Campus Alive

ഇസ്‌ലാമും കറുത്ത രാഷ്ട്രീയ ഭാവനകളും

Black Star Crescent Moon എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി സംസാരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ആദ്യമായി പൗരാവകാശങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന വ്യവഹാരങ്ങളോടുള്ള എന്റെ വിമര്‍ശനം പങ്ക് വെക്കാനാണ് ഞാനുദ്ദേശിക്കുന്നത്. എന്താണ് യഥാര്‍ത്ഥത്തില്‍ പൗരാവകാശം? പൗരാവകാശത്തെക്കുറിച്ചാണ് എല്ലാവരും സംസാരിച്ച് കൊണ്ടിരിക്കുന്നത്. എന്ത് കൊണ്ടാണത് ഒരധീശ ആഖ്യാനമായി നിലനില്‍ക്കുന്നത്?  അതിത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്? എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത് ഒബാമ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട 2012 ലെ അമേരിക്കന്‍ ഇലക്ഷനെക്കുറിച്ചാണ്. അമേരിക്കയുടെ രാഷ്ട്രീയഭൂപടം മാറ്റി മറിച്ച ഇലക്ഷനായിരുന്നു അത് എന്ന തരത്തിലുള്ള വ്യവഹാരങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. കറുത്തവര്‍ അമേരിക്കയില്‍ വംശീയ വിവേചനങ്ങളൊന്നും നേരിടുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഒബാമയുടെ വിജയമെന്ന് വംശീയാനന്തര ( Post-racial) സിദ്ധാന്തക്കാര്‍ പ്രഖ്യാപിച്ചു. ഒരു കറുത്ത വംശജന് അമേരിക്കയില്‍ പ്രസിഡന്റാവാന്‍ കഴിയുന്നത് പൗരാവകാശ പോരാട്ടങ്ങളുടെ വിജയമാണെന്നായിരുന്നു അവരുടെ വാദം.

sohail_daulatzi_2145
സൊഹൈല്‍ ദലാത്സായ്‌

വര്‍ണ്ണവിവേചനത്തെ ചെറുത്തു തോല്‍പ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പൗരാവകാശ സംഘടനകള്‍ അവകാശപ്പെടുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ വര്‍ണ്ണവിവേചനം നിലനില്‍ക്കുന്നില്ല എന്നാണ്‌
വലത് പൗരാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. വംശത്തെ ( Race) ക്കുറിച്ച് സംസാരിക്കാന്‍ പാടില്ല. അതിനെക്കുറിച്ച് സംസാരിക്കുന്നത് വംശീയതയാണ്. വെളുത്ത വംശീയാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നത് വംശീയതയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വളരെ സങ്കീര്‍ണ്ണമായി പ്രവര്‍ത്തിക്കപ്പെടുന്ന വെളുത്ത വംശീയ വ്യവഹാരങ്ങളെ ബോധപൂര്‍വ്വം മറച്ച് പിടിക്കുകയാണ് ഇവിടെ വലത് പക്ഷ പൗരാവകാശ സംഘടനകള്‍ ചെയ്യുന്നത്. ഇനി നമുക്ക് ഇടത്-ലിബറല്‍ പൗരാവകാശ വ്യവഹാരങ്ങളെ ഒന്ന് പരിശോധിക്കാം. ഒബാമയുടെ വിജയത്തെ ബഹുസ്വരതയുടെയും സഹവര്‍ത്വിത്തത്തിന്റെയും വിജയമായാണ് അവര്‍ ആഘോഷിക്കുന്നത്. നമ്മള്‍ വ്യത്യാസത്തെ ആഘോഷിക്കേണ്ടതുണ്ട്. നമ്മള്‍ വ്യത്യസ്തരാണെങ്കിലും നമ്മെ യോജിപ്പിക്കുന്ന ഘടകമുണ്ട്. ഇതാണ് ഇടത്-ലിബറലുകളുടെ വാദം.

ഇനി നമുക്ക് പൗരാവകാശത്തെക്കുറിച്ച് കുറച്ച് കൂടി ആഴത്തില്‍ അന്വേഷിക്കാം. എന്താണ് പൗരാവകാശം? അമേരിക്കയില്‍ ഇതിന് ഇത്രത്തോളം പ്രാധാന്യം കൈവരാനുള്ള കാരണമെന്താണ്? എന്തായിരുന്നു അറുപതുകളിലെ പൗരാവകാശ പ്രസ്ഥാനങ്ങളുടെ പ്രത്യേകത? സ്റ്റേറ്റിന് മേല്‍ ഒരു സമ്മര്‍ദ്ദ ശക്തിയാവാന്‍ അവക്ക് കഴിഞ്ഞിട്ടുണ്ട്. ജനകീയ പ്രസ്ഥാനങ്ങളെ അവ ചലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റേറ്റിന്റെ തന്നെ ഭാഷയും വ്യവഹാരങ്ങളും കടം കൊണ്ടാണ് അമേരിക്കയില്‍ പൗരാവകാശ പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വന്നിട്ടുള്ളത്. അതിനാല്‍ തന്നെ അടിസ്ഥാനപരമായി പൗരാവകാശം എന്നത് ദേശരാഷ്ട്രം പൗരന്‍മാര്‍ക്ക് നല്‍കുന്ന ഔദാര്യമാണ്. കറുത്തവര്‍ക്ക് അമേരിക്കയില്‍ ലഭ്യമായിട്ടുണ്ട് എന്ന് പറയപ്പെടുന്ന നീതിയും സമത്വവും യഥാര്‍ത്ഥത്തില്‍ അമേരിക്ക എന്ന ദേശരാഷ്ട്രത്തിന്റെ വ്യവഹാര നിര്‍മ്മിതികളാണ്.

book 9\11ന് ശേഷം മുസ്‌ലിം-കറുത്ത ശരീരത്തെ കേന്ദ്രീകരിച്ചാണ് അമേരിക്കയില്‍ പൗരാവകാശത്തെക്കുറിച്ച വ്യവഹാരങ്ങള്‍ വികസിക്കുന്നത്. ആരാണ് മനുഷ്യന്‍, ആരാണ് ശത്രു, ആരാണ് പൗരന്‍ എന്നെല്ലാം തീരുമാനിക്കപ്പെടുന്നത് മുസ്‌ലിംകളെയും കറുത്തവരെയും അപരരാക്കി നിലനിര്‍ത്തുന്നതിലൂടെയാണ്. മുസ്‌ലിം-കറുത്ത ശരീരത്തെ കേന്ദ്രീകരിച്ച് തന്നെയാണ് ഫെമിനിസ്റ്റ് സംവാദങ്ങളും നിര്‍മ്മിക്കപ്പെടുന്നത്. ഞങ്ങളിവിടെ സ്ത്രീകളോട് മാന്യമായാണ് പെരുമാറുന്നത്. എന്നാല്‍ മുസ്‌ലിംകളും കറുത്തവരുമായ
ആണുങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നു. അതിനാല്‍ അവരുടെ കറുത്ത കരങ്ങളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കേണ്ടതുണ്ട്. അതിന് ചിലപ്പോള്‍ യുദ്ധം തന്നെ വേണ്ടി വന്നേക്കാം. ചുരുക്കത്തില്‍ മുസ്‌ലിംകളും കറുത്തവരും പൗരാവകാശ പൊതുബോധത്തില്‍ ഭീതിപ്പെടുത്തുന്ന, തുടച്ച് നീക്കേണ്ട ഒരു പ്രതിഭാസമാണ്.

ഞാനെന്റെ പുസ്തകത്തില്‍ സൂചിപ്പിച്ച പോലെ കറുപ്പിനെയും ( Blackness) ഇസ്‌ലാമിനെയും കുറിച്ച അമേരിക്കയുടെ ആകാംക്ഷക്ക് അതിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. മാല്‍ക്കം എക്‌സിന്റെ പാരമ്പര്യവുമായി കെട്ട് പിണഞ്ഞ് കിടക്കുന്ന ഒന്നാണത്. ഒബാമയുടെ മുസ്‌ലിം പാരമ്പര്യത്തെച്ചൊല്ലി ഉയര്‍ന്ന വിവാദങ്ങളില്‍ നാമത് ശരിക്കും കണ്ടതാണ്. കറുത്ത വംശജനായ മുസ്‌ലിം എന്നതായിരുന്നു അന്നത്തെ പ്രശ്‌നം. മാല്‍ക്കമിന്റെ പ്രേതം ഇപ്പോഴും അമേരിക്കന്‍ ദേശരാഷ്ട്രത്തെ വേട്ടയാടുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ther
നാഷന്‍ ഓഫ് ഇസ്‌ലാം സമ്മേളനത്തില്‍ മാല്‍ക്കം എക്‌സ് പ്രസംഗിക്കുന്നു

യു. എസ് സെനറ്ററായിരുന്ന ഫെയ്ന്‍സ്റ്റെയ്‌ന്റെ ഒബാമയെക്കുറിച്ച ആമുഖ പ്രഭാഷണം ഞാനോര്‍ക്കുന്നു. ഒബാമ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സന്ദര്‍ഭത്തില്‍ അവര്‍ നടത്തിയ പ്രഭാഷണമാണത്. ബുള്ളറ്റിന് മേല്‍ ബാലറ്റ് നേടിയ വിജയമാണ് ഒബാമയുടേതെന്ന് അന്നവര്‍ പറയുകയുണ്ടായി. മാല്‍ക്കം എക്‌സ് ഇപ്പോഴും വെളുത്ത രാഷ്ട്രീയത്തെ വേട്ടയാടുന്നുണ്ട് എന്നതിന്റെ നല്ലൊരുദാഹരണമാണിത്. കറുത്തവര്‍ വോട്ട് ചെയ്യുന്നത് വെറുതെയാണെന്നായിരുന്നു മാല്‍ക്കം അന്ന് പ്രഖ്യാപിച്ചത്. വെളുത്ത വംശീയാധിപത്യത്തിന് സമ്മതപ്പത്രം മൂളുന്ന ഏര്‍പ്പാടാണ് ഇലക്ഷന്‍ എന്നതായിരുന്നു മാല്‍ക്കമിന്റെ നിലപാട്. ദേശരാഷ്ട്രത്തിന്റെ ഇടുങ്ങിയ വംശീയ ഇടങ്ങളില്‍ നിന്നും പുറത്തേക്ക് വികസിക്കുന്ന രാഷ്ട്രീയ ഭാവനയായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ചത്.

ഫെയ്ന്‍സ്റ്റേയ്ന്‍ ചെയ്യുന്നത് മാല്‍ക്കമിനെ അപരമാക്കിക്കൊണ്ട് മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങിനെ ആഘോഷിക്കുകയാണ്. അതും 63 ലെ കിംങ്ങിനെയാണ് അവരാഘോഷിക്കുന്നത്. കാരണം 68 ആയപ്പോഴേക്കും മാല്‍ക്കമിനെപ്പോലെത്തന്നെ റാഡിക്കലായ രാഷ്ട്രീയ ഇടപെടലുകള്‍ കിംങ് നടത്തുന്നുണ്ട്. 63ലെ കിംങിനെയും പൗരാവകാശ പ്രസ്ഥാനങ്ങളെയുമാണ് അവര്‍ പുകഴ്ത്തുന്നത്. എന്തായിരുന്നു മാല്‍ക്കമിന്റെ പ്രശ്‌നം? അമേരിക്കയിലെ കറുത്ത വിമോചന പോരാട്ടങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുമായി ബന്ധിപ്പിച്ചു എന്നതായിരുന്നു മാല്‍ക്കമിന്റെ ‘പശ്‌നം’. ആ ലക്ഷ്യത്തെ മുന്‍നിര്‍ത്തി ഒരുപാട് രാഷ്ട്രീയ രൂപീകരണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. എന്റെ പുസ്തകത്തിന്റെ പകുതിയോളം ഭാഗവും ആ റാഡിക്കല്‍ ചരിത്രത്തിലേക്കുള്ള യാത്രയാണ്.

മാല്‍ക്കവും റാഡിക്കല്‍ ബ്ലാക്ക് മൂവ്‌മെന്റുകളും ദേശരാഷ്ട്രത്തിന് പുറത്തേക്ക് വികസിപ്പിച്ച വിമോചന പോരാട്ടങ്ങളെയാണ് ഞാനന്വേഷിക്കുന്നത്. ലോകത്തിന്റെ വിവിവ ഭാഗങ്ങളില്‍ നടന്ന കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുമായി അവര്‍ തങ്ങളുടെ പോരാട്ടങ്ങളെ ബന്ധപ്പെടുത്തിയിട്ടുണ്ട്. black ദേശരാഷ്ട്രങ്ങളുടെ ഇടങ്ങള്‍ക്ക് പുറത്തേക്ക് വികസിച്ച മാല്‍ക്കമിന്റെ പോരാട്ട പാരമ്പര്യത്തെ നാം തിരിച്ചറിയേണ്ടതുണ്ട്. എന്റെ പുസ്തകത്തെ മുന്‍നിര്‍ത്തിയുള്ള സൗഹൃദ സംഭാഷണങ്ങളില്‍ ചില സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്: “മാല്‍ക്കം എക്‌സിനെക്കുറിച്ചും അദ്ദേഹത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും നമുക്കെല്ലാവര്‍ക്കും ആദ്യമേ അറിയുന്നതല്ലേ? പിന്നെന്തിനാണ് വീണ്ടും നിങ്ങള്‍ ആ ചരിത്രത്തെ അന്വേഷിക്കുന്നത്? എന്നാല്‍ വളര്‍ന്ന് വരുന്ന മുസ്‌ലിം യൂത്തിന് ഈ ചരിത്രത്തെ നാം പകര്‍ന്ന് കൊടുക്കേണ്ടതുണ്ട്. ഹജ്ജ് കര്‍മ്മത്തിന് ശേഷം മാല്‍ക്കമിന് സംഭവിച്ച ‘മാറ്റ’ ത്തെക്കുറിച്ചാണ് നമ്മില്‍ പലരും ഇപ്പോഴും സംസാരിക്കുന്നത്. അദ്ദേഹം ഹജ്ജിന് ശേഷം നല്ല മുസ്‌ലിമായി, വംശീയതയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു, സമാധാനപ്രിയനായി എന്നൊക്കെയാണ് ചിലയാളുകള്‍, പ്രത്രേകിച്ച് കുടിയേറ്റ മുസ്‌ലിംകള്‍ പറയുന്നത്. നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ ‘ഇടുങ്ങിയ ചിന്തകളില്‍’നിന്നും പുറത്ത് കടന്ന മാല്‍ക്കമിനെയാണ് അവര്‍ ആഘോഷിക്കുന്നത്.

ഹജ്ജ് കര്‍മ്മത്തിന് ശേഷവും മാല്‍ക്കമിന്റെ ചിന്തകളുടെ കേന്ദ്രസ്ഥാനത്ത് വരുന്നത് വംശവും വംശീയതയും തന്നെയാണ്. സൗദി അറേബ്യയിലും ഈജിപ്തിലും വെച്ച് വംശീയതയെക്കുറിച്ച് സംസാരിക്കരുതെന്നും ഇസ്‌ലാം സമാധാനത്തിന്റെയും ബഹുസ്വരതയുടെയും മതമാണെന്നും തന്നെ ഉപദേശിച്ചവര്‍ക്ക് മാല്‍ക്കം കൊടുത്ത ഒരു മറുപടിയുണ്ട്: “അമേരിക്കയില്‍ വംശീയ വിവേചനം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക, അവരുടെ വിമോചന പോരാട്ടങ്ങളുടെ കൂടെ അണിചേരുക എന്നത് ലോകത്തുടനീളമുള്ള മുസ്‌ലിംകളുടേയും വിശ്വാസപരമായ ബാധ്യതയാണ്. ഖുര്‍ആനിക അധ്യാപനങ്ങളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കില്‍”. വെളുത്ത വംശീയാധിപത്യത്തെക്കുറിച്ച് മൗനം പാലിക്കുന്നത് ശിര്‍ക്കിന്റെ ( ദൈവവുമായി പങ്ക് ചേര്‍ക്കല്‍) ആധുനിക രൂപമാണെന്ന് ബ്ലാക്കമേരിക്കന്‍ സ്‌കോളറായ ഷെര്‍മ്മന്‍ ജാക്‌സണ്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാല്‍കം എക്‌സ് നമ്മോട് പറഞ്ഞതും ഇത് തന്നെയായിരുന്നു.

 

യൂണിവേഴ്‌സിറ്റി ഓഫ് സൗത്തേണ്‍ കാലിഫോര്‍ണിയയില്‍ ഫിലിം ആന്‍ഡ് മീഡിയ സ്റ്റഡീസ്, ആഫ്രിക്കന്‍ അമേരിക്കന്‍ സ്റ്റഡീസ് തുടങ്ങിയവയില്‍ അസോസിയേറ്റ് പ്രൊഫസറാണ് സൊഹൈല്‍. മുസ്‌ലിം സ്റ്റഡീസ്, ബ്ലാക്ക് റാഡിക്കലിസം ആന്‍ഡ് ഇന്റര്‍നാഷണലിസം, ക്രിട്ടിക്കല്‍ റേസ് സ്റ്റഡീസ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഡീകൊളോണിയാലിറ്റി തുടങ്ങിയവയാണ് താല്‍പര്യ മേഖലകള്‍. Black Star, Crescent Moon: The Muslim International and Black Freedom Beyond America എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

തയ്യാറാക്കിയത്: ഉമ്മു ഹബീബ

സുഹൈല്‍ ദലോത്സായ്