Campus Alive

വേണം ഒരു ബദൽ മീഡിയാ സംസ്കാരം: (2009 ൽ കെ.കെ കൊച്ച് പ്രബോധനനത്തിന് നൽകിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ)

Q: മീഡിയ രംഗത്ത് ദലിതുകൾ പ്രാന്തവത്‌കരിക്കപ്പെടുന്നതിനെക്കുറിച്ച് കേരളത്തിൽ ചർച്ചകൾ നടക്കാത്തത് എന്തുകൊണ്ട്? ദേശീയതലത്തിൽ അത്തരം ചർച്ചകൾ നടക്കുന്നുണ്ടോ?

Ans: സാംസ്കാരിക, സാമൂഹിക മേഖല എന്നതിലുപരി സാമ്പത്തിക സ്രോതസ്സിനായുള്ള മാർഗമായാണ് മാധ്യമ ലോകം നിലകൊള്ളുന്നത്. മറ്റൊരു പ്രധാന മേഖലയായ സിനിമയുടെ കാര്യത്തിലും ഇതുതന്നെയാണ് കാണാൻ കഴിയുക. സ്വാഭാവികമായും ഇവിടെ മുതൽ മുടക്കാനും ലാഭം കൊയ്യാനും രംഗത്തു വരുന്നത് സവർണ സമ്പന്ന വിഭാഗങ്ങളാണ്. സ്വകാര്യ മുതലാളിത്ത ശക്തികളുടെ എല്ലാ സ്വഭാവവും അവർ പ്രകടിപ്പിക്കും. അതുകൊണ്ടു തന്നെ തങ്ങളുടെ താൽപര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്നവരെ മാത്രമേ അവർ ഈ രംഗത്തേക്ക് അടുപ്പിക്കാറുള്ളൂ. നിലവിലുള്ള മാധ്യമ പ്രഭുക്കൾ ദലിതരെ അകറ്റി നിർത്തുന്നതിൻ്റെ പ്രധാന കാരണവും ഇതാണ്. മറ്റൊന്ന് അവബോധത്തിൻ്റെ പ്രശ്ന‌മാണ്. വ്യവസ്ഥാപിതമല്ലാത്ത ഒരു പാരമ്പര്യത്തിലാണ് ദലിതർ നിലകൊള്ളുന്നത്. സ്ഥാപനവത്കരിക്കപ്പെട്ട പൊതുബോധത്തെ അവർ അംഗീകരി ക്കുകയില്ല. സവർണവത്കരിക്കപ്പെട്ട ഈ പൊതുബോധം മീഡിയ രംഗത്തെ പ്രാന്തവത്കരണത്തെ പറ്റി ഒരുതരത്തിലുള്ള ചർച്ചയും അനുവദിക്കുന്നുമില്ല. ദേശീയ തലത്തിലും പ്രാദേശിക തലത്തിലുമൊക്കെ ഇതാണ് കാണാൻ കഴിയുന്നത്.

Q: ഈ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കാമോ?

Ans: സാംസ്കാരിക മേഖലയിലെന്ന പോലെ മാധ്യമ രംഗത്തും സംവരണം വേണമെന്ന ആവശ്യം നാളുകളായി ഉയർന്നു വരുന്നുണ്ട്. ഏതാണ്ട് 12-വർഷമായി ഈ ആവശ്യം ഉയർന്നിട്ട്. അതിന്റെതായ ചില മാറ്റങ്ങളും കാണാൻ തുടങ്ങിയിട്ടുണ്ട്. സാഹിത്യ- നാടക അക്കാദമികളിൽ ദലിതർക്ക് പ്രാതിനിധ്യം ലഭിച്ചത് ഈയൊരു അടിസ്ഥാനത്തിലാണ്. മറ്റൊരു കാര്യം, രാഷ്ട്രീയ പാർട്ടികളിലേതുപോലെ മാധ്യമ രംഗത്തും സവർണവത്കരിക്കപ്പെട്ട ദലിതനാണ് ഇപ്പോഴും പ്രാതിനിധ്യം ലഭിക്കുന്നത്. ഒറ്റപ്പെട്ട ചില ദലിത് എഴുത്തുകാർക്ക് പ്രധാന പത്രങ്ങൾ കോളങ്ങൾ അനുവദിക്കുന്നുണ്ടെന്നതല്ലാതെ മീഡിയയുടെ അഡ്മിനിസ്ട്രേഷൻ മേഖലയിലോ റിപ്പോർട്ടിംഗ് മേഖലയിലോ ഒന്നും തന്നെ ദലിതർക്ക് യാതൊരുവിധ പങ്കാളിത്തവും ലഭിക്കുന്നില്ല.

Q: മുഖ്യധാരാ മാധ്യമങ്ങളിൽ പൊതുവെ ദലിത് പ്രശ്ന‌ങ്ങൾ സവർണ കാഴ്‌ചപ്പാടോടെയാണ് വിശകലനം ചെയ്യപ്പെടുന്നത്. ദലിത് മാധ്യമ പ്രവർത്തകരുടെ എണ്ണക്കുറവ് ഇതിനൊരു കാരണമല്ലേ?

Ans: എണ്ണക്കുറവ് എന്നതിനേക്കാൾ ഉപരി അതൊരു പൊതുബോധത്തിന്റെ പ്രശ്നമാണ്. അതിൽനിന്ന് മാറിച്ചിന്തിക്കാൻ മീഡിയക്ക് കഴിയുന്നില്ല. തെരഞ്ഞെടുപ്പ് വന്നാൽ എല്ലാ രാഷ്ട്രീയക്കാരും പള്ളി അരമനകളിലും എൻ.എസ്.എസ്, എസ്.എൻ.ഡി.പി ആസ്ഥാനങ്ങളിലും സഹായം യാചിച്ച് ചെല്ലും. പക്ഷേ, ദലിതർക്കിടയിലെ ഏറ്റവും വലിയ സംഘടനയായ, 10 ലക്ഷം പുലയ അംഗങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന കെ.പി.എം.എസിന്റെ അടുക്കൽ ആരും വരാറില്ല. അവരുടെ വോട്ട് മൊത്തമായി ലഭിക്കില്ലെന്ന ധാരണ കൊണ്ടാണത്. മീഡിയ രംഗം എടുത്താലും ഇതാണവസ്ഥ. ദലിതർക്കിടയിൽ വായനക്കാർ ഇല്ലെന്ന പൊതുബോധമാണ് അവരെ നയിക്കുന്നത്. സാധാരണ തിരുത്തേണ്ട സാഹചര്യമാണിന്നുള്ളത്. ദലിത് മധ്യ വർഗക്കാരുടെ ഇടയിൽ ധാരാളം പേർ വായനക്കാരും പത്രവരിക്കാരുമായുണ്ട്. മാധ്യമം ആഴ്‌ചപ്പതിപ്പിൻ്റെ നല്ലൊരു ശതമാനം വരിക്കാർ ദലിതരാണ്. ദലിതർക്ക് സാമൂഹികവും രാഷ്ട്രീയവുമായ അധീശത്വം ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. സമുദായം എന്ന നിലയിൽ അവർക്കുള്ള ശക്തി പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. എന്നാൽ, പാർശ്വവത്കൃത ജനവിഭാഗത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന ചില മാധ്യമങ്ങൾ ഈ കാഴ്‌ചപ്പാടിനു വിപരീതമായി ചിന്തിക്കുന്നുണ്ട്. അവർ ദലിതരിലെ എഴുത്തുകാരെ പ്രമോട്ടു ചെയ്യുന്നുമുണ്ട്. പക്ഷേ, മുഖ്യധാരാ മാധ്യമങ്ങളെ ഈ പൊതുബോധം തന്നെയാണ് മുന്നോട്ടുനയിക്കുന്നത്.

Q: ഇന്ത്യൻ മീഡിയാ പ്രവർത്തനത്തിൽ കാണുന്ന സവർണ കാഴ്‌ചപ്പാടുകളും ദലിത് വിരുദ്ധതയും ഒന്നു വിശകലനം ചെയ്യാമോ?

Ans: നേരത്തെത്തന്നെ സൂചിപ്പിച്ചിരുന്നല്ലോ, ഇത് രാഷ്ട്രീയമാണ്. എല്ലായിടത്തും സവർണമേധാവിത്വം. യഥാർഥത്തിൽ ഇന്ത്യയിൽ ന്യൂനപക്ഷം എന്നു പറയുന്നത് മുസ്ലിംകളല്ല; സവർണരാണ്. സംഘ്പരിവാറിന് കൂടുതൽ വിരോധം മുസ്ലിംകളോടല്ല ദലിതരോടാണ്. ദർശനപരമായ വിരോധമാണത്. വിഭജിച്ചു ഭരിക്കുക എന്നത് ബ്രിട്ടീഷുകാരുടെ മാത്രം തന്ത്രമല്ല, സവർണരുടേതു കൂടിയാണ്. ദലിതരെ ചാതുർവർണ്യത്തിന്റെ ഭാഗമാക്കാൻ കൂടിയാണ് മുസ്ലിം വിരോധം സൃഷ്ടിച്ചത്. ഭൂരിപക്ഷമെന്ന പേരിൽ ഹിന്ദുയിസത്തെ സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്ന് ദേശീയ പ്രസ്ഥാനങ്ങൾ പോലും മുക്തരല്ല. ദലിതർ ദലിതരായി സംഘടിക്കുന്നതിനെ ഒരു പ്രസ്ഥാനവും അംഗീകരിക്കില്ല. ഹിന്ദുക്കൾ എന്ന നിലയിൽ സംഘടിച്ചാൽ അവർ എതിർക്കില്ല. ചാതുർവർണ്യവത്കരണത്തിനുള്ള പ്രവർത്തന ആയുധമായാണ് മീഡിയ ഉപയോഗിക്കപ്പെടുന്നത്. അതൊരിക്കലും സ്വതന്ത്രമായിട്ടില്ല. ഇറാഖ് യുദ്ധം ഉണ്ടാക്കിയതിൽ മീഡിയക്കുള്ള പങ്ക് നിഷേധിക്കാനാവില്ലല്ലോ, അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.

Q: എന്താണ് ദലിത് മീഡിയാ സങ്കൽപം?

Ans: ദലിതരെ ഏകോപിപ്പിച്ച് ഒരു രാഷ്ട്രീയ ശക്തിയാക്കാനുള്ള ആയുധമായി മീഡിയ ഉപയോഗപ്പെടണം. ദലിതരെ സാമുദായികമായും രാഷ്ട്രീയമായും ഏകീകരിക്കാനുള്ള പ്രവർത്തന പരിപാടികളാവണം മീഡിയയിലൂടെ സാധ്യമാവേണ്ടത്. രാജ്യത്തെ വൈവിധ്യങ്ങൾ അംഗീകരിക്കുന്ന ജനാധിപത്യ സങ്കൽപത്തിനുള്ളിൽ നിന്നുകൊണ്ടുള്ള ധ്രുവീകരണമാണ് സാധ്യമാവേണ്ടത്. അതിനൊരു സങ്കുചിത സ്വഭാവം പാടില്ല. എല്ലാ ജനവിഭാഗങ്ങളുടെയും അവകാശവും അധികാരവും അംഗീകരിക്കപ്പെടണം. മറ്റുള്ളവരുടെ അവകാശം കവർന്നെടുക്കാനോ അവർക്കുള്ള അവകാശം ഇല്ലാതാക്കിയോ ഉള്ള മീഡിയാ സങ്കൽപമല്ല ദലിത് മീഡിയക്കുള്ളത്.

Q: ന്യൂനപക്ഷങ്ങളും, പ്രത്യേകിച്ച് മുസ്ലിംകൾ മീഡിയാരംഗത്ത് ഒരു സാന്നിധ്യമേയല്ല. അവരെക്കുറിച്ച് നിറംപിടിപ്പിച്ച കെട്ടുകഥകളാണ് മീഡിയ മെനഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ എന്താണ് താങ്കൾക്ക് നിർദേശിക്കാനുള്ളത്?

Ans: ന്യൂനപക്ഷങ്ങളുടെ വക്താക്കൾ എന്നു പറയുന്നത് മതനേതൃത്വം തന്നെയാണ്. ഈ മതനേതൃത്വത്തിന് ദലിതുകളോട് ഒരിക്കലും സഹിഷ്‌ണുതാപരമായ സമീപനം പുലർത്താൻ കഴിഞ്ഞിട്ടില്ല. പി.ഡി.പിക്കു പോലും, ദലിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന ആശ യത്തിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞിട്ടില്ല. ദലിതരെയും പിന്നാക്കക്കാരെയും ഏകോപിപ്പിച്ചുകൊണ്ട് സാമൂഹികവും രാഷ്ട്രീയവുമായ നയ സമീപനത്തോടെ നിലകൊള്ളാൻ ന്യൂനപക്ഷ നേതൃത്വത്തിന് ഇനിയും സാധിച്ചിട്ടില്ല. മുസ്ലിം പത്രപ്രവർത്തനവും വളരെ സങ്കുചിതമാണ്. സമുദായത്തിനകത്തുതന്നെ അവർ ഒതുങ്ങുന്നു. അപവാദങ്ങൾ ഉണ്ടാവാം. അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മറ്റു വിഭാഗക്കാരുടെ പ്രശ്ന‌നങ്ങളുമായി ബന്ധിപ്പിക്കാൻ അവർക്ക് സാധിക്കുന്നില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക പ്രസാധനാലയമാണ് ഐ.പി.എച്ച്. ഇന്നേവരെ അവർ അംബേദ്‌കറെക്കുറിച്ച് ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടില്ല. നമ്മുടെ ദേശീയതയുടെ യഥാർഥ ചിത്രം മുസ്‌ലിംകൾ മനസ്സിലാക്കിയിട്ടില്ല. അത് സവർണവത്കൃതമാണ്. അവിടെ മുസ്‌ലിംകളെന്ന പോലെതന്നെ ദലിതരും പ്രാന്തവത്കരിക്കപ്പെട്ടിരിക്കുകയാണ്. ഇതിനെയെല്ലാം കണ്ടുകൊണ്ടുള്ള സമീപനമാണ് ഇസ്‌ലാമിക മീഡിയയിൽനിന്ന് ഉണ്ടാവേണ്ടത്. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നതെന്നത് ഖേദകരമായ കാര്യമാണ്. ആത്മാർഥമായ സമീപനത്തോടെയുള്ള കൂട്ടായ്മ‌യിലൂടെ മാത്രമേ ഇപ്പോഴത്തെ മീഡിയയുടെ ആക്രമണത്തെ പ്രതിരോധിക്കാനാവൂ.

Q: ഇത്തരമൊരു കൂട്ടായ്‌മക്ക് മുസ്‌ലിംകളിൽനിന്ന് അനുകൂല സമീപനമുണ്ടായാൽ ദലിതരിൽനിന്ന് സഹകരണം പ്രതീക്ഷിക്കാമോ?

Ans: പ്രായോഗികമായ പ്രതിസന്ധികൾ വളരെ ഉണ്ടാകുമെങ്കിലും ആശയപരമായ യോജിപ്പ് വളരെ വേഗം സാധ്യമാണ്. പിന്നാക്ക ഐക്യം എന്നത് പ്രായോഗിക തലത്തിൽ ഏറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതാണ്. മുസ്‌ലിംകളും മറ്റു പിന്നാക്ക വിഭാഗങ്ങളും ഒരുതലത്തിൽ അധികാര രാഷ്ട്രീയത്തിൽ പങ്കുകാരാണ്. ഭരണവർഗവും സാമ്പത്തികശേഷി ഉള്ളവരുമാണ്. ഇതൊക്കെയാണെങ്കിലും അവർ വലിയ പ്രതിസന്ധി നേരിടുന്നുമുണ്ട്. ഹിന്ദുത്വത്തെ ന്യൂനപക്ഷമാക്കിക്കൊണ്ട് ദലിത് പിന്നാക്ക വിഭാഗക്കാരുമായി ഐക്യപ്പെടാൻ ഭരണവർഗം എന്ന നിലയിൽ മുസ്‌ലിംകൾക്ക് സാധിക്കുന്നില്ലെന്നതാണ് പ്രശ്നം.

Q: ഇത് കേരളപശ്ചാത്തലത്തിൽ മാത്രമുള്ള താങ്കളുടെ നിരീക്ഷണമാണെന്ന് തോന്നുന്നു. ദേശീയതലത്തിൽ സച്ചാർ കമ്മറ്റി റിപ്പോർട്ടും മറ്റും പരിശോധിച്ചാൽ ദലിതരേക്കാൾ പിന്നാക്കാവസ്ഥയിലാണ് മുസ്‌ലിംകൾ എന്ന് കാണാനാവും?

Ans: ന്യൂനപക്ഷ പ്രസ്ഥാനങ്ങളുമായി എല്ലാ കാലത്തും ദലിത് വിഭാഗക്കാർ ഐക്യപ്പെട്ടിട്ടുണ്ട്. അംബേദ്‌കറുടെ കാലം തൊട്ടുതന്നെ ഇത് കാണാം. ഇപ്പോൾ മായാവതിയാണെങ്കിലും മുസ്‌ലിംകളോട് വളരെ അനുഭാവപൂർവമായ സമീപനമാണ് കൈക്കൊള്ളുന്നത്. ജനാധിപത്യ സ്വഭാവത്തിലേക്ക് മാറേണ്ടത് ദലിതരല്ല, മുസ്‌ലിംകളാണ്. അവരുടെ കൈയിലാണ് സമ്പത്തും അധികാരവും. ദേശീയതലത്തിൽ മുസ്‌ലിംകൾ പ്രതിസന്ധി നേരിടുമ്പോഴൊക്കെ ദലിതർ ഒപ്പം നിന്നിട്ടുണ്ട്. ഗുജറാത്ത് കലാപകാ ലത്താണെങ്കിലും സംഘ്‌പരിവാറിനെ വിമർശിച്ച് രംഗത്തുവന്നത് ദലിത് വിഭാഗക്കാരാണ്.

Q: പക്ഷേ ഗുജറാത്തിൽ ആദിവാസികളെയും ദലിതരെയും മുസ്‌ലിംവിരുദ്ധ കലാപത്തിൽ ഉപയോഗപ്പെടുത്തിയില്ലേ?

Ans: അതിൽ ചില പ്രശ്നങ്ങൾ ഉണ്ട്. ദലിതരുടെ ജീവിതസാഹചര്യങ്ങളാണ് ഒരു കാരണം. ഇന്ത്യയിൽ നടന്ന എല്ലാ കലാപങ്ങളുടെ പിന്നിലും സമ്പന്നരും വ്യാപാരികളുമായ കുറ്റവാളി ഗ്രൂപ്പുകളാണ്. വ്യാവസായിക നഗരങ്ങളിൽ ആരംഭിച്ച് ഗ്രാമങ്ങളിലേക്ക് കലാപം പടരുയാണ് ചെയ്യുന്നത്. നഗരങ്ങളിൽ പരമ്പരാഗതമായി ഹിന്ദു സവർണ വിഭാഗക്കാരാണ് വ്യാപാര രംഗത്ത് കുത്തകകൾ ആയിട്ടുള്ളത്. അവിടേക്ക് ആധിപത്യ സ്വഭാവത്തോടെ മുസ്‌ലിംകളോ മറ്റു വിഭാഗക്കാരോ കടന്നുവരുന്നതിനെ അവർ അനുവദിക്കില്ല. മുംബൈ, കോയമ്പത്തൂർ കലാപങ്ങളിലൊക്കെ ഈയൊരു വ്യാപാര താൽപര്യം ദൃശ്യമാണ്. ഏറ്റവും ലളിതമായ ജീവിത സാഹചര്യത്തിൽ നിലകൊള്ളുന്ന ദലിതരെ സാമ്പത്തിക സഹായം നൽകിയും ബലാത്സംഗത്തിന് അവസരം ഒരുക്കിയും കലാപങ്ങളിൽ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ദലിത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നവരാരും ഇത്തരം കലാപങ്ങളിൽ പങ്കാളികളാകാറില്ല.

Q: മീഡിയാ രംഗത്ത് ദലിത്, പിന്നാക്ക ന്യൂനപക്ഷങ്ങൾ ചേർന്ന് ഒരു ബദൽ മീഡിയാ സംസ്കാരം വളർത്തിക്കൊണ്ടുവരാനാവുമോ? പ്രായോഗികരംഗത്ത് അതിന്റെ സാധ്യത എത്രത്തോളം?

Ans: തീർച്ചയായും സാധ്യമാണ്. മുഖ്യധാരാ മാധ്യമങ്ങളെ കവച്ചുവെക്കാൻ സാധിക്കും വിധത്തിൽ മുതൽ മുടക്കാൻ സാധിക്കുകയും അതിനു മുസ്ലിങ്ങൾ രംഗത്തുവരികയും ദലിതരിലെ ബുദ്ധിജീവികളെ ഉൾപ്പെടുത്താൻ തയാറാവുകയും ചെയ്താൽ യോജിച്ചുള്ള മീഡിയാ സംസ്ക്കാരം വളർത്തിയെടുക്കാനാവും. സാധ്യത മാത്രമല്ല രാജ്യത്തിന് ആവശ്യവുമാണ്. വിഷ്വൽ മീഡിയാ രംഗത്തും ഇന്റർനെറ്റിലുമെല്ലാം ഈ സാധ്യത ഉപയോഗപ്പെടുത്താനാവും. ഇക്കാര്യത്തിൽ ദലിതർക്കു മാത്രമായി സാമ്പത്തിക രംഗത്ത് ഒന്നും ചെയ്യാനാവില്ല. ഹിന്ദുത്വം വംശാധിപത്യം പുലർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ മൂലധന സമാഹരണം ദലിതനെക്കൊണ്ട് മാത്രം സാധ്യമല്ല. അതിന് മുസ്‌ലിംകളുടെ സഹായം ആവശ്യമാണ്. സമാന്തര മീഡിയാ സംവിധാനം അനിവാര്യമാണെന്നതിന് രാജ്യത്ത് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാവും. അത് പാർശ്വവത്കൃത ജനവിഭാഗത്തിൻ്റെ കുട്ടായ്‌മയിൽനിന്ന് ഉയർന്നുവരേണ്ടതാണ്. സാങ്കേതികമായി മുസ്ലിംകൾ ഭരണ വർഗമാണെങ്കിലും സൈദ്ധാന്തികമായി അതല്ല. ആ ബോധത്തോടു കൂടി വേണം ഈ കൂട്ടായ്മക്കായി അവർ രംഗത്തുവരേണ്ടത്.

കെ കെ കൊച്ച് എം ശറഫുല്ലാ ഖാൻ