Campus Alive

തുറമുഖം: തൊഴിലാളി വർഗ രാഷ്ട്രീയത്തിലെ അദൃശ്യ സമുദായങ്ങൾ

മട്ടാഞ്ചേരി എന്ന പ്രദേശം മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് ഗുണ്ടകളുടെ പേരിനൊപ്പമാണ്. ‘തുറമുഖം’ എന്ന സിനിമ ഈ ഗുണ്ടകൾ ഉടലെടുത്തതിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം പറയാൻ ശ്രമിക്കുന്നു. രാജീവ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ ‘ കമ്മട്ടിപ്പാടം’ എന്ന സിനിമക്ക് ശേഷം ശക്തമായി രാഷ്ട്രീയം പറയുന്ന സിനിമയുമായാണ് അദ്ദേഹം രംഗപ്രവേശം ചെയ്തിരിക്കുന്നത്. കമ്മട്ടിപ്പാടത്തിൽ ‘ ബാലൻ ‘ എന്ന മണികണ്ഠൻ ആചാരി കൈകാര്യം ചെയ്ത ഗുണ്ടാ കഥാപാത്രത്തിന്റെ ദാരുണമായ അന്ത്യത്തെ കാണിക്കുന്നുണ്ട്. ദലിത് സമുദായങ്ങളിൽ നിന്ന് ഉയർന്ന് വരുന്ന ശക്തരായ വ്യക്തികൾ എങ്ങനെയാണ് സവർണരായ ആളുകൾക്കൊപ്പം നിൽക്കുകയും ശേഷം അവരാൽ തന്നെ കൊല്ലപ്പെടുകയും ചെയ്യുന്നതെന്ന് കമ്മട്ടിപ്പാടം പറയാൻ ശ്രമിക്കുന്നുണ്ട്. ഏകദേശം അതേരൂപത്തിലുള്ള കഥാപാത്രമാണ് നിവിൻ പോളി കൈകാര്യം ചെയ്ത ‘തുറമുഖ’ത്തിലെ ‘മൊയ്തു ‘ എന്ന കഥാപാത്രം. ഈ കഥാപാത്രവും മുതലാളിക്ക് വേണ്ടി തല്ലാൻ നടക്കുകയും അവസാനം കൊല്ലപ്പെടുകയും ചെയ്യുന്നു. ഇവിടെ മുസ്‌ലിം സമുദായത്തിൽ നിന്നും ഉയർന്ന് വന്ന ശക്തനായൊരു വ്യക്തിക്കാണിത് സംഭവിക്കുന്നത്. 1953 ൽ മൂന്ന് തുറമുഖ തൊഴിലാളികൾ ചാപ്പവിരുദ്ധ സമരത്തിന്റെ ഭാഗമായി പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ചരിത്ര സംഭവമാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. 1950 കളെ പകർത്തുന്നതിൽ ഈ സിനിമ വിജയിച്ചിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടോട്ടിയിൽ നിന്ന് മട്ടാഞ്ചേരിയിലേക്ക് കുടിയേറിയ കുടുംബമാണ് മയമൂദും (ജോജു ജോർജിന്റെ കഥാപാത്രം ) മക്കളും. മട്ടാഞ്ചേരി മയമൂദിന്റെ മൂത്ത മകനാണ് നിവിൻ പോളിയുടെ ‘മൊയ്തു’ എന്ന കഥാപാത്രം. മയമൂദ് ചാപ്പ സമ്പ്രദായത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കൃത്യമായി തൊഴിൽ വേതനം കിട്ടാത്തതിനെ ചോദ്യം ചെയ്യുകയും ചാപ്പാ സമ്പ്രദായം നിയന്ത്രിച്ചിരുന്ന മൂപ്പന്റെ ആളുകളാൽ ചതിയിലൂടെ കൊല്ലപ്പെടുകയും ചെയ്യുന്നതാണ് സിനിമയുടെ തുടക്കത്തിൽ സംഭവിക്കുന്നത്. മൂപ്പനാണ് ചാപ്പ എറിഞ്ഞു കൊടുക്കുന്നത്. ചാപ്പയെന്നാൽ; മൂപ്പൻ നാണയത്തുട്ടുകൾ തൊഴിലാളികൾക്കിടയിലേക്ക് എറിഞ്ഞു കൊടുക്കുകയും അത് ലഭിക്കുന്നവർക്ക് മാത്രം തൊഴിൽ ലഭിക്കുകയും ചെയ്യുന്ന ഹീനമായൊരു സമ്പ്രദായമാണ്.
തൊഴിലാളി വർഗ ബോധത്തിൽ നിന്നും മാറി നടന്ന മൊയ്തു തുറമുഖത്ത് എത്തിയ സോവിയറ്റ് യൂണിയന്റെ ചെങ്കൊടി പാറിച്ച കപ്പലിൽ കയറി മദ്യം മോഷ്ടിക്കുന്നതിനിടെയാണ് കൊല്ലപ്പെടുന്നത്. തൊഴിലാളികളുടെ വർഗബോധത്തിൽ നിന്നുള്ള വ്യതിയാനം എങ്ങനെയാണ് ഒരു തൊഴിലാളിയെ ഭീകരമായ അന്ത്യത്തിലേക്ക് കൊണ്ടെത്തിക്കുന്നതെന്ന് പ്രതീകാത്മകമായി ഈ സിനിമ വളരെ മനോഹരമായി പറഞ്ഞുവെക്കുന്നുണ്ട്. ഈ സിനിമയെപ്പറ്റിയുള്ള റിവ്യൂകളിൽ മൊയ്തുവിന്റെ അപഥസഞ്ചാര മാണ് മൊയ്തുവിന്റെ ജീവിതം തകർത്തതെന്നുള്ള വ്യാഖ്യാനം കാണുന്നുണ്ട്. അത് മൊയ്തുവിന്റെ ജീവിതത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നതല്ല. മറിച്ച് സ്ഥിരമായി തൊഴിലാളിയായി മാറുന്നതിൽ നിന്നും കുതറിമാറി മുതലാളി വർഗത്തിന്റെ ഇടങ്ങളിലേക്ക് കയറിച്ചെല്ലാൻ ശ്രമിക്കുന്ന ഒരു പോരാട്ടമായാണ് നമുക്കതിനെ കാണാൻ കഴിയേണ്ടതെന്ന് തോന്നുന്നു.
മൂപ്പന്മാർക്ക് വേണ്ടി തൊഴിലില്ലായ്മയിൽ നിന്നും രക്ഷ നേടാൻ വേണ്ടി ജോലി ചെയ്യുന്ന മൊയ്തു, മുതലാളി വർഗത്തിന്റെ സ്വഭാവ പ്രശ്നങ്ങളെ തിരിച്ചറിയുന്നതിനോടൊപ്പം സ്വയം ഒരു ‘കച്ചറ’യായി സ്വയം അടയാളപ്പെടുത്തി മുമ്പോട്ട് പോവുകയുമാണ് ചെയ്യുന്നത്. മൊയ്തു സ്വന്തം വീട്ടിലെത്തി താൻ കച്ചറയാണെന്ന് പറയുന്ന സമയത്ത് നിസ്സംഗതയോടെ അത് കേട്ടിരിക്കുന്ന ഉമ്മയുടെ മുഖത്തേക്കാണ് കാമറ നിൽക്കുന്നത്.
മയമൂദ് (ജോജു ജോർജ്) കൊല്ലപ്പെട്ടതിന് ശേഷം രണ്ട് ആൺമക്കളേയും ഒരു പെൺകുട്ടിയേയും വളർത്തി വലുതാക്കിയത് അവരുടെ ഉമ്മയാണ് (പൂർണിമ ഇന്ദ്രജിത്ത് അഭിനയിച്ച കഥാപാത്രം). സ്വന്തം മകളായ ഖദീജയെ (ദർശനാ രാജേന്ദ്രൻ) ബോംബക്കാരനെ കൊണ്ട് കല്യാണം കഴിപ്പിക്കേണ്ടി വരികയും, അവൾ ‘ കപ്പൽ ‘ രോഗിയായി തിരിച്ച് വരികയും അവളുടെ ഉമ്മയുടെ മാനസിക നില തെറ്റുകയും ചെയ്യുന്നു. മട്ടാഞ്ചേരിയിൽ ഇന്നും കണ്ടുവരുന്ന ശുദ്ധജലം കിട്ടാത്തതിന്റെ പ്രശ്നവും ഈ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. അർജുൻ അശോകൻ അഭിനയിച്ച ‘ ഹംസ ‘ എന്ന കഥാപാത്രം മട്ടാഞ്ചേരി മൊയ്തുവിന്റെ അനിയനായിട്ടാണ്. സ്വന്തം സഹോദരന്റെ കച്ചറ ജീവിതത്തിൽ നിന്ന് മാറി തൊഴിലാളി യൂണിയന്റെ കൂടെ നിൽക്കുന്ന ഹംസ അവസാനം പോലിസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നു. ഇതേസമയം തന്നെയാണ് മട്ടാഞ്ചേരി മൊയ്തു സോവിയേറ്റ് യൂണിയന്റെ കപ്പലിൽ നിന്ന് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഈ രണ്ട് ആൺമക്കളുടേയും ഭർത്താവിന്റെയും വേർപാടിനെ ആ ഉമ്മ ഏറ്റെടുത്ത് മുമ്പോട്ട് പോവുന്നതായിട്ടാണ് സിനിമ നമ്മോട് പറഞ്ഞുവെക്കുന്ന കഥ. നിമിഷ സജയൻ കൈകാര്യം ചെയ്ത ‘ ഉമാനി ‘ എന്ന കഥാപാത്രം യത്തീമാവുകയും രാത്രി വാടക വീട്ടിൽ നിന്നും വാടക അടക്കാത്തതിന്റെ പേരിൽ പുറത്ത് ഇറങ്ങിപ്പോവേണ്ടി വരികയും ചെയ്യുന്നു. തുടർന്ന് അവർ പോലീസുകാരനാൽ അക്രമിക്കപ്പെടുന്ന സമയം മട്ടാഞ്ചേരി മൊയ്തു അവരുടെ രക്ഷക്കെത്തുകയും അവരെ സ്വന്തം വീട്ടിലെത്തിക്കുകയും ചെയ്യുന്ന സന്ദർഭമുണ്ട്. മൊയ്തുവിന്റെ ഉമ്മ അവളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഉമ്മയെ സംബന്ധിച്ചിടത്തോളം ഉമാനിയുടെ വേദന ഉൾക്കൊള്ളാവുന്ന തരത്തിൽ അവരുടെ വിശാലമായ മാനസികയിടം കൂടി പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട് എന്ന് കാണാം. യഥാർത്ഥത്തിൽ മട്ടാഞ്ചേരിയിൽ നിലനിൽക്കുന്ന വേദനകളേയും സംഘർഷങ്ങളേയും ഈ ഉമ്മയുടെ കഥാപാത്രത്തിലൂടെ വളരെ ഗംഭീരമായി പൂർണിമ ഇന്ദ്രജിത്ത് അഭിനയിച്ച കഥാപാത്രം കൈകാര്യം ചെയ്തിട്ടുണ്ട്.
മട്ടാഞ്ചേരി മൊയ്തുവിന്റെ ‘ കച്ചറ ‘ ജീവിതം തുടങ്ങുന്നത് തൊഴിലാളി യൂണിയൻ നിലവിൽ വരുന്നതിലൂടെയാണ്. മൂപ്പന്മാർക്ക് വേണ്ടി തൊഴിലാളികളെ നിയന്ത്രിച്ചിരുന്ന പാച്ചിക്ക (സുദേവ് നായർ) എന്ന കഥാപാത്രം മൂപ്പനുമായി തെറ്റി മൂപ്പന്റെ ഇടത്തിലേക്ക് കയറുകയും മൊയ്തുവിനെ പോലെയുള്ള തൊഴിലാളികളെ പിടിച്ച് തൊഴിലാളികളെ നിയന്ത്രിക്കുന്ന ചാപ്പ സമ്പ്രദായം അടക്കമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്യുന്നു. തുറമുഖ തൊഴിലാളികളിൽ അധികവും ലത്തീൻ കത്തോലിക്ക മുസ്‌ലിം സമുദായങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ ഇടയിലേക്കാണ് ഇടതുപക്ഷ പാർട്ടികൾ തൊഴിലാളി വർഗ്ഗ രാഷ്ട്രീയവുമായി കടന്നുവരുന്നത്. യഥാർഥത്തിൽ തുറമുഖത്തിൽ രക്തസാക്ഷികൾ ആയവരുടെ പിൻതലമുറക്കാരോ അവരുടെ സമുദായത്തിൽ നിന്നുള്ളവരോ ഇടതുപക്ഷ പാർട്ടികൾ അധികാരം കൈയ്യാളിയപ്പോൾ മേൽത്തട്ടിൽ ഇല്ലാതെ പോയത്, അഥവാ അദൃശ്യമാക്കപ്പെട്ടത് തൊഴിലാളി വർഗ ബോധത്തെ നിയന്ത്രിച്ചിരുന്ന സവർണ്ണ ഉള്ളടക്കമുള്ള നേതാക്കന്മാർ ഉള്ളതുകൊണ്ടാണ്.

ഹാഷിര്‍ കെ മുഹമ്മദ്‌