തടവുകാരുടെ അവകാശങ്ങൾക്കും മോചനത്തിനും വേണ്ടി ഒരു പുരുഷായുസ് നീണ്ട നിരന്തര സമരങ്ങൾ നയിച്ച മനുഷ്യാവകാശ പോരാളി ആയിരുന്നു വിടവാങ്ങിയ പ്രൊഫ ജി.എൻ സായിബാബ. 2008 ൽ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ഡൽഹി കോൺഫറൻസിന്റെ സംഘാടക സമിതിയിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് പലപ്പോഴായി ദൽഹി യൂണിവേഴ്സിറ്റിയിലെ ഔദ്യോഗിക വസതിയിലും വ്യത്യസ്ത മനുഷ്യവകാശ സംഗമങ്ങളിലും വെച്ച് അടുത്തറിയാൻ അവസരമുണ്ടായി. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ സവിശേഷതകളെ, പ്രത്യേകിച്ച് മുസ്‌ലിംകളെ കൃത്യമായി മനസിലാക്കിയ , അവരുടെ പ്രശ്നങ്ങളെ സത്യസന്ധമായി വിലയിരുത്തിയ ധിഷണാശാലിയായ അധ്യാപകനും സാമൂഹ്യ ശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സങ്കീർണമായ സാമൂഹ്യ യാഥാർഥ്യങ്ങളെ ആഴത്തിൽ ഗ്രഹിച്ചു മനസിലാക്കിയ ഒരു സാമൂഹ്യ ശാസ്ത്രജ്ഞനെ വേട്ടയാടി നശിപ്പിക്കുകയല്ല, അംഗീകരിക്കുകയും പ്രയോജനപ്പെടുത്തുകയുമായിരുന്നു ഒരു പരിഷ്കൃത സമൂഹം ചെയ്യേണ്ടിയിരുന്നത്. പക്ഷെ ഇന്ത്യൻ ദേശ രാഷ്ട്രം വേട്ടയാടി കൊലപ്പെടുത്തുകയാണുണ്ടായത്.

ഇന്ത്യയിലെ ഭരണകൂട്ട വേട്ടയുടെ ഇരകളായ മർദിത സമൂഹങ്ങളെ അടുത്തറിയുകയും അവരുടെ പ്രശ്നങ്ങൾ സൂക്ഷ്മമായി ഗ്രഹിക്കുകയും അവരെ കോർത്തിണക്കി അവകാശ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്യുന്നതിൽ അദ്ദേഹത്തിൻ്റെ ആശയ വ്യക്തതയും ആർജ്ജവവും അതിശയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്വയം പ്രഖ്യാപിത മനുഷ്യാവകാശ സംഘടനകളും നേതാക്കളും സൗകര്യപൂർവം അവഗണിച്ച ഉപദേശീയതകളുടെയും, ഭാഷാ – മത ന്യൂനപക്ഷങ്ങളുടെയും, വിശിഷ്യാ ഹിന്ദുത്വ തീവ്രവാദത്തിൻ്റെ മുഖ്യ ഇരകളായ മുസ്‌ലിംകളുടെയും പ്രശ്നങ്ങളെ കേവല ഇരവൽക്കരണത്തിൻ്റെയും സഹതാപ ദുരിതാശ്വാസത്തിൻ്റെയും കാപട്യം ഭേദിച്ച് സത്യസന്ധമായ സമീപന യുക്തിയോടെ വിശദീകരിച്ച അദ്ദേഹത്തെ ഹൃദയം നിറഞ്ഞ ആദരവോടെ അല്ലാതെ അനുസ്മരിക്കാനാവില്ല. അഖിലേന്ത്യാ തലത്തിൽ Committee for the Release of Political Prisoners (CRPP) എന്ന രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള ജനകീയ മുന്നണിയുടെ രൂപീകരണത്തിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമായിരുന്നു. ദൽഹി സാക്കിർ ഹുസൈൻ കോളജ് പ്രൊഫസറായിരുന്ന സയ്യിദ് അബ്ദുർറഹ്മാൻ ഗീലാനി ( കശ്മീർ ) ജാദവ്പൂർ യൂണിവേഴ്സിറ്റി പ്രൊഫസർ അമിത് ഭട്ടാചാര്യ ഡോ. എസ്. ക്യു.ആർ ഇൽയാസ് (ഡൽഹി) കേരളത്തിൽ നിന്നുള്ള എം എൻ രാവുണ്ണി ,പ്രൊഫ. പി കോയ, വി എം ഇബ്രാഹിം ജെ.എൻ.യുവിലെ റോണ വിത്സൺ തുടങ്ങി വിവിധ സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന വലിയൊരു അക്കാദമിക സമൂഹത്തെയും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സാമൂഹ്യ പ്രസ്ഥാനങ്ങളെയും അരികുവൽക്കരിക്കപ്പെടാൻ വിസമ്മതിക്കുന്ന ദുർബല ജനവിഭാഗങ്ങളെയും ഏകോപിപ്പിക്കുന്ന അസാധാരണമായ സംഘാടന മികവായിരുന്നു സി.ആർ.പി.പിയുടെ രൂപീകരണം. ഒരു പക്ഷേ തുടർന്നുള്ള വർഷങ്ങളിൽ രാജ്യത്തെ വിമതശബ്ദങ്ങളെ അടിച്ചമർത്തി ഇല്ലായ്മ ചെയ്യാൻ നടന്ന ഹിന്ദുത്വഭരണകൂട നീക്കങ്ങളെ കരുതലോടെ ദീർഘവീക്ഷണം ചെയ്ത ഒരു മുന്നേറ്റം കൂടി ആയിരുന്നു സി.ആർ.പി. പി. എന്ന പൊതുവേദി. അത് തന്നെ ആയിരിക്കാം പിന്നീട് ഹിന്ദുത്വഭരണകൂടം പ്രൊഫ.സായിബാബയെ ജയിലിലടക്കാനുണ്ടായ പ്രകോപനവും.
പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പരസഹായം ആവശ്യമുള്ള, ശരീരത്തിന്റെ 90 ശതമാനവും ചലനശേഷി നഷ്ടപ്പെട്ട ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രഫസറായിരുന്ന ജി.എന്‍ സായിബാബയെ 2014 മെയ് ഒമ്പതിന് ഡല്‍ഹി പോലീസിന്റെ സഹായത്തോടെ മഹാരാഷ്ട്ര പോലീസ് സര്‍വ്വകലാശാലാ കാമ്പസിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിന് രോഗം ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം നേരിട്ടിരുന്ന സായിബാബ ഉൾപ്പെടെ ഏഴുപേരെ പൊലീസ് യു.പി.എ സർക്കാറിന്‍റെ കാലത്ത് അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു. തുടർന്ന് ജയിലിനകത്തും നിരന്തരമായ അവകാശ നിഷേധങ്ങളിലൂടെ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി കൂടുതൽ തകർക്കുകയും, ജോലി നഷ്ടപ്പെടുത്തുകയും ചെയ്യുകയാണുണ്ടായത്. 2017 ലാണ് സായിബാബ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അന്ന് മുതല്‍ നാഗ്പൂർ സെന്‍ട്രല്‍ ജയിലിലെ ഏകാന്ത തടവറയിലാണദ്ദേഹം അടക്കപ്പെട്ടത്. 19 ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയിലാണ് സായിബാബയെ ജയിലിൽ അടക്കുന്നത് . ആരോഗ്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ചപ്പോഴെല്ലാം ജാമ്യം നിഷേധിക്കുകയാണ് കോടതി ചെയ്തത്. ലോക്ഡൗണ്‍ കാലത്ത് തടവുകാരെ പരോളില്‍ വിടണമെന്ന് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായി. അന്ന് 45 ദിവസത്തെ പരോളിന് വേണ്ടി അപേക്ഷ നല്‍കി. പക്ഷെ, കോടതി അതും നിരസിച്ചു. സ്ഥിരമായി ഫിസിയോതെറാപ്പി ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും സാമാന്യ ബോധമോ മനുഷ്യത്വമോ ലവലേശമില്ലാത്ത ജയില്‍ അധികൃതര്‍ അവയൊന്നും സായി ബാബക്ക് അനുവദിച്ചില്ല. അങ്ങനെ ജയിലിൽ അദ്ദേഹത്തിന്റെ വലത് കൈയ്യും പ്രവര്‍ത്തനരഹിതമായി. വിരലുകള്‍ മടങ്ങാതെ ആയി. സ്പൂണ്‍ പിടിച്ച് ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്നു അദ്ദേഹം. തത്വത്തിൽ സായിബാബയെ നൂറ് ശതമാനം ചലന പ്രയാസം നേരിടുന്ന അവസ്ഥയിലേക്ക് ജയിൽവാസം തള്ളി വിടുകയായിരുന്നു. അതിൻ്റെ തുടർച്ചയായി മാത്രമേ അദ്ദേഹത്തിൻ്റെ മരണത്തെയും വിലയിരുത്താനാവൂ. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും കുറ്റക്കാരനാണെന്നതിന് ശക്തമായ ഒരു തെളിവ് പോലും ഇല്ലാതിരുന്നിട്ടും ദീർഘകാലം തടവറയിലിട്ടു പീഢിപ്പിച്ച ശേഷവും പകയോടെയും പ്രതികാര ദാഹത്തോടെയുമുള്ള ഭരണകൂട നിലപാടാണ് അദ്ദേഹം അനുഭവിച്ചത്. ദീർഘകാലം ജയിലിൽ അടയ്ക്കപ്പെട്ടതിൻ്റെ അനന്തര ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സയിലായിരുന്ന ജി.എൻ. സായിബാബയ്ക്ക് മരണപ്പെടുമ്പോൾ 57 വയസായിരുന്നു.

അന്യായ തടങ്കലിൽ കഴിഞ്ഞിരുന്ന കാലത്താണ് ജി.എൻ . സായിബാബയുടെ പ്രിയ മാതാവ് ഗോകരാക്കോണ്ട സൂര്യവതി (74) 2020 ആഗസ്റ്റ് ഒന്നിന് അന്തരിച്ചത്. ഹൈദരാബാദിലെ നിംസിൽ കാൻസർ ചികിത്സയിലായിരുന്ന അവരുടെ ആരോഗ്യനില ദിവസം കഴിയുംതോറും ക്രമേണ വഷളായി വരികയായിരുന്നു. മൂത്ത മകനായിരുന്നു ജയിലിൽ കഴിഞ്ഞ ഡോ. ജി. എൻ. സായിബാബ. അവസാന ദിവസങ്ങളിൽ അമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു അദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷയും പരോളും കോടതി നിർദയം നിരസിക്കുകയായിരുന്നു, ജയിലിൽ എത്തിയതിനുശേഷം തുടർച്ചയായി നാല് വർഷത്തോളം പ്രിയമകനെ കാണാൻ ആ അമ്മക്ക് കഴിഞ്ഞില്ല.
2014 മേയിലാണ് ഡൽഹി സർവകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു യു.എ.പി.എ ചുമത്തി കേസെടുത്തതോടെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു. 2017ൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവിസിൽ നിന്ന് പുറത്താക്കി. 2022 ഒക്ടോബർ 14ന് കേസിൽ സായിബാബ ഉൾപ്പെട്ടയുള്ളവരെ വിട്ടയച്ചു കൊണ്ട് ഹൈകോടതി വിധി പുറപ്പെടുവിച്ചെങ്കിലും മഹാരാഷ്ട്ര സർക്കാറിന്റെ എതിർവാദം അംഗീകരിച്ച് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തു. സുപ്രീം കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചാണ് പിന്നീട് ബോംബെ ഹൈകോടതിയുടെ വിധി പരിഗണിച്ച് അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ജയിൽ മോചിതനാക്കിയത്. ഇതിനിടെ കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു. വൃക്ക – സുഷുമ്നാ നാഡി സംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെ ഒന്നിലധികം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിരുന്നു. യു.എ.പി.എ ചുമത്തി പത്ത് വർഷത്തോളം ജയിലിൽ അടയ്ക്കപ്പെട്ട സായിബാബയുടെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ഹൈകോടതി കണ്ടെത്തിയിരുന്നു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി അട്ടിമറിക്കാനുള്ള നീക്കത്തിലൂടെ നീതിയും നിയമ വ്യവസ്ഥയും സങ്കുചിത ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദുഷ്ട ലക്ഷ്യങ്ങൾക്ക് വഴിപ്പെടുന്നതിനെതിരെ അരുന്ധതി റോയിയെപ്പോലുള്ളവർ പ്രതികരിച്ചിരുന്നു. നീതിയുടെ ശബ്ദങ്ങൾക്ക് പിന്തുണ കുറയുകയും അനീതികളും അന്യായങ്ങളും അരങ്ങുവാഴുകയും ചെയ്യുന്ന ഇന്ത്യയിൽ ഭരണവർഗത്തെ ബാധിച്ച വലതു പക്ഷ ഹിന്ദുത്വ ഭീകര മനോഭാവം കൊലപ്പെടുത്തിയ ഒടുവിലത്തെ രക്തസാക്ഷിയാണ് പ്രൊഫ ജി എൻ സായിബാബ.