Campus Alive

മൗലാനാ തൗഖീര്‍ റസാഖാനും ഐ ലവ് മുഹമ്മദ് വിവാദവും

ഇൻറര്‍നെറ്റില്‍ ആ ദിവസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ട്രെൻഡിംഗ് ആയി കൊണ്ടിരുന്ന വാചകമായിരുന്നു ‘ഐ ലവ് മുഹമ്മദ്’. അതാണ് കാണ്‍പൂരിലെ മുസ്‌ലിംകള്‍ അവരുടെ ഏതോ മൊഹല്ലയുടെ മുമ്പില്‍ എഴുതി വെച്ചത്. അത് വായിച്ച് പ്രദേശത്തെ ഹിന്ദുത്വ സംഘടനകള്‍ക്ക് വികാരം വ്രണപ്പെടുകയും അവര്‍ പോലീസ് സ്‌റ്റേഷനിലെത്തി മുസ്‌ലിംകള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു.  ഈ പോസ്റ്റര്‍ കാണ്‍പൂരില്‍ വര്‍ഗീയ ലഹളക്ക് വഴിയൊരുക്കുമെന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍. തലക്ക് വെളിവുള്ള ഏതെങ്കിലുമൊരു മുഖ്യമന്ത്രി ഭരിക്കുന്നിടത്ത് ഇങ്ങനെയൊരു കേസ് പോലീസ് സ്‌റ്റേഷന്റെ ഗേറ്റിനകത്തേക്ക് പോലും കടക്കുമായിരുന്നില്ല. മുസ്‌ലിംകള്‍ അവരുടെ പ്രവാചകനെ ഇഷ്‌പ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെ. അതെങ്ങനെയാണ് മറ്റുള്ളവര്‍ക്ക് പ്രകോപനമുണ്ടാക്കുന്നതും രാജ്യദ്രോഹമാകുന്നതും? കാണ്‍പൂരിലെ  സയ്യിദ് നഗര്‍ മൊഹല്ലയില്‍ ജാഫര്‍വാലി ഗലിക്കു മുമ്പിലാണ് ഇങ്ങനെയൊരു ബാനര്‍ പ്രത്യക്ഷപ്പെട്ടത്. ആ വഴിയിലൂടെ ഹിന്ദുക്കളുടെ രാംനവമി ഘോഷയാത്ര പോകാറുണ്ടെന്നും നബിദിന ആഘോഷവേളയില്‍ ഇങ്ങനെയൊരു പോസ്റ്റര്‍ പതിക്കുന്ന പതിവ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും കുറ്റപ്പെടുത്തിയാണ് ഹിന്ദുത്വ സംഘടനകള്‍ പരാതി നല്‍കിയത്. മുസ്‌ലിം ഗലികളിലൂടെ തന്നെ രാംനവമി ഘോഷയാത്ര നടത്തണമെന്ന അവരുടെ ആവശ്യത്തേക്കാളേറെ സാമുദായിക ലഹളയുണ്ടാവാന്‍ കാരണമാകുന്നത് ജാഥയില്‍ പങ്കെടുക്കുന്ന ‘ഭക്തജന’ങ്ങള്‍ വായിക്കാനിടയുള്ള ആ ഇംഗ്ലീഷ് പോസ്റ്റര്‍ ആണെന്ന് പോലിസിന് വളരെ പെട്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു! അതുവഴിയെ പോകുന്ന സകല അന്യമതസ്ഥരും പ്രവാചകന്‍ മുഹമ്മദിനെ ഇഷ്ടപ്പെട്ടു കൊള്ളണം എന്നാണ് ആ പോസ്റ്റില്‍ എഴുതിവെച്ചതെങ്കില്‍ ‘വസുധൈവ കുടുംബക’ സിദ്ധാന്തക്കാര്‍ക്ക് ഉണ്ടാവാനിടയുള്ള ബുദ്ധിമുട്ട് മനസ്സിലാക്കാനാവും. എന്നാൽ, ഇപ്പോഴത്തെ പോസ്റ്ററിലെ വാക്കുകളോ അതെഴുതിയ സ്ഥലമോ സമയമോ ഏതടിസ്ഥാനത്തിലായിരുന്നു കുറ്റകൃത്യമായി മാറിയത്?

ചിലര്‍ക്കെതിരെ പോലീസ് കേസെടുത്തതോ പ്രതിഷേധിച്ചവരുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ കയറ്റിയതോ ഒന്നുമല്ല ഈ കേസിലെ ഏറ്റവും ആശങ്കയുളവാക്കുന്ന വശം. മുസ്‌ലിംകള്‍ സ്വന്തം മതവിശ്വാസം പ്രഖ്യാപിക്കുന്നത് തന്നെ കുറ്റകൃത്യമാണെന്ന കാണ്‍പൂര്‍ പോലിസിന്റെ ആ തിരിച്ചറിവാണ് ഇന്ത്യയെ ഭയപ്പെടുത്തേണ്ടത്. മതംമാറ്റം ഇതിനകം ക്രിമിനല്‍ കുറ്റമായി മാറ്റിയെടുത്ത ഒരു സംസ്ഥാനം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ആ പോസ്റ്ററില്‍ എഴുതിവെച്ചത് ആ അര്‍ഥത്തില്‍ തെറ്റല്ലെന്ന് സംഭവത്തിന്റെ ഗൗരവം മനസ്സിലായതിനു ശേഷം പോലീസ് തിരുത്തി പറയുന്നുണ്ട്. എഴുതിയ സ്ഥലവും സമയവുമാണ് ഇപ്പോഴവരുടെ പ്രശ്‌നം. മുസ്‌ലിംകളെ വഴിയില്‍ പിടിച്ചു നിര്‍ത്തി ജയ്ശ്രീറാം വിളിപ്പിക്കുന്നത് കുറ്റകൃത്യമല്ലാത്ത രാജ്യത്താണ് ഈ കേസ് എന്നോര്‍ക്കുക. മറ്റു മതസ്ഥരുടെ വികാരങ്ങളെ വ്രണപ്പെടുത്താനും വര്‍ഗീയ കലാപം ഉണ്ടാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമമാണ് മുസ്‌ലിംകള്‍ നടത്തിയതെന്നാണ് പോലിസിന്റെ ഒടുവിലത്തെ ഭാഷ്യം. അതായത് മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ പൊതുസമൂഹത്തിന്റെ കണ്ണില്‍ പെടുന്ന രീതിയില്‍ എഴുതുകയോ പറയുകയോ ചെയ്താല്‍ മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുമെന്ന്! ഭരണഘടനയുമായോ മാനവിക മൂല്യങ്ങളുമായോ പുലബന്ധം പോലുമില്ലാത്ത മതഭ്രാന്തിന്റെ ഈ അവിശുദ്ധ സംവിധാനത്തെ ജനാധിപത്യ സര്‍ക്കാര്‍ എന്ന് വിളിക്കേണ്ടി വരുന്നത് എന്തുമാത്രം പരിഹാസ്യമാണ്! ഇങ്ങനെയൊരു കേസെടുത്താല്‍ സാധാരണ ഗതിയില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയാതെയാണോ കാണ്‍പൂര്‍ പോലീസ് മുന്നോട്ടു പോയത്? ഒരു സാധ്യതയുമില്ല. ആദിത്യനാഥ് മനസ്സില്‍ കാണുന്നത് മുഖ്യമന്ത്രിയുടെ മനസ്സറിയുന്ന പോലിസുകാര്‍ മരത്തില്‍ കണ്ടു. അത്രയേയുള്ളൂ.

രാം നവമി ഘോഷയാത്രകളില്‍ സമീപകാലത്തായി മുസ്‌ലിം ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ഈ ഘോഷയാത്രാ സംഘങ്ങളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ചിലയിടത്ത് മസ്ജിദുകള്‍ താര്‍പായ കൊണ്ട് മൂടിവെക്കുകയുമൊക്കെ ചെയ്യേണ്ടി വന്നത് ഇതേ യു.പിയിലാണ്. ‘കാണുമ്പോള്‍’ ഹാലിളകുന്ന ഈ മതബോധം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായയെ നാണം കെടുത്തുന്നുണ്ടെന്ന് യു.പി പോലീസിന് അറിയുമോ ആവോ? 2023ല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കണ്‍ട്രീസ് (ഒ.ഐ.സി) ഇക്കാര്യം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യക്കെതിരെ ആരോപണമായി ഉയര്‍ത്തിക്കാട്ടി. മസ്ജിദുകളും മദ്രസകളും കാണുമ്പോള്‍ ‘ഏക് സത് വിപ്രാ ബഹുതാ വദന്തി’ വെറുമൊരു ‘ജുംല’ മാത്രമാവുകയും അന്യരെ കുറിച്ച പോസ്റ്ററുകള്‍ പോലും വായിക്കാന്‍ കഴിയാത്ത വിധം ‘ഭാരതീയ സഹിഷ്ണുത’ അതിന്റെ ഉച്ചിയിലെത്തുകയും ചെയ്യുന്നുണ്ട് എന്ന് മാലോകര്‍ മനസ്സിലാക്കി തുടങ്ങി എന്നര്‍ഥം. യു.പിയിലാണ് ധര്‍മ രക്ഷാ സംഘ് എന്ന സംഘടന ഹൈന്ദവ ആഘോഷങ്ങളുടെ പരിസരത്തൊന്നും മുസ്‌ലിംകളെ കണ്ടുപോകരുതെന്ന് തിട്ടൂരമിറക്കിയത്. നവരാത്രി, രാം നവമി പോലുളള ആഘോഷവേളകളില്‍ മുസ്‌ലിം കച്ചവടക്കാരാണെന്ന് തിരിച്ചറിയാന്‍ അവരുടെ കടകള്‍ക്കു മേല്‍ പേരെഴുതി തൂക്കണമെന്ന നിയമം കൊണ്ടുവന്നതും ഇതേ യു.പിയില്‍ ആയിരുന്നു. അതായത് ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്ന ഹിന്ദുക്കള്‍ക്ക് ഈ കടകള്‍ മുസ്‌ലിംകളുടേതാണെന്ന് തിരിച്ചറിയാനും സ്വന്തം മതവിശുദ്ധി കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായി ഈ കടകളില്‍ നിന്നും നയാപൈസയുടെ വസ്തുവകകള്‍ വാങ്ങാതിരിക്കാനുമായിരുന്നല്ലോ ഈ പേരെഴുതിവെപ്പിക്കല്‍ പരിപാടി. അതേ കണ്ണടയിട്ട് സയ്യിദ് നഗറിലേക്ക് നോക്കിയാല്‍ ഈ ഘോഷയാത്രക്കാര്‍ക്ക് അതൊരു മുസ്‌ലിം മൊഹല്ലയാണെന്ന് തിരിച്ചറിയാനും സ്വന്തം ധാര്‍മ്മിക വിശുദ്ധി കാത്തുസൂക്ഷിക്കാനുമൊക്കെ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ അവരെ സഹായിക്കുകയല്ലേ ചെയ്യുക? അവര്‍ക്ക് മുസ്‌ലിം മൊഹല്ലകളില്‍ എന്തുകാര്യം? സ്വന്തം ഗലികളിലൂടെ ഘോഷയാത്ര നടത്തിയാല്‍ പോരേ? ഹിന്ദുത്വ അപ്പൂപ്പന്‍മാര്‍ സമരം ചെയ്ത് വാങ്ങി കൊടുത്ത സ്വാതന്ത്ര്യമൊന്നുമല്ലല്ലോ ഈ രാജ്യത്തെ പൗരന്‍മാര്‍ അനുഭവിക്കുന്നത്.

നിലവിലുള്ള നിയമവാഴ്ചയെ കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും ഈ പോസ്റ്ററിനെ ചൊല്ലി പ്രതിഷേധിക്കാന്‍ ഒരുമ്പെട്ട മുസ്‌ലിംകളോടുമുണ്ട് ചിലത് പറയാന്‍. സ്വന്തം പ്രവാചക സ്‌നേഹത്തെ കുറിച്ച് അങ്ങാടിയില്‍ പോസ്റ്റര്‍ എഴുതിവെച്ചും അതിന്റെ പേരില്‍ വമ്പു നടിച്ച് ആളെ കൂട്ടി തെരുവിലിറങ്ങി ബഹളം വെച്ചും അന്തിമമായി എന്താണ് നേടിത്തരുന്നതെന്ന് ഒരു നിമിഷം അവരും ഓര്‍ക്കേണ്ടതുണ്ട്. രാജ്യം കണ്ട ഏറ്റവും നെറികെട്ട ഭരണാധികാരികളില്‍ ഒരാളുടെ സംസ്ഥാനത്താനത്താണ് ജീവിക്കുന്നതെന്ന് മുസ്‌ലിംകള്‍ മറന്നു പോകുന്നു. എന്തിനെ ചൊല്ലി സത്യപ്രതിജ്ഞ ചെയ്താണോ അധികാരമേറ്റത്, അതിനോട് തരിമ്പും കൂറ് പുലര്‍ത്താതെയാണ് അദ്ദേഹം ആ കസേരയിലിരിക്കുന്നത്. അങ്ങനെയൊരാള്‍ക്ക് മുമ്പില്‍ ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് വായിട്ടലക്കിയിട്ട് എന്ത് കാര്യം? മുസ്‌ലിം വിരുദ്ധതയുടെ വോട്ടുബാങ്കിനെ സാധ്യമായ ഏത് വൃത്തികെട്ട മാര്‍ഗങ്ങളിലൂടെയും പോഷിപ്പിക്കാന്‍ ശ്രമിക്കുന്ന ആദിത്യനാഥിനെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങള്‍ പഠിപ്പിക്കാനാവുമെന്ന തെറ്റിദ്ധാരണയാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. യു.പിയിലെ ഭരണകൂടം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ് മുസ്‌ലിംകള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാവുന്ന ഓരോ സാഹചര്യവും. ആ കെണിയില്‍ നിരന്തരം തലവെച്ചു കൊടുക്കുന്നതിന് പകരം ബുദ്ധിപരമായ വഴികള്‍ തേടുകയായിരുന്നു സംസ്ഥാനത്തെ മുസ്‌ലിംകള്‍ ചെയ്യേണ്ടിയിരുന്നത്. ആദിത്യനാഥിന് വേണ്ടി ചൂടുചോറു മോന്തുന്ന കുട്ടിക്കുരങ്ങന്‍മാരെ എത്ര കോടികള്‍ പിരിക്കേണ്ടി വന്നാലും കോടതികളില്‍ നേരിടുകയായിരുന്നു നല്ലത്. ദൗര്‍ഭാഗ്യവശാല്‍, മുസ്‌ലിംകളുടെ രാഷ്ട്രീയ നേതൃത്വം യു.പിയില്‍ ചെയ്യുന്നത് ആദിത്യനാഥിന് പഠിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മൗലാനാ തൗഖീര്‍ റസാഖാന്‍.

Maulana Tauqeer Raza Khan

ഐ ലവ് മുഹമ്മദ് കാമ്പയിന്‍ യു.പിയില്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളിലൂടെയാണ് ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ എന്ന രാഷ്ട്രീയ സംഘടനയും അതിന്റെ അധ്യക്ഷനായ മൗലാനാ തൗഖീര്‍ റസാഖാനും ഏതാനും വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും പൊതുജന ശ്രദ്ധയില്‍ വരുന്നത്. ദക്ഷിണേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഏറെയൊന്നും പരിചയമുള്ള ഒരു മൗലാനയല്ല ഇദ്ദേഹം. ഉത്തരേന്ത്യന്‍ മുസ്‌ലിംകളിലെ പ്രബലവിഭാഗമായ ബറേല്‍വികളുടെ ആത്മീയ ആചാര്യന്‍ അഹമ്മദ് റസാഖാന്‍ എന്ന ആലാ ഹസ്രത്തിന്റെ ചെറുമകന്‍ എന്നതാണ് തൗഖീര്‍ റസാഖാന്റെ മേല്‍വിലാസം. പാരമ്പര്യമായി കിട്ടിയ ഈ ദിവ്യപരിവേഷം ഉണ്ടായിരിക്കെ തന്നെ യു.പിയിലെ മുസ്‌ലിം രാഷ്ട്രീയക്കാരില്‍ വേറിട്ട പാതകളിലൂടെ സഞ്ചരിക്കുന്ന നേതാക്കളില്‍ ഒരാളായിരുന്നു പലപ്പോഴും തൗഖീര്‍ റസാഖാന്‍. ബറേലിയില്‍ നിന്നും ഹല്‍ദാനിയിലേക്കുള്ള വഴിയില്‍ വരുന്ന ബോജിപുര എന്ന നിയമസഭാ മണ്ഡലത്തില്‍ തൗഖീര്‍ ഖാന്റെ പാര്‍ട്ടി 2012ല്‍ അസംബ്ലി ഇലക്ഷനില്‍ ജയിച്ചു കയറിയിട്ടുണ്ട്. ആ ഒരൊറ്റത്തവണയല്ലാതെ പിന്നീടൊരിക്കലും യു.പിയിലെ രാഷ്ട്രീയത്തില്‍ നിന്ന് തൗഖീര്‍ റസാഖാന് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയത്തില്‍ ബുദ്ധിപരമായി ഇടപെടാനും അപൂര്‍വ്വം ചില അവസരങ്ങളില്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പശു ഇന്ത്യയില്‍ ദൈവമായി ആരാധിക്കപ്പെടുന്ന സാഹചര്യത്തില്‍ ബീഫ് കയറ്റുമതിയിലൂടെ മോദി സര്‍ക്കാര്‍ വിദേശനാണ്യം കൊയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ട് 2016ല്‍ ഏതാനും മുസ്‌ലിം സംഘടനകളെ ഒപ്പം കൂട്ടി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഉദാഹരണം. വേണ്ടി വന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും തൗഖീര്‍ സൂചിപ്പിക്കുകയുണ്ടായി. ബീഫ് കയറ്റുമതി നിരോധിക്കാനായി മുസ്‌ലിംകള്‍ കോടതിയെ സമീപിക്കുന്ന ആ സാഹചര്യം എന്തുകൊണ്ടോ പിന്നീട് വല്ലാതെയൊന്നും ചര്‍ച്ചക്കു വന്നില്ല. തൗഖീര്‍ തന്നെയും ഈ കേസുമായി മുന്നോട്ടു പോയിട്ടില്ല എന്നാണ് അറിയാനായത്.

‘ഐ ലവ് മുഹമ്മദ്’ വിവാദത്തില്‍ രാഷ്ട്രീയമായി ഇടപെടാനുള്ള ശ്രമം ഇന്നത്തെ യു.പിയില്‍ ഉണ്ടാക്കാന്‍ പോകുന്ന പരിണതി എന്താവുമെന്ന് നന്നായി ബോധ്യമുളള നേതാക്കളിലൊരാളാണ് തൗഖീര്‍. അതുകൊണ്ടു തന്നെയാണ് 2010ലെ പ്രമാദമായ വര്‍ഗീയ കലാപക്കേസില്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിച്ച തൗഖീര്‍ ഇങ്ങനെയൊരു സമരത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ അതിന്റെ സമയവും സാഹചര്യങ്ങളും സംശയാസ്പദമായി മാറുന്നത്. ആസന്നമായ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തിഹാദെ മില്ലത്ത് കൗണ്‍സിലിനെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹം ഈ വിഷയത്തില്‍ ഇടപെട്ടതെന്ന് കരുതുന്നതാണ് യുക്തി. പേഴ്‌സണല്‍ ലോബോര്‍ഡ് പോലെയുള്ള മുസ്‌ലിം പൊതുവേദികളുമായി പൊതുവെ സഹകരിക്കാത്ത ഈ മൗലാന കിട്ടിയ അവസരം സ്വന്തം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണുണ്ടായത്. ബി.ജെ.പിയുടെ എതിര്‍പ്പിന് ഇരയാകുന്നതിന്റെ രാഷ്ട്രീയം അദ്ദേഹത്തെ ഹീറോയാക്കി മാറ്റുകയാണ് ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ അതിന് സഹായകമായ സാഹചര്യം ഈ സംഭവത്തെ തുടര്‍ന്ന് രൂപപ്പെട്ടിട്ടുണ്ട്. തൗഖീറിന്റെ സുഹൃത്തിന്റെയും മരുമകന്റെയുമൊക്കെ സ്ഥാപനങ്ങള്‍ ഇടിച്ചു നിരത്തുകയോ താഴിട്ടു പൂട്ടുകയോ ചെയ്തു കഴിഞ്ഞു. അത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. തെരുവില്‍ തൗഖീറിന്റെ പിന്നില്‍ ആളെണ്ണം കൂടി മുസ്‌ലിം വോട്ടുകള്‍ കൂടുതല്‍ ചിതറുന്ന സാഹചര്യമാണ് ആദിത്യനാഥ് ഭംഗിയായി ഉപയോഗപ്പെടുത്തുന്നത്. രോഹില്‍ഖണ്ഡ് എന്നറിയപ്പെടുന്ന യു.പിയുടെ മുസ്‌ലിം ബെല്‍റ്റില്‍ അസംഖാന്റെ മടങ്ങിവരവ് സമാജ്‌വാദിക്ക് അനുകൂലമായി ഉണ്ടാക്കുന്ന തരംഗമാണ് ബി.ജെ.പിയുടെ തലവേദന. റാംപൂര്‍, ബറേലി, ഔന്‍ല പോലുള്ള പ്രദേശങ്ങളില്‍ ശക്തമാണ് തൗഖീറിന്റെ ജനപ്രീതി.

ബി.ജെ.പിയോട് സമരസപ്പെടുക എന്നതിലപ്പുറം മുസ്‌ലിംകള്‍ക്ക് മറ്റൊരു രാഷ്ട്രീയ സാധ്യതയും ഇല്ലെന്ന താക്കീതു കൂടിയാണ് ബുള്‍ഡോസര്‍ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയും അദ്ദേഹത്തിന്റെ മുന്‍ഗാമി ചന്ദ്രചൂഡും ബുള്‍ഡോസര്‍ നീതിക്കെതിരെ ഗിരിപ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ടാവാം. അത് പക്ഷേ യു.പി സര്‍ക്കാറിന് ബാധകമാവുമെന്ന് വിശ്വസിക്കുന്നിടത്താണ് പൊതുജനം വിഡ്ഢികളാവുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പെയാണ് ബുള്‍ഡോസര്‍ രാജിനെതിരെ അതിശക്തമായി സുപ്രീംകോടതി യു.പി സര്‍ക്കാറിന് താക്കീത് നല്‍കിയത്. ഒരു ചുക്കും സംഭവിച്ചില്ല എന്നു മാത്രം. പുതിയ വൈകാരിക വിഷയങ്ങള്‍ ഉയര്‍ന്നു വരികയും അതിനോട് പുതിയ പ്രതികരണങ്ങള്‍ രൂപപ്പെടുകയും ചെയ്യുമ്പോള്‍ സ്വതവേ ചിതറിയ മുസ്‌ലിം വോട്ടുബാങ്ക് ഒന്നു കൂടി പിളരാനുള്ള സാധ്യതയാണ് രൂപപ്പെടുന്നത്. ആദിത്യനാഥിന്റെ ഗൊരഖ്പൂരില്‍ ഒരുകാലത്ത് ഉദയം കൊണ്ട ഡോ: അയ്യൂബിന്റെ പീസ് പാര്‍ട്ടിയെ പോലെ, സ്ഥലകാല ബോധമില്ലാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കളിക്കുന്ന പുതിയൊരു താരമായി മാറാനാണ് മൗലാനാ തൗഖീര്‍ റസാഖാന്റെയും നിയോഗം. അതിലപ്പുറം ഈ വക വിവാദങ്ങള്‍ പുതിയ ഇന്ത്യക്ക് ഒന്നും നേടിത്തരുന്നില്ല.

എ റശീദുദ്ദീൻ