Campus Alive

ഭാരതീയ ന്യായ സംഹിതയും അപരരും

ഇന്ത്യ എന്ന രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ, തീർച്ചയായും നമ്മൾ എല്ലാവരും ഭാരതീയ ന്യായ സംഹിത എന്ന ഈ ബില്ലിൻ്റെ പ്രവർത്തനത്തെ കുറിച്ചും അതിൻ്റെ താൽപര്യത്തെ കുറിച്ചും ആധിയിലാണ്. ഇതിനകം തന്നെ ഈ വിഷയത്തിൽ ഞാനൊരുപാട് പ്രതികരിച്ചു കഴിഞ്ഞു.

ബില്ലിന്റെ ഒന്നാം ഡ്രാഫ്റ്റിൽ “തീവ്രവാദത്തിന്” വളരെ അവ്യക്തമായ ഒരു നിർവചനമാണ് നൽകിയിരുന്നത്. തീവ്രവാദം പോലെ ഒരു കുറ്റകൃത്യത്തിന് അവ്യക്തമായ ഒരു നിർവചനം നൽകുന്നതിലൂടെ പ്രസ്തുത കുറ്റകൃത്യം, അതിവിശാലമായ രീതിയിൽ നിർവചിക്കാനും പ്രയോഗിക്കാനും ഉള്ള അധികാരം ആണ് കൈവരുത്തുന്നത്.  ഇത്തരം ബോധപൂർവ്വമായ നീക്കങ്ങളാണ് രണ്ടാം ഡ്രാഫ്റ്റിൽ യു എ പി എ കരിനിയമത്തിന് ഏറെക്കുറെ സമാനമായ നിർവചനം തീവ്രവാദത്തിന് നൽകുന്നതിലേക്ക് എത്തിച്ചത്. ഇതിലൂടെ, ഭരണകൂടത്തിൻ്റെ താൽപര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഭാരതീയ ന്യായ സംഹിത സംരക്ഷിക്കുന്നത് എന്ന് വ്യക്തമാവുന്നു. പ്രസ്തുത ബിൽ സാധ്യമാക്കുന്ന, അപരത്വത്തെ സംബന്ധിച്ച നമ്മുടെ വിമർശനങ്ങളെല്ലാം തന്നെ റദ്ദുചെയപ്പെടുകയും ചെയുന്നു. 

കുറ്റകൃത്യങ്ങളുടെ പുതിയ നിർവചനങ്ങളും പഴയ നിർവചനങ്ങളും ഇനിയും താരതമ്യം ചെയ്തു നിൽക്കാൻ ഉള്ള സമയം നമുക്കില്ല. പുതിയ നിയമ സംഹിത ജൂലൈ മാസത്തിൽ നിലവിൽ വരും എന്നിരിക്കെ, അത് മുന്നോട്ടുവെക്കുന്ന ഭീഷണിയുടെയും അപകടത്തിൻ്റെയും സ്വരത്തെ മനസ്സിലാക്കുക, അതിനോടുള്ള പ്രതിരോധം എങ്ങനെയാണ് സാധ്യമാക്കുക എന്ന ആലോചനകളാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. നിയമം പ്രാബല്യത്തിൽ വരുമ്പോഴാണ് അതിന്റെ യഥാർത്ഥ രൂപവും ഭാവവും നമ്മുടെ മുന്നിൽ തെളിയുക. കാരണം, രൂപവും ഭാവവും അതിനെ ജഡ്ജിമാർ എങ്ങനെ കാണുകയും വിശദീകരിക്കുകയും ചെയ്യുന്നു, അതിനെ നമ്മൾ എങ്ങനെ കാണുന്നു, കുറ്റാരോപിതരുടെ പക്ഷത്ത് നിന്ന് നമ്മൾ അതിനെ എവ്വിധം കാണുന്നു, സ്വയം പ്രതിരോധിക്കാൻ നമ്മൾ വാദങ്ങളെ എവ്വിധം മുന്നോട്ട് വെക്കുന്നു എന്നതിനെയൊക്കെ ആശ്രയിച്ച് കിടക്കുന്നു. 

ഈ സംസാരം രണ്ടായിട്ട് ഭാഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒന്ന്, ഇതിന്റെ പശ്ചാത്തലം ലഘുവായി വിശദീകരിക്കാനും രണ്ടാമതായി കാതലായ മൂന്ന് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും. പശ്ചാത്തലത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, കുറച്ച് ദിവസ്സങ്ങൾ മുന്നേ പ്രശാന്ത് ഭൂഷൺ സംഘടിപ്പിച്ച പരിപാടിയിൽ ഞാൻ സൂചിപ്പിച്ച പോലെ, സുപ്രീം കോടതിയുടെ പൗരാവകാശത്തെ സംബന്ധിച്ച വിധികളുടെയും നിരീക്ഷണങ്ങളുടെയും സുദീർഘമായ ചരിത്രം പരിശോധിച്ചാൽ , അവ തുടർച്ചയായി ഇന്ത്യൻ ഭരണഘടനയിലെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന അനുച്ഛേദം ആയ ആർട്ടിക്കിൾ-19-ന് നേരെ  അങ്ങേയറ്റം അപകടകരമായ ആക്രമണമാണ് നടത്തിയിട്ടുള്ളത് എന്ന് മനസ്സിലാകും. ആർട്ടിക്കിൾ-19ന് നേരെ പൊതുവായും, ആർട്ടിക്കിൾ-19 1A, 1B, 1C എന്നിവയോട് പ്രത്യേകിച്ചും ഈ സമീപനം ആണ് കോടതിക്കുള്ളത് എന്ന് നിരിക്ഷിക്കാം. ആർട്ടിക്കിൾ-19 1A അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും വക വച്ച് നൽകുന്നുണ്ട്. ആർട്ടിക്കിൾ-19 1C അസോസിയേഷനുകൾ അല്ലെങ്കിൽ യൂണിയനുകൾ രൂപീകരിക്കാനും സ്വാതന്ത്ര്യം നൽകുന്നു. ഇതിന് വിരുദ്ധമായി കൊണ്ട്, ഏത് വിധത്തിലുള്ള അസ്സോസിയേഷനും ടാർഗറ്റ് ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. സൂക്ഷമമായി പരിശോധിച്ചാൽ, ആർട്ടിക്കിൾ-19 1A, B, C എന്നീ അനുച്ഛേദങ്ങൾ നിരന്തരമായി ക്ഷയിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് കാണാൻ കഴിയും.

ആർട്ടിക്കിൾ-19 1 പ്രാബല്യത്തിൽ വന്ന സമയത്ത് അവയ്ക്ക് മേൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലായിരുന്നു. പിന്നീട് അവ വരുന്നത് കോൺഗ്രസ് സർക്കാരിന്റെ ആദ്യകാലത്തെ ഒന്നാം ഭേദഗതിയും തുടർന്ന് വന്ന പതിനഞ്ചാം ഭേദഗതിയും പിന്നെ ഇപ്പോഴത്തെ ഭേദഗതിയുമായിട്ടാണ്. മേല്പറഞ്ഞ അനുച്ഛേദങ്ങൾക്ക് മേൽ ഇതിനകം അനവധി നിയന്ത്രണങ്ങൾ വന്ന് കഴിഞ്ഞു. നിയന്ത്രണങ്ങളെ അപഗ്രഥനം ചെയ്താൽ മനസിലാകുന്ന കാര്യം, ഒരു പൊതു വ്യവസ്ഥിതിയെ (Public order) ഊന്നിക്കൊണ്ടാണ് ഇവ നിലനിൽക്കുന്നത്. ധാർമികതയെ ഉയർത്തി കാണിക്കുമ്പോൾ തന്നെ, ഈ മൂന്ന് ഘടകങ്ങളെ ഒരുമിപ്പിക്കുന്നു ബിന്ദു എന്തെന്നാൽ, പൊതു വ്യവസ്ഥിതിക്കായി നമ്മൾ പോരാടിക്കൊണ്ടിരിക്കുമ്പോൾ തന്നെ അതേ പേരിൽ നമ്മൾ ഭരണകൂടത്താൽ ആക്രമിക്കപ്പെടുന്നു എന്നതാണ്. നിയമവാഴ്ച്ചക്കും അവകാശങ്ങൾക്കും ക്രമസമാധാനത്തിനും വേണ്ടി നമ്മൾ പോരാടുന്നു; പക്ഷെ വളരെ വൈരുദ്ധ്യാത്മകമായി ഈ ക്രമത്തിന്റെ എതിരാളികളും നമ്മളാകുന്നു. ഇതിനാൽ തന്നെ നമുക്ക് മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി ആർട്ടിക്കിൾ 19നെയും മേല്പറഞ്ഞ അതിന്റെ അനുച്ഛേദങ്ങളെയും അടുത്തറിയുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. വിശാല വീക്ഷണത്തിൽ, ഭരണഘടനാപരമായി തന്നെ അതിനെ പ്രതിരോധിക്കാൻ നമ്മൾ പ്രാപ്തരാകണം. 

രണ്ടാമതായി, അത്യധികം പ്രതിസന്ധി നേരിടുന്ന മൂന്ന് ഘടകങ്ങളിലേക്ക് നോക്കാം. ഞാൻ മുമ്പ് സൂചിപ്പിച്ചതു  പോലെ, ഇവിടെ തീവ്രവാദവും സംഘടിത കുറ്റകൃത്യവും ഒന്നിക്കുന്ന ഇരുതലമൂർച്ചയുള്ള ഘട്ടമാണ് (double-barrelling phase). ഒന്ന് മാത്രം തന്നെ നമുക്ക് ആവിശ്യത്തിലധികമായിരുന്നു. ഇപ്പോൾ രണ്ടെണ്ണത്തെ പേടിക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. അതെ സമയം, ഒരു പഴുതടച്ച ക്രമത്തിന്റെ അഭാവം ഇവിടെ നാം കാണുന്നു – ക്രമം തെറ്റിക്കുന്നവർ എന്നാണല്ലോ നമ്മുടെ മേലുള്ള ആരോപണം. പക്ഷെ ഇവിടെ ഒരു ക്രമമേ ഇല്ല എന്നതാണ് വസ്തുത – ഒരു ഡെപ്യൂട്ടി സൂപ്രണ്ട് പദവിക്ക് മുകളിലുള്ള ഏതൊരു പോലീസുകാരനും ബി എൻ എസ് അല്ലെങ്കിൽ യു എ പി എ, സ്വന്തം താല്പര്യാനുസൃതം ചുമത്തി അമേരിക്കൻ മോഡലിൽ ഒരാളെ ദശകങ്ങളോളം ജയിലിൽ അടക്കാനുള്ള നിയമാധികാരം ആണ് കൊടുത്തിട്ടുള്ളത്. ഈ നിയമങ്ങളുടെ കൂടുതൽ വിശദീകരണത്തിലേക്ക് പോകുന്നതിന് മുമ്പായി, സംഘടിതമായ ചെറിയ കുറ്റകൃത്യങ്ങൾ (Petty Organized Crime) നെ കുറിച്ച് പറയേണ്ടതുണ്ട്. ഇവ ശരിക്കും സാമൂഹികവും സാമ്പത്തികവുമായി താഴെ തട്ടിൽ കഴിയുന്ന ജനവിഭാഗങ്ങളെ അനായാസം പിടി കൂടാനുള്ള ഉപകരണങ്ങളാണ്. മറുവശത്ത്, സെക്ഷൻ 152 സംഘടിത കുറ്റകൃത്യം കേവലം “ട്രീസൺ” മാത്രമായി ഒതുങ്ങി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മറിച്ച്, അത് “സെഡിഷൻ പ്ലസ് ട്രീസൺ” ആണ്. സെഡിഷൻ എടുത്തു കളഞ്ഞു എന്നത് വലിയ നുണയാണ്. രാജ്യ ദ്രോഹത്തെ ദേശ ദ്രോഹമായി പരിവർത്തിച്ചു എന്ന് ആഭ്യന്തര മന്ത്രി പറയുകയുണ്ടായി. ഇതിലെ ദേശം എന്താണെന്ന് നമുക്ക് തികച്ചും വ്യക്തമാണ്- ഹിന്ദു രാഷ്ട്രം. ചുരുക്കി പറഞ്ഞാൽ, ഇന്ന് കാണുന്നത് ദേശം എന്ന ഐഡിയയെ ചോദ്യം ചെയ്യുന്നവർക്കെതിരെ ആഴച്ചുവിട്ട അക്രമമാണ്. ഇത്തരം വകുപ്പുകൾ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതിയാണ്. ഇത്രയും കാലം ക്രിമിനൽ നിയമ വ്യവസ്ഥ മൂലം ആരെങ്കിലും അനാവശ്യമായി ക്രൂരത നേരിട്ടിട്ടുണ്ടായിരുന്നെങ്കിൽ അതിന്റെ കാരണക്കാരായി കൊളോണിയലിസ്റ്റുകളെ നമുക്ക് ചൂണ്ടി കാണിക്കാമായിരുന്നു. എന്നാൽ ഇനി മുതൽ സംശുദ്ധമായ ഭാരതീയ/ഹിന്ദു ന്യായ സംഹിത കൊണ്ട് വന്നതു വഴി പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും കോളോണിയലിസത്തെ തുടച്ചു നീക്കിയതിന്റെ സർട്ടിഫിക്കറ്റ് നമുക്കുണ്ട്. അതിനാൽ ജൂലൈ ഒന്നാം തീയതി മുതൽ നടക്കുന്ന ഏതൊരു ക്രൂരതയും തികച്ചും ഭാരതീയമാണെന്ന് നമ്മൾ അറിയണം. ഹിന്ദു രാഷ്ട്രത്തിന്റെ പേരിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന മതരാഷ്ട്രവാദത്തിനെതിരെ ഈ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ളിക്കിനെ സംരക്ഷിക്കുക എന്നത് നമ്മുടെ സമരത്തിന്റെ ഭാഗമാണ്. അതിന് രാഷ്ട്രീയപരമായും ആദർശപരമായും നേരിടാൻ നമ്മൾ  പ്രാപ്തരാകാത്തിടത്തോളം ഹിന്ദു രാഷ്ട്ര നിർമ്മാണത്തിൻ്റെ ഭാഗമായി നിർമ്മിക്കപ്പെടുന്ന ഇത്തരം നിയമ നിർമ്മാണങ്ങളെ കോടതികളിൽ പ്രതിരോധിക്കാൻ  നമുക്ക് സാധിക്കണമെന്നില്ല. 

ഇനി, ഭാരതീയ ന്യായ സംഹിതയിൽ, 152-ആം വകുപ്പിൻ്റെ ന്റെ ഭാഷയെയും, അതിനെ നിയമജ്ഞർ എങ്ങനെ മനസ്സിലാക്കുന്നു എന്നതും നമുക്ക് പരിശോധിക്കാം.  152-ആം വകുപ്പ് പറയുന്നത് ഇങ്ങനെ: മനഃപൂർവ്വമോ അഥവാ ബോധപൂർവമായി , വാക്കുകളിലൂടെ,  എഴുത്തിലൂടെയൊ വാമോഴിയിലൂടെയൊ, ചിഹ്നങ്ങളിലൂടെയൊ, ദൃശ്യമായ പ്രതീകങ്ങളിലൂടെയൊ, ഇലക്ട്രോണിക് ആശയവിനിമയത്തിലൂടെയോ, സാമ്പത്തിക മാർഗങ്ങളിലൂടെയോ, മറ്റേതെങ്കിലും മാർഗങ്ങളിലൂടെയൊ, സായുധ കലാപങ്ങളെയൊ അട്ടിമറി പ്രവർത്തനങ്ങളെയൊ വിഘടനവാദ പ്രവണതകളെയോ പ്രോത്സാഹിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താൽ, എതെങ്കിലും തരത്തിൽ ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയൊ അഖണ്ഡതയെയൊ അപകടപ്പെടുത്തുന്ന തരത്തിൽ ഉള്ള കളിൽ എർപ്പെട്ടാൽ; ജീവപര്യന്തം തടവോ ഏഴ് വർഷം വരെ നീണ്ടുനിൽക്കുന്ന തടവിനോ ശിക്ഷിക്കപ്പെടും , കൂടാതെ പിഴയ്ക്കും അർഹതയുണ്ട്. “ 

ഇതുകൊണ്ടാണ് ഞാനിതിനെ “സെഡിഷൻ പ്ലസ്” എന്ന് വിളിക്കുന്നത്- ഭാഷ മുന്നെയുള്ളതിനോട് അത്രയും സാമ്യത പുലർത്തുന്നുണ്ട്. അട്ടിമറി നീക്കങ്ങൾ നിങ്ങളുടെ മേൽ ആരോപിക്കപ്പെട്ട് കഴിഞ്ഞാൽ, ജീവപര്യന്തം തടവിൽ കുറഞ്ഞതൊന്നും സാധ്യമല്ല 

ഭാരതീയ ന്യായ സംഹിതയിലെ 302-ആം വകുപ്പ് പരിശോധിക്കാം. ഇത് പുതിയ നിയമം അല്ല – പുതിയതോ പഴയതോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. സെക്ഷൻ 302 പ്രകാരം “ഏതെങ്കിലും വ്യക്തിയുടെ മതവികാരത്തെ വ്രണപ്പെടുത്തുക എന്ന ബോധപൂർവമായ ഉദ്ദേശത്തോടെ ആ വ്യക്തി കേൾക്കുന്ന വിധത്തിൽ എന്തെങ്കിലും പറയുകയോ എതെങ്കിലും വിധത്തിൽ ഉള്ള ശബ്ദം ഉണ്ടാക്കുകയോ, അല്ലെങ്കിൽ ആ വ്യക്തി കാണുന്ന വിധത്തിൽ ആംഗ്യങ്ങൾ കാണിക്കുകയോ, അല്ലെങ്കിൽ ആ വ്യക്തി കാണുന്ന വിധത്തിൽ എതെങ്കിലും വസ്തുക്കൾ സ്ഥാപിക്കുകയോ ചെയ്താൽ, ഒന്നുകിൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും” 

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു വസ്തുത, ന്യൂനപക്ഷങ്ങൾക്കെതിരെ എറ്റവും വ്യാപകമായി ദുരുപയോഗിക്കപ്പെട്ട ഇന്ത്യൻ പീനൽ കോഡിലെ 153, 153 – A, 153 -B വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിൽ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു എന്നതാണ് കാണേണ്ടത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത,  ഇന്ത്യൻ പീനൽ കോഡിൽ നിന്ന് ഭാരതീയ ന്യായ സംഹിതയിലേക്ക് എത്തുമ്പോൾ, അപ്രത്യക്ഷമായ ഒരു വകുപ്പ് ഇന്ത്യൻ പീനൽ കോഡിലെ 153- AA വകുപ്പ് ആണ്. ആയുധ പരിശീലനം, ആയുധങ്ങളുമായി സംഘം ചേരൽ, ഘോഷയാത്രകളിൽ ആധുധ പ്രദർശനം എന്നിവ കുറ്റകൃത്യമായി പരിഗണിക്കുന്ന വകുപ്പാണിത്. ഡൽഹിയിൽ അധികാരത്തിലിരിക്കുന്നവർക്കു മേലെ നാഗ്പൂരിൽ ഇരിക്കുന്നവർക്കുള്ള സ്വാധീനത്തിൻ്റെ ഫലമായാണ് പ്രസ്തുത വകുപ്പ് ഭാരതീയ ന്യായ സംഹിതയിൽ ഉൾപ്പെടുത്താതിരുന്നത്. 

സെക്ഷൻ 111 പറയുന്നത് ഇപ്രകാരം, നിയമവിരുദ്ധമായ ഏതൊരു പ്രവൃത്തിയും; നിയമപരമായി നിരോധിക്കപ്പെട്ട പ്രവൃത്തി (സെക്ഷൻ 111 ഓർഗനൈസ്ഡ് crime ഇൽ സൂചിപ്പിക്കപ്പെട്ട കുറ്റകൃത്യങ്ങൾ മാത്രം) പിടിക്കപ്പെട്ടാൽ, കോടതിയുടെ മുമ്പാകെ സമർപ്പിച്ച ഒന്നിലധികം ചാർജ് ഷീറ്റുകളുടെ ബലത്തിൽ, വ്യക്തി കൃത്യത്തിൽ പങ്കെടുത്ത കൂട്ടത്തിലെ അംഗം എന്ന നിലക്കോ മൊത്തം കൂട്ടത്തിന്റെ പ്രതിനിധി എന്ന നിലക്കോ കുറഞ്ഞത് മൂന്ന് വർഷം വരെ തടവ് ലഭിച്ചേക്കാവുന്ന ശിക്ഷക്ക് അർഹനാണ്. അതായത്, വിധിക്കപ്പെടുന്നതിന് മുമ്പേ കേവലം കുറ്റപ്പത്രത്തിന്റെ പിൻബലത്തിൽ നിങ്ങൾ ഓർഗനൈസ്ഡ് ക്രൈം ചെയ്യുകയാണെന്ന് ആരോപിക്കാനും തടവിലാക്കാനും പറ്റും. തീർച്ചയായും ഓർഗനൈസ്ഡ് ക്രൈം ഒരാളുടെ മരണത്തിന് കരണമാകുന്നെങ്കിൽ കുറ്റവാളിക്ക് വധശിക്ഷയോ 5 വർഷത്തിൽ കുറയാത്ത ജീവപര്യന്തമോ നൽകി കുറ്റവാളിയെ ശിക്ഷിക്കണം. 

മറുവശത്ത്, പെറ്റി ഓർഗനൈസ്ഡ് ക്രൈം രാജ്യത്തെ അവശ വിഭാഗങ്ങൾക്ക് നേരെ തിരിച്ചുവിട്ട സ്ഥിതിവിശേഷമാണ്. അവരെ ടാർഗറ്റ് ചെയ്യാൻ വേണ്ടി മാത്രം ഇത്തരം നിയമങ്ങൾ പുറപ്പെടുവിച്ച നിയമങ്ങളാണ് ഇവയെന്ന് എനിക്ക് തോന്നുന്നു. ഭാരതീയ ന്യായ സംഹിതയിലെ 112-ാം വകുപ്പ് പ്രകാരം”ഒരു ഗ്രൂപ്പിലോ സംഘത്തിലോ അംഗമായിരിക്കുന്നവർ, ഒറ്റയ്‌ക്കോ കൂട്ടായോ, മോഷണം, തട്ടിയെടുക്കൽ, വഞ്ചന, ടിക്കറ്റ് അനധികൃതമായി വിൽക്കൽ, അനധികൃത വാതുവെപ്പ്, അല്ലെങ്കിൽ ചൂതാട്ടം, പൊതു പരീക്ഷാ ചോദ്യപേപ്പറുകൾ വിൽക്കൽ അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും ക്രിമിനൽ കുറ്റം ചെയ്താൽ  ചെറിയ സംഘടിത കുറ്റകൃത്യം ചെയ്യുന്നതായി നിർവചിക്കപ്പെട്ടിരിക്കുന്നു.” ചോദ്യപേപ്പർ ചോർത്തുന്നതൊക്കെ ഇത്രയും ഊന്നി പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല. ഐപിസി യിൽ നൽകിയതിൽ നിന്നും കുറച്ച് കൂടി വിശാലമായ നിർവ്വചനമാണ് ഇപ്പോൾ “Theft” ന് നൽകിയിട്ടുള്ളത്.

“മോഷണം എന്നാൽ  വാഹന മോഷണം, ഭവന മോഷണം,  ബിസിനസ്സ് സ്ഥലങ്ങളിൽ നിന്നുള്ള  മോഷണം, ചരക്ക് മോഷണം, പോക്കറ്റടി,  കടയിൽ നിന്നുള്ള മോഷണം, എ.ടി.എം മെഷീൻ  മോഷണം എന്നിവ ഉൾപ്പെടുന്നു … ഇത്തരത്തിൽ ചെറിയ രീതിയിൽ ഉള്ള സംഘടിത കുറ്റകൃത്യം ചെയ്യുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്തതും എന്നാൽ എഴു വർഷം വരെ നീണ്ടു നിൽക്കാവുന്നതുമായ തടവു ശിക്ഷ ലഭിക്കുന്നതാണ് “

ഇതാണ് ഏറ്റവും പ്രശ്നവത്കരിക്കേണ്ട ഭാഗം. കൂടാതെ, ഏതൊരു പോലീസിന്റെയും നിയമനിർദേശത്തെ നിർബന്ധമായും അനുസരിക്കാനും അനുസരിച്ചില്ലെങ്കിൽ ആ നിമിഷം തന്നെ നിങ്ങളെ 24 മണിക്കൂർ തടവിലിടാനും അതേ പൊലീസിന് സാധിക്കും. ഇത് പ്രവർത്തിയിൽ അധസ്ഥിത വിഭാഗങ്ങളെ ഏത് വിധത്തിൽ സ്വാധീനിക്കും എന്ന് വീണ്ടുവിചാരം ചെയ്യേണ്ടതുണ്ട്.  പല കേസുകളിലും ടോർച്ചർ ചേംബറിൽ ഒരാൾ ഇരിക്കേണ്ട കാലാവധി 15 ദിവസത്തിൽ നിന്നും 90 ദിവസം വരെ നീളുന്നുണ്ട്. മുമ്പ് കുറ്റാരോപിതരുടെ ബിയോമെട്രിക്സ് മാത്രമായിരുന്നു ശേഖരിച്ച വെച്ചിരുന്നതെങ്കിൽ, ഇന്ന് കേസുമായി ബന്ധപ്പെട്ട ഏതൊരാളുടെയും ബിയോമെട്രിക്സ് ശേഖരിക്കാൻ നിയമത്തിന്റെ പിൻബലം വന്നിരിക്കുകയാണ്. ലളിത കുമാരി കേസിൽ സുപ്രീം കോടതിയുടെ  നിർദേശത്തിന് വിപരീതമായി, ചില കേസുകളിൽ എഫ് ഐ ആർ രേഖപ്പെടുത്തൽ പോലും നിർബന്ധമല്ല- അഥവാ എഫ് ഐ ആർ രേഖപ്പെടുത്തൽ ഒരാവശ്യമേ അല്ല. കൈവിലങ്ങിടൽ വീണ്ടും പ്രാബല്യത്തിൽ വരും. അട്ടിമറിക്കപ്പെട്ട മറ്റൊന്ന് “bail not jail” സംജ്ഞയാണ്. നിയമഭാഷ്യം കൈവിലങ്ങിടലിനെ നിസ്സാരമാക്കിയാണ് നിർവ്വചിക്കുന്നത്. ചിലയിടത്ത് “there shall handcuff” എന്നും ചിലയിടത്ത് “there may handcuff” എന്നും പ്രയോഗിച്ചതായി കാണാം. തടവുകാരുടെ എണ്ണത്തിലും വലിയൊരു വർദ്ധനവ് ശ്രദ്ധേയമാണ്. ചുരുക്കത്തിൽ, ക്രിമിനൽ ലോ മനുഷ്യൻ്റെ ആദിമകാലം തൊട്ടേയുള്ള പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഒരു ഉപകരണത്മകമായ ആശയമായിരുന്നു. കൊളോണിയൽ നിയമസംവിധാനങ്ങൾ വരെ ഈ രൂപത്തിലാണ് അതിനെ കണ്ടിട്ടുള്ളത്. എന്നാൽ ഇന്നിവിടെ നമുക്ക് മുന്നിലുള്ള സ്ഥിതിവിശേഷം എന്തെന്നാൽ, കുറ്റവും ശിക്ഷയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത പീനൽ സംവിധാനം നിലനിൽക്കുന്നു എന്നതാണ്. കുറ്റവും ശിക്ഷയും അഭിസംബോധന ചെയ്യുന്നതിന് പകരം, മുമ്പെങ്ങും ഇല്ലാത്ത വിധം അവ വിയോജിപ്പിനെയും പ്രതിപക്ഷത്തെയും ഉന്നം വെക്കുന്നു എന്നതാണ്. നിയമജ്ഞർ എന്ന നിലക്ക് ഈ സാഹചര്യത്തെ നാം ജാഗരൂകരായി നേരിടണം.

വിവർത്തനം: ലെയ്യിൻ ഫൈസൽ

കടപ്പാട്: ലൈവ് ലോ

പ്രഫ. മോഹൻ ഗോപാൽ