Campus Alive

ചരിത്രത്തിലെ മുസ്‌ലിംകളും ചരിത്രമെഴുത്തിലെ വെല്ലുവിളികളും

ജുനൈര്‍ അഹമ്മദ്: ഡോ. സയ്യിദ് , താങ്കളുടെ ആദ്യത്തെ കൃതികള്‍, പ്രത്യേകിച്ചും ”ഫണ്ടമെന്റല്‍ ഫിയര്‍ ‘ഇസ്‌ലാമിസവും അതുമായി ബന്ധപ്പെട്ടതുമായ ബോധങ്ങളോടുള്ള നിശിതവിമര്‍ശനമായിരുന്നുവല്ലോ. ഇസ്‌ലാമും ഇസ്‌ലാമിസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് വിമര്‍ശന സിദ്ധാന്തങ്ങളുപയോഗിച്ചുള്ള പുതുമയാര്‍ന്നതും വിശദവുമായ ഇടപെടലായിരുന്നു അത്. എന്നാല്‍ താങ്കളുടെ പുതിയ പുസ്തകം Recalling caliphate: Decolonisations and world Order വളരേ ‘പ്രകോപനപരവും’ ഗൗരവപൂര്‍ണവുമായ ഒന്നാണ്. പാശ്ചാത്യ അധികാരഘടനയില്‍ അന്തര്‍ലീനമായ, താങ്കള്‍ ‘Westernesse’ എന്നു വിളിക്കുന്ന യൂറോ കേന്ദ്രീകരണത്തെ അതു വെല്ലുവിളിക്കുന്നു. മുസ്‌ലിംകളെ നിര്‍ബന്ധിപ്പിച്ച് പ്രതികരിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഓറിയന്റലിസ്റ്റ് കെണികളെ നിര്‍മ്മാര്‍ജ്ജനം (Clearing) ചെയ്യുക എന്നതാണല്ലോ ആ പുസ്തകത്തിലൂടെ താങ്കള്‍ ശ്രമിക്കുന്നത്. ‘clearing ‘ എന്ന ആശയത്തെ ഒന്നു വിശദീകരിക്കാമോ?

സല്‍മാന്‍ സയ്യിദ് :മുസ്‌ലിം ഓട്ടോണമിെയെക്കുറിച്ച് സംവാദം സാധ്യമാകുന്ന ഒരു ഭൂമിക തുറക്കുന്നതിനെ കുറിച്ചാണ് Clearing എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത്. മുസ്‌ലിം ഓട്ടോണമിയെ കുറിച്ച് ഗൗരവപൂര്‍വ്വമായ സംഭാഷണത്തിലേര്‍പ്പെടുന്ന എല്ലാവരും തന്നെ ചില വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഇവ പലപ്പോഴും സെക്കുലരിസത്തേയും ലിബറലിസത്തേയും റിലേറ്റിവിസത്തെക്കുറിച്ചുമൊക്കെയുള്ള സംവാദമായി വഴിതിരിക്കപ്പെടുന്നു. ഉദാഹരണത്തിന്, ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്ന ഓരോ മുസ്‌ലിമും ഇസ്‌ലാം പ്രകൃത്യാ തന്നെ സ്ത്രീവിരുദ്ധമല്ല, മുസ്‌ലിംകള്‍ അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധരല്ല എന്നൊക്കെ പറയേണ്ടി വരുന്നു. അഥവാ അത്തരം ചോദ്യങ്ങളുടെ കെണികളിലകപ്പെടുന്നു. clearing ഒരേ സമയം പ്രകാശനവും (disclosure) ബഹിഷ്‌ക്കരണവുമാണ് (dismissal). അഥവാ അത് മുസ്‌ലിം ഓട്ടോണമിയെ എതിര്‍ക്കുന്ന വാദങ്ങളോടുള്ള ബഹിഷ്‌ക്കരണവും ഇസ്‌ലാമോഫോബിയ തടയിട്ട മുസ്‌ലിം ഓട്ടോണമിയുടെ പ്രകാശനവും കൂടിയാണ്.

caliphate

ജു.അ: ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളുമായി സംവദിക്കുമ്പോള്‍ പല മുസ്‌ലിംകളും ഈ കെണിയില്‍ വീണു പോകുന്നുവെന്നത് വളരേ ശരിയാണ്. മുസ്‌ലിം ഓട്ടോണമിയുമായി ബന്ധപ്പെട്ട് നിയോ ലിബറല്‍ സ്ഥാപനങ്ങളുമായി (അത് അക്കാദമിക്കമോ രാഷ്ട്രീയപരമോ ആകട്ടെ) സംവദിക്കുക എന്നത് വളരെ പ്രയാസകരം തന്നെയാണ്. മുസ്‌ലിം ബുദ്ധിജീവികള്‍ എങ്ങനെയാണ് ഇതിനെ മറികടക്കുക?താങ്കളുടെ പുതിയ പുസ്തകത്തിന് വല്ല സാധ്യതയും നല്‍കാനുണ്ടോ?

സയ്യിദ് : clearing എന്നത് ഒറ്റത്തവണ എന്നെന്നേക്കുമായി ചെയ്യേണ്ട ഒന്നല്ല. പൊടി നീക്കം ചെയ്യുന്നതു പോലെയാണത്. അലസതയോ മടിയോ കൂടാതെ നാമത് ചെയ്തു കൊണ്ടിരിക്കുന്നു. അതൊരിക്കലും അവസാനിക്കുന്നില്ല. മുസ് ലിം ഓട്ടോണമിയുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ കാവ്യാത്മകവും വിമര്‍ശനപരവുമായ ഘടകങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വളരേ മംഗളകരമായ ഒരു യോജിപ്പിനേയും പ്രതീക്ഷിച്ചിരിക്കാതെ മുസ്‌ലിം ഓട്ടോണമിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തന്നെ തുടക്കം കുറിക്കണമെന്ന ആഹ്വാനമാണ് Recalling the caliphate മുന്നോട്ടു വെക്കുന്നത്. വലിയ തരത്തിലുള്ള ധാര്‍മ്മികതക്കും ഭക്തിക്കും പ്രാധാന്യം കൊടുക്കുക എന്നതു മാത്രമല്ല, മറിച്ച് ഇസ്‌ലാമികമായ എല്ലാത്തിനേയും പുഷ്ടിപ്പെടുത്തുക എന്നത് കൂടിയുമാണ് ഇതര്‍ത്ഥമാക്കുന്നത്. മുസ്‌ലിംകള്‍ അവരുടെ ദീന്‍ അറിയുക എന്നതു മാത്രമല്ല, അവരുടെ ചരിത്രത്തെക്കൂടി അറിഞ്ഞിരിക്കുക എന്നത് മുസ്‌ലിം ഓട്ടോണമിയിലേക്കുള്ള യാത്രയില്‍ അനിവാര്യമായിത്തീരുന്നു. തങ്ങളുടെ ചരിത്രത്തെക്കുറിച്ച ശരിയായ ബോധമില്ലാത്ത ഏതുതരം മനസ്സിലാക്കലുകളും ഓറിയന്റലിസത്തെ നടപ്പിലാക്കുകയോ പുന:നിര്‍മ്മിക്കുകയോ ചെയ്യുമെന്നാണ് ഞാന്‍ വാദിക്കുന്നത്.

https://www.youtube.com/watch?v=GUfxYRk67oA

 

തങ്ങളുടെ ചരിത്രത്തേക്കാള്‍ കൂടുതല്‍ മതപരമായ പാരമ്പര്യങ്ങളിലാണ് മുസ് ലിംകള്‍ കൂടുതലായും അഭ്യസിക്കപ്പെട്ടത്. ചരിത്രത്തേയും ലോകത്തേയും നിര്‍മ്മിച്ചവരായി മുസ്‌ലിംകളെ തിരികെ കൊണ്ടുവരിക എന്നത് മുസ്‌ലിം ഓട്ടോണമിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒന്നാണ്. പ്രായോഗികപരമായി ഇത് യൂറോ കേന്ദ്രീകൃത ചരിത്ര വിജ്ഞാനീയത്തെ വെല്ലുവിളിക്കുകയും മുസ്‌ലിം കാര്‍മ്മികത്വത്തിലുള്ള ചരിത്രവ്യവഹാരങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. നാം ആന്തരികവല്‍ക്കരിച്ച പാശ്ചാത്യ വിഷം പുരട്ടിയ കൊളോണിയല്‍ ഘടനയുടെ ഫ്രെയിം ഓഫ് റഫറന്‍സിനെ മാറ്റി സ്ഥാപിക്കല്‍ കൂടിയാണത്. അഥവാ മുസ്‌ലിം ഒട്ടോണമിയെ പിന്തുണക്കുന്നവര്‍ യൂറോ കേന്ദ്രീകരണത്തോട് ക്ഷമാപണസ്ഥരാകുന്നതിനു പകരം അതിനെതിരെ പ്രതി ആഖ്യാനങ്ങള്‍ ( counter narratives) കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

ജു.അ: 9/11 ന് ശേഷമുള്ള ‘ഭീകരതക്കെതിരായ യുദ്ധം ‘ മുസ്‌ലിം വ്യവഹാരങ്ങളെ എങ്ങനെയാണ് രൂപപ്പെടുത്തിയതെന്നും ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളിലുള്ള മുസ്‌ലിം ‘ക്ഷമാപണ രാഷ്ട്രീയത്തെ ‘ അതെങ്ങനെയാണ് നിര്‍മ്മിച്ചതെന്നും വിശദീകരിക്കാമോ? ഉദാഹരണത്തിന് ഇസ്‌ലാമും ജനാധിപത്യവും തമ്മിലുള്ള യോജിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുസ്‌ലിം വ്യവഹാരങ്ങളില്‍ സജീവമാണ്. താങ്കളാണെങ്കില്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട മുഴുവന്‍ ചര്‍ച്ചകളേയും പ്രശ്‌നവല്‍ക്കരിക്കുന്നു. വിശദീകരണം?

സല്‍മാന്‍ സയ്യിദ്: ഒരു പ്രത്യേകമായ ചരിത്രത്തിന്റെ സഞ്ചാരപഥത്തിലും സാംസ്‌ക്കാരിക രൂപീകരണത്തിലും മനസ്സിലാക്കപ്പെടുന്ന ‘നല്ല ഭരണം ‘ എന്ന ആശയമാണ് ജനാധിപത്യം. ഉദാഹരണമായി, യൂറോപ്യന്‍ സാമ്രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയുമെല്ലാം ജനാധിപത്യപരമാണ് എന്ന തരത്തില്‍ വ്യവഹാരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവിടെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും രാഷ്ട്രീയപരമായ അവകാശങ്ങള്‍ നല്‍കപ്പെടുന്നില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെയാണ് ജനാധിപത്യം ഭരണവുമായി ബന്ധപ്പെട്ട വ്യവസ്ഥ ആകാത്തത്. ഒരു രാജ്യം പാശ്ചാത്യമാണോ അല്ലയോ എന്നുള്ളതാണ് ജനാധിപത്യത്തിന്റെ മാനദണ്ഡമായി മാറുന്നത്. അഥവാ ഒരേ സമയം പാശ്ചാത്യ വിരുദ്ധവും ജനാധിപത്യപരവുമായി ഒരു രാജ്യത്തെ കരുതുക എന്നത് വളരേ പ്രയാസകരമായിത്തീരുന്നു. പൊതു തെരഞ്ഞെടുപ്പില്‍ നീതിപൂര്‍വ്വകമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഫലസ്തീനിലെ ഹമാസിനെ യൂറോപ്യന്‍ യൂനിയനും യു.എസും അംഗീകരിക്കാത്തതും അവര്‍ക്കുള്ള സഹായങ്ങള്‍ നല്‍കാതിരിക്കുന്നതും ഹമാസിനെ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുമെല്ലാം ഇതുകൊണ്ടാണ്.

islamism

ജനാധിപത്യത്തിന്റെ സൂചിതം (signifier) പാശ്ചാത്യ ഐഡന്റിറ്റിയുമായി വളരേ ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ഈ സിഗ്നിഫയറിനെ മറ്റൊന്നുമായി ചേര്‍ക്കാനോ അതിനു വേണ്ടി വാദിക്കാനോ ഞാന്‍ തയ്യാറല്ല.(ഉദാ: ഇസ് ലാമിലെ ശൂറ എന്നത് ജനാധിപത്യമാണ് തുടങ്ങിയ വാദങ്ങള്‍ ) ഇത്തരം വാദങ്ങള്‍ വളരേ ദുര്‍ബലമാണ്. മറ്റു ചില കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

നിയോലിബറലും നിയോ കണ്‍സര്‍വേറ്റീവുമായ ഒരു ‘ ചരിത്ര ഘട്ടത്തെ ‘ (historical bloc) നിര്‍മ്മിക്കാനാണ് ‘ഭീകരതക്കെതിരായ യുദ്ധം ‘ സഹായകരമായത്. വിയോജിക്കാനും വ്യത്യസ്തമാകാനുമുള്ള ഇടത്തെ ചുരുക്കിക്കളഞ്ഞു എന്നുള്ളതാണ് ഈ അധീശത്വ നിര്‍മ്മിതിയുടെ പരിണതി. ഉദാഹരണത്തിന് ,തങ്ങളുടെ മക്കളെ റാഡിക്കലൈസ് ചെയ്യുന്നതിനെതിരെ മുസ്‌ലിം മാതാപിതാക്കള്‍ക്കെതിരെ ബ്രിട്ടന്‍ നിയമം കൊണ്ടുവന്നു. 2015 ജൂലൈ 27 ന് സമര്‍പ്പിക്കപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടനുസരിച്ച് 12 വയസ്സിനു താഴെയുള്ള 400 ഓളം കുട്ടികള്‍ (ഇതില്‍ 3 വയസ്സുള്ള കുട്ടിയും ഉള്‍പ്പെടുന്നു) റാഡിക്കലൈസ് ചെയ്യപ്പെട്ടവരാണ്. റാഡിക്കലൈസേഷന് വളരേ അയഞ്ഞ അര്‍ത്ഥമാണ് നിയമം നല്‍കുന്നത്. മുസ്‌ലിം റാഡിക്കലിന്റെ അടയാളങ്ങളെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു.’ അയാള്‍ ക്രിസ്മസ് ആഘോഷിക്കില്ല, കള്ളുകുടിക്കില്ല, അതോടൊപ്പം ഇസ്രയേല്‍ ബഹിഷ്‌ക്കരണത്തെ പിന്തുണക്കുകയും ചെയ്യുന്നു.”

 

സ്റ്റേറ്റിനെപ്പോലെയുള്ള അധികാര സ്ഥാപനങ്ങള്‍ നുഴഞ്ഞു കടക്കാത്ത ഒരു സാമൂഹിക ഇടത്തെ തിരിച്ചുപിടിക്കാനുള്ള സാധ്യത മുസ്‌ലിംകളില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അറിവധികാരത്താല്‍ നിയന്ത്രിക്കപ്പെട്ട തങ്ങളുടെ പൂര്‍വ്വ ചരിത്രത്തെ തിരിച്ചുപിടിക്കുക എന്നതാണത്. അത്തരമൊരു ലക്ഷ്യത്തിന് വലിയ സന്നാഹങ്ങളോ ചെലവോ ആവശ്യമില്ല .ശൂറ എന്നതിനെ ഏതെങ്കിലുമൊരു നിയമ പുസ്തകത്തിന്റെ ഇടുങ്ങിയ വ്യാഖ്യാനങ്ങളില്‍ മനസ്സിലാക്കുകയും പാശ്ചാത്യ വ്യാഖ്യാന ശാസ്ത്രത്തിന്റെ രേഖകളിലൂടെ കാണുകയും ചെയ്യുന്നതിന് പകരം അധികാരപ്രയോഗങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന ഒന്നായി കരുതുക എന്നതും വളരെ പ്രധാനമാണ്.

ജു: ചരിത്രവും ചരിത്രമെഴുത്തും തമ്മിലുള്ള വ്യത്യാസങ്ങളെ നിരന്തരമായി തുറന്നു കാണിക്കുക എന്നതാണല്ലോ താങ്കളുടെ കൃതിയുടെ പ്രധാന ലക്ഷ്യം. യൂറോ കേന്ദ്രീകൃത ആഖ്യാനങ്ങളെ വിശദീകരിക്കാനുള്ള താങ്കളുടെ വളരേ അറിയപ്പെടുന്ന പ്രയോഗമാണല്ലോ ‘ പ്ലേറ്റോ മുതല്‍ നാറ്റോ വരെ ( From Plato to NATO) എന്നത്. അതിനെക്കുറിച്ച് അല്‍പ്പം സംസാരിക്കാമോ?

സ: രാഷട്രീയ കര്‍തൃത്വത്തിന്റെ രൂപീകരണത്തില്‍ ചരിത്രം വഹിക്കുന്ന പങ്ക് മനസ്സിലാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഓര്‍മ ശക്തിയില്ലാത്ത ഒരാളെക്കുറിച്ച് സങ്കല്‍പ്പിക്കുക: ഏത് അളവ് വരെയാണ് അയാള്‍ വ്യക്തി ( Person) ആയിത്തുടരുന്നത്? ഓര്‍മ നശിക്കുക എന്നാല്‍ പേരുകള്‍ മറക്കുക എന്നതോ തനിക്ക് വളരേ അടുത്ത ആളുകളുടെ പോലും മുഖം മറന്നു പോവുക എന്നതോ മാത്രമല്ല. എങ്ങനെയാണ് സംസാരിക്കേണ്ടത്, പദങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് പോലും മറന്നു പോവുക എന്നതും അതിന്റെ ഭാഗമാണ്. പൂര്‍വ്വകാലത്തെ (Past) ക്കുറിച്ച എന്തെങ്കിലുമല്ല ഓര്‍മ. അത് കഴിഞ്ഞകാലത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഒരു സാധ്യത അയാള്‍ക്കു നല്‍കുന്നു. അതുവഴി അയാളുടെ ഭാവിയും ക്രമപ്പെടുത്തപ്പെടുന്നു.

കൂട്ടായ ഓര്‍മകളാണ് (Collective Memory) ചരിത്രം. അതൊരിക്കലും കഴിഞ്ഞു പോയ കാലത്തിന്റെ പുന:നിര്‍മ്മാണമല്ല. കഴിഞ്ഞു പോയ കാലത്തെ അതു പോലെ രേഖപ്പെടുത്തി വെക്കുക എന്നത് അസാധ്യവും അര്‍ത്ഥമില്ലാത്തതുമാണ്. കഴിഞ്ഞ കാലത്തെ രേഖപ്പെടുത്തുന്നതിനു പകരം കഴിഞ്ഞകാലത്തിന്റെ രേഖകളെ പുന:നിര്‍മ്മിക്കുകയാണ് ചരിത്രം ചെയ്യുന്നത്. എല്ലാ ചരിത്രങ്ങളും പര്‍വ്വകാലത്തിന്റെ സുതാര്യമായ പ്രകാശനമാണെന്നംഗീകരിക്കുകയും കഴിഞ്ഞ കാലത്തെ കുറിച്ച മനസ്സിലാക്കലുകളില്‍ ശ്രോതാക്കളുടെ മേല്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന വാചിക കലയാണ് ചരിത്രമെഴുത്ത് ( historiography). മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ചരിത്രമെഴുത്ത് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ രണ്ട് തരത്തിലാണ്. ഒന്നാമതായി, ഇസ്ലാമിക ചരിത്രം ദേശീയ ചരിത്രമെഴുത്തിനാല്‍ മാറ്റി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഉമ്മത്തിന്റെ ( ആഗോള മുസ്‌ലിം സമൂഹം) ചരിത്രത്തെക്കുറിച്ച് സംസാരികുന്നതിനെ ഇത് പ്രതിസന്ധിയിലാക്കുന്നു. ഉദാഹരണമായി പാക്കിസ്ഥാന്റെ ചരിത്രം തന്നെ എടുക്കുക. സൗത്ത് ഏഷ്യയുടെ പശ്ചാത്തലത്തിലാണ് അത് പ്രധാനമായും ഫ്രെയിം ചെയ്യപ്പെട്ടിരിക്കുന്നത്.സൗത്ത് ഏഷ്യയുടെ അതിരുകളാകട്ടെ കൊളോണിയല്‍ ഭൂപടത്തിലാണ് രൂപം കൊണ്ടത്. ഇന്ത്യന്‍ (Hindu ) ഉപഭൂഖണ്ഡത്തില്‍ പ്രത്യക്ഷപ്പെടുന്ന നിയമപരമല്ലാത്ത സാന്നിധ്യമായി പാക്കിസ്ഥാന്‍ മാറുന്നു. സ്വഭാവിക ഘടനക്കെതിരിലുള്ള ധിക്കാരമായിട്ടാണ് ഇന്‍ഡോളജിക്കാരുടെ വീക്ഷണത്തില്‍ പാക്കിസ്ഥാന്‍ വരുന്നത്. ഒട്ടോമന്‍ സ്റ്റേറ്റിനെ കൊളോണിയല്‍ സാമ്രാജ്യ പദ്ധതിയുമായി താരതമ്യപ്പെത്തുന്ന അനത്തോളിയയുടേയും ബാല്‍ക്കന്റേയും ചരിത്രമെഴുത്തുകള്‍ കൂടി പരിശോധിച്ചു നോക്കുക. ഒട്ടോമന്‍ സ്റ്റേറ്റിന്റെ സാധുതയെത്തന്നെ അത് തള്ളിക്കളയുന്നു.

രണ്ടാമതായി, ലോക ചരിത്രത്തിന്റെ സ്വഭാവത്തെ നമുക്ക് പരിശോധിക്കാം. എല്ലാ സമൂഹത്തിന്റേയും ഗതികളേയും ലക്ഷ്യങ്ങളേയും അത് നിര്‍ണ്ണയിക്കുന്നു. സമൂഹം എത്രകണ്ട് പാശ്ചാത്യവല്‍ക്കരിക്കപ്പെടുന്നുവോ അത്രകണ്ട് ആധുനികവും പുരോഗമനപരവും അതുവഴി ചരിത്രത്തിന്റെ യഥാര്‍ത്ഥ ഭാഗവും ആയിത്തീരുന്നു. മുസ്‌ലിംകള്‍ അവരുടെ ചരിത്രത്തെ ഉരിഞ്ഞുകളയുകയും വര്‍ത്തമാനത്തിന്റെ യാതൊരു വിധ പദ്ധതിയിലും പങ്കെടുക്കാനാവാത്ത, ഓര്‍മയില്ലാത്ത ജനതയായിത്തീരുന്നു.

ജു: എല്ലാവര്‍ക്കും തുല്യത ലഭിക്കാനായി മതവും രാഷ്ട്രവും തമ്മില്‍ വേര്‍തിരിക്കേണ്ടതുണ്ടെന്നാണ് പല ലിബറലുകളും വാദിക്കുന്നത്. മതത്തെ പിന്തിരിപ്പനായി കാണുകയും സെക്കുലറിസത്തെ വിമോചനമായി കാണുന്നതുമായ ഒരു റിഡക്ഷനിസ്റ്റ് ബൈനറിയാണ് അതെന്ന് താങ്കളും വാദിക്കുന്നു. യൂറോപ്യന്‍ പ്രബുദ്ധതയുടെ അടിസ്ഥാനമാണ് അതിനുള്ളതെന്നും താങ്കള്‍ പറയുന്നു. വിശദീകരിക്കാമോ?

സ: ക്രിസ്ത്യന്‍ യൂറോപ്പില്‍ ക്രിസ്ത്യാനികളല്ലാത്ത പല മതന്യൂനപക്ഷങ്ങളും വലിയ തരം അക്രമങ്ങള്‍ക്കു വിധേയമായി ഉന്മൂലനം ചെയ്യപ്പെട്ടിട്ടുണ്ട്. 18ാം നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും ക്രിസ്ത്യന്‍ യൂറോപ്പിനു കീഴില്‍ താമസിക്കുന്നതിനേക്കാള്‍ മെച്ചമായ ജീവിതമാണ് മുസ്‌ലിം ഭരണകൂടത്തില്‍ നിന്നും ആളുകള്‍ക്ക് ലഭിച്ചത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ന്യൂനപക്ഷ അവകാശങ്ങളും ‘മതാടിത്തറയിലുള്ള ‘ സ്റ്റേറ്റുകളും തമ്മിലുള്ള ബന്ധത്തെ നാം ക്രിസ്ത്യന്‍ ചരിത്ര പദ്ധതിയിലൂടെയാണ് നോക്കിക്കാണുന്നത്. മതാധിഷ്ഠിതമല്ലാതിരുന്ന കമ്മ്യൂണിസ്റ്റ് ചേരികളിലും കൊളോണിയല്‍ ചേരികളിലും മതന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്തായിരുന്നു? സ്റ്റേറ്റ് മതാത്മകമാണോ അല്ലയോ എന്നുള്ളതല്ല ഇവിടുത്തെ ചോദ്യം. എങ്ങനെയാണ് സ്റ്റേറ്റും മതവും മനസ്സിലാക്കപ്പെടുന്നത് എന്നതാണ്.

അടിസ്ഥാനപരമായി മതം എന്ന കാറ്റഗറി വെസ്റ്റേണ്‍ ക്രിസ്ത്യാനിറ്റിയുടെ വായനയുടെ ഭാഗമായി വന്നതാണ്. ഈ വായന പ്രകാരം ‘മതം’ നിര്‍വ്വചിക്കപ്പെടുകയും അതനുസരിച്ച് ലോകത്താകമാനം വര്‍ഗീകരണം നടത്തപ്പെടുകയും ചെയ്തു. സവിശേഷമായ യൂറോപ്യന്‍ ചരിത്ര പശ്ചാത്തലത്തെ പ്രാപഞ്ചികാടിസ്ഥാനത്തില്‍ വായിക്കുക എന്നത് യൂറോകേന്ദ്രീകരണത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെയാണ്. യുറോകേന്ദ്രീകൃത ലിബറലിസം മുസ്‌ലിം ജനങ്ങള്‍ക്ക് സംഭാവനകളൊന്നും നല്‍കിയിട്ടില്ല എന്ന വാദിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ടെഹ്‌റാനിലോ ഇസ് ലാമാബാദിലോ ജക്കാര്‍ത്തയിലോ കൈറോയിലോ വെച്ച് ‘ലോലിത’ വായിക്കുന്നു എന്നതിന് നിങ്ങള്‍ ഓറിയന്റലിസത്തിനെതിരെ ശബ്ദിക്കുന്നു എന്നര്‍ത്ഥമില്ല. അതു കൊണ്ടു തന്നെയാണ് പാശ്ചാത്യ വിഷം കലര്‍ന്ന ലിബറലുകള്‍ മുസ്‌ലിം ലോകത്തുടനീളമുള്ള ഏകാധിപത്യത്തിന്റെ സഹായികളായിത്തീരുന്നത്.

കടപ്പാട്: ജദലിയ

സൽമാൻ സയ്യിദ്