ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ച് സെപ്തംബര്‍ 20-ാം തീയതി പമ്പാതീരത്ത് നടന്ന ‘ആഗോള അയ്യപ്പസംഗമം’ വിജയകരമായി സമാപിച്ചു. 25 രാജ്യങ്ങളില്‍നിന്നായി 3500 ഓളം പേര്‍ സംഗമത്തിലെത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് പരിപാടി നടന്നത്.
ശബരിമല വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാനാണ് സംഗമം പ്രധാനമായും ചര്‍ച്ച ചെയ്തത്. ശബരിമലയെ സമ്പൂര്‍ണ ഹരിത തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും നിക്ഷേപസാധ്യത കണ്ടെത്തലുമാണ് സംഗമത്തിന്റെ പ്രധാന ഉദ്ദേശ്യം. 355 കോടി രൂപയുടെ നാല് പദ്ധതികളാണ് ഇതിന്റെ പ്രധാന ഭാഗം. 2007ല്‍ സംസ്ഥാന സര്‍ക്കാര്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചിരുന്നെങ്കിലും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ളത്.
സംഗമം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഉദ്ഘാടനപ്രസംഗം ശ്രദ്ധേയമായിരുന്നു. അയ്യപ്പ സങ്കല്‍പ്പത്തിന് അധഃസ്ഥിത സമൂഹവുമായുള്ള ബന്ധത്തെപ്പറ്റി പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി, അയ്യപ്പസംഗമത്തെ വിമര്‍ശിച്ചവരെ കുറ്റപ്പെടുtത്തി:
“യഥാര്‍ഥ ഭക്തര്‍ക്ക് ഇങ്ങനയേ ചെയ്യാനാകൂ. ഭക്തി കേവലം പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജണ്ട ഉണ്ടാകാം. പ്രത്യേക താല്‍പര്യങ്ങളുണ്ടാകാം. അതിനാല്‍ അവര്‍ സംഗമം തടയാന്‍ ശ്രമം നടത്തി. ആ ശ്രമങ്ങളെ സുപ്രീംകോടതി തടഞ്ഞത് ആശ്വാസകരമാണ്. തത്വമസി എന്നതാണ് ശബരിമലയിലെ സങ്കല്‍പം. ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോള്‍ ഇവിടെ അന്യരില്ല. അഥവാ, അന്യരിലേക്കു കൂടി ഞാന്‍ എന്ന സങ്കല്‍പം ചേര്‍ന്നു നില്‍ക്കുന്നു. അപരന്‍ എന്നത് ഇല്ലാതാകുന്നു. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുന്നു. അത് തെളിയിക്കുന്നതാണ് ശബരിമലയുടെ സന്ദേശം.”
പ്രസംഗത്തില്‍ അദ്ദേഹം യഥാര്‍ത്ഥ ഭക്തരെ നിര്‍വചിച്ചു. ഭഗവത്ഗീതയിൽ നിന്നുള്ള ഉദ്ധരണി ഉപയോഗിച്ചായിരുന്നു നിര്‍വചനം രൂപപ്പെടുത്തിയത്: യഥാര്‍ത്ഥ ഭക്തരെ തിരിച്ചറിയാന്‍ വിഷമമില്ല. ഭഗവത്ഗീത യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം വ്യക്തമാക്കിയിട്ടുണ്ട്. ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ 12-ാം അധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായാണുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ‘അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര കരുണ എവ ച’ എന്നു തുടങ്ങുന്ന ഭാഗമാണ്. ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആയിരിക്കും ഭക്തന്‍ എന്നതാണ് ഗീതാനിര്‍വചനം. അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വേര്‍തിരിവുകള്‍ക്കും ഭേദചിന്തകള്‍ക്കും അതീതമായ മതാതീത ആത്മീയതയുടെ കേന്ദ്രമായാണ് അദ്ദേഹം ശബരിമലയെ വിശേഷിപ്പിച്ചത്. തീര്‍ത്തും മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയില്‍ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം. ഓരോ മതവും വിശ്വാസപ്രമാണവും തങ്ങളുടേതായ ആരാധനാലയങ്ങളും അനുബന്ധരീതികളും പിന്തുടരുമ്പോള്‍, എല്ലാ ജാതി-മത ചിന്തകള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം, എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണ് ശബരിമലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്ര പ്രാധാന്യത്തോടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആഗോള അയ്യപ്പസംഗമത്തിന്റെ രാഷ്ട്രീയത്തെ പരിശോധിക്കുകയാണ് ഈ ചെറുകുറിപ്പിന്റെ ഉദ്ദേശ്യം. ഈ കുറിപ്പ് നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യ ഭാഗത്ത് ശബരിമല വിവാദത്തിന്റെ നാള്‍വഴികള്‍ ക്രോഡീകരിച്ചിരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത് അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും വിവാദങ്ങളുമാണ്. മൂന്നാം ഭാഗത്ത് അയ്യപ്പസംഗമത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ അനുകൂലികളുടെ വിശദീകരണങ്ങളുടെ വിശകലനമാണ്. നാലാം ഭാഗം അയ്യപ്പസംഗമം എങ്ങനെയാണ് വിശാലഹിന്ദു എന്ന ആശയത്തെ ഉപയോഗപ്പെടുത്തുന്നുവെന്നത് കേരള ചരിത്രവുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നു.
(1)
ശബരിമലയുടെ നാള്‍വഴികള്‍
ചില എഴുത്തുകാര്‍ നല്‍കുന്ന വിവരമനുസരിച്ച് 1981ലെ വിശ്വഹിന്ദു പരിഷത്തിന്റെ കൊച്ചി സമ്മേളനത്തോടെയാണ് ശബരിമല സ്ത്രീപ്രവേനം വിവാദമായി ഉയരുന്നത്. 1982-ല്‍ ശബരിമല ക്ഷേത്രത്തില്‍ 10 വയസ്സിനും 50 വയസ്സിനുമിടയിലുള്ള രണ്ട് സ്ത്രീകളെ അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണത്രെ ആദ്യ പ്രതിഷേധം. 1986ല്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണവും തടഞ്ഞു. 1990ല്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായ ചന്ദ്രികയുടെ പേരക്കുട്ടിയുടെ എഴുത്തിനിരുത്ത് ശബരിമല ക്ഷേത്രനടയില്‍ നടന്നു. ചടങ്ങ് നടന്നത് കുട്ടിയുടെ മാതാവായ യുവതി ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ സാന്നിധ്യത്തിലായിരുന്നു. കോട്ടയത്തെ ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായ ജോയി ഇതിന്റെ ഫോട്ടോ എടുത്തു. അത് ജന്മഭൂമി പത്രത്തില്‍ അച്ചടിച്ചുവന്നു. യുവതികളുടെ ക്ഷേത്രപ്രവേശനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് കോടതിയെ സമീപിച്ചു. മൂന്ന് വര്‍ഷത്തിനുശേഷം 10നും 50നും ഇടയിലുള്ള സ്ത്രീകളെ വിലക്കിക്കൊണ്ട് വിധി വന്നു. (ന്യൂസ് 18, സെപ്തംബര്‍ 28, 2018).
1990 വരെ പല സ്ത്രീകളും ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ തെളിവുകള്‍ ഇക്കാലത്ത് പുറത്തുവന്നെങ്കിലും 1950ന് മുമ്പ് തന്നെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നുവെന്ന തന്ത്രിമാരുടെ വാദത്തെ ഹൈക്കോടതി മുഖവിലക്കെടുത്തു. അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും ഹൈക്കോടതി വിധിച്ചു. തുടര്‍ന്നാണ് യുവതീപ്രവേശനം തടഞ്ഞുകൊണ്ട് ഹൈക്കോടതി 1991ല്‍ വിധി പറഞ്ഞത്.
ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശം വിലക്കുന്ന കേരളത്തിലെ ചട്ടം ചോദ്യംചെയ്ത് 2006-ല്‍ ‘ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍’ സുപ്രീം കോടതിയെ സമീപിച്ചു. 2007-ല്‍ വി. എസ്. സര്‍ക്കാര്‍ യുവതീപ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നല്‍കി. 2016ല്‍ കേസ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലെത്തി. ആചാരം സംരക്ഷിക്കണമെന്നും യുവതീപ്രവേശനം അനുവദിക്കാനാവില്ലെന്നും അന്ന് അധികാരത്തിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തി.
തുടര്‍ന്ന് കേസ് ഭരണഘടനാ ബെഞ്ചിലെത്തി. അന്ന് അധികാരത്തിലുണ്ടായിരുന്ന പിണറായി സര്‍ക്കാര്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചു. 2018 സെപ്റ്റംബര്‍ 28-ന് ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് വിധി വന്നു. തുടര്‍ന്ന് ധാരാളം പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതിയിലെത്തി. പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് റഫര്‍ ചെയ്ത നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ 2020-ല്‍ ഒന്‍പതംഗ ബെഞ്ചുണ്ടാക്കിയെങ്കിലും ഒരു ദിവസം മാത്രമാണ് വാദം കേട്ടത്. പിന്നീടിന്നുവരെ കേസ് പരിഗണിച്ചിട്ടില്ല.
യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സത്യവാങ്മൂലമാണ് ഇപ്പോള്‍ കോടതിയുടെ മുന്നിലുള്ളത്. പുതിയ സാഹചര്യത്തില്‍, അതില്‍ തിരുത്തുവരുത്തുമോയെന്ന് വ്യക്തമല്ല. ശബരിമലവിധി പുനഃപരിശോധിക്കേണ്ട ഭരണഘടനാ ബെഞ്ച് ഇന്നുവരെ പുനഃസംഘടിപ്പിച്ചിട്ടുമില്ല. (സെപ്തംബര്‍ 5, 2025, മാതൃഭൂമി)
സംഘപരിവാറിന്റെ ഇരട്ടത്താപ്പ്
2018 ല്‍ സുപ്രീംകോടതി വിധി വന്നശേഷം സംഘപരിവാര്‍ ആദ്യഘട്ടത്തില്‍ ഏറെക്കുറെ അനുകൂലമായ നിലപാടാണ് എടുത്തത്. താമസിയാതെ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന പ്രതീതി സര്‍ക്കാരും ജനിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഏതാനും സ്ത്രീകള്‍ മലകയറാന്‍ തയ്യാറായി. ഹിന്ദുത്വ സംഘടനകള്‍ക്ക് ഇതൊരു അവസരമായിരുന്നു. പോലീസ് ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സംഘപരിവാര്‍ ആളുകളെ ഇളക്കിവിടുകയും അവരുടെ മുന്‍കയ്യില്‍ എൻ എസ് എസ് പോലുളള ജാതിസംഘടനകളുടെ സഹായത്തോടെ ‘നാമജപയാത്ര’ സംഘടിപ്പിക്കുകയും ചെയ്തു. ധാരാളം സ്ത്രീകള്‍ ഇതിന്റെ ഭാഗമായി. പ്രതിസന്ധിയിലായ ഇടതുപക്ഷം സ്ത്രീകളെ അണിനിരത്തി ‘നവോത്ഥാനമതി’ലും, സമുദായനേതാക്കളെ അണിനിരത്തി ‘നവോത്ഥാനസംരക്ഷണ സമിതി’യും രൂപീകരിച്ചു.
സംഘപരിവാറാണ് സ്ത്രീപ്രവേശത്തിനെതിരെ പ്രതിഷേധം നടത്തിയതെങ്കിലും ഈ പ്രശ്‌നത്തില്‍ അവരുടേത് ഇരട്ടത്താപ്പായിരുന്നു. ശബരിമല വിധിക്ക് ഉത്തരവാദി പിണറായി വിജയന്‍ സര്‍ക്കാരാണെന്ന് ആരോപിച്ച അതേ സംഘടനയുടെ വിവിധ നേതാക്കള്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിനും തെളിവുണ്ട്. 2006-ല്‍ സ്ത്രീകള്‍ക്ക് പ്രായവ്യത്യാസമില്ലാതെ ശബരിമല പ്രവേശനത്തിന് വേണ്ടി കേസ് കൊടുത്തത് സംഘപരിവാറുമായി അടുത്ത ബന്ധമുള്ളവരാണെന്ന് പിന്നീട് കണ്ടെത്തി. ശബരിമല ക്ഷേത്രവിവാദം കോടതിയിലിരിക്കെ സ്ത്രീപ്രവേശനം അനുവദിക്കണമെന്ന് ആര്‍. എസ്. എസ്. നേതാവ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. ആര്‍. എസ്. എസിന്റെ മുതിര്‍ന്ന പ്രചാരകനായ രംഗഹരി, കേസരിയില്‍ യുവതീപ്രവേശനം ആവശ്യപ്പെട്ട് ലേഖനമെഴുതി. ഭാരതീയവിചാരകേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സഞ്ജയന്‍, സുപ്രീംകോടതിവിധി ഹിന്ദുമതവിശ്വാസങ്ങള്‍ക്കും അയ്യപ്പന്റെ നൈഷ്ഠികബ്രഹ്‌മചര്യത്തിനും എതിരല്ലെന്നു വാദിക്കുകയും അതേകുറിച്ച് ജന്മഭൂമിയില്‍ ലേഖനമെഴുതുകയും ചെയ്തു. (ശബരിമല: സംഘ്പരിവാറിന്റെ ഇരട്ടത്താപ്പുകള്‍, മുഹമ്മദലി കിനാലൂര്‍, സിറാജ് പത്രം, ഒക്ടോബര്‍ 18, 2016)
(2)
‘ആഗോള അയ്യപ്പസംഗമം’: വിമര്‍ശനങ്ങളും ആക്ഷേപങ്ങളും
‘ആഗോള അയ്യപ്പസംഗമം’ നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. അയ്യപ്പന്‍ എന്ന വിശ്വാസത്തെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ കാപട്യമാണ് അയ്യപ്പസംഗമമെന്ന് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍ വിമര്‍ശിച്ചു. ആചാരലംഘനം നടത്തിയത് ശരിയാണെന്ന് പറഞ്ഞവരാണ് സിപിഎമ്മുകാരെന്നും സര്‍ക്കാരിന്റെ കാപട്യം തുറന്ന് കാണിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല പ്രക്ഷോഭകാലത്തെ കേസുകള്‍ നാല് വര്‍ഷമായിട്ടും പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പില്‍ സുതാര്യത ഇല്ലെന്നും അത് തടയണമെന്നും ആവശ്യപ്പെട്ട് ഒരാള്‍ ഹൈക്കോടതിയെ സമീപിച്ചു. അയ്യപ്പന്റെ പേരില്‍ സ്വകാര്യവ്യക്തികളില്‍ നിന്ന് പണം പിരിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്ന് കേസില്‍ വാദം കേട്ട കോടതി ചോദിച്ചെങ്കിലും സംഗമം തടഞ്ഞില്ല.
ശബരിമലയിലെ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കാര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പസംഗമം പ്രഹസനമായെന്ന് പ്രതിപക്ഷനേതാവ് വി. ഡി.സതീശന്‍ കുറ്റപ്പെടുത്തി. സംഗമത്തില്‍ പ്രതീക്ഷിച്ചത്രയും ആളുകള്‍ എത്താതിരുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയനാടകമാണ് ഇതെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണെന്നും മുഖ്യമന്ത്രി സംസാരിച്ചത് കപട ഭക്തനെപ്പോലെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളനത്തില്‍ യു. പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഒരു സന്ദേശം അയച്ചുകൊടുത്തു. ഈ സന്ദേശം മന്ത്രി വാസവന്‍ വായിച്ചു. ഇതും വിവാദമായി. യോഗി ആദിത്യനാഥിന്റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്നായിരുന്നു വി. ഡി. സതീശന്റെ ചോദ്യം. മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തി.
പാരമ്പര്യവിശ്വാസവും വിശ്വാസസംരക്ഷണവും
ശബരിമല ആഗോള അയ്യപ്പസംഗമത്തെക്കുറിച്ചുള്ള മറ്റൊരു വിമര്‍ശനം അത് സര്‍ക്കാരിന്റെ യുവതീപ്രവേശനമെന്ന കാഴ്ചപ്പാടില്‍നിന്നുള്ള പിന്നോട്ടുപോക്കാണെന്നതാണ്. നിരവധി സാമൂഹ്യ മാധ്യമ ഐഡികള്‍ ഈ വിമര്‍ശനം ഉയര്‍ത്തി. സമാനമായ കാഴ്ചപ്പാടാണ് പ്രഭാഷകനും എഴുത്തുകാരനുമായ ടി എസ് ശ്യാംകുമാര്‍ ഉയര്‍ത്തിയത്. ശബരിമലയിലെ യുവതീ പ്രവേശനത്തെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ നിലവിലെ നിലപാടെന്താണെന്നും മലയരയര്‍ ഉള്‍പ്പെടെയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ദേവസ്വം ബോര്‍ഡിലെ ദലിത്, പിന്നാക്ക സംവരണം, ശബരിമലയിലെയും മറ്റിതര ക്ഷേത്രങ്ങളിലെയും അബ്രാഹ്‌മണ മേല്‍ശാന്തിമാരുടെ നിയമനം തുടങ്ങിയവയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ശബരിമല സ്ത്രീപ്രവേശന വിവാദം സൃഷ്ടിച്ച രാഷ്ട്രീയപ്രതിസന്ധിയില്‍ വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ വിശ്വാസസംരക്ഷണമെന്ന ആവശ്യമുയര്‍ത്തിയതിനെക്കുറിച്ചും ചര്‍ച്ചകളുണ്ടായി. ടി. എസ്. ശ്യാംകുമാറും ഈ പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ രണ്ട് തരത്തിലുള്ള വൈരുദ്ധ്യങ്ങള്‍ ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. തങ്ങളാണ് യഥാര്‍ത്ഥ ഹിന്ദുത്വ വിശ്വാസങ്ങളുടെ സംരക്ഷകര്‍ എന്ന് പറയാനുള്ള ഒരു ശ്രമം വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരാധിഷ്ഠിതമായ വിശ്വാസ സംരക്ഷണ പദ്ധതിയില്‍ കാണാന്‍ കഴിയും. ബ്രാഹ്‌മണ്യ ആചാര വ്യവഹാരങ്ങളെ കൂടുതല്‍ കേരളത്തിന്റെ മണ്ണില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്- അയ്യപ്പസംഗമത്തിൽ വിമോചനാത്മകമായ ആശയങ്ങള്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. (‘ശബരിമല യുവതീപ്രവേശനത്തില്‍ നിലവിലെ സര്‍ക്കാര്‍ നിലപാടെന്ത്?’- ‘ആഗോള അയ്യപ്പസംഗമം മതേതര കേരളത്തിന് വെല്ലുവിളി’- ടി എസ് ശ്യാകുമാര്‍, അഴിമുഖം, സെപ്തംബര്‍ 19, 2025)
മീഡിയാവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ‘മതാതീത ആത്മീയത’യെന്ന പ്രയോഗത്തിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്തു: ‘മതാതീത ആത്മീയത’യുടെ സംഗമമാണ് അയ്യപ്പസംഗമം എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞു. അതിനാല്‍ അയ്യപ്പന് മതമില്ല എന്ന ആശയത്തിലേക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം എത്തിച്ചേരുന്നത്. പക്ഷെ, ഈ ആശയത്തിനൊത്ത കാഴ്ചകളാണോ അവിടെ കണ്ടത്? അതിനൊത്ത ശബ്ദങ്ങളാണോ അവിടെ കേട്ടത്? അദ്ദേഹം എഡിറ്റേഴ്സ് ടേക്കില്‍ ചോദിച്ചു. (സെപ്തംബര്‍ 22, മീഡിയവണ്‍) മുഖ്യമന്ത്രി എല്ലാ അര്‍ത്ഥത്തിലും ഹൈന്ദവ സങ്കല്‍പ്പങ്ങള്‍ ഉപയോഗിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമാന്തര സംഗമങ്ങള്‍
സര്‍ക്കാരിന്റെ അയ്യപ്പസംഗമത്തിന് സമാന്തരമായി സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ടിടത്ത് സംഗമങ്ങള്‍ നടന്നു. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് പന്തളത്തും. ശബരിമല സ്ത്രീപ്രവേശനത്തിന് വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസ് മല്‍ഹോത്രയാണ് ഡല്‍ഹി സംഗമത്തില്‍ അതിഥിയായതെന്നാണ് വാര്‍ത്തകളില്‍നിന്ന് കാണുന്നത്. സെപ്തംബര്‍ 22-ാം തീയതി സംഘപരിവാര്‍ സംഘടനകള്‍ ശബരിമല കര്‍മസമിതിയുടെ ബാനറില്‍ പന്തളത്തും സംഗമം നടത്തി. ‘വിശ്വാസസംഗമ’മെന്നായിരുന്നു അതിനു നല്‍കിയ പേര്. വാഴൂര്‍ തീര്‍ത്ഥ പാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ അത് ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ തകര്‍ക്കാന്‍ പലരും ബോധപൂര്‍വം ശ്രമിച്ചിട്ടും അത് നടക്കാതെ പോയത് അയ്യപ്പസ്വാമിയുടെ പിന്തുണ ഇല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
പന്തളത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ സംഗമത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ, വാവരെ അപഹസിച്ച് സംസാരിച്ചു. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. വാവര്‍ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയുടച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാക്കണം. അതിന് വേണ്ടിയാണ് എരുമേലിയില്‍ വാപുരസ്വാമി ക്ഷേത്രം ഉയരുന്നത്. വാപുരനെ കൊണ്ടുവന്ന് വാവരുടെ അമ്പലം തകര്‍ക്കണമെന്നും ശാന്താനന്ദ പറഞ്ഞു. ശാന്താനന്ദക്കെതിരെ പന്തളം രാജകുടുംബാംഗമായ എ. ആര്‍. പ്രദീപ് വര്‍മ പോലീസില്‍ പരാതി നല്‍കി. മതസ്പര്‍ദ്ധയും വിദ്വേഷവും പരത്തുന്ന പ്രസംഗമാണ് ശാന്താനന്ദയുടേതെന്നായിരുന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.
(3)
ശബരിമല: വിശ്വാസവും അവകാശവും
ശബരിമലയെക്കുറിച്ചുള്ള സമകാലിക വിവാദങ്ങള്‍ അടുത്തുനിന്നു പരിശോധിച്ചാല്‍ രണ്ടു രീതിയിലാണ് ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്തിരുന്നതെന്ന് കാണാം. ഒന്നാമതായി, ശബരിമലയിലെ ഉടമസ്ഥാവകാശത്തിന്റെ പ്രശ്‌നമാണ്. ഇത് നേരത്തെ മുതല്‍ ചര്‍ച്ചയിലുണ്ട്. പന്തളം രാജകുടുംബം ശബരിമലയെ ഹൈന്ദവവല്‍ക്കരിച്ചതായിരുന്നെന്നും യഥാര്‍ത്ഥത്തില്‍ അതിന്റെ അവകാശികള്‍ മലയരയ വിഭാഗമാണെന്നും തെളിവുകള്‍ മുന്‍നിര്‍ത്തി വലിയൊരു വിഭാഗം വാദിക്കുന്നു. അത് ഇന്നും അന്തരീക്ഷത്തിലുണ്ടെങ്കിലും കാര്യമായ പിന്തുണ ലഭിച്ചിട്ടില്ല.
ശബരിമലയെ ഇടതുപക്ഷം ആദ്യം മുതലേ സ്ത്രീപ്രശ്‌നമായാണ് പരിഗണിച്ചിരുന്നത്. ഏത് ആരാധനാലയത്തിലും കടന്നുവരാനും ആരാധന നടത്താനും സ്ത്രീകളുള്‍പ്പെടെ ആര്‍ക്കും അവകാശമുണ്ടെന്ന് ഇടതു ബുദ്ധിജീവികളും രാഷ്ട്രീയനേതൃത്വവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ‘മതേതര’ പൊതുസമൂഹത്തിന്റെ പിന്തുണയും അതിനുണ്ടായിരുന്നു. സംഘപരിവാറാകട്ടെ, സ്ത്രീപ്രശ്‌നവും പാരമ്പര്യസംരക്ഷണവും ഒരേസമയം തരാതരം ഉയര്‍ത്തി. ഈ രണ്ട് താല്‍പ്പര്യങ്ങള്‍ക്കിടയിലെ സംഘര്‍ഷമാണ് 2018ലെ വിവാദകാലത്ത് ദൃശ്യമായത്.
വനിതാവിമോചന സംരക്ഷണമെന്ന അജണ്ടയില്‍ ഇടതുപക്ഷം തുടക്കം മുതല്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിച്ചെന്നത് വാസ്തവമാണെങ്കിലും ഹിന്ദുത്വര്‍ ഉയര്‍ത്തിയ വിശ്വാസസംരക്ഷണ പ്രക്ഷോഭത്തില്‍ അവര്‍ക്ക് ഏറെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. സംഘപരിവാര്‍ നടപ്പാക്കുന്ന വര്‍ഗീയ ധ്രുവീകരണത്തെ തകര്‍ത്ത് നവോത്ഥാനമൂല്യങ്ങള്‍ പുനഃസ്ഥാപിക്കുകയെന്ന അജണ്ടയോടെയാണ് അവര്‍ കഴിഞ്ഞ കാലങ്ങളില്‍ ശബരിമല വിവാദത്തോട് പ്രതികരിച്ചത്. ചുരുക്കത്തില്‍ ശബരിമല വിശ്വാസവും അവകാശവും തമ്മിലുള്ള ഒരു പോരാട്ടമായാണ് രേഖപ്പെടുത്തപ്പെട്ടത്. ഈ സാഹചര്യം തങ്ങള്‍ക്ക് ജനകീയ പിന്തുണ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് അവര്‍ നേരിട്ട് പറഞ്ഞില്ലെങ്കിലും പിന്നീടുണ്ടായ പ്രസ്താവനകളില്‍നിന്ന് അവരുടെ മനോനില അതാണെന്നാണ് വ്യക്തമായത്.
ഈ പ്രതിസന്ധിയെ ആഗോള അയ്യപ്പസംഗമം രണ്ട് രീതിയിലാണ് പരിഹരിക്കാന്‍ ശ്രമിക്കുന്നത്. ഒന്നാമതായി, വിശ്വാസത്തെക്കുറിച്ചുള്ള ചില പൊളിച്ചെഴുത്തിന്റെ രൂപത്തിലും മറ്റൊന്ന്, വിശാലഹിന്ദു പരിപ്രേക്ഷ്യം അവതരിപ്പിച്ചുകൊണ്ടും. വിശ്വാസത്തെക്കുറിച്ചുള്ള ധാരണയിലെ പൊളിച്ചെഴുതല്‍ ശുഭസൂചനയാണെങ്കിലും ആ തിരിച്ചറിവുകള്‍ ഉപയോഗിക്കുന്നത് വിശാലഹിന്ദുപരിപ്രേക്ഷ്യത്തെ കൂടുതല്‍ ബലപ്പെടുത്താനാണെന്നതാണ് ഇതിലെ ദുരന്തം.
മതം, വിശ്വാസം, ശബരിമല

അയ്യപ്പസംഗമത്തെക്കുറിച്ച് സര്‍ക്കാരുമായി ബന്ധപ്പെട്ട വിശദീകരണങ്ങളല്ലാതെ ഇടതുപക്ഷ ബുദ്ധിജീവികള്‍ ഇക്കാര്യത്തില്‍ തന്ത്രപരമായ നിശ്ശബ്ദത പാലിച്ചതായാണ് മനസ്സിലാവുന്നത്. സാധാരണ സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വാചാലരാവുന്ന സാമൂഹികമാധ്യമ ഐഡികളും വല്ലാതെ ആവേശപ്പെട്ടതായി കാണുന്നില്ല. ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി ഇതിലൊരു വിശദീകരണം നല്‍കിയത് രണ്ട് പേരാണ്- പാര്‍ട്ടി സെക്രട്ടറി എം. എ. ബേബിയും എഴുത്തുകാരനും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനുമായ ദീപക് പച്ചയും.
ബേബിയുടെ വിശദീകരണം സര്‍ക്കാര്‍ നല്‍കിയ അതേ വിശദീകരണമായതുകൊണ്ട് അതില്‍ പുതുമയൊന്നുമുണ്ടായിരുന്നില്ല. ‘ആഗോള അയ്യപ്പസംഗമം കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിന് മുതല്‍ക്കൂട്ട്’ എന്ന പേരില്‍ എം. എ. ബേബി ആദ്യം ഹിന്ദുവിലും പിന്നീട് ദേശാഭിമാനിയും പ്രസിദ്ധീകരിച്ച (സെപ്തംബര്‍ 18, ദേശാഭിമാനി) ലേഖനം ‘വിശ്വാസ’ത്തെയും ‘വര്‍ഗീയത’യെും വേര്‍തിരിച്ച് മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് അയ്യപ്പസംഗമത്തെ വിശദീകരിച്ചത്. നവോത്ഥാന നായകരുടെ മതപാരമ്പര്യം, മതനിരപേക്ഷത, മതേതരത്വം തുടങ്ങിയ പദാവലികളും അദ്ദേഹം ഉപയോഗിച്ചു. മതവിശ്വാസികള്‍ മുന്നോട്ടു നയിക്കേണ്ടുന്ന മതനവീകരണമെന്ന ആശയത്തിന്റെ ചുവടുപിടിച്ചാണ് ലേഖനം വികസിക്കുന്നത്.
ദീപക് പച്ച അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് വിശദീകരണം നല്‍കിയത് (സെപ്തംബര്‍ 21, ഫേസ്ബുക്ക്). ഇപ്പോള്‍ നടത്തിയ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും സംശയങ്ങളുണ്ടെന്ന ആശങ്ക പങ്കുവച്ചുകൊണ്ടുതന്നെയാണ് കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിലെ പ്രധാന വാദമുങ്ങള്‍ ഇതാണ്: മതത്തിന്റെയും വിശ്വാസത്തിന്റെയും മണ്ഡലത്തിനു പൂര്‍ണമായും പുറത്തു നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങളെ സംഘപരിവാര്‍ ഭയപ്പെടുന്നില്ല. കാരണം അവരുടെ അനുയായികളെ അത് സ്പര്‍ശിക്കുന്നില്ല. മതവിശ്വാസമല്ല വര്‍ഗീയതയാണ് പ്രശ്‌നം. മതത്തെ വര്‍ഗീയതയില്‍ നിന്നും മോചിപ്പിക്കാനുള്ള സമരത്തില്‍ കൂടുതല്‍ ചെയ്യാനുള്ളത് വിശ്വാസികള്‍ക്കാണ്. അതുകൊണ്ട് ആ കളിയില്‍ കൂടുതലും അതിനകത്തു തന്നെയാണ്. അത്തരം വിമര്‍ശനം നടത്തുന്ന ഒരാളാണ് സുനില്‍ പി. ഇളയിടം. അദ്ദേഹം സംഘപരിവാറിനെ വിമര്‍ശിക്കുന്നത് മതത്തിനും വിശ്വാസത്തിനും അകത്തു നിന്നുകൊണ്ടാണ്. വര്‍ഗീയതയുടെ കെണിയിലേക്ക് വീണു പോയവരോട് മതത്തിന്റെ വിമോചനമൂല്യങ്ങളെ കണ്ടെത്താനുള്ള അപേക്ഷയാണത്. അതിനെ സംഘപരിവാര്‍ ഭയപ്പെടുന്നു.
തുടര്‍ന്ന് ദീപക് പച്ച അയ്യപ്പസംഗമത്തെക്കുറിച്ച് വിശദീകരിക്കുന്നു: കേരളത്തിന്റെ മുഖ്യമന്ത്രി അയ്യപ്പസംഗമ വേദിയില്‍ നടത്തിയ പ്രസംഗം ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തില്‍ നിലനില്‍ക്കുന്ന ഹിന്ദു-മുസ്ലീം-ക്രൈസ്തവ വിശ്വാസങ്ങളുടെ കലര്‍പ്പിനെയും അതുയര്‍ത്തുന്ന മതമൈത്രിയുടെ സന്ദേശത്തെയും കുറിച്ചാണ്. വിശ്വാസത്തില്‍ വര്‍ഗീയത കലര്‍ത്തുന്ന സംഘപരിവാര്‍ ആഖ്യാനനിര്‍മ്മിതിയുടെ മര്‍മ്മം നോക്കിയുള്ള അടിയാണത്. ‘ആര്‍ത്തവകലാപ’ത്തിന് കുടപിടിച്ചവര്‍ക്ക് ഇത് മനസ്സിലാവില്ല. സംഘപരിവാര്‍വിരുദ്ധ രാഷ്ട്രീയസമരം, ലേഖനമെഴുത്തുപോലെ ലളിതമായ ഒന്നല്ല. അതിന്, പ്രയോഗത്തില്‍ ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടും വെയ്‌ക്കേണ്ടി വരുന്ന ലെനിനിസ്റ്റ് പ്രയോഗത്തിന്റെ ഡയലക്റ്റിക്‌സ് അനിവാര്യമാണ്. അത് സി.പി.എമ്മിനുണ്ട്.
വിശ്വാസത്തെ ‘വര്‍ഗീയത’യില്‍നിന്ന് തരംതിരിക്കാനുള്ള ശ്രമത്തിനിടയില്‍ അദ്ദേഹം വിശ്വാസത്തിന്റെ മണ്ഡലത്തെ വേറിട്ട് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. വിശ്വാസത്തിന്റെ യുക്തി അതിനകത്തുനിന്ന് പരിശോധിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. ഈ യുക്തി ഉപയോഗിച്ച് ശബരിമല സ്ത്രീപ്രവേശനവും അതിനോടുള്ള പ്രതികരണവും എങ്ങനെ വിലയിരുത്തുമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രത്യേക സൂചനയൊന്നും നല്‍കുന്നില്ലെങ്കിലും ‘ആര്‍ത്തവകലാപത്തിന് കുടപിടിച്ചവരെ’ന്ന വിമര്‍ശനത്തിലൂടെ ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ സുപ്രീം കോടതി വിധിയോട് ചേര്‍ന്നാണ് നില്‍ക്കുന്നതെന്ന് വ്യക്തമാണ്. എന്നാല്‍ വിശ്വാസത്തെ അതിന്റെ ഘടനക്കകത്ത് പരിശോധിക്കാനുള്ള പുതിയ സമീപനത്തിന്റെ വെളിച്ചത്തില്‍ സ്ത്രീപ്രവേശനത്തെ എങ്ങനെ വിശദീകരിക്കുമെന്ന് വ്യക്തമല്ല. അത് അദ്ദേഹത്തിന് തന്നെ വിടുക. അതേസമയം, വിശ്വാസത്തെ അതിന്റെ ഘടനയ്ക്കുള്ളില്‍ പരിശോധിക്കുന്ന മറ്റിതര മതവിഭാഗങ്ങളെ എങ്ങനെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഇക്കാര്യത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന് സംശയമുണ്ടായിരുന്നില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി തെറ്റായിരുന്നുവെന്ന് അദ്ദേഹം ആഗോള അയ്യപ്പസംഗമത്തിനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. യുവതീപ്രവേശനം അടഞ്ഞ അധ്യായമാണ്. കേരളത്തിലെയും രാജ്യത്തെയും അയ്യപ്പഭക്തര്‍ വിധിക്ക് എതിരാണെന്ന് സുപ്രീംകോടതിയ്ക്ക് തന്നെ ബോധ്യമായി. സര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധി മാനിച്ചു. ജനകീയ വികാരം എന്തെന്ന് മനസ്സിലായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറി. (ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധി തെറ്റായിരുന്നു- കടകംപള്ളി സുരേന്ദ്രന്‍, സെപ്തംബര്‍ 20, മാതൃഭൂമി).
വിശാല ഹൈന്ദവതയുടെ രാഷ്ട്രീയം
ആഗോള അയ്യപ്പസംഗമത്തില്‍ സ്വാഗതപ്രസംഗം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത വ്യക്തികളുടെ പേരിനൊപ്പം അതില്‍ സഹകരിച്ച ജാതി-സമുദായ സംഘടനകളുടെ ഒരു നീണ്ട ലിസ്റ്റ് വായിക്കുകയുണ്ടായി: എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ്, മലയരയസഭ, ഗ്ലോബല്‍ ബ്രാഹ്‌മിണ്‍ കണ്‍സോര്‍ഷ്യം, അഖിലകേരള വിശ്വകര്‍മ മഹാസഭ, കേരള ബ്രാഹ്ണസഭ, കേരള ദലിത് ഫെഡറേഷന്‍, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, വിശ്വകര്‍മാ സൊസൈറ്റി, കേരള വിശ്വകര്‍മ സഭ, വിളക്കത്തല നായര്‍ സമാജം, കേരള വെള്ളാള മഹാസഭ, മലവര്‍ഗമഹാജന സംഘം, വണിക വൈശ്യസംഘം, അഖില കേരള ഗൗഢസാരസ്വത ബ്രാഹ്‌മണ ഫെഡറേഷന്‍, പ്രത്യക്ഷരക്ഷാദൈവസഭ, കേരള സാംബര്‍ സൊസൈറ്റി, വാര്യര്‍ സമാജം, തന്ത്രി സമാജം, ക്ഷത്രിയ ക്ഷേമസഭ, മേല്‍ശാന്തി സമാജം, നാടാന്‍ സര്‍വീസ് ഫോറം, അരുന്ധതിയാര്‍ ചക്കിലിയാര്‍ സമുദായ സമിതി, കേരള മണ്‍പാത്ര നിര്‍മാണ സമുദായസഭ, ഉതിയന്‍കുളങ്ങര ചെട്ടിസഭ, കേരള വേളാര്‍ സര്‍വീസ് സൊസൈറ്റി, തണ്ടാന്‍ സര്‍വീസ് സൊസൈറ്റി, കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി, ഭാരതീയ വേലന്‍ സൊസൈറ്റി, ഹിന്ദു ധര്‍മപരിഷത്ത്, തിയ്യ മഹാസഭ, അഖില ഭാരതീയ ഹിന്ദു മഹാസഭ… സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ ഒട്ടുമിക്ക ജാതി-സമുദായ സംഘടനകളും അദ്ദേഹം നല്‍കിയ പട്ടികയിലുണ്ടായിരുന്നു.
കഴിഞ്ഞ ശബരിമല വിവാദത്തെയും ആഗോള അയ്യപ്പസംഗമത്തെയും താരതമ്യം ചെയ്താല്‍ ഒരു നിരീക്ഷകന്റെ ശ്രദ്ധയില്‍പ്പെടുന്ന ആദ്യത്തെ കാര്യം രണ്ടു പക്ഷവും എത്തിച്ചേര്‍ന്ന പ്രമേയപരമായ സമവായമാണ്. വിശ്വാസസംരക്ഷണത്തിലാണ് ഭരണപക്ഷവും വിമര്‍ശകരും ഒരേ സമയം ഊന്നിയത്. ഹിന്ദുക്കളുടെ വിശ്വാസങ്ങളില്‍ കയറി ഇടപെടരുതെന്ന നിലപാടില്‍ എല്ലാവരും ഉറച്ചുനിന്നു. നാമജപ സമരകാലത്ത് സര്‍ക്കാരിനെതിരെ നിന്ന എന്‍.എസ്സ്.എസ്സ് ഇത്തവണ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സംഗമത്തില്‍ പങ്കെടുത്തു. പാരമ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയെന്ന് അവകാശപ്പെട്ട അവർ സംഘപരിവാര്‍ വിളിച്ചുചേര്‍ത്ത പന്തളം സമ്മേളനത്തില്‍ പങ്കെടുത്തതുമില്ല.
അയ്യപ്പസംഗമത്തില്‍ പങ്കാളിയായ മറ്റൊരാള്‍ എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശനാണ്. മുഖ്യമന്ത്രിയുടെ കാറില്‍ വെള്ളാപ്പള്ളി സമ്മേളനസ്ഥലത്തെത്തിയത് വലിയൊരു സൂചനയാണ് നല്‍കിയത്. ശബരിമലയില്‍ പാരമ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പുലഭിച്ചതായി എന്‍.എസ്.എസ്. നേതാക്കളെപ്പോലെ അദ്ദേഹവും അവകാശപ്പെട്ടു.
അയ്യപ്പസംഗമത്തിന്റെ രാഷ്ട്രീയം പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രമേയപരമായി സംഘപരിവാറിനെ ‘നിരായുധരാക്കി’യെന്നുതന്നെ വേണം വിലയിരുത്താന്‍. അയ്യപ്പ സംഗമത്തില്‍ വിശ്വാസസംരക്ഷണം ഒരു തര്‍ക്കവിഷയമാകാത്ത സാഹചര്യത്തില്‍ യഥാര്‍ത്ഥ വിശ്വാസസംരക്ഷകന്‍ ആരാണെന്നതിലായിരുന്നു തര്‍ക്കം. അക്കാര്യത്തിലും സര്‍ക്കാരിനായിരുന്നു മുന്‍തൂക്കം. പ്രമുഖമായ സമുദായസംഘടനകളുടെ പിന്തുണയും സര്‍ക്കാരിനായിരുന്നു.
ആഗോള അയ്യപ്പ സംഗമം പ്രത്യക്ഷത്തില്‍ ശബരിമലയുടെ വികസനം ലക്ഷ്യമിട്ടാണ് നടന്നതെങ്കിലും വിവിധ ജാതികളെ കോര്‍ത്തെടുത്തു സൃഷ്ടിക്കുന്ന വിശാല ഹൈന്ദവരാഷ്ട്രീയമാണ് അതിനു പിന്നിലുണ്ടായിരുന്നത്. ഹൈന്ദവ സമുദായങ്ങളെ മാലയിലെ മുത്തുകളെന്ന പോലെയാണ് സര്‍ക്കാര്‍ കണക്കാക്കിയത്. സംഗമത്തിലും അതിനുശേഷവും സര്‍ക്കാര്‍ പ്രതിനിധികളും അനുയായികളും നടത്തിയ പ്രതികരണങ്ങളിലെ സവര്‍ണ ഹൈന്ദവ സൂചനകള്‍ ഇങ്ങനെയൊരു നിഗമനത്തിലെത്താനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.
(4)
ജാതിക്കെതിരേ സാമുദായികത
വിവിധ സമുദായങ്ങള്‍ ഒരുമിച്ച് രാഷ്ട്രീയാവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയെന്നത് കേരളീയസമൂഹത്തിന് അപരിചിതമല്ല. അത്തരത്തില്‍, കുറഞ്ഞത് രണ്ട് സന്ദര്‍ഭങ്ങളാണ് കേരളത്തിലുണ്ടായിട്ടുള്ളത്. അതിലൊന്നാണ് നിവര്‍ത്തനപ്രക്ഷോഭം. മറ്റൊന്ന് ഹിന്ദു മണ്ഡല രൂപീകരണം. രണ്ടും വ്യത്യസ്ത ഫലങ്ങളാണ് ഉത്പാദിപ്പിച്ചത്.
നിവര്‍ത്തനം പ്രഖ്യാപിച്ച സംയുക്ത രാഷ്ട്രീയസമിതിയില്‍ വിവിധ ജാതി, മത വിഭാഗങ്ങളില്‍നിന്നുള്ള സമുദായങ്ങള്‍ അധികാരപങ്കാളിത്തത്തിനുവേണ്ടി അണിനിരന്നു. അന്ന് ക്രൈസ്തവര്‍ക്കും മുസ്ലിംകള്‍ക്കുമൊപ്പമാണ് ഈഴവര്‍ സമരത്തിനിറങ്ങിയത്. മറുഭാഗത്ത് നായന്മാരടക്കമുള്ള സവര്‍ണസമുദായങ്ങളും യുദ്ധസന്നദ്ധരായി. ആ പ്രക്ഷോഭമാണ് ആധുനികകേരളത്തിലെ സാമുദായികതയുടെ രാഷ്ട്രീയത്തെ സൃഷ്ടിച്ചത്. കേരളത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ പങ്കുവഹിക്കുകയും ചെയ്തു.
ഇത്തരമൊരു സാമുദായികതയുടെ രാഷ്ട്രീയം കേരളീയസമൂഹത്തില്‍ സൃഷ്ടിച്ച പ്രതിഫലനമെന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഈഴവ സമുദായത്തിന്റെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതി. നിവര്‍ത്തന പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്താണ് ഈഴവര്‍ തങ്ങളെ വരിഞ്ഞു മുറുക്കുന്ന സവര്‍ണ ഹൈന്ദവ അധികാരത്തെ ഘടനാപരമായിത്തന്നെ ചോദ്യം ചെയ്തത്. അതൊരു ഭാഗത്ത് സ്വതന്ത്രസമുദായവാദമായി വികസിച്ച് മതത്തെത്തന്നെ പൊളിച്ചുകളയാന്‍ ശ്രമം നടത്തി. മറുഭാഗത്ത് വ്യത്യസ്ത മതങ്ങളെ ഈഴവ സ്വത്വവുമായി കൂട്ടിയിണക്കാന്‍ തന്ത്രങ്ങള്‍ മെനയുകയും ചെയ്തു. 1936-ല്‍ എസ്.എന്‍.ഡി.പിയുടെ ചങ്ങനാശ്ശേരിയിലെ സമ്മേളനം അത്തരമൊരു സന്ദര്‍ഭമാണ്. ഇസ്ലാമിലേക്കും ക്രിസ്തു മതത്തിലേക്കും ബുദ്ധ മതത്തിലേക്കും സിഖ് മതത്തിലേക്കും ഈഴവരെ ക്ഷണിച്ചുകൊണ്ട് അതതു മതത്തിലെ പ്രധാനികള്‍ അന്നത്തെ യോഗത്തില്‍ പ്രസംഗിച്ചു. മതം മാറുന്നവരെ സമുദായത്തില്‍നിന്നു പുറംതള്ളാതെ സമുദായത്തില്‍ത്തന്നെ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു യോഗാധ്യക്ഷന്‍ സഹോദരന്‍ അയ്യപ്പന്റെ നിര്‍ദേശം. അതു സാധ്യമാക്കിയാലേ ശ്രീനാരായണസ്വാമികള്‍ ദീര്‍ഘദര്‍ശനം ചെയ്ത ഏകമതസ്ഥിതി നടപ്പാവുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. (പി.വി.കെ. നെടുങ്ങാടി, സി. കൃഷ്ണന്‍, പേജ് 46, 47).
എന്നാല്‍ ഇവിടെ അയ്യപ്പ സംഗമത്തില്‍ സാമുദായികതയുടെ രാഷ്ട്രീയമല്ല, ജാതികളെ ഒരേ ചരടില്‍ കോര്‍ക്കുന്ന വിശാലഹിന്ദു രാഷ്ട്രീയമാണ് സര്‍ക്കാര്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. ഇതിലൂടെ സംഘപരിവാറിനെ അവരുടെതന്നെ പ്രമേയങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തകര്‍ക്കാന്‍ കഴിയുമെന്നായിരിക്കണം പ്രതീക്ഷ. മുസ്ലിംവിരുദ്ധ വംശീയതയിലാണ് സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയം കരുപ്പിടിപ്പിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ജാതീയമായ അടിച്ചമര്‍ത്തലുകളെ അവഗണിച്ചുകൊണ്ട് ഹൈന്ദവ ഐക്യത്തില്‍ അവര്‍ ഊന്നുന്നത്. സംഘപരിവാറിന്റെ അജണ്ടകള്‍ കൈവശപ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതും അതുതന്നെ.
സാമുദായികതക്കെതിരെ ജാതി
ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തതുപോലെ ശബരിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും വിശാലഹിന്ദു രാഷ്ട്രീയ നിര്‍മിതിക്കുവേണ്ടി ഉപയോഗിക്കുന്നത് ഇതാദ്യമല്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ രൂപീകരണത്തില്‍ത്തന്നെ ഈ ആശയധാരയുടെ നിഴലുകള്‍ കാണാം.
1949ല്‍ തിരു-കൊച്ചി സംയോജനം നടന്നു, ടി കെ നാരായണപ്പിള്ള പ്രധാനമന്ത്രിയായി. ക്രിസ്ത്യാനികളുടെ സഹായത്തോടെ പട്ടം താണുപ്പിള്ളയെ പുകച്ചുപുറത്തുചാടിച്ചാണ് നാരായണപ്പിള്ള പ്രധാനമന്ത്രിയായതെന്നാണ് നായന്മാര്‍ വിശ്വസിച്ചിരുന്നത്. ഉദ്യോഗസ്ഥവൃന്ദവും മറ്റു ചില കാരണങ്ങളാല്‍ അദ്ദേഹത്തിന് എതിരായിരുന്നു.
ജനകീയ ഭരണം ഉണ്ടാകുമെന്ന സാധ്യത തുറന്നുവന്ന സമയത്തുതന്നെ ക്ഷേത്രങ്ങളും ക്ഷേത്രസ്വത്തുക്കളും ഹിന്ദുക്കളെ ഏല്‍പ്പിക്കണമെന്ന് ഹൈന്ദവ നേതാക്കള്‍ വാദിക്കാന്‍ തുടങ്ങിയിരുന്നു. സമുദായനേതാക്കളുടെയും പിന്തുണ ഈ വാദത്തിനുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തിരു-കൊച്ചി സംയോജനം സംബന്ധിച്ച കവനന്റില്‍ ദേവസ്വം ഭരണത്തിന് ഹിന്ദു മന്ത്രിമാരുടെയും ഹിന്ദു എംഎല്‍എമാരുടെയും നേതൃത്വത്തില്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്തത്. ഈ വ്യവസ്ഥയ്ക്കനുസരിച്ചാണ് 1949ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നത്. ബോര്‍ഡിലേക്ക് ഹിന്ദു മന്ത്രിമാരുടെ പ്രതിനിധിയായി മന്നവും ഹിന്ദു എംഎല്‍എമാരുടെ പ്രതിനിധിയായി ആര്‍ ശങ്കറും തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ ശങ്കരനാരായണ അയ്യരായിരുന്നു രാജാവിന്റെ പ്രതിനിധി. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഈ സമയത്ത് പ്രത്യേക ചട്ടങ്ങളൊന്നുമുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് രണ്ട് ഓര്‍ഡിനന്‍സുകള്‍ മാത്രം. അതിനാല്‍ പുതിയ വ്യവസ്ഥകളും കീഴ്വഴക്കങ്ങളും സൃഷ്ടിക്കേണ്ട ചുമതല ബോര്‍ഡില്‍ നിക്ഷിപ്തമായി. പഴയ ദേവസ്വം വകുപ്പിന്റെ ആകെ ചുമതല പൂജകളും ആചാരാനുഷ്ഠാനങ്ങളും മുറപോലെ നടത്തുക മാത്രമായിരുന്നെങ്കില്‍ പുതിയ ബോര്‍ഡ് വ്യത്യസ്തമായാണ് ചിന്തിച്ചത്. ജാതി ചിന്തയില്ലാത്ത ഹൈന്ദവജനതയെ സൃഷ്ടിക്കുക, ഹിന്ദുക്കളുടെ സാമ്പത്തികപരാധീനത പരിഹരിക്കുക തുടങ്ങി അഞ്ചിന പരിപാടിക്ക് ബോര്‍ഡ് നേതൃത്വം നല്‍കി. ദേവസ്വത്തിലൂടെ ഹൈന്ദവജനതയുടെ ഏകീകരണമായിരുന്നു ബോര്‍ഡിന്റെ പ്രഥമ ലക്ഷ്യം. അതനുസരിച്ചുള്ള പ്രവര്‍ത്തന പരിപാടികള്‍ക്കും അവര്‍ നേതൃത്വം നല്‍കി.
ഹിന്ദുക്കളെ ഹൈന്ദവ സംസ്‌കാരം പരിചയപ്പെടുത്തുക, അതിനാവശ്യമായ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക, ഭഗവത്ഗീതാ ക്ലാസ്സുകള്‍ സംഘടിപ്പിക്കുക, ക്ഷേത്രങ്ങളിലും പുറത്തും പുരാണപാരായണങ്ങള്‍ സംഘടിപ്പിക്കുക, ഹൈന്ദവമതപാഠശാലകള്‍ സ്ഥാപിക്കുക അങ്ങനെപോകുന്നു ബോര്‍ഡ് സംഘടിപ്പിച്ച പരിപാടികള്‍. ഹൈന്ദവ സംസ്‌കാരം നിലനിര്‍ത്തുന്നതിനുവേണ്ടി ഇക്കാലത്ത് ഹൈന്ദവസംഘടനകള്‍ക്ക് നിര്‍ലോഭം ഗ്രാന്റുകള്‍ നല്‍കി. കലകളെ പ്രോല്‍സാഹിപ്പിച്ചിരുന്നത് മുന്‍കാലങ്ങളില്‍ മഹാരാജാക്കന്മാരായിരുന്നു. പുതിയ കാലത്ത് ഈ ചുമതല ബോര്‍ഡ് ഏറ്റെടുത്തു. ഒരു ഏകീകൃത ഹിന്ദുജനതയെ സൃഷ്ടിക്കുകയായിരുന്നു ഇതിന്റെയൊക്കെ ലക്ഷ്യം. ഇക്കാലത്ത് തിരു-കൊച്ചിയില്‍ നൂറുകണക്കിന് ഹൈന്ദവയോഗങ്ങളാണ് നടന്നത്. നായര്‍-ഈഴവ സമുദായങ്ങളായിരുന്നു ഇതിനെ മുന്നില്‍നിന്ന് നയിച്ചത്. ഇതില്‍ മന്നവും ശങ്കറുമായിരുന്നു പ്രധാന പ്രസംഗകർ. ഹിന്ദുക്കളെ ഉണര്‍ത്തുന്നതിനും വൈകാരികമായ ഐക്യം ഉദ്ദീപിപ്പിക്കുന്നതിനും ഇതു ഉപകാരപ്പെട്ടുവെന്ന് ശങ്കറിന്റെ ജീവചരിത്രകാരന്‍ രേഖപ്പെടുത്തുന്നു. നായര്‍-ഈഴവ സമുദായങ്ങള്‍ തമ്മില്‍ ഐക്യപ്പെടണമെന്ന ആവശ്യം ഇക്കാലത്ത് സജീവമായി. (ആര്‍ ശങ്കര്‍, എം കെ കുമാരന്‍, സാംസ്‌കാരിക വകുപ്പ്, തിരുവനന്തപുരം)
ഒപ്പം ടി കെ നാരായണപ്പിള്ള വെറും ആയുധം മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ കൃസ്ത്യാനികളുടെ ഭരണമാണ് നടക്കുന്നതെന്നുമുള്ള ആഖ്യാനത്തിന് പ്രചാരം വര്‍ധിച്ചു. ടി എം വര്‍ഗീസിനെയാണ് ശത്രുപക്ഷത്തുനിര്‍ത്തിയത്. ഈഴവ-നായര്‍ പ്രമാണികള്‍ക്കായിരുന്നു പ്രചാരണത്തിന്റെ നേതൃത്വം. കോണ്‍ഗ്രസ്സില്‍ തങ്ങള്‍ക്ക് വേണ്ടത്ര സ്ഥാനം ലഭിക്കുന്നില്ലെന്നതായിരുന്നു ഇരുവരുടെയും പരാതി. ആ പരാതിയാണ് ദേവസ്വം ബോര്‍ഡിനെ ഉപയോഗപ്പെടുത്തി പരിഹരിക്കാന്‍ ശ്രമിച്ചത്. മന്നത്തു പത്മനാഭനും ആര്‍ ശങ്കറും തമ്മിലുള്ള ദേവസ്വം ബോര്‍ഡിലെ സമാഗമം മൂര്‍ഖന്‍ വിഷവും കെമിക്കല്‍ വിഷവും തമ്മിലുള്ള സംയോജനം പോലെ മാരകമായിരുന്നുവെന്നാണ് ഇതേ കുറിച്ച് സി നാരായണപ്പിള്ള അഭിപ്രായപ്പെട്ടത്.
ഇത്തരം ശ്രമങ്ങള്‍ ഇതരമതവിദ്വേഷത്തിന് കാരണമാകുന്നുവെന്ന വിമര്‍ശനം കോണ്‍ഗ്രസ്സിനുള്ളില്‍നിന്നുതന്നെ ഉയര്‍ന്നു. ഒടുവില്‍ ഇരുവരും ബോര്‍ഡില്‍നിന്ന് പുറത്തായി. ഇതാണ് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്ന സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചത്. ചങ്ങനാശ്ശേരിയില്‍ ഹിന്ദുക്കളുടെ മഹാസമ്മേളനത്തില്‍ വച്ച് ഹിന്ദുമഹാമണ്ഡലവും രൂപീകരിച്ചു. ഈ സമ്മേളനത്തില്‍വച്ച് മന്നത്ത് പത്മനാഭപിള്ള ജാതി നാമം ഉപേക്ഷിച്ച് മന്നത്ത് പത്മനാഭനായി.
ശബരിമല ക്ഷേത്രം അഗ്നിക്കിരയാവുന്നതും ഈ സമയത്താണ്. ക്രിസ്ത്യാനികളാണ് ഇതിനുപിന്നിലെന്ന പ്രചാരണം വ്യാപകമായി നടന്നു. സ്വാഭാവികമായും ഹൈന്ദവവികാരം കുറേക്കൂടി തീവ്രമായി. ഹിന്ദുമഹാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ആവേശം പകര്‍ന്നു. ഇക്കാലത്ത് എസ്എന്‍ഡിപിയും എന്‍എസ്എസ്സും ലയിക്കാന്‍ പോലും തീരുമാനിച്ചു. ലയനത്തിന് 1950ല്‍ എസ്എന്‍ഡിപി യോഗം അനുമതി നല്‍കി. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവചനത്തിന്റെ പ്രായോഗികവല്‍ക്കരണമാണ് ലയനമെന്നായിരുന്നു വ്യാഖ്യാനം.
ഇക്കാലത്തുതന്നെയാണ് ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. മന്നം-ശങ്കര്‍ അച്ചുതണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്കു വിനയാവുമെന്നു കണ്ട കോണ്‍ഗ്രസ്സ് ഇരുവരെയും കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്സില്‍ ലയിച്ചു.

ഹിന്ദു മണ്ഡലത്തിന്റെ രൂപീകരണത്തെയും വിശാലഹിന്ദു ഐക്യത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നേതാവാണ് സഹോദരന്‍ അയ്യപ്പന്‍. രാജ്യത്തെ സമുദായപ്രശ്‌നം ഹിന്ദു ഐക്യം കൊണ്ട് ഇല്ലാതാകില്ലെന്ന് ‘ഐക്യശ്രമം’ എന്ന പേരില്‍ സഹോദരനില്‍ എഴുതിയ മുഖപ്രസംഗത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. വിശാലഹിന്ദു ഐക്യം ആത്മഹത്യാപരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഹിന്ദുക്കള്‍ യോജിച്ചാല്‍ അതുകൊണ്ട് നഷ്ടം കീഴാള സമുദായങ്ങള്‍ക്കുമാത്രമായിരിക്കും. കാരണം ക്രൈസ്തവര്‍ പ്രബല സമുദായമായിരിക്കും. നായന്മാരും പ്രബലരാണ്. കാരണം താക്കോല്‍ സ്ഥാനങ്ങളില്‍ ഇവരാണ് ഇരിക്കുന്നത്. നഷ്ടം മറ്റിതര സമുദായങ്ങള്‍ക്കു മാത്രമായിരിക്കുമെന്നും അദ്ദേഹം എഴുതി. ഇപ്പോള്‍ അയ്യപ്പസംഗമം വഴി കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വിശാലഹിന്ദു വീക്ഷണവും പഴയ മന്നം-ശങ്കര്‍ അച്ചുതണ്ടിന്റെ അതേ ചിന്തതന്നെയാണ്.
***
അയ്യപ്പ സംഗമത്തിലേക്ക് തന്നെ തിരിച്ചുവരാം. മതത്തിന്റെ ഉള്ളില്‍നിന്നുകൊണ്ട് സംഘപരിവാറിനെ നിലംപരിശാക്കാമെന്ന് കരുതുന്ന ഇടത് എഴുത്തുകാര്‍ ശ്രേണീകൃതമായ ജാതിവ്യവസ്ഥയെന്ന യാഥാര്‍ത്ഥ്യത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ടുള്ള ഒരു ഹിന്ദു ‘മതഭാഷ’ നിര്‍മിക്കാനാണ് ശ്രമിക്കുന്നത്. അവരുടെ ഭാവനയില്‍ ഹൈന്ദവത തിരശ്ചീന തലത്തിലുള്ള ഒരു തരംതിരിവു മാത്രമാണ്. ജാതീയമായ ഉച്ചനീചത്വങ്ങളുള്ള, ശ്രേണീബന്ധമായ അധികാരഘടനയുള്ള ‘മത’മാണ് ഹിന്ദുമതമെന്ന യാഥാര്‍ത്ഥ്യം പരിഗണിച്ചതേയില്ല. ദേശീയവാദത്തിന്റെ കാലത്ത് രൂപംകൊണ്ട സവര്‍ണഭാഷതന്നെയാണ് ഇതും. ശ്രീനാരായണ ഗുരുവും അതിനുശേഷം പൊതുരംഗത്തുവന്ന അസംഖ്യം കീഴാളജ്ഞാനികളും പ്രതിനിധാനം ചെയ്ത ബ്രാഹ്‌മണവിരുദ്ധമായ മറ്റൊരു ‘മതഭാഷ’യുണ്ടെന്നും ‘മതാതീത ആത്മീയത’ പോലുള്ള പ്രയോഗങ്ങളിലൂടെ സര്‍ക്കാര്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് സവര്‍ണരുടെ ബ്രാഹ്‌മണിക് ‘മതഭാഷ’യാണെന്നും നാം തിരിച്ചറിയണം.
ഒപ്പം സംഘപരിവാര്‍ ഭീഷണിയുടെ കാലത്ത് അവര്‍ പ്രസരിപ്പിക്കുന്ന വംശീയതയുടെ ചട്ടക്കൂട് കടമെടുത്തുകൊണ്ട് അവരെ തോല്‍പ്പിക്കുകയെന്ന തന്ത്രം ശരിയാണോയെന്നും ചിന്തിക്കണം. ഭാവിയില്‍ സംഘപരിവാറിനെ തകര്‍ത്ത് കേരളത്തെ ‘വര്‍ഗീയ’ മുക്തമാക്കാമെന്നാണ് അവരുടെ പ്രതീക്ഷ. ഇപ്പോഴത്തെ വിട്ടുവീഴ്ചകള്‍ അതിന് ഉപകാരപ്പെടുമെന്ന് അവര്‍ കരുതുന്നു. വര്‍ത്തമാനത്തില്‍ സവര്‍ണവംശീയതയെ ചോദ്യം ചെയ്യാതെ ഭാവിയില്‍ ഒരു നന്മ കൊണ്ടുവരാമെന്നായിരിക്കണം സര്‍ക്കാര്‍ കരുതുന്നത്. വിശാലഹിന്ദു വീക്ഷണം സൃഷ്ടിക്കുന്ന വംശീയ യുക്തി ഒരു വിമോചനവും സാധ്യമാക്കില്ലെന്നതിന് കേരളത്തിന്റെ ചരിത്രം തന്നെയാണ് സാക്ഷി.
കടപ്പാട്
1. ആര്‍ ശങ്കര്‍, എം കെ കുമാരന്‍, സാംസ്‌കാരിക വകുപ്പ്, തിരുവനന്തപുരം, 1987
2. സഹോദരന്‍ അയ്യപ്പന്‍, കെ എ സുബ്രഹ്‌മണ്യന്‍, പ്രസാ: കെ എ സുബ്ര്ഹ്‌മണ്യന്‍, 1973
3. ശബരിമല: സംഘ്പരിവാറിന്റെ ഇരട്ടത്താപ്പുകള്‍, മുഹമ്മദലി കിനാലൂര്‍, സിറാജ് പത്രം, ഒക്ടോബര്‍ 18, 2016.
4. ‘ആഗോള അയ്യപ്പ സംഗമം മതേതര കേരളത്തിന് വെല്ലുവിളി’- ടി എസ് ശ്യാകുമാര്‍, അഴിമുഖം, സെപ്തംബര്‍ 19, 2025
5. ശ്രീമാന്‍ സി കൃഷ്ണന്‍, പിവികെ നെടുങ്ങാടി, കാലിക്കറ്റ് പ്രസ്, കോഴിക്കോട്, പ്രസാധകന്‍ സി ഉണ്ണി, 1939
6. വിവിധ പത്രങ്ങള്‍








