Campus Alive

ബിനു എം. പള്ളിപ്പാട്: കിടക്കകൾ തോറും ജീവൻപോയതിന്റെ ചുളിവുകളെക്കുറിച്ചെഴുതി കടന്നുപോയൊരാൾ

ജലസമൃദ്ധവും സാധാരണ മനുഷ്യർക്ക് പരസ്പരം അടുക്കാൻ കഴിയുന്ന സവിശേഷതയുമുള്ള പള്ളിപ്പാടെന്ന ദേശത്തെ മലയാളകവിതയുടെ ആഖ്യാനപ്രദേശമാക്കിയ എഴുത്തുകാരനാണ് ബിനു എം. പള്ളിപ്പാട്. ഒരിക്കൽ, ബിനുവിന്റെ പറച്ചിലിൽനിന്ന് ആവേശം കൊണ്ട് ആ ദേശത്തെക്കുറിച്ച് എഴുതുവാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. എന്നാൽ അന്നൊരു ചെറുവഞ്ചിയിൽ, കവിതയും പാട്ടും ചങ്ങാത്തവുമായി വെള്ളപ്പരപ്പിലൂടെ താറാവുകൾ തീർത്ത ചെറിയ ഓളങ്ങൾ കണ്ട് യാത്ര ചെയ്തത് മറക്കാനാവില്ല. അധികം വ്യാപ്തിയുള്ള ലോകത്തെ ഭാവന ചെയ്യുവാനൊന്നും സാധ്യതയില്ലാത്ത ജീവിതചുറ്റുപാടുകളിൽ നിന്നും സംഗീതത്തിന്റെയും സിനിമയുടെയും കവിതയുടെയും വിമോചനാത്മകതലത്തിലൂടെ സാഹസികമായി യാത്രചെയ്ത ഒരാളായി ബിനു മാറിയത് തന്നോടു തന്നെ നടത്തിയ  നിരന്തരസമരത്തിലൂടെയായിരുന്നു.

മാവേലിക്കരയിലെ രാജാരവിവർമ്മ ഫൈൻ ആർട്സ് കോളേജുമായും അവിടുത്തെ വിദ്യാർത്ഥികളുമായുള്ള സഹവാസമാവാം, ചിത്ര-ശില്പകലയുമായി അനിഷേധ്യമായ അടുപ്പം ആദ്യ കവിതാസമാഹാരമായ പാലറ്റ് മുതൽ കാണാം. 1990-കളുടെ തുടക്കത്തോടെയാണ്, തന്റെ രാഷ്ട്രീയവീക്ഷണത്തെ തുന്നിച്ചേർക്കുവാൻ കവിതയെ ഉപയോഗിച്ചതിന്റെ ഫലമായി വിപ്ലവത്തിനുവേണ്ടി തുനിഞ്ഞിറങ്ങിയ ചുറ്റുപാടുമുള്ള മനുഷ്യരുടെ വ്യർത്ഥജീവിതത്തിന്റെ മുറിവുകൾ ബിനു എഴുതിയത്. മലയാളത്തിലെ സമകാലികകവികളിൽ മറ്റാരിലും കാണാത്തവിധത്തിൽ തമിഴ്നാടിന്റെ ഭൂപ്രദേശവും സംസ്കാരവും ആഴത്തിൽ വലിച്ചെടുത്തതിന്റെ സമൃദ്ധിയും ആ കവിതകളുടെ പ്രത്യേകതതന്നെ. ശ്രീലങ്കൻ തമിഴ് കവിതകളും എൻ.ഡി രാജ്കുമാറിന്റെ നിരവധി കവിതകളുമൊക്കെ അസാധാരണമായ ശ്രദ്ധയോടെ വിവർത്തനം ചെയ്തെങ്കിലും ചിലതൊക്കെ പ്രസിദ്ധീകരണം കാത്ത് ദീർഘകാലം കിടക്കുന്നതിന്റെ നിരാശ ഇടയ്ക്ക് കാണുമ്പോൾ പങ്കുവെക്കുമായിരുന്നു.

ബിനു എം. പള്ളിപ്പാട്

പള്ളിപ്പാടെന്ന ദേശം ബിനുവിലൂടെ മലയാളവായനക്കാർക്ക് പരിചിതമാണെങ്കിലും അദ്ദേഹത്തിന്റെ കാഴ്ചകൾ ദേശാന്തരമായി പടർന്നുകിടക്കുന്നവയായിരുന്നു. വരേണ്യവും ജനപ്രിയവുമായ മലയാളി ഭാവുകത്വത്തോട് ആഴത്തിലുള്ള വിമർശനം പുലർത്തി, സംഗീതം, സിനിമ തുടങ്ങിയ മേഖലയിൽ തികച്ചും ഗൗരവസ്വഭാവം പുലർത്തി ആഗോളപൗരനാകുവാൻ കഠിനമായി പരിശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തയാളായിരുന്നു ബിനു. അക്കാദമിക യോഗ്യതയെന്ന സാങ്കേതികത്വത്തെ വിമർശനബുദ്ധിയോടെ ഇടയ്ക്ക് സമീപിക്കുന്നതിന്റെ കാരണം പുതിയമേഖലകളിലെ മാറ്റങ്ങളെ തിരിച്ചറിയാൻ വൈജ്ഞാനികവും സർഗാത്മകവുമായി അയാൾ നടത്തിയ ധീരതതന്നെയാണെന്ന് പറയേണ്ടിവരും.

മലയാളകവിതയിലെ പാരമ്പര്യധാരകളെയും അറിവാർജ്ജനത്തെയും പ്രതിപക്ഷത്തു നിർത്തുന്ന ‘സ്കൂൾ’, ചരിത്രത്തിന്റെ സൂക്ഷ്മതകളിലേക്കും മനുഷ്യാനുഭവങ്ങളുടെ പുതിയ തെളിച്ചങ്ങളിലേക്കും പോയ ‘അവർ കുഞ്ഞിനെ തൊടുമ്പോൾ’, രൂപപരവും പ്രമേയപരവുമായ പരീക്ഷണങ്ങൾ കൊണ്ട് വിജയിച്ച ‘പാലുവംപെണ്ണ്’, ‘മർച്ചന്റ്സ് ഓഫ് ഫോർ സീസൺസ്’ തുടങ്ങിയ രചനകൾക്ക് ഗൗരവമായ വായനകൾ ഉണ്ടാവേണ്ടതുണ്ട്.

കൂടെ പഠിച്ച ഉണ്ണികൾ

നടന്നു പോവുമ്പോൾ

വരാന്തയിൽ നിന്ന്

ഞങ്ങൾ മാഞ്ഞ് പോയിട്ടുണ്ട്

-(സ്കൂൾ)

ചരിത്രത്തിന്റെ ദൃശ്യതയിൽനിന്നും മാഞ്ഞുപോകുന്നവരെക്കുറിച്ചുള്ള ബിനുവിന്റെ ഖേദത്തിന്റെ അടിവേരുകൾ പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകളിലും ജ്ഞാനവ്യവഹാരങ്ങളിലുമാണ് കിടക്കുന്നത്. പിൽക്കാലത്ത് അതിന്റെ ദിശാസൂചികൾ കറുത്ത സാഹിത്യത്തിലേക്കും സംഗീതത്തിലേക്കും വളരുന്ന വിധത്തിൽ ഭൂഖണ്ഡാന്തര യാത്രയിലുള്ള താൽപ്പര്യങ്ങളിലൂടെ അദ്ദേഹത്തിന്റെ കവിതകൾ സഞ്ചരിച്ചു. കേരളീയ സാഹചര്യത്തിലുള്ള ജാതി ജീവിതത്തിന്റെ സങ്കീർണതകളെ വംശ സൂചനകളിലേക്ക് ഇണക്കുന്ന രീതി പിന്തുടരുന്നതിൽ നിന്നും ഇത് വ്യക്തമാണ്.

കാഞ്ഞിരവേരുപോലെ

മണ്ണിൽ വെരകിയ

വിരലിൽ നിന്ന്

കുഞ്ഞുവിരലിലേക്ക്

വംശത്തിന്റെ ഒരു തളിര്

-(അവർ കുഞ്ഞിനെ തൊടുമ്പോൾ)

എന്നെഴുതി അതിന്റെ പച്ചപ്പിൽ അകാൽപ്പനികമായ ഭൂതകാലത്തെ വിഭാവന ചെയ്യുന്നതിലൊക്കെ ഈ സ്വാധീനമാണ് പ്രകടമാവുന്നത്.

കവിതയ്ക്കൊപ്പം സംഗീതം, ചിത്ര-ശില്പകല, സിനിമ, യാത്ര എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ അറിവും അനുഭവവും ബിനുവിന്റെ സർഗാത്മക ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റിയിട്ടുണ്ട്. ജനപ്രിയതയ്ക്ക് വേണ്ടിയുള്ള വിട്ടുവീഴ്ച എഴുത്തിലും ജീവിതത്തിലും കാണിക്കാത്ത അപൂർവ്വ വ്യക്തിത്വം കൂടിയായിരുന്നു പള്ളിപ്പാട്. അതുകൊണ്ടു തന്നെ സ്നേഹത്തിനൊപ്പം കലഹത്തെയും ഒപ്പം കൊണ്ടുനടക്കാൻ ബിനുവിന് പേടിയില്ലായിരുന്നു. ചിലപ്പോഴൊക്കെ അർത്ഥശൂന്യമായ ശാഠ്യങ്ങളായി അത്തരം വഴക്കുകൾ മാറാറുണ്ടായിരുന്നു. എങ്കിലും വിപുലമായ സൗഹൃദങ്ങളും സാഹസികമായ യാത്രകളും അവയുടെ കാഠിന്യം കുറയ്ക്കാൻ സഹായിച്ച ഘടകങ്ങളാണ്.

ചെങ്ങന്നൂരാതിക്ക് ഗദ്യരൂപം ചമച്ചതാണ് ബിനുവിന്റെ ശ്രദ്ധേയമായ മറ്റൊരു സംഭാവന (കേരള ലളിത കലാ അക്കാദമി, 2021). കാവ്യാത്മകത എഴുന്നുനിൽക്കുന്ന ആകർഷകമായ ഭാഷയിലൂടെ ചരിത്രവും മിത്തും ഭാവനയും കൂട്ടിച്ചേർത്തെഴുതിയ ആ രചന തിരുവിതാകൂറിലെ സാമൂഹിക-സാഹിതീയ ചരിത്രത്തിലെ ശ്രദ്ധേയമായൊരു രചനയ്ക്ക് നൽകിയ സമകാലിക വ്യാഖ്യാനമാണ്. അതിലേയ്ക്ക് ആഴ്ന്നിറങ്ങാൻ നടത്തിയ ഗൗരവമായ ഗൃഹപാഠം അനന്യമായ മാതൃകയായി തോന്നിയിട്ടുണ്ട്‌. ഒരെഴുത്തുകാരൻ ഭൂതകാലത്തോടും വർത്തമാനകാലത്തോടും നടത്തിയ സംവാദം മാത്രമല്ല; ഭാവിയിലേക്ക് വേണ്ടി നടത്തിയ ഒരു കരുതൽ സൂക്ഷിപ്പ് കൂടിയാണ് ആ കൃതിയെന്ന് നിസ്സംശയം പറയാം.

ഞാൻ താമസിച്ച ഒട്ടുമിക്ക വാടകവീടുകളിലെയും ഒരു രാത്രിയെങ്കിലും പല വലിപ്പങ്ങളിൽ, സ്വരഭേദങ്ങളുടെ വ്യത്യസ്തതകളെ ഉള്ളിലേറ്റുന്ന ബിനുവിന്റെ പുല്ലാങ്കുഴൽ ശബ്ദം പൊഴിച്ചിട്ടുണ്ട്. ഓരോ രാഗവും പാട്ടും തുടങ്ങുന്നതിന് മുമ്പുള്ള ചെറു വിശദീകരണം അതിലേക്കുള്ള സ്നേഹപൂർവ്വമായ ക്ഷണംകൂടിയാണ്. കുമളിയിലെ വീട്ടിൽ വൃത്തിയായി അടുക്കിവെച്ച പുസ്തകങ്ങളും വിവിധ തരത്തിലുള്ള പുല്ലാങ്കുഴൽ തൂക്കിയലങ്കരിച്ച ഭിത്തിയും അടിമുടി കലാകാരനെയും എഴുത്തുകാരനെയും പകർത്തിവെക്കുന്നതാണ്. അവയ്ക്കിടയിൽ പുഞ്ചിരിച്ചുകൊണ്ട് “എടോ മനുഷ്യാ”യെന്ന് വിളിച്ച് കലഹിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളായി ബിനുവിനെ കാണുന്നതാണിഷ്ടം. ഒടുവിൽ പ്രസിദ്ധീകരിച്ച (വായിച്ച) അനസ്തേഷ്യ എന്ന കവിത ആ പ്രതീക്ഷയെ സർഗാത്മകമായും പ്രവചനാത്മകമായും കെടുത്തികളഞ്ഞ രചനയായാവും ബിനു എം. പള്ളിപ്പാട് ഭാവന ചെയ്തതെന്ന്  ഉറച്ച് വിശ്വസിക്കുന്നു.

ഡോ. ഒ.കെ സന്തോഷ്