Campus Alive

മതവും സമാധാനസ്ഥാപനവും: ഒരു പോസ്റ്റ്കൊളോണിയൽ വീക്ഷണം

(2019ൽ Decoloniality and the study of religion എന്ന തലക്കെട്ടിൽ കണ്ടെന്റിങ് മോഡേണിറ്റീസ് പ്രസിദ്ധീകരിച്ച ലേഖന പരമ്പരയിലെ ആദ്യ ലേഖനം) 


മതത്തെയും സമാധാനസ്ഥാപനത്തെയും (peacebuilding) കുറിച്ചുള്ള പഠനങ്ങളോടുള്ള പോസ്റ്റ്കൊളോണിയൽ സമീപനം, ക്രിയാത്മകമായ ചർച്ചകൾക്ക് വിഘാതം നിൽക്കുന്ന അധീശ മിത്തുകളുടെ കെട്ടുകളഴിച്ചുകൊണ്ട് മാത്രമേ ആരംഭിക്കാൻ കഴിയുകയുള്ളൂ. മാധ്യമങ്ങളും അക്കാദമിക്കുകളും പണ്ഡിതരും ജനകീയമാക്കിയ ഈ മിത്തുകൾ, കൊളോണിയലിസവുമായി ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന യൂറോ കേന്ദ്രീകൃതവും യൂറോ-അമേരിക്കനുമായ മുൻധാരണകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരം മിത്തുകളുടെ നിഗൂഢതകളെ ഇല്ലാതാക്കുന്നത് മതപാരമ്പര്യങ്ങളിൽ സമാധാനസ്ഥാപനം നടത്തുന്ന പ്രക്രിയകളിൽ ഇടപെടുന്നതിനെ കൂടുതൽ എളുപ്പമാക്കും.

രാഷ്ട്രീയമീമാംസകനായ സാമുവൽ ഹണ്ടിങ്ടൺ അവതരിപ്പിച്ച ‘നാഗരികതകളുടെ സംഘട്ടനം’ (Clash of Civilization) എന്നതാണ് ഒന്നാമത്തെ മിത്ത്. ഹണ്ടിങ്ടൺ പറയുന്നത്, ഭാവിയിൽ നടക്കാൻ പോകുന്ന യുദ്ധങ്ങളും സംഘർഷങ്ങളുമെല്ലാം പ്രത്യയശാസ്ത്ര ഭിന്നതകളുടെ പേരിലായിരിക്കില്ല അരങ്ങേറുക, മറിച്ച് മതാധിഷ്ഠിതമായ നാഗരികതകൾ തമ്മിലുള്ള പോരുകളായിരിക്കും അതിന് നിദാനമാവുക എന്നാണ്. പാശ്ചാത്യ അധീശത്തെ ഉറപ്പിക്കുന്നതിനാലും ശീതയുദ്ധാനന്തരം രൂപപ്പെട്ട ലോകരാഷ്ട്രീയത്തിനുള്ള ഒരു വിശദീകരണം എന്ന നിലയിലും ഈ പരികല്പന ഏറെ ജനകീയമാവുകയാണുണ്ടായത്. ഏതായിരുന്നാലും, സംസ്കാരത്തെയും മത വൈവിധ്യങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണകളുടെ വേരുകൾ കൊളോണിയൽ വ്യവഹാരങ്ങളിലാണ് കണ്ടെത്താൻ കഴിയുക. എഡ്വേർഡ് സയ്ദ് തന്റെ ഓറിയന്റലിസം എന്ന ഗ്രന്ഥത്തിൽ കോളനിവത്ക്കരണത്തിന്റെ ഭാഗമായി ആധിപത്യവും നിയന്ത്രണവും സ്ഥാപിക്കുന്നതിനായി എങ്ങനെയാണ് പടിഞ്ഞാറ് കിഴക്കിനെ (ഓറിയന്റ്) കുറിച്ച് അപരിഷ്കൃതരും, അധമരുമായി വിഭാവനം ചെയ്തത് എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. നാഗരികതകളെ പരസ്പര വിനിമയമോ കൊടുക്കൽവാങ്ങലുകളോ സാധ്യമല്ലാത്തവിധം അടഞ്ഞതും ഏകശിലാത്മകവുമായ അസ്തിത്വങ്ങളായി പരിഗണിച്ചുകൊണ്ടാണ് കൊളോണിയൽ വ്യത്യാസങ്ങളുടെ ഭയത്തെയും നാഗരികതളുടെ ഭീഷണിയെയും ഹണ്ടിങ്ടൺ പുനഃപ്രവർത്തിപ്പിച്ചത്.

സാമുവൽ ഹണ്ടിങ്ടൺ & എഡ്വേഡ് സയ്ദ്

മതത്തെ യുക്തിഹീനവും ആധുനികതയോട് ഇടഞ്ഞ് നിൽക്കുന്നതുമായി മനസ്സിലാക്കുന്ന മതേതരവൽക്കരണമാണ് രണ്ടാമത്തെ മിത്ത്. പ്രധാന്യമില്ലാത്തതോ പൊതുവിൽ സാമൂഹികജീവിതത്തിന് ഭീഷണിയായതോ ആയ ഒന്നായാണ് മതത്തെ കുറിച്ച് മതേതര മിത്ത് മുന്നോട്ടുവെക്കുന്ന വീക്ഷണം. കൃത്യമായി പറഞ്ഞാൽ, സംഘർഷങ്ങൾ പരിഹരിക്കുന്നതിന് വിഘാതം നിൽക്കുന്നത് മതമാണ് എന്നാണ് മതേതര കാഴ്ചപ്പാട്. സാമൂഹിക സംഘർഷങ്ങളുടെ ഉറവിടങ്ങളായി മതേതരത്വത്തിന്റെ വക്താക്കൾ ചൂണ്ടിക്കാണിക്കുന്നത് മതകീയ വരേണ്യരെയും മതകീയ സ്ഥാപനങ്ങളെയുമാണ്. നവോത്ഥാനം മുതൽക്കുള്ള യൂറോപ്പ്യൻ ചരിത്രത്തിന്റെ വികാസങ്ങളെ യൂറോപ്പിതര സമൂഹങ്ങളെ നോക്കികാണുവാനുള്ള അളവുകോലായി എടുക്കുമ്പോൾ, കൊളോണിയലും യൂറോകേന്ദ്രീകൃതവുമായ (മുൻ)ധാരണകളെയാണ് ഈ മതേതരമിത്ത് കാണിക്കുന്നത്. പ്രമുഖ നരവംശശാസ്ത്രജ്ഞനായ തലാൽ അസദ് തന്റെ ഫോർമേഷൻ ഓഫ് ദി സെക്കുലർ എന്ന ഗ്രന്ഥത്തിൽ, ആധുനിക പടിഞ്ഞാറിലും പശ്ചിമേഷ്യയിലുമുള്ള മതേതര കാഴ്ചപാടുകളെ രൂപപ്പെടുത്തിയ മതേതരത്വത്തിന്റെ ആശയങ്ങളെയും മതേതരം (സെക്കുലർ) എന്നതിന്റെ രാഷ്ട്രീയരൂപീകരണത്തെയും കുറിച്ച ചരിത്രപരമായ വിശദീകരണം നൽകുന്നുണ്ട്. മതേതരനെ മതത്തിന്റെ ഒരു പിൻഗാമിയോ മതത്തെക്കാളും കൂടുതൽ യുക്ത്യാധിഷ്ഠിതമായതോ ആയി കാണാൻ കഴിയില്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. മറിച്ച്, വ്യത്യസ്ത സംസ്കാരങ്ങളിലായി പലമാനങ്ങളുള്ള ചരിത്രങ്ങൾ അതിനുണ്ട്. മുതലാളിത്ത ആധുനികതയെ ഒരു മാതൃകയായി സ്വീകരിച്ചുകൊണ്ടുള്ള ആധുനികതയെ കുറിച്ച ഏകശിലാത്മകമായ മനസ്സിലാക്കലുകളെ അദ്ദേഹത്തിന്റെ പഠനങ്ങൾ വെല്ലുവിളിക്കുകയും ഒപ്പം, പണ്ഡിതർ ആഗോള ആധുനികത എന്ന് വിളിച്ച വിശാലമായ തലത്തിലേക്ക് അന്വേഷണങ്ങളെ നയിക്കുകയും ചെയ്യുന്നുണ്ട്.

കൂടുതൽ അപകടകരവും ഇസ്‌ലാമോഫോബിക്കുമായതാണ് മൂന്നാമത്തെ മിത്ത്. അത്, ക്രിസ്റ്റ്യാനിറ്റിയും ബുദ്ധമതവും പോലെയുള്ള ചില മതങ്ങളെ സാമാധാന പ്രകൃതമുള്ളതും അതേസമയം ഇസ്‌ലാമിനെ ആക്രമണോത്സുകവും ഹിംസയെയും ‘ജിഹാദിസത്തെ’യും പ്രോത്സാഹിപ്പിക്കുന്നതുമായി അവതരിപ്പിക്കുന്നു. തെറ്റായ വാർപ്പ് മാതൃകകളാക്കി ചിത്രീകരിക്കുന്നതിലേക്കും ഒരു ജനതയെ ഒന്നടങ്കം ബലിയാടാക്കുന്നതിലേക്കും നയിക്കുമെന്നുള്ളത് കൊണ്ടാണ് ഈ വാദം അത്യന്തം അപകടകരമാണെന്ന് പറയുന്നത്. കുരിശുയുദ്ധത്തെയും, കൊളോണിയലിസത്തിലും അതുമായി ബന്ധപ്പെട്ട വംശഹത്യകളിലുമുള്ള ക്രിസ്തുമതത്തിന്റെ പങ്കിനെയും ക്രിസ്ത്യൻ-ബുദ്ധിസ്റ്റ് മതപാരമ്പര്യങ്ങളിലുള്ള ആന്തരിക സംഘർഷങ്ങളെയും അവഗണിക്കുന്നു എന്നതിനാൽ തന്നെ ഈ വാദം തീർത്തും ചരിത്രരഹിതമായ ഒന്നാണ്. ഇസ്‌ലാമിനെ മതപരമായ ഹിംസയോട് ചേർത്ത് വെക്കുന്നതും ആപത്കരമായ ‘മത സായുധകലാപങ്ങൾ’ എന്ന ഭാഷയും ശക്തമായ ഓറിയന്റലിസ്റ്റ് മുൻവിധിയെ തന്നെയാണ് വീണ്ടും സൂചിപ്പിക്കുന്നത്. കൊളോണിയലിസത്തിന്റെയും അപരവത്കരണത്തിന്റെയും മുസ്‌ലിം ലോകത്തിലെ സ്ഥാനഭ്രംശത്തിന്റെയും ചരിത്രത്തെ ഗൗരവത്തോടെ ഇത് കാണുന്നില്ല. സൂക്ഷ്മമായ ചില ന്യൂനപക്ഷ മുസ്‌ലിം തീവ്രവാദങ്ങളെ ഇസ്‌ലാമിനെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്ന ഒന്നായി കണക്കാക്കാൻ കഴിയില്ല. സമാധാനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന മറ്റനേകം മുസ്‌ലിം നേതാക്കളും സംഘടനകളും ലോകത്തുടനീളമുണ്ട്. ഇസ്‌ലാമിലെ അഹിംസയും സമാധാനനിർമ്മാണവും (Non violence and peacebuilding in Islam) എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് അബൂ നിമർ, സമാധാന നിർമ്മാണത്തെയും സംഘർഷ നിർമാർജ്ജനത്തെയും പിന്തുണക്കുന്ന ഖുർആനിലും ഹഥീസുകളിലും മറ്റ് ഇസ്‌ലാമിക പാരമ്പര്യങ്ങളിലുമുള്ള തത്വങ്ങളെയും മൂല്യങ്ങളെയും ചൂണ്ടിക്കാണിക്കുന്നുണ്ട്.

image credit: Contending Modernities

കോളനിയാനന്തര പഠനങ്ങൾ ഇത്തരം മിത്തുകളെ ഇഴകീറി പരിശോധിക്കാനും അതോടൊപ്പം മതത്തെ കുറിച്ചുള്ള പഠനങ്ങളിൽ ഉൾച്ചേർന്നിരിക്കുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശാനും സഹായകമാണ്. ‘മതം’ എന്നത് പ്രശ്നകരമായ ഒരു സംവർഗ്ഗമായും ആധുനിക പടിഞ്ഞാറിന്റെ മതത്തെക്കുറിച്ചുള്ള പഠനങ്ങൾ വംശീയതയുമായും അപരനിർമ്മിതിയുമായും ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ് കോളനിയാനന്തര വിമർശനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കിഴക്ക് നിന്നുള്ള ‘മിത്തിക്കൽ’ മതങ്ങളെയും ആഫ്രിക്കൻ ‘പ്രാകൃത’ മതങ്ങളെയും താരതമ്യം ചെയ്യാൻ വേണ്ടി ക്രിസ്റ്റ്യാനിറ്റിയെ ഒരു അവലംബമായി സ്വീകരിച്ചുകൊണ്ടാണ് കൊളോണിയലിസത്തിന്റെ പ്രതാപകാലമായ 19-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ മതത്തെക്കുറിച്ചുള്ള അക്കാദമിക പഠനങ്ങൾ വികസിച്ചുവന്നത്. മതത്തെ കുറിച്ചുള്ള പഠനങ്ങൾ അക്കാദമികലോകത്ത് ഒരു പഠനമേഖലായി രൂപപ്പെട്ട സമയത്ത്, സവിശേഷമായ, സാംസ്കാരികവും രാഷ്ട്രീയവും സാമൂഹികവുമായ മറ്റ് തലങ്ങളിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്ന ഒന്നായി ‘മതത്തെ’ കാണുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. ലളിതവത്കൃതവും ന്യൂനീകരിക്കുന്നതുമായ ഈ സമീപനം ‘ലോക മതങ്ങളെ’ പരിചയപ്പെടുത്തുന്ന വൈജ്ഞാനിക പദ്ധതികളിൽ തുടർന്ന് പോന്നു. ഇവിടെ, വിവിധ മത പാരമ്പര്യങ്ങളെ പ്രത്യേക വിശ്വാസ സംഹിതകളിലേക്കും അനുഷ്ടാനങ്ങളിലേക്കും ചില കർമ്മങ്ങളിലേക്കും നായകരിലേക്കും മാത്രമായി ചുരുക്കികെട്ടുകയാണുണ്ടായത്. മത സാക്ഷരതയുടെ പേരിൽ പരിമിതപ്പെടുത്തിയതും ലളിതവൽക്കരിച്ചതുമായ ഒരുതരം അറിവിനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിലൂടെ വിവിധ പാരമ്പര്യങ്ങളുടെ വ്യത്യാസങ്ങളെ അത് അധികരിപ്പിക്കുകയും വിദ്യാർത്ഥികളിൽ നിലനിൽക്കുന്ന മുൻവിധികളെ അത് ദൃഢീകരിക്കുകയും ചെയ്യുന്നു. ഇത്തരം ആമുഖ വിദ്യഭ്യാസ പദ്ധതികൾ സംവാദത്തെയും സമാധാനനിർമ്മാണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനു പകരം കൊളോണിയൽ-ഓറിയന്റലിസ്റ്റ് മിത്തുകളെ ദൃഢീകരിക്കുകയാണ് ചെയ്യുന്നത്. കോളനിയാനന്തര-അപകോളനീകരണ പഠനങ്ങളുടെ തിരിച്ചറിവുകളെ മുൻനിർത്തി റിച്ചാർഡ് കിംഗ്, ഡേവിഡ് ചിഡെസ്റ്റർ, സാന്റിയാഗോ സ്ലബോഡ്സ്കി, എന്നിവരും ഞാൻ തന്നെയും ഇന്ത്യൻ മതങ്ങളെയും ആഫ്രിക്കൻ മതങ്ങളെയും ജൂദായിസത്തെയും ക്രിസ്തുമതത്തെയും കുറിച്ച് നടത്തിയ പഠനങ്ങളിൽ മതത്തെ കുറിച്ചുള്ള പഠനത്തെയും ദൈവശാസ്ത്രത്തെയും സംബന്ധിച്ച ആശയങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പുതിയ സാധ്യതകളെ കുറിച്ച് സൂചിപ്പിച്ചുണ്ട്.

മതങ്ങൾ തമ്മിലുള്ള പരസ്പര സംഭാഷണം, വ്യത്യസ്ത മത പാരമ്പര്യങ്ങളിൽ നിന്ന് തന്നെ സമാധാന സ്ഥാപനത്തിനാവശ്യമായ വിഭവങ്ങൾ വീണ്ടെടുക്കുക, സംഘർഷത്തിന്റെയും സമാധാനത്തിന്റെയും ബലതന്ത്രങ്ങളിൽ മത പ്രവർത്തകരും ശൃംഖലകളും വഹിക്കുന്ന പങ്ക് തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് ഉയർന്നുവരുന്ന മതത്തെയും സമാധാനത്തെയും കുറിച്ച പഠനങ്ങളോടുള്ള നിർമ്മാണാത്മകമായ വിമർശനങ്ങളും കോളനിയാനന്തര പഠനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം മേഖലകളിലുള്ള പഠനങ്ങൾക്ക് ധാരാളം സംഭാവനകളർപ്പിക്കാൻ കഴിയുമെങ്കിലും, അവരുടെ ശ്രദ്ധാ കേന്ദ്രം പലപ്പോഴും പുരുഷ അക്കാദമിക്കുകളോ, അഭ്യസ്തവിദ്യരായ വരേണ്യരോ, പ്രമുഖരായ മത നേതാക്കളോ ആയിരിന്നു. പ്രശസ്ത പോസ്റ്റ്കൊളോണിയൽ സൈദ്ധാന്തികയായ ഗായത്രി ചക്രവർത്തി സ്പിവാക്ക് മുപ്പത് വർഷങ്ങൾക്ക് മുൻപേ തന്നെ ‘കീഴാളന് സംസാരിക്കാൻ കഴിയുമോ?’ (Can the subaltern speak?) എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെയും, അറിവും അധികാരവും തമ്മിലുള്ള ബന്ധത്തെയും, കീഴാള ശബ്ദങ്ങളെ കേൾക്കാനും മനസ്സിലാക്കാനുമുതകുന്ന അടിസ്ഥാനഘടനകളുടെ നിർമ്മാണത്തെയും സംബന്ധിച്ച പ്രശ്നങ്ങളായിരുന്നു അവരുടെ ഈ ചോദ്യം പ്രധാനമായും ഉയർത്തിയിരുന്നത്. മതത്തെയും സമാധാന സ്ഥാപനത്തെയും സംബന്ധിച്ച പഠനങ്ങളിൽ കീഴാള മതബോധ്യങ്ങളെയും താഴേതട്ടിലുള്ള സമാധന സ്ഥാപന ശ്രമങ്ങളെയും ശ്രദ്ധിക്കൽ നിർണ്ണായകമായ സംഗതിയാണ്.

സമാധാന സ്ഥാപനത്തിൽ സ്ത്രീകൾ വഹിച്ച പങ്കിനെയും എടുത്തു കാട്ടേണ്ടതുണ്ട്. സമാധാന സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന മത സംഘടനകളുടെ നേതൃസ്ഥാനത്ത് നിന്നും പുരുഷമേൽകോയ്മ പലപ്പോഴും സ്ത്രീകളെ തടയുന്നത് കാരണം അവരഭിമുഖീകരിക്കേണ്ടി വരുന്ന തടസ്സങ്ങളെയും അവസരങ്ങളെയും ‘വിമൻ, റിലീജ്യൻ ആൻഡ് പീസ്ബിൽഡിംഗ്’ എന്ന പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. ചില സ്ത്രീകൾ മത സ്ഥാപനങ്ങൾ വഴി പ്രവർത്തിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ തങ്ങളുടെ സ്വാധീനത്തെ വിനിയോഗിക്കുവാനും സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പുതിയ ഇടങ്ങൾ കണ്ടെത്തുകയോ ചെയ്യുന്നു. ഒരു ഭക്തയായ കെനിയൻ മുസ്ലിമായ ദേഖ ഇബ്രാഹീം (മരണപ്പെട്ടു) ‘Coalition for peace in Africa’ എന്ന കൂട്ടായ്മയുടെ ചുമതല വഹിക്കുകയും തന്റെ സമാധാന സ്ഥാപന ശ്രമങ്ങൾക്ക് അനേകം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്ത സ്ത്രീയാണ്. തായിലാൻഡിലെ ഒരു ബുദ്ധ സന്ന്യാസിനിയായ മേ ചീ സൻസാനീ (Mae Chee Sansanee), തെക്കൻ തായിലാൻഡിൽ ബുദ്ധന്മാരും മുസ്‌ലിംകളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായപ്പോൾ മുസ്‌ലിം സ്ത്രീകളെ ഉൾപ്പെടുത്തികൊണ്ട് ഒരു ‘പീസ് വാക്ക്’ (peace Walk) നടത്തുകയുണ്ടായി. ലോകത്ത് സംഘർഷങ്ങൾ നിലനിൽക്കുന്ന മറ്റിടങ്ങളിലും മതങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾക്ക് അവർ മുൻകൈ എടുത്തിട്ടുണ്ട്. കോംഗോയിലെ കത്തോലിക്കാ സന്ന്യാസിനിയായ മേരി-ബെർണാഡ് അലിമ, ‘കോർഡിനേഷൻ ഓഫ് വിമൻ ഫോർ ഡെമോക്രസി ആന്റ് പീസ്’ എന്ന പേരിൽ ഒരു കൂട്ടായ്മ രൂപീകരിക്കുകയുണ്ടായി. മനുഷ്യാവകാശ പ്രവർത്തനങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നേതൃത്വം നൽകാൻ പ്രാപ്തരാക്കും വിധം സ്ത്രീകൾക്ക് പരിശീലനം നൽകുക, ലൈംഗികാതിക്രമങ്ങളെയും ലിംഗ വിവേചനത്തെയും തടയുക തുടങ്ങിയവയായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം.

image credit: contending modernities

പോസ്റ്റ് കൊളോണിയൽ വിമർശകർ ചരിത്രങ്ങളെയും സംസ്കാരങ്ങളെയും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നായാണ് പരിഗണിക്കുന്നത്. ഇത്തരമൊരു തിരിച്ചറിവിന് സമാധാന സ്ഥാപനത്തെ സഹായിക്കാൻ കഴിയും. എങ്ങനെയാണ് വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും പരസ്പരം കൂട്ടിമുട്ടിയതെന്നും അവ പരസ്പരം സ്വാംശീകരണവും കൊടുക്കൽ വാങ്ങലുകളും നടത്തിയതെന്നും അതിന്റെ ഫലമായി മാറ്റങ്ങളുണ്ടായതെന്നും അന്വേഷിക്കാൻ ഈയൊരു സമീപനം (lens of hybridity) കൂടുതൽ സഹായകരമാണ്. ഉദാഹരണത്തിന്, ഏഴാം നൂറ്റാണ്ടിൽ ചൈനയിൽ ക്രിസ്തുമതം എത്തിച്ചേരുമ്പോൾ ക്രിസ്റ്റ്യൻ പദാവലികളെ വിവർത്തനം ചെയ്യുന്നതിന് ബുദ്ധിസ്റ്റ്-താവോയിസ്റ്റ് ആശയങ്ങളെ അതിന് കടമെടുക്കേണ്ടി വന്നു. ബുദ്ധിസത്തിന്റെ ചിഹ്നമായ താമരപ്പൂവിനുമുകളിൽ ഉറപ്പിച്ച ഒരു കുരിശ് ആയിരുന്നു നെസ്റ്റോറിയൻ ക്രിസ്റ്റ്യാനിറ്റിയുടെ ചിഹ്നം. മത പാരമ്പര്യങ്ങളെയും സ്വത്വത്തെയും കുറിച്ചള്ള ഇത്തരമൊരു ധാരണ ‘നാം’, ‘അവർ’ എന്നിങ്ങനെയുള്ള ദ്വന്ദ നിർമ്മിതികളെ മറികടക്കാനും വൈവിധ്യമാർന്ന മത പാരമ്പര്യങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ഇടപാടുകളെ വീണ്ടെടുക്കാനും ഉപകരിക്കും. നിരന്തരം അടുത്തു കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് മാറിക്കൊണ്ടിരിക്കുന്നതും ദ്രവാത്മകവുമായ രീതിയിൽ അനന്യതയെയും ഭിന്നതയെയും (Identity and difference) വിഭാവന ചെയ്യാനുള്ള വീഥികളും ഇത് തുറന്നു തരുന്നു.


വിവർത്തനം: മൻഷാദ് മനാസ്

Courtesy: Contending Modernities

ക്വോക് പ്വി ലാൻ