Campus Alive

അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസും മുസ്‌ലിംകളുടെ രാഷ്ട്രീയ ദൃശ്യതയും

ഹൈദരാബാദ് വാഴ്സിറ്റിയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി യൂണിയന് ഞങ്ങള്‍ അനുമോദനങ്ങളര്‍പ്പിക്കുന്നു. അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങള്‍ക്കുമേല്‍ രാജ്യത്താകമാനം നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാവി ഭീകരതയുടെ കാലത്ത് ഈ വിധി സാധ്യമാക്കിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി സമൂഹത്തെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടും ജനാധിപത്യത്തിന്‍റെ ആത്മാവിനെ ഉയര്‍ത്തിപ്പിടിച്ചും എങ്ങിനെയാണ് യോജിച്ച പോരാട്ടങ്ങള്‍ സാധ്യമാവുക എന്നതിന് ഈ സഖ്യം പുതിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് മാതൃകയാണ്. വ്യത്യസ്തങ്ങളായ മര്‍ദ്ദിത ശബ്ദങ്ങളെ ഉള്‍ക്കൊള്ളുന്ന ഈ സഖ്യത്തിന് മുന്‍കൈയ്യെടുത്തതിന്‍റെ പേരില്‍ എ. എസ്. എ യെ ഞങ്ങളഭിനന്ദിക്കുകയാണ്. എ. ബി. വി. പിയോട് എതിരിടാന്‍ ഇങ്ങനെയൊരു സഖ്യത്തിന്‍റെ ഭാഗമാവാന്‍ തീരുമാനിച്ച ഡി. എസ്. യു, ടി. എസ്. എഫ്, എസ്. എഫ്. ഐ, എം. എസ്. എഫ്, ടി. വി. വി എന്നീ സംഘടനകളെയും ഞങ്ങള്‍ അനുമോദിക്കുന്നു. ഈ സഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച എ. ഐ. എസ്. എഫ്, ബി. എസ്. എഫ് എന്നീ സംഘടനകളും പ്രത്യേകമായ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഈ സഖ്യത്തിന്‍റെ വിജയത്തിനായി ഊര്‍ജവും സമയവും ചിലവഴിച്ച് കഠിനാധ്വാനം ചെയ്ത ഞങ്ങളുടെ പ്രവര്‍ത്തകരെയും ഈ സമയത്ത് അനുസ്മരിക്കുന്നു.

asaഎല്ലാ വിധത്തിലുള്ള മര്‍ദ്ദന വ്യവസ്ഥകളോടും പ്രതിരോധം തീര്‍ത്ത, വളരെ ഡൈനാമിക് ആയ ദളിത്- ബഹുജന്‍ രാഷ്ട്രീയത്തിന്‍റെ നീണ്ട ചരിത്രമുണ്ട് ഹൈദരാബാദ് സര്‍വ്വകലാശാലക്ക്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 2007 ല്‍ ഒ. ബി. സി റിസര്‍വേഷന്‍ നടപ്പിലാക്കിയതിനെ തുടര്‍ന്ന് ധാരാളം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാലയിലേക്ക് പ്രവേശനം സാധ്യമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ദളിത്- ബഹുജന്‍ രാഷ്ട്രീയം, മുസ്‌ലിംകളുടെ പ്രത്യേകമായ രാഷ്ട്രീയ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന്‍റെ ഭാഷ വികസിപ്പിച്ചെടുക്കുവാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ദളിത്- ബഹുജന്‍ -മുസ്‌ലിം ഐക്യമെന്ന രാഷ്ട്രീയ വ്യവഹാരത്തെ രൂപപ്പെടുത്തുവാനുള്ള ഈ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ മുസ്‌ലിം രാഷ്ട്രീയ പ്രശ്നങ്ങള്‍ സജീവമായി ഉന്നയിക്കപ്പെടുന്നതിലേക്കും, എസ്. ഐ. ഒ, എം. എസ്. എഫ് പോലെയുള്ള മുസ്‌ലിം സംഘടനകളുടെ സാന്നിധ്യത്തിലേക്കും വികസിച്ചു. 2014-15 ല്‍ യുനൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സ്‌ (യു. ഡി. എ) എന്ന സഖ്യം രൂപീകരിച്ച് ദളിത്- ബഹുജന്‍- മുസ്‌ലിം പ്രസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കുകയും ചെയ്തു. പുരോഗമനത്തിന്‍റെയും വിപ്ലവത്തിന്‍റെയം സ്വയം പ്രഖ്യാപിത പതാക വാഹകരുടെ രക്ഷാ കര്‍തൃ ചമയലിനെ തരണം ചെയ്ത ആ സഖ്യം ജനാധിപത്യം, നീതി തുടങ്ങിയ ആശയങ്ങള്‍ക്ക് നവീനമായ അര്‍ത്ഥങ്ങള്‍ പകര്‍ന്ന്‌ നല്‍കി. വലിയൊരു വിഭാഗവും ഒ. ബി. സി കാറ്റഗറിയില്‍ പെടുന്ന മുസ്‌ലിം സമുദായം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വരേണ്ടത്, ഒ. ബി. സി കാറ്റഗറിയെ ഹിന്ദുത്വ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ അനിവാര്യമാണ് എന്ന് സാന്ദര്‍ഭികമായി സൂചിപ്പിക്കുകയാണ്.

21248199_1659770734041642_2485298182625742927_oമേല്‍ പറഞ്ഞ ചരിത്രത്തിന്‍റെയും, മുസ്‌ലിം- ദളിത്- ആദിവാസി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയും, യൂണിവേഴ്സിറ്റികളിലെ സംഘ്പരിവാര്‍ ആധിപത്യത്തിന്‍റെയും പശ്ചാത്തലത്തില്‍ വേണം അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്‍റെ രൂപീകരണത്തെ മനസ്സിലാക്കാന്‍. ‘നന്മയില്‍ സഹകരിക്കുകയും തിന്മയില്‍ നിസ്സഹകരിക്കുകയും ചെയ്യുക’ എന്ന ഇസ്‌ലാമികാധ്യാപനത്തിന്‍റെ അടിസ്ഥാനത്തില്‍, ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തിന്മയായ ഫാഷിസത്തോടുള്ള എല്ലാ വിധ പോരാട്ടങ്ങളെയും എസ്. ഐ. ഒ സ്വാഗതം ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ അലയന്‍സ് രൂപീകരണത്തിന് തുടക്കത്തില്‍ തന്നെ എല്ലാ വിധ പിന്തുണയും ഞങ്ങള്‍ നല്‍കി. ആശയ പരവും സ്വത്വപരവുമായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കാമ്പസിലെ മറ്റു സംഘടനകളും സഖ്യത്തിന്‍റെ ഭാഗമായി. അതേ സമയം, ഇന്ത്യയിലെ ഏതൊരു ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്‍റെയും ആധാര ശിലയായി ഡീ ബ്രാഹ്മണൈസേഷനെ ഞങ്ങള്‍ മനസ്സിലാക്കുന്നു.

വ്യത്യസ്ത സംഘടനകള്‍ തമ്മില്‍ പാലിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് ഈ സഖ്യം- എസ്. ഐ. ഒ കൂടി ഭാഗമായിക്കൊണ്ട്- ധാരണകള്‍ രൂപീകരിച്ചിരിക്കെ ഖേദകരമെന്നു പറയട്ടെ, എസ്. എഫ്. ഐ യിലെ മുസ്‌ലിം വിരുദ്ധ ശക്തികള്‍ മുസ്‌ലിം സംഘടനകളില്‍ നിന്നും അകലം കാത്തു സൂക്ഷിക്കുന്നതിലൂടെ ബ്രാഹ്മണിക ശുദ്ധി വാദത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക്കുകയാണ്. എസ്. ഐ. ഒ തുടക്കത്തിലേ തന്നെ ഇവരുടെ പ്രതി സ്ഥാനത്തായിരുന്നെങ്കില്‍ എം. എസ്. എഫിന് ആ ‘ഭാഗ്യം’ ലഭിച്ചത് വോട്ടെണ്ണിക്കഴിഞ്ഞ ശേഷമാണ്. എസ്. ഐ. ഒ വിനോട് കാണിച്ച തൊട്ടുകൂടായ്മ ‘ശ്രേണീകൃത അസമത്വ’ത്തെ തലതിരിച്ചിട്ടതിന് സമമായിരുന്നു. അഥവാ, നിങ്ങളെ നേരിട്ടു സമീപിക്കുക സാധ്യമല്ല മറിച്ച് ഒരു ദളിത് സംഘടനയുടെ മാധ്യസ്ഥം അതിന് ആവശ്യമാണ് എന്നാണത്. വംശീയവും, ഇസ്‌ലാം വിരുദ്ധവും വിദ്വേഷ പരവുമായ മുദ്രാവാക്യങ്ങളിലൂടെയും മുസ്‌ലിം സംഘടനകളുടെ പതാകകളോടും അവരുടെ അവകാശസ്ഥാപകമായ മുദ്രാവാക്യങ്ങളോടും കാണിച്ച വെറുപ്പിലൂടെയും അവര്‍ ഇസ്‌ലാമോഫോബിയയെ സജീവമായി നിര്‍ത്തി. ഇത് മുസ്‌ലിം രാഷ്ട്രീയ കര്‍തൃമേഖലകളോടുള്ള എസ്. എഫ്. ഐയുടെ തീവ്രമായ തൊട്ടുകൂടായ്മ (radical untouchability) യെയും ശ്രേണീകൃത സ്പര്‍ശനത്തെ (graded touchability)യും വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കെതിരെ ഉല്‍പ്പാദിപ്പിക്കുന്ന ഈ വെറുപ്പിനെയും വിദ്വേഷത്തെയും ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു. ഒരു മുസ്‌ലിമിനെ യൂണിയനിലേക്ക്‌ ജയിപ്പിക്കുക എന്നതിലല്ല, മറിച്ച് ഇസ്‌ലാമിനെ സാധുതമായ ഒരു രാഷ്ട്രീയ ശക്തിയായി കാണുകയോ കാണാതിരിക്കുകയോ ചെയ്യുന്നതിലാണ് ഇസ്‌ലാമോഫോബിയ പ്രവര്‍ത്തിക്കുന്നത്. ഇസ്‌ലാമിനെയും ഹിന്ദുമതത്തെയും ഒരേ സ്ഥാനത്ത് നിര്‍ത്തുന്നതോ, മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള എല്ലാ രാഷ്ട്രീയ ആവിഷ്കാരങ്ങളെയും മതമൗലികവാദമെന്നാക്ഷേപിക്കുന്നതോ ജനാധിപത്യ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നതിന് സഹായകമാവുകയില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ക്രാന്ത ദര്‍ശിയായ ഡോ. ബി. ആര്‍ അംബേദ്കര്‍ നിരീക്ഷിച്ചതു പേലെ ദേശീയത/ വര്‍ഗ്ഗീയത എന്ന ദ്വന്ദ്വം നിലനില്‍ക്കുന്നിടത്തോളം മുസ്‌ലിം രാഷ്ട്രീയത്തെ ആവിഷ്കാരിക്കാനുള്ള എല്ലാ ശ്രമങ്ങളും വര്‍ഗ്ഗീയമെന്ന് മുദ്രകുത്തപ്പെടും.

ചര്‍ച്ചകളെ എസ്. ഐ. ഒവിന് ചുറ്റും മാത്രമായി നിലനിര്‍ത്തുന്നത്‌ അംബേദ്കര്‍, ദളിത്, ആദിവാസി സംഘടനകളുടെ സാന്നിധ്യത്തെയും, രാഷ്ട്രീയ വ്യവഹാരത്തെ പരിവര്‍ത്തിപ്പിക്കുന്നതില്‍ അവരുടെ പങ്കിനെയും മറച്ചു പിടിക്കാനുള്ള ഗൂഢ ശ്രമമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. സയ്യിദ് മൗലാനാ മൗദൂദിയെ ചുറ്റിപ്പറ്റി നിരന്തരം നിഗൂഢതകള്‍ ആരോപിക്കുന്നത്‌, ജാതി വിരുദ്ധ പോരാട്ടങ്ങളെയും അവയ്ക്ക് സാധ്യമാവുന്ന വിപ്ലവകരമായ ചലനങ്ങളെയും മറച്ചു പിടിക്കാനും സംശയത്തിന്‍റെ പുകമറയില്‍ നിര്‍ത്താനുമാണ്. 21761444_353031371801979_4035860561502153931_nവിജയാഹ്ലാദ റാലിയിലെ എസ്. എഫ്. ഐ യുടെ അസാന്നിധ്യം, ദളിത്- ബഹുജന്‍ നേതൃത്വത്തിലുള്ള രാഷ്ട്രീയ സഖ്യത്തോടുള്ള അവരുടെ ഉദാസീനതയും അസഹിഷ്ണുതയും വ്യക്തമാക്കുന്നതാണ്. അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിനു വലിയൊരു ഭീഷണിയായി ഇതിനെ ഞങ്ങള്‍ മനസ്സിലാക്കുന്നു. നമ്മളുടെ പരസ്പര ഇടപാടുകളെ കുറിച്ച് ഗൗരവത്തില്‍ പുനരാലോചിക്കാന്‍ സഖ്യകക്ഷികളോട് ഞങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ഗ്ലോബല്‍ അക്കാദമിക്സില്‍ ഇസ്‌ലാം/ ഇസ്‌ലാമിസം/ ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തം തുടങ്ങിയവയെക്കുറിച്ച് ധാരാളം സാഹിത്യങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ അക്കാദമിക്സ് ഇപ്പഴും അതൊന്നും അറിഞ്ഞ മട്ടില്ല. ഇസ്‌ലാമിക രാഷ്ട്രീയത്തെക്കുറിച്ചുള്ള UoH അക്കാദമിക്സിന്‍റെ ആപല്‍ക്കരമായ ധാരണക്കുറവ് വ്യക്തമാക്കുന്നത്, അധീശ സെക്യുലര്‍ അക്കാദമിക്സിന് ഈ രാജ്യത്തെ ഏറ്റവും പീഢിതമായ സമുദായത്തിന്‍റെ ജ്ഞാനത്തോടും ആവിഷ്കാരത്തോടും അഭിലാഷങ്ങളോടും പ്രാബല്യത്തിലുള്ള അലംഭാവത്തെയാണ്. ഈ ദുരൂഹമായ അജ്ഞത ദൈനംദിന രാഷ്ട്രീയ വ്യവഹാരത്തില്‍ പ്രതിഫലിക്കുകയും, പഴകിയ, ആവര്‍ത്തിക്കുന്ന, വിദ്വേഷപരമായ പ്രോപ്പഗണ്ടയെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റില്‍ സഖ്യ സ്ഥാനാര്‍ത്ഥിയോട് എ. ബി. വി. പി ചോദിച്ച രണ്ട് ചോദ്യങ്ങളും ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ടതാണ് എന്ന് നമ്മളോര്‍ക്കണം. Abul_ala_maududiഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭനായ ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് മൗലാനാ മൗദൂദിക്കെതിരെ ഉയര്‍ത്തിയ മോശം മുദ്രാവാക്യങ്ങള്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നത് നിലവിലെ മുസ്‌ലിംകളുടെ തിയോളജിക്കലും രാഷ്ട്രീയവുമായ ചോദ്യങ്ങളെ മനസ്സിലാക്കാനുള്ള ശേഷിയില്ലായ്മയും, മതേതരവും ഇസ്‌ലാമികവുമായ വ്യവഹാരങ്ങള്‍ എങ്ങിനെയാണ് പ്രവര്‍ത്തിക്കുക എന്നതിനെ കുറിച്ചുമുള്ള  അവരുടെ അജ്ഞതയുമാണ്‌.

ദളിത് ബഹുജന്‍ സംഘടനകള്‍ കാലങ്ങള്‍ കൊണ്ട് നേടിയെടുത്ത രാഷ്ട്രീയ പങ്കാളിത്തത്തെ ചര്‍വ്വണം ചെയ്യുന്നതിന് മുമ്പ് മനസ്സിലാക്കേണ്ട കാര്യം, ആ സമുദായങ്ങള്‍ ഇവിടെ രാഷ്ട്രീയത്തിന്‍റെ കേന്ദ്രമായി മാറിക്കഴിഞ്ഞു എന്നുള്ളതാണ്. അഥവാ, വിമോചനത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള പരമ്പരാഗത ഇടത് മതേതര കാറ്റഗറികള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ജാതി മേധാവിത്തത്തിന്റെ ഈ കാലത്ത്‌ സാമ്പ്രദായികതകളെ മറികടക്കുവാന്‍ -എത്രത്തോളം റിസ്‌ക് എടുത്തിട്ടാണെങ്കിലും-  വ്യത്യസ്തകളുടെ ഒരു രാഷ്ടീയം യാധാര്‍ത്ഥ്യവല്‍ക്കരിക്കേത് അത്യാവശ്യമാണ്. വിമോചനത്തെക്കുറിച്ച്- പ്രത്യേകമായും ജാതിയുടെ പശ്ചാത്തലത്തില്‍- ആലോചിക്കുവാനുള്ള ഒരു റാഡിക്കല്‍ സാധ്യതയായി ഈ നവീന മുസ്‌ലിം രാഷ്ട്രീയ വ്യവഹാരം മാറിക്കഴിഞ്ഞു. ജൂഡിത് ബട്‌ലര്‍ പറയുന്നത് പോലെ: “മുസ്‌ലിം വ്യവഹാരങ്ങള്‍ക്കകത്തും ജനാധിപത്യ പ്രക്രിയ സാധ്യമാണ് എന്ന യാഥാര്‍ത്ഥ്യമാണ് ഇസ്‌ലാമിനെതിരെ മുന്‍ധാരണ വെച്ചു പുലര്‍ത്തുന്നവര്‍ മനസ്സിലാക്കേണ്ടത്. ഇസ്‌ലാമടക്കമുള്ള മതകീയവും അല്ലാത്തതുമായ വ്യത്യസ്ത തരത്തിലുള്ള എല്ലാ സംഘങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലത ജനാധിപത്യത്തിനുണ്ടാവേണ്ടതുണ്ട്”. ഈ സന്ദര്‍ഭത്തില്‍ ഇവിടുത്തെ അക്കാദമിക സമൂഹത്തോട് ഇസ്‌ലാമിക രാഷ്ട്രീയത്തെയും മുസ്‌ലിം പ്രശ്നങ്ങളെയും സംബന്ധിച്ച് ആഴത്തിലും ഗൗരവത്തിലുമുള്ള ഇടപെടലുകളുണ്ടാവണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന ആശയം ബ്രാഹ്മണിക ഫാഷിസത്തോടുള്ള പോരാട്ടത്തില്‍ ഇന്ത്യക്കാകമാനം മാതൃകയാണ് എന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി ഊന്നിപ്പറയുന്നു. ചെറുതും അപരവല്‍ക്കരിക്കപ്പെട്ടതുമായ ചോദ്യങ്ങളെ മുഖവിലക്കെടുത്ത്, അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും ഇതിന്‍റെ പോരായ്മകളെ പരിഹരിക്കണം. എസ്. ഐ. ഒ അടക്കമുള്ള എല്ലാ സഖ്യ കക്ഷികളും സഖ്യ രൂപീകരണത്തിന്‍റെ വെത്യസ്ത സാധ്യതകളെ സ്വയം വിമര്‍ശനത്തിലൂടെ വികസിപ്പിച്ചു മുന്നോട്ടു പോവുകയും വേണം.