മലയാള സിനിമക്ക് അത്ര പരിചിതമല്ലാത്ത ഫാന്റസിയുടെയും റിയലിസത്തിന്റെയും വാതിലുകൾ മലർക്കെ തുറന്നിടുന്നുണ്ട് ‘മഹാവീര്യർ’ എന്ന സിനിമ. കോടതിയും നിയമനടപടികളും മലയാള സിനിമക്ക് അന്യമല്ലെങ്കിലും അത്തരം കാര്യങ്ങളെ ആധികാരികതയോടെ ചിത്രീകരിക്കുന്നതിൽ പലപ്പോഴും വിമുഖത കാണിച്ചിട്ടുണ്ട് നമ്മുടെ സിനിമകൾ. കോടതികളിലെ തീപാറുന്ന വാദങ്ങളെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുമ്പോഴും നിയമത്തെ കുറിച്ചുള്ള പല ഉദ്ധരണികളും പല വകുപ്പുകളും വൻ അബദ്ധങ്ങളായി മാറാറുമുണ്ട്. കോടതി നടപടിക്രമങ്ങളോടും നിയമ വകുപ്പുകളോടും നീതീകരിക്കാനാകുന്ന റഫറൻസുകൾ മലയാള സിനിമ ഇന്നുവരെ നൽകിയിട്ടില്ല എന്നു വേണമെങ്കിൽ പറയാം .ചില വിരലിലെണ്ണാവുന്ന സിനിമകൾ ഇതിന് അപവാദമാണെങ്കിലും ഇടക്കാലത്ത് കയ്യടി നേടിയ ജനഗണമനയിലെ കോടതി സീനുകൾ പോലും വളരെ അരോചകവും നിയമനടപടികളെ കുറിച്ച് യാതൊരുവിധ റഫറൻസോ ശ്രദ്ധയോ ഇല്ലാതെ ചിത്രീകരിച്ചവയാണ്.
എം.മുകുന്ദന്റെ ആശയത്തിന് ആബ്രിഡ് ഷൈ൯ രൂപമൊരുക്കിയ‘ മഹാവീര്യർ’(2022) എന്ന മുഴുനീള കോർട്ട്റൂം ഫാന്റസി ഡ്രാമ വിമർശന വിധേയമാക്കപ്പെടേണ്ടത് അവ നിയമനടപടികളെ സൂക്ഷ്മാർത്ഥത്തിൽ പിന്തുടർന്നു എന്നുള്ളതുകൊണ്ട് മാത്രമല്ല, നിയമ വാഴ്ച(Rule of Law)യെയും പരമാധികാരത്തേയും നീതിയുടെ വിതരണത്തേയും തത്വചിന്താപരമായി സമീപിപ്പിക്കുകയും ആക്ഷേപഹാസ്യത്തിലൂടെ പ്രശ്നവൽക്കരിക്കരിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ അത് വിധ്വംസക ഹിന്ദുത്വ ഭരണകൂട ആഖ്യാനങ്ങളെ ന്യായീകരിക്കുന്ന, ‘യുക്തിചിന്തയെ’ ആശ്ചര്യപ്പെടുത്തുന്ന, ചില സമീപകാല കോടതി പരാമർശങ്ങളുടേയും കാലത്ത് അത്ര ‘നിഷ്കളങ്ക’മല്ലാത്ത വാദഗതിയെ മുന്നോട്ടു വെക്കുകയും ചെയ്യുന്നു എന്നിടത്തു കൂടിയാണ്.
കോടതി നടപടികളെ സസൂക്ഷ്മം പിന്തുടരുക വഴി അതിന്റെ റിയലിസ്റ്റിക്കായിട്ടുള്ള സ്വഭാവത്തിലൂടെ കടന്നു പോകുമ്പോൾ തന്നെ സമയം, കാലം, ആഖ്യാനം, എന്നിവയുടെ സമ്മിശ്രമായ പ്രയോഗത്തിലൂടെ സ്ഥലകാല ബോധ പരിധികൾക്കപ്പുറത്തുള്ള റിയലിസ്റ്റ് കാഴ്ചകളിൽ നിന്ന് ബഹുദൂരം മുന്നോട്ടു പോയി നീതി, നിയമ വാഴ്ച, പരമാധികാരം, എന്നിവയെ കൂടി വിശകലനം ചെയ്യുന്നുണ്ട് സിനിമ. അങ്ങനെ വരുമ്പോഴാണ് ഇന്നത്തെ കാലത്തേതെന്ന് തോന്നിക്കുന്ന കോടതിയിൽ വക്കീലന്മാരുടെ സഹായത്തോടുകൂടി വാദിയായും പ്രതിയായും വാദമുഖങ്ങൾ നിരത്തുന്ന രാജാവും മന്ത്രിയും ഗ്രാമത്തിലെ ആളുകളും കടന്നുവരുന്നത്. ഒരേസമയം ആധുനികതയുടെ പ്രയോഗ യുക്തിയുള്ള കോടതിയിൽ കോട്ടും ഗൌണും ധരിച്ച് വക്കീലന്മാരും പൗരാണികതയുടെ വേഷപ്പകർച്ചകളിൽ രാജാവും മന്ത്രിയും പ്രജകളും വരുന്നതായി കാണാം.
സമീപ കാലത്ത് കോടതി ചിന്തകളെ ഏറ്റവും കൂടുതൽ സങ്കീർണമാക്കിയ പദപ്രയോഗമായിരുന്നല്ലോ വിശ്വാസവും ആചാരങ്ങളുമെന്നത്. ബാബരി മസ്ജിദ് വിധിയിൽ തുടങ്ങി ശബരിമലയിലൂടെ സഞ്ചരിച്ച് പല പളളികളുടേയും അസ്തിത്വത്തെക്കൂടി പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് ഫാന്റസിയുടേയും ആർട്ടിന്റേയും റിയലിസത്തി൯ന്റേയും മിശ്രിതത്തിൽ ഒരുക്കിയിറക്കിയ “മഹാവീര്യ”റിലെ ചില വാദഗതികളെങ്കിലും, പ്രത്യേകിച്ചും നിവി൯ പോളി അവതരിപ്പിച്ച സന്യാസിയുടെ കോടതി സീനുകൾ, വർത്തമാനകാലത്തെ മർദിതാവസ്ഥക്കാലത്ത് വെറുമൊരു ഫാന്റസി മാത്രമായി കാണുക സാധ്യമല്ല.
കോടതി നടപടിക്രമങ്ങളെ കൃത്യമായി അവതരിപ്പിക്കുകയും ക്രിമിനൽ നടപടി ചട്ടങ്ങളിലെ സാങ്കേതികതകളെ പോലും കൃത്യമായി പിന്തുടരുകയും ചെയ്യുന്നുണ്ട് സിനിമ. എന്നാൽ വാദങ്ങൾക്കും പ്രതിവാദങ്ങൾക്കുമപ്പുറത്ത് നീതി പുറപ്പെടുവിക്കുന്നിടത്ത്; നീതിയുടെ യുക്തി ബോധങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ച് അധീശത്വ ബോധങ്ങളോടൊപ്പം നിന്ന് നീതിപീഠങ്ങൾ എങ്ങനെ വിധികൾ പുറപ്പെടുവിക്കുന്നു എന്നതും, തിരശ്ചീനമായ കാഴ്ചയുടെയും യുക്തി ബോധത്തിന്റേയുമപ്പുറത്ത് നമ്മുടെ കാഴ്ച പരിധികൾക്കപ്പുറമായിരിക്കും യാഥാർത്ഥ്യം എന്നും സിനിമ കാണിച്ചു തരുന്നുണ്ട് എന്ന് വ്യാഖ്യാനിക്കാ൯ കഴിയുന്നിടത്താണ് ഒരു നിയമ വിദ്യാർത്ഥി എന്ന നിലയിൽ സിനിമ എനിക്ക് ആസ്വാദ്യകരമായിത്തിരുന്നത്.
അതോടൊപ്പം തന്നെ, സമീപ കാലത്ത് നമ്മുടെ കോടതികൾ പുറപ്പെടുവിച്ച ചില പരാമർശങ്ങൾ പരിശോധിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നു. “ഇതിഹാസ ഗ്രന്ഥങ്ങളായ രാമായണം, ഗീത എന്നിവയുടെ രചയിതാക്കളായ വാൽമീകി, വേദ് വ്യാസ് എന്നിവർക്ക് പുറമെ കൃഷ്ണനും കൂടെ ദേശീയ ബഹുമതി നൽകേണ്ടതാണ്. അതിനു വേണ്ടി ഇന്ത്യൻ പാർലമെന്റിൽ നിയമം കൊണ്ടുവരണം. രാജ്യത്തെ ഓരോ പൗരന്റെയും ഹൃദയത്തിൽ രാമൻ കുടികൊള്ളുന്നു. അത് രാജ്യത്തിന്റെ ആത്മാവും സ്വത്വവും സംസ്കാരവുമാണ്. രാമനില്ലാതെ ഇന്ത്യ അപൂർണ്ണമാണ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിധിന്യായത്തിൽ പശുവിന്റെ നിരവധി ഗുണങ്ങൾ പട്ടികപ്പെടുത്തി പശുവിന്റെ അഭിവൃദ്ധി മാത്രമേ രാജ്യത്തിന്റെ അഭിവൃദ്ധി ഉറപ്പാക്കൂ എന്ന പരാമർശം. ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഒരേയൊരു മൃഗം പശുവാണെന്നും, പശുവിൻ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവകൊണ്ട് നിർമ്മിച്ച പഞ്ചഗവ്യം ഭേദപ്പെടുത്താനാവാത്ത നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായിക്കുന്നു എന്ന പരാമർശങ്ങൾ, ഒരു ജഡ്ജ് അഭിമുഖത്തിൽ പറഞ്ഞതു പോലെ, മയിൽ ആജീവനാന്ത
ബ്രഹ്മചാരിയാണെന്നും അവ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ലായെന്നും ആണ്മയിലിന്റെ കണ്ണുനീർ കഴിച്ചാണ് പെണ്മയിൽ ഗർഭിണിയാകുന്നതെന്നും അതിനാലാണ് അത് ദേശീയ പക്ഷി ആവുന്നത്” എന്നിങ്ങനെയൊക്കെയുള്ള വർത്തമാനകാല കോടതികൾ പടച്ചുവിട്ട വിധിന്യായങ്ങളുടെയും അഭിപ്രായങ്ങളുടേയും പശ്ചാത്തലത്തിൽ ‘മഹാവീര്യ’റുടെ അമ്പുകൾ വിശകലനവിധേയമാക്കപ്പെടേണ്ടതാണ്.
നിയമത്തിന്റേയും അതിന്റെ എഴുതിവെക്കപ്പെട്ട ചട്ടങ്ങളോടുമൊപ്പം ചലിക്കുമ്പോൾ തന്നെ എങ്ങനെ ഏകാധിപത്യ ഭരണകൂട താല്പര്യങ്ങളോടൊപ്പം നിയമത്തെ വ്യാഖ്യാനിച്ചു കൊണ്ട് നീതി നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു എന്നതിനെയും ചിത്രീകരിക്കുന്ന സിനിമയിലെ കോടതി കാഴ്ചകളെ വിശകലനം ചെയ്ത് നീതി, നിയമ വാഴ്ച എന്നിവയെക്കൂടി പ്രശ്നവൽക്കരിച്ചുകൊണ്ട് ഈ എഴുത്ത് ചുരുക്കുന്നു.
സിനിമയിലെ ഒരു കോടതി രംഗം നമുക്കൊന്ന് വീക്ഷിക്കാം. ഭാര്യക്ക് മാസങ്ങളോളമായി ചെലവിന് കൊടുക്കാത്ത ഭർത്താവിനോട് 24,000 രൂപ ചെലവിന് കൊടുക്കാൻ കോടതി വിധിക്കുന്നു. വിധിയുടെ പശ്ചാത്തലത്തിൽ 24000 രൂപക്ക് തുല്യമായ ചില്ലറ തുട്ടുകളുമായി വരുന്ന ഭർത്താവ് കോടതി മുമ്പാകെ അത് ഭാര്യക്ക് നൽകുന്നു. അത്രയും വലിയ തുക ചില്ലറ രൂപത്തിൽ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കില്ലായെന്നും മാറ്റി നൽകണമെന്നും കോടതിയോട് ആക്ഷേപം ബോധിപ്പിച്ച ഭാര്യയോട് 24000 രൂപ കൊടുക്കാൻ വിധിക്കാം എന്നല്ലാതെ അത് ചില്ലറയുടെ രൂപത്തിലോ നോട്ടിന്റെ രൂപത്തിലോ കൊടുക്കണമെന്ന് പറയാൻ നിയമത്തിൽ വ്യവസ്ഥയില്ല എന്നാണ് കോടതി മറുപടി പറയുന്നത്. ചില്ലറ നിരോധിക്കാത്തത് കൊണ്ട് രൂപ കൈമാറാൻ പ്രതിയോട് ആവശ്യപ്പെടുന്നുണ്ട് കോടതി. നിയമത്തിന്റെ യുക്തിയെ ചാണിനും ചാണായും മുഴത്തിന് മുഴമായും അക്ഷരവ്യാഖ്യാനം നടത്തുന്ന കോടതി, നീതിയുടെ നിർവഹണത്തിൽ കാണിക്കുന്ന ‘ലോജിക്’ വെളിവാക്കുന്നതാണ് മേൽ ദൃശ്യങ്ങൾ. നിയമത്തിനപ്പുറത്ത് യാഥാർത്ഥ്യബോധത്തെ കാണാനോ അറിയാനോ താൽപര്യപ്പെടാത്ത വളരെ യുക്തിയുള്ള നിയമനടപടികളെ അതുപോലെ പിന്തുടരുന്ന ഒന്നായി ഈ ഭാഗത്ത് കോടതി മാറുന്നുണ്ട്.
എന്നാൽ തുടർന്നു വരുന്ന കോടതി സീനുകളിലൂടെ കാഴ്ചാ പരിധിയുടെ ലോജികിനെ പ്രശ്ന വിധേയമാക്കുന്നുണ്ട് സിനിമ. ഒരു സന്യാസി (നിവിൻ പോളിയുടെ കഥാ പാത്രം) വിഗ്രഹം മോഷ്ടിച്ചതിന്റെ വിസ്താരമാണ് നടക്കുന്നത്. അമ്പലത്തിൽ നിന്നും മോഷണം പോയ വിഗ്രഹം അമ്പലത്തറയിലിരിക്കുകയായിരുന്ന സന്യാസിയുടെ ‘സമീപത്തു’ നിന്നും കിട്ടിയതിനാൽ സന്യാസി കളളനാണെന്നതിൽ തർക്കമില്ലെന്നതാണ് സാക്ഷി മൊഴികൾ. എന്നാൽ സാക്ഷികളെ വിസ്തരിക്കാ൯ കോടതിയിൽ നിന്നും അനുമതി വാങ്ങിയ സന്യാസി, ക്രോസ് വിസ്താരത്തിൽ അഗ്രഗണ്യനായ ഒരു വക്കീലിനെപ്പോലും കവച്ചു വെക്കുന്ന തരത്തിൽ, സാക്ഷികളെ വിസ്തരിച്ച് നിരത്തിയ വാദങ്ങളൊന്ന് ഇപ്രകാരമാണ്. വിഗ്രഹത്തിന്റെ നീളം, വണ്ണം, വ്യാപ്തി എന്നീ മാനങ്ങൾക്കു പുറമേ കാലം, ആത്മീയം എന്നീ മാനങ്ങൾ മനസ്സിലാക്കപ്പെടാതെ പോകുന്നിടത്താണ് വിഗ്രഹം മോഷണം പോയി എന്ന വാദമുണ്ടാകുന്നതെന്നും പൂജാരി ബ്രഹ്മചാരിയല്ലാത്തതിനാൽ ദേവൻ സ്ഥലം വിട്ടതാണെന്നും വിഗ്രഹങ്ങൾ സഞ്ചരിച്ചതിന് തെളിവുണ്ട് എന്നുമാണ്. ഒരേ സമയം CrPCയിൽ നിന്നും അർത്ഥശാസ്ത്രത്തിൽ നിന്നും വകുപ്പുകളുന്നയിക്കുന്ന സന്യാസിയോട് അതൊക്കെ പുരാണങ്ങളും ഐതിഹ്യങ്ങളുമാണെന്നും അതിന്റെ പ്രസക്തിയെന്തെന്നും (Relevancy
) പരിഹസിക്കുന്ന പ്രോസിക്യൂട്ടറോട് കളവും ചതിയും വഞ്ചനയും മറ്റു കുറ്റങ്ങളും എല്ലാ കാലത്തുമുണ്ടായിരുന്നതാണെന്നും അതുകൊണ്ട് പുരാണ നിയമങ്ങളും പ്രസക്തമാണെന്നും അതിനെ പുഛിച്ചു തളളിയ ഭരണകൂടങ്ങളും നീതി പീഠങ്ങളും അട്ടിമറിക്കപ്പെട്ടതിന് ചരിത്രമുണ്ടെന്നുമാണ് സന്യാസിയുടെ മറുപടി. പളളിക്കകത്തും മിഹ്റാബിലും ഹൗളിലും വിഗ്രഹങ്ങൾ ‘കണ്ടെത്ത’പ്പെട്ടു കൊണ്ടിരിക്കുമ്പോൾ കോടതികൾ കേട്ടു കൊണ്ടിരിക്കുന്ന വാദങ്ങളിലെ അതേ ഫിലോസഫി! തുടർന്നു വരുന്ന സീക്വൻസിൽ രാജാവും പരിവാരങ്ങളും കോടതി വിറപ്പിക്കുന്ന തരത്തിൽ കയറി വരുന്നതായും കാണാം. ഇവിടെ ആധുനിക കോടതിയിലെ വാദിയായും പ്രതിയായുമാണ് രാജാവും മന്ത്രിയും പ്രജകളും എത്തുന്നത്. സമയമേതെന്നോ കാലമേതെന്നോ കൃത്യമായി വിശദീകരിക്കാൻ മെനക്കെടാത്ത ആ സീക്വൻസിൽ വക്കീലും പ്രോസിക്കൂട്ടറും ജഡ്ജും എല്ലാം നമ്മൾ ഇന്നു കാണുന്ന കോടതികളിലേതു പോലെത്തന്നെ ആവുകയും, രാജാവിനെ വിസ്തരിക്കുന്നതിനായി പ്രസിഡൻസി കോടതികളിലെ റൂളുകളും നിയമങ്ങളും പരാമർശിക്കുകയും അങ്ങനെയൊരു വിസ്താരം നടത്താനുളള കോടതിയുടെ അധികാര പരിധിയേ(jurisdiction)ക്കൂടി വ്യാഖ്യാനം ചെയ്തെടുക്കുണ്ട് സിനിമയിലെ കോടതി. അഥവാ കെട്ടിലും മട്ടിലും ലോജിക്കിലും എതിർക്കാൻ പറ്റാത്ത തരത്തിലുള്ള, നമ്മൾ ഇന്ന് കാണുന്നത് പോലെ തന്നെയുള്ള നിയമ വകുപ്പുകളും വിസ്താരങ്ങളും ചീഫും ക്രോസും ഇവിടെ നമ്മൾ കാണുന്നു.
രാജാവിനും മന്ത്രിക്കുമെതിരെ ഒരു പ്രജ കൊടുത്ത പരാതിയിലാണ് കോടതി വിസ്താരം നടത്തുന്നത്. തൻ്റെ മകളെ തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ രാജ്യത്തെ പ്രധാനമന്ത്രി വന്ന് അപഹരിച്ചു കൊണ്ടു പോയി എന്നതാണ് കേസ്. അതിനെ എതിർത്തുകൊണ്ട് രാജാവിൻറെ ശാസനയെ പ്രജ ധിക്കരിച്ചു എന്ന കൗണ്ടർ കേസ് കൂടിയുണ്ട് കോടതിയുടെ പരിഗണനയിൽ. സുന്ദരിയായ ഒരു യുവതിയെ പിടിച്ചുകൊണ്ടുവരണം എന്നാണ് രാജാവ് തന്നോട് പറഞ്ഞതെന്നും രാജകല്പനയെ ശിരസാ വഹിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് മന്ത്രിയുടെ പക്ഷം. എന്നാൽ തൻ്റെ കൈപിടിച്ചു കുതിരപ്പുറത്ത് കയറ്റി കൊണ്ടുപോയ മന്ത്രിയോട് തനിക്ക് പ്രണയം തോന്നി എന്നാണ് സാക്ഷിവിസ്താരത്തിലേക്കെത്തുമ്പോൾ ഇരയായ യുവതി മൊഴി നൽകുന്നത്.
വാദപ്രതിവാദങ്ങൾക്കിടയിൽ, വിചാരണ വേളയിൽ സുന്ദരിയായ ഒരു യുവതിയെ പിടിച്ചു കൊണ്ടു വരാ൯ താൻ മന്ത്രിയോട് കൽപ്പിച്ചതിന്റെ കാരണം രാജാവ് പറയുന്നുണ്ട്. കഴിഞ്ഞ കുറെ കാലമായി രാജാവിന് കലശലായ എക്കിൾ പ്രശ്നമുണ്ട്. കൊട്ടാര വൈദ്യന്മാരും അറിയപ്പെടുന്ന ഭിഷഗ്വരന്മാരും വന്നു ചികിത്സിച്ചിട്ടും അതിന് യാതൊരുവിധ പരിഹാരവും ഉണ്ടായില്ല. പ്രശ്നം കാരണം രാജാവിന് രാജ്യകാര്യങ്ങൾ ശ്രദ്ധിക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. അങ്ങനെയിരിക്കെയാണ് രാജാവ് പുലർകാലത്ത് ഒരു സ്വപ്നം കണ്ടത്. സുന്ദരിയായ ഒരു സ്ത്രീയുടെ കണ്ണുനീർ ഒരു ചഷകത്തിൽ എടുത്ത് കുടിക്കുക, എക്കിൾ മാറും….. സ്വപ്നത്തിലെ സന്യാസിയുടെ നിർദേശമാണ്. പുലർകാല സ്വപ്നവുമാണ്…..പുലർന്ന ഉടനെ രാജാവ് ഉത്തരവിട്ടു……..സുന്ദരിയായ പെണ്ണിനെ പിടിച്ചു കൊണ്ടു വരണം. മന്ത്രിയാകട്ടെ, രാജ കൽപ്പനയുടെ യുക്തി തിരഞ്ഞില്ല. രണ്ടായിരത്തിലേറെ വരുന്ന രാജാവിന്റെ അന്തപുരത്തിലേക്ക് മറ്റൊരു പെണ്ണു കൂടി….
വിസ്താര വേളയിലെ രാജാവിന്റെ പ്രശ്നം രാജ്യത്തിന്റെ പ്രശ്നമാണ് എന്ന കാര്യത്തിൽ അതുവരെ ന്യായാന്യായങ്ങളുടെ യുക്തി അന്വേഷിച്ച കോടതിക്കും മറ്റൊരു അഭിപ്രായമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ യുവതിയെ തട്ടിക്കൊണ്ടു പോയതാണോ അല്ലേ എന്ന ചോദ്യം ഇനി കോടതിക്കില്ല. പകരം രാജാവിന് വേണ്ടി ഒന്ന് കരഞ്ഞുകൂടെ എന്നായി കോടതി. ‘അങ്ങനെ’ നീതി നടപ്പിലാക്കാൻ വേണ്ടിയുള്ള പരിശ്രമത്തിലായി പിന്നീട് കോടതിയുടെ നടപടികൾ. കോടതി പെണ്ണിനോട് കരയാൻ ആവശ്യപ്പെടുന്നു. എന്നാൽ യുവതിക്ക് അത് സാധിക്കുന്നില്ല കോടതി വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു. പക്ഷേ യുവതിക്ക് കഴിയുന്നില്ല,….. കരച്ചിൽ വരുന്നില്ല. അതോടുകൂടി എങ്ങനെ യുവതിയെ കരയിപ്പിച്ചു കൊണ്ട് രാജ്യ താൽപര്യം സംരക്ഷിക്കാം എന്നായി കോടതി. അടുത്തുനിന്ന പോലീസുകാരനോട് യുവതിയെ വേദനിപ്പിക്കാനായി പറഞ്ഞു…. പക്ഷേ യുവതി കരയുന്നില്ല. യുവതിയെ നുള്ളി നോക്കുന്നു…….. യുവതി കരയുന്നില്ല. കത്തി ഉപയോഗിച്ചുകൊണ്ട് യുവതിയെ ‘ചെറുതായൊന്നു’ മുറിവേൽപ്പിക്കുന്നു…. യുവതി കരയുന്നില്ല. യുവതിയെ ചാട്ടവാറുകൊണ്ട് അടിക്കുന്നു, യുവതി കരയുന്നില്ല. അവസാനം പോലീസുകാരന്റെ ചെവിയിൽ ജഡ്ജി ഒരു കാര്യം പറയുന്നു. കോടതിയിൽ എല്ലാവരും നോക്കി നിൽക്കെ, തൻറെ സമ്മതമില്ലാതെ കന്യകയായ തൻറെ മകളെ തട്ടിക്കൊണ്ടുപോയതിന് ആവലാതി ബോധിപ്പിക്കാനായി കോടതിയിലെത്തിയ പിതാവിൻറെയും, രാജാവിൻറെയും, മറ്റു
പ്രമുഖന്മാരുടെയും, പോലീസുകാരുടെയും, മറ്റു കക്ഷികളുടെയും, വക്കീലന്മാരുടെയും, പ്രോസിക്യൂട്ടറി൯റെയും മുമ്പിൽവെച്ച് ജഡ്ജിയുടെ നിർദ്ദേശപ്രകാരം പോലീസുകാരൻ യുവതിയെ വിവസ്ത്രയാക്കുന്നു. നഗ്നയായ യുവതി പക്ഷേ കരയുന്നില്ല. ജഡ്ജിയുടെ നിർദ്ദേശപ്രകാരം പോലീസുകാരൻ യുവതിയെ ചാട്ടവാറുകൊണ്ട് നിരന്തരമായി അടിക്കുന്നു. പക്ഷേ കരയുന്നതിന് പകരം യുവതി ബോധരഹിതയായി വീഴുന്നു. .അതുവരെ കാഴ്ചക്കാരനായി നിന്ന, പ്രതിയായി വന്ന സന്യാസി കോടതിയുടെ അടുത്തേക്ക് വരികയും അങ്ങനെ ചെയ്താലൊന്നും കണ്ണുനീർ വരില്ല എന്നും കണ്ണുനീർ വരുത്താൻ വേണ്ടി അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെടുകയും അതുപ്രകാരം തൻറെ കയ്യിലുണ്ടായിരുന്ന ഒരു തൂവൽ എടുത്തു യുവതിയുടെ ശരീരത്തിൽ മൃദുലമായി തഴുകുകയും ചെയ്യുന്നു. അന്നേരം വരെ കരയാതിരുന്ന യുവതി ആനന്ദാശ്രു പൊഴിക്കുന്നു. യുവതിയുടെ കണ്ണുനീർ ഒരു ഗ്ലാസ്സിലേക്ക് പകർന്ന് രാജാവ് കുടിക്കുകയും അങ്ങനെ രാജാവി൯റെ എക്കിൾ മാറുകയും ചെയ്യുന്നു.
അങ്ങനെ ശുഭ പര്യവസായിയായി അവസാനിക്കുന്ന സിനിമയിൽ കന്യകയായ യുവതി ഒരു മെറ്റഫർ ആയി മാറുന്നുണ്ട് എന്നാണ് ഞാ൯ വാദിക്കുന്നത്. ഏകാകിയായി എല്ലാം നഷ്ടപ്പെട്ട് നിയമത്തിൽ പ്രതീക്ഷയർപ്പിക്കുന്ന നാമോരോരുത്തരും യഥാർത്ഥത്തിൽ ആ യുവതിയാണ്. നിയമവും അധികാരവും പങ്കിട്ടെടുത്ത് വിതരണം ചെയ്യുന്ന വർണ്ണ ശബളിമയാർന്ന പാഴ് വാഗ്ദാനങ്ങളിൽ മതി മറന്ന് മയങ്ങി പോകുന്ന ഓരോരുത്തരുടെയും പ്രതീകമാണ് ആ യുവതി. തന്റെ അനുവാദമോ സമ്മതമോ കൂടാതെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടു പോയ ആളോട് പ്രണയം തോന്നുന്ന, വിധേയത്വം തോന്നുന്ന, ആ അധികാരത്തോട് വിശ്വാസം പുലർത്തുന്ന, ഓരോരുത്തരെയും, അതുപോലെത്തന്നെ നിയമത്തിന്റെ നീതിബോധത്തെയും പ്രശ്നവല്‍ക്കരിക്കുന്നുണ്ട് ഈ മെറ്റഫർ.
റൂൾ ഓഫ് ലോ എന്ന് നാം വിളിക്കുന്ന, നിയമവാഴ്ചയുടെ അഥവാ നിയമം എല്ലാത്തിനും അതീതവും താല്പര്യങ്ങൾ ഒന്നും ഇല്ലാത്തതുമാണെന്ന പരമാധികാരത്തിന്റെ വാദങ്ങളെ കൂടി യുവതി എന്ന മെറ്റഫറിലൂടെ ചോദ്യം ചെയ്യുന്നുണ്ട് സിനിമ. വാദങ്ങളും ആവശ്യങ്ങളും സമയവും വ്യത്യസ്തമായിരുന്നെങ്കിലും വാദം കേൾക്കുന്ന ജഡ്ജിയും കോടതിയും പ്രോസിക്യൂട്ടറും എല്ലാം ഒന്നു തന്നെയാണ് എന്നതാണ് രസകരമായ കാര്യം.
നീതി നിഷേധിക്കപ്പെട്ടും അവകാശങ്ങൾ ഹനിക്കപ്പെട്ടും ദുർബലമായിപ്പോവുന്ന പല സന്ദർഭങ്ങളിലും നാം കേൾക്കാറുളള പദപ്രയോഗമാണ് ‘നിയമത്തിൽ വിശ്വാസമുണ്ട്’ എന്നത് . നിയമ വാഴ്ചയിലൂടെ നാം നമ്മുടെ അവകാശങ്ങളെ വിട്ടു കൊടുക്കേണ്ടതോ, നമ്മുടെ സ്വാതന്ത്ര്യങ്ങളെ പ്രയോഗിക്കാതിരിക്കാ൯ പലപ്പോഴും നിർബന്ധിതമാക്കിത്തീർക്കുന്നതോ ആയ സമയങ്ങളിൽ നാം പറയേണ്ടി വരുന്നതോ കേൾക്കേണ്ടി വരുന്നതോ ആയ പ്രസ്താവനയാണ് “നിയമം നിയമത്തി൯റെ വഴിക്ക് നടക്കട്ടെ” (Rule of Law) എന്നുളളതും!! അത്തരമൊരു അവസ്ഥയിൽ കോടതികൾ ദുർബലർക്ക് പ്രതീക്ഷയായി മാറാറുണ്ട്, സിനിമയിലെ യുവതിയുടെ അഛനെപ്പോലെ. ആത്യന്തികമായി സ്വന്തം താൽപ്പര്യത്തിനു വിരുദ്ധമായി മറ്റുളളവരുടെ ആശക്ക് വിധേയമാക്കപ്പെടേണ്ടി വരുന്നവരുണ്ട്, പവിത്രമാക്കപ്പെട്ടത്(sacred) എന്നു കരുതുന്ന ചില സംജ്ഞകൾക്കു മുമ്പിൽ എല്ലാ അവകാശങ്ങളും കീഴൊതുക്കി അതിനെ മനപൂർവ്വമായോ അല്ലാതെയോ ഇഷ്ടപ്പെടേണ്ടി വരുന്നവരുണ്ട്, സിനിമയിലെ യുവതിയെപ്പോലെ. വർത്തമാനകാലത്ത് ദേശീയത,രാജ്യസ്നേഹം എന്നിവ അത്തരം പവിത്രമാക്കപ്പെട്ട പരമാധികാര ആശകളാണ്. സമൂഹവും സമുദായവും അതിനു പിമ്പേ പായുന്നതും കാണാം. ശക്തിയും യുക്തിയും പ്രാപ്തിയുമുളള മനുഷ്യ൯ എന്തിന് നിയമത്തിനും അതു വഴി ഭരണകൂടങ്ങൾക്കും വഴിപ്പെടണം? നിയമത്തിന്റേയും ഭരണകൂടത്തിന്റേയും നിർമാണവും നിർവ്വഹണവുമായി ബന്ധപ്പെട്ട ആലോചനകളിൽ ഈ ചോദ്യം വളരേ പ്രധാനപ്പെട്ടതാണ്. റൂസ്സോയുടെയൊക്കെ ആലോചനകളിൽ നാമിന്നു കാണുന്ന ഈ വഴിപ്പെടലും പ്രതീക്ഷയുമൊക്കെ ഓരോ മനുഷ്യനും ഭരണകൂടവുമായും സമൂഹത്തിലെ മറ്റംഗങ്ങളുമായും തമ്മിൽ തമ്മിൽ പ്രത്യേകമായി ഏർപ്പെട്ട ഒരു കരാർ (implied contract) അല്ലെങ്കിൽ സാമൂഹിക ഉടമ്പടി(Social Contract) ആണെന്നു കാണാം. ആ ഉടമ്പടികളിലെ അനുഛേദങ്ങളെയും(Articles) നിബന്ധനകളുടേയും (Stipulations) കാതലായ ഭാഗം മൗലികമായ അവകാശങ്ങളാണെന്നും, അവയുടെ സംരക്ഷണം നിയമത്തിന്റെ അല്ലെങ്കിൽ ഭരണകൂടത്തി൯റെ ബാധ്യതയും അവകാശം (Fundamental Right) എന്നത് അതിനെ അനുസരിക്കാമെന്നേറ്റതിനുളള പ്രത്യുപകാരവും (Consideration) ആണ്. ചുരുക്കിപ്പറഞ്ഞാൽ നിയമത്തെ വിശ്വസിക്കാ൯
നിയമം നമുക്ക് നൽകിയ ഗ്യാരണ്ടിയേയാണ് നാം മൗലികവകാശങ്ങൾ എന്നൊക്കെ പറയുന്നത്. മറ്റൊരർത്ഥത്തിൽ, നേരത്തെ പറഞ്ഞ കരാറിനെ സംരക്ഷിക്കാനും നില നിർത്താനുമായി നിയമവും ഭരണകൂടവും ധാർമികമായി ചെയ്തു കൊണ്ടേയിരിക്കുന്ന പ്രവർത്തനമാണ് നിയമ വാഴ്ച അഥവാ Rule of Law എന്നത്. അതുകൊണ്ടൊക്കെത്തന്നെയാണ് മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴും തടഞ്ഞു വെക്കപ്പെടുമ്പോഴും സാധാരണ നിയമ നടപടികളുമായി മുന്നോട്ടു പോകുന്ന കോടതികളേയോ അധികാര സ്ഥാപനങ്ങളേയോ സമീപിക്കാതെ നാം നേരിട്ട് ഉന്നത നീതിപീഠങ്ങളിലേക്ക് (High Court and Supreme Court) ആവശ്യങ്ങളുമായി (quest of justice) പോകുന്നത്.
യുവതിയുടെ സീക്വൻസിലൂടെ ‘നീതി’യെ പരിഹസിക്കുണ്ട് ‘മഹാവീര്യർ’. മേൽ സൂചിപ്പിച്ച ഉടമ്പടി പ്രകാരം, നിയമവും ഭരണകൂടവും പരിപാലിക്കാമെന്നേറ്റ മനുഷ്യന് ലഭിക്കേണ്ട അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴും തടഞ്ഞു വെക്കപ്പെടുമ്പോഴും അവയെ പൂർവ്വ സ്ഥിതിയിലാക്കുന്ന ഒരു ‘ബാല൯സിംഗ്’ പരിപാടിയാണ് യഥാർത്ഥത്തിൽ നീതി (Justice) എന്നത്.അഥവാ സൂക്ഷ്മാർത്ഥത്തിൽ പരിശോധിക്കുമ്പോൾ നിയമാനുഷ്ഠാനങ്ങളിലെ നീതി എന്ന പ്രയോഗം പരിപാവനമായ സംഗതിയൊന്നുമല്ലെന്നും നിയമം അതിന്റെ അസ്തിത്വത്തെ സാധ്യമാക്കിയ കരാർ വ്യവസ്ഥകൾക്ക് കോട്ടം തട്ടുമ്പോൾ വ്യവസ്ഥകളെ അതിന്റെ പഴയ രീതിയിലേക്കു കൊണ്ടു വന്ന് നിയമം അതിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്ന പണിയാണ് യഥാർത്ഥത്തിൽ നീതി പാലനം എന്നൊക്കെ പറയുന്നത്. അതുകൊണ്ടൊക്കെത്തന്നെയാണ് ഈ പരിപാടി ചെയ്യുന്ന ന്യായാധിപന്മാരുടെ പേരിനു മുമ്പിൽ justice എന്ന പദപ്രയോഗം കാണാ൯ സാധിക്കുന്നത്. മനുഷ്യർ തമ്മിലുളള ഇടപാടുകളെ ക്രമപ്പെടുത്താമെന്ന വാഗ്ദാനത്തിൽ, കുടിപ്പകയുടേയും പ്രതിക്രിയ (revenge) തേടുന്ന സന്ദർഭത്തിലും പരസ്പരം പോരടിക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഹിംസാപരമായി പകരം ചോദിക്കുന്നതിനു ബദലായി ഹിംസയുടെ കുത്തക അവകാശപ്പെട്ടു കൊണ്ടും, തങ്ങളെ ആരെങ്കിലും ആക്രമിക്കുകയാണെങ്കിൽ തിരിച്ചാക്രമിക്കാതെ മൂന്നാമതൊരു കക്ഷിയായി തന്നെ ഉൾപ്പെടുത്തുകയാണെങ്കിൽ ‘നീതി’ എന്ന ഉദാത്തമായ പകരം വെക്കലിലൂടെ ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിച്ചു കൊളളാമെന്നും ആയതിന് ആക്രമിക്കാനുളള കുത്തകാവകാശം(monopoly of violence) നിങ്ങൾ തനിക്കു മാത്രം വിട്ടു നൽകണമെന്നുമുളള ആവശ്യത്തിൻറെ അടിസ്ഥാനത്തിലാണ് നിയമം(State) നിർമിക്കപ്പെടുന്നതും അസ്തിത്വം വീണ്ടെടുക്കുന്നതുമെന്ന് വാൾട്ടർ ബെഞ്ചമിൻ പറഞ്ഞുവെക്കുന്നുണ്ട്. ഒരാൾ മറ്റൊരാളെ ഹിംസിക്കുമ്പോൾ തിരിച്ച് പ്രതിക്രിയ ചെയ്യാൻ അയാളെ അനുവദിക്കാതെ നീതി എന്ന ഒരു സങ്കല്പത്തെ തന്നെ നിർമ്മിച്ചുകൊണ്ടാണ് നിയമം അതിൻറെ ആവശ്യകതയെയും അസ്ഥിത്വത്തെയും (necessity and existence) നിർമ്മിക്കുന്നത് .ജനങ്ങളിൽ നിന്ന് നിരുപാധികമായ അനുസരണവും വിധേയത്വവും കിട്ടിക്കൊണ്ടിരിക്കുന്ന അധികാര സ്വഭാവത്തെയാണല്ലോ നാം പരമാധികാരം എന്നു പറയുന്നത്. ഒരു അധികാര സ്വഭാവം പരമാധികാരമാണ് എന്ന് പറയുമ്പോൾ എന്തുകൊണ്ട് ജനങ്ങൾ നിരുപാധികമായി അതിനെ അനുസരിക്കണം എന്ന ചോദ്യം കൂടി പ്രസക്തമാണ്. അത്തരമൊരു പരമാധികാര രൂപീകരണത്തിന്റെ മുന്നോടിയായിട്ടാണ് പലപ്പോഴും നീതി എന്ന സങ്കല്പം ആധുനിക സമൂഹങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് നീതി തേടി നീതിക്കുവേണ്ടി ആളുകൾ നിയമത്തെ അനുസരിച്ച് കൊണ്ടിരിക്കുന്നത്. അഥവാ നിയമം നടപ്പിലാക്കപ്പെടുമ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒന്നുകൂടിയായി നീതി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ നിയമം അതിന്റെ അസ്തിത്വത്തെ നിലനിർത്താനും അതിന്റെ മാർക്കറ്റിനെ വിപുലപ്പെടുത്തുനും വേണ്ടി ഉത്പാദിപ്പിച്ചു വിട്ട പൊള്ളയായ ഒരു വാഗ്ദാനം മാത്രമാണ് നീതിയുടെ സങ്കല്പം. ഭരണകൂടത്തിന്റെ താൽപ്പര്യങ്ങളാണ് നീതി എന്ന ബോധത്തിലൂടെ ജനിക്കുന്നതെന്നും നീതിപീഠങ്ങൾ ആ താൽപ്പര്യങ്ങളെത്തന്നെയാണ് നമുക്ക് വേണ്ടി വിധിച്ചു തരുന്നതെന്നും അവിടെ കാണാവുന്നതാണ്. ചിലപ്പോഴത് രാജാവിന്റെ എക്കിൾ തീർക്കാനുളള മുന്നുപാധിയായിത്തീരുന്നതും, ദേശീയത എന്ന വിശുദ്ധ ബോധത്തിലേക്കെത്തുമ്പോൾ ഹിംസയും അക്രമവും ഒരു പ്രശ്മനല്ലാതായിത്തീരുന്നതും, പശുവിനെ ഉപജീവനാവശ്യത്തിലേക്കായി കൊണ്ടു പോകുന്നത് ജീവ പര്യന്തം തടവ് അർഹിക്കുന്ന അപരാധമായിപ്പോവുന്നതുമാണ്. സൈദ്ധാന്തികാടിസ്ഥാനത്തിൽ ഗവൺമെന്റും നീതിപീഠങ്ങളും പ്രഥമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും ഭരണകൂട താൽപ്പര്യങ്ങളും നീതി ബോധവും തമ്മിലുളള അന്തർധാര സജീവമാണെന്നും നമുക്ക് മനസ്സിലാവുന്നു. ഏറ്റവുമടുത്ത് ജാമ്യമനുവദിക്കപ്പെട്ട് സ്വന്തം പിതാവിനെ കാണാൻ നാട്ടിലേക്ക് പോകാൻ കൂടെ വരുന്ന പോലീസുകാരുടെ സുരക്ഷ ചെലവിലേക്കായി ഒരു കോടി രൂപ കെട്ടിവെക്കാനുളള ഭരണകൂട വാദത്തെ ശരിവെക്കുന്നകോടതി പരാമർശങ്ങളിൽ അതിശയോക്തിയില്ലാതെ കാഴ്ചക്കാരനായി ഈ എഴുത്ത് അവസാനിപ്പിക്കുന്നു.