Campus Alive

ദ്രൂവ് റാഠിയുടെ വ്യാജനും മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യവും 

കഴിഞ്ഞ ബലിപെരുന്നാളുമായി ബന്ധപ്പെട്ട് ദ്രുവ് റാഠിയുടെതെന്ന പേരില്‍ ഒരു മെസേജ് വ്യാപകമായി പ്രചരിച്ചിരുന്നു. ദ്രുവ് റാഠി പാരഡി എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടില്‍ വന്ന ഇംഗ്ലീഷ് സന്ദേശം മലയാളത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്തും  വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ബലിയെയും പെരുന്നാളില്‍ മുസ്‌ലിംകള്‍ പ്രകടിപ്പിക്കുന്ന ആഘോഷങ്ങളെയും പ്രകീര്‍ത്തിച്ച് മുസ്‌ലിംകളെ അത്ഭുതകരമായ സമുദായം എന്ന് വിശേഷിപ്പിച്ചാണ് മെസേജ് അവസാനിപ്പിക്കുന്നത്. 

എന്നാല്‍ “ശുദ്ധ വീഗനിസം” പ്രാക്ടീസ് ചെയ്യുന്ന മൃഗസ്‌നേഹിയാണ് താൻ എന്ന് പ്രഖ്യാപിച്ച ആളാണ് ദ്രുവ് റാഠി. മുമ്പ് ബലിയെ പരിഹസിച്ചുകൊണ്ട്, “ധാക്കയില്‍ ബലിപെരുന്നാളിന് മഴ പെയ്താൽ ” എന്ന ടാഗോടെ, ചോര കലര്‍ന്ന വെള്ളം തെരുവിലൂടെ ഒഴുകുന്ന ഫോട്ടോ ദ്രുവ് റാഠി സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇത്തരം ഇസ്‌ലാം-മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ പല തരത്തില്‍ വേറെയും ഉള്ള ആളാണ് അദ്ദേഹം. അവിടെയാണ് ബലിയെ പ്രകീര്‍ത്തിക്കുന്ന രീതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ പ്രചാരണം നടക്കുന്നത്. പ്രത്യേകിച്ചും മലയാളത്തില്‍ ചിലര്‍ അത് നന്നായി പ്രചരിപ്പിക്കുകയും ചെയ്തു. 

രാഷ്ട്രീയം/അരാഷ്ട്രീയം 

കേരളത്തില്‍ ദ്രുവ് റാഠിയുടെ പേരിലുള്ള രണ്ട് മെസേജുകളും പ്രചരിച്ചത് ഒരു രാഷ്ട്രീയവുമില്ലാതെയാണോ എന്നത് വലിയൊരു ചോദ്യമാണ്. ഏതെങ്കിലും വിഭാഗം എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങളുണ്ടാക്കുന്ന കാര്യങ്ങള്‍ക്കെല്ലാം രാഷ്ട്രീയമുണ്ടെന്നതാണ് സത്യം. അരാഷ്ട്രീയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടികള്‍ക്ക് പിന്നില്‍ പോലും അധികാരവും ആധിപത്യവുമായി ബന്ധപ്പെട്ട താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. നമ്മുടെ രാജ്യത്ത് തന്നെ നടന്ന സൂഫി സമ്മേളനങ്ങള്‍ മുതല്‍ പൂരങ്ങളും കല്യാണങ്ങളും വരെ അതിന് മികച്ച ഉദാഹരണമാണ്. ആ നിലക്ക് നോക്കുമ്പോള്‍ ഈ പ്രചാരണങ്ങളുടെ രാഷ്ട്രീയമെന്തായിരുന്നെന്ന് അന്വേഷിക്കുന്നത് കേരളത്തിന്റെ സാമൂഹിക മുഖ്യധാരയെയും അതിന്റെ മുന്‍വിധികളെയും തിരിച്ചറിയാന്‍ സഹായകമാകും. 

രാജ്യത്ത് ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വരികയും പ്രതീക്ഷിച്ച കുതിപ്പില്ലാതെ സംഘ്പരിവാര്‍ ഭരണത്തിലേറുകയും ചെയ്തു. അതോടെ ഇന്ത്യാ മുന്നണിയുടെ പ്രസക്തിയും ജനാധിപത്യത്തിന്റെ തിരിച്ചുവരവും എല്ലാം വലിയ ചര്‍ച്ചയായി. തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച വിവിധങ്ങളായ വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നിരുന്നു. പലരും പല പക്ഷങ്ങൾ പിടിച്ച് ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോയി. ഈ സന്ദര്‍ഭത്തിലാണ് ദ്രുവ് റാഠിയുടെ പേരിലുള്ള ഈ രണ്ട് മെസേജുകളും പ്രചരിപ്പിക്കപ്പെടുന്നത്. 

പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം 

രാജ്യത്തെ തിരഞ്ഞെടുപ്പ് റിസല്‍റ്റുമായി ബന്ധപ്പെട്ട് പല അവകാശ വാദങ്ങളും ഉയര്‍ന്നിരുന്നു. അതില്‍ അവഗണിക്കാനാവാത്ത ഒന്നാണ് പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം. ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളുടെ കര്‍തൃത്വത്തില്‍ ഇത്തരം ചര്‍ച്ചകള്‍ വികസിച്ചിരുന്നു. മുസ്‌ലിംകളെയും പിന്നാക്ക-പാര്‍ശ്വവല്‍കൃതരെയും പരിഗണിച്ച് ഒരുമയോടെ തിരഞ്ഞെടുപ്പിനെ നേരിട്ട മിക്ക സ്ഥലങ്ങളിലും സംഘ്ശക്തികളെ മറികടക്കാന്‍ പ്രതിപക്ഷ മുന്നണിക്ക് സാധിച്ചിരുന്നു. 

മുസ്‌ലിംകളെയും അവരിലെ രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തിലെടുത്ത സമാജ് വാദി പാർട്ടി, കോണ്‍ഗ്രസുമായി ചേര്‍ന്ന് യു.പിയില്‍ നല്ല നേട്ടമുണ്ടാക്കി. സമാന രീതിയില്‍ മമത ബംഗാളിലും ജയിച്ചുകയറി. ഹിന്ദിബെല്‍റ്റിനെ പിളര്‍ക്കാന്‍ ഈ രീതിയില്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ മൃദുഹിന്ദുത്വം കോണ്‍ഗ്രസ് നിലപാടായി മാറിയ മധ്യപ്രദേശിലും രാജസ്ഥാനിലുമടക്കം തിരിച്ചടിയുണ്ടായി. ഭിന്നതകള്‍ കാരണം ബീഹാറും പോയി. 

ദക്ഷിണേന്ത്യയിലേക്ക് വന്നാല്‍ തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം മുസ്‌ലിംകളെയും മറ്റും കൂട്ടുപിടിച്ച് വലിയ നേട്ടമുണ്ടാക്കി. മറാഠ ഭൂമിയിലും സഖ്യം വിജയതീരമണഞ്ഞു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിജാബ്, ടിപ്പു പോലുള്ള വിഷയങ്ങളില്‍ ധീരമായ നിലപാടെടുത്ത കോണ്‍ഗ്രസ് പിന്നോട്ടടിച്ച് ലൗജിഹാദ് പോലുള്ള പ്രചാരണങ്ങളില്‍ മൃദു ഹിന്ദുത്വയിലേക്ക് മടങ്ങിയപ്പോള്‍ കര്‍ണാടകയില്‍ തിരിച്ചടി നേരിട്ടു. സമാനരീതിയില്‍ തെലുങ്കാനയിലും പിന്നോട്ടടിച്ചു. 

കേരളത്തില്‍ മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണയെ പ്രശ്‌നവല്‍കരിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ഇടതുപക്ഷംവരെ പിന്തുണ നല്‍കിയെങ്കിലും യു.ഡി.എഫ് ജയിച്ചുകയറി. മുസ്‌ലിം പിന്തുണയുടെ സ്വാധീനം വ്യക്തമായിരുന്നു. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിശകലനത്തില്‍ ഇത് തെളിഞ്ഞ് കാണാം. (ഒരു സീറ്റ് സംഘ്പരിവാര്‍ നേടിയതും അവര്‍ക്ക് ഗണ്യമായ വോട്ട് ലഭിച്ചതും ഇത്തരം വര്‍ഗീയ പ്രചാരണങ്ങളുടെകൂടി ഫലമായിരുന്നു.)

ഇവിടെയാണ് പല ഘടകങ്ങള്‍ക്കൊപ്പം പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയത്തിന് ഈ ലോകസഭാ തിരഞ്ഞെടുപ്പിലുണ്ടായ സ്വാധീനം മനസ്സിലാക്കേണ്ടത്. എന്നാല്‍ ഇന്ത്യാ മുന്നണി പ്രാദേശികമായി ഈ രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞെങ്കിലും ദേശീയ തലത്തില്‍ ഇതിനെ ഉള്‍കൊള്ളാന്‍ കോണ്‍ഗ്രസും ഇടതും മറ്റും തയ്യാറായില്ല. ആം ആദ്മി പാർട്ടി പോലുള്ള ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ സൈദ്ധാന്തികമായും പ്രായോഗികമായും ഇത്തരം രാഷ്ട്രീയത്തോട് എതിരുള്ളവരാണ്. 

ഈ തെരഞ്ഞെടുപ്പിന്റെ വലിയൊരു പാഠം ഭരണഘടനാ സ്ഥാപനങ്ങളെ പോലും ഹിന്ദുത്വയുടെ പ്രചാരണത്തിനും പ്രയോഗത്തിനും ഉപയോഗിക്കുന്ന സംഘ്പരിവാറിന് മുന്നില്‍ മൃദുഹിന്ദുത്വം വിലപോകില്ലെന്ന് തന്നെയാണ്. മുസ്‌ലിംകളുടെയും മറ്റും ന്യായമായ അവകാശങ്ങളും പ്രാതിനിധ്യവും പരിഗണിച്ച് ധീരമായ നിലപാടെടുക്കുകയാണെങ്കില്‍ ഇന്ത്യാ മുന്നണിയുടെ ഭാവി ശുഭകരമാണ്. കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ ഉയര്‍ത്തിയ ജാതിസെന്‍സസ് എന്ന ആവശ്യത്തിന് കിട്ടിയ പ്രതികരണം തന്നെ ഇതിന്റെ ഏറ്റവും നല്ല തെളിവാണ്. 

വെള്ളാപ്പള്ളിയുടെ പ്രാതിനിധ്യ പ്രശ്‌നം 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം വെള്ളാപള്ളി നടേഷന്‍ ഈഴവരുടെ പ്രാതിനിധ്യ പ്രശ്‌നം ഉന്നയിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ ആ സമുദായത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുത്തവരെ മറന്ന് മുസ്‌ലിംവിരുദ്ധത പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കേരളത്തില്‍നിന്ന് ഇരുസഭകളിലുമായുള്ള എം.പിമാരിലെ മുസ്‌ലിം പ്രാതിനിധ്യം ഉയര്‍ത്തിക്കാട്ടി മുസ്‌ലിംകള്‍ എല്ലാം തട്ടിയെടുക്കുന്നെന്ന സംഘ്പ്രചാരണം ഇളക്കിവിടുകയാണ് അദ്ദേഹം ചെയ്തത്. 

നിലവിലെ എം.പിമാര്‍ക്കിടയിലെ സമുദായങ്ങളുടെ കണക്കുകളോ കേരള സര്‍ക്കാര്‍ മന്ത്രിസഭ, ഉന്നത അധികാര-ഉദ്യോഗങ്ങള്‍, മറ്റു ഉദ്യോഗങ്ങളടക്കമുള്ള കണക്കുകളൊന്നും അദ്ദേഹം ഉന്നയിച്ചില്ല. യഥാര്‍ഥത്തില്‍ ഇത്തരം കണക്കുകള്‍കൂടി അദ്ദേഹം പുറത്തിടണം. അപ്പോള്‍ ആര്, ആരുടെ അവകാശങ്ങളാണ് തട്ടിയെടുത്തതെന്ന് മനസ്സിലാകും. ആ തിരിച്ചറിവ് നല്‍കുന്ന രാഷ്ട്രീയ ബോധം രാജ്യത്തിന്റെ ഭാവിക്ക് വലിയ മുതല്‍കൂട്ടാകുന്ന ഒന്നായിരിക്കും. അതിലൊരു സംശയവുമില്ല. 

ഈ പ്രാതിനിധ്യ രാഷ്ട്രീയം ഉയര്‍ത്തുകയും ജാതിസെന്‍സസ് നടപ്പാക്കുകയും ചെയ്താല്‍ കാലങ്ങളായി പിന്നാക്കമായവരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും മുന്നേറുന്ന അവസ്ഥയുണ്ടാകും. അതാണ് രാജ്യത്തിൻ്റെ രക്ഷക്കെത്താന്‍ സാധ്യതയുള്ള രാഷ്ട്രീയമുന്നേറ്റം. ആ മുന്നേറ്റത്തില്‍ വെള്ളാപള്ളിയും മുസ്‌ലിംകളും ശത്രുക്കളാകേണ്ടവരല്ല, ഒന്നിച്ച് മുന്നേറേണ്ടവരാണ്. ഇ.ഡി, സി.ബി.ഐ- തുടങ്ങിയ കേന്ദ്ര എജൻസികളോടുള്ള പേടികള്‍ മാറ്റിവെച്ച്, സ്വന്തം സമുദായത്തോടുള്ള പ്രതിബദ്ധത വെള്ളാപള്ളി പ്രകടിപ്പിക്കേണ്ടത് അങ്ങനെയാണ്.

ദ്രുവ് റാഠിയുടെ വ്യാജനും മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യവും 

ഇനി ആദ്യം പറഞ്ഞ, ദ്രുവ് റാഠിയുടെതായി പ്രചരിപ്പിക്കപ്പെട്ട മെസേജുകളിലേക്ക് തന്നെ വരാം. 

പുതിയ പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. അതോടൊപ്പം മുകളില്‍ സൂചിപ്പിച്ച പോലെയുള്ള പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയത്തിന് വലിയ സാധ്യതയുണ്ടെന്ന വിലയിരുത്തലും വന്നു. ഈ സാഹചര്യത്തില്‍ പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പാനന്തര ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അത് ഇന്ത്യാ മുന്നണിയില്‍ തന്നെ പലര്‍ക്കും താല്‍പര്യമുള്ള കാര്യമായിരുന്നില്ല.

മുസ്‌ലിംകളുടെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെയും കര്‍തൃത്വത്തിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളെ അംഗീകരിക്കാനാകാത്ത അവസ്ഥ ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷികള്‍ക്കുണ്ടായിരുന്നു. യു.പിയില്‍ ചന്ദ്രശേഖര്‍ ആസാദ്, ഹൈദരാബാദില്‍ ഉവൈസി പോലുള്ളവരുടെ സംഘാടനത്തെ കൂടെകൂട്ടാന്‍ സാധിക്കാതിരുന്നത് അതിനാലാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പ്രതിപക്ഷ കക്ഷികള്‍ ഇനിയും ശക്തിപ്പെടുകയേയുള്ളൂ.

എന്നാല്‍ ഇത്തരം വസ്തുതകള്‍ക്ക് പകരം മോദിയുടെ ക്ഷീണത്തിനുള്ള എല്ലാ ക്രഡിറ്റും ദ്രുവ് റാഠിക്ക് നല്‍കി ഒരു വിഭാഗം പ്രചാരണം തുടങ്ങി. കേരളത്തിലും ഈ പ്രചാരണം ശക്തമായിരുന്നു. തങ്ങളുടെ പല താല്‍പര്യങ്ങള്‍ക്കും പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം പ്രതികൂലമാകുമെന്ന് കണ്ട, പൊതുബോധത്തെ നിര്‍ണയിക്കുന്ന വിഭാഗങ്ങള്‍ മനപ്പൂര്‍വം ഉണ്ടാക്കിയ ആഖ്യാനമാണിത്. അവര്‍ ദ്രുവ് റാഠിയെ മോദിക്കെതിരായ ഏക ശക്തിയായി ഉയര്‍ത്തിക്കാട്ടി. (സോഷ്യല്‍മീഡിയാ പ്രചാരണങ്ങളില്‍ റാഠിയുടെ സ്വാധീനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ സുബൈര്‍ മുതല്‍ മുസ്‌ലിം ദലിത്-പിന്നാക്ക കര്‍തൃത്വത്തിലുള്ള വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരെ തന്നെ മറന്നാകരുതല്ലോ അത്.)

തല്‍പര കക്ഷികള്‍ നടത്തിയ പ്രചാരണത്തില്‍ വീണുപോയ പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയത്തെ വെറും വെറുക്കപ്പെട്ട സമുദായ രാഷ്ട്രീയവും സ്വത്വരാഷ്ട്രീയവുമായി കണ്ട വിവിധ ജനവിഭാഗങ്ങളില്‍നിന്നുള്ളവരും ഈ പ്രചാരണത്തില്‍ പങ്കാളികളായി. അപ്പോഴാണ് ദ്രുവ് റാഠിക്കെതിരെ 2016ലെ ധാക്കാ പോസ്റ്റ് ചിലര്‍ ഉയര്‍ത്തിയത്. അതിന് മറുപടിയായി അപ്പോള്‍ തന്നെ പാരഡി അക്കൗണ്ടില്‍നിന്ന് ബിലയെ പ്രകീര്‍ത്തിക്കുന്ന മെസേജും വന്നു. പിന്നീട് മേല്‍പറഞ്ഞവരെല്ലാം ഏറ്റുപിടിച്ചു. 

ഇസ്‌ലാമോഫോബിയയുടെ അര്‍ഥം 

അക്കാദമിക ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു പദമായിരുന്നു ഇസ്‌ലാമോഫോബിയ. എന്നാല്‍ ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളുടെ നിരന്തരമായ ഇടപെടലുകള്‍ കാരണം ഈ വാക്ക് ഇന്ന് ചാനല്‍ചര്‍ച്ച മുതല്‍ നാട്ടിന്‍പുറത്തെ ചായക്കട ചര്‍ച്ചയില്‍ വരെ ഇടം പിടിച്ചു. അതോടെ എല്ലാവരും അറിഞ്ഞും ആറിയാതെയും ഈ വാക്ക് ഉപയോഗിച്ചു പോന്നു. 

ഇവിടെയാണ് ഇസ്‌ലാമോഫോബിയ എന്നതിന്റെ യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാക്കേണ്ടത്. മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വ നിഷേധമാണ് ഇസ്‌ലാമോഫോബിയയെന്നാണ് ബ്രിട്ടീഷ് പാര്‍ലമെന്ററി കൗണ്‍സിലില്‍ സമര്‍പ്പിക്കപ്പെട്ട കരടില്‍ സല്‍മാന്‍ സഈദ് ഇതിനെ നിര്‍വചിക്കുന്നത്. രാഷ്ട്രീയത്തിന്റെ നിര്‍ണായകമായ സ്ഥാനത്ത് മുസ്‌ലിംകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സ്വാധീനം ഉണ്ടാകുന്നതിനെ ആസൂത്രിതമായി തടയലാണ് ഇസ്‌ലാമോഫോബിയ. 

ഇന്ത്യന്‍ സാഹചര്യത്തിലേക്ക് വരുമ്പോള്‍ ആള്‍കൂട്ട കൊലകളും ഭരണകൂട വേട്ടയും നിയമവ്യവസ്ഥയുടെ ഹിംസകളും അല്ല, മറിച്ച് അത്തരം വംശഹത്യയുടെ വിവിധ രൂപങ്ങളെ മറച്ചുവെക്കാനും വെളുപ്പിക്കാനും അവസരം നല്‍കുന്ന പൊതുബോധമാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമോഫോബിയ. ആ അര്‍ഥത്തില്‍ നോക്കുമ്പോള്‍ മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തെയും രാഷ്ട്രീയ പ്രാതിനിധ്യത്തെയും കുറിച്ചുള്ള ചര്‍ച്ചകൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ദ്രുവ് റാഠിയുടെ വ്യാജനും ഇസ്‌ലാമോഫോബിയയുടെ വ്യക്തമായ പ്രതിനിധാനമാണ്. രാഷ്ട്രീയത്തെ അങ്ങനെകൂടി നിര്‍ണയിക്കുമ്പോഴാണ് ഈ രാജ്യത്തെ നല്ല ഭാവിയിലേക്ക് നയിക്കാനുള്ള രാഷ്ട്രീയം നമുക്ക് രൂപപ്പെടുത്താനാകുക.

സുഹൈബ് സി ടി