Campus Alive

സ്ഥാപനവൽകൃത കൊലകളും ജാതി (അ)ദൃശ്യതയും

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനങ്ങളും സ്ഥാപനവൽകൃത കൊലപാതകങ്ങളും വിപുലമായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കാരണമാവുന്നുണ്ടെങ്കിലും സംഘപരിവാർ നേതൃത്വം കൊടുക്കുന്ന ഇന്ത്യൻ ഭരണകൂടത്തിൽ നിന്നും ഗുണപരമായ ഒരു സമീപനം ഈ വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നത് വസ്തുതയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകശിലാത്മകമായ ഒരു ഘടനയായി പരിവർത്തിപ്പിച്ച് രാജ്യത്തിന്റെ സാസ്കാരിമായ ബഹുത്വത്തെയും ഭാഷാപരമായ വൈവിധ്യങ്ങളെയും അദൃശ്യമാക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടത്തിൽ നിന്നും അവർ നിയന്ത്രിക്കുന്ന ഭരണഘടനാപരമായ സ്ഥാപനങ്ങളിൽ നിന്നും സമീപകാലത്ത് ഉണ്ടാകുന്നത് എന്നത് വ്യക്തമാണ്. ചില പ്രത്യേകസന്ദർഭങ്ങളിൽ, മരണവേളയിൽ സമൂഹത്തിന്റെ ധാർമ്മികവും നൈതികവുമായ പ്രതിഷേധങ്ങൾ ഉയരുകയും പലവിധത്തിലുള്ള മാധ്യമ-രാഷ്ട്രീയ ആഖ്യാനങ്ങളിൽ അതിന്റെ യഥാർഥ വസ്തുതകൾ സംവാദങ്ങളിൽനിന്നും പിന്നീട് നിയമവ്യവഹാരങ്ങളിലും ദുർബലമാകുന്നതാണ് പതിവ്. ആവർത്തിക്കുന്ന ഈ രീതിയിൽ, ദാരുണമായ സംഭവങ്ങൾക്ക് ഉത്തരവാദികളായ സ്ഥാപനങ്ങളും വ്യക്തികളും രക്ഷപ്പെടുന്നതിനു സഹായകമായ വിധത്തിൽ പൊതുബോധത്തിലെ വ്യാഖ്യാനങ്ങളും നിയമ -നീതിസംവിധാനങ്ങളും തുല്യനിലയിൽ സജ്ജമാവുന്നത് കാണാം.

ഈ പൊതുബോധത്തിന്റെ സവിശേഷത ഇത്തരം സന്ദർഭങ്ങളിൽ ‘ജാതി’ എന്ന ഘടകത്തെ മനപ്പൂർവം ഒഴിവാക്കി മറ്റ് ചില സാഹചര്യങ്ങളാണ് മരണത്തിന്റെ കാരണമെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ്. പാർലമെന്റിൽ സമർപ്പിച്ച ഒരു കണക്ക് പ്രകാരം 2019-2021 കാലഘട്ടത്തിൽ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എം.എസ് പോലുള്ള ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനത്തിന്റെ ഭാഗമായി 98 ദലിത് , ആദിവാസി, ബഹുജൻ സമൂഹത്തിൽ നിന്നുള്ള വിദ്യാർഥികൾ മരണപ്പെട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസമേഖലയിലെ ആകെ മരണം 122 ആണെന്നാണ് ആ കണക്ക് പറയുന്നത്. അതിൽ ബഹുഭൂരിപക്ഷം മരണവും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ആണെന്ന് സവിശേഷമായി ശ്രദ്ധിക്കുക. എന്നാൽ ഈ മരണം ജാതിയുടെയോ അതുമായി ബന്ധപ്പെട്ട സ്ഥാപനവൽകൃത ഹിംസയുടെയോ ഭാഗമാണെന്ന് നമ്മുടെ ഔദ്യോഗിക സംവിധാനങ്ങൾ സമ്മതിക്കില്ല എന്നിടത്താണ് പ്രശ്നങ്ങളുടെ ആഴവും വ്യാപ്തിയും കാണാനാവുക. കടബാധ്യത , വൈവാഹിക പ്രശ്നങ്ങൾ, കുടുംബപരമായ സംഘർഷങ്ങൾ, തൊഴിലില്ലായ്മ, വൈവാഹികേതര പ്രണയബന്ധങ്ങൾ തുടങ്ങി തികച്ചും വ്യക്തിപരമായ സംഘർഷങ്ങളാണ് ഈ വിദ്യാർഥികളുടെ മരണം എന്ന് സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്.

രജനി എസ്. ആനന്ദ്

2002 ജൂലൈ 22 ന്, പരീക്ഷാ കമ്മീഷണറുടെ തിരുവനന്തപുരത്തെ ഓഫീസ് കെട്ടിടത്തിലെ ഏഴാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത അടൂരിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥി രജനി എസ്. ആനന്ദിന്റെ കന്യകാത്വ പരിശോധന നടത്താൻ അന്വേഷണ ഏജൻസികൾ തിടുക്കം കാണിച്ചതിന്റെ യുക്തിയും മുൻവിധിയും ഇതിന്റെ ഭാഗമാണ്. സാമൂഹികമോ സ്ഥാപനപരമോ അല്ല മറിച്ച്; വ്യക്തിപരമായ കാര്യങ്ങളാണ് ദലിത്-ആദിവാസി വിദ്യാർഥികളുടെ മരണത്തിന് പിന്നിലെന്ന് സ്ഥാപിച്ചാൽ മാത്രമേ ഭരണകൂട സംവിധാനങ്ങൾക്ക് അനുയോജ്യമായ ആഖ്യാനങ്ങൾ തീർക്കാൻ കഴിയൂ എന്ന വസ്തുതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.

ചരിത്രത്തിൽ നിന്ന് ഒരു ഉദാഹരണം

1977 മെയ് 27 നു , ബീഹാറിന്റെ തലസ്ഥാനമായ പറ്റ്നയിൽനിന്ന് അറുപത് കിലോമീറ്റർ ദൂരെയുള്ള ബെൽച്ചിയെന്ന ഗ്രാമത്തിൽ എട്ട് ദളിതരും മൂന്നു വിശ്വകർമ സമുദായാംഗങ്ങളും ഉൾപ്പെടെ പതിനൊന്നു പേർ അതിക്രൂരമായി കൊലചെയ്യപ്പെട്ടു. മഹാബീർ മഹാതോയെന്ന കൂർമി ശൂദ്രവിഭാഗത്തിലുള്ള ഏറെ ക്രിമിനൽ പശ്ചാത്തലമുള്ള ഗുണ്ടയുടെ നേതൃത്വത്തിലാണ് ക്രൂരമായ ഈ കൊലപാതകങ്ങൾ നടന്നത്. അതേവർഷം ജൂൺ പതിമൂന്നിന്, സി.പി.ഐ നേതാവും കോയമ്പത്തൂർ പാർലമെന്റിൽ നിന്നുള്ള അംഗവുമായ പാർവതി കൃഷ്ണൻ ഈ വിഷയം ലോക് സഭയിൽ ഉന്നയിച്ചപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രി ചരൺ സിംഗ് ബെൽച്ചി കൂട്ടക്കൊല രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ സംഭവിച്ചതാണെന്നും അതിൽ ജാതിഹിംസയുടെ ഘടകം ഇല്ലെന്നുമാണ് തുടക്കത്തിൽ വിശദീകരിച്ചത്. എന്നാൽ ഈ മറുപടി പാർലമെന്റിലെ ദലിത് അംഗങ്ങളായ എം.പി.മാരിൽ രോഷവും വിയോജിപ്പും ഉണ്ടാക്കി. അവർ പിന്നീട് യോഗം ചേർന്ന് ഉത്തർപ്രദേശിൽനിന്നുള്ള റാം ധൻ എം.പിയുടെ നേതൃത്വത്തിൽ എട്ട് പേർ അടങ്ങുന്ന ഒരു വസ്തുതാനവേഷണ സമിതി രൂപീകരിക്കുകയും, സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി പാർലമെന്റിലും പൊതുസമൂഹത്തിലും അവതരിപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആഭ്യന്തരമന്ത്രി ചരൺ സിംഗിന് തന്റെ ആദ്യനിലപാടിൽനിന്നും പിന്നോട്ട് പോകേണ്ടിവന്നു. കൃത്യവും ആസൂത്രിതവുമായ ജാതിക്കൊലകൾ ആണ് നടന്നതെന്ന് അദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ, കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത മഹാബീർ മഹാതോയെയും ധനുകിനെയും ഭഗൽപ്പൂർ സെൻട്രൽ ജയിലിൽ വെച്ച് 1983 നവംബർ 3 ന് തൂക്കിലേറ്റി. മനുഷ്യാവകാശത്തിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ ന്യായീകരിക്കാനാവില്ലെങ്കിലും ഇന്ത്യയിലെ അസ്പൃശ്യരുടെ ചരിത്രത്തിൽ ഈ സംഭവം ഒരു നാഴികകല്ലാണെന്നാണ് പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് മിട്ട Caste Pride Battles for Equality in Hindu India എന്ന തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നത്.

ഇന്ത്യയിലെ ദലിത്-ആദിവാസി-മുസ്ലീം വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളെയും ആൾക്കൂട്ട കൊലപാതകങ്ങളെയും ജാതി, മതം, വിശ്വാസം തുടങ്ങിയ ഘടകങ്ങളിൽനിന്നും ഒഴിവാക്കി കേവലം രണ്ടുപേർ തമ്മിലുള്ള മുൻവൈരാഗ്യത്തിന്റെ പേരിലോ കച്ചവട തർക്കത്തിന്റെ ഭാഗമായോ ഭൂമിതർക്കമോ ആരാധാനാവകാശ തർക്കമോ ആയൊക്കെ ന്യൂനീകരിക്കുവാനാവും ആദ്യം മാധ്യമങ്ങളും ഭരണകൂടസംവിധാനങ്ങളും ശ്രമിക്കുക. അപരവിദ്വേഷവും ഹിംസാപരതയും ചേരുന്ന സനാതനമൂല്യമെന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലങ്ങളെ അദൃശ്യമാക്കിയുള്ളതും ഇരയാക്കപ്പെട്ടവരുടെ വ്യക്തിസാഹചര്യവും അപകർഷതാബോധവും പരീക്ഷയിലുള്ള പരാജയഭീതിയുമൊക്കെയാണ് മരണത്തിന് കാരണമെന്നും തുടങ്ങുന്ന ആഖ്യാനങ്ങളെ ഈ പശ്ചാത്തലത്തിൽ ഗൗരവമായ പരിശോധനക്ക് വിധേയമാക്കേണ്ടി വരും.

ക്യാമ്പസിലെ ഗെറ്റോവൈസേഷൻ

ഡൽഹി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം പ്രൊഫസർ എൻ. സുകുമാർ നടത്തിയ ഒരു പഠനം പരിശോധിക്കുന്നത് ഈ സാഹചര്യത്തിൽ പ്രസക്തമാണ്. അറുനൂറ് ദലിത് വിദ്യാർഥികളിൽനിന്ന് (188 പെൺകുട്ടികൾ, 412 ആൺകുട്ടികൾ ) ശേഖരിച്ച ഡേറ്റയിൽനിന്നും അദ്ദേഹം എത്തിചേരുന്ന നിഗമനം ഭൂരിപക്ഷം ദലിത് വിദ്യാർഥികളും ക്ലാസ് മുറി, ലാബ് തുടങ്ങി മറ്റ് പൊതുഇടങ്ങളിൽ ഒറ്റപ്പെടുകയും വിവിധ തരത്തിലുള്ള അപമാനങ്ങൾക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട് എന്നാണ്. വിദ്യാഭ്യാസ മേഖലയിലെ ഗെറ്റോവൈസേഷൻ എന്ന് ഈ വ്യവഹാരത്തെ വിശേഷിപ്പിക്കാം. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ജനും സാമൂഹ്യ നിരീക്ഷകനുമായിരുന്ന അന്തരിച്ച, എം. കുഞ്ഞാമന്റെ എതിര് എന്ന ആത്മകഥയിൽ സ്കൂൾ, കോളേജ്, സർവകലാശാല തുടങ്ങിയ വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന പൊള്ളുന്ന അനുഭവങ്ങളും അപമാനങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഈ ലേഖകനും ഡോ. എം.ബി. മനോജും ചേർന്ന് എഴുതിയ ചെങ്ങറഭൂമി സമരനായിക സെലീന പ്രക്കാനത്തിന്റെ ജീവിതകഥയിൽ അവർക്ക് കോളേജ് ജീവിതത്തിൽ അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്ന വിവേചനനങ്ങളുടെ പേരിൽ പഠനം അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം അതീവ സങ്കടത്തോടെ വിവരിക്കുന്നുണ്ട്. സമീപകാലത്ത് പ്രസിദ്ധീകരിച്ച, ഏറെ വായനക്കാരെ ആകർഷിച്ച രജനി പാലാമ്പറലിന്റെ ആ നെല്ലിമരം പുല്ലാണ്, രമ്യ തുറവൂരിന്റെ പ്രശസ്ത ആത്മകഥയായ പതിയാത്ത കാൽപ്പാടുകൾ തുടങ്ങിയ ദലിത് സ്ത്രീരചനകളിൽ വിദ്യാഭ്യാസകാലത്തു നേരിടേണ്ടിവന്ന തീവ്രമായ വിവേചനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. മലയാളത്തിലെ മുഖ്യധാരയെന്ന് വിവക്ഷിക്കപ്പെടുന്ന എഴുത്തുകളിലെ കാല്പനിക ആഖ്യാനങ്ങളുടെ മറുപുറങ്ങളായി ഈ രചനകൾ മാറാൻ കാരണം അവയിൽ ആവിഷ്ക്കരിക്കപ്പെടുന്ന ജാതി അനുഭവങ്ങളുടെ തീവ്ര സന്ദർഭങ്ങളും അതിനെതിരെ നടത്തിയ പ്രതിരോധങ്ങളുമാണ്.

വിദ്യാഭ്യാസ മേഖലയിലെ ഘടനാപരമായ മാറ്റങ്ങളും പാർശ്വവൽകൃത സമൂഹങ്ങളിൽ നിന്ന് മികച്ച യോഗ്യതകളുമായുള്ള വിദ്യാർഥികളുടെ ചരിത്രപരമായ പ്രവേശനം, നിരന്തരമൂല്യനിർണയത്തിലൂടെ അദ്ധ്യാപകരിൽ വ്യക്തിയധിഷടിതമായി വന്നുചേരുന്ന അധികാരം, ഓട്ടോണമസ് പദവിയിലൂടെ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാവുന്ന സ്വയംഭരണ വ്യവസ്ഥ, വിദ്യാർഥി-സംഘടനാ രാഷ്ട്രീയത്തിന്റെ അഭാവം തുടങ്ങി പുതിയ കാലത്ത് വിദ്യാർഥികളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളുടെ കാരണങ്ങൾ നിരവധിയാണ്. ആഗോള സാഹചര്യങ്ങളുമായി വിദ്യാർഥികളെ ബന്ധിപ്പിക്കും എന്ന പ്രഖ്യാപനങ്ങളോടെ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾ ചുമത്തുന്ന അതിഭീമമായ സാമ്പത്തിക ബാധ്യത തുടങ്ങിയ വിഷയങ്ങൾ ഈ മേഖലയിൽ വേറെയുമുണ്ട്. ഇത്തരം സങ്കീർണ്ണമായ സാഹചര്യത്തിൽ പിന്നോക്ക സാമ്പത്തിക-സാമൂഹിക അവസ്ഥയിലുള്ള ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് അതിജീവിക്കുക പ്രയാസകരമാണ്.

ചില സവിശേഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പൊതുവായി മാറാതെ, ദുർവ്യാഖ്യാനങ്ങൾക്കും വക്രീകരണങ്ങൾക്കും കാരണമാവുന്നതും പ്രശ്നവൽക്കരിക്കേണ്ടതുണ്ട്. അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിധിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി ദലിത് സംഘടനകൾ ഒന്നിച്ച് ചേർന്ന് നടത്തിയ കേരള ഹർത്താലിനെ എങ്ങനെയും പരാജയപ്പെടുത്താൻ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും മലയാളി പൊതുബോധവും ശ്രമിച്ചത് ശ്രദ്ധിക്കുക. മറ്റൊരിക്കലും ഉണ്ടാകാത്ത ഹർത്താൽ വിരുദ്ധ വികാരവും സമാധാനപരമായി സമരം ചെയ്തവരെ അക്രമകാരികളായി ചിത്രീകരിക്കുന്ന ആഖ്യാനങ്ങളും കേരളത്തിലെ ഒരു വരേണ്യവിദ്യാർഥിയുടെ പ്രശ്നത്തിലാണെങ്കിൽ സംഭവിക്കുമായിരുന്നില്ല. അതിനോടൊപ്പം തന്നെ കാണേണ്ട കാര്യമാണ്, ആ വിഷയത്തെ ജാതിരഹിത വിഷയമാക്കി സാമ്പത്തികമായ പ്രശ്നങ്ങളിലേക്ക് ചുരുക്കാനുള്ള ശ്രമങ്ങളും. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപ്പെടുന്നവർ പോലീസ് ഭാഷ്യത്തെ അധികരിച്ച് കൊണ്ട് ലോൺ ആപ്പിലേക്കും അധ്യാപകരുടെ നിഷ്ക്ളങ്കതയിലേക്കും പ്രശ്നത്തെ കൊണ്ടെത്തിക്കാൻ സംവാദങ്ങളിലൂടെ ശ്രമിച്ചതും കേരളീയസമൂഹം കണ്ടതാണ്. മലയാളി പുരോഗമന വരേണ്യരുടെ പതിവ് തന്ത്രങ്ങളാണിവയെല്ലാം.

ചില ദാരുണമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉയരുന്ന പ്രതിഷേധത്തിന്റെ തീവ്രതയും സംവാദ സ്വഭാവവും പതിയെ സാധാരണത്വത്തിലേക്ക് പിൻവലിയുമെന്ന് ഭരണകൂടങ്ങൾക്ക് നന്നായറിയാം. എല്ലാത്തരം ഹിംസകളെയും നോർമലൈസ് ചെയ്തുകൊണ്ട് അപരസമൂഹങ്ങളെ കൂടുതൽ കൂടുതൽ പിന്നണിയിലേക്ക് തള്ളുന്ന ഭരണകൂട സംവിധാനങ്ങളും അതിന് ആശയപരമായ പിന്തുണ നല്കുന്ന സംഘപരിവാറുമാണ് നമുക്ക് ചുറ്റുമുള്ളത്. പഴുതടച്ചുള്ള നിയമങ്ങൾ ഉണ്ടാക്കിയും അവ ഫലപ്രദമായി നടപ്പാക്കിയും ഈ സാഹചര്യങ്ങൾ മറികടക്കാമെന്ന് പ്രതീക്ഷിക്കാൻ താൽക്കാലികമായി സാധിക്കില്ല. എങ്കിലും, ഒരു ജനാധിപത്യരാജ്യത്ത് ഒരു ഭരണക്രമവും ആത്യന്തികമല്ല എന്ന ചരിത്രവസ്തുതയെ വിശ്വസിച്ച് ജനാധിപത്യപരമായ പോരാട്ടങ്ങളും ആശയസംവാദങ്ങളും തുടരുക എന്നതാണ് ഏക പോംവഴി.

ഡോ. ഒ.കെ സന്തോഷ്