Campus Alive

ബംഗ്ലാദേശ് പ്രതിസന്ധിയും ഇന്ത്യൻ മാധ്യമങ്ങളുടെ ഇസ്‌ലാമോഫോബിക് വിശകലനങ്ങളും

ബംഗ്ലാദേശിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ബഹുജന പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കി മണിക്കൂറുകൾക്കുള്ളിൽ, ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ “ഇസ്ലാമിസ്റ്റ് ശക്തികൾ” ലക്ഷ്യമിടുന്നതായി ഇന്ത്യൻ മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു.

തെറ്റിദ്ധാരണ വ്യാപിപ്പിക്കുന്ന തരത്തിലുളള പത്ര ലേഖനങ്ങളായും സ്വയം പ്രഖ്യാപിത വിദേശകാര്യ വിദഗ്ദ്ധരുടെ വിശകലനങ്ങളായും ബംഗ്ലാദേശിൽ നിന്നുളള വീഡിയോകളായും ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുകൾ വ്യാപകമായ വിദ്വേഷ ആക്രമണത്തിന് വിധേയമാകുന്നു എന്ന അഖ്യാനത്തെ സാധൂകരിക്കുന്ന വിധത്തിലുള്ള കണ്ടൻ്റുകൾ ഇന്ത്യൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പുറത്തു വന്നുകൊണ്ടിരുന്നു.

ടൈംസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള മിറർ നൗവിൻ്റെ യൂട്യൂബ് ചാനലിൽ, ‘ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണം: കൂട്ടക്കൊലകൾ, ആൾക്കൂട്ട കൊലപാതകങ്ങൾ,’ എന്ന തലക്കെട്ടോടു കൂടിയുള്ള വീഡിയോയിൽ നാല് വീടുകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ആണ് കാണിച്ചിരുന്നത്. അവയിൽ രണ്ടെണ്ണം മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ ആൾക്കൂട്ട കൊലപാതകങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ വീഡിയോയുടെ തലക്കെട്ട് വ്യക്തമായും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണ്. ഈ സംഭവത്തിൽ ആക്രമിക്കപ്പെട്ട ഒരു വീട് ബംഗ്ലദേശിൻ്റെ സ്വാതന്ത്ര്യ സമരത്തിൻ്റെ പ്രമുഖ മുഖമായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാൻ്റേതാണെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നുമുണ്ട്. ഈ വീഡിയോയിൽ തന്നെ “24 പേരെ ആൾക്കൂട്ടം ജീവനോടെ കത്തിച്ചു”, “ന്യൂനപക്ഷങ്ങൾ ആക്രമണത്തിൻ്റെ മുൾമുനയിൽ” എന്നിങ്ങനെയുള്ള അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും കൂടി ഉന്നയിക്കുന്നുണ്ട്.

തിങ്കളാഴ്ച ഹസീനയെ പുറത്താക്കിയതിന് ശേഷം രണ്ടു ഹിന്ദുക്കൾ മാത്രമാണ് കൊല്ലപ്പെട്ടത് എന്ന് അൽ ജസീറയുടെ സ്വതന്ത്രമായ പരിശോധനയിൽ വ്യക്തമായതാണ്. അവയിൽ ഒന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനും മറ്റൊരാൾ ഹസീനയുടെ അവാമി ലീഗ് പാർട്ടിയിലെ പ്രവർത്തകനുമാണ്.

ബംഗ്ലാദേശിലെ 170 ദശലക്ഷം ജനങ്ങളിൽ 8 ശതമാനത്തോളം വരുന്ന ഹിന്ദുക്കൾ പരമ്പരാഗതമായി അവാമി ലീഗിൻ്റെ ശക്തമായ പിന്തുണക്കാരാണ്, ഒരു ഇസ്ലാമിസ്റ്റ് പാർട്ടി ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പക്ഷം മതേതരമാണെന്ന് പൊതുവെ വീക്ഷിക്കപ്പെടുന്നു. ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള പല വാർത്താ റിപ്പോർട്ടുകളിലും “ഒരു കോടിയിലധികം അഭയാർത്ഥികൾ ഉടൻ പശ്ചിമ ബംഗാളിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട് ” തുടങ്ങിയ വിചിത്രമായ വാദങ്ങൾ, ഭാരതീയ ജനതാ പാർട്ടിയിലെ (ബി ജെ പി) മുതിർന്ന നേതാവ് സുവേന്ദു അധികാരിയെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മോദി സർക്കാരിനോട് അടുത്ത ബന്ധം പുലർത്തുന്ന എ.എൻ.ഐ വാർത്താ ഏജൻസി ഇന്ത്യയിലെ ഒരു വിദ്യാർത്ഥി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്, “ബംഗ്ലാദേശിൻ്റെ ശത്രുക്കളാണ് ഈ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചത്”.

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്ലാമി “ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കി” എന്ന് അതിലും വിചിത്രമായി ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനം പ്രസ്താവിക്കുന്നുണ്ട്.

ഇന്ത്യൻ മാധ്യമങ്ങൾ ഈ വിഷയത്തെ “ഇസ്ലാമോഫോബിക്” ലെൻസിലൂടെയാണ് റിപ്പോർട്ട് ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകൻ സാഹിദ്-ഉർ-റഹ്മാൻ പറയുന്നു.

“വിദ്യാർത്ഥി പ്രക്ഷോഭം ഉദ്ദീപിപ്പിച്ച ബഹുജന പ്രക്ഷോഭത്തിൽ ജീവിതത്തിൻ്റെ നാനാതുറകളിൽ പെട്ട ആളുകൾ ഭാഗവാക്കായിരുന്നു, ബംഗ്ലാദേശിൽ ഏകകണ്ഠമായി ഇതിനെ ഒരു ജനകീയ പ്രക്ഷോഭമായാണ് മനസ്സിലാക്കുന്നത്. എന്നാൽ ഇന്ത്യൻ മാധ്യമങ്ങൾ സാഹചര്യത്തെയും സംഭവങ്ങളെയും മുഴുവൻ അവരുടെ ഇസ്‌ലാമോഫോബിക് കണ്ണിലൂടെ വ്യാഖ്യാനിക്കുന്നു,” അദ്ദേഹം അൽ ജസീറയോട് പറഞ്ഞു.

ഐ.എസ്.ഐ യും മതപരമായ അവകാശവാദങ്ങളും

തിങ്കളാഴ്ച ഹസീന രാജ്യം വിട്ടതോടെ, ബംഗ്ലാദേശിലെ പ്രതിഷേധങ്ങളെ പാകിസ്ഥാൻ ചാരസംഘടനയായ ഇൻ്റർ സർവീസസ് ഇൻ്റലിജൻസ് (ഐ എസ് ഐ) സ്വാധീനിച്ചതായി ഇന്ത്യൻ മാധ്യമങ്ങളിലെ വാർത്താ ലേഖനങ്ങൾ ആരോപിച്ചു തുടങ്ങിയിരുന്നു. കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്, ബംഗ്ലാദേശ് നാഷ്ണലിസ്റ്റ് പാർട്ടി (ബി എൻ പി) അതിൻ്റെ മുൻ രാഷ്ട്രീയ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ ബംഗ്ളാദേശിനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ അവർ ശ്രമിക്കുന്നു
എന്നതാണ്. ബംഗ്ലാദേശിൽ നിന്ന് ഹിന്ദുമതക്കാരെ പുറത്താക്കാൻ പോകുന്നു എന്ന ഊഹം പ്രചരിപ്പിച്ചു കൊണ്ട് അഭയാർത്ഥി പ്രതിസന്ധിയെ നേരിടാൻ സജീകരണങ്ങൾ ഒരുക്കാൻ ചില മാധ്യമങ്ങൾ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നുമുണ്ട് .

ചൈനയിലെയും പാകിസ്ഥാനിലെയും ഇൻ്റലിജൻസിന് ജനകീയ ബംഗ്ലാദേശ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഊഹാപോഹങ്ങൾ ചില കമൻ്റേറ്റർമാരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലെ ഒരു സാധാരണ ത്രെഡായി മാറുന്നുണ്ട് .

ദി ഇക്കണോമിക് ടൈംസിൻ്റെ ഡിപ്ലോമാറ്റിക് അഫയേഴ്‌സ് എഡിറ്റർ ദിപഞ്ജൻ ആർ ചൗധരി, എക്‌സിൽ കുറിച്ചു : “ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ജമാഅത്തെ ഇസ്ലാമി രാജ്യത്തിനോ ഇന്ത്യക്കോ ഗുണകരമല്ല. അതിരു കവിഞ്ഞ ഭീകരത പ്രോത്സാഹിപ്പിക്കുന്നത് ജമാഅത്തിൻ്റെ
സമീപകാല ചരിത്രത്തിന്റെ ഭാഗമാണ്” എന്നാണ്.

എക്സിൽ പത്തു ലക്ഷം അനുയായികളുള്ള ടി വി 9 ഗുജറാത്തി എന്ന ടെലിവിഷൻ ചാനൽ ഈ പ്രക്ഷോഭത്തെ ഒരു “അട്ടിമറി” ആയി ചിത്രീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇങ്ങനെ പ്രസ്താവിച്ചു: “ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നിൽ ഐ എസ് ഐ യാണോ? രൂക്ഷമായ അക്രമണങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയോ?

ബംഗ്ലാദേശിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണ് ?

ഇന്ത്യൻ മാധ്യമങ്ങളുടെ ഈ ലേഖനങ്ങളും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും ഹസീനയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങൾ വിവരിക്കുന്ന വസ്‌തുതയുമായി ഇവയെ താരതമ്യപെടുത്തുമ്പോൾ അവ അങ്ങേയറ്റം പരിഹാസ്യമാണ് .

തിങ്കളാഴ്ച (ഓഗസ്റ്റ് 5) രാത്രി മുതൽ തന്നെ ബംഗ്ലദേശിലെ 64 ജില്ലകളിലെ 20 ഓളം വരുന്ന ജില്ലകളിൽ നിരവധി ഹിന്ദു കുടുംബങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതായും അവരുടെ വീടുകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തതായി ബംഗ്ലാദേശിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

ഈ ജില്ലകളിൽ അൽ ജസീറയുടെ റിപ്പോർട്ടർമാർ എത്തി അന്വേഷണം നടത്തിയപ്പോൾ,
ഹിന്ദു കുടുംബങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ കാരണം മതപരമായ സ്വത്വത്തിന്റെതല്ല മറിച്ച് രാഷ്ട്രീയ കാരണങ്ങളാൽ പ്രേരിതമായതാണെന്ന് കണ്ടെത്തുകയുണ്ടായി.

നർസിംഗ്ഡിയിലെ സെൻട്രൽ ഡിസ്ട്രിക്ടിൽ നിന്നുള്ള കാർ ഡ്രൈവറായ മുസ്താഫിസുർ റഹ്മാൻ ഹിരു എന്നയാൾ അൽ ജസീറയോട് പറയുന്നത്, തൻ്റെ ഗ്രാമത്തിൽ ലക്ഷ്യമിട്ട രണ്ട് ഹിന്ദു കുടുംബങ്ങളുടെ വീടുകൾ പ്രാദേശിക അവാമി ലീഗ് നേതാക്കളുടെ വീടായിരുന്നുവെന്നാണ്.

അവാമി ലീഗ് അധികാരത്തിലിരുന്ന കാലത്ത് ഈ ഹിന്ദു നേതാക്കൾ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ജനങ്ങൾ രോഷാകുലരായിരുന്നു. ഇപ്പോൾ ഹസീനയുടെ പതനത്തോടെ അവർ തിരിച്ചടി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യയുടെ അതിർത്തി ജില്ലയായ ജഷോറിൽ അവാമി ലീഗിനു വേണ്ടി മത്സരിച്ച തദ്ദേശ സ്വയംഭരണ ചെയർമാൻ ബാബുൽ സാഹയുടെ ഗോഡൗണും വീടും ആക്രമിക്കപ്പെട്ടിരുന്നു.

അവാമി ലീഗുമായി ബന്ധമില്ലാത്ത ഒരു ഹിന്ദു കുടുംബവും ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ജഷോറിലെ താമസക്കാരനായ അബ്ദുറബ് ഹൈദർ, അൽ ജസീറയോട് പറഞ്ഞു .

യു എസിൽ താമസിക്കുന്ന ഹസീനയുടെ മകനായ സജീബ് വാസേദ് ജോയ്,ഇന്ത്യൻ മാധ്യമങ്ങൾക്ക് നിരവധി അഭിമുഖങ്ങൾ നൽകുകയും ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും ഐ എസ് ഐ യുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകൾ ഉന്നയിക്കുകയും പ്രചരിപ്പിച്ചിക്കുകയും ചെയ്യുന്നുണ്ടെന്ന് റഹ്മാൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

റഹ്മാൻ അൽ ജസീറയോട് പറയ്യുന്നു; “ഇന്ത്യൻ മാധ്യമങ്ങൾ ഏറെ ഉത്സാഹത്തോടെ ജോയിയുടെ വ്യാജ ആഖ്യാനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. ആക്രമണങ്ങൾ തീർത്തും രാഷ്ട്രീയ പ്രേരിതമാണ്, വർഗീയമല്ല”.

അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിൻ്റെ നേതാവായ ഗോബിന്ദ്ര ചന്ദ്ര പ്രമാണിക് പറയുന്നത് പ്രകാരം, അദ്ദേഹത്തിൻ്റെ അറിവിൽ അവാമി ലീഗുമായി ബന്ധമില്ലാത്ത ഒരു ഹിന്ദു കുടുംബവും ആക്രമിക്കപ്പെട്ടിട്ടില്ല എന്നാണ്.

അദ്ദേഹം പറയുന്നു, ഹിന്ദു സാമൂഹത്തിൻ്റെ നേതാവ് എന്ന നിലയിൽ എനിക്ക് പറയാൻ സാധിക്കും , തീർച്ചയായും ഈ ആക്രമണങ്ങൾ ഒരു നിലക്കും വർഗീയമല്ല മറിച് രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് , “രാജ്യത്തുടനീളം, അവാമി ലീഗുമായി ബന്ധമുള്ള മുസ്ലീം കുടുംബങ്ങൾ ഹിന്ദുകളെക്കാൾ പതിന്മടങ്ങ് കൂടുതൽ ആക്രമിക്കപ്പെട്ടിട്ടുമുണ്ട് .”

തിങ്കളാഴ്ച രാത്രി മുതൽ 119 ലധികം അവാമി ലീഗ് നേതാക്കളും പ്രവർത്തകരും പോലീസുകാരുമായ ആളുകൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കാപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . കൊല്ലപ്പെട്ടവരിൽ രണ്ട് പേർ മാത്രമാണ് ഹിന്ദുക്കളെന്ന് എ എഫ്‌ പി വാർത്താ ഏജൻസിയുടെ വസ്തുതാ പരിശോധന എഡിറ്റർ ഖദറുദ്ദീൻ ഷിഷിർ, അൽ ജസീറയോട് പറഞ്ഞു: അതിൽ ഒരാൾ പോലീസുകാരനും മറ്റൊന്ന് അവാമി ലീഗ് പ്രവർത്തകനുമാണ്.

ബംഗ്ലാദേശിലെ ധാക്ക ട്രിബ്യൂൺ പത്രത്തിൻ്റെ എഡിറ്റർ സഫർ സോഭൻ, അൽ ജസീറയോട് പറയുന്നു , “മിക്ക ഇന്ത്യൻ മാധ്യമങ്ങൾക്കും ബംഗ്ലാദേശിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല, ഒരു പൊതു ചട്ടം പാലിക്കുന്നത് പോലെയാണ് അവർ പെരുമാറുന്നത്”. “വ്യാജ വാർത്തകൾ പടച്ചു വിടുന്നത് കഴിവില്ലായ്മ കൊണ്ടാണെന്ന് വിശദീകരിച്ച് എളുപ്പത്തിൽ ഇന്ത്യൻ മാധ്യമങ്ങളുടെ കുടില താൽപര്യങ്ങൾ മറച്ചു പിടിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. മറിച് ഇന്ത്യൻ മാധ്യമങ്ങളിൽ സ്ഥിരമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളുടെ ഏകീകരണം സൂചിപ്പിക്കുന്നത് അവർ ഒരു പൊതു സ്രോതസ്സിൽ നിന്ന് നിർദ്ദേശം സ്വീകരിക്കുകയാണ് എന്നതാണ്, ”അദ്ദേഹം പറയുന്നു.

എന്നാൽ ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് ഇസ്‌ലാമോഫോബിക് ആണെന്നുള്ള ആരോപണം ഒരു ഇന്ത്യൻ അക്കാദമിക വിദഗ്ദ്ധൻ നിരസിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ഹസീന ഇതര ഭരണകൂടത്തിന് കീഴിലുള്ള ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ ആശങ്ക ഇസ്‌ലാമോഫോബിയയേക്കാൾ മുൻകാല അനുഭവങ്ങളിൽ നിന്നാണെന്ന് ഒ പി ജിൻഡാൽ സർവകലാശാലയിലെ പ്രൊഫസർ ശ്രീരാധ ദത്ത അൽ ജസീറയോട് പറയുന്നുണ്ട് . ബി എൻ പി-ജമാഅത്ത് സഖ്യം പോലെയുള്ള, മുൻ അവാമി ലീഗ് ഇതര സർക്കാരുകളുടെ കാലത്ത് “ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ വർദ്ധനവുണ്ടായിരുന്നു , ഈ ചരിത്രപരമായ സന്ദർഭം നിലവിലെ വീക്ഷണങ്ങളെ സ്വാധീനിക്കുന്നുണ്ട് ” എന്ന് ദത്ത അഭിപ്രായപ്പെട്ടു.

ഹിന്ദുക്കളുടെ സംരക്ഷണത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് നിരവധി മാധ്യമ റിപ്പോർട്ടുകൾ വന്നതോടെ ഇന്ത്യയിലെ പ്രമുഖ ഹിന്ദു മത നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഇടയിൽ ആശങ്കയുളവാക്കിയിട്ടുണ്ട് .

മുസ്ലീങ്ങൾ ഹിന്ദുക്കളെ സംരക്ഷിക്കുന്നു

അതേസമയം, മുസ്ലീം മതപാഠശാലകളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഹിന്ദു ക്ഷേത്രങ്ങൾക്കും വീടുകൾക്കും മുന്നിൽ കാവൽ നിൽക്കുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബംഗ്ലാദേശിലെ ഏറ്റവും വലിയ ഹിന്ദു ജനസംഖ്യയുള്ള ഒരു ജില്ലയായ ബ്രാഹ്മൺബാരിയയിൽ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള താമസക്കാർ ഹിന്ദു കുടുംബങ്ങളെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി.

പ്രദേശത്ത് വർഗീയ കലാപം ഉണ്ടാകാതിരിക്കാൻ അവിടെയുള്ളവർ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രാഹ്മൺബാരിയയിൽ നിന്നുള്ള വസ്ത്രവ്യാപാരി മുൻഷി അസിസുൽ ഹഖ്, അൽ ജസീറയോട് പറഞ്ഞു. “ഇന്ത്യൻ മാധ്യമങ്ങൾ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെ സോഷ്യൽ മീഡിയയിൽ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് ഞങ്ങൾ കണ്ടു. യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്, ”അദ്ദേഹം പറഞ്ഞു.

ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പ്രമാണികും പ്രസ്ഥാവിച്ചു .

കലാപം ആരംഭിച്ചതുമുതൽ, മതപാഠശാലകളിൽ നിന്നുള്ള ബംഗ്ലാദേശി വിദ്യാർത്ഥികൾ ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ സന്നദ്ധത അറിയിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ പ്രാദേശികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ക്ലാരിയോൺ ഇന്ത്യ, ദി വയർ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളാണ് ഇവ പ്രഥമികമായി റിപ്പോർട്ട്‌ ചെയ്തത്.

“മുസ്ലിംകൾ ക്ഷേത്രങ്ങളിൽ കാവൽ നിൽക്കുന്നു, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ആഹ്വാനം ചെയ്തു”, “ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങൾക്കും പള്ളികൾക്കും പുറത്ത് വിദ്യാർത്ഥികൾ കാവൽ നിൽക്കുന്നു” എന്നിങ്ങനെയുള്ള തലക്കെട്ടുകൾ ഈ സൈറ്റുകൾ നൽകി.

ബംഗ്ലാദേശിലെ രണ്ട് ഡസനിലധികം ജില്ലകളിലെ ഹിന്ദു ആരാധനാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ നിയമാനുസൃതവും യഥാർത്ഥവുമായ ആശങ്കയുണ്ടെങ്കിലും ഇന്ത്യൻ മാധ്യമങ്ങൾ അതിൻ്റെ തോത് പെരുപ്പിച്ചു കാണിക്കുകയാണെന്ന് ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, അൽ ജസീറയോട് പറഞ്ഞു. കൂടാതെ, “ബിജെപിയുടെയും [അതിൻ്റെ പ്രത്യയശാസ്ത്ര രക്ഷിതാവായ] ആർ എസ് എസിൻ്റെ അജണ്ടയുടെയും സേവനത്തിനായി” മുസ്‌ലിം വിരുദ്ധ വാചാടോപങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ മാധ്യമങ്ങളിൽ ഒരു വിഭാഗം ബംഗ്ലാദേശ് സാഹചര്യത്തെ മുതലെടുപ്പ് നടത്തുന്നു. അവരെ സംബന്ധിച്ചിടത്തോളം, ഹസീനയെ പുറത്താക്കുന്നത് പാകിസ്ഥാനും ചൈനയുമായി സഹകരിച്ച് നടത്തിയ ഇസ്ലാമിസ്റ്റ് ഗൂഢാലോചനയാണ് എന്ന് പറയുന്നുണ്ടെങ്കിലും അവർ ലക്ഷ്യമിണ്ടുന്നത് ഇന്ത്യൻ ഹിന്ദുക്കളെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഹിന്ദുത്വ (തീവ്ര വലതുപക്ഷ ഹിന്ദു ദേശീയത) അനുഭാവികൾ ബംഗ്ലാദേശിലെ സാഹചര്യത്തെ “സ്വന്തം ഉത്കണ്ഠകളും സങ്കൽപ്പങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും അവരുടെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ”അവതരിപ്പിക്കാനുള്ള ഒരു സ്ക്രീനായി ഉപയോഗിക്കുകയാണെന്ന് ഇന്ത്യൻ ന്യൂസ് പോർട്ടൽ സ്ക്രോൾ ഡോട്ട് ഇൻ എഡിറ്റർ നരേഷ് ഫെർണാണ്ടസ് വ്യക്തമാക്കുന്നു. “ഹസീനയുടെ പതനം യഥാർത്ഥത്തിൽ അന്താരാഷ്‌ട്ര ശക്തികൾ സൃഷ്ടിച്ചതാണെന്നും ഇന്ത്യയിൽ ഇതിനു സമാനമായ ഒരു ഭരണമാറ്റത്തിനുള്ള റിഹേഴ്സലായി മനസ്സിലാക്കണമെന്നും അവർ പറയുന്നു, അഥവാ പ്രചരിപ്പിക്കുന്നു,” ഫെർണാണ്ടസ് അൽ ജസീറയോട് പറഞ്ഞു. എന്നിരുന്നാലും, ഈ പ്രതിസന്ധി ഘട്ടത്തിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷണത്തെക്കുറിച്ച് ഹിന്ദുത്വ അനുകൂലികൾ ശരിയായ ഉത്കണ്ഠാകുലരാണെന്നും, എന്നാൽ ഈ ഉത്കണ്ഠ അവർ “ഇന്ത്യയിലെ ന്യൂനപക്ഷ സംരക്ഷണത്തത്തെ കുറിച്ച് പ്രകടിപ്പിക്കുന്നതിൽ പരാജയപ്പെടുന്നുണ്ട് ” എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ധാക്കയെ അസ്ഥിരപ്പെടുത്താനുള്ള ഡൽഹിയുടെ ലക്ഷ്യം

ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങൾ ധാക്കയെ അസ്ഥിരപ്പെടുത്താനുള്ള ന്യൂഡൽഹിയുടെ ഉദ്ദേശ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പൊളിറ്റിക്കൽ അനലിസ്റ്റ് ഫരീദ് എർകിസിയ ബഖ്ത് അഭിപ്രായപ്പട്ടു. ഉപഭൂഖണ്ഡത്തിലെ ഏറ്റവും മൂല്യവത്തായ സഖ്യകക്ഷിയെ ഇന്ത്യയ്ക്ക് നഷ്ടമായെന്നും വരാനിരിക്കുന്ന ഭരണകൂടത്തിൻ്റെ ദിശയെക്കുറിച്ച് അഗാധമായ ആശങ്കയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു .
വരദരാജനും ഈ പ്രസ്താവനയെ പിന്തുണച്ചു. “ഹസീനയെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ പ്രക്ഷോഭം ന്യൂഡൽഹിയെ ഞെട്ടിച്ചു, പുതിയ സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ യോജിച്ചതും യുക്തിസഹവുമായ നയം രൂപീകരിക്കാൻ സർക്കാർ ഇപ്പോൾ പാടുപെടുകയാണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെയും ജനാധികാര പ്രകടനത്തെയും സ്വാഗതം ചെയ്യാനോ സോഷ്യൽ മീഡിയയിലെ ഹിന്ദുത്വ വലതുപക്ഷക്കാർ പറയുന്നത് പോലെ മാറ്റത്തെ ഒരു ‘അട്ടിമറി’ അല്ലെങ്കിൽ ‘ഇന്ത്യ വിരുദ്ധ ഗൂഢാലോചന’ ആയി തള്ളിക്കളയാനോ കഴിയില്ല ,അദ്ദേഹം പറഞ്ഞു. നിലവിൽ, ന്യൂഡൽഹി കാത്തിരുന്ന് കാണാം എന്ന മട്ടിലാണ്. ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ന്യൂനപക്ഷങ്ങളുടെ സ്ഥിതി നിരീക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു , ”അദ്ദേഹം കൂട്ടിച്ചേർത്തു.

“ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ നടന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ എണ്ണം അതിരുകടന്നിട്ടുണ്ടെന്നതും ബംഗ്ലാദേശ് “ഇസ്ലാമിസ്റ്റ് ശക്തികൾ” പിടിച്ചെടുത്തതായി ചിത്രീകരിക്കപ്പെടുന്നതും ശരിയല്ല” ബംഗ്ലാദേശി ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഔപം ദേബാഷിസ് റോയ്, അൽ ജസീറയോട് പ്രതികരിച്ചത് ഇപ്രകാരമാണ്.

ഉടൻ രൂപീകരിക്കാൻ പോകുന്ന ഇടക്കാല സർക്കാരിൻ്റെ സ്വഭാവം “റാഡിക്കൽ ഇസ്ലാമിസ്റ്റ്” ആയിരിക്കില്ല, റോയ് പറഞ്ഞു.“എന്നാൽ ബംഗ്ലാദേശ് ഇസ്ലാമിസ്റ്റുകളുടെ കൈകളിലാണെന്ന് ലോകമെമ്പാടും പ്രചരിപ്പിക്കാൻ ബി ജെ പി ചായ്‌വുള്ള മാധ്യമങ്ങൾ ശ്രമിക്കുന്നു, സി എ എ, എൻ ആർ സി തുടങ്ങിയ നിയമങ്ങളുടെ പിന്നിൽ അവർ മെനഞ്ഞെടുത്ത ആഖ്യാനത്തെ മുൻകാലങ്ങളിൽ പ്രചരിപ്പിച്ചതുപോലെ”,
ഇന്ത്യയുടെ പൗരത്വ നിയമവും പൗരന്മാരുടെ ദേശീയ രജിസ്റ്ററും, മുസ്ലീങ്ങൾക്കെതിരെയുള്ളതാണെന്ന് പറഞ്ഞു വിമർശിക്കപ്പെട്ടത് പരാമർശിച്ചുകൊണ്ട്, റോയ് പറഞ്ഞു.

“ബംഗ്ലാദേശ് തീവ്ര ഇസ്ലാമിസ്റ്റുകളുടെ സ്ഥലമാണെന്നും ഹിന്ദുക്കളും ന്യൂനപക്ഷങ്ങളും ഇവിടെ സുരക്ഷിതരല്ലെന്നും കാണിക്കാൻ അവർ ശ്രമിക്കുന്നു. അതുകൊണ്ടാണ് ബി ജെ പി ചായ്‌വുള്ള ഇന്ത്യൻ മാധ്യമങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും ഒരു ഇസ്ലാമിക ശക്തി ബംഗ്ലാദേശിനെ പിടിച്ചെടുക്കുന്നു എന്ന ധ്വനിയോടു കൂടിയ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“പോലീസ് സേനയുടെ തകർച്ചയുടെ” ഫലമാണ് ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങൾ എന്ന് യു എസ് ആസ്ഥാനമായുള്ള ബംഗ്ലാദേശി രാഷ്ട്രീയ നിരൂപകൻ ഷഫ്ഖത് റബ്ബീ അനിക് പറഞ്ഞു, “കഴിഞ്ഞ 15വർഷമായി അവർ നടത്തിയ കൊടിയ അതിക്രമങ്ങൾക്കെതിരായ ജനകീയ പ്രതികാരമാണ് ഇത് “.

സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ മുഹമ്മദ് യൂനുസ് ഔദ്യോഗികമായി ഇടക്കാല സർക്കാരിൻ്റെ നേതാവായി അധികാരമേറ്റാൽ അത് “ ഇന്ത്യൻ നാഡികളെ” ശാന്തമാക്കുമെന്ന് അനിക് പ്രവചിച്ചു.

“എന്തെന്നുവെച്ചാൽ , ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിക്കുന്ന ഒരു ഇസ്ലാമിസ്റ്റായി യൂനുസിനെ ചിത്രീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്.”

കടപ്പാട്: അൽ ജസീറ

ഫൈസൽ മഹ്മൂദ് സാഖിബ് സർക്കർ