Campus Alive

മതവും അപകോളനീകരണ സിദ്ധാന്തവും

(2019 ൽ കണ്ടെന്റിങ് മൊഡേണിറ്റീസ് ‘ഡീകൊളോണിയാലിറ്റി ആൻഡ് ദി സ്റ്റഡി ഓഫ് റിലീജ്യൻ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം)


മതങ്ങളെ പറ്റിയുള്ള അക്കാദമിക പഠനങ്ങളെ അപകോളനീകരണ ചിന്തകള്‍ വലിയതോതിൽ വെല്ലുവിളിക്കുന്നുണ്ട്. ഈയടുത്ത കാലത്തായി പുറത്തിറങ്ങിയ പല ഡീകോളോണിയല്‍ പഠനങ്ങളും മതത്തോടുള്ള വ്യത്യസ്ത അക്കാദമിക സമീപനങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നവയാണ്. അപകോളനീകരണ ചിന്തയും, മതപഠനത്തിനായുള്ള സിദ്ധാന്തവും രീതിശാസ്ത്രവും എന്ന നിലയിൽ ആധുനികത/കോളോണിയാലിറ്റിയെ സംബന്ധിച്ച അതിന്റെ വിശകലനങ്ങളും ആ മേഖലയിലെ അധീശത്വ (എന്നാൽ ഇപ്പോഴും അവ്യക്തമായ) യൂറോ കേന്ദ്രീകൃത ജ്ഞാനശാസ്ത്ര സമീപനങ്ങളുടെ സൂക്ഷ്മമായ പുനര്‍വായനകളെ ആവശ്യപ്പെടുന്നുണ്ട്.

അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ അപകോളനീകരണ ചിന്തകളുടെ ആവിര്‍ഭാവം സുദീര്‍ഘമായ കൊളോണിയല്‍ വിരുദ്ധ മുന്നേറ്റങ്ങളുമായും കൊളോണിയലിസത്തിന്റെ ആദ്യകാലം മുതല്‍ക്കേ ആരംഭിച്ച ലാറ്റിന്‍ അമേരിക്കയില്‍ നിന്നും കരീബിയയില്‍ നിന്നുമുള്ള വിമര്‍ശന സാഹിത്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നതാണ്. എങ്കിലും, അര്‍ജന്റൈന്‍-മെക്‌സിക്കന്‍ ചിന്തകനായ എൻറിക് ദുസ്സേലിന്റെയും(Enrique Dussel) പെറുവിയൻ സാമൂഹ്യശാസ്ത്രജ്ഞനായ അനിബൽ ഖ്വിജാനോയുടെയും(Anibal Quijano) എഴുത്തുകളാണ് അപകോളനീകരണ ചിന്തകള്‍ക്ക് കൃത്യമായ ചട്ടക്കൂടുകള്‍ ഒരുക്കിയത്. എഡ്വേര്‍ഡ് സൈദും അദ്ദേഹത്തിന്റെ ചിന്തകളുമായി ഇടപഴകിയവരും രൂപപ്പെടുത്തിയ കോളനിയാനന്തര(Post-colonial) ജ്ഞാനപദ്ധതികള്‍ക്ക് സമാന്തരമായോ അതിന്റെ പ്രതിഫലനമായോ രൂപപ്പെട്ടതാണത്. ‘അധികാരത്തിന്റെ കോളനീകരണം'(Coloniality of Power) എന്ന ഖ്വിജാനോയുടെ സങ്കല്‍പനം കൊളോണിയലിസത്തില്‍ പ്രവര്‍ത്തിക്കുന്ന അധികാരത്തിന്റെ ബഹുമുഖ (Polychronic) സ്വഭാവത്തെ വ്യക്തമാക്കുന്നു. അഥവാ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ചരിത്രപരവും വ്യവസ്ഥാപിതവുമായ കോളനിവത്കരണത്തെ മാറ്റിനിർത്തിയാൽ തന്നെ കോളോണിയാലിറ്റി ലോകത്ത് സ്വയം സ്ഥാപിക്കപ്പെടുന്നുണ്ട്.

അനിബൽ ഖ്വിജാനോ & എൻറിക് ദുസ്സേൽ

മതം എന്ന ആധുനിക സംവർഗ്ഗത്തിന്റെ വംശാവലിയെ കുറിച്ചുള്ള പഠനത്തില്‍, തങ്ങളുടെ ‘സാര്‍വലൗകികമായ’ മതേതര യുക്തിക്ക് ഇണങ്ങും വിധം മതം എങ്ങനെയാണ് സ്വകാര്യവത്കരിക്കപ്പെട്ടതെന്ന് തലാല്‍ അസദ് ചര്‍ച്ച ചെയ്യുന്നുണ്ട്. അസദിന് ശേഷം, മതം എന്ന സംവർഗ്ഗത്തിന്റെ നിര്‍മ്മാണവും നിക്ഷിപ്തമാക്കലും (Essentialization) പ്രശ്‌നവത്കൃതമായ ഒന്നാണെന്നും കാരണമത് ജ്ഞാനത്തെ കുറിച്ചുള്ള കൊളോണിയല്‍ ചട്ടക്കൂടുകളെ ദൃഢീകരിക്കുന്നതാണെന്നുമുള്ള വാദം മറ്റു പലരും മുന്നോട്ടുവെക്കുന്നുണ്ട് (ഫിറ്റ്‌സ്‌ജെറാള്‍ഡ്, 2000). അതോടൊപ്പം തന്നെ, മതത്തിന്റെയും മതേതരന്റെയും (സെക്കുലർ) നിർവചനം പരസ്പര ബന്ധിതമായതിനാൽ, സെക്കുലറിന്റെ ഉത്ഭവത്തെ മതം എന്ന സംവർഗ്ഗത്തിൽ നിന്നും വേര്‍പെടുത്തി വിശകലനം ചെയ്യുക സാധ്യമല്ല. മതേതരത്വത്തെ കുറിച്ച് അടുത്തകാലത്ത് നടന്നിട്ടുള്ള സംവാദങ്ങള്‍ മതം എന്ന ആധുനിക സമസ്യയെ കൂടുതല്‍ അന്വേഷിക്കുകയും ആധുനിക പാശ്ചാത്യ ലോക നിര്‍മിതിയില്‍ മതത്തിനുള്ള അനിഷേധ്യമായ പങ്കിനെ വരച്ചുകാട്ടുകയും ചെയ്യുന്നു (ചാള്‍സ് ടൈലര്‍, ജര്‍ഗന്‍ ഹെബര്‍മാസ്, ജോസ് കാസനോവ). അതേ സമയം തന്നെ മറ്റുചിലർ ആധുനിക കൊളോണിയല്‍ ലോകത്തെ സൃഷ്ടിക്കുന്നതില്‍ മതേതരത്വത്തിനുള്ള പങ്കിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. മതേതരത്വത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്നതിലൂടെ (നവ)കൊളോണിയല്‍ രാഷ്ട്രഘടനയിലെ സങ്കീര്‍ണമായ അധികാര രൂപീകരണത്തെയും അധികാര കൈമാറ്റങ്ങളെയും (Exchange) വിശകലനം ചെയ്യാന്‍ കഴിയുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. സങ്കീര്‍ണമായ ഈ അധികാര രൂപങ്ങൾ ഒരേസമയം സെക്കുലറിനെ ഉയർത്തിപ്പിടിക്കുകയും അതേസമയം പാശ്ചാത്യ ലിബറലിസത്തെ ഒരു ഉദാത്തമാക്കു ന്നതിനെ (Normativization) മറച്ചുപിടിക്കുകയും ചെയ്യുന്നു. മറ്റൊരര്‍ഥത്തില്‍, പാശ്ചാത്യ/ക്രിസ്ത്യന്‍ അധീശത്വത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന ആധുനിക പാശ്ചാത്യ ആഗോളീകരണത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയായി പ്രവര്‍ത്തിക്കുന്ന മതേതരം (സെക്കുലര്‍), മറുവശത്ത് ‘മതത്തെ’ (മതം എന്ന ആശയത്തെ) അപരാഷ്ട്രീയവത്കരിക്കുകയും (Depoliticize) ചെയ്യുന്നു.

ഇങ്ങനെ, മതം എന്ന ആധുനിക പരികല്‍പ്പനയെ ആധുനികത/കൊളോണിയാലിറ്റിയുടെ ഉപോല്‍പ്പന്നമായി മനസ്സിലാക്കാന്‍ കഴിയും. ഇവിടെ മതേതരത്വം, ആധുനികത/കൊളോണിയാലിറ്റിയുടെ രണ്ടറ്റങ്ങളെയും വിളക്കിചേർക്കുന്ന ആധുനിക മതത്തിന്റെ പ്രതിബിംബമായി പ്രവര്‍ത്തിക്കുന്നു. വംശം എന്ന സങ്കേതത്തിന്റെ ആവിര്‍ഭാവത്തെ ‘മത’ത്തെ കുറിച്ച ആധുനിക പരികല്പനകളുടെ നിമ്മാണത്തിൽ നിന്നും വേര്‍പെടുത്തിക്കൊണ്ട് വിശകലനം ചെയ്യാന്‍ സാധിക്കില്ല എന്ന് വാള്‍ട്ടര്‍ മിഗ്നാലോയും(Walter Mignolo) നെല്‍സണ്‍ മള്‍ഡൊണാഡോ ടോറസും(Nelson Maldonado-Torres) കാണിച്ചു തരുന്നുണ്ട്. ആളുകള്‍ തമ്മിലുള്ള സത്താപരമായ വ്യത്യാസങ്ങളെ(Ontological difference) അടയാളപ്പെടുത്തുന്ന പരമ്പരാഗത രീതി ആധുനികതയില്‍ മതഭാഷയില്‍ നിന്നും (മതപരമായ വ്യത്യാസത്തില്‍ നിന്നും) ശാസ്ത്രീയ യുക്തിയുടെ മതേതര ഭാഷയിലേക്ക്(വംശീയ വ്യത്യാസങ്ങള്‍) മാറി. മറ്റൊരര്‍ഥത്തില്‍, പുതുതായി ഉയര്‍ന്ന് വന്ന വംശീയ വിഭാഗങ്ങള്‍ യൂറോപ്പിന്റെ കൊളോണിയല്‍ ഭാവനകളെ സംസ്ഥാപിക്കുകയും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയിലെ ശ്രേണീവത്കൃത വ്യത്യാസങ്ങളെ സൃഷ്ടിച്ചെടുക്കുന്നതിലുള്ള മതത്തിന്റെ സ്ഥാനം അത് ഏറ്റടെുക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിലെ സ്പാനിഷ് മതകീയ വിചാരണ തൊട്ട് പതിനാറാം നൂറ്റാണ്ടിലെ വലാഡോളിഡ് ഡിബേറ്റ് വരെയും, പുതിയ ലോകത്തെ മിഷണറി പ്രവര്‍ത്തനങ്ങള്‍ മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിലെ മതതാരതമ്യ പഠനങ്ങളുടെ ആവിർഭാവം വരെയും, മതം -അതിന്റെ മതേതരവത്കരണ പ്രക്രിയയില്‍- വംശീയവത്കരിക്കപ്പെടുകയും യൂറോപ്യന്‍ കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കധിഷ്ഠിതമായി സത്താപരമായ വ്യത്യാസങ്ങള്‍ രൂപപ്പെടുത്തുന്നതിനായുള്ള ഒരു ഉപകരണമായി മാറുകയും ചെയ്തു.

Debate of Valladolid

പാശ്ചാത്യ ജ്ഞാനശാസ്ത്ര ചട്ടക്കൂടുകളെ നിര്‍ണയിക്കുന്ന പ്രത്യയശാസ്ത്രമായി മതേതരത്വം പ്രതിഷ്ഠിക്കപ്പെട്ടതോടെ ആധുനികത/കൊളോണിയാലിറ്റിയുടെ ചരിത്രപരമായ വംശാവലിയിലെ മതത്തിന്റെ അനിഷേധ്യമായ സാന്നിധ്യം അദൃശ്യമാക്കപ്പെടുകയാണുണ്ടായത്. അപ്പോൾ കൊളോണിയൽ അധീശത്വത്തിലെ മതത്തിന്റെ പ്രവര്‍ത്തനങ്ങളെ സാധ്യമാക്കുന്ന ഒരു മാധ്യമമായി  സെക്കുലറിനെ മനസ്സിലാക്കാം. ആധുനികത/കൊളോണിയാലിറ്റിയെ കുറിച്ചുള്ള പഠനങ്ങളിലെ മതവുമായുള്ള ഇടപെടലിന്റെ വലിയ തരത്തിലുള്ള അഭാവം, മതം/മതേതരം  എന്നീ ദ്വന്ദങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജ്ഞാനത്തിന്റെ കോളനീകരണത്തെയാണ് സൂചിപ്പിക്കുന്നത്.. അപകോളനീകരണ ചിന്തകളെ ഗൗരവതരമായി മനസ്സിലാക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, മത പഠനങ്ങളോട് അപകോളനീകരണ ചിന്ത ഉയർത്തുന്ന വെല്ലുവിളികളെയും അവ നൽകുന്ന ഉൾക്കാഴ്ചകളെയും പരിഗണിക്കുക എന്നാണ്, പ്രത്യേകിച്ചും മതപഠനങ്ങളുടെ രീതിശാസ്ത്രം, പാഠം(Text), ഇടം(Site), സങ്കല്‍പന ചട്ടക്കൂട്(Conceptual framework) എന്നിവയോടുള്ള ചോദ്യങ്ങള്‍. ആധുനിക മതത്തെ സൈദ്ധാന്തിക്കുന്നതിനുള്ള പ്രാഥമിക ഇടങ്ങളായി അമേരിക്കയെയും ട്രാന്‍സ്-അറ്റ്‌ലാന്റിക് ചരിത്രാനുഭവങ്ങളെയും പരിഗണിക്കുന്ന ഒരു ട്രാന്‍സ്-അറ്റ്‌ലാന്റിക് അപകോളനീകരണ സിദ്ധാന്തം (അല്ലെങ്കിൽ അപകോളനീകരണ രീതിശാസ്ത്രം) മത പഠനത്തിന്റെ മേഖലയിൽ അനിവാര്യമാണ്. കൊളോണിയലിസത്തിന് ആധുനിക മതപഠനവുമായുള്ള പരസ്പര ബന്ധത്തെ കുറിച്ച് ഒരുപാട്‌പേര്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. 18, 19 നൂറ്റാണ്ടുകളിലെ കൊളോണിയലിസമാണ് ഈ ബന്ധത്തിന്റെ തുടക്കമായി പലരും ചൂണ്ടിക്കാണിക്കുന്നത്. മതത്തെ കുറിച്ചുള്ള അക്കാദമിക പഠനങ്ങള്‍ വര്‍ത്തമാനകാല യൂറോപ്യന്‍ സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെങ്കില്‍, കോളോണിയല്‍ അപര നിര്‍മാണവും ആധുനിക പാശ്ചാത്യ ഭാവനയും തമ്മിലുള്ള പരസ്പരാശ്രയത്വത്തെ(Symbiotic relation) മനസ്സിലാക്കാനുള്ള പഴയതും എന്നാല്‍ സുപ്രധാനമായതുമായ ഒരു ‘സമയവും സ്ഥലവു’മാണ് 1492ലെ കൊളോണിയല്‍ അധിനിവേശം.

മതത്തെയും ആധുനികത/കൊളോണിയാലിറ്റിയെയും കുറിച്ചുള്ള പഠനങ്ങളുടെ വിശകലനത്തിനായി സ്പാനിഷ്-അമേരിക്കന്‍ കൊളോണിയല്‍ അധിനിവേശത്തെ പ്രാഥമിക അവലംബമായി പരിഗണിക്കുന്നതിലൂടെ, ആധുനിക മതപഠനങ്ങളെ രൂപപ്പെടുത്തിയെടുത്ത സങ്കല്‍പന-സൈദ്ധാന്തിക ചട്ടക്കൂടുകളുടെ ജ്ഞാനശാസ്ത്ര അടിത്തറകളെ പുനരന്വേഷിക്കാന്‍ കഴിയും. അതേസമയം, ലാറ്റിനമേരിക്കന്‍ മതചിന്തകളിലെല്ലാം കാണാന്‍ കഴിയുന്ന അപകോളനീകരണത്തിന്റെ വിത്തുകളെ അന്വേഷിക്കുക വഴി മതത്തോടുള്ള ലാറ്റിനമേരിക്കയുടെ അപകോളനീകരണ കാഴ്ച്ചകളെയും മനസ്സിലാക്കാൻ ഈ സമീപനം സഹായിക്കുന്നു. തീര്‍ച്ചയായും ഇത്തരം ഒരു ചിന്താപദ്ധതിയിലൂടെ നോര്‍ത്തമേരിക്കന്‍ അക്കാദമിക ലോകത്തെ മതത്തെ കുറിച്ച് പഠനം നടത്തുന്ന ആളുകള്‍ക്ക് ലാറ്റിന്‍/കരീബിയന്‍ പാരമ്പര്യങ്ങളുമായി ഇടപഴകല്‍ അനിവാര്യമായി വരികയും ചെയ്യും.

മതത്തെ കുറിച്ചുള്ള അപകോളനീകരണ സിദ്ധാന്തം, ആധുനിക മതത്തെ വിശകലനം ചെയ്യുന്നതിനായുള്ള പ്രാഥമിക ഇടമായി, ഐബീരിയന്‍ ഉപദ്വീപിലെ മത(വംശ) അടിസ്ഥാനത്തിലുള്ള ഭൂപടനിർമ്മാണം (സ്പാനിഷ് മതവിചാരണ), കൊളോണിയല്‍ അധിനിവേശം, കൊളോണിയല്‍ അപരന്റെ മനുഷ്യത്വത്തെ കുറിച്ചുള്ള ദൈവശാസ്ത്ര-നിയമ സംവാദങ്ങൾ(വലാഡോളിഡ് സംവാദങ്ങള്‍) എന്നിവ അടങ്ങിയ ട്രാന്‍സ്-അറ്റ്‌ലാന്റിക് പ്രദേശങ്ങളിലെ സാമ്രാജ്യത്വ രൂപീകരണപ്രക്രിയകളെ പുനര്‍നിര്‍ണയിക്കുന്നു. അതേപോലെ വ്യത്യസ്തങ്ങളായ കൊളോണിയല്‍ വിരുദ്ധ പ്രാദേശിക ചിന്തകളും മുന്നേറ്റങ്ങളും, വിമോചന തത്വങ്ങളും ദൈവശാസ്ത്രങ്ങളും അതോടൊപ്പം തന്നെ ആധുനിക/കൊളോണിയല്‍ ഘടനയെയും അതിന്റെ ബ്ലാക്ക് വിരുദ്ധ ലോകവീക്ഷണത്തെയും വിശകലനം ചെയ്യാനായി ആഫ്രിക്കന്‍ ഡയസ്‌പോറയുടെ ചരിത്രാനുഭവങ്ങളെ കുറിച്ച് പഠിക്കുന്ന ചിന്തകർ, തുടങ്ങിയവയെല്ലാം ഇത്തരമൊരു പദ്ധതിയില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.

ബാഴ്സലോണയിൽ കൊളമ്പസ് പ്രതിമക്കെതിരെ വ്യത്യസ്ത സംഘടനകൾ മാർച്ച് നടത്തുന്നു. Photo credit: Contending Modernities

മത പഠനങ്ങളിലും വിശകലനങ്ങളിലുമുള്ള അധീശത്വ മതേതര ശക്തികളുടെ അപ്രമാദിത്വം മതത്തോടുള്ള ഇടപെടലുകളിൽ അപകോളനീകരണ സിദ്ധാന്തങ്ങൾക്കുള്ള അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തദ്ഫലമായി, കൊളോണിയൽ അധീശത്വത്തിലെ മതത്തിന്റെ പങ്ക് മാത്രമല്ല മറച്ചുവെക്കപ്പെടുന്നത്, മറിച്ച്, വ്യത്യസ്ത തരത്തിലുള്ള കൊളോണിയല്‍ വിരുദ്ധ മുന്നേറ്റങ്ങളെ സാധ്യമാക്കിയ സങ്കീര്‍ണമായ വൈജ്ഞാനിക വംശാവലികൾ കൂടിയാണ് വെളിപ്പെടാതെ പോകുന്നത് (അവയില്‍ പലതും മതപാഠങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതാണ്). അതിനാലാണ് മതേതര പാഠങ്ങള്‍ക്കും ചിന്തകര്‍ക്കും ലഭിക്കുന്ന അതേ അക്കാദമിക പ്രാധാന്യം അമേരിക്കന്‍ ഉപഭൂഖണ്ഡത്തില്‍ മതാശയങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ലഭിക്കേണ്ടതുണ്ടെന്ന് പറയുന്നത്. അമേരിക്കയിലെ മത/സൗന്ദര്യശാസ്ത്ര/സാംസ്‌കാരിക ഉണർവുകളെയും  രാഷ്ട്രീയ വീക്ഷണങ്ങളെയും ഒരു സാകല്യമായി പരിഗണിക്കുമ്പോൾ മതത്തെ സിദ്ധാന്തിക്കാനായുള്ള സ്രോതസ്സായി ഫ്രാന്‍സ് ഫാനന്റെയോ അല്ലെങ്കില്‍ ജോസ് മാര്‍ട്ടിയുടെയോ പോലുള്ള മതേതര പാഠങ്ങളും പ്രധാനമാണ്. അതിന് കഴിഞ്ഞില്ലായെങ്കില്‍ അത്തരം പാഠങ്ങള്‍ക്കകത്തുള്ള സൂക്ഷ്മ വിമര്‍ശനങ്ങളും മത തത്വങ്ങളെ കുറിച്ചുള്ള വിവിധങ്ങളായ തിരിച്ചറിവുകളും നമുക്ക് നിരന്തരമായി നഷ്ടമാവും. അതോടൊപ്പം തന്നെ അവയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാതെയും വരുന്നു. ലാറ്റിനമേരിക്കയിലെയും കരീബിയയിലെയും മതങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍, ‘പണ്ഡിതൻ-ആചാരനിർവാഹകൻ’ (Scholar-Practitioner) എന്ന ദ്വന്ദത്തിൽ നിന്നുകൊണ്ട് പ്രാദേശിക സമുദായങ്ങളുടെ ‘സാംസ്‌കാരികമായ ആചാരങ്ങളിൽ’ മാത്രം കേന്ദ്രീകരിക്കപ്പെടുകയും, അതുമൂലം അവയുടെ ബൗദ്ധികോൽപാദനങ്ങൾക്ക് പ്രാധാന്യം ലഭിക്കാതെ പോവുകയും ചെയ്യുന്നതായി ഐഷ എം ബെലിസോ-ഡി ജീസസ്(Aisha M Beliso-De Jesús) അടുത്തകാലത്ത് നിരീക്ഷിക്കുന്നുണ്ട്. അത്തരമൊരു ദ്വന്ദം പടിഞ്ഞാറും പടിഞ്ഞാറേതരവും (അല്ലെങ്കിൽ വടക്കൻ അർദ്ധഗോളവും ഗ്ലോബൽ സൗത്തും) തമ്മിലുള്ള അക്കാദമിക തൊഴില്‍ വിഭജനത്തെ പുനരുല്‍പാദിപ്പിക്കുന്നു, അഥവാ ക്രിസ്ത്യന്‍ പാശ്ചാത്യ ലോകം/നോർത്ത് സിദ്ധാന്തത്തിലൂടെ(പാഠം) ജ്ഞാനമുല്‍പാദിപ്പിക്കുമ്പോള്‍, ക്രൈസ്തവമല്ലാത്ത പൗരസ്ത്യം ജ്ഞാനോൽപാദനത്തെ ശീലങ്ങള്‍ക്ക്(ആചാരം) വിട്ടുകൊടുക്കുന്നു.

ഐബീരിയൻ-കൊളോണിയല്‍ അധിനിവേശത്തെ മതത്തെയും കൊളോണിയലിസത്തെയും പഠിക്കുന്നതിനുള്ള പ്രാഥമിക അവലംബമായി ഉപയോഗപ്പെടുത്തുന്നതിലൂടെ മതപഠന രംഗത്തെ ജ്ഞാനോൽപാദനത്തെ രൂപപ്പെടുത്തുന്ന അധീശ ജ്ഞാന സങ്കല്‍പ്പനങ്ങളുടെയും അധികാരത്തിന്റെയും പ്രശ്‌നങ്ങളെ പുനഃപരിശോധിക്കുന്നതിനായുള്ള വിമര്‍ശനാത്മക ചട്ടക്കൂട് വികസിപ്പിക്കാന്‍ സാധിക്കും. മതത്തില്‍(അതിനെ പറ്റിയുള്ള പഠനത്തിലും) അന്തര്‍ലീനമായിക്കിടക്കുന്ന സങ്കീര്‍ണമായ കൊളോണിയല്‍ അധികാരത്തെ അത് തുറന്നുകാട്ടുന്നു. ആധുനികത/കൊളോണിയാലിറ്റിയെ സംബന്ധിച്ച വിശകലനങ്ങൾ, ട്രാന്‍സ്-അറ്റ്‌ലാന്റിക് ചട്ടക്കൂടുകള്‍ക്കകത്ത് നിന്നുകൊണ്ട് വിമര്‍ശനാത്മകമായി പാശ്ചാത്യ മതത്തെ കുറിച്ചുള്ള പഠനങ്ങളെ പുനഃപരിശോധിക്കുന്നതിന്റെ പ്രാധാന്യം നമുക്ക് കാണിച്ചു തരുന്നു. അതേ സമയം, ട്രാന്‍സ്-അറ്റ്‌ലാന്റിക് വീക്ഷണകോണിൽ നിന്നും കൊളോണിയല്‍ അമേരിക്കയെ വിശകലന വിധേയമാക്കുന്നതിലൂടെ പാശ്ചാത്യ മതേതര ആധുനികതയെയും അതിന്റെ ഒഴിച്ചുകൂടാനാവാത്ത അപരനെയും (കൊളോണിയാലിറ്റി) പറ്റിയുള്ള സമഗ്രമായ തിരിച്ചറിവ് നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

* മതപഠനം, മതപണ്ഡിതന്മാർ തുടങ്ങിയ പദങ്ങൾ മതത്തെ കുറിച്ചുള്ള പഠനങ്ങൾ, മതത്തെ കുറിച്ചു പഠിക്കുന്നവർ എന്ന അർത്ഥത്തിലാണ് ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ളത്


വിവർത്തനം: അസ്ഹർ അലി

Courtesy: Contending Modernities

 

ആൻ യാൻടെ