Campus Alive

ഹിന്ദു ദേശീയ വ്യവഹാരങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളിലെ ‘അപകോളനീകരണവും’

“ഇവിടെ, ഇന്ത്യ പാശ്ചാത്യവത്കരിക്കപ്പെടുകയല്ല, അപകോളനീകരിക്കപ്പെടുകയാണ്”-

സെപ്റ്റംബർ 2018ന് സ്വവർഗരതി നിയമവിധേയമാക്കിയുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് ശേഷം ഷാഹ്‌മിർ സാന്നി ട്വീറ്റ് ചെയ്ത വരികളാണ് ഇവ. ബ്രിട്ടനിൽ താമസിക്കുന്ന പാകിസ്താനി ആയ സാന്നി മാത്രമായിരുന്നില്ല വിധിയെ ‘അപകോളനീകരണ വിധിയായി’ വ്യാഖ്യാനിച്ചത്. ദേശീയ-അന്താരാഷ്ട്രീയ മാധ്യമങ്ങൾ വരെ സമാനമായ ആശയം പങ്കു വെക്കുകയും ഇന്ത്യ മറ്റു ലിബറൽ രാജ്യങ്ങൾക്കൊപ്പം ഇടം പിടിക്കുകയും ചെയ്തു എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 1861ൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ, ‘പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യത്തിൽ ഏർപ്പെടുന്നതിനെ കുറ്റകൃത്യമാക്കുന്ന’ ഇന്ത്യൻ പീനൽ കോഡിലെ 377ാം വകുപ്പാണ് കോടതി റദ്ദ് ചെയ്തത്. എന്നാൽ, 2013ൽ, സുപ്രീം കോടതി സ്വവർഗരതി കുറ്റകൃത്യമാണെന്ന് വിധിക്കുകയും “ഭരണഘടനയ്ക്ക് ശേഷവും അതിനു മുൻപും ഉണ്ടായിരുന്ന എല്ലാ നിയമങ്ങളും ഇന്ത്യയിലെ ജനങ്ങളുടെ മനോഗതിയെയാണ് പ്രതിഫലിപ്പിക്കുന്നത്” എന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഹോമോഫോബിയ അതുകൊണ്ടുതന്നെ കൊളോണിയൽ കാലഘട്ടത്തിലും കൊളോണിയലാനന്തര കാലഘട്ടത്തിലും സമൂഹത്തിൽ വേരൂന്നിയതാണെന്നു പറഞ്ഞാണ് ന്യായീകരിച്ചത്. ഈ വിധി ഒരുപക്ഷെ അതിന്റെ ഉദ്ദേശത്തിൽ അപകോളനീകരണപരം ആവാം. പക്ഷെ അതിനു സമാന്തരമായി നടക്കുന്ന മറ്റു പല പ്രക്രിയകളും അങ്ങനെയല്ല. കൊളോണിയലിസം, ഇസ്‌ലാമോഫോബിയ, ബ്രാഹ്മണ്യ അധീശത്വം എന്നിവയാണവ.

ഇന്ത്യയിൽ നടക്കുന്ന രാഷ്ട്രീയവും നിയമപരവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ എല്ലാ തരം ഹിംസകളെയും രൂപപ്പെടുത്തുന്നത് ഇവിടെ നിലനിൽക്കുന്ന ബ്രാഹ്മണ്യ ജാതി വ്യവസ്ഥയാണ്. ജാതീയതയും തന്മൂലമുണ്ടാകുന്ന ഹിംസകളും ഹൈന്ദവതയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുകയും മറ്റു പല മർദ്ദകോപാധികളുമായി ഇഴചേർന്നുകിടക്കുകയും ചെയ്യുന്നു. എന്നാലും ക്വിയർ, ട്രാൻസ്, തുടങ്ങിയ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന ഹിംസകളെ നേരിടാൻ വേണ്ടി, എങ്ങനെയാണ് കൊളോണിയൽ കാലഘട്ടത്തിനു മുൻപ് വരെ എല്ലാവരെയും ഉൾകൊള്ളുന്ന ഒരു സംസ്കാരമായി ഹിന്ദുയിസം നിലനിന്നിരുന്നത് എന്ന പരാമർശമാണ് പലപ്പോഴും നടത്താറുള്ളത്. ക്വിയർ, ട്രാൻസ് വംശാവലികളെ അടയാളപ്പെടുത്താനും പ്രതിഷ്ടിക്കാനും ഇത്തരമൊരു ചിത്രം ഉപയോഗിക്കുകയും പലപ്പോഴും അതിൽ നിന്ന് ജാതിയുടെ പങ്കിനെ മായ്ച്ചുകളയുകയും ചെയ്യുന്നു. ഈ വിഷയത്തെ കുറിച്ച് ഹിന്ദു പുരാണങ്ങളും മിത്തുകളും ഉപയോഗിച്ചു കൊണ്ടുള്ള ഒരു ഹിന്ദു (ഇന്ത്യൻ എന്ന് വായിക്കുക) ബ്രാഹ്മണിക വായന പലരും നടത്തിയിട്ടുണ്ട്. രുത് വനിതയും സലീം കിദ്വായിയും ചേർന്നെഴുതിയ ‘Same-Sex Love in India: A Literary History’ (2000), ദേവ്ദത് പട്നായിക്കിന്റെ  ‘The Man Who Was a Woman and Other Queer Tales from Hindu Lore’ (2000), ‘Shikhandi: And Other Tales They Don’t Tell You’ (2014), വിവേക് ശ്രായയുടെ ‘She of the Mountains’ (2014) എന്ന നോവൽ, നന്ദിനി കൃഷ്ണൻ എഴുതിയ ‘Invisible Men: Inside India’s Transmasculine Networks’ (2018) തുടങ്ങിയവ അവയിൽ ചിലതാണ്.

ഇതേപോലെ സാർവത്രികമായ ഒരു വായനയായി മേൽജാതി ഹിന്ദു വായനയെ അടിച്ചേല്പിക്കുന്നതിലൂടെ ക്വിയർ സമുദായത്തിന്റെ സമകാലിക ഇടപഴക്കങ്ങളെ നിജപ്പെടുത്തുകയും, ജാതി, മതം, വംശം, ദേശീയത, വർഗം, തുടങ്ങിയ മറ്റു സാമൂഹിക അവസ്ഥകൾ എങ്ങനെയാണ് അവരെ ഒന്നുകൂടി അരികുവത്കരിക്കുന്നത് എന്ന ആലോചനകളെ അത് ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. അതുകൂടാതെ പൗരാണികമായ ഹിന്ദു സംസ്കാരം ഈ സമുദായത്തെ ഉൾകൊള്ളുന്നവയായിരുന്നു എന്ന വാദഗതി ഹോമോഫോബിയയെ കേവലം കൊളോണിയൽ പാരമ്പര്യമായി ചുരുക്കികെട്ടുകയും ചെയ്യുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഹിന്ദുയിസത്തെ തങ്ങളോടൊപ്പം കൂടെ കൂട്ടാനുള്ള തന്ത്രമായാണ് ചിലർ ഇതിനെ കാണുന്നത്. എന്നാൽ ഹിന്ദു വലതുപക്ഷത്തെ സമ്പന്ധിച്ചിടത്തോളം ഇത് തന്ത്രപരമായ ഒരു നീക്കമാണ്. ഈ അടുത്തകാലം വരെയും ഹോമോഫോബിക് ആയിരുന്ന ഇവർ ‘അപര ശബ്ദങ്ങൾക്ക്’ മേൽ ഹിന്ദു ആധിപത്യം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹോമോഫോബിയയെ കൊളോണിയൽ പാരമ്പര്യമായി മാത്രം കാണുന്നത്.

ഹിന്ദു സംസ്കാരം എന്ന് അവകാശപ്പെടുന്നത് സത്യത്തിൽ മേൽജാതി സംസ്കാരമാണ്. ക്വിയർ സമുദായത്തെ ഹൈന്ദവ സംസ്കാരത്തിന്റെ  ഭാഗമായി അടയാളപ്പെടുത്തുന്നത് കേവലം വിരോധാഭാസം മാത്രമല്ല അത് ജാതീയതയുടെ ഹിംസകളെ സ്വാഭാവികവത്കരിക്കുകയും കൂടിയാണ് ചെയ്യുന്നത്. അതിനാൽ സവർണ ക്വിയർ വ്യക്തികൾ ചരിത്രപരവും സാംസ്കാരികവും മതപരവുമായ തങ്ങളുടെ സ്വത്വം ഹൈന്ദവതയിൽ കണ്ടെത്താൻ ശ്രമിക്കുമ്പോൾ യഥാർത്ഥത്തിൽ അവർ അതിൽ അന്തർലീനമായ ജാതീയതയുടെ ഭാഗമാവുകയാണ് ചെയ്യുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കൊളോണിയലിസം വരുന്നതിനു മുൻപേ ബ്രാഹ്മണ്യ പുരുഷ മേധാവിത്വം നിലയുറപ്പിച്ചതിനാൽ ഇവിടെ അപകോളനീകരണം “ജാതി ഉന്മൂലനം” നടന്നാൽ മാത്രമേ സാധ്യമാവൂ.

ജാതി, ലിംഗഭേദം, ലൈംഗികത എന്നിവ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചു ദലിത് ഫെമിനിസ്റ്റുകൾ ഒരുപാട് പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ എങ്ങനെയാണ് ലിംഗഭേദവും ലൈംഗിക ബന്ധങ്ങളും ജാതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്ന് കാണിച്ചു തന്നിട്ടുമുണ്ട്. സ്വ-ജാതിയിൽ നിന്നുള്ള വിവാഹങ്ങളിലൂടെയാണ് ജാതിവ്യവസ്ഥ ഒരു സ്ത്രീയുടെ ലൈംഗികതയുടെ ഏറിയ പങ്കും നിയന്ത്രിക്കുന്നതും സ്വയം നിലനിൽക്കുകയും ചെയ്യുന്നത്. ജാതിയും ലിംഗ അധികാരക്രമങ്ങളുമാണ് ചുരുക്കത്തിൽ ബ്രാഹ്മണിക സാമൂഹിക ക്രമത്തിന്റെ മൗലിക പ്രമാണം എന്ന് പറയാം. ബ്രാഹ്മണ്യ പുരുഷ മേധാവിത്വത്തിന്റെ ഉന്മൂലനം സാധ്യമാവാതെ ക്വിയർ സമുദായത്തിന്റെ വിമോചനം സാധ്യമാവില്ല എന്ന് ക്വിയർ/ദലിത്/ബഹുജൻ എഴുത്തുകാർ ഒരുപോലെ അഭിപ്രായപ്പെടുന്നുണ്ട്. സവർണ അധീശത്വത്തെ പിന്താങ്ങിയും ക്വിയർ/ബഹുജൻ സ്വത്വങ്ങളെ അദൃശ്യവത്കരിച്ചുമാണ് എപ്പോഴും മേൽജാതി മുന്നേറ്റങ്ങൾ ഇന്ത്യയിൽ നിലനിന്നത് എന്ന വാദം പങ്കിടുന്നത് കൊണ്ടുതന്നെ ക്വിയർ ആക്ടിവിസ്റ്റുകളും ജാതി-വിരുദ്ധ ആക്ടിവിസ്റ്റുകളും പലപ്പോഴും ഒരുമിച്ച് ആക്ടിവിസം നടത്താറുമുണ്ട്.

പുരുഷ മേധാവിത്വപരവും ബ്രാഹ്മണിക്കലും ഇസ്‌ലാമോഫോബികും ആയത് കൊണ്ടുതന്നെ ഹിന്ദു ദേശീയതയെ മനസ്സിലാക്കുന്നിടത്തും ജാതി ഒരു സുപ്രധാന ഘടകമാണ്. ഹിന്ദുക്കൾ ഭൂരിപക്ഷത്തിലുള്ള ഒരു ഹിന്ദുരാഷ്ട്ര നിർമാണമാണല്ലോ ഹിന്ദു ദേശീയതയുടെ കാതൽ. രാഷ്ട്രത്തിലെ മറ്റെല്ലാ അപര സ്വത്വങ്ങളും ഹൈന്ദവതയുമായി സമരസപ്പെടുന്നിടത്തോളം അവരോടെല്ലാം സഹിഷ്ണുതാപൂർവമായ ഇടപെടലായിരിക്കും. ഇത് ഇസ്‌ലാമിനെയും ക്രൈസ്തവതയെയും വൈദേശികമായി കാണുകയും ഹിന്ദി ഭാഷ രാഷ്ട്രഭാഷയായി കണക്കാക്കുകയും ചെയ്യുന്നു. ഈ പദ്ധതി കാശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, മധ്യ ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളുടെയും ആദിവാസികളുടെയും മേൽ ആധിപത്യത്തിന് വേണ്ടി നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നു. പാകിസ്ഥാൻ-വിരുദ്ധ ദേശീയ വികാരം, വംശഹത്യ ഉൾപ്പെടെ മുസ്‌ലിംകൾക്ക് എതിരെയുള്ള നിരന്തരമായ ആക്രമണങ്ങൾ, കാശ്മീർ അധിനിവേശം, തുടങ്ങിയ പ്രവർത്തനങ്ങൾ അവരുടെ ഇസ്‌ലാമോഫോബിയയും വെളിപ്പെടുത്തുന്നു. ഇന്ത്യയിൽ മോഡി സർക്കാരിന് മുൻപ് വരെ ‘ഔദ്യോഗികമായി’ നിലനിന്നിരുന്ന മതേതര ഇന്ത്യയുടെ വിപരീതമായ ഒന്നായാണ് ഹിന്ദു രാഷ്ട്രത്തെ കുറിച്ച് പറയപ്പെടുന്നത് എങ്കിലും, യഥാർത്ഥത്തിൽ ജാതിയുടെ അന്തർലീനമായ മേധാവിത്വം രണ്ടിലും ഒരുപോലെ കാണാം. ‘ഇന്ത്യൻ സംസ്കാരം എന്നത് സവർണ/മേൽജാതി ഹൈന്ദവ സംസ്കാരം മാത്രമാണ്’ എന്ന് എം.എസ്.എസ്.പാണ്ഡ്യൻ വിമർശിക്കുന്നത് ശ്രദ്ധേയമാണ്. ജാതീയത പരസ്യമായി കൊണ്ടുനടക്കുന്നവരും മതേതരരുമായ ജാതി ഹിന്ദുക്കൾ തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ലെന്ന് അംബേദ്‌കർ വാദിക്കുന്നുണ്ട്.

പഓല ബകേത (Paola Bacchetta) ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്വഭാവ വിശേഷണമായി ഹോമോഫോബിയയും അപരവിദ്വേഷവും എങ്ങനെയാണ് നിലനിൽക്കുന്നത് എന്ന് പ്രതിപാദിക്കുന്നുണ്ട്. അത് സ്വവർഗരതിയെ ഒരു ബ്രിട്ടീഷ് ഇറക്കുമതിയായി കാണുകയും ക്വിയർ അപരനായി മുസ്‌ലിം പുരുഷനെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ക്വിയർഫോബിയയെ ‘ഇന്ത്യൻ’ സ്വഭാവത്തിന് പുറത്തു നിർത്തുകയും ഹിന്ദുത്വ അജണ്ട അപരനായി നിർമ്മിച്ചെടുത്ത മുസ്‌ലിം സ്വത്വവുമായി അതിനെ കൂട്ടി വായിക്കുകയും ചെയ്യുന്നതിലൂടെ ക്വിയർ സമുദായത്തെ സ്വാംശീകരിക്കാനുള്ള തന്ത്രമാണ് അവിടെ നടപ്പിലാവുന്നത്. ഇരുപതാം നൂറ്റാണ്ടിലെ സംഘപരിവാർ ക്വിയർ സമുദായത്തെ ഒഴിച്ച് നിർത്തുകയായിരുന്നുവെങ്കിലും ഏതാനും വർഷങ്ങളായി അവരെയും കൂടി തങ്ങളുടെ പക്ഷത്താക്കാനുള്ള ശ്രമം നടന്നു വരുന്നുണ്ട്. ജനസംഖ്യാപരമായി ഹിന്ദു വർദ്ധനവ് ഉണ്ടാക്കുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. മറ്റൊരു തരത്തിലുള്ള ‘ഘർ വാപസി’ ആണിതെന്ന് പറയാം. ‘രാഷ്ട്ര’നിർമ്മിതിക്ക് ‘പൂർവ’ഹിന്ദുക്കളെ വേണമെന്നത് പോലെത്തന്നെ ഒരു കാലത്ത് മാറ്റി നിർത്തപ്പെട്ട ക്വിയർ സമുദായത്തെയും അവർക്ക് വേണമെന്ന് സാരം.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലത്തിനിടെ സംഘപരിവാർ മുഖ്യധാരയായി മാറി വരികയാണ്. ഇപ്പോൾ ബി.ജെ.പിയിലൂടെ അത് സമ്പൂർണമാവുകയും ചെയ്തിരിക്കുന്നു. ഈ കാലയളവിൽ തന്നെ മുമ്പെങ്ങും ലഭിക്കാത്ത വിധം ക്വിയർ ആക്ടിവിസത്തിനു മാധ്യമ ശ്രദ്ധ ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.  ഒപ്പം അസാധാരണമാംവിധം ഇന്ത്യൻ സാമ്പത്തിക രംഗം ഉദാരവത്കരിക്കപ്പെടുകയും ചെയ്തു. ഈ മൂന്നു സംഗതികളും ബന്ധപെട്ടു കിടക്കുന്നവയാണ്. ഉദാരവത്കരണമാണ് മറ്റു രണ്ടിനെയും വളർത്തിയത് എന്ന് നിസ്സംശയം പറയാം.

ജാസ്ബിർ പ്വാർ

വെള്ള വംശീയതയിൽ കെട്ടിപ്പൊക്കിയ അമേരിക്കൻ അധിനിവേശ കൊളോണിയലിസം ക്വിയർ സമുദായത്തെ സ്വാംശീകരിക്കുന്നതായി കാണാം. ഹോമോനാഷണലിസം എന്നാണ് ഇതിനെ ജാസ്ബിർ പ്വാർ (Jasbir Puar) വിളിക്കുന്നത്. ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടവും ഇതുപോലെ തന്നെ ഇസ്രയേലിനെ ക്വിയർ അനുകൂലവും ഫലസ്തീനിനെ ക്വിയർ വിരുദ്ധവുമായാണ് ചിത്രീകരിക്കുന്നത്. ഇവ മാതൃകയാക്കി ആണ് ഇന്ത്യയിൽ സംഘപരിവാർ ക്വിയർ അനുകൂല പ്രതിച്ഛായ സൃഷ്ടിക്കുകയും മുസ്‌ലിം അപരനിൽ ക്വിയർഫോബിയ ആരോപിക്കുകയും ചെയ്യുന്നത്. ഇത്തരമൊരു പദ്ധതിയിലൂടെ (Homohindunationalism) ഹിന്ദുത്വ അജണ്ടയുടെ ബ്രാഹ്മണ്യ അധീശത്വവും ഇസ്‌ലാമോഫോബിയയും തന്നെയാണ് വീണ്ടും ഊട്ടി ഉറപ്പിക്കപെടുന്നത്. പരസ്പര ബന്ധിതമായ നാല് തരം യുക്തിയാണ് ഇതിലൂടെ ഉല്പാദിപ്പിക്കപ്പെടുന്നത്. ഒന്നാമതായി, ഹിന്ദുയിസത്തെ ഒരു ക്വിയർ-സൗഹൃദ മതമായി ചിത്രീകരിക്കുന്നു. രണ്ടാമതായി ഇസ്‌ലാം, ക്രൈസ്തവത എന്നിവയെ ക്വിയർഫോബിക് ആയി ചിത്രീകരിക്കുകയും പ്രതിസ്ഥാനത്തു നിർത്തുകയും ചെയ്യുന്നു. കുറച്ചു കൂടി വ്യക്തമാക്കിയാൽ, ഹിന്ദുയിസം ഉദാരവും ഇസ്‌ലാം തീർത്തും പ്രാകൃതവും ആണെന്ന് വരുത്തി തീർക്കുന്നു. മൂന്നാമതായി, ഇതിലൂടെ ബ്രാഹ്മണ്യ അധീശത്വത്തെ പിന്തുണക്കുകയും ഇസ്‌ലാമോഫോബിയ വളർത്താൻ കൂട്ട് നിൽക്കുകയും ചെയ്യുന്ന എല്ലാ സവർണ ക്വിയർ ആളുകളെയും കൂടെ കൂട്ടുന്നു. അവസാനമായി, എല്ലാ ഹിന്ദു/ഇന്ത്യൻ അപരരെയും (ദലിത്, ബഹുജൻ, ആദിവാസി, ഗോത്ര, മുസ്‌ലിം, കൃസ്ത്യൻ, കാശ്മീരി, സിഖ്… വിഭാഗങ്ങൾ) ക്വിയർഫോബിക് ആയി മുദ്രകുത്താനും ഇത് സഹായകമാവുന്നു.

നിഷാന്ത് ഉപാധ്യായ്

ഹിന്ദുത്വം എപ്രകാരമാണ് ക്വിയർ അനുകൂല മുഖം ഉണ്ടാക്കുന്നത് എന്നതും അതിനെതിരെ ഉള്ള ക്വിയർ സമുദായങ്ങളുടെ ശക്തമായ എതിർപ്പുകളും ഗഹനമായ ചിന്താവിഷയമായി മാറേണ്ടതുണ്ട് എന്ന് സയാൻ ഭട്ടാചാര്യ അഭിപ്രായപ്പെടുന്നുണ്ട്. അതേപോലെ എപ്രകാരമാണ് ബഹുജൻ ക്വിയർ സ്വത്വം മുഖ്യധാരയിൽ നിന്നും പുറന്തള്ളപ്പെടുന്നത് എന്നും ഹിന്ദുത്വ അജണ്ട ഏതെല്ലാം വിധത്തിൽ ആണ് അതിന്റെ സ്വാംശീകരണ പ്രവർത്തനം നടത്തുന്നത് എന്നും സസൂക്ഷ്മം മനസ്സിലാക്കേണ്ടതുണ്ട്. അപര നിർമാണങ്ങൾ എങ്ങനെയാണ് ഇവിടെയും ഉപോൽപകമായി നിലകൊള്ളുന്നത് എന്നും മനസ്സിലാക്കേണ്ടത് ഹിന്ദു രാഷ്ട്ര സങ്കല്പത്തെ അറിയുന്നതിൽ നിർണായകമാണെന്ന് തോന്നുന്നു.

(തുടരും)

സമഗ്ര വിവർത്തനം: ബിലാൽ ഇബ്നു ശാഹുൽ

നിഷാന്ത് ഉപാധ്യായ്

Department of Ethnic Studies, University of Colorado Boulder, Boulder, CO,
USA.