Campus Alive

നവഫാഷിസ കാലത്തെ വിദ്യാർത്ഥി രാഷ്ട്രീയവും അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി രോഷവും 

ഇന്ത്യയിലെ പ്രധാനപ്പെട്ട കേന്ദ്ര സർവകലാശാലകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ബാംഗ്ലൂർ റൂറലിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സർവകലാശാലയാണ് അസിം പ്രേംജി യൂണിവേഴ്സിറ്റി. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, എല്ലാ മേഖലകളിലും തുല്യത തുടങ്ങിയവ യൂണിവേഴ്സിയുടെ പ്രധാന സവിശേഷതകളിൽ പെട്ടതാണ്. 

എന്നാൽ വിദ്യാർഥികൾക്ക് നിർമാണാത്മക വിമർശനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ഠിക്കുന്നത്തിൽ യൂണിവേഴ്റ്റി പരാജയപെടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി അവിടെ കണ്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ വിദ്യാർത്ഥികൾ നടത്തിയ, 1991-ൽ ഇന്ത്യൻ സൈന്യം കാശ്മീരിലെ കൂനൻ പോഷ്പോറയിൽ നടത്തിയ കൂട്ട ബലാത്സംഘത്തെ ഓർമ്മിക്കുന്ന, ചർച്ച സംഗമം വിവാദമാകുകയുണ്ടായി. ചർച്ച സംഗമം നടക്കുന്ന അതേ ദിവസം എ.ബി.വി.പിയുടെ പുറത്തു നിന്നുള്ള സംഘം ക്യാമ്പസിലേക്ക് അതിക്രമിച്ചു കയറുകയും, വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തു. സംഘപരിവാർ മുൻകൂട്ടി തയ്യാറാക്കിയ ഈ പദ്ധതിയെ ചെറുക്കുന്നതിൽ യൂണിവേഴ്‌സിറ്റി അധികൃതർ പരാജയപെട്ടു എന്ന് മാത്രമല്ല, ചർച്ച സംഘടിപ്പിച്ച Spark റീഡിങ് സർക്കിളിനിതിരെ FIR ചുമത്തുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ അടിസ്ഥാന അനീതിക്കെതിരെ ക്രിയാത്മകമായി ഇടപെട്ട ചരിത്രമാണ് സപാർക്കിനുള്ളത്. ഗസ്സയിലെ വംശഹത്യയിൽ യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥരയായ Wipro-യുടെ പങ്ക് തുറന്നു കാട്ടിക്കൊണ്ട് അവർ വിമർശിക്കുകയും പ്രധിഷേധിക്കുകയും ചെയ്തത് അതിനുദാഹരണമാണ്. 

യൂണിവേഴ്സിറ്റിയിലെ വിദ്യർത്ഥികളുടെ ശബ്ദമാകേണ്ട വിദ്യാർത്ഥി യൂണിയൻ എന്ന ഒരു പൂർണ സംവിധാനത്തിന് പകരം വ്യത്യസ്ത കമ്മിറ്റികളുടെ നേതൃത്വത്തിലുളള ഒരു സംവിധാനമാണ് നിലവിലുള്ളത്. യൂണിവേഴ്സിറ്റി നിശ്ചയിച്ച തീരുമാനങ്ങൾ നടപ്പിലാക്കാൻ മാത്രമാണ് പലപ്പോഴും ഈ സംവിധാനത്തിനു കഴിയാറുള്ളത്. അതിനാൽ തന്നെ Spark-നെ പോലുള്ള സ്വതന്ത്ര സംഘത്തിന് വിദ്യാർത്ഥികൾക്കിടയിൽ പിന്തുണയേറെയാണ്. സ്കോളർഷിപ്പ് പുനഃപരിശോധനയ്ക്ക് വേണ്ടി മൂന്നാംകിട കമ്പനികളെ ആശ്രയിക്കുന്ന നടപടിയെ വിദ്യാർത്ഥികൾ ശക്തമായി എതിർത്തിരുന്നു. ഹോസ്റ്റലിൽ കഴിയുന്ന ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഫുഡ് സബ്സ്ക്രിപ്ഷൻ നിർബന്ധമാക്കിയതടക്കമുള്ള വളരെ ബാലിശമായ നടപടികളും യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഇത്തരം വിദ്യാർത്ഥി വിരുദ്ധമായ കാര്യങ്ങൾക്കെതിരെ ശബ്‌ദിക്കുന്ന വിദ്യാർത്ഥികളെ ഉന്നമിട്ട് അവരുടെ സ്കോളർഷിപ്പടക്കം റദ്ദ് ചെയ്യുന്ന രീതിയിലാണ് സ്കോളർഷിപ്പ് ഉടമ്പടി പോലും യൂണിവേഴ്സിറ്റി ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിദ്യാർത്ഥികളെ പ്രതിനിധീകരിക്കുന്ന സ്റ്റുഡന്റസ് കൗൺസിലിന് കാര്യമായ ഒരു സംഭാവനയും ചെയ്യാൻ സാധിക്കാത്ത വിധത്തിലാണ് അതിന്റെ ഘടന പോലും അവർ സംവിധാനിച്ചിട്ടുള്ളത്.

യൂണിവേഴ്സിറ്റിയിൽ അതിക്രമിച്ച് കയറി അക്രമം നടത്തുന്ന എ.ബി.വി.പി പ്രവർത്തകർ

ഇപ്പോൾ നടക്കുന്ന ഈ വിവാദങ്ങളും യൂണിവേഴ്സിറ്റിയുടെ മുൻ നിലപാടുകളും കൂടി ചേർത്ത് വായിക്കുമ്പോൾ മാത്രമാണ് യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാട് വ്യക്തമാവുക. ചർച്ച സംഗമം നടക്കുന്ന ദിവസം യൂണിവേഴ്സിറ്റിയിൽ അതിക്രമിച്ചു കയറിയ എ.ബി.വി.പി സംഘത്തിന് നേരെ ശക്തമായ നടപടിയെടുക്കുകയും, അവർ വിദ്യാർത്ഥികൾക്കെതിരെ ചാർത്താൻ ശ്രമിച്ച ദേശ വിരുദ്ധ, വിഘടനവാദ ചാപ്പകൾക്കെതിരെ ശബ്‌ദിക്കുകയുമാണ് യൂണിവേഴ്സിറ്റി ചെയ്യേണ്ടിയിരുന്നത്. എന്നാൽ കിട്ടിയ അവസരത്തിൽ യൂണിവേഴ്സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ സമീപനത്തെ എതിർക്കുന്ന സ്പാർക്കിനെ പോലുള്ള വിദ്യാർത്ഥി കൂട്ടായ്മയെ ഇല്ലായ്മ ചെയ്യാനാണ് യൂണിവേഴ്സിറ്റി അഡ്മിൻ ശ്രമിച്ചത്. Reading circle നെതിരെ സെക്ഷൻ 299 (a non-bailable provision concerning outraging religious feelings, along with sections of the IT Act) അടക്കമുള്ള ഗുരുതര വകുപ്പുകൾ അവർ ചുമത്തി. അങ്ങനെ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ തന്നെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിദ്യാർത്ഥി പ്രതിഷേധത്തിനു വിദ്യാർത്ഥികൾ നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നും നിരുത്തരവാദിത്തപരമായി ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രജിസ്‌ട്രാറുമായി സംവദിച്ചു. പക്ഷെ ഇതിനെയെല്ലാം നിരുത്തരവാദിത്തപരമായ ന്യായീകരണത്തിലൂടെ മറിക്കടക്കാനാണ് അവർ ശ്രമിച്ചത്. കാമ്പസിൽ രാഷ്രീയ പ്രവർത്തനം വിലക്കിയിട്ടുള്ളതാണ് എന്നതായിരുന്നു യൂണിവേഴ്സിറ്റിയുടെ അടിസ്ഥാന വാദം. ഇതിലൂടെ വിദ്യാർത്ഥികളുടെ democratic space- ന്റെ അടിസ്ഥാന സ്വാതത്ര്യത്തെ നിരാകരിക്കുകയാണ് അഡ്മിനിസ്ട്രേഷൻ ചെയ്തുകൊണ്ടിരിക്കുന്നത്. 

ഇന്ത്യയിലെ പ്രധാന കേന്ദ്ര സർവകലാശാലകൾ സംഘപരിവാർ അജണ്ടകൾക്ക് വിളനിലമാകുമ്പോൾ അതിനെതിരെ ശക്തമായി നിലനിൽക്കേണ്ട ഉത്തരവാദിത്വം ഇന്ത്യയിലെ പ്രധാന സ്വകാര്യ സർവകലാശാലകൾക്കുണ്ട്. ഓപ്പറേഷൻ സിന്ധൂറിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചോദ്യം ഉന്നയിച്ച അശോക യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ അലി ഖാൻ മഹ്മുദാബാദ്, ഓപ്പറേഷനിൽ ഭാഗവാക്കായ കേണൽ സോഫിയ ഖുറേഷിയെ അഭിനന്ദിക്കുന്നതോടൊപ്പം ഇന്ത്യയിൽ ആക്രമണത്തിന് വിധേയമാകുന്ന ആളുകളെക്കുറിച്ചും ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തെയും മതസ്പർദ്ധ വളർത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ജയിലിലടച്ചു വേട്ടയാടി. അതിനെതിരെ പ്രതികരിക്കാൻ അശോക യൂണിവേഴ്സിറ്റി തയ്യാറായില്ലെന്ന് മാത്രമല്ല അത് അദ്ദേഹത്തിന്റെ സ്വകാര്യ അഭിപ്രായമെന്ന നിലയിൽ കയ്യൊഴിക്കുകയായിരുന്നു. സർവകലാശാലകൾ ആക്ടിവിസത്തിനുള്ള ഇടങ്ങളല്ല എന്ന രീതിയിലുള്ള നിലപാടുകളും യൂണിവേഴ്സിറ്റി അധികൃതർ എടുക്കുകയുണ്ടായി. സമാനമായ കാഴ്ചകളാണ് അസിം പ്രേംജി യൂണിവേഴ്സിറ്റിയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെ സംഘപരിവാർ അജണ്ടകളോട് വിയോജിപ്പ് പ്രകടിപ്പിക്കാൻ പോലുമാവാത്ത രീതിയിൽ ഭയപ്പാടിന്റെയും കയ്യൊഴിയലിന്റെയും നിലപാടുകളാണ് ഇന്ത്യയിലെ ലിബറൽ ക്യാമ്പസുകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

സാമൂഹിക മാറ്റം, സംസ്കാരിക ഉന്നമനം, തുല്യത എന്നിവയ്ക്കു മുൻതൂക്കം നൽകി സ്ഥാപിതമായ അസിം പ്രേംജി സർവ്വകലാശാല അതിനുതകുന്ന വിദ്യാർത്ഥികളെ സമൂഹത്തിലേക്കു എത്തിക്കുക എന്ന മഹാ ദൗത്യം നിർവഹിക്കുന്നുണ്ട്. പക്ഷെ ക്രിയാത്മകമായ വിദ്യാർത്ഥി വിമർശനത്തിനും ജനാധിപത്യ രീതിയിലുള്ള   സംവാദത്തിനും ഇടം നൽകാതെയാണ് ഈ സാമൂഹിക മാറ്റവും സാംസ്കാരിക ഉന്നതിയും അവർ സ്വപ്നം കാണുന്നത്. വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ഇടയിൽ യൂണിവേഴ്സിറ്റിയുടെ ഇത്തരത്തിലുള്ള നിലപാടുകൾ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. 

അശോക യൂണിവേഴ്സിറ്റിയിലെ ഓപ്പറേഷൻ സിന്ദൂർ പ്രശ്നത്തിലെ ഉള്ളടക്കം ഇസ്ലാമോഫോബിയ ആണെന്നത് വ്യക്തമാണ്. ഇത്തരത്തിൽ ഇസ്ലാമോഫോബിയ തുടങ്ങിയവ ഉള്ളടക്കമായി വരുന്ന കാര്യങ്ങൾ ചർച്ചക്ക് വരേണ്ട വിഷയങ്ങളല്ല എന്നും, അവ പൊതുബോധം ഒരിക്കലും ചർച്ച ചെയ്യുകയുമരുത് എന്നുമുള്ള സംഘപരിവാറിന്റെ ഗൂഢ ലക്ഷ്യം ഇതിനു പിന്നിൽ ശക്തമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇതിനു കുട പിടിക്കുകയാണ് സ്വകാര്യ സർവകലാശാലകളെന്നും ഇതിൽ നിന്നും മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ സ്വതന്ത്ര ചിന്തയും ജനാധിപത്യ ബോധവുമുള്ള വിദ്യാർത്ഥി സമൂഹം ചരിത്രത്തെ വിസ്മരിക്കാൻ ഒരിക്കലും തയ്യാറാവുകയില്ല എന്നതിനുള്ള സൂചനയാണ് അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന വിദ്യാർഥി പ്രക്ഷോഭം.

അസിം പ്രേംജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ് ലേഖകൻ