്ള ഒന്നായി മാറുന്നു. ഉദാഹരണത്തിന്, എപ്പിഡെമിയോളജി കേവലം രോഗത്തെ പിന്തുടരുകയല്ല ചെയ്യുന്നത്, അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ ദുർബല വിഭാഗങ്ങൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളെ നിർമിക്കുകയാണ്. ഈ വർഗ്ഗീകരണങ്ങളാണ് ആർക്ക് വിഭവങ്ങൾ നൽകണം, ആരെ നിരീക്ഷിക്കണം എന്ന് തീരുമാനിക്കുന്നത്.
വ്യക്തിഗത ശരീരങ്ങളിൽ അധികാരം പ്രവർത്തിക്കുന്ന രീതിയെ ഫൂക്കോ ‘അച്ചടക്ക അധികാരം’ (Disciplinary power) എന്ന് വിളിക്കുന്നുണ്ട്. വിദ്യാലയങ്ങൾ, ജയിലുകൾ, ആശുപത്രികൾ
തുടങ്ങിയവയിലൂടെ പരിശീലനം, നിരീക്ഷണം, സാധാരണവൽക്കരണം, തിരുത്തൽ എന്നിവക്കായി മനഃശാസ്ത്രം, അധ്യാപനശാസ്ത്രം, കുറ്റകൃത്യശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ ചട്ടക്കൂടുകൾ ഉപയോഗിക്കപ്പെടുന്നു. മനോരോഗചികിത്സ ‘സാധാരണ’ പെരുമാറ്റത്തെയും ‘അസ്വാഭാവികത’യെയും നിർവചിക്കുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രം വികസന മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നു. ക്രിമിനോളജി കുറ്റവാസനകളെ തിരിച്ചറിയുന്നു. ഈ ശാസ്ത്രങ്ങൾ മനുഷ്യരെ വിവരിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ‘ആരോഗ്യമുള്ളവൻ’, ‘ബുദ്ധിഭ്രമമുള്ളവൻ’, ‘അപകടകാരി’ എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ്. ഈ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സ്ഥാപനങ്ങൾ മനുഷ്യശരീരങ്ങളെ മെരുക്കുകയും പെരുമാറ്റങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ആരുടെ ജീവിതമാണ് സംരക്ഷിക്കപ്പെടുന്നത്, ആരുടെ ജീവിതമാണ് അപകടത്തിലേക്ക് തുറന്നുവിടപ്പെടുന്നത് എന്ന ചോദ്യത്തിലൂടെ ശാസ്ത്രം അധികാരത്തിന് പുറത്താണ് നിലനിൽക്കുന്നത് എന്ന മിഥ്യാധാരണയെയാണ് ഫൂക്കോ പ്രധാനമായും പൊളിക്കുന്നത്. ബയോപൊളിറ്റിക്കൽ ഭരണക്രമം എല്ലാ ജീവിതങ്ങളെയും ഒരുപോലെയല്ല കാണുന്നത്. ശാസ്ത്രം കണക്കുകൾ നൽകുക മാത്രമാണ് ചെയ്യുന്നത്. പക്ഷേ ആരുടെ ജീവിതത്തിനാണ് വില കൂടുതൽ എന്നത് രാഷ്ട്രീയ തീരുമാനമാണ്.
ശാസ്ത്രത്തെ നന്നായി വായിക്കുക എന്നതിനർത്ഥം അന്ധമായി കീഴ്പ്പെടുക എന്നല്ല, യാന്ത്രികമായി തള്ളിക്കളയുക എന്നുമല്ല. മറിച്ച് വിമർശനാത്മകമായും ചരിത്രപരമായും രാഷ്ട്രീയമായും അതിൽ ഇടപെടുക എന്നതാണ്. ആപേക്ഷികതാവാദത്തിലേക്ക് വീണുപോകാതെ തന്നെ ശാസ്ത്രത്തിന്റെ താൽക്കാലിക സ്വഭാവത്തെ തിരിച്ചറിയാൻ കഴിയുക എന്നത് പ്രധാനമാണ്. ശാസ്ത്രീയ പഠനങ്ങളെ നിഷേധിക്കാതെ തന്നെ അവയിലെ അധികാരത്തിന്റെ ഇടപെടലുകളെ തിരിച്ചറിയാനും സാധിക്കേണ്ടതുണ്ട്. ഇത്തരമൊരു വായന ഏറെ അധ്വാനമേറിയതാണ്. അതിന് ബൗദ്ധികമായ സത്യസന്ധതയും രാഷ്ട്രീയമായ ബോധ്യങ്ങളും ആവശ്യമാണ്. ശാസ്ത്രം അടിച്ചമർത്തലിനുള്ള ഉപാധിയാകുന്നതിന് പകരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഉപകരണമായി നിലനിൽക്കണമെങ്കിൽ ഇത്തരം ഇടപെടലുകൾ അനിവാര്യമാണ്. യഥാർത്ഥ ശാസ്ത്രീയ ബോധം ഈ രണ്ട് അതിരുകൾക്കും ഇടയിലാണ് നിലനിൽക്കുന്നത്. അത് ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ (Methodology) വിശ്വസിക്കുമ്പോഴും, ആ അറിവ് പ്രയോഗിക്കുന്ന മനുഷ്യരെയും സ്ഥാപനങ്ങളെയും സംശയത്തോടെ വീക്ഷിക്കുന്നു. ശാസ്ത്രീയമായ കണ്ടെത്തലുകളെ അതിന്റെ സാമൂഹിക പശ്ചാത്തലത്തിൽ വായിക്കാനും, അവ എങ്ങനെയാണ് ഭരണകൂടങ്ങൾ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയാനും നമുക്ക് കഴിയണം.
ശാസ്ത്രത്തെ മുൻനിർത്തിയുള്ള വാദങ്ങൾ നമ്മുടെ ജീവിതത്തിലെ അതിനിർണ്ണായകമായ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാലാവസ്ഥാ നയങ്ങൾ, പൊതുജനാരോഗ്യം, നിരീക്ഷണം (surveillance), യുദ്ധം എന്നിവയെല്ലാം ശാസ്ത്രീയ വൈദഗ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, നാം ശാസ്ത്രത്തെ എങ്ങനെ വായിക്കുന്നു എന്നത് കേവലമൊരു വൈജ്ഞാനിക വിഷയമല്ല അതൊരു രാഷ്ട്രീയ പ്രശ്നമാണ്.
ശാസ്ത്രത്തെ എങ്ങനെ വായിക്കരുത് എന്ന് മനസ്സിലാക്കുന്നത് കൂടുതൽ സത്യസന്ധവും ജനാധിപത്യപരവും ഉത്തരവാദിത്തമുള്ളതുമായ ഒരു വിജ്ഞാന വ്യവസ്ഥയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. ശാസ്ത്രത്തെ ആരാധിക്കാതെ തന്നെ അതിനെ സംരക്ഷിക്കാനും, നശിപ്പിക്കാതെ തന്നെ അതിനെ വിമർശിക്കാനും, ശാസ്ത്രം നിഷ്കളങ്കമാണെന്ന് നടിക്കാതെ തന്നെ അതിനെ ഉപയോഗിക്കാനുമുള്ള ശേഷി കൈവരിക്കലാണ് പ്രധാനം.








