Campus Alive

ഇന്ത്യൻ വംശീയ രാഷ്ട്രവും ഇസ്‌ലാമോഫോബിയയും

(Islamophobia in India and the Racial State എന്ന ലേഖനത്തിന്റെ മലയാള വിവർത്തനം മൂന്നാം ഭാഗം)


സ്റ്റുവേർട്ട് ഹാളിനെ പിന്തുടർന്നു കൊണ്ട് ഗോൾഡ്ബെർഗ് അദ്ദേഹത്തിന്റെ The Racial State എന്ന പുസ്തകത്തിൽ വംശവും ആധുനിക രാഷ്ട്രവും പരസ്പരനിർമ്മിതമാണെന്നും അതിനാൽ തന്നെ വംശീയതയെ കുറിച്ച് ആധുനിക രാഷ്ട്രത്തെ ഒഴിവാക്കിക്കൊണ്ട് പഠിക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിക്കുന്നു (Goldberg 2002, 4). അദ്ദേഹം തുടർന്ന് പ്രസ്താവിക്കുന്നു:

“ആധുനിക ദേശരാഷ്ട്രത്തിന്റെ ഉത്ഭവത്തിന്റെയും വികാസത്തിന്റെയും പരിണാമത്തിന്റെയും (സങ്കല്പനപരവും, ദാർശനികവും, ഭൗതികവുമായ) അനിവാര്യ ഘടകമാണ് വംശം. വംശം ആധുനിക ദേശരാഷ്ട്രത്തെ അടയാളപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നു, സങ്കല്പനപരവും സ്ഥാപനപരവുമായ രാഷ്ട്ര പദ്ധതികളുടെ ഉത്ഭവത്തിന്റെ കാര്യത്തിലും അപ്രകാരം തന്നെ. വംശീയ പ്രകടനങ്ങളുടെയും അതേപോലെ വംശീയമായ പുറന്തള്ളലുകളുടെയും അധീശത്വങ്ങളുടെയും വ്യവസ്ഥകളെ ആകാരപ്പെടുത്തുന്നതിലും പരിഷ്കരിക്കുന്നതിലും ബലപ്പെടുത്തുന്നതിലും ആധുനിക രാഷ്ട്രങ്ങൾ സ്വീകരിക്കുന്ന ഉപകരണങ്ങളും സങ്കേതങ്ങളും വ്യത്യസ്ത തരത്തിൽ പങ്കു വഹിക്കുന്നു” (Goldberg 2002, 4).

ഗോൾഡ്ബെർഗിന്റെ അഭിപ്രായത്തിൽ, ദേശരാഷ്ട്രത്തിന്റെ ഉത്ഭവത്തിന്റെയും വികാസത്തിന്റെയും പരിണാമത്തിന്റെയും (സങ്കല്പനപരവും, ദാർശനികവും, ഭൗതികവുമായ) മൗലികമായ ഘടകമാണ് വംശം. രാഷ്ട്രത്തിന്റെ സങ്കേതങ്ങളും ഉപകരണങ്ങളും വംശീയ പ്രകടനങ്ങളെയും വംശീയമായ പുറന്തള്ളലുകളെയും നിർമ്മിക്കുകയും രൂപവൽക്കരിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നതിൽ വ്യത്യസ്ത തരത്തിൽ പങ്കു വഹിക്കുന്നു (Goldberg 2008). രാഷ്ട്രത്തിന് പുറത്തുള്ള ജനങ്ങളെ പുറന്തള്ളിക്കൊണ്ട് രാഷ്ട്രത്തിനകത്തുള്ള ജനതക്കു മേൽ അതിന്റെ അധികാരം സ്ഥാപിക്കുന്ന ഒരു അധികാര ഘടനയാണ് വംശീയ രാഷ്ട്രം. ആധുനിക രാഷ്ട്രം — ഇവിടെ ഇന്ത്യൻ രാഷ്ട്രം — അതിന്റെ ഭരണഘടന, നിയമ കുതന്ത്രങ്ങൾ, ചരിത്രം, സംസ്കാരം, ഉദ്യോഗസ്ഥവൃന്ദം, ഭരണകൂട നയങ്ങൾ എന്നിവയിലൂടെ വംശീയമായി നിർണിതമായ സംവർഗ്ഗങ്ങളുടെ അടിസ്ഥാനത്തിൽ ഉൾക്കൊള്ളാനും പുറന്തള്ളാനുമുള്ള അധികാരം നിർമ്മിച്ചെടുക്കുന്നു.

വംശീയ ഭരണകൂടം വംശീയമാവുന്നത് അതിന്റെ ഭൂരിപക്ഷ ജനതയുടെ വംശീയ സ്വഭാവം കൊണ്ടോ അല്ലെങ്കിൽ അതിന്റെ നയങ്ങളിലെ വംശീയത കാരണമോ അല്ലെന്ന് (ഈ രണ്ട് സംഗതികളും പ്രധാനമാണെങ്കിലും) ഗോൾഡ്ബർഗ് അടിവരയിട്ടു പറയുന്നു. മറിച്ച്, “വംശീയമായി രൂപവൽകൃതമായ ഇടങ്ങളെയും സ്ഥലങ്ങളെയും, വിഭാഗങ്ങളെയും സംഭവങ്ങളെയും, ജീവിത ലോകങ്ങളെയും സാധ്യതകളെയും, ഉൾക്കൊള്ളലുകളെയും പുറന്തള്ളലുകളെയും, സങ്കല്പനങ്ങളെയും പ്രതിനിധാന ശൈലികളെയും ഉൽപ്പാദിപ്പിക്കുന്നതിലും പുനരുൽപ്പാദിപ്പിക്കുന്നതിലും, അവയെ നിർമ്മിക്കുന്നതിലും സ്വാധീനിക്കുന്നതിലും” അത് വഹിക്കുന്ന ഘടനാപരമായ സ്ഥാനം കാരണമാണ് ആധുനിക രാഷ്ട്രങ്ങൾ വംശീയമാവുന്നത് (Goldberg 2002, 239). ജനതയെ നിർവ്വചിക്കുകയും നിർണയിക്കുകയും ഘടനാവൽക്കരിക്കുകയും ചെയ്യുന്ന അവയുടെ പ്രക്രിയകളാണ് അവയെ വംശീയമാക്കുന്നതെന്ന് ചുരുക്കം. വംശീയമായ വ്യവസ്ഥകൾക്കുള്ളിൽ നിന്നു കൊണ്ടോ അല്ലെങ്കിൽ അതിനെ അടിസ്ഥാനപ്പെടുത്തിയോ ചിലരെ പുറന്തള്ളാനും ചിലർക്ക് പ്രിവിലേജ് നൽകാനും രാഷ്ട്രത്തിന്റെ ഇത്തരം നിർവ്വചന, നിർണയന, ഘടനാരൂപീകരണ ശ്രമങ്ങൾ സഹായിക്കുന്നു എന്ന അർത്ഥത്തിലും അവ വംശീയമാണ്.

ഗോൾഡ്ബെർഗിനെ സംബന്ധിച്ച് എല്ലാ രാഷ്ട്രങ്ങളും വംശീയ രാഷ്ട്രങ്ങളാണെങ്കിലും എല്ലാ രാഷ്ട്രങ്ങളും സജീവമായി വംശീയമല്ല. ഇതിനെ കൂടുതൽ വ്യക്തമാക്കുന്നതിനായി വംശീയ വാഴ്ച എന്നതിനെ അദ്ദേഹം വംശീയ പ്രകൃതിവാദം (Racial naturalism), വംശീയ ചരിത്രവാദം (Racial historicism) എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നു. ഇരു നിറക്കാരായ തദ്ദേശീയരും വെളുത്ത തൊലിയുള്ള യൂറോപ്യരും തമ്മിൽ വ്യതിരിക്തമാകുന്ന തൊലി നിറത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിഭജനമാണ് പ്രകൃതിവാദ വംശീയത. യൂറോപ്യന്മാരെ ചരിത്രമുള്ളവരും ഉയർന്നവരുമായി കാണുകയും അതേസമയം തദ്ദേശീയരെ ചരിത്രരഹിതരും അധമരുമായി കാണുകയും ചെയ്യുന്ന വീക്ഷണത്തെ സംബന്ധിച്ച് ഈ സവിശേഷതകൾ മൗലികമാണ് (Goldberg 2002, 43).

ഡേവിഡ് ഗോൾഡ്ബെർഗ്

തോമസ് ഹോബ്സിനെയും ആധുനിക രാഷ്ട്രത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്പനത്തെയും ഗോൾഡ്ബെർഗ് ഈ വിഭാഗത്തിലാണ്പെടുത്തുന്നത്. ഹോബ്സ് ‘പ്രകൃത്യാവസ്ഥ’ (state of nature) എന്നു വിളിച്ച സുസ്ഥിരമായ അരക്ഷിതാവസ്ഥയിൽ നിന്ന് നാഗരികതയെ രക്ഷിക്കാനുള്ള അനിവാര്യമായ മാർഗ്ഗമെന്ന രീതിയിൽ ഹോബ്സ് സമകാലിക രാഷ്ട്രത്തെ മനസ്സിലാക്കി. അമേരിക്കൻ തദ്ദേശീയരെ കുറിച്ചുള്ള ഹോബ്സിന്റെ ധാരണയെ ഈ പ്രകൃത്യാവസ്ഥക്കകത്ത് പരിമിതപ്പെട്ട ഒന്നായാണ് ഗോൾഡ്ബർഗ് പരിഗണിച്ചത്. ഹോബ്സിനെ സംബന്ധിച്ചേടത്തോളം പ്രകൃത്യായുള്ള ഈ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ആളുകളാണ് പുതുതായി കണ്ടെത്തിയ ഭൂപ്രദേശങ്ങൾ കയ്യടക്കിവെച്ചിരുന്നത്. യൂറോപ്യൻ വെള്ളക്കാരിൽ നിന്നു വിരുദ്ധമായി വികസനത്തിനും ചരിത്ര പുരോഗതിക്കും കഴിവില്ലാത്തവർ എന്ന നിലയിലാണ് വംശീയമായി വിഭാവന ചെയ്യപ്പെട്ട ‘തദ്ദേശീയരെ’ അദ്ദേഹത്തിന്റെ യുക്തി പ്രതിനിധീകരിച്ചത് (Goldberg 2002, 43). പ്രകൃത്യാവസ്ഥയുടെ തടവുകാരായ അപരിഷ്കൃതരും തദ്ദേശീയരുമെന്ന ആശയം ഹോബ്സിൽ മാത്രം പരിമിതമായിരുന്നില്ല; മറിച്ച്, അന്നത്തെ യൂറോപ്യൻ ഫിലോസഫർമാർ പുലർത്തിപ്പോന്നിരുന്ന പ്രബലമായിരുന്ന ധാരണയായിരുന്നു അതെന്ന് ഗോൾഡ്ബർഗ് വാദിക്കുന്നു (Goldberg 2002, 44-46).

വ്യാപകമായി തിരിച്ചറിഞ്ഞിട്ടുള്ളതും എളുപ്പത്തിൽ ദൃശ്യമാവുന്നതും ലിബറൽ മുഖ്യധാര പൂർണമായി അപലപിക്കുകയും ചെയ്യുന്ന വംശീയതയുടെ രൂപമാണിത്. ഹിന്ദുത്വ ദേശീയവാദികളുടെയും വലതുപക്ഷ സംഘങ്ങളുടെയും വ്യവഹാരങ്ങളിൽ പ്രകൃതിവാദ വംശീയത തെളിഞ്ഞു കാണാം. മുസ്‌ലിങ്ങളെ മാറ്റത്തിന് ശേഷിയില്ലാത്തവരെന്ന് വിശേഷിപ്പിക്കുന്നതിനായി ബാർബേറിക്, വൃത്തിയില്ലാത്തവർ, പിന്നോക്കക്കാർ, അമിതലൈംഗികതയുള്ളവർ, ഹിംസാത്മകമായവർ തുടങ്ങിയ അനേകം പദാവലികൾ അവർ പ്രയോഗിക്കുന്നു. ഹിന്ദു ഭൂരിപക്ഷത്തിന്റെ മൂല്യങ്ങളെയും മേൽക്കോയ്മയെയും ഇന്ത്യയിലെ അവരുടെ പ്രഭുത്വത്തെയും സ്വീകരിച്ചുകൊണ്ട് മാത്രമേ മുസ്‌ലിങ്ങൾക്ക് സഹകരണം പ്രതീക്ഷിക്കാൻ വകയുള്ളൂ. ഈ രൂപത്തിലുള്ള വംശീയതയിൽ, “രക്തത്താലും ജനിതകമായും അതിനായി വിധിക്കപ്പെട്ടവരെന്ന പോലെ വംശീയമായി മേധാവിത്വം പുലർത്തുന്ന വിഭാഗമാണ് നിയമങ്ങൾ നിർമ്മിക്കുകയും, ചിട്ടകൾ സ്ഥാപിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുക” (Goldberg 2002, 75).

മറുവശത്ത്, ചരിത്രവാദ അല്ലെങ്കിൽ പുരോഗമനവാദ വംശീയത, ചരിത്രം, പുരോഗമനം എന്നീ അടിത്തറകൾക്കു മേലിലാണ് അതിന്റെ വംശീയത കെട്ടിപ്പടുക്കുന്നത്. ഈ ആഖ്യാനം “പ്രകടവും ബോധപൂർവ്വവുമായി വംശീയ സവിശേഷതകളെ ചരിത്രവൽക്കരിക്കുകയും യൂറോപ്യരെയും അവരുടെ കോളനിയാനന്തര സന്തതികളെയും ചരിത്രപരമായ പുരോഗമനത്തിന്റെ വിജയമെന്ന നിലയിൽ പിന്നോക്ക അവികസിത അപരനു മുകളിൽ മഹത്വപ്പെടുത്തി പ്രതിഷ്ഠിക്കുകയും”, അതേസമയം ഈ അപരന്റെ ചരിത്ര പുരോഗമനത്തിലേക്കുള്ള സാധ്യത തുറന്നിടുകയും ചെയ്യുന്നു (Goldberg 2002, 43). അപരന് പുരോഗതി കൈവരിക്കാനുള്ള ശേഷിയെ ഈ വീക്ഷണം നിഷേധിക്കുന്നില്ലായെങ്കിലും അത്തരമൊരു പുരോഗതി വെള്ളക്കാരനായ യൂറോപ്യന്റെ മാർഗദർശനത്തിൽ മാത്രമേ ആർജ്ജിക്കുക സാധ്യമാവൂ എന്നും അത് അവകാശപ്പെടുന്നു. കോളനിവൽകൃതരെയും അവരുടെ വിഭവങ്ങളെയും നന്നായി കൈകാര്യം ചെയ്യാൻ ശേഷിയുള്ളയാൾ കോളനൈസറാണെന്ന യുക്തിയുമായി വംശീയ ചരിത്രവാദം കൊളോണിയലിസത്തിന് അടിത്തറ പാകി.

തോമസ് ഹോബ്സ്, ജോൺ ലോക്ക്

ഈ വീക്ഷണത്തിന്റെ പ്രതിനിധിയായി ജോൺ ലോക്കിനെ ഗോൾഡ്ബർഗ് തിരിച്ചറിയുന്നു. സ്വത്വങ്ങളെ സ്ഥിരവൽക്കരിക്കുന്ന നിർണയവാദ പ്രവണതകളെ ലോക്ക് എതിർത്തു. തദ്ദേശീയർ നൈസർഗ്ഗികമായി പ്രാകൃതരാണെന്നും അതവരെ അടിയാളത്തത്തിന് വിധിക്കപ്പെട്ടവരാക്കി മാറ്റുകയും ചെയ്യുന്നുവെന്നും വിശ്വസിച്ചു പോന്ന ഹോബ്സിൽ നിന്ന് വ്യത്യസ്തമായി, ലോക്കിന്റെ അടിമത്തത്തോടുള്ള പിന്തുണ അടിമകളാക്കപ്പെട്ടവർ കുട്ടികൾക്ക് സമാനമാണെന്നും അതുകൊണ്ട് അവരെ തുല്യരായി കാണാൻ കഴിയില്ലെന്നുമുള്ള മുൻ ധാരണയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. കുട്ടികളെ പോലെ തന്നെ അടിമകളാക്കപ്പെട്ട ജനങ്ങൾക്കും വളരാനുള്ള ശേഷിയുണ്ടെന്നും, ക്രമേണ അടിമകളം സമത്വം കൈവരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു എന്നാണിതിന്റെ ധ്വനി (Goldberg 2002, 43-45).

യുക്തിയാണ് ചരിത്രവാദ വംശീയതയുടെ അടിസ്ഥാനം എന്നതിനാൽ അതിനെ തിരിച്ചറിയുക പ്രയാസകരമാണെന്ന് മാത്രമല്ല, അത് ആധുനികതയിൽ ആഴ്ന്നുകിടക്കുന്നതുമാണ്. സമകാലികലോകത്ത്, പടിഞ്ഞാറിലെ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും പറ്റിയുള്ള ചർച്ചകളിൽ ഈ തരത്തിലുള്ള വംശീയതയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ, തുല്യ പൗരന്മാരാക്കപ്പെടണമെങ്കിൽ മുസ്‌ലിങ്ങളെ ആധുനികവൽക്കരിക്കപ്പെടേണ്ടവരും ജനാധിപത്യവൽക്കരണത്തിന് വിധേയരാവേണ്ടവരും മതേതരവൽക്കരിക്കപ്പെടേണ്ടവരും ആയി ചിത്രീകരിക്കുന്ന നാം കാണുന്ന സംവാദങ്ങളിൽ കണ്ടു വരുന്ന വംശീയതാരൂപം ഇതിന്റെ മകുടോദാഹരണങ്ങളാണ്.

പ്രകൃതിവാദ വംശീയതയും ചരിത്രവാദ വംശീയതയും തമ്മിലുള്ള സൈദ്ധാന്തികമായ വേർതിരിവുമായി ബന്ധപ്പെട്ട ചർച്ച പ്രധാനമാവുന്നതിന്റെ കാരണം ഗോൾഡ്ബർഗ് ‘വംശീയവാഴ്ച’ (Racial rule) എന്ന് വിളിച്ചതിനെ പിന്തുണക്കുന്ന അസംഖ്യം യുക്തികളെ അത് വെളിച്ചത്തു കൊണ്ടുവരുന്നു എന്നതാണ്. ഈ രണ്ട് വംശീയവാദ രൂപങ്ങൾ തമ്മിലുള്ള വ്യത്യാസത്തെ ചരിത്രവാദ വംശീയത പ്രകൃതിവാദ വംശീയതയെക്കാൾ മെച്ചപ്പെട്ടതാണെന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ വ്യാഖ്യാനിക്കാൻ പാടില്ല. പ്രകൃതിവാദ വംശീയത അയുക്തികതയെയാണ് അടിസ്ഥാനമാക്കുന്നതെങ്കിൽ ചരിത്രവാദ വംശീയതയുടെ അടിത്തറ യുക്തിയാണ്. ഒരു വംശീയ രാഷ്ട്രമെന്ന നിലയിലുള്ള ആധുനിക ഇന്ത്യയുടെ കാര്യത്തിൽ, ഈ രണ്ട് തരം വംശീയതയുടെയും മിശ്രണം നമുക്ക് കാണാൻ കഴിയും; ദൃശ്യവും പൊതുവെ അപലപിക്കപ്പെടുകയും ചെയ്യുന്ന ഹിന്ദുത്വ വ്യവഹാരത്തിൽ പ്രകൃതിവാദ വംശീയത വെളിപ്പെടുമ്പോൾ, അപൂർവമായി തിരിച്ചറിയപ്പെടുകയും താരതമ്യേന അദൃശ്യവുമായ മതേതര ലിബറൽ വരേണ്യരുടെ വ്യവഹാരങ്ങളിൽ ചരിത്രവാദ വംശീയത വെളിപ്പെടുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ രണ്ടാമത് പറഞ്ഞ വംശീയതാ രൂപം മുസ്‌ലിം കർതൃത്വത്തിന് മേൽ ഏല്പിക്കുന്ന സ്വാധീനങ്ങളിലായിരിക്കും ഈ പ്രബന്ധത്തിന്റെ ശ്രദ്ധ. വംശരാഹിത്യം, സമത്വത്തിന്റെ ഭാഷ എന്നീ പ്രഛന്നവേഷങ്ങളിലൂടെയാണ് ചരിത്രവാദ വംശീയത പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. “വംശീയ ചരിത്രങ്ങളെയും അതിന്റെ ഭാഗമായ വംശീയ അസമത്വങ്ങളെയും മറികടന്നു പോകാനുള്ള — അവയെ (പൂർണമായി) പരിഹരിക്കാതെ — നവലിബറൽ ശ്രമം” എന്നാണ് ഗോൾഡ്ബർഗ് വംശരാഹിത്യം (racelessness) എന്ന അവകാശവാദത്തെ വിശേഷിപ്പിക്കുന്നത് (Goldberg 2002, 221).

ഇവിടെ, ദേശത്തിന്റെ രാഷ്ട്ര ശരീരത്തിലേക്ക് സ്വയം ലയിക്കാനായി മുസ്‌ലിങ്ങളെ സ്വയം നിയന്ത്രണത്തിന് പ്രാപ്തമാക്കുന്ന വ്യവസ്ഥിതികളെയും സാമൂഹ്യ ബന്ധങ്ങളെയും രാഷ്ട്രം നിർവ്വചിക്കുന്നു. മുസ്‌ലിമത്വത്തിന് സ്ഫോടനാത്മകമായ സവിശേഷതയുണ്ടെന്ന യുക്തി മുസ്‌ലിങ്ങളെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാക്കുകയും അതിൽ പരാജയപ്പെട്ടാൽ ദേശത്തെ ഒന്നടങ്കം അപകടത്തിലാക്കും വിധം വിഘടനവാദികളും തീവ്രവാദികളുമായി അവർ മാറുമെന്ന അവസ്ഥ സംജാതമാക്കുകയും ചെയ്യുന്നു. ഭരണഘടനാപരമായ പവിത്രത, ഭരണനിർവഹണപരമായ നിരപേക്ഷത, വർദ്ധിതമായ സ്ഥാപന പ്രയോഗങ്ങൾ എന്നീ വ്യവഹാരങ്ങളിലൂടെയാണ് ഇന്ത്യൻ രാഷ്ട്രം ഈ കൈകാര്യം ചെയ്യൽ നിർവ്വഹിക്കുന്നത്. വംശീയമായി സ്വയം ഭരണത്തിന് ശേഷിയില്ലാത്തവരെന്ന് കരുതപ്പെടുന്നവർക്ക് മേലുള്ള സ്വയംഭരണാധികാരവും സ്വയം നിർണയാവകാശവും എന്ന പേരിൽ ആധുനിക രാഷ്ട്രങ്ങൾ അവരുടെ അധികാരത്തിന്റെയും നിയമാധികാരത്തിന്റെയും പരിധി വിപുലപ്പെടുത്തുന്നുവെന്ന ഗോൾഡ്ബർഗിന്റെ വാദത്തെ സഹായിക്കാനാണ് ഈ പ്രബന്ധത്തിന്റെ അടുത്ത ഭാഗം ശ്രമിക്കുന്നത്. അതിനായി, ഇന്ത്യൻ ഭരണഘടനയുടെ ദേശീയ (ബ്രാഹ്മണ്യ) അടിത്തറകളെ തുറന്നുകാണിച്ചു കൊണ്ട് ഇന്ത്യ ഒരു വംശീയരാഷ്ട്രമാണെന്ന് ആ ഭാഗത്ത് കാണിക്കും. ഈ പരിപ്രേക്ഷ്യത്തിൽ, വ്യവസ്ഥാപിത ഇസ്‌ലാമോഫോബിയയെയും അസമത്വങ്ങളെയും മറച്ചുപിടിച്ചു കൊണ്ട് നിലനിർത്തുകയും അതിനാൽ തന്നെ അദൃശ്യമായി പ്രവർത്തിക്കുകയും ചെയ്യുന്ന, ബഹുസ്വരതയെന്ന ആശയം വംശീയരാഷ്ട്രത്തിന്റെ പ്രവർത്തനശൈലികളുടെ സുപ്രധാന ഭാഗമായി മാറുന്നു.

(തുടരും)

ലേഖനത്തിന്റെ ഒന്ന്, രണ്ട് ഭാഗങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യുക


അവലംബം

Goldberg, David T. 2002. The Racial State. N.p.: Wiley.

Goldberg, David Theo. 2008. “Racial states.” A companion to racial and ethnic studies, 233-258.

വിവർത്തനം: മൻഷാദ് മനാസ്

ഷഹീൻ കെ. മൊയ്തുണ്ണി