Campus Alive

ജോയിന്റ് ആക്ഷന്‍ കമ്മറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ( UoH) പുറത്തിറക്കുന്ന പത്രപ്രസ്താവന

ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദേശീയ, സംസ്ഥാന ഭരണകൂടങ്ങളുടെ ഒത്താശയോടെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മേല്‍ നടപ്പിലാക്കിയ ഭീകരമായ പോലീസ് വയലന്‍സിനെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ശക്തമായി അപലപിക്കുന്നു. അസഭ്യവര്‍ഷത്തോടെയാണ് അവര്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അക്രമം നടത്തിയത്. ലാത്തിച്ചാര്‍ജ്ജിനിടയില്‍ സി.ആര്‍.പി.എഫും ആര്‍.എ.എഫും വിദ്യാര്‍ത്ഥികളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുകയും സെഡീഷന്‍ ചുമത്തും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റിന് പുറത്ത് നിന്നവരെ പോലും പോലീസ് മര്‍ദ്ദിക്കുകയും ക്ലാസില്‍ പോയിരുന്ന് പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ആണ്‍പോലീസുകാരാണ് വിദ്യാര്‍ഥിനികളെ മര്‍ദ്ദിച്ചത്. ഹോസ്റ്റലില്‍ നിന്ന് ഒഴിപ്പിച്ചതിന് ശേഷം രണ്ട് കിലോമീറ്ററുകളോളം പോലീസ് വിദ്യാര്‍ഥികളെ പിന്തുടരുകയും ബലമായി അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് ആക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം വീഡിയോയില്‍ പകര്‍ത്തുകയായിരുന്ന വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുക്കുകയാണുണ്ടായത്. മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് അപ്പാറാവു നല്‍കിയ ലിസ്റ്റുമായാണ് പോലീസ് ഹോസ്റ്റല്‍ റൂമുകളിലെത്തിയത്.

മൂന്ന് പ്രൊഫസര്‍മാരടക്കം മുപ്പത്താറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് വാനിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. വ്യത്യസ്ത സ്‌റ്റേഷനുകളിലായി പോലീസ് അവരെ മാറ്റിക്കൊണ്ടിരിക്കുകയാണ്.അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇപ്പോള്‍ കാമ്പസില്‍ നടപ്പിലാക്കിയിരിക്കുന്നത്. അപ്പാറാവു കാമ്പസില്‍ പ്രവേശിച്ചയുടനെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേധിക്കുകയും മെസ്സുകളടക്കുകയും ചെയ്തു. വീണ്ടും സ്ഥാനമേറ്റെടുക്കാനായി അപ്പാറാവു ചെയ്ത തയ്യാറെടുപ്പുകളാണവ.

 

എന്ത് കൊണ്ടാണ് അപ്പാറാവു 22ാം തീയതി കാമ്പസില്‍ തിരിച്ചെത്തിയത്?

പ്രൊഫസര്‍ പെരിയസ്വാമി ചാര്‍ജെടുത്തതിന് ശേഷം കാമ്പസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകുകയായിരുന്നു. 23ാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന അക്കാദമിക് കൗണ്‍സില്‍ മീറ്റിംങില്‍ വളരെ സുപ്രധാനമായ മൂന്ന് തീരുമാനങ്ങള്‍ അദ്ദേഹം എടുക്കാനിരിക്കുകയായിരുന്നു.

1: ആന്‍ഡി ഡിസ്‌ക്രിമിനേഷന്‍ സെല്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിക്കുക

2: എസ്.സി, എസ്.ടി, സ്ത്രീ പ്രാതിനിധ്യം എല്ലാ ഔദ്യോഗിക യൂണിവേഴ്‌സിറ്റി കമ്മറ്റികളിലും ഉറപ്പ് വരുത്തുക.

3: ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നെറ്റിതര ഫെലോഷിപ്പുകള്‍ വര്‍ധിപ്പിക്കുക.

ഫാക്കല്‍റ്റിയോടോ ഇന്‍-ചാര്‍ജ് വിസിയോടോ ആലോചിക്കാതെ സ്ഥാനമേറ്റെടുത്ത അപ്പാറാവു ഹോളി ആഘോഷത്തിന്റെ പേരില്‍ അക്കാദമിക് കൗണ്‍സില്‍ മീറ്റിംങ്ങ് മാറ്റിവെക്കുകയാണ് ചെയ്തത്.

അപ്പാറാവുവും ഒരു വിഭാഗം ഫാക്കല്‍റ്റിയും അധ്യാപക ഇതര സ്റ്റാഫുകളും എ.ബി.വി.പിയും ഒരുമിച്ച് ചേര്‍ന്ന് പ്ലാന്‍ ചെയ്ത നാടകമാണ് ഇപ്പോള്‍ ഹൈദരാബാദില്‍ നടക്കുന്നതെന്ന് തെളിയിക്കുന്ന ഒരു കത്ത് പുറത്തായിട്ടുണ്ട്.

എന്ത് കൊണ്ടാണ് ഞങ്ങള്‍ അപ്പാറാവുവിനെതിരെ സമരം ചെയ്യുന്നത്?

രോഹിത് വെമുലയുടെ കൊലപാതകത്തിന് ശേഷം രാജ്യത്തുടനീളം അപ്പാറാവുവിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്നാണ് അയാള്‍ക്ക് ലീവില്‍ പ്രവേശിക്കേണ്ടി വന്നത്. അപ്പാറാവുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, അയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.അപ്പാറാവു ലീവില്‍ പോയതിന് ശേഷം കാമ്പസ് പ്രവര്‍ത്തനങ്ങള്‍ തുടരുകയും രോഹിത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുകയും ചെയ്തു. രോഹിതിന്റെ കൊലപാതകം അന്വേഷിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസങ്ങളായി ബി.ജെ.പി മന്ത്രിമാരും പോലീസും സ്‌റ്റേറ്റ് മിഷിനറിയും ചെയ്ത് കൊണ്ടിരിക്കുന്നതിതാണ്: യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിക്കുക, തെളിവുകള്‍ ഒളിപ്പിക്കുക, രോഹിതിന്റെ ജാതിയെക്കുറിച്ച ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുക.

പോലീസ് കമ്മീഷനറായ സിവി ആനന്ദിന്റെ അഫിഡവിറ്റ് നശിപ്പിച്ചതടക്കം ഒരുപാട് കേസുകളില്‍ അപ്പാറാവു പ്രതിയാണ്. ഒരുപാട് ഡോക്യുമെന്റുകളും തെളിവുകളും അയാള്‍ നശിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടന്ന് കൊണ്ടിരിക്കെ എങ്ങനെയാണ് ഒരു കുറ്റവാളിക്ക് സൈര്വവിഹാരം നടത്താനാവുക?

ദിനേനയെന്നോണം പ്രകടമാകുന്നത് സ്റ്റേറ്റും ബി.ജെ.പിയും തമ്മിലുള്ള കൂട്ട്‌കെട്ടാണ്. ഞങ്ങളെ അടിച്ചമര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ അവരുടെ ആക്രമണം ഞങ്ങളുടെ പോരാട്ടത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

നീതിക്കും രോഹിത്തിനും വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.

ജനാധിപത്യത്തിനും നീതിക്കും സമത്വത്തിനും വേണ്ടിയുള്ള നമ്മുടെ പോരാട്ടം ഇനിയും അതിജയിക്കട്ടെ.