Campus Alive

ആധുനിക ലോകത്തെ മുസ്‌ലിം രാഷ്ട്രീയ കർതൃത്വവും ഇബ്നു   തൈമിയൻ രാഷ്ട്രീയ ചിന്തയും

എന്തുകൊണ്ട് ഇസ്‌ലാമിക സമൂഹം അരാഷ്ട്രീയവൽകരിക്കപ്പടുന്നു എന്ന ചോദ്യം പലപ്പോഴും ഇസ്‌ലാമിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കൊളോണിയൽ ആശയങ്ങൾ പ്രായോഗികമായി സമൂഹത്തിൽ സ്വാധീനം ചെലുത്തിയ ആധുനിക സാഹചര്യത്തിൽ ‘രാഷ്ട്രീയ ഇസ്‌ലാം’, ‘ഇസ്‌ലാമിന്റെ രാഷ്ട്രീയ വൽക്കരണം’ തുടങ്ങിയ പ്രയോഗങ്ങൾ ഇസ്‌ലാമിന്റെ യഥാർത്ഥ ഉള്ളടക്കത്തിന് വിള്ളലേൽപ്പിക്കുന്നതാണെന്ന വാദവും ഇതിനോടൊപ്പം മുസ്‌ലിം സമൂഹത്തിനുള്ളിൽ നിന്നു തന്നെ ഉയർന്നവരുന്നതു കാണാം. മുസ്‌ലിംകളിൽ തന്നെ ഒരു വിഭാഗം ഇസ്‌ലാമിന്റെ അരാഷ്ട്രീയവൽകരണത്തിന്റെ കാരണങ്ങളന്വേഷിക്കുമ്പോൾ മറ്റൊരു വിഭാഗം രാഷ്ട്രീയത്തെ ഇസ്‌ലാമിൽ നിന്ന് മാറ്റിനിർത്തുന്ന രീതിയും കാണുവാൻ സാധിക്കും. അതുകൊണ്ടു തന്നെ രാഷ്ട്രീയ ഇസ്‌ലാം, പാരമ്പര്യ ഇസ്‌ലാം തുടങ്ങിയ വേർതിരിവുകളിലൂടെ ആധുനിക ലോകത്ത് ‘ഇസ്‌ലാമിക കർതൃത്വത്തെ’ എങ്ങനെ നിർവ്വചിക്കണം എന്ന ആശയ പ്രതിസന്ധി ഇസ്‌ലാമിക സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.

ആധുനികത സാധ്യമാക്കിയ സെക്യുലർ ലോകത്ത് ഇസ്‌ലാമിന്റെ രാഷ്ട്രീയ കർതൃത്വം എപ്രകാരമാവണം എന്ന ചോദ്യം വളരെ പ്രധാനമാണ്. സെക്യുലറിസം തീർത്ത മത-സാമൂഹിക വിഭജനം ഇസ്‌ലാമിന്റെ വിശാലമായ ഉള്ളടക്കത്തെ ഒരളവോളം ഇല്ലാതാക്കുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല സെക്യുലറിസം തീർത്ത വലയത്തിനുള്ളിൽ നിന്നു കൊണ്ടാണ് ഇസ്‌ലാം ഇവിടെ സ്വയം നിർവ്വചിക്കപ്പെടുന്നതും, അതുകൊണ്ട് തന്നെ സെക്യുലർ ചിന്തകളെ താങ്ങി നിർത്തുന്ന ഒരു സാമൂഹിക കർതൃത്വത്തെയാണ് ഇന്ന് ഒട്ടുമിക്ക ഇസ്‌ലാമിക ആവിഷ്കാരങ്ങളും ഉയർത്തിപ്പിടിക്കുന്നത്. ചുരുക്കത്തിൽ മറ്റുള്ളവരാൽ ഇസ്‌ലാം ഇന്ന് നിർവ്വചിക്കപ്പെടുന്നു. അത് രാഷ്ട്രീയ ഇസ്‌ലാം, പാരമ്പര്യ ഇസ്‌ലാം, റാഡിക്കൻ ഇസ്‌ലാം തുടങ്ങിയ രൂപത്തിൽ അവതരിപ്പിച്ച് ഇസ്‌ലാമെന്ന ആശയത്തെ ജനങ്ങളിൽ നിന്ന് അകറ്റുവാൻ ആധുനിക സെക്യുലർ വ്യവഹാരങ്ങളിലൂടെ സാധിക്കുന്നു. ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കണമെങ്കിൽ ഇസ്‌ലാമിക സമൂഹത്തിന്റെ യഥാർത്ഥ കർതൃത്വ രൂപീകരണം സാധ്യമാക്കുന്ന ആവിഷ്കാരം ഇസ്‌ലാമിന്റെ വ്യാവഹാരിക പാരമ്പര്യത്തിൽ നിന്ന് കണ്ടെടുക്കലും അതിനെ കാലത്തിനൊത്ത് പ്രായോഗികവൽക്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഒവാമിർ അഞ്ജൂം

ഇസ്‌ലാമിനെ രാഷ്ട്രീയവൽക്കരിക്കുന്നു എന്നൊരാൾ അഭിപ്രായപ്പെട്ടാൽ എപ്പോഴാണ് ഇസ്‌ലാം അരാഷ്ട്രീയവൽക്കരിക്കപ്പെട്ടത് എന്നതാവണം ഒരാളുടെ ചോദ്യമെന്ന് പ്രശസ്ത പാക്-അമേരിക്കൻ പണ്ഡിതനും, എഴുത്തുകാരനുമായ ഒവൈമിർ അഞ്ജും അഭിപ്രായപ്പെടുന്നുണ്ട്. അപ്രകാരം മുസ്‌ലിം ഉമ്മത്തിന്റെ രാഷ്ട്രീയ കർതൃത്വത്തെ പ്രാമാണികമായി അവതരിപ്പിച്ച പണ്ഡിതനാണ് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ. അദ്ദേഹത്തിന്റെ ചിന്തകളെ ആധുനിക സാഹചര്യത്തിൽ വായിക്കുമ്പോൾ നിലവിലുള്ള ഉമ്മത്തിന്റെ രാഷ്ട്രീയ കർതൃത്വത്തെ എപ്രകാരം ആവിഷ്കരിക്കാൻ സാധിക്കുമെന്നും നമുക്ക് മനസ്റ്റിലാക്കാം. അതിനുള്ള ശ്രമമാണ് ഈ ലേഖനത്തിലൂടെ ഉദ്ദശിക്കുന്നത്.

ഖുലഫാഉ റാശിദയുടെ കാലശേഷം ഖിലാഫത്ത് രാജാധിപത്യത്തിലേക്ക് വഴിമാറിയ സാഹചര്യത്തിൽ ഇസ്‌ലാമിക സമൂഹത്തിൽ പലവിധ മാറ്റങ്ങൾ സംഭവിച്ചു. ഖലീഫമാരുടെ കാലഘട്ടത്തിൽ ഖലീഫയും, ജനങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ ഒരു ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ചിത്രം നമുക്ക് ചരിത്രങ്ങളിൽ കണ്ടെടുക്കുവാൻ സാധിക്കും. ഖലീഫയും ജനങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടാകുകയും ഉമ്മത്തെന്ന നിലയിൽ ഖലീഫയെ ഗുണദോശിക്കാനും, അനുസരിക്കാനും ഖുർആനിക അധ്യാപനങ്ങളുടെ വെളിച്ചത്തിൽ നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും പരസ്പര ഉപദേശങ്ങളിലൂടെയും, ഗുണകാംക്ഷയിലൂടെയും മുസ്‌ലിം ഉമ്മത്തിന് ഖുർആനിക വെളിച്ചത്തിൽ ഒരു രാഷ്ട്രീയ കർതൃത്ത്വത്തെ രൂപീകരിക്കാൻ സാധിച്ചതായി കാണാൻ സാധിക്കും. എന്നാൽ അത് രാജാധിപത്യത്തിലേക്ക് വഴിമാറിയതോടെ രാഷ്ട്രീയ കർതൃത്വ രൂപീകരണത്തിൽ ഉമ്മത്തിന്റെ സ്വാധീനം ശോഷിച്ചതായി കാണാം. ഖലീഫയും ജനങ്ങളും തമ്മിലുള്ള അകൽച്ച വർദ്ധിച്ചു വന്നതോടൊപ്പം, ഉലമാക്കളിലേക്ക് ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാണാൻ സാധിക്കും. ഖലീഫയുടെ കാലത്തുണ്ടായിരുന്ന ഉമ്മത്ത് കേന്ദ്രീകൃത വ്യവസ്ഥയിൽ നിന്ന് ഉലമാ കേന്ദ്രീകൃതമായ ഒരു വ്യവസ്ഥ നിലവിൽ വന്നു. ഇത് മുസ്‌ലിം സമൂഹത്തിന്റെ അരാഷ്ട്രിയവൽക്കരണത്തിന് കാരണമായി. ഉലമാ കേന്ദ്രീകൃതമായ വ്യവസ്ഥയിൽ ജനങ്ങൾ രാഷ്ട്രീയമായ വ്യവഹാരങ്ങളിലേർപ്പെടുന്നതും, സംവദിക്കുന്നതും പ്രോത്സാഹിപ്പിക്കാത്ത സാഹചര്യം സംജാതമായി. ക്ലാസിക്കൽ കാലഘട്ടത്തിലെ ഗസ്സാലിയുൾപ്പെടെയുള്ള സുന്നി പണ്ഡിതന്മാർ രാഷ്ട്രീയത്തെ ഒഴിച്ചുകൂടാൻ കഴിയാത്ത തെറ്റായി പരിഗണിക്കുകയുണ്ടായി[1]. അപ്രകാരം ഉലമാ കേന്ദ്രീകൃതവും, രാഷ്ട്രീയ ഇടപാടുകളോട് അകൽച്ച പാലിക്കുന്നതുമായ ഒരു വ്യവസ്ഥയെ സൈദ്ധാന്തികവൽകരിക്കുകയും ചെയ്തു. ഇങ്ങനെ തുടർന്നു വന്ന പരമ്പരാഗത ശൈലിയിൽ നിന്ന് അബ്ബാസി കാലത്തിന്റെ അന്ത്യത്തിൽ, താർത്താരികളുടെ കടന്നാക്രമണം തുടക്ക ഘട്ടത്തിലാണ് ഇബ്നു തൈമിയ്യ തന്റെ ചിന്താപദ്ധതി അവതരിപ്പിക്കുന്നത്. തന്റെ ‘ഫിത്റ’ എന്ന തത്വത്തിലൂടെയാണ്  ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയ്ക്ക് ശൈഖുൽ ഇസ്‌ലാം പുതിയൊരു വഴിത്തിരിവ് നൽകുന്നത്.

നിലവിലുണ്ടായിരുന്ന ഉലമാ കേന്ദ്രീകൃതമായ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടിൽ നിന്ന് ഉമ്മത്ത് കേന്ദ്രീകൃതമായ ക്രമത്തെ അവതരിപ്പിക്കുകയായിരുന്നു ശൈഖുൽ ഇസ്‌ലാം. ഉലമാക്കൾക്ക് عصمة (പാപ സുരക്ഷിതത്വം) കൽപ്പിക്കുന്ന ശൈലിയിൽ നിന്ന് മാറി ഫിത്റയിലൂടെ ഉമ്മത്തിന്റെ രാഷ്ട്രീയ കർതൃത്വമാണ് യഥാർത്ഥ ഇസ്‌ലാമിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാട് എന്ന് അദ്ദേഹം വിശദീകരിക്കുന്നു. യഥാർത്ഥത്തിൽ عصمة നിലനിൽക്കുന്നത് ഉമ്മത്തിനാണ് എന്ന് ഖുർആനിക വെളിച്ചത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. പ്രാവചകന്റെ സവിശേഷമായ രണ്ട് ഗുണങ്ങൾ ഉമ്മത്തിന് കൈവരുന്നുവെന്ന് ഇബ്നു തൈമിയ്യ വ്യക്തമാക്കുന്നു;

1) عصمة

2) നന്മ കൽപ്പിക്കുവാനും തിന്മ വിരോധിക്കുവാനുള്ള സാമൂഹിക ഉത്തരവാദിത്വം[2].

ഖുർആൻ വൃക്തമാക്കുന്ന ‘നന്മ കൽപ്പിക്കുക തിന്മ വിരോധിക്കുക’ (أمر بالمعروف ونهي عن المنكر) എന്ന വിശ്വാസി സമൂഹത്തോടുള്ള കൽപന, ഉമ്മത്തിന്റെ രാഷ്ട്രീയ കർതൃത്വം എപ്രകാരമാവണമെന്നുള്ള ഉത്തരവാദിത്വത്തെയാണ് അടിവരയിടുന്നത്. ഇവിടെ അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ഉമ്മത്തിനെ രാഷ്ട്രീയവൽക്കരിക്കുകയാണ് ഇബ്നു തൈമിയ എന്ന് ഒവൈമിർ അഞ്ജും അഭിപ്രായപ്പെടുന്നു. തന്റെ ഫിത്റ എന്ന ആശയത്തിലൂടെ വ്യക്തിയാവട്ടെ സമൂഹമാവട്ടെ തെറ്റു സംഭവിക്കാനും, ന്യൂനതയുള്ളവരുമാണെന്ന് പറയുമ്പോൾ തന്നെ ഉമ്മത്തിന്റെ പരസ്പരം ഗുണദോശിക്കാനും, ഉപദേശിക്കാനുമുള്ള സവിശേഷത ദൈവിക പിൻബലത്തോടെ ഉമ്മത്തിന്റെ സത്തയിൽ ഉള്ളടങ്ങിയിരിക്കുന്നതാണ് അതിന്റെ കാരണം. അതേ സാഹചര്യത്തിൽ അധികാരികൾക്ക് പാപസുരക്ഷിതത്വം കൽപ്പിച്ചു നൽകുന്ന ശിയാ രാഷ്ട്രീ ചിന്തയെ പ്രാമാണികമായി തന്നെ ഇമാം വിമർശിക്കുന്നതായി കാണാം. ക്ലാസിക്കൽ കാലഘട്ടത്തിലെ ഒരു കൂട്ടം സുന്നി പണ്ഡിതന്മാർ  രാഷ്ട്രീയപരവും, ഭരണകൂടവുമായി ബന്ധപ്പെട്ടതുമായ രചനകളിൽ, പേർഷ്യൻ വ്യവസ്ഥയിലെ രാജാധിപത്യത്തോടു സാമ്യത പുലർത്തുന്ന രീതിയിലാണ് ഇസ്‌ലാമിക ഭരണ നേതൃത്വവുമായി ബന്ധപ്പെട്ട തത്വങ്ങളെ സൈദ്ധാന്തികവൽക്കരിക്കുന്നത്. ഇമാം മാവർദി, ഗസ്സാലി, തുർതുശി, തുടങ്ങിയവരുടെയെല്ലാം രചനകളിൽ ഈ രീതി കാണുവാൻ സാധിക്കും[3] ഇസ്‌ലാമിന്റെ കർമ്മശാസ്ത്ര തത്ത്വങ്ങളെയും, രാഷ്ട്രീയത്തെയും ഏകോപിപ്പിക്കുന്ന രീതി കാണുവാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ ജനങ്ങൾ ഭരണകൂടവുമായും, രാഷ്ട്രീയത്തോടും അകലം പാലിക്കുന്ന രീതിയുണ്ടായി. അതേസമയം ഉലമാക്കൾ സമൂഹത്തിൽ വലിയ സ്വാധീനം നേടുന്ന സാഹചര്യവും ഇതിനോടുകൂടി രൂപപ്പെട്ടു. മുൻപ് സൂചിപ്പിച്ച പോലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ നിന്ന് സമൂഹത്തെ അകറ്റി നിർത്തുന്ന തത്വങ്ങൾ  അരാഷ്ട്രീയമായതും സ്വയം നിർവ്വാഹക ശേഷിയില്ലാത്തതുമായ ഒരു സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ സൃഷ്ടിച്ചു. അധികാരത്തെയും, രാഷ്ട്രീയ ഇടപാടുകളെയും ഒരുവന് ദൈവത്തിലേക്ക് അടക്കുവാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗമായി അവതരിപ്പിച്ച ഇബ്നു തൈമിയ്യ  രാഷ്ട്രീയ കർതൃത്വത്തിന്റെ ഇസ്‌ലാമിക മാനത്തെ വ്യക്തമായി പ്രാമാണിക അടിത്തറയിൽ സൈദ്ധാന്തികവൽക്കരിച്ചു[4].

നിലവിലുള്ള ദേശരാഷ്ട്ര വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട വ്യാവഹാരിക പശ്ചാത്തലവും ദേശരാഷ്ട്ര സങ്കൽപ്പങ്ങൾക്കപ്പുറമുള്ള ഇസ്‌ലാമിക ചിന്തയിലെ വികാസങ്ങളോ അതിനായുള്ള പ്രക്രിയകളോ മനസ്സിലാക്കുന്നതിൽ നിന്ന് തടയുന്നതായി പ്രശസ്ത ഡീകൊളോണിയൽ ചിന്തകൻ സൽമാൻ സയ്യിദ് തന്റെ ‘റീകോളിങ് ദി കാലിഫേറ്റ്’ എന്ന കൃതിയിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് തുർക്കിയിലെ ഖിലാഫത്തിന്റെ പതനാനന്തരം ആഗോള മുസ്‌ലിം സ്വത്വമെന്ന ആശയത്തെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്യുന്നുണ്ട്. ആഗോള മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയവും, സാമൂഹികവുമായ കർതൃത്വത്തെ നിർണ്ണയിക്കുന്ന ഒരു രൂപകമായി ഖിലാഫത്തെന്ന ആശയത്തെ അദ്ദേഹം അവതരിപ്പിക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിൽ വ്യത്യസ്ത സാധ്യതകൾ നൽകിയ ആശയമാണ് ഖിലാഫത്തെന്ന് മനസ്സിലാക്കുന്ന അദ്ദേഹം, ഒരു ദൃഢമായ ഇസ്‌ലാമിക ചിന്തയുടെ സാധ്യതായി അതിനെ കണക്കാക്കുന്നു. ഒടുവിൽ മുസ്‌ലിം ഉമ്മത്താണ് ഖിലാഫത്തെന്ന ആശയത്തിന്റെ യഥാർത്ഥ വക്താക്കളെന്ന് സമർത്ഥിക്കുന്നു. അതായത് ശൈഖുൽ ഇസ്‌ലാം പറഞ്ഞു വെച്ച ഉമ്മത്തിന്റെ രാഷ്ട്രീയ കർതൃത്വത്തെ കുറിച്ചുള്ള ആശയങ്ങളാണ് സയ്യിദ് തന്റെ ഖിലാഫത്തെന്ന ആശയത്തിലൂടെയും പറഞ്ഞു വെക്കുന്നത്.  വർത്തമാന കാലത്തെ മുസ്‌ലിം കർതൃത്വ രൂപീകരണത്തിന് ഇബ്നു തൈമിയൻ രാഷ്ട്രീയ ചിന്ത ആധുനികത തീർത്ത ദേശരാഷ്ട്ര വ്യവഹാരങ്ങളെ അപനിർമിക്കാനുതകുന്ന ശക്തമായ ഒരു കർതൃത്വ രൂപീകരണത്തിന് അടിത്തറ പാകുവാൻ സാധിക്കുന്നതായി കാണാം. ഈ അടിസ്ഥാനത്തിൽ മുസ്‌ലിം ഉമ്മത്തിന്റെ രാഷ്ട്രീയ കർതൃത്വം കൃത്യപ്പെടുകയും ദേശരാഷ്ട്ര വ്യവസ്ഥയിൽ ജീവിക്കുന്ന മുസ്‌ലിം സമുദായത്തിന് കൃത്യമായ തനത് ജ്ഞാനശാസ്ത്ര രൂപീകരണത്തിന് സാധ്യത നൽകുകയും ചെയ്യും. ഖിലാഫത്തിന്റെ തകർച്ചയ്ക്ക് ശേഷം മുസ്‌ലിം സമുദായത്തിന് എന്തു നഷ്ടപ്പെട്ടുവോ അത് വീണ്ടെടുക്കുന്നതിന് ഇബ്നു തൈമിയ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ ചിന്തയ്ക്ക് സാധിക്കും. അതുപോലെ തന്നെ ഖിലാഫത്തിന്റെ തകർച്ചയോടെ മുസ്‌ലിം ലോകത്ത് രൂപം കൊണ്ട പലവിധ രാഷ്ട്രീയ പരീക്ഷണങ്ങളും ഒരു വിധത്തിൽ തീവ്ര ഇസ്‌ലാമായോ, അല്ലാതെയോ സ്വീകരണത്തിനും നിരാകരണത്തിനും മദ്ധ്യേ ഉലയുന്നതും ഒരളവോളം കുറക്കാൻ ഉമ്മത്തിന്റെ ബോധ്യമെന്താവണമെന്ന് കൃത്യപ്പെടുത്തുന്ന തൈമിയൻ ചിന്തയുടെ പ്രായോഗികവൽക്കരണത്തിലൂടെ സാധ്യമാവും.

എന്നാൽ ഇബ്നു തൈമിയൻ രാഷ്ട്രീയ ചിന്തകളെ വേണ്ട വിധം മുസ്‌ലിം സമുദായത്തിന്  സ്വാംശീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. അന്ധമായ സലഫീ ആശയങ്ങളോടുള്ള വിരോധം ഒരു ഭാഗത്ത് ദൂരിപക്ഷം സുന്നി-അശ്അരി ചിന്താ സരണിയിലെ ഒരു വിഭാഗത്തെ ഇബ്നു തൈമിയൻ ആശയങ്ങൾ മനസ്സിലാക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്തുന്നതായി കാണാം. അതേസമയം ഇബ്നു തൈമിയൻ ആശയ വാഹകരെന്ന് അവകാശപ്പുന്ന ഒരു കൂട്ടം സലഫികളാവട്ടെ അദ്ദേഹത്തിന്റെ പഠനങ്ങളെ വേണ്ട വിധം കാലാനുസൃതമായി വായിക്കാനും വാഖ്യാനിക്കുവാനും തയ്യാറാവുന്നില്ല. തീർത്തും അരാഷ്ട്രീയവൽക്കരിക്കപ്പെട്ട സലഫിസത്തെയും വർത്തമാന കാലത്ത് കാണുവാൻ കഴിയും. അന്ധമായ അഖീദ പക്ഷാപാതവും, വിരോധവും മാറ്റി നിർത്തി  കാലത്തിനനുയോജ്യമായി ഇസ്‌ലാമിക പാരമ്പര്യത്തിൽ നിന്ന് സംവാദാത്മകവും, വൈജ്ഞാനികവുമായ കൊടുക്കൽ വാങ്ങലുകളിലൂടെ മുസ്‌ലിം ഉമ്മത്തിന് സ്വയം നിർവ്വചിക്കുവാനും, സംഘടിക്കുവാനും കഴിയുന്നതിലൂടെ മാത്രമേ ഇസ്‌ലാമിന് ശോഭനമായ ഭാവിയുള്ളൂ. ഇബ്നു തൈമിയൻ രാഷ്ട്രീയ ചിന്ത അത്തരത്തിലുള്ള ഉമ്മത്തിന്റെ നല്ലൊരു ഭാവിയിലേക്കുള്ള അടിത്തറയാണ്.


അവലംബം

[1] Anjum, Ovamir. Politics, Law, and Community in Islamic Thought: The Taymiyyan Moment. Cambridge University Press, 2012.

[2] مجموع فتاوى ,19:176,177

[3] Anjum, Ovamir. Politics, Law, and Community in Islamic Thought: The Taymiyyan Moment. Cambridge University Press, 2012.

[4] Ibid.

ആമിർ സുഹൈൽ