Campus Alive

ബൊസ്നിയൻ ഹാജിമാർ: ഇസത്ബെഗോവിച്ചിൻ്റെ സഹതീർഥാടകർ

ബോസ്നിയൻ രചനകളിൽ 1994-ലെ ഹജ്ജിന് നിർണായക പ്രാധാന്യമുണ്ട്. ആദ്യമായി ഒരു ബോസ്നിയൻ പ്രസിഡൻ്റ് ഹാജിമാരെ അനുഗമിക്കുന്നുവെന്ന് മാത്രമല്ല, ആ പ്രസിഡൻ്റ് അലിജ ഇസെത് ബെഗോവിച്ച് ആയിരുവെന്നതാണ് അതിന് കാരണം. 

യംഗ് മുസ്‌ലിം പ്രസ്ഥാനത്തിൻ്റെ ഭാഗമായ് പ്രവർത്തിച്ചതിനും യുഗോസ്ലാവ് ഭരണകൂടത്തെ വെല്ലുവിളിച്ചതിനുമായി ഒന്നിലധികം തവണ ജയിൽവാസമനുഭവിച്ച ജീവചരിത്രമാണ് ബെഗോവിച്ചിനുള്ളത്. ലിബറൽ-സോഷ്യലിസ്റ്റ് ആധുനികതയക്ക് വിരുദ്ധമായി ഇസ്‌ലാമിക ബോധത്താൽ നയിക്കപ്പെടുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന “ഫോക്ക് പാൻ- ഇസ്‌ലാമിസത്തിൻ്റെ” വക്തവാവുകൂടിയായിരുന്നു അദ്ദേഹം. 

യുഗോസ്ലാവിയയിലെ സോഷ്യലിസ്റ്റ് മോഡേണിസ്റ്റ് പദ്ധതി മതത്തെ സാമൂഹിക അരികിലേക്ക് തരംതാഴ്ത്തിയ രീതിയിയോട് അതൃപ്തനായിരിക്കെ തന്നെയും, ഇസെത് ബെഗോവിച്ചിൻ്റെ ‘യൂഗോസ്ലാവിയയിൽ മുസ്‌ലിംകൾ നേരിടുന്ന വെല്ലുവിളികളുടെ സാർവത്രികവൽക്കരണത്തിൽ’ (universalisation of the challenges that Muslims faced in Yugoslavia) എന്ന പ്രബന്ധത്തിൽ, ജലാൽ ആൽ അഹ്മദ് (1923-693) ) അലി ശരീഅത്തി (1933–77) തുടങ്ങിയ അപകോളനീകരണ ചിന്തകരുടെ സ്വാധീനമുണ്ടായിരുന്നു.ഡീകൊളോണിയൽ സമരത്തിലെ മറ്റ് പ്രമുഖരായ മാൽക്കം എക്‌സിനെപ്പോലുള്ളവർക്കൊപ്പം, 1960 കളിലും 1970- കളിലുമായി ഈ രണ്ട് ചിന്തകരും തങ്ങളുടെ ഹജ്ജ് യാത്രാ വിവരണങ്ങൾ എഴുതിയത് യാദൃശ്ചികമല്ല. 

ശാരീരികമായ പ്രാക്ട്രീസ് എന്ന നിലയിൽ ഹജ്ജ് എങ്ങനെയാണ് ഈ വ്യക്തികളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും മതപരവുമായ വീക്ഷണത്തിൽ പരിവർത്തന ശക്തിയായി മാറിയതെന്ന് സമീപകാല പഠനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.അലിജ ഇസെറ്റ് ബെഗോവിച്ചിൻ്റെ ചിന്തകളിൽ ഡീകൊളോണിയൽ ചിന്തകരുടെ സ്വാധീനം കാണാൻ കഴിയുമെങ്കിലും, 1994-ലെ ബോസ്നിയൻ ഹാജിമാരെ സംബന്ധിച്ചിടത്തോളം ഹജ്ജ് യാത്ര അതിൻ്റെ വിപരീത ദിശയിലാണ് പ്രവർത്തിച്ചത്.മതത്തെ പരിമിതപ്പെടുത്തുന്ന സോഷ്യലിസ്റ്റ് യുഗോസ്ലാവിയൻ നയങ്ങൾക്കെതിരെയും  ബോസ്നിയൻ ജനജീവിതങ്ങൾക്ക് നേരെയുള്ള സെർബിയൻ തീവ്ര ദേശീയ ആക്രമണങ്ങക്കെതിരെയുമുള്ള പ്രതീകാത്മക പരിസമാപ്തിയായിരുന്നു ( symbolic culmination) ഹജ്ജ് യാത്ര.രണ്ടിലും, ബോസ്‌നിയൻ മുസ്‌ലിംകൾ – കുറഞ്ഞത് ആ ഗ്രൂപ്പിൽ ഉൾപ്പെട്ട ഹാജിമാരെങ്കിലും – തങ്ങളെ വിജയികളായി കണ്ടു. ഹജ്ജ് അവർക്കുള്ള പ്രതിഫലവും അന്തിമമായ ഇടവുമായിരുന്നു . 

1990 കളിൽ ബോസ്നിയാക്കുകൾക്ക് നേരെയുള്ള ആക്രമണം രൂക്ഷമായപ്പോൾ, ഇസെറ്റ് ബെഗോവിച്ച് ആഗോള മാധ്യമങ്ങളിൽ ഒരു ജനപ്രിയ വ്യക്തിയായി മാറിക്കൊണ്ടിരുന്ന സമയമായിരുന്നു. ഹജ്ജിലെ അദ്ദേഹത്തിൻ്റെ സാന്നിധ്യം പ്രാദേശികവും വിശാലവുമായ പ്രേക്ഷകവൃത്തത്തെ ആകർഷിച്ചു. കൂടാതെ, സൗദി ഉദ്യോഗസ്ഥരുടെ നിരന്തരമായ സുരക്ഷാവലയവും അദ്ദേഹത്തത്തോടൊപ്പമുണ്ടായിരുന്നു. 

സ്വന്തമായി ഒരു ഹജ്ജ് യാത്രാ വിവരണം എഴുതിയിരുന്നില്ലെങ്കിലും അമീർ ഹോസ്സിക്ക് എന്ന ബോസ്നിയൻ മാധ്യമപ്രവർത്തകൻ്റെ നിർബന്ധത്തെ തുടർന്ന് അദ്ദേഹം ബോസ്നിയ ഹാജികളോട് സുദീർഘമായ പ്രഭാഷണം നടത്തിയിരുന്നു, അമീർ തന്നെ അത് പൂർണ്ണമായി ട്രാൻസ്ക്രൈബ് ചെയ്യുകയും ചെയ്തു.ആധുനിക ഹജ്ജ് സാങ്കൽപികത്വത്തെ അടയാളപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ ഈ പ്രഭാഷണത്തിൽ വിഷയീഭവിക്കുന്നു.ദൈവത്തിനും ഹജ്ജ് യാത്രയുടെ സംഘാടകനായ ഫഹദ് രാജാവിനും നന്ദി പറഞ്ഞുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്:

” നിങ്ങളോടൊപ്പം ഇവിടെ ഉണ്ടായിരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. യുദ്ധസമയത്ത് യാതൊരുവിധ അവയവനഷ്ടവും സംഭവിക്കാത്തതിനാൽ എനിക്ക് കുറച്ചിൽ തോന്നുന്നു. എനിക്ക് പരിക്കുകൾ എൽക്കാമായിരുന്നു. കാരണം ഞാൻ മുഴുവൻ സമയവും സരജേവോയിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ അധികം ഒളിച്ചിരുന്നില്ല… രണ്ടായിരം ഗ്രനേഡുകൾ പോലും സരജേവോയിൽ പതിച്ച ദിവസങ്ങളുണ്ടായിരുന്നു, പക്ഷേ ഞാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  നിങ്ങളിൽ പലർക്കും അങ്ങനെ സംഭവിച്ചില്ല. കൈയും കാലും കണ്ണും നഷ്ടപ്പെട്ട നിങ്ങളിലേക്ക് നോക്കുമ്പോൾ ഞാനെത്ര താഴ്ന്നവനാണ്.” 

1994-ലെ ഹജ്ജ് യാത്രയെക്കുറിച്ച് എഴുതിയ യാത്രാവിവരണങ്ങളുടെ കേന്ദ്രബിന്ദുവായിരുന്ന ഹജ്ജിലെ അംഗഭംഗം വന്ന ശരീരങ്ങളുടെ(maimed bodies) ദൃശ്യപരവും പ്രതീകാത്മകവുമായ കേന്ദ്രീകരണത്തെക്കുറിച്ച് അലിജ ഇസെറ്റ് ബെഗോവിച്ച് ഊന്നിപ്പറയുകയായിരുന്നു. തങ്ങളുടെ പ്രസിഡൻ്റിൻ്റെ മുന്നിൽ നിൽക്കുന്ന സൈനികരുടെ അംഗഭംഗം വന്ന ശരീരം ഇസെറ്റ്ബെഗോവിച്ചിൻ്റെ ചിന്തയിലെ ഏറ്റവും ഉയർന്ന ആദർശത്തിന് സാക്ഷ്യം വഹിച്ചുവെന്ന്  പ്രധാനമായും സൂചിപ്പിക്കേണ്ടതാണ്: വാക്കുകൾക്ക് മുമ്പുള്ള പ്രവർത്തനം, ജഡത്വത്തിന് വിരുദ്ധമായ ചലനം. 

ഇസെറ്റ്‌ബെഗോവിച്ചിൻ്റെ പ്രഭാഷണം, ഓർമ്മയെക്കുറിച്ചുള്ള പരാമർശങ്ങളിലൂടെ ഹജ്ജിനെ രാഷ്ട്രനിർമ്മാണവുമായി ബന്ധിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, തീർത്ഥാടനമെന്നാൽ (pilgrimage)സമകാലിക രാഷ്ട്രങ്ങളെ അവരുടെ മതചരിത്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ഓർമ്മപ്പെടുത്തലാണ്. സഅയ് പോലുള്ള ആചാരങ്ങൾ അനുഷ്ഠിക്കുന്നത് പ്രവാചകന്മാരെയും അവരുടെ കുടുംബങ്ങളെയും സ്മരിക്കാനുള്ള ഒരു മാർഗമായാണ്. ഒരേ സമയം പരിഷ്കൃതരും അപരിഷ്കൃതരും തമ്മിലുള്ള വിഭജന മാനദണ്ഡമായി ഓർമ്മ (memory) വർത്തിക്കുന്നു. പരിഷ്കൃതരായ ഈ ജനങ്ങൾക്ക് ഓർമ എന്ന സംഗതി ഉള്ളതിനാൽ തുടർച്ചയെയും സ്ഥിരതയെയും സൂചിപ്പിക്കുന്ന ഒരു ചരിത്രം അവർക്കുണ്ടായി( had history). ഈയൊരു സ്ഥിതിവിശേഷം വളർത്തിയെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഘടകമായി ഹജ്ജ് മാറി. 

അദ്ദേഹം ഊന്നിപ്പറഞ്ഞ ഹജ്ജിൻ്റെ മറ്റൊരു  സവിശേഷത ഇഹ്‌റാമിൻ്റെ പ്രതീകാത്മകതയാണ്. ഹജ്ജ് വേളയിൽ ധരിക്കുന്ന ഇതേ വസ്ത്രം തന്നെയാണ് കഫൻ പുടവയായ് ഉപയോഗിക്കുന്നതും.ജനനത്തിലും മരണത്തിലും എല്ലാ മുസ്‌ലിംകളും തുല്യരാണെന്ന സത്യത്തിലേക്കിത്  വിരൽ ചൂണ്ടുന്നു. പ്രവർത്തനവും പോരാട്ടവും പ്രത്യേകം പരാമർശിച്ചു കൊണ്ടാണ് മരണത്തിൻ്റെ അനിവാര്യതയെ ( memento mori) കുറിക്കുന്ന ഭാഗങ്ങൾ അവസാനിപ്പിച്ചത്. 

ബെഗോവിച്ചിനെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിനെ കൂടുതൽ സംരക്ഷിക്കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന രൂപത്തിൽ ഹജ്ജിനു ശേഷവും പോരാട്ടം തുടരുന്നു:

“ജീവിതം ഒരു പോരാട്ടമാണ്, സത്യം അംഗീകരിക്കുന്ന രാജ്യങ്ങൾക്ക് മാത്രമേ അതിജീവനത്തിനുള്ള അവസരമുള്ളൂ. ഞങ്ങളുടെ പോരാട്ടത്തിന് കൂടെ നിന്ന ദൈവത്തിന് നന്ദി [. . . ] ദൈവ നിശ്ചയമുണ്ടെങ്കിൽ, നമ്മൾ ബോസ്നിയയ്ക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയുള്ള  പോരാട്ടം തുടരുകയാണ്.  ഒരു രാഷ്ട്രം സംസ്ഥാപിക്കാൻ നാം ആഗ്രഹിക്കുന്നു, കാരണം  രാഷ്ട്രമില്ലാത്ത ഒരു ജനത ഒരു കുടുംബത്തെപ്പോലെയാണ്, മഴ പെയ്യുന്നു, കുടുംബത്തിന് തലയ്ക്ക് മുകളിൽ മേൽക്കൂരയില്ല. [. . . ] അതുകൊണ്ടാണ് ഈ കാറ്റിൽ നിന്നും കൊടുങ്കാറ്റിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്ന ആ വീട് ഉണ്ടാകാൻ, ദൈവം ഉദ്ദേശിക്കുന്നെങ്കിൽ, നാം ദൃഢനിശ്ചയം ചെയ്യുന്നത്. നിങ്ങൾ [ബോസ്നിയൻ ഹാജിമാർ] അതിനായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി  ചെയ്തു കഴിഞ്ഞു, ത്യാഗങ്ങൾ സഹിച്ചു, ദൈവവിധിയുണ്ടെങ്കിൽ, നാം വിജയിക്കും. നാം ആഗ്രഹിക്കുന്നതുപോലെ നമ്മുടെ രാഷ്ട്രത്തിൽ ജീവിക്കും.   ഒരു കാര്യം ഉറപ്പാണ്: ഈ രാഷ്ട്രത്തിൽ ഇസ്‌ലാം ആദരിക്കപ്പെടും” 

ഈ വാക്കുകൾ തക്ബീറുകളാൽ സ്വാഗതം ചെയ്യപ്പെട്ടു. എന്നിരുന്നാലും, ബോസ്നിയൻ അച്ചടി മാധ്യമങ്ങളിൽ,  ബോസ്നിയൻ പ്രസിഡൻ്റിൻ്റെ ഹജ്ജ് മറ്റൊരു വിധത്തിലാണ് ആവഷ്കരിക്കപ്പെട്ടത്. ഉപരോധത്തിൻ്റെയും അതിജീവനത്തിൻ്റെയും യുദ്ധകാല ആകുലതകൾക്കിടയിൽ, ബോസ്നിയയിലെ ഇസ്‌ലാമിൻ്റെ ഭാവിയും സ്വഭാവവും സാരജേവോയിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തിയ പാശ്ചാത്യ ബുദ്ധിജീവികൾ ചർച്ച ചെയ്തു. 1994-ൽ ബോസ്‌നിയയെക്കുറിച്ച് ഒരു സിനിമ നിർമ്മിച്ച ഗില്ലെസ് ഹെർട്‌സോഗ് (1948–) ‘സരജേവോ തോട്ട് വെൽ’ എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ട ഒരു ലേഖനവും എഴുതി, 1995-ൻ്റെ തുടക്കത്തിൽ ഓസ്‌ലോബോജെൻജെ (വിമോചനം) ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു.ആ ലേഖനത്തിൽ, ശക്തമായ ഇസ്‌ലാമിക പുനരുത്ഥാനത്തെ തടയുന്നതിനായി, യു.എസ് അംഗീകരിച്ച ‘സോഫ്റ്റ് ഇസ്‌ലാമിസത്തിൻ്റെ’ ഉദാഹരണങ്ങളിലൊന്നായാണ് അലിജ ഇസെറ്റ്ബെഗോവിച്ചിൻ്റെ ഹജ്ജ് യാത്രയെ വിശേഷിപ്പിച്ചത്. ഈ വ്യാഖ്യാനമനുസരിച്ച്, ബോസ്‌നിയയെ സ്വദേശത്തും വിദേശത്തും ജനകീയമായ പാൻ-ഇസ്‌ലാമിസത്തിൻ്റെ വെളിച്ചത്തിൽ അവതരിപ്പിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ഉപാധിയായിരുന്നു ഹജ്ജ്. 

ബോസ്‌നിയൻ മുസ്‌ലിംകളുടെ ഹജ്ജ് പലപ്പോഴും  പുറത്തുനിന്നുള്ളവർക്ക് താൽപ്പര്യമുള്ള പഠനവസ്തുവാണ്. ഹജ്ജും പൊതുവെ മതപ്രകടനത്തിൻ്റെ ദൃശ്യപരതയും ഇവിടെ, ബോസ്‌നിയൻ പാൻ-ഇസ്‌ലാമിസ്റ്റ് വരേണ്യവർഗത്തിൻ്റെ , പുതിയ ബോസ്‌നിയൻ രാഷ്ട്രത്തിനായി സഖ്യകക്ഷികളെ തേടുന്നതിനുള്ള ഒരു രാഷ്ട്രീയ നീക്കവുമായാണ് കാണുന്നത് . ബോസ്നിയയിലെ മതത്തെക്കുറിച്ചുള്ള സമകാലിക സ്കോളർഷിപ്പിൻ്റെ ഭൂരിഭാഗവും ഈ വീക്ഷണത്തിന് പിന്തുണ നൽകുന്നവരുമാണ്. എന്നാൽ ഈ സമീപനം ദൈവവുമായുള്ള അനുഭവങ്ങളുടെ ഒരു വലിയ നിരയെ സ്വത്വത്തിൻ്റെയും/അല്ലെങ്കിൽ വ്യത്യാസത്തിൻ്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള വ്യവഹാരങ്ങളാക്കി മാറ്റുകയാണ്. കൂടാതെ, മുസ്‌ലിമാവുക, ഇസ്‌ലാമിക ജീവിതം നയിക്കുക എന്നതിനെ അർഥമാക്കുന്ന ആശയങ്ങളെയും പ്രയോഗങ്ങളെയും അപചരിത്രവത്കരിക്കുകയും (de-historicize) ചെയ്യുന്നു. 

യുദ്ധകാല ഹാജിമാരുടെ ഉദാഹരണത്തിലേക്ക് നോക്കുമ്പോൾ, വിവിധ രാഷ്ട്രീയ സാമൂഹിക ശക്തികൾ ഹജ്ജ് അനുഭവത്തെ(Hajj experience) ബാധിച്ചിട്ടില്ലെന്ന് ഇതിനർഥമില്ല: എല്ലാത്തിനുമുപരി, ഉപരോധിക്കപ്പെട്ട സാരാജേവോയിൽ നിന്നാണ് ആദ്യത്തെ യുദ്ധകാല ഹജ്ജ് യാത്ര ഉണ്ടായത് . ലോകമെമ്പാടുമുള്ള മതവിശ്വാസികൾ വിമാനയാത്രയുടെ ആനുകൂല്യങ്ങൾ ആസ്വദിച്ചപ്പോൾ, ബോസ്നിയൻ ഹാജിമാർ സീറ്റില്ലാത്ത ചരക്കു വിമാനങ്ങളിലായിരുന്നു സഞ്ചരിച്ചത്.അഭൂതപൂർവമായ ചലനാത്മകതയാൽ രേഖപ്പെപ്പെടുത്തപ്പെട്ട ഒരു നൂറ്റാണ്ടിൽ, ബോസ്നിയൻ ഹാജിമാർ നിയന്ത്രണത്തിൻ്റെ മാരകമായ പരിമിതികൾ നേരിട്ടു. ബോസ്നിയയുടെ വർത്തമാനകാലത്തിൻ്റെയും  ഭാവിയുടെയും രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ വിഭാവനളിൽ അലിജ ഇസെറ്റ് ബെഗോവിച്ചിൻ്റെ പ്രതിരൂപം എത്രത്തോളം ജനപ്രിയമായിരുന്നോ അത്രത്തോളം തന്നെ, സ്വാതന്ത്ര്യത്തിനായി കായികമായി പോരാടിയ, “ജനങ്ങളും” യുദ്ധകാലത്തെ ഹജ്ജ് സാങ്കൽപ്പികത്തിൻ്റെ (Wartime Hajj Imaginary)കേന്ദ്ര ഘടകമായി മാറി, പലപ്പോഴും അവരുടെ സ്വന്തം വാക്കുകളിലെങ്കിലും.

 

വിവ: അഹ്മദ് സുഹൈൽ പി.എം

ജെനീത്ത കാരിച്ച്