Campus Alive

ഭാവി, ധാർമ്മിക പരമാധികാരത്തിന്റേതാണ്

“(ധാർമ്മികമായി) പരമാധികാരിയായ വ്യക്തിയും (രാഷ്ട്രീയമായി) പരമാധികാരിയായ രാഷ്ട്രവും, ഇരുവരും പരസ്പരം പ്രതിഫലിപ്പിക്കുന്നു, നന്മയിലേക്ക് ഇരുവർക്കും ലോകത്തെ പരിവർത്തിപ്പിക്കാനും കഴിയുന്നില്ല, ഇരുവരും കെണിയിലകപ്പെട്ടിരിക്കുകയുമാണ്, പരസ്പര ബന്ധിതമാണ്. ഈജിപ്തിന്റേത് മാത്രമല്ല, നമ്മുടെ കാലഘട്ടത്തിന്റെ മൊത്തം ദുരന്തം അതാണ്.”
— തലാൽ അസദ്, Thinking About Tradition, Religion, and Politics in Egypt Today

ഒരു ജനതക്കെതിരെയുള്ള വംശഹത്യ രൗദ്ര നടനമാടിക്കൊണ്ടിരിക്കുന്ന ഗസ്സയിൽ നിന്ന് 145 കിലോമീറ്റർ മാത്രം അകലെയുള്ള ജോർദാനിലെ അമ്മാനിൽ വെച്ചാണ് ഞാനിത് എഴുതുന്നത്. ഭയങ്കരവും സംഘടിതവുമായ നിസ്സഹായതയുടെ ലജ്ജ അന്തരീക്ഷത്തിൽ തളംകെട്ടി നിൽക്കുന്നു. പള്ളിയിൽ സ്ത്രീകളുടെ ഭാഗത്ത് ഇരിക്കുന്ന വലിയൊരു കൂട്ടത്തിന്റെ അറ്റത്തിരുന്നു കൊണ്ട്, ജൂലൈ മാസത്തിലെ ചുട്ടുപൊള്ളുന്ന ചൂടിൽ വെള്ളിയാഴ്ച ഖുതുബക്ക് ഞാൻ കാതോർത്തു.

ഇതങ്ങേയറ്റം ആശ്ചര്യജനകമായിരുന്നുവെന്ന് ഞാൻ അംഗീകരിക്കും. വമ്പിച്ച ഭരണകൂട നിരീക്ഷണങ്ങൾ നിലനിൽക്കുന്ന അറബ് രാഷ്ട്രങ്ങളിൽ സാധാരണ സംഭവിക്കുന്നതു പോലുള്ള പകുതി വെന്ത, ആവർത്തിച്ചവതരിപ്പിക്കുന്ന ഖുതുബയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്. പ്രതീകാത്മകമായിട്ടാണെങ്കിലും, പൈശാചികവും, സാമ്രാജ്യത്വ ശക്തികളുമായ രാഷ്ട്രങ്ങളുമായി ഒത്തുചേർന്നു തങ്ങളുടെ ജനതയെ വഞ്ചിക്കുന്ന അറബ് നേതാക്കളുടെ നികൃഷ്ടതയെ കുറിച്ചും മർദ്ദിതരെ അവരുടെ അടിയന്തര ഘട്ടത്തിൽ കൈവിടുന്നവർക്ക് എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചും സംസാരിക്കുന്ന ഒരു ഖുതുബ കേൾക്കുകയെന്നത് പ്രതീക്ഷാനിർഭരം തന്നെയായിരുന്നു. നേരിട്ടുള്ള പരാമർശങ്ങളെ അദ്ദേഹം ഉപേക്ഷിച്ചുവെങ്കിലും, ചെറിയ രീതിയിൽ, മർദ്ദകവും നിയന്ത്രണങ്ങൾ നിറഞ്ഞതുമായ ഈ അന്തരീക്ഷത്തിൽ നിന്ന് കൊണ്ട് വ്യാപകമായ അലംഭാവത്തിനും വൈക്ലബ്യത്തിനുമെതിരെ ചെറിയ തോതിലെങ്കിലും സംസാരിക്കാൻ തന്റെ വ്യക്തിപരമായ കർതൃത്വത്തെ ഖത്തീബ് വിനിയോഗിച്ചു.

ഈ ഖുതുബ അത്രയൊന്നും ഇല്ലായിരുന്നുവെന്നും, സർവതലങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന അനിയന്ത്രിതമായ ഈ നിഷ്ഠൂരവാഴ്ചയ്ക്കു മുന്നിൽ അത്തരം പ്രഖ്യാപനങ്ങളൊക്കെയും ഉപയോഗശൂന്യമാണെന്നും ഒരാൾക്ക് വേണമെങ്കിൽ പറയാം. ദൈവിക ശിക്ഷ വന്നു പതിക്കുന്ന പരലോകജീവിതത്തിലേക്ക് നീട്ടിവെക്കുകയും, കാര്യങ്ങളെ വ്യക്തമായി കാണാൻ അത്രയും കാത്തിരിക്കേണ്ടതില്ലാത്ത ഒരവസരത്തിൽ കാഴ്ച “മൂർച്ചയേറിയതായി” മാറുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ വാചാടോപം പ്രശ്നകരമാണെന്ന് ഒരാൾ വാദിച്ചെന്നും വരാം. മുസ്ലിം നേതാക്കന്മാർ ഫസ്തീനിനെ തുച്ഛ വിലയ്ക്ക് വിറ്റുമുടിച്ചുവെന്ന് ആരോഗ്യമുള്ള മനസ്സാക്ഷിയും മിടിക്കുന്ന ഹൃദയവുമുള്ള ഏതൊരാൾക്കും കാണാനാവും. ആരാണ് വഞ്ചകരെന്നത്, വിറ്റുമുടിച്ചവരെന്നത്, വഞ്ചനയിൽ പങ്കാളികളായവരെന്നത് ഇപ്പോൾതന്നെ സുവ്യക്തമാണ്, എന്നിട്ടും അവരെ നാം നമുക്കു മേൽ ഭരിക്കാൻ അനുവദിക്കുന്നു. ദശകങ്ങളായുള്ള അന്ധമായ ഈ വിധേയത്വത്തിനൊടുവിൽ, വിനീതമായ ഇത്തരം പ്രഭാഷണ വിപ്ലവങ്ങൾ ഏറെ തുച്ഛമല്ലേ, അതിന്റെ സമയം അതിക്രമിച്ചില്ലേ? എന്ന് ഒരാൾക്ക് ചോദിക്കാം. മത വരേണ്യരിൽ നിന്നും പണ്ഡിത വർഗ്ഗങ്ങളിൽ നിന്നും സംയുക്ത അനുമതികളുടെ നേർ ഫലമല്ലേ ഇന്ന് അറബ് ദുഷ്പ്രഭുക്കൾ അനുഭവിക്കുന്ന ഉരുക്കു കണക്കെയുള്ള ശിക്ഷാഭീതിയില്ലായ്മ (impunity)? പോയ വർഷങ്ങളിൽ നടത്തിയ വിധേയത്വ സ്വഭാവമുള്ള വെള്ളിയാഴ്ച ഖുത്തുബകൾ മുസ്ലിം മനസ്സിനെ ഷണ്ഡീകരിക്കുകയും നമ്മുടെ മതകീയ പദാവലിയിൽ നിന്ന് ‘നീതി’ എന്ന വാക്കിനെ എടുത്തു കളയുക എന്ന ലക്ഷ്യാർത്ഥമുള്ളതായിരുന്നു എന്നതിന്റെ ഫലമായാണ് നാമിന്ന് ഇവിടെ എത്തിനിൽക്കുന്നത് എന്നതല്ലേ വസ്തുത?

ഇനിയും വൈകിയിട്ടില്ല. ഭീമാകാരമായ ലെവിയാത്തൻ രാഷ്ട്രത്തിനെതിരെ മാറ്റത്തിന്റെ ചെറു നീക്കമെങ്കിലും നടത്താൻ ഇനിയും വൈകിയിട്ടില്ല, കാരണം സജ്ജനങ്ങൾ ഈ പ്രവർത്തി ദശകങ്ങളായി ചെയ്യുന്നതാണ്. അവരുടെ ജീവിതകാലത്ത് ശരിയായ വ്യവസ്ഥാ മാറ്റത്തിന് സാക്ഷ്യം വഹിക്കാൻ ഒരുപക്ഷേ അവർക്കായിട്ടില്ലായിരിക്കാം, പക്ഷേ സത്യസന്ധവും മനസാക്ഷിക്ക് നിരക്കുന്നതുമായ പ്രവർത്തനത്തിന്റെയും വാക്കുകളുടെയും ബാറ്റണുകൾ നമുക്കവർ പകർന്നു തന്നിട്ടുണ്ട്. ഇവിടെ, ഈ നിമിഷം. ഇതൊക്കെ ചേർന്ന്, മനസ്സാക്ഷിയോട് സത്യസന്ധതയുള്ള കർതൃത്വത്തിന്റെ പഴക്കം ചെന്ന ഒരു മാരത്തോൺ ആണിത്. ഒരു തിരഞ്ഞെടുപ്പ് മറ്റൊരു തിരഞ്ഞെടുപ്പിന് ഹേതുവാകുന്നു. ഒരു പരമാധികാരിയായ വ്യക്തി അടുത്തയാൾക്ക്, ഒരു ജീവിക്കുന്ന രക്തസാക്ഷി അടുത്തയാൾക്ക്. അനന്തമായ, തടയാനാവാത്ത ഒരു ശക്തിയാണത്.

ചോരയുടെയോ, ഭ്രാന്തമായ രാഷ്ട്ര ഹിംസയുടെയോ മാത്രം കാലമല്ല ഇത്, പരിവർത്തനത്തിന്റെയും സമഗ്ര മാറ്റങ്ങളുടെയും വ്യവസ്ഥകൾക്കേൽക്കുന്ന ഭൂചലനങ്ങളുടെയും സമയം കൂടിയാണിത്: നമുക്കറിയാവുന്ന, നാം ജീവിക്കുന്ന ഈ ലോകം, പുതിയതും നിർവ്വചനാതീതവുമായ രീതിയിൽ മാറിക്കൊണ്ടിരിക്കുകയാണ്. പുതിയൊരു ലോകത്തെ ഉരുക്കിവാർത്തെടുക്കാൻ വേണ്ടി ധാർമികമായി പരമാധികാരികളായ വ്യക്തികൾ പരിശ്രമം നിരന്തരം തുടർന്നു കൊണ്ടിരിക്കേണ്ടുന്ന ഏറ്റവും അനുയോജ്യമായ സമയമാണിത്. കുറേ കാലം അത് ഭ്രാന്തവും, ഉപയോഗശൂന്യവും ഏകാന്തവുമാണെന്ന് തോന്നിയേക്കാം, അതപ്രകാരമല്ലാത്ത കാലം വരെ. ഉത്തരങ്ങൾക്ക് വേണ്ടി ജനങ്ങൾ ധാർമ്മികമായി പരമാധികാരിയായവരിലേക്ക് തിരിയുന്നതു വരെ. ഈ ഇരുൾ മൂടിയ ഘട്ടത്തിലും അചഞ്ചലമായി നിലകൊണ്ട പരമാധികാരികളായ വ്യക്തികൾ മറ്റു പരമാധികാരികളെ കണ്ടുമുട്ടുന്നതു വരേക്കും. അവരൊന്നിക്കുന്നത് വരെ. അവർ വിജയം കൈവരിക്കുന്നതു വരെ. ലളിതമായി പറഞ്ഞാൽ, വ്യക്തിപരമായ ഓരോരുത്തരുടെയും പരമാധികാരത്തെ പരമാവധിയാക്കുക എന്നതാണ് ഇന്ന് മനുഷ്യകുലത്തിനു വേണ്ടി നമ്മുടെ പക്കലുള്ള ഒരേയൊരു പ്രതീക്ഷ.

ഈ എഴുത്തിന്റെ തുടക്കത്തിലുള്ള തലാൽ അസദിന്റെ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ദുരന്തം എന്നു പറയുന്നത് “(ധാർമ്മികമായി) പരമാധികാരിയായ വ്യക്തിയും (രാഷ്ട്രീയമായി) പരമാധികാരിയായ രാഷ്ട്രവും, ഇരുവരും പരസ്പരം പ്രതിഫലിപ്പിക്കുന്നു, നന്മയിലേക്ക് ഇരുവർക്കും ലോകത്തെ മാറ്റാനും കഴിയുന്നില്ല, ഇരുവരും കെണിയിലകപ്പെട്ടിരിക്കുകയുമാണ്,” എന്ന സംക്ഷിപ്തവും ഗൗരവമുള്ളതുമായ ഉദ്ധരണി വേദനാജനകമായ വിധം സത്യമാണ്. എന്നിരുന്നാലും, മർദ്ദക രാഷ്ട്രത്തിന്റെ വീർപ്പുമുട്ടിക്കുന്ന ബന്ധനത്തെ പ്രതിരോധിക്കാൻ ധാർമ്മികമായി പരമാധികാരിയായ ഒരു വ്യക്തി ശ്രമിക്കുമ്പോഴും, മൗനിയാവുന്നതിന് പകരം ശബ്ദമുയർത്താൻ ഓരോ തവണ തീരുമാനിക്കുമ്പോഴും, വീട്ടിലിരിക്കുന്നതിന് പകരം അങ്ങേയറ്റം നിരീക്ഷണ വിധേയമായ സമരത്തിൽ പങ്കെടുക്കാൻ ഒരാൾ ഓരോ തവണ മുതിരുമ്പോഴും, ബഹിഷ്ക്കരണത്തിലൂടെയും, എഴുത്തിലൂടെയും, പറച്ചിലിലൂടെയുമൊക്കെ നിലവിലെ സ്ഥിതിയെ ഒരു വ്യക്തി ഓരോ തവണ പ്രതിരോധിക്കുമ്പോഴും — വ്യക്തിപരമായ സ്വസ്ഥതയും സുരക്ഷയും, വരുമാനവും, സാമൂഹിക സ്ഥാനവും അപകടത്തിലാക്കിക്കൊണ്ട് അല്ലെങ്കിൽ, ജയിൽ ജീവിതവും മരണം പോലും അപകടസാദ്ധ്യതയാക്കി കൊണ്ട് — ഒരാൾ ഓരോ തവണ ഇത് ചെയ്യാൻ തീരുമാനിക്കുമ്പോഴും മർദ്ദക രാഷ്ട്രത്തിന്റെ ചങ്ങലക്കണ്ണികൾ ദുർബ്ബലപ്പെടുകയും അതിന്റെ കൊളുത്തുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. ഒരു നാൾ ധർമ്മബോധമുള്ള ക്രോധത്തിന്റെ പ്രളയമായി മാറി രാഷ്ട്രമെന്ന അണക്കെട്ടിനെ തകർത്തെറിയുന്ന മഴത്തുള്ളികളാണ് പരമാധികാരിയായ ഓരോ വ്യക്തിയും.

കാരണം അതല്ലാതെ നമ്മൾ അടിയറവു പറയുന്ന ബദൽ സംവിധാനം പിന്നെയേതാണ്? അംഗഭേദം സംഭവിച്ച, പട്ടിണികിടക്കുന്ന, അനാഥരാക്കപ്പെട്ട ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കും നിരന്തര ബോംബാക്രമണം നേരിടുകയും പോളിയോ രോഗം പടർന്നു പിടിക്കുകയും ചെയ്യുന്ന ഗെറ്റോകളിൽ — നമ്മുടെ സ്ക്രീനുകളിലും ബ്രോഡ്കാസ്റ്റുകളിലും നിരന്തരം ജീവിക്കുന്ന — അന്തിയുറങ്ങുന്ന, കഠിനയാതന അനുഭവിക്കുന്ന കുടുംബങ്ങളും ധാർമ്മികമായി പരമാധികാരികളായ വ്യക്തികളുടെ ആത്മാവിനെ തൊട്ടുണർത്തുന്നില്ലെങ്കിൽ പിന്നെ മറ്റൊരു സംഗതിക്കും അതിനാവുകയില്ല. ചിന്നിച്ചിതറിയ കുഞ്ഞുങ്ങളും കിഡ്നിയിൽ വെടിയുണ്ട കയറിയ ആൺകുട്ടികളും തകർന്ന കവിളുകളുള്ള പെൺകുട്ടികളും, എഴുന്നേറ്റു നിന്ന് നിലവിലെ അവസ്ഥയെ എതിർക്കാനും നേതാക്കളിൽ നിന്ന് കൂടുതൽ മെച്ചപ്പെട്ടത് ആവശ്യപ്പെടാനും ഒരൊറ്റ വിശ്വാസിയെ പോലും പ്രാപ്തരാക്കുന്നില്ലെങ്കിൽ പിന്നെ “ഇസ്ലാമിനോട് സലാം പറയുന്നതാണ്” നല്ലത് (യസീദിനെ പോലൊരു അധർമ്മകാരി മുസ്ലിങ്ങളുടെ പ്രതിനിധിയായി പ്രതിഷ്ഠിക്കപ്പെട്ടാലുള്ള ഇസ്ലാമിന്റെ ദുഃഖാവസ്ഥയെ കുറിച്ച് ഷഹീദുകളുടെ നേതാവ് ഇമാം ഹുസൈന്റെ വാക്കുകൾ).

പത്തു മാസത്തിനിടയിൽ പന്ത്രണ്ട് തവണ വീടു വിട്ട് ഓടിപോകാൻ നിർബന്ധിതയായ ഗസ്സയിലെ ഒരു ഉമ്മയോട് ലോകത്തോടുള്ള അവരുടെ സന്ദേശമെന്തെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴുള്ള അവരുടെ പ്രതികരണം; “ലോകമേ, ഒന്നും ചെയ്യാത്തതിന് നന്ദി. ഇപ്പോഴിത്ത് ഞങ്ങളുടെ ഊഴമാണ്. പക്ഷേ അടുത്തത് നിങ്ങളുടേതാണ്.” ഗസ്സയെ കൈവിടുക വഴി, ദൈവത്തിന്റെ കോപവും ശാപവും ജനങ്ങൾ അവർക്കുമേൽ വരുത്തിവെച്ചിരിക്കുന്നു, തന്നെയുമല്ല, ഗസ്സയ്ക്ക് വേണ്ടി കോപ്പുകൂട്ടാത്ത, മികച്ച സാമ്പത്തികാടിത്തറയുള്ള രാജ്യങ്ങൾ അവരുടെ സൈനിക ശക്തി സ്വന്തം ജനതക്കെതിരെ തിരിച്ചു വിടുന്ന കാലം വിദൂരമല്ല. ഗസ്സയുടെ ഹൃദയത്തിൽ നിന്നുയരുന്ന ഗൗരവതരവും ഭയാനകവുമായ ഇത്തരം താക്കീതുകൾ വൃഥാവിലാക്കാതിരിക്കുക.

ഇനിയും വരാനിരിക്കുന്ന ഏറ്റവും മോശമായതിനു വേണ്ടി — ഏറ്റവും മികച്ചതിനും — ഓരോ വ്യക്തിയും തയ്യാറാവുക: ലെവിയാത്തൻ തകർന്നു വീഴുമ്പോൾ അതിനോടൊപ്പം എടുക്കാൻ കഴിയുന്നതിനെയൊക്കെ അത് കൊണ്ട് പോകും. വ്യക്തിപരമായ പരമാധികാരത്തിന്റെ എല്ലാ തരം ബോധങ്ങളെയും അപ്രത്യക്ഷമാക്കും വിധം എന്നത്തേക്കാളും ശക്തമായി അത് പിടി മുറുക്കും. കേവലം പ്രാർത്ഥന നിർവ്വഹിക്കുക എന്നത്, ഖുർആന്റെ യഥാർത്ഥ പരിവർത്തനാത്മക അർത്ഥങ്ങൾ പാരായണം ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യുകയെന്നത്, ബഹിഷ്കരിക്കുകയും മനുഷ്യ വിമോചനമെന്ന ആശയത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുക എന്നതൊക്കെ അന്ന് ഒരു റാഡിക്കൽ പ്രവർത്തനമായിരിക്കും. വംശഹത്യ, ക്ഷാമം, മനുഷ്യ ജീവിതത്തോടും മറ്റു സകല നന്മകളോടും പവിത്രതകളോടുമുള്ള ഫാസിസ്റ്റ് അവഹേളനം ഇപ്പോൾ തന്നെ ഈ ആട്ടത്തിന്റെ പേരുകളാണ്, ഇനി ഈ മാതൃകയെ ലോകമെമ്പാടും അനുകരിക്കപ്പെടും. അപ്പോഴും, ഗസ്സയിലെ ആദരണീയരായ ജനതയുടെ കാര്യത്തിലെന്ന പോലെ, നിലവിലെ വംശഹത്യ തെളിയിച്ചിരിക്കുന്ന ഒരു കാര്യമെന്നു പറയുന്നത് സ്റ്റേറ്റിന് ബോംബു വെച്ച് തകർക്കാനോ ഒന്നു തൊടാൻ പോലുമോ സാധിക്കാത്ത ഒരേയൊരു സംഗതി അമൂർത്തമായ ആശയങ്ങളും, വിമോചനത്തിനു വേണ്ടിയുള്ള അണയാത്ത പ്രതീക്ഷയും, ഹൃദയത്തിന്റെ ഉള്ളറകളിലെ വിശ്വാസത്തിന്റെ തീ നാളങ്ങളുമാണ്. വിപ്ലവകാരിയായ ഒരൊറ്റ ആത്മാവിന്റെയും ഉള്ളിലെ അഗ്നിയെ എടുത്തു കളയാൻ അതിന് സാധിക്കില്ല. ഒരാളുടെ ധാർമ്മിക ഉണർവ്വുള്ള മനസ്സാക്ഷിയുടെ വികസ്വരമായ സ്വാതന്ത്ര്യത്തെയും അയാളിലെ നീതി ബോധത്തെയും അഭിമാന ബോധത്തെയും കവർന്നെടുക്കാൻ അതിന് കഴിയില്ല, അതിനി ബാഹ്യാവസ്ഥകൾ എത്ര തന്നെ അപമാനകരമായാലും ശരി.

വ്യക്തികളുടെ പരമാധികാരത്തിന് ലോകത്തെ മാറ്റാൻ കഴിയും, അങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും മികച്ച തെളിവുകളിലൊന്നായിരുന്നു ‘അബുൽ ആബിദ്’ ഇസ്മാഈൽ ഹനിയ്യയുടെ മരണാനന്തര ചടങ്ങ്. സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകൾ പ്രകാരം ലോകത്താകമാനം അദ്ദേഹത്തിന് വേണ്ടി ജനാസ നമസ്കാരത്തിൽ പങ്കെടുത്ത ആളുകളുടെ എണ്ണം ഏഴ് ദശലക്ഷത്തിൽ അധികമാണ്. അതു കൊണ്ട് തന്നെ സമകാലിക മുസ്ലിം ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ (വേദനിപ്പിക്കുന്നതും) ഒന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഇസ്രായേലിന്റെയും അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും അഭിപ്രായത്തിൽ തീവ്രവാദിയായ, ഒരു മോശം മനുഷ്യനായിരുന്നിട്ടു പോലും അദ്ദേഹം സ്വതന്ത്രമായി ജീവിക്കുകയും തന്റെ മൗലികമായ രാഷ്ട്രീയ കർതൃത്വത്തെ സാധ്യമാവുന്നതിന്റെ പരമാവധി വിനിയോഗിക്കുകയും, തന്നെ കുറിച്ചും തന്റെ ജനങ്ങളെ കുറിച്ചുമുള്ള സകല സ്റ്റേറ്റിസ്റ്റ് മുദ്രകളെയും കശക്കിയെറിഞ്ഞു കൊണ്ട് ഒരു ഐക്കണും, 21–ാം നൂറ്റാണ്ടിലെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടിയുള്ള ഫലസ്തീനിയൻ പോരാട്ടത്തിന്റെ പ്രതിനിധിയുമായി അദ്ദേഹം മാറുകയും ചെയ്തു. നവലിബറൽ രാഷ്ട്രീയത്തിന്റെ മാലിന്യ കൂമ്പാരത്തിനരികെ വരെ അദ്ദേഹം തന്റെ ജനതയുടെ പരമാധികാരത്തെ മുന്നോട്ടു നയിച്ചു, ഒരു പരമാധികാര നേതാവും ഒരു പ്രസ്ഥാനത്തിന്റെ നായകനുമെന്ന നിലയിൽ അന്താരാഷ്ട്ര ലോകക്രമം അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ഒരു വേള ഭയപ്പെടുക പോലും ചെയ്തു. ഇസ്രായേൽ അദ്ദേഹത്തെ വധിച്ചെങ്കിലും, അദ്ദേഹം പ്രതിനിധീകരിച്ചതെന്തോ അതിനെ തകർക്കാൻ അവർക്കായില്ല; തിരിച്ചറിവുള്ളൊരു വ്യക്തിയുടെ ശക്തി.

സ്റ്റേറ്റിന്റെ പിടിത്തം ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇതുൾപ്പെടെയുള്ള അടയാളങ്ങൾ കാണിക്കുന്നത്. പ്രത്യേകിച്ച്, ഏറ്റവും പ്രാഗ് രൂപത്തിലുള്ള, അതീവ നിയന്ത്രണങ്ങളുള്ള ആധുനിക ദേശ രാഷ്ട്രമായ ഇസ്രായേൽ, വംശഹത്യയുടെ തലങ്ങളും കടന്ന് ഫലസ്തീനികളെ “ബലാത്സംഗം ചെയ്യാനുള്ള അവകാശം” അന്തർലീനവും നൈസർഗ്ഗികവുമായ അവകാശമാണെന്ന് മിക്ക ഇസ്രായേലികളും കരുതുകയും, മാത്രമല്ല, ബലാത്സംഗികളെ പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നേടം വരെ ആ രാഷ്ട്രം എത്തുകയും ചെയ്തിരിക്കുന്നു എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ. മാരകമായ ഈ മാതൃക ആധുനിക രാഷ്ട്രത്തിന്റെ ധാർമ്മിക പാപ്പരത്തത്തിന്റെയും നൈതിക ശോഷണത്തിന്റെയും പ്രഖ്യാപനമല്ലാതെ മറ്റെന്താണിത്? അല്ലെങ്കിൽ നിഷ്ഠൂരമായ മേൽക്കോയ്മാ ദേശീയവാദത്തിന്റെ അന്ത്യമണിയല്ലാതെ മറ്റെന്ത്? ഇക്കാണുന്ന ആഗോള സംവിധാനത്തിന്റെ പരമമായ അധിനായകനും കേന്ദ്ര ബിന്ദുവുമായ ഒരു അധീശത്വ വംശീയ രാഷ്ട്രം — ദശകങ്ങളോളമുള്ള ശിക്ഷാഭീതിയില്ലായ്മയിലും, ഇരബോധത്തിലും, ചോദ്യം ചെയ്യപ്പെടാത്ത ഫാസിസത്തിലും ഉന്മത്തമായ ഒരു രാഷ്ട്രം — നിലം പതിക്കുമ്പോൾ എന്തു സംഭവിക്കും? തീർച്ചയായും വ്യവസ്ഥാപരമായ തകർച്ച. ഒരു ഡൊമിനോ എഫക്ട്. അതത്ര സുന്ദരമാവില്ല, ദയാപൂർവമോ രക്തരഹിതമോ ആയിരിക്കില്ല, എന്നാൽ അത് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ഒരാൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വിടുകയോ അല്ലെങ്കിൽ അതിൽ ചേരാൻ കൂട്ടാക്കാതിരിക്കുകയോ ചെയ്യുമ്പോഴൊക്കെയും, അതിഭീകരമായ ക്രൂരതക്ക് സാക്ഷ്യം വഹിക്കുമ്പോഴും മോചിതനായ ഒരു ഫലസ്തീനിയൻ ബന്ദി അവരുടെ പഠനം തുടരുകയോ അല്ലെങ്കിൽ വിവാഹം ചെയ്യുകയും അവർക്ക് സന്താനങ്ങളുണ്ടാവുകയും ജീവിക്കാനാരംഭിക്കുകയും ചെയ്യുന്ന സമയങ്ങളിലൊക്കെയും, ഭ്രാന്തമായ ഈ വംശഹത്യാ സംവിധാനത്തിന്റെ അംശങ്ങൾ ഇല്ലാതാവാൻ തുടങ്ങുന്നു. അതുകൊണ്ടു തന്നെ, നമ്മെ രക്ഷിക്കാൻ ‘അറബ് നേതാക്കളെയോ’ അല്ലെങ്കിൽ ‘ജനാധിപത്യവാദികളെയോ’ വിളിക്കുന്നത് നാം അവസാനിപ്പിക്കേണ്ടതുണ്ട്; ആദ്യം നമ്മെ നാം തന്നെ രക്ഷിക്കണം. വ്യക്തികളെന്ന നിലയിലുള്ള നമ്മുടെ സ്വന്തം കർതൃത്വത്തിന്റെ അതിരുകളെ നാം അനുദിനം വിപുലീകരിക്കേണ്ടതുണ്ട്, അതിനി എത്ര ചെറിയ രീതിയിലോ വലിയ രീതിയിലോ ആയാലും.

വ്യക്തി കർതൃത്വത്തിന്റെ ഓരോ തുള്ളിയും പ്രധാനമാണ്. നിങ്ങളുടെ പരിധിക്കകത്തു നിന്നു കൊണ്ടുള്ള ഏറ്റവും ചെറിയ വിമതത്വത്തെ പോലും വിലകുറച്ചു കാണരുത്. സ്വന്തം ജീവൻ പോയാലും അത് മുറുകെ പിടിക്കുക, കാരണം അതാണ് ജീവിതം. പരിവർത്തന വിധേയരായ ഓരോ വ്യക്തികളും പ്രധാനമാണ്. ഹൃദയംഗമായ ഓരോ പ്രാർത്ഥനയും, ഓരോ തുള്ളി കണ്ണുനീരും, ഓരോ പ്രവർത്തിയും, മനസ്സാക്ഷിപൂർവമായ ഓരോ എതിർപ്പും പ്രധാനമാണ്. അത് കൈ കൊണ്ടായാലും നാവ് കൊണ്ടായാലും ഹൃദയം കൊണ്ടായാലും, സർവ്വോപരി ഏറ്റവും ദുർബ്ബലമായ വിശ്വാസം പോലും, ഒരർത്ഥത്തിൽ പരമാധികാര വിശ്വാസത്തിന്റെ രൂപമാണ്. എല്ലാറ്റിനുമുപരി, ഇതിനെയാണ് “അവർ” ഏറ്റവും കൂടുതൽ ഭയക്കുന്നത്; വിശ്വാസിയായൊരു മനുഷ്യൻ, യാഥാർത്ഥ്യം അറിഞ്ഞൊരാൾ, സ്വതന്ത്രമായ ചിന്ത, മസ്തിഷ്കപ്രക്ഷാളനത്തിനോ നിയന്ത്രണത്തിനോ വിധേയമാവാത്ത ഒരാൾ. ഒരു ദീപശിഖയായി, മറ്റുള്ളവരുടെ മുമ്പിൽ പ്രതീക്ഷയുടെ കിരണമായി മാറാൻ അത്തരമൊരാൾക്ക് കഴിയുമെന്നതിനാലാണ് അതിനെ അവർ ഇത്ര ഭയക്കുന്നത്. പണത്തിനും അമേരിക്കൻ കോൺഗ്രസിലെ രാഷ്ട്രീയ ഔചിത്യത്തിനും പകരമായി യുദ്ധ കുറ്റവാളികൾക്ക് കയ്യടിക്കുന്ന, പൈശാചികവും ഹീനവുമായ പുഞ്ചിരിയിൽ പ്രത്യക്ഷപ്പെടുന്ന വംശഹത്യാ ജീവികളുടെ മാതൃകാപുരുഷരിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒന്ന്.

അത്തരം മാതൃകകൾ മരണമടഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിന്റെ ദുഷിപ്പിന്റെയും അധഃപതനത്തിന്റെയും നുണകളുടെയും ആഴം കാണാനാവാത്ത വിധം ദുർഗന്ധം വമിക്കുന്നതായി അതിന്റെ ശവശരീരങ്ങൾ മാറിയിരിക്കുന്നു. അക്കാരണത്താൽ, വ്യക്തിയും സ്റ്റേറ്റും തമ്മിലുള്ള ബന്ധനം തീർച്ചയായും അഴിഞ്ഞിരിക്കണം, അതഴിഞ്ഞിരിക്കുന്നു. അന്ധകാരത്തിൽ എതിർ വശത്തായിരിക്കുന്നതിലൂടെ മാത്രം പ്രകാശം സ്വയം ജ്വലിക്കും. ധാർമ്മികമായ ഉണർവും തെളിമയുമുള്ള ഒരു ആത്മാവുണ്ടായിരിക്കുക എന്നതാണ് ഇന്ന് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും റാഡിക്കലായ, മൗലികമായ കാര്യം.ഖുർആനും, മറ്റെല്ലാ വേദഗ്രന്ഥങ്ങളും, ധാർമ്മികമായി പരമാധികാരിയായ വ്യക്തിക്ക് സമയം pre-eternal ആണെന്ന്, അഥവാ, ഭൂതത്തിനും ഭാവിക്കും വർത്തമാനത്തിനും മുന്നേയാണെന്ന് അവ നമ്മോട് പറയുന്നു.

ആ സമയമായിരിക്കുന്നു.

ഒരുദിനം ഒരു ജനത ജീവിക്കാനാഗ്രഹിച്ചാൽ, വിധി അവരുടെ വിളിക്കുത്തരം നൽകും.
പിന്നെയവരുടെ രാത്രി മാഞ്ഞില്ലാതാകാൻ തുടങ്ങും, അവരുടെ ചങ്ങലകൾ തകർന്നടിയും.
ജീവിതത്തോടുള്ള അഭിലാഷത്താൽ ആശ്ലേഷിക്കപ്പെടാത്തൊരാൾ മാഞ്ഞു പോകും,
കുറഞ്ഞത്, സർവ്വ സൃഷ്ടിജാലങ്ങളും എന്നോടതാണ് പറഞ്ഞത്, അതിന്റെ മറഞ്ഞിരിക്കുന്ന ആത്മാക്കളപ്രകാരമാണ് പ്രഖ്യാപിച്ചത്.
— 20–ാം നൂറ്റാണ്ടിലെ തുനീഷ്യൻ കവിയായ അബുൽ ഖാസിം അൽ ശാബിയുടെ ‘The Will of Life.’

വിവർത്തനം: മൻഷദ് മനാസ്

ഫറാ അൽശരീഫ്