Campus Alive

ജപ്തി: ബുൾഡോസർ രാജിന്റെ മിനിയേച്ചറാണ്.

2022 സെപ്തംബർ 23 ന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പൊതുമുതലിന് നാശനഷ്ടമുണ്ടാക്കി എന്ന പേരിൽ കേരളവ്യാപകമായി അവരുടെ നേതാക്കളായിരുന്നവരുടെയും പ്രവർത്തകരുടെയും സ്വത്ത് കണ്ട്കെട്ടൽ പുരോഗമിക്കുകയാണ്. ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചകേസില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിനെ വീണ്ടും കോടതി അഡീഷണൽ ചീഫ്സെക്രട്ടറിയെ വിളിച്ചുവരുത്തി കർശനം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഈ നടപടി. പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും അവരുടെ ഓഫീസുകളും വസതികളും എൻ.ഐ.എ ഇ.ഡി എന്നിവർ റെയ്ഡ് നടത്തുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് മിന്നൽ ഹർത്താലിന് അവർ ആഹ്വാനം ചെയ്തത്. കേരളത്തിൽ ആദ്യമായല്ല മിന്നൽ ഹർത്താൽ നടക്കുന്നത്.  ഹർത്താലുകൾ എന്നതിനോട് പൊരുത്തപ്പെട്ട ജനതയാണ് കേരളീയർ. ഹർത്താലിൽ അക്രമം നടക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്നതും ആദ്യമല്ല. എന്നാൽ ഇപ്പോൾ നടക്കുന്ന നടപടി കേരളത്തിന് പുതുമയാണെന്നുമാത്രമല്ല ഇതുവരെ കാണാത്ത വേഗതയിൽ കോടതിയും ഉദ്യോഗസ്ഥരും സർക്കാരും നീങ്ങുന്നത് തികച്ചും വിവേചനപരവുമാണ്.സമരം ചെയ്യുന്നവരുടെ സ്വത്ത് കണ്ട്കെട്ടുന്ന പരിപാടി ബ്രിട്ടീഷ് ഇന്ത്യയിൽ പോലും അപൂർവ്വമായാണ് നടന്നിട്ടുള്ളത്.

പക്ഷേ സ്വതന്ത്ര ഇന്ത്യയിൽ പൗരത്വ പ്രക്ഷോഭ കാലം മുതൽ അത് മുസ്ലിങ്ങൾക്കെതിരെ വ്യാപകമായി നടപ്പാക്കാം എന്നതാണ് സ്ഥിതി. 2019 ഡിസംബർ 29 ന് പൗരത്വ പ്രക്ഷോഭത്തോടനുബന്ധിച്ച് 40 പേരുടെ സ്വത്ത് കണ്ടുകെട്ടി ഉത്തർ പ്രദേശിലെ യോഗി ആദിത്വനാഥാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഈ സ്വത്ത് കണ്ട്കെട്ടലിൻ്റെ മാതൃക. പൊതുമുതൽ നശിപ്പിച്ച് ആക്രമണം നടത്തി എന്നാരോപിച്ചാണ് യു,പി സർക്കാർ സ്വത്തുക്കൾ പിടിച്ചെടുത്തത്. അത്തരത്തിൽ 833 പേരുടെ സ്വത്ത് വകകൾ കണ്ടുകെട്ടാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോയെങ്കിലും പിന്നീട് സുപ്രിം കോടതി അത് മരവിപ്പിച്ചു.

അതോടെ യു.പി സർക്കാർ സ്വത്ത് കണ്ടുകെട്ടുന്നതിൻ്റെ സങ്കീർണ്ണത ഒഴിവാക്കാൻ പ്രക്ഷോഭകരുടെ വീടുകൾ ബുൾഡോസുചെയ്യാൻ തുടങ്ങി. അത് ഹരിയാന, മധ്യപ്രദേശ്, ഡൽഹി നഗരസഭ തുടങ്ങി ബി.ജെ.പിക്ക് ഭൂരിപക്ഷവും പോലീസ് നിയന്ത്രണവും ഉള്ളിടങ്ങളിൽ വ്യാപമാക്കി. ലോകവ്യാപകമായി രാജ്യത്തിൻ്റെ മതേതര പ്രതിച്ഛായയെ കളങ്കപ്പെടുത്തും വിധം ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിച്ചവരുടെ പോലും വീടുകൾ തകർക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു.

ഒരു ഹർത്താലിന്റെ പേരിൽ ഇപ്പോൾ കേരളത്തിൽ കോടതി നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്നത് യു.പിയിലും ഹരിയാനയിലും മധ്യപ്രദേശിലും ഒക്കെ നടന്ന അതേ ബുൾഡോസർ രാജിൻ്റെ മീനിയേച്ചറാണ്. നിരോധിക്കപ്പെട്ട സംഘടന ഹർത്താലിലെ നഷ്ടപരിഹാരം കെട്ടിവെയ്ക്കണം എന്ന പറയുന്നത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ്. നിലവിൽ ഹർത്താലിന്റെ പേരിൽ പ്രതിചേർക്കപ്പെട്ട് അറസ്റ്റിലായ പി.എഫ്.ഐ പ്രവർത്തകർ ജാമ്യസംഖ്യയായി നഷ്ടപരിഹാരം കെട്ടിവെച്ചാണ് പുറത്തിറങ്ങിയത്. അപ്പോഴും എൻ.ഐ.എ അറസ്റ്റ് ചെയ്ത പി.എഫ്.ഐ നേതാക്കളാകട്ടെ ജയിലിൽ തന്നെയാണ്. കേസിൽ അന്തിമ തീർപ്പാകാതെ അവർക്കാർക്കും ഒന്നും ചെയ്യാനാകില്ല എന്നത് സാമാന്യ യുക്തിക്ക് മനസ്സിലാകുന്ന കാര്യവുമാണ്. ആ നിലക്ക് ഇപ്പോഴുള്ള ഈ ജപ്തി നടപടി ഒരു തരത്തിലും നീതിന്യായയുക്തിക്ക് ചേർന്നതല്ല.

കേരളത്തിലെ ഹർത്താലുകളിൽ ഇത്തരം നിലപാട് ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നതും ചർച്ച ചെയ്യപ്പെടണം. 2018 ൽ കേരളത്തിൽ 97 ഹർത്താലുകളാണ് സംസ്ഥാന തലത്തിലും പ്രാദേശിക തലങ്ങളിലുമായി നടന്നത്. അതിൽ 33 എണ്ണം നടത്തിയത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളുമാണ്. കേരള ഭരണകക്ഷിയും നടത്തി 17 എണ്ണം. കേന്ദ്ര കേരള ഭരണകക്ഷികൾ ആകെ നടത്തിയ ഹർത്താർ 50 എണ്ണം. കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫും 27 ഹർത്താൽ നടത്തി. ബാക്കി ഒരെണ്ണം ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലും മറ്റൊരെണ്ണം വാട്സപ്പ് ഹർത്താൽ എന്നറിയപ്പെട്ട സാമൂഹ്യമാധ്യമങ്ങളിലൂടെ അജ്ഞാതർ ആഹ്വാനം ചെയ്ത് നടന്ന ഹർത്താലും. പിന്നീടുള്ള 18 എണ്ണം വ്യാപാരി വ്യവസായികളും സംയുക്ത വേദികളുമൊക്കെ ആഹ്വാനം ചെയ്തവയാണ്.

2019 ൽ റിപ്പോർട്ട് ചെയ്ത 12 ഹർത്താലുകളിൽ ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധിക്കെതിരെ സംഘ്പരിവാർ അനുകൂല സംഘടനകൾ നടത്തിയ വ്യാപകമായ അക്രമം നടത്തിയ ഹർത്താലടക്കമുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞും ബസുകൾ തകർത്തും വാഹനങ്ങൾ കത്തിച്ചും ഓഫീസുകൾ അടിച്ചു തകർത്തും ആണ് ആ ഹർത്താൽ കേരളത്തിൽ നടന്നത്. അതിനോടനുബന്ധിച്ച നഷ്ടം ഈടാക്കാനുള്ള കോടതി നിർദ്ദേശം ഇപ്പോഴും അട്ടത്തിരിക്കുകയാണ്. നഷ്ടം കണക്കാക്കാൻ നിശ്ചയിച്ച കമ്മീഷൻ റിപ്പോർട്ടുപോലും വെളിച്ചം കണ്ടിട്ടില്ല.

2020 ലും 11 ഹർത്താലുകൾ കേരളത്തിൽ നടന്നിരുന്നു. സംവരണ ആവശ്യമുന്നയിച്ച ദലിത് സംഘടകൾ നടത്തിയ ഭാരത് ബന്ദിനോടനുബന്ധിച്ച ഹർത്താലും പൗരത്വസമരവുമായി ബന്ധപ്പെട്ട് നടന്ന ജനകീയ ഹർത്താലുമൊഴികെ ബാക്കിയെല്ലാം ഇടത്-യു.ഡി.എഫ്-ബി.ജെ.പി മുന്നണികൾ നടത്തിയ ഹർത്താലുകളാണ്. ആദ്യത്തെ രണ്ട് ഹർത്താലുകളും ജനങ്ങൾ വിജയിപ്പിച്ചപ്പോൾ ബാക്കിയുള്ള ഹർത്താലുകൾ പാർട്ടികളുടെ തിണ്ണമിടക്കുകൊണ്ടാണ് വിജയിപ്പിച്ചെടുത്തത്. അവയിലെല്ലാം അക്രമവും പൊതുമുതൽ തകർക്കലുകളുമുണ്ടായി. ഇത്തരം ഹർത്താലുകളിലെ അക്രമങ്ങളിലൊന്നും യാതൊരു നടപടിയും കൈക്കൊള്ളാത്ത കോടതിയും സർക്കാരും ഇപ്പോൾ സ്വത്ത് കണ്ടുകെട്ടലുമായി വരുന്നത് പച്ചയായ വിവേചനമല്ലാതെ മറ്റെന്താണ്. ജെനോസൈഡ് വാച്ച് ചൂണ്ടിക്കാണിച്ച വംശഹത്യയുടെ 10 നടപടികളിൽപെട്ടവയാണ് അടയാളപ്പെടുത്തല്‍ (Symbolization), വിവേചനം(Discrimination) അപമാനവീകരണം (Dehumanization) എന്നിവ. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്ന അക്രമങ്ങളുടെ പേരുപറഞ്ഞ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഈ മൂന്ന് കാര്യങ്ങൾ തന്നെയാണ്. കേരളത്തിൽ തത്കാലം നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ പേര് പറയുന്നു എന്നുമാത്രം. യുപി യുടെയോ ഗുജറാത്തിൻ്റെയോ ഹരിയാനയുടെയോ ഒക്കെ നിലവാരത്തിലേക്കെത്താൻ അല്പം ചില ഒളിമറകൾ വേണം പുരോഗമന മുഖംമൂടിയണിഞ്ഞ കേരളത്തിന്. കോടതി നിർദ്ദശത്തെ ആ മറയാക്കി ഉപയോഗിക്കുന്നു എന്നുമാത്രം. തീർച്ചയായും അണിയറയിൽ തയ്യാറാക്കപ്പെട്ട വലിയ ഭവിഷ്യത്തിൻ്റെ ചെറിയ അടയാളങ്ങൾ മാത്രമാണിതൊക്കെ. ബുൾഡോസർ രാജിൻ്റെ മീനിയേച്ചർ മാത്രമാണ് ജപ്തി നടപടി.

സജീദ് ഖാലിദ്