Campus Alive

കുനൻ പോഷ്പോറയെ നിങ്ങളോർക്കുന്നുണ്ടോ?

എസ്സര്‍ ബതൂല്‍ ലോകമെമ്പാടുമുള്ള അതിജീവന പോരാട്ടങ്ങള്‍ക്ക് ആവേശമാകുന്ന ഒരു മാതൃകയാണ്. അവരും അവരുടെ നാല് സഹയെഴുത്തുകാരികളും ചേര്‍ന്നാണ്, ഫെബ്രുവരി 23 ന്, കാശ്മീരി വനിതാ പ്രതിരോധ ദിനത്തില്‍ ‘നിങ്ങള്‍ കുനന്‍ പൊഷ്‌പൊറയെ ഓര്‍ക്കുന്നുണ്ടോ?’ എന്ന പുസ്തകം പ്രകാശനം ചെയ്തത്.

ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഒരു കൂട്ടം ഇന്ത്യന്‍ സൈനികര്‍, കുനന്‍ പൊഷ്‌പൊറയിലെ ഇരട്ട ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങളെ അതിക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനും വിധേയരാക്കി. ഈ ഹിംസയും അക്രമങ്ങളും നേരിട്ടവരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നതിന് എസ്സറുമായി കരോള്‍ ആന്‍ ഗ്രായ്‌സണ്‍ നടത്തിയ അഭിമുഖമാണിത്‌.

വിവർത്തനം: മര്‍വ്വ


നിങ്ങളൊന്ന് സ്വയം പരിചയപ്പെടുത്താമോ?

ഞാന്‍ ഇന്ത്യന്‍ അധീന കാശ്മീരിലെ ഒരു പ്രൊഫഷണല്‍ സാമൂഹിക പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയും ആണ്. 1991ല്‍ കുനന്‍ പോഷ്‌പോറയില്‍ കൂട്ടബലാത്സംഗം നടത്തിയ ഇന്ത്യന്‍ സൈനികര്‍ക്കെതിരെയുള്ള കേസില്‍ ഞാന്‍ ഹരജിക്കാരിയാണ്. ഇന്ത്യന്‍ ആര്‍മിയുടെ ആ ദേശസ്‌നേഹ പ്രവര്‍ത്തനത്തെ വിശദമായി പ്രതിപാദിക്കുന്ന ‘ നിങ്ങള്‍ കുനന്‍ പോഷ്‌പോറയെ ഓര്‍ക്കുന്നുണ്ടോ? ‘ എന്ന പുസ്തകത്തിന്റെ സഹരചയിതാവുമാണ്. സ്വന്തമായ ആവിഷ്‌കാരങ്ങള്‍ സാധ്യമാക്കാനും സാമൂഹിക ഇടങ്ങള്‍ നിര്‍മ്മിക്കാനും കാശ്മീരി വനിതകളെ പ്രാപ്തരാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. അത് പോലെ യുവജനങ്ങള്‍ ലിംഗഭേദങ്ങളെ എങ്ങിനെ മനസ്സിലാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി സംവാദങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തിക്കുന്നുണ്ട് . കൂടാതെ ജമ്മു കശ്മീര്‍ സിവില്‍ സൊസൈറ്റി കൂട്ടായ്മയുടെ കൂടെ ജമ്മുവിലെയും കാശ്മീരിലെയും മനുഷ്യാവകാശ ലംഘനങ്ങളെ ഡോക്യുമെന്റ് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ ഞാന്‍ കാശ്മീരില്‍ ഫ്രീലാന്‍സ് കണ്‍സള്‍ട്ടന്റും പരിശീലകയുമായി ജോലി നോക്കുന്നു .

നിങ്ങള്‍ എപ്പോഴാണ് കുനന്‍ പോഷ്‌പോറയെ പറ്റി ആദ്യമായി അറിയുന്നത്? എന്താണ് അവിടെ സംഭവിച്ചത് എന്ന് വിശദമാക്കാമോ?

ആദ്യമായി കുനന്‍ പോഷ്‌പോറയെ പറ്റി കേട്ടത് എപ്പോള്‍ ആണെന്ന് ഓര്‍ക്കുന്നില്ല. ഞാന്‍ വളരെ ചെറുപ്പത്തിലേ അറിഞ്ഞിട്ടുണ്ട്. കാരണം അത് നമ്മുടെ ചരിത്രത്തിന്റെ, ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ഞാന്‍ അതിന്റെ എല്ലാ ഭീകരതയയിലും കുനന്‍ പോഷ്‌പോറയെ കുറിച്ച് ആദ്യമായി കേട്ടത് കോളേജ് പഠനകാലത്താണ്. പിന്നീട് കേള്‍ക്കുന്നത് കോടതിയില്‍ കേസ് വീണ്ടും തുറക്കാനായി പൊതു താല്‍പ്പര്യ ഹരജി ഫയല്‍ ചെയ്തപ്പോഴാണ്.

1991 ഫെബ്രുവരി 22നും 23നും ഇടക്ക് രാത്രിയില്‍ ഇന്ത്യന്‍ സൈന്യം കശ്മീര്‍ താഴ്‌വരയിലെ കുപ്‌വാര ജില്ലയിലെ കുനന്‍ , പോഷ്‌പോറ എന്നീ രണ്ടു ഗ്രാമങ്ങള്‍ വളഞ്ഞു. ആ രാത്രി സൈനികര്‍ 13 തൊട്ട് 80 വരെ പ്രായമുള്ള നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഗ്രാമത്തിലെ പുരുഷന്മാരെ പീഡിപ്പിക്കുകയും ചെയ്തു. സ്ത്രീകളെ ആവര്‍ത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയും പുരുഷന്മാരെ രൂക്ഷമായി പീഡിപ്പിക്കുകയുമാണുണ്ടായത്. അടുത്ത ദിവസങ്ങളില്‍ ഗ്രാമീണരെ നിയമ നടപടികള്‍ക്കായി മുതിരുന്നതില്‍ നിന്ന് തടയാനും സ്ത്രീകള്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകാതിരിക്കാനും വേണ്ടി സൈനിക നടപടികള്‍ തുടര്‍ന്നു.

ki

എങ്ങിനെയാണ് നിങ്ങളും മറ്റ് നാല് സഹരചയിതാക്കളും ഈ ഭീകരതയെ കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങുന്നത്?

2012ല്‍ സുഹൃത്തും സഹയെഴുത്തുകാരിയുമായ സമ്രീന മുഷ്താഖ് ജമ്മു കശ്മീര്‍ സിവില്‍ സൊസൈറ്റി കൂട്ടായ്മയുടെ കൂടെ കാശ്മീരിലെ ലൈംഗിക അതിക്രമ കേസുകള്‍ ഡോക്യുമെന്റ് ചെയ്യുകയായിരുന്നു. കുനന്‍ പോഷ്‌പോറ കൂട്ടബലാത്സംഗ കേസ് ‘closed as untraced’ എന്ന് പോലീസ് രേഖപ്പെടുത്തിയതായി അവളുടെ ശ്രദ്ധയില്‍പ്പെട്ടു. അവള്‍ എന്നെ വിളിച്ചു. ഈ കേസ് നടത്താന്‍ പോകുന്ന മൂവ്‌മെന്റിന്റെ ഭാഗമാകുന്നോ എന്ന് എന്നോടു ചോദിച്ചു. എനിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. വേറെ രണ്ട് പേരും കൂടി. അഭിഭാഷകനായ മുനാസാണ് പൊതുതാല്‍പ്പര്യ ഹരജി തയ്യാറാക്കിയത് അങ്ങനെയാണ് ഇന്ത്യന്‍ ആര്‍മിയുടെ ഭീകരമായ വയലന്‍സിനെതിരായ ഞങ്ങളുടെ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്.

നിങ്ങള്‍ എങ്ങിനെയാണ് അവിടത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്?

‘ മാധ്യമ കാലിത്തീറ്റ ‘ എന്ന് വിളിക്കുന്ന രീതിയിലാണ് കുനന്‍ പൊഷ്‌പൊറയിലെ ജനത വര്‍ഷങ്ങളായി പരിഗണിക്കപ്പെട്ടിരുന്നത്. ആളുകള്‍ അവരുടെ അടുത്തേക്ക് വരും. അവരുടെ കഥകള്‍ എഴുതും. ഒരിക്കലും പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി തിരിച്ചു പോവുകയും ചെയ്യും. ഞങ്ങള്‍ ആദ്യം ഹരജി ഫയല്‍ ചെയ്തിട്ട്, ആദ്യത്തെ ഹിയറിങ്ങിന് ശേഷമാണ് ഗ്രാമത്തിലേക്ക് പോയത്. അവിടത്തെ ജനങ്ങളുമായി നിരന്തരമായി സംസാരിച്ചതിന് ശേഷമാണ് അവരുടെ അനുഭവങ്ങള്‍ ഞങ്ങള്‍ പുറത്ത് കൊണ്ട്‌വന്നത്. അവരുടെ വിശ്വാസം നേടിയെടുക്കുന്നതിന്റെ ഭാഗമായിരുന്നു അത്. കാരണം, അവരാണ് പോരാളികള്‍. ഞങ്ങള്‍ അവരുടെ പോരാട്ടങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടവര്‍ മാത്രമായിരുന്നു.

 

ഈ പുസ്തകം എഴുതുന്നതിലൂടെ എന്താണ് നിങ്ങള്‍ ലക്ഷ്യം വെച്ചത്?

ഈ പുസ്തകം എഴുതുന്നതിന്റെ ലക്ഷ്യം നമ്മുടെ ചരിത്രവുമായി നമ്മെ വീണ്ടും കൂട്ടിയിണക്കുക എന്നതായിരുന്നു. ദേശോദ്ഗ്രഥനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തണുപ്പും മഞ്ഞ് വീഴ്ചയുമൊക്കെ സഹിച്ച് നടപ്പിലാക്കുന്ന വയലന്‍സിനെ ഓര്‍ക്കുക എന്നത് തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ധീരമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഭരണകൂട ആഖ്യാനങ്ങളെ വെല്ലുവിളിക്കുന്ന, സൈനിക അക്രമങ്ങളെ അതിജീവിച്ചവരുടെ ആഖ്യാനങ്ങളെ മുന്നോട്ട് കൊണ്ട് വരുന്ന ഒരു ഡോക്യുമെന്റ് ഉണ്ടാക്കുക തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം.

25 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തെ പറ്റിയാണല്ലോ നിങ്ങള്‍ അന്വേഷണം നടത്തിയത്. എന്തെല്ലാം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ആണ് നിങ്ങള്‍ നേരിട്ടത്?

ആ രാത്രിയിലെ സംഭവങ്ങള്‍ മാത്രമല്ല, അതിനു ശേഷം അവര്‍ എങ്ങിനെയാണ് ജീവിച്ചത് എന്നും അവരുടെ ഇന്നത്തെ അവസ്ഥ എന്താണെന്നുമെല്ലാം ഈ പുസതകം പറയുന്നുണ്ട്. അതിനിടയില്‍ ചില പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നേരിട്ടിട്ടുണ്ട്. 25 വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പലര്‍ക്കും പ്രയാസമുണ്ടായിരുന്നു. കാലത്തോടൊപ്പം ഓര്‍മകളും ചിതറിപ്പോയിരുന്നു. മാത്രമല്ല, ഇക്കാലയളവില്‍ അഞ്ച് സ്ത്രീകള്‍ മരണപ്പെട്ടിട്ടുണ്ട്. അതായത് അഞ്ച് സാക്ഷികള്‍ നമുക്ക് നഷ്ട്ടപെട്ടു. ഭീകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുക എന്നത് തന്നെ വലിയൊരു വെല്ലുവിളിയായിരുന്നു.

kunan

കാശ്മീരികള്‍ എങ്ങനെയാണ് ഇതിനോട് പ്രതികരിച്ചത്?

പുസ്തകം അവര്‍ സ്വീകരിച്ചു. അഭിനന്ദനപരമായ ഒരുപാട് മറുപടികള്‍ കിട്ടി. ഞങ്ങള്‍ അവര്‍ക്ക് ആവേശം നല്‍കുന്നു എന്ന് പലരും പറഞ്ഞു. പുസ്തകം വായിച്ചതിനു ശേഷം ഒരു പാട് ചെറുപ്പക്കാര്‍ പ്രതിരോധ പ്രസ്ഥാനത്തിന്റെ ഭാഗമായി.

എങ്ങിനെയാണ് ഇന്ത്യന്‍ സ്റ്റേറ്റ് നിങ്ങളെ കാണുന്നത്?

ഇത് വരെ ഭീഷണികള്‍ ഒന്നും ഉണ്ടായിട്ടില്ല. കോടതിയില്‍ ‘ഏജന്റ്’ ‘വഞ്ചകര്‍’ എന്നൊക്കെയാണ് ഇന്ത്യന്‍ സായുധസേനയുടെ കൌണ്‍സില്‍ ഞങ്ങളെ വിളിക്കുന്നത്.

ഈയിടെ നിങ്ങള്‍ ‘നിങ്ങള്‍ കുനന്‍ പൊഷ്‌പൊറയെ ഓര്‍ക്കുന്നുണ്ടോ?’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തെക്കുറിച്ച് അല്‍പം സംസാരിക്കാമോ?

ഈ പുസ്തകം ആ രാത്രിയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചവരെ കുറിച്ചുമുള്ള ജീവിക്കുന്ന തെളിവാണ്. കൂടാതെ, 2013ല്‍ ഞങ്ങള്‍ തുടങ്ങിയ നിയമ പോരാട്ടത്തെക്കുറിച്ചും പുസ്തകം സൂചിപ്പിക്കുന്നുണ്ട്. ആദ്യമായി ജൈപൂര്‍ സാഹിത്യോത്സവത്തിലും പിന്നീട് കൂട്ട ബലാത്സംഗത്തിന്റെ 25ാം വാര്‍ഷികമായ ഫെബ്രുവരി 23ന് ശ്രീനഗറിലുമാണ് പുസ്തകം പ്രകാശനം ചെയ്തത്. ജൈപ്പൂരിലെ പ്രകാശനവേളയില്‍ പുസ്തകം വളരെയധികം സ്വീകരിക്കപ്പെടുകയുണ്ടായി. ശ്രീനഗറില്‍ നടന്ന ചടങ്ങില്‍ ആക്ടിവിസ്ടുകളും , മാധ്യമപ്രവര്‍ത്തകരും, ഗ്രാമീണരും നഗരവാസികളുമായ യുവാക്കളും യുവതികളുമുള്‍പ്പെടെ ഒരുപാട് പേര്‍ പങ്കെടുക്കുകയുണ്ടായി. സുബാന്‍ പ്രസിദ്ധീകരണക്കാരും സുബാന്റെ ഉടമസ്ഥയും ഫെമിനിസ്റ്റ് എഴുത്തുകാരിയുമായ ഉര്‍വശി ബടുലിയയും പങ്കെടുത്തു. ഈ പുസ്തകത്തിലൂടെ എന്താണ് ഇന്ത്യന്‍ ആര്‍മി ദേശസുരക്ഷയുടെ ഭാഗമായി കശ്മീരില്‍ ചെയ്യുന്നത് എന്ന് ലോകത്തിന് കാണിച്ച് കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.

കുനന്‍ പോഷ്‌പോറയയെ അതിജീവിക്കുന്നവര്‍ക്ക് ഇതെങ്ങനെയാണ് സഹായകമാകുക?

ഇന്ത്യക്കകത്തും പുറത്തുമുള്ള ആളുകളിലേക്ക് കുനന്‍ പോഷ്‌പോറയിലെ ഇന്ത്യന്‍ വയലന്‍സിനെക്കുറിച്ച കശ്മീരികളുടെ ആഖ്യാനങ്ങള്‍ എത്തിക്കാനും അവരുടെ ഓര്‍മ്മകള്‍ വഹിക്കാനും ഈ പുസ്തകം സഹായിക്കുന്നു. വെറും ഇരകള്‍ മാത്രമാണ് ഈ ജനത എന്ന വാര്‍പ്പുമാതൃകകള്‍ പൊളിക്കാനും പ്രതിരോധത്തിന്റെയും സമരത്തിന്റെയും ആവേശമുണര്‍ത്തുന്ന സാന്നിദ്ധ്യങ്ങളായി അവരെ അടയാളപ്പെടുത്താനും പുസ്തകത്തിന് കഴിയും എന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്.

ഭരണകൂട ആഖ്യാനങ്ങള്‍ക്ക് പ്രതി ആഖ്യാനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യം വായനക്കാര്‍ മനസ്സിലാക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. സത്യത്തോട് ചേര്‍ന്നിരിക്കുക എന്നത് വളരെ പ്രധാനമാണ് എന്നവര്‍ തിരിച്ചറിയുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.

ഒരു ജനതയെ മുഴുവന്‍ അടിച്ചമര്‍ത്താന്‍ സ്വന്തം സൈന്യത്തിന് സര്‍വാധികാരവും നല്‍കുന്നത് അങ്ങേയറ്റത്തെ ഹിംസയാണ്. ഒരു പക്ഷെ, സൗത്തേഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈംഗിക ആക്രമണത്തെക്കുറിച്ചാണ് ഈ പുസ്തകം പ്രതിപാദിക്കുന്നത്.

എങ്ങിനെയാണ് സത്യത്തിനും നീതിക്കും വേണ്ടിയുള്ള  പോരാട്ടം തുടര്‍ന്ന് കൊണ്ടുപോകാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?

അവസാനം വരെയും കുനന്‍ പൊഷ്‌പൊറയെ അതിജീവിച്ചവരുടെ കൂടെ ഈ നിയമ ധാര്‍മിക യുദ്ധത്തില്‍ ഞങ്ങള്‍ പോരാടും. പക്ഷെ കുനന്‍ പൊഷ്‌പൊറക്ക് വേണ്ടി മാത്രമല്ല, ഇന്ത്യന്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരകളായ മുഴുവന്‍ കശ്മീരികള്‍ക്കും നീതി കിട്ടുമ്പോഴേ ഞങ്ങളുടെ പോരാട്ടം പൂര്‍ണമാകുന്നുള്ളു.

അടിച്ചമര്‍ത്തലിന്റെയും അസത്യങ്ങളുടേതുമായ ഭരണകൂടഭാഷ്യങ്ങള്‍ക്കെതിരെ സത്യത്തിന്റെ പുനര്‍ഭാഷ്യങ്ങള്‍ തുടര്‍ന്നും ഞങ്ങള്‍ ഡോക്യുമെന്റ് ചെയ്തുകൊണ്ടേയിരിക്കും. കശ്മീരിന്റെ അവസ്ഥകളെ പറ്റി ലോകം അറിയുന്നതിനായി കഴിയുന്നതെന്തും ഞങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കും. ഫലസ്തീനെപ്പോലെതന്നെ അധിനിവേശ ഭീകരതകള്‍ ആണ് കാശ്മീരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ അത് ലോകം അറിയുന്നില്ല. ഇന്ത്യന്‍ അധിനിവേശത്തിന് കീഴില്‍ കാശ്മീരില്‍ സംഭവിക്കുന്നത് എന്താണെന്ന്ലോകം അറിയേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ദേശസുരക്ഷയുടെയും ഉദ്ഗ്രഥനത്തിന്റെയും ഭാഗമായി ജനാധിപത്യ-മതേതര-ലിബറല്‍ ഇന്ത്യ സൃഷ്ടിച്ച കൂട്ട ഖബറിടങ്ങളെയും പകുതി വിധവകളെയും കസ്റ്റഡി മരണങ്ങളെയും ബലാല്‍സംഗങ്ങളെയും പീഡനങ്ങളെയും ലോകമറിയുക തന്നെ വേണം.

എസ്സർ ബതൂൽ