ഇന്നത്തെ കാലത്ത് വായനയെന്നതിന്റെ പൊതുവായ അർത്ഥമെന്താണ്? നമ്മൾ ഒന്നും വായിക്കുന്നില്ലെന്ന വാദത്തോട് യോജിക്കുന്നുവെന്നല്ല ഈ ചോദ്യത്തിന്റെ അർത്ഥം. പക്ഷേ, എന്താണ് നാം വായിക്കുന്നത് എന്നത് ആ ചോദ്യത്തിന്റെ ഉള്ളടക്കം തന്നെയാണ്. മനസ്സിലാക്കൽ, അറിയൽ, അനുഭവിക്കൽ, ആശ്ലേഷിക്കൽ തുടങ്ങിയ മറ്റു പല ഘടകങ്ങളും വായനയുടെ അനുബന്ധങ്ങളാണ്. വായനയിൽ നാം ആശ്വാസം കണ്ടെത്താറുണ്ട്. വായനയിലൂടെ ജീവിതത്തിന്റെ അർത്ഥവും, അതിലുപരി മാനസിക ജീവിതത്തിന്റെ അർത്ഥവും നാം കണ്ടെത്താറുണ്ട്.
പക്ഷേ, വായനയുടെ അനന്യമായ സാധ്യതകളെ മനസ്സിലാക്കുന്നില്ലെന്നതാണ് ഇന്നത്തെ കാലത്ത് നാം നേരിടുന്ന ഒരു പോരായ്മ. അറിവ് എങ്ങനെ പഠിക്കപ്പെടുന്നുവെന്നത് മാത്രമല്ല, അറിവിനെ എങ്ങനെയാണ് തേടുന്നത്, അറിവന്വേഷണമെന്ന പ്രവർത്തി എങ്ങനെയാണ് നിർവഹിക്കപ്പെടുന്നത് എന്നതും അതിന്റെ ഭാഗമാണ്.

കർമവുമായി വായനയ്ക്കും മനസ്സിലാക്കൽ, അനുഭവം, അനുഭൂതി, ആശ്ലേഷണം എന്നീ അനുബന്ധങ്ങൾക്കുമുള്ള ഈ പ്രസക്തിയാണ് ജ്യോതിബാ ഫൂലെ നമുക്ക് പ്രദാനം ചെയ്തിരുന്നത്. ഫൂലെയുടെ എഴുത്തുകളിൽ നിരന്തരം കടന്നുവരാറുള്ള ‘പഠനത്തിനായുള്ള രുചി’ (Taste for learning) എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും നമ്മെ ഉണർത്തുന്നു.
അസഹിഷ്ണുതയുടെയും പ്രതിലോമകരമായ വിവരങ്ങളുടെ ഉപഭോഗം സാധാരണമാവുകയും ചെയ്തിരിക്കുന്ന സമകാലീനതയിൽ, നീചഭാഷണങ്ങളായി കണക്കാക്കപ്പെട്ടേക്കാവുന്ന ഫൂലെയുടെ എഴുത്തുകൾ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുക പ്രയാസകരമായിരിക്കുമെന്ന് മാത്രമല്ല, ഒരുപക്ഷേ അത് അസാധ്യം പോലുമായിരിക്കാം.
ബ്രാഹ്മണരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബ്രാഹ്മണ സമുദായം ഫൂലെ എന്ന സിനിമയ്‌ക്കെതിരെ ഉയർത്തിവിട്ട വിവാദങ്ങൾ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ജാതി പോലൊരു മനുഷ്യത്വരഹിതമായ വ്യവസ്ഥയെയും അതിന്റെ വക്താക്കളെയും കുറിച്ച് ഒരു ചിന്തകൻ നടത്തിക്കഴിഞ്ഞിരിക്കുന്ന വിമർശനങ്ങളെ തിരിച്ചിടാനോ വെള്ളപൂശാനോ എങ്ങനെയാണ് സാധിക്കുക?

മറുവശത്ത്, ജ്യോതിബാ ഫൂലെക്കും സാവിത്രിബായ് ഫൂലെക്കും ഭാരത രത്ന പുരസ്കാരം നൽകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ ഒരു പ്രമേയം ഇതിനോടകം തന്നെ പാസാക്കിയിട്ടുണ്ട്.
രണ്ട് ഫൂലേമാരും എന്താണ് എഴുതിയതെന്നും, എന്തിനുവേണ്ടിയും എന്തിനെ എതിർത്തുമാണ് അവർ പോരാടിയതെന്നും അറിയാത്തവരാണോ സർക്കാർ? അങ്ങനെയാണെന്ന് കരുതുക വിഡ്ഢിത്തമായിരിക്കും. ജാതി സെൻസസിനും ഒബിസി ഉപവർഗ്ഗീകരണത്തിനും വേണ്ടിയുള്ള ആവശ്യങ്ങളെ മനസ്സിൽ വെച്ചുകൊണ്ട് സർക്കാർ ഈ അവാർഡ് പ്രഖ്യാപിച്ചുവെന്നിരിക്കട്ടെ, ബ്രാഹ്മണ സമുദായം അതിനെ എതിർക്കുമോ?
സമരക്കാരോട് സർക്കാർ എങ്ങനെയാണ് സംസാരിക്കാൻ പോവുന്നതെന്ന കാര്യം ഈ ഘട്ടത്തിലും ഒരു വൈരുദ്ധ്യമായി തുടരുകയാണ്.
എന്നാൽ, സുപ്രധാനമായ മറ്റൊരു ചോദ്യം ഇവിടെ നിലനിൽക്കുന്നുണ്ട്. സാവിത്രിബായ്, ജ്യോതിബാ ഫൂലേമാരെ ഈ ദേശം എങ്ങനെയാണ് വായിക്കേണ്ടത്? രണ്ട് ഫൂലേമാർക്കും ഭാരത രത്ന പുരസ്കാരം ലഭിച്ചിരുന്നെങ്കിൽ, അതിലൂടെ അവർ വീണ്ടും ജനകീയമാവുകയും ചെയ്തിരുന്നെങ്കിൽ, രാജ്യത്തെ മുഴുവൻ സ്കൂൾ സിലബസുകളിലും അവരുടെ ജീവചരിത്രം സർക്കാർ ഉൾപ്പെടുത്തുമായിരുന്നോ?
കേവല സാമൂഹിക പരിഷ്കർത്താക്കളും വിദ്യാഭ്യാസത്തിന്റെ വക്താക്കളും മാത്രമായി സർക്കാർ അവരെ അവതരിപ്പിക്കുമായിരുന്നോ? ചിലർക്ക് ഉന്നത വിദ്യാഭ്യാസം നൽകുക എന്നതിനുമുകളിൽ സാമാന്യജനങ്ങൾക്കെല്ലാം പ്രാഥമിക വിദ്യാഭ്യാസം നൽകുകയെന്നതിന് ഫൂലെ നൽകിയ പ്രാധാന്യത്തെ അവർ തിരിച്ചറിയുമായിരുന്നോ? ബ്രാഹ്മണ സ്ത്രീകളുടെ ഉന്നമനത്തിന്റെ കാര്യത്തിൽ ഫൂലേ നൽകിയ സംഭാവനകളെ അവർ അംഗീകരിക്കുമായിരുന്നോ? അവരിരുവരും പിന്തുടർന്ന ‘സത്യാന്വേഷണം’ എന്ന ആശയത്തെ സർക്കാരിനു മനസ്സിലാകുമായിരുന്നോ? ‘സത്യമാണ് അറിവ്, അറിവാണ് സത്യം’ എന്ന അവരുടെ ആപ്തവാക്യത്തെ അവർ ഉൾക്കൊള്ളുമായിരുന്നോ?

അക്കാദമിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ നിന്നുള്ള ഫൂലേയുടെ വ്യാപകമായ അദൃശ്യവൽക്കരണത്തിന്റെ വെളിച്ചത്തിലാണ് മേൽപ്പറഞ്ഞ ചോദ്യങ്ങൾ ഉയരുന്നത്. ഉദാഹരണത്തിന്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അംബേദ്കറുടെ ജന്മവാർഷികം ആഘോഷിക്കാറുണ്ടെങ്കിലും, ജ്യോതിബാ ഫൂലെയുടെയും സാവിത്രിബായ് ഫൂലെയുടെയും ജന്മവാർഷികങ്ങൾ അവർ ആഘോഷിക്കാറില്ല. അത്തരത്തിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളും ആരാണ് ഫൂലേമാർ എന്ന് അറിയാൻ താൽപ്പര്യമില്ലാത്തവരാണ് ഇന്നും. അതിനാൽ, ശക്തമായിക്കൊണ്ടിരിക്കുന്ന അയുക്തിക ചിന്തകൾക്കും ധാർമികരാഹിത്യത്തിനുമുള്ള മറുമരുന്നെന്ന നിലയിൽ ഫൂലെ ദമ്പതിമാരെ അവതരിപ്പിക്കേണ്ടതിന്റെ അനിവാര്യത അപൂർവമാം വിധം ഇന്നുണ്ട്.
സമകാലിക സമയത്ത് പോലും പ്രതിധ്വനിക്കുന്ന ജ്യോതിബാ ഫൂലെ, അദ്ദേഹത്തിന്റെ വിവിധ എഴുത്തുകളിലൂടെ ഉയർത്തിയ ദാർശനികവും രാഷ്ട്രീയവുമായ ചോദ്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 1873-ൽ പ്രസിദ്ധീകൃതമായ ഗുലാംഗിരി (അടിമത്വം) എന്ന അദ്ദേഹത്തിന്റെ രചനയിൽ അവതാരകല്പനയെന്ന (വിഷ്ണുവിന്റെ അവതാരപ്പിറവികൾ) മിത്തിന്റെ കൃത്രിമത്വം അനാവരണം ചെയ്തുകൊണ്ട് പ്രകൃതിപരവും ശാസ്ത്രീയതയിലധിഷ്ഠിതവുമായ സത്യാന്വേഷണമാണ് ഫൂലെ നടത്തുന്നത്.

ഫൂലെ ഉയർത്തിയ കാലിക പ്രസക്തമായ ചില ചോദ്യങ്ങൾ ഗുലാംഗിരിയുടെ വായനയിലൂടെ നമുക്ക് കാണുവാൻ സാധിക്കും: നാമകരണത്തിന്റെ രാഷ്ട്രീയം ഒരു വ്യക്തിയോടും വിഭാഗത്തോടും ചെയ്യുന്നത് എന്താണ്? ശൂദ്ര-അതിശൂദ്രന്മാരും ബ്രാഹ്മണന്മാരും അനുഷ്ഠിക്കുന്ന ആചാരക്രിയകളിലെ വ്യത്യാസങ്ങളെ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്? പ്രവണതയിലും പ്രവർത്തനശൈലിയിലും വിമുഖമായ പുരോഹിതതന്ത്രങ്ങളുടെ വ്യവസ്ഥയിലൂടെ ജീവിത വിശ്രമം (leisure as life) ഒരു ചട്ടമായിത്തീരുന്നത് എങ്ങനെയാണ്?
വ്യാജമിത്തുകളുടെയും കെട്ടുകഥകളുടെയും നിർമാണം അജ്ഞരായ ജനമനസ്സുകളെ കബളിപ്പിക്കുന്നത് എങ്ങനെയാണ്? ഇന്ത്യൻ കർഷക വർഗം (ശൂദ്ര-അതിശൂദ്ര കർഷകരും മറ്റ് ഭൂരഹിത കർഷകരും) ഇന്നും അനായാസം ചൂഷണം ചെയ്യാവുന്ന ഒരു കറവപ്പശുവായി പരിഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ശൂദ്ര-അതിശൂദ്ര വിഭാഗങ്ങൾ ഇപ്പോഴും ബ്രാഹ്മണരെ അതിപ്രധാനമായി കാണുന്നുണ്ടോ?
മറ്റൊരു പ്രധാന ചോദ്യം കൂടി ഈ രചന മുന്നോട്ടുവെക്കുന്നു: പേനയാൽ ജീവിതം നയിക്കുന്ന ദ്വിജന്മാരുടെ സഹായികളായ പണ്ഡിതവർഗത്തെ (പേനധാരിയായ കശാപ്പുകാരൻ എന്ന പദമാണ് ഫൂലെ ഉപയോഗിക്കുന്നത്) പരിശീലിപ്പിക്കുന്നതാണ് ഉന്നത വിദ്യാഭ്യാസമെങ്കിൽ, പിന്നെന്തുകൊണ്ടാണ് സാമാന്യജനങ്ങൾക്ക് (അഥവാ ശൂദ്രന്മാർക്കും അതിശൂദ്രന്മാർക്കും) ഗുണം ലഭിക്കുന്ന പ്രാഥമിക വിദ്യാഭ്യാസത്തിൽ വലിയതോതിലുള്ള അവഗണന നിലനിൽക്കുന്നത്?
ഒരു വ്യക്തിക്ക് അറിവും സ്വാതന്ത്ര്യവും ഇല്ലാതെയാവുമ്പോൾ എന്താണ് സംഭവിക്കുക? വേദോപനിഷത്തുക്കൾ ദൈവരചനയാണെന്നും ബ്രാഹ്മണ പുരുഷന്റെ രചനയല്ലെന്നും ഇന്നും യുവതലമുറയെ പഠിപ്പിക്കുന്നത് എന്തുകൊണ്ടാണ്? സാമൂഹികവും ധാർമികവുമായ അപചയത്തിന്റെ സന്ദർഭത്തിൽ സാഹോദര്യത്തിന്റെ ആദർശത്തെ നാം എങ്ങനെയാണ് ആവാഹിച്ചെടുക്കേണ്ടത്? മാനസിക സ്വാതന്ത്ര്യത്തിന് എഴുത്തിനെയും ഭാഷണശേഷിയെയും ത്വരിതപ്പെടുത്താനും, അതുവഴി ഒരു വ്യക്തിക്ക് തന്റെ അവകാശങ്ങൾക്കുവേണ്ടി വാദിക്കാനും കഴിയുമോ?

മുനിസിപ്പാലിറ്റി, വിദ്യാഭ്യാസ വകുപ്പ്, എൻജിനീയറിങ് ഡിപ്പാർട്ട്മെന്റ്, റവന്യൂ ഡിപ്പാർട്ട്മെന്റ്, മാധ്യമപ്രവർത്തനം എന്നീ സ്ഥാപനങ്ങളിലൊക്കെ അധസ്ഥിത ജാതികളിൽനിന്നുള്ള ഒരാളെങ്കിലും അംഗമായി വേണമെന്ന ശക്തമായ ആവശ്യം നിലനിൽക്കുന്നത് എന്തുകൊണ്ടാണ്? ശൂദ്ര-അതിശൂദ്ര വിഭാഗങ്ങൾക്ക് ഐക്യം നഷ്ടപ്പെട്ടത് എങ്ങനെയാണ്, എന്തുകൊണ്ടാണ്?
ഇന്ത്യയിൽ തൊഴിലഭിമാനം എന്ന പ്രശ്നം ജാതിയുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നമുക്കറിയാം. ഭട്ട് ബ്രാഹ്മണരെ വിശ്രമ വർഗം (leisured class) എന്ന് വിശേഷിപ്പിക്കുന്ന അനേകം സന്ദർഭങ്ങൾ ഫൂലേമാരുടെ കൃതികളിൽനിന്ന് കണ്ടെടുക്കാൻ കഴിയും. ഈ പശ്ചാത്തലത്തിൽ മറ്റൊരു ചോദ്യം ഗുലാംഗിരി മുന്നോട്ടുവെക്കുന്നു: തൊഴിലിനെ ജീവിതമായും, വിശ്രമജീവിതത്തിനെതിരിൽ തൊഴിലഭിമാനത്തെയും എങ്ങനെ നാം ഉൾക്കൊള്ളും?
വിശ്രമജീവിതമെന്നത് ജ്ഞാനോൽപ്പാദനവുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെങ്കിലും, സ്ത്രീകളെ ഗാർഹിക ജോലികളിലേക്ക് തള്ളിവിടുന്ന വിശ്രമവേളയെന്ന സങ്കല്പത്തെ ആഘോഷിക്കേണ്ടതുണ്ടോ? കലുഷിതമായ സമകാലിക സന്ദർഭത്തിൽ അവരുടെ രചനകൾ ഉയർത്തുന്ന മറ്റൊരു ചോദ്യം: ഫൂലേമാർ ഇന്ത്യക്കാർ ആയിത്തീരണമെന്ന് ആഗ്രഹിച്ചിരുന്ന ‘നല്ല ജനങ്ങൾ’ ആയിത്തീരാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?
സമത്വ പ്രതിനിധാനത്തിനുവേണ്ടിയുള്ള സാംസ്കാരിക മുന്നേറ്റങ്ങളും രാഷ്ട്രീയാവശ്യങ്ങളും മേൽ ഉന്നയിച്ച ചോദ്യങ്ങളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും നിലനിൽക്കുന്നത്. അതുവഴിയാണ് ജനാധിപത്യ രാഷ്ട്രീയത്തിൽ സാമൂഹികതയുടെയും രാഷ്ട്രീയപരതയുടെയും ആശയമൂല്യങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്. അതിനാൽ, ഫൂലേമാരുടെയും അവർ ഉന്നയിച്ച ചോദ്യങ്ങളുടെയും പ്രാധാന്യത്തെ തിരിച്ചറിയാതിരിക്കുന്നതിലാണ് ദേശത്തിന്റെയും പൗരസമൂഹത്തിന്റെയും അജ്ഞത അടിസ്ഥാനപ്പെട്ടിരിക്കുന്നത്.
പരസ്പരമുള്ള ആശയവിനിമയം (Dialogue) എന്ന മൂല്യത്തെയാണ് ജ്യോതിബാ ഫൂലെ അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാര്യമായും ആശ്രയിക്കുന്നത്. പൗലോ ഫ്രെയറിന്റെ പദാവലി ഉപയോഗിച്ച് പറഞ്ഞാൽ, പരസ്പര ആശയവിനിമയത്തിന്റെ അന്തസ്സത്ത വാക്കുകളാണെന്നതിനാൽ, സത്യസന്ധമായി വാക്കുകൾ ഉച്ചരിക്കുകയെന്നാൽ ലോകത്തെ പരിവർത്തിപ്പിക്കുകയെന്നാണ് അർത്ഥം. ജ്യോതിബാ ഫൂലെ വാക്കുകളിലൂടെ ചെയ്തതും മറ്റൊന്നല്ല.

ഫൂലേമാരുടെ എഴുത്തുകളെയും ജീവിതങ്ങളെയും പുൽകണമെങ്കിൽ, മർദിത വ്യവസ്ഥകൾക്കെതിരെ പ്രവർത്തിക്കുന്നതിനുള്ള മനോധൈര്യം പ്രദാനം ചെയ്യുംവിധം സാംസ്കാരിക പ്രവർത്തനങ്ങൾ നാം നിർവഹിക്കേണ്ടതുണ്ട്. ഈ കാലത്ത്, ഈ കാലത്തിനുവേണ്ടി ഫൂലേമാരെ വായിക്കുകയെന്നത് വിഭാഗീയമാവേണ്ടതില്ല, പക്ഷേ അത് തീർച്ചയായും അസഹിഷ്ണുതയ്ക്കും സംവാദ വിരുദ്ധതയ്ക്കും എതിരായിരിക്കണം.
സാമൂഹിക, ധാർമിക അപചയത്തിന്റെ ഘട്ടത്തിൽ നീതി തേടിയുള്ള പ്രയാണത്തിന്റെ അനിവാര്യ ഘടകങ്ങളായ സാഹോദര്യം, സ്നേഹം എന്നീ ആശയങ്ങളെയാണ് ജ്യോതിബാ ഫൂലെയും സാവിത്രിബായ് ഫൂലെയും ഉയർത്തിപ്പിടിച്ചത്. കൂടാതെ, സത്യത്തെ വിജ്ഞാനമായി അവതരിപ്പിക്കുന്നതിലൂടെ പോരാട്ടത്തെ ദൈവം, ആത്മീയത, കർമസിദ്ധാന്തം എന്നീ മണ്ഡലങ്ങൾക്ക് പുറത്ത് ആവിഷ്കരിക്കുകയായിരുന്നു അവർ. അതിനാൽ, ഇക്കാലത്ത് ഫൂലേമാരെ വായിക്കുന്നതിലൂടെ ഒരുപക്ഷേ ജാതിവിരുദ്ധ ദാർശനിക പ്രവർത്തനം മാത്രമല്ല നാം ചെയ്യുന്നത്, അതോടൊപ്പം സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വൈരുദ്ധ്യങ്ങളെ തിരിച്ചറിയുകയും അത്തരം വൈരുദ്ധ്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ഫൂലേമാരുടെ ‘നല്ല ജനങ്ങൾ’ എന്ന സങ്കല്പമായിത്തീരാനുള്ള ശ്രമം കൂടിയായിരിക്കും അത്.
തെലങ്കാനയിൽനിന്നുള്ള ഫൂലെ-അംബേദ്കറൈറ്റ് ഗവേഷകനാണ് ലേഖകൻ. ഹൈദരാബാദ് തെല്ലാപൂരിലെ Phule Ambedkar Centre for Philosophical and English Training (PACPET) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് അദ്ദേഹം. ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ച ന്യൂസ് മിനിറ്റിന് കടപ്പാട്.