Campus Alive

ഗസ്സയും മാനവികതയുടെ കൊളോണിയൽ വ്യാകരണവും

“In a war against barbarians, the use of cruelty has always been more acceptable than it has been against civilized enemy populations. And, even today, there is no general sense of horror . . . at the numerous atrocities committed or condoned by democratic governments.”

Talal Asad, On Suicide Bombing

“Morality is an enduring but banal condition or worse. It is, however, very much part of the technology of rule we live under.”

– Gil Anidjar, Gaza: Banality of Morals (2009)

 

തലാൽ അസദ് ഈ വാക്കുകളിൽ, ആധുനിക പാശ്ചാത്യലോകത്തിന്റെ ധാർമിക സാങ്കേതികവിദ്യയെയാണ് രോഗ നിർണ്ണയം ചെയ്തത് – ആരാണ് മനുഷ്യപദവി ഉള്ളവരായി കണക്കാക്കപ്പെടേണ്ടതെന്നും, ആരാണ് അത് അർഹിക്കാത്തവരെന്നും, തീരുമാനിക്കാനുള്ള അതിൻ്റെ അധികാരം. ഈ നാഗരികതയുടെ വ്യാകരണത്തിന്റെ ഏറ്റവും ക്രൂരവും സുതാര്യവുമായ പ്രകടനമാണ് ഗസ്സ ഇന്ന്. ലിബറൽ ധാർമിക ക്രമം എങ്ങനെയാണ് ചില ജീവിതങ്ങളെ നിയമം, സഹാനുഭൂതി, ആഖ്യാന അധികാരം, ആയുധ ശക്തി, മാധ്യമ രോഷം എന്നിവയാൽ സംരക്ഷിക്കുന്നതെന്നും, മറ്റു ജീവിതങ്ങളെ – മുസ്ലിം, കറുത്ത വർഗ്ഗക്കാർ, തവിട്ടു നിറമുള്ളവർ, പൗരത്വമില്ലാത്തവർ – ഒരു പ്രത്യാഘാതവുമില്ലാതെ കൊല്ലപ്പെടാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു ലോകത്തെ നിലനിർത്തുന്നതെന്ന് ഇത് തത്സമയം വെളിപ്പെടുത്തുന്നു.

ഗിൽ അനിദ്ജാർ

ഗസ്സയിൽ സംഭവിച്ചതിനും ഒരു നൂറ്റാണ്ടുകാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നതിനെയും – ഒരു ജനതയെ ആകെ ഒരു തുറന്ന ജയിലിൽ ഉപരോധം ചെയ്ത് അടച്ചിടുന്നതിലും, ഇടവേളകളിൽ പുൽത്തകിടി വെട്ടുന്നു (Mowing the lawn) എന്ന മൃദൂക്തി ഉപയോഗിച്ച് കൂട്ടക്കൊല ചെയ്യുന്നതിനെയും –  മനസ്സിലാക്കുന്നതിൽ ധാർമിക സങ്കീർണതയൊന്നുമില്ല. അവിടെയുള്ളത് ജനാധിപത്യത്തിൻറെ അങ്കി അണിഞ്ഞ കോളനിവത്കൃത വംശഹത്യ യുക്തിയുടെ തുടർച്ച മാത്രമാണ്. ഗിൽ അനിദ്ജാർ ഒരിക്കൽ എഴുതിയതുപോലെ, “ധാർമികത” തന്നെ “ഭരണത്തിന്റെ ഒരു സാങ്കേതികവിദ്യ” ആയി മാറിയിരിക്കുന്നു – ലിബറൽ സമൂഹങ്ങൾ അവരുടെ അക്രമങ്ങളെ പുനഃസൃഷ്ടിക്കുന്ന ഒരു മുഖംമൂടി. ലോകത്തിൻറെ ധാർമിക ചർച്ചകൾ – അതിൻറെ “മാനുഷികപരമായ ആശങ്കകൾ,” “സുരക്ഷാ പ്രതിസന്ധികൾ,” “സന്തുലിതമായ അപലപനങ്ങൾ” – എല്ലാം കൈയിൽ തിളങ്ങുന്ന കഠാര മറച്ചുവെക്കുന്ന വില്ലീസുപട്ടിന്റെ ആവരണം മാത്രമാണ്.

ഏറ്റവും അവസാനമായി ഒക്ടോബർ 13-ലെ തടവുകാരെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട ഭാഷ പരിശോധിച്ചു നോക്കൂ. കോളനിവത്കൃത ലോകക്രമത്തെ ഘടനാപരമായി നിർണ്ണയിക്കുന്ന ആഴത്തിലുള്ള ധാർമിക വിപരീതത്തെ അത് തുറന്നുകാട്ടുന്നു. അവർ ഏകകണ്ഠമായി, ഗസ്സയിൽ തടവിലാക്കപ്പെട്ട ഇസ്രായേലികളെ “ബന്ദികൾ” എന്ന് വിശേഷിപ്പിക്കുമ്പോൾ, ഇസ്രായേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഫലസ്തീനികളെ “തടവുകാർ” എന്ന് വിളിക്കുന്നു. ഒരു കൂട്ടരുടെ തടവ് നാഗരികതയ്ക്ക് അപമാനവും അതിനു നേരെയുള്ള വെല്ലുവിളിയും, മറ്റേ കൂട്ടരുടേത് ഒരു നിയമപരമായതും സ്വയം സുരക്ഷിതത്വത്തിനു വേണ്ടി സ്വാഭാവികമായി ഉണ്ടാവേണ്ടതുമായ നടപടിയും എന്ന മട്ടിൽ ആണ് അത് സംവേദനം ചെയ്യപ്പെടുന്നത്. എന്നാൽ 1967 മുതൽ, ഇസ്രായേൽ ഒരു ദശലക്ഷത്തിലധികം ഫലസ്തീനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട് – ഏകദേശം ആറു പതിറ്റാണ്ടുകളായി ദിവസേന ശരാശരി 47 പേർ എന്ന കണക്കിൽ ഫലസ്തീനികൾ തങ്ങളുടെ മർദ്ദകരാൽ തടവിലാക്കപ്പെടുന്നു. ഏകദേശം  ആറായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള തടവുകാരുടെ സ്ഥിരമായ സംഖ്യ ഈ മർദ്ദക കേന്ദ്രങ്ങളിൽ അവർ നിലനിർത്തുന്നു. ഈ ബന്ദികൾ യാതൊരു കുറ്റവും ചാർത്തപ്പെടാതെ വിചാരണയില്ലാതെ ആഴ്ചകളും മാസങ്ങളും തടവിൽ കിടക്കുകയും ആരും അറിയാതെ മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഇസ്രായേൽ കരുതുന്നവർ വർഷങ്ങളും പതിറ്റാണ്ടുകളും ആ തടവറകളിൽ നുരിയുന്നു. വീടുകൾ അർദ്ധരാത്രിയിൽ തോക്കിൻ മുനയിൽ ഒരു രസത്തിനു വേണ്ടി റൈഡ് ചെയ്യുന്ന സൈനികനെ തുറിച്ചു നോക്കിയാൽ ഒരു പത്തു വയസ്സുകാരനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകാം. അവൻ ഏകാന്ത തടവിൽ എല്ലാ മാനസികമായ പരിക്കുകൾക്കും വിധേയനായ ശേഷമായിരിക്കും മോചിപ്പിക്കപ്പെടുന്നത്. ബന്ദി കൈമാറ്റങ്ങൾക്ക് ശേഷവും പതിനായിരത്തിലധികം ഫലസ്തീനികൾ ഇപ്പോഴും തടവിലാണ്. അവരിൽ ഭൂരിഭാഗവും കുറ്റാരോപണവും വിചാരണയും ഇല്ലാത്തവർ. ഇവരിൽ നൂറുകണക്കിന് കുട്ടികളുണ്ട്. കല്ലെറിയുന്ന കുട്ടികളെ (പലപ്പോഴും കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ) സൈനിക കോടതികൾ പത്തുവർഷത്തിൽ കൂടുതലുള്ള തടവുകൾക്ക് ശിക്ഷിക്കുന്ന പ്രതികാര വിദ്വേഷത്തിന്റെ നിയമവ്യവസ്ഥക്കകത്താണ് അവർ ജീവിക്കുന്നത്. നിലനിൽപ്പിനെ തന്നെ ക്രിമിനൽവത്ക്കരിക്കുന്ന ഒരു കാരാഗൃഹ വ്യവസ്ഥയാണിത് എന്ന് നിരവധി മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ, മെർകാവ ടാങ്കിന് മുകളിൽ നിന്ന് പിടിച്ച അധിനിവേശ സൈനികന്റെ തടവ് ഏതു വിധേനയും ഒഴിവാക്കേണ്ട ഒരു ദുരന്തമാകുമ്പോൾ, സ്വന്തം ഭൂമിയിൽ അധിനിവേശത്തിന്റെ നുകത്തിൽ ജീവിക്കുന്ന കുട്ടികളുടേത് അടക്കമുള്ള തടവ് ദിനചര്യയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

 

1. നാഗരികതയും അതിൻറെ അപരരായ കിരാതരും

 കൊളോണിയൽ വിജയത്തിൻറെ ആദ്യകാല ന്യായീകരണങ്ങൾ മുതൽ, “നാഗരികത” എന്നത് മനുഷ്യരുടെ സാംസ്കാരികമായ എന്തെങ്കിലും പരിഷ്കരണത്തിന്റെ വിവരണം ആയിരുന്നില്ല, മറിച്ച് ആധിപത്യത്തിനും അനിതരസാധാരണമായ ഹിംസാ പ്രയോഗങ്ങൾക്കുമുള്ള ഒരു ലൈസൻസായിരുന്നു. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ, സ്പെയിനും ബ്രിട്ടനും അവരുടെ “നാഗരിക ദൗത്യങ്ങൾ” പ്രഖ്യാപിച്ചപ്പോൾ കിരാതത്വം (ബാർബേറിയനിസം) എന്നത് ബാഹ്യമായ ഒരന്യതയല്ല മറിച്ച് അടിമത്തത്തെയും കൈവശപ്പെടുത്തലിനെയും ന്യായീകരിക്കാൻ സൃഷ്ടിച്ച ആഖ്യാനപരമായ  ഒരന്യതയായിരുന്നു എന്നത് വ്യക്തമായിരുന്നു.

അതേ യുക്തി തന്നെ അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നും ആഫ്രിക്ക/ഏഷ്യ ഭൂഖണ്ഡങ്ങളിൽ നിന്നും ഫലസ്തീനിലേക്കും തടസ്സമില്ലാതെ ഒഴുകുന്നു. വടക്കേ അമേരിക്കയിലെ യൂറോപ്യൻ കുടിയേറ്റക്കാർ “ന്യൂ വേൾഡ്” മനുഷ്യശൂന്യമായ ഒരു പ്രദേശം ആണെന്ന് പ്രഖ്യാപിച്ചപ്പോഴും, നാല് നൂറ്റാണ്ടുകൾ കഴിഞ്ഞ് യൂറോപ്യൻ വെള്ള കുടിയേറ്റക്കാർ ഫലസ്തീനെ, “ഭൂമിയില്ലാത്ത ഒരു ജനത”യ്ക്ക് വേണ്ടി കാത്തിരുന്ന “ജനങ്ങളില്ലാത്ത ഭൂമി” എന്ന് വിളിച്ചപ്പോഴും, ആധിപത്യത്തിന്റെ ഒരേ ധാർമിക വ്യാകരണം ആണ് ഉപയോഗിച്ചത്. മനുഷ്യരഹിതമായ ഭൂമി – അത് മനുഷ്യരായി കണക്കാക്കാൻ കഴിയാത്തവരുടെ ഭൂമി കൂടി ആയതിനാൽ – എന്ന ഫാന്റസിലൂടെയാണ് വംശഹത്യയും, ജനതയുടെയും സാംസ്കാരിക ചിഹ്നങ്ങളുടെയും തുടച്ചുനീക്കലും വികസനമായി മാറുന്നത്.

റാഷിദ് ഖാലിദി, ഇലാൻ പപ്പെ, അവി ഷ്ലൈം തുടങ്ങിയ അനേകം ഫലസ്തീനിയൻ ചരിത്രകാരന്മാർ സയണിസ്റ്റ് പദ്ധതി യൂറോപ്യൻ ലിബറലിസത്തിൽ നിന്നുള്ള വ്യതിചലനമായിരുന്നില്ല, മറിച്ച് അതിൻറെ ഏറ്റവും യുക്തിസഹമായ പ്രകടനങ്ങളിൽ ഒന്നായിരുന്നുവെന്ന് കാണിച്ചുതരുന്നു.  ഏഴുലക്ഷത്തിലധികം ഫലസ്തീനികളെ തങ്ങളുടെ ആവാസസ്ഥലങ്ങളിൽ നിന്ന് നിഷ്കരുണം കൊന്നും കൊള്ളിവച്ചും പുറത്താക്കിയ 1948ലെ നക്ബ (ദുരന്തം) ആസൂത്രണം ചെയ്തു നടപ്പിലാക്കിയത് പുരോഗതി, രാഷ്ട്രപദവി, സുരക്ഷ എന്നിവയുടെ ആധുനിക പദാവലി സ്വാംശീകരിച്ചവരാണ്. അവരുടെ കണ്ണിൽ, ഫലസ്തീനികൾ ഒരു ജനതയായിരുന്നില്ല, മറിച്ച് പുരോഗതിയുടെ പ്രയാണത്തിൽ തുടച്ചുനീക്കേണ്ട ഒരു തടസ്സമായിരുന്നു. ഒരു നൂറ്റാണ്ട് നീണ്ട ഈ പ്രക്രിയയെ അന്താരാഷ്ട്ര ക്രമത്തിന്റെ സമ്മതത്തോടെ ഉള്ള ഒരു അധിനിവേശ കോളനിവത്ക്കരണം ആയിട്ടാണ് റാഷിദ് ഖാലിദി വിശേഷിപ്പിച്ചത്. ഇസ്രായേലിന്റെ സൈനിക ശക്തിയാൽ മാത്രമല്ല, അതിനെ അംഗീകരിക്കുകയും ഫണ്ട് ചെയ്യുകയും സ്വാഭാവികവത്ക്കരിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര നിയമവ്യവസ്ഥയാലും കൂടിയാണ് ഇത് നിലവിൽ വരികയും നിലനിർത്തപ്പെടുകയും ചെയ്യുന്നത്.

ഓറിയന്റലിസം എന്നത് കേവലം പ്രാതിനിധ്യത്തെക്കുറിച്ചുള്ള ഒരു ആഖ്യാനം മാത്രമല്ല, മറിച്ച് കൊളോണിയൽ അധികാരത്തിന്റെ ഒരു അടിസ്ഥാന ശിലയായിരുന്നു എന്ന് എഡ്വേർഡ് സൈദ് വളരെ മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. യൂറോപ്പ്യൻ അക്രമം സദ്ഗുണമായും കോളനിവത്കൃതരുടെ ചെറുത്തുനിൽപ്പ് തീവ്രവാദമായും തോന്നുന്ന ഒരു വൈജ്ഞാനിക മാതൃകയിൽ ലോകത്തെ അത് ക്രമീകരിച്ചു. ആ അർത്ഥത്തിൽ, ഗസ്സ ഒരു പുതിയ ദുരന്തമല്ല. അഞ്ഞൂറ് വർഷത്തെ പാശ്ചാത്യ നാഗരികതയ്ക്ക് നേരെ പിടിച്ച കണ്ണാടിയാണിത്. അതിൽ “മനുഷ്യനും” “ബാർബേറിയനും” തമ്മിലുള്ള അതിർവരമ്പ് ആരുടെ ജീവിതവും ആരുടെ മരണവും ഗൗരവത്തിൽ എടുക്കണമെന്ന് ഇപ്പോഴും നിർണയിക്കുന്നു.

2. സദാചാരത്തിന്റെ സാധാരണത്വം (The banality of morals)

ഹന്ന ആറെൻഡിന്റെ “തിന്മയുടെ സാധാരണത്വം” (The banality of evil) എന്ന സങ്കൽപ്പത്തെ പരാവർത്തനം ചെയ്ത ഗിൽ അനിദ്ജാറിൻ്റെ “സദാചാരത്തിന്റെ സാധാരണത്വം” ലിബറൽ കാഴ്ചയുടെ ഈ അശ്ലീലതയെ പിടിച്ചെടുക്കുന്നു. നിരാലംബരായ ജനങ്ങളുടെ മേൽ ഓരോ തവണ ബോംബുകൾ വീഴുമ്പോഴും ശരീരങ്ങൾ ചിതറിത്തെറിക്കുമ്പോഴും, പശ്ചാത്യ ദേശങ്ങളിലെ പൊതുജനം ഒരു ധാർമിക ചർച്ചയിലേക്ക് ക്ഷണിക്കപ്പെടുന്നു: ഇരുപക്ഷത്തും കുറ്റമുണ്ടോ? ഇത് ആനുപാതികമാണോ? ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടോ? ഈ ചോദ്യങ്ങൾ കൂട്ടക്കൊലയെ ധാർമികതയുടെ ഒരു ചോദ്യമാക്കി മാറ്റുന്നു. അതിന് ധാർമികമായ ഉത്തരങ്ങൾ നൽകപ്പെടുന്നു. സർവ്വശക്തിയും ഉപയോഗിച്ച് തടയേണ്ട ഒരു കുറ്റകൃത്യം എന്നതിലുപരി യുദ്ധങ്ങളും കെടുതികളും ഒരു യുക്തിസംവാദവും ബൗദ്ധിക വ്യവഹാരവും ആയി മാറുന്നു.

ഈ “ധാർമിക സംവാദം” സുരക്ഷാഭരണകൂട യന്ത്രത്തിന്‍റെ ലൂബ്രിക്കൻ്റായി മാറിയെന്ന് അനിദ്ജാർ ഓർമ്മപ്പെടുത്തുന്നു. നാശത്തിന്റെ യന്ത്രങ്ങളെ പ്രാപ്തമാക്കുമ്പോൾ ധാർമിക മനസ്സാക്ഷിയുടെ ഒരു മിഥ്യ അത് സൃഷ്ടിക്കുന്നു. ഒരു ബിബ്ലിക്കൽ പഴഞ്ചൊല്ല് ഓർമിപ്പിച്ചുകൊണ്ട് ഗസ്സയിൽ ഈ ധാർമിക സംവാദം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം എഴുതുന്നു: “ഗസ്സയിൽ ഒരു വടിയും ഒഴിവാക്കപ്പെടുന്നില്ല, ഒരു കുട്ടിയും അവിടെ വഷളാകുന്നുമില്ല” (“No rod is spared, no child is spoiled”). പാശ്ചാത്യലോകം കൊല്ലുന്നത് അത് അധാർമികമായതുകൊണ്ടല്ല. മറിച്ച് സാമ്രാജ്യ കയ്യേറ്റങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ അത് “ധാർമിക”മായതുകൊണ്ടാണ്. അനിവാര്യമായ തിന്മ വൈമനസ്യത്തോടെ ഉപയോഗിക്കാൻ വെള്ളക്കാരനായ മോക്ഷദായകൻ നിർബന്ധിക്കപ്പെടുന്നതിന്റെ വിഷമവൃത്തം. തിരഞ്ഞെടുത്തവരെ മാത്രം ഓർത്ത് വിലപിക്കുന്ന ഈ ധാർമിക ക്രമം വംശീയ ക്രമത്തെ സ്ഥിരീകരിക്കുകയും ദൃഢീകരിക്കുകയും ചെയ്യുന്നു.

ഇന്നത്തെ ലിബറൽ ജനാധിപത്യങ്ങൾ ഈ ധാർമിക ആചരണത്തെ പൂർണ്ണതയിൽ എത്തിച്ചിരിക്കുന്നു. മനുഷ്യനാശത്തിൽ “ആശങ്ക” പ്രകടിപ്പിക്കുന്ന പ്രസ്താവനകൾ അവർ പുറത്തിറക്കുന്നു: അവർ “മാനുഷികപരമായ ഇടവേളകൾ” (Humanitarian pause) ചർച്ച ചെയ്യുന്നു; അത് കൂടിയാലോചിക്കാൻ സമ്മേളനങ്ങൾ വിളിച്ചു കൂട്ടുന്നു. അതിനിടയിൽ, അമേരിക്കൻ, യൂറോപ്യൻ സ്പെയർപാർട്സുകളും, സാമ്പത്തിക സുരക്ഷാസഹായങ്ങളും, നയതന്ത്രപരമായ സംരക്ഷണവും സംയോജിപ്പിച്ച ബോംബുകൾ വീണുകൊണ്ടേയിരിക്കുന്നു. ഇങ്ങനെയാണ് കൊളോണിയൽ സദാചാരത്തിന്റെ സാധാരണത്വം അതിക്രമത്തെ ദിനചര്യയാക്കി മാറ്റുന്നത്.

3. കോളനിവത്ക്കരണത്തിന്റെ തുടർച്ച (The Colonial Continuum)

ഫലസ്തീനികൾക്കെതിരെ നടത്തുന്ന ക്രൂരതയെ അത് ഉത്പാദിപ്പിക്കുന്ന കോളനിവത്കൃത ലോക ക്രമത്തിൽ നിന്ന് ഒറ്റപ്പെടുത്തി മനസ്സിലാക്കാൻ കഴിയില്ല. തദ്ദേശീയരായ അമേരിക്കക്കാരുടെ ഉന്മൂലനം മുതൽ നമീബിയയിലെയും (ഹെരേറോ, നമ വംശഹത്യ) അൾജീരിയയിലെയും കൂട്ടക്കൊലകൾ വരെ, കെനിയയിലെ ബ്രിട്ടീഷ് തടങ്കൽപ്പാളയങ്ങൾ മുതൽ ഓസ്ട്രേലിയയിലെ അപ്രത്യക്ഷമാക്കപ്പെട്ട തലമുറകൾ വരെ, പാശ്ചാത്യ നാഗരികത – പാട്രിക് വോൾഫ് “നിർമ്മാർജ്ജനത്തിൻ്റെ യുക്തി” (“the logic of elimination.”) എന്ന് വിളിച്ചതിനെ – വളരെക്കാലമായി പരിശീലിച്ചു പോരുന്നു.

സെറ്റ്ലർ കോളനിവത്കരണം അധികാരം നേടുന്നതിൽ മാത്രം തൃപ്തരല്ല; അതിന് മുഴുവൻ ജനങ്ങളെയും സംസ്കാരത്തെയും തുടച്ചു നീക്കണം. തദ്ദേശീയൻറെ ജീവനുള്ള അവസാന ശരീരവും അതിനെ ആശങ്കപ്പെടുത്തുന്നു. സാംസ്കാരികവും ഭൗതികവുമായ ഉന്മൂലനത്തിലൂടെ അത് നടക്കുന്നു – പുരോഗതിയെ കുറിച്ചുള്ള തങ്ങളുടെ ആഖ്യാനങ്ങളെ തടസ്സപ്പെടുത്തുന്നവരെ നിർമാർജ്ജനം ചെയ്യുകയോ, പുറന്തള്ളുകയോ, അദൃശ്യരാക്കുകയോ ചെയ്തുകൊണ്ട്. കുടിയേറ്റക്കാരൻ്റെ ഭാവനയിൽ, നാഗരികത വളരണമെങ്കിൽ തദ്ദേശീയരിൽ നിന്ന് ഭൂമി ശുദ്ധീകരിക്കപ്പെടണം. ഈ ആഗോള പ്രക്രിയയുടെ അവസാനത്തെ തുറന്ന മുറിവാണ് ഗസ്സ. ഒരേസമയം അക്ഷരാർത്ഥത്തിലും  പ്രതീകാത്മകവുമായ ഒരു കാരാഗൃഹമാണ് ഗസ്സ – കൊളോണിയൽ ക്രമം, അതിൻ്റെ സ്ഥാപക ചേഷ്ടകൾ അഭിനയ പരിശീലനം ആടുന്ന സ്ഥലം: അവിടെ തദ്ദേശീയരെ നശിപ്പിക്കുന്നതിലൂടെ സമാധാനം സ്ഥാപിക്കുന്നു.

 മുമ്പെന്നതിനേക്കാളുമേറെ ഫലസ്തീനികളോടുള്ള ഇന്ന് വിവൃതമായ പെരുമാറ്റം അതിനാൽ ഒരു വ്യതിചലനമല്ല, മറിച്ച് ലിബറൽ ലോകക്രമത്തിൻറെ ഒരു പുനഃസ്ഥിരീകരണമാണ്. ചാൾസ് മിൽസ് തൻ്റെ ദി റേഷ്യൽ കോൺട്രാക്റ്റ് എന്ന പുസ്തകത്തിൽ വാദിച്ചതുപോലെ, ലിബറലിസത്തിൻ്റെ സമത്വ വാഗ്ദാനം എപ്പോഴും ഒരു വംശീയ വാഗ്ദാനമായിരുന്നു – “മറ്റുള്ളവരെ” ഒഴിവാക്കി അധീശർക്കിടയിൽ നടക്കുന്ന ഒരു കരാർ. വംശീയ ലിബറലിസത്തിന് കീഴിൽ, ധാർമിക വിഷയി (മോറൽ സബ്ജെക്ട്) സംശയരഹിതമായി വെള്ളക്കാരനും, പാശ്ചാത്യനും, “മതേതര”നുമാണ്. വെള്ളക്കാരനല്ലാത്ത, പാശ്ചാത്യനല്ലാത്ത മറ്റൊരാളെ ഒരളവോളം സഹിക്കുകയോ, അവനോട് അല്പം ദയ കാണിക്കുകയോ, അല്ലെങ്കിൽ അവനെ അച്ചടക്കം പഠിപ്പിക്കുകയോ ചെയ്യാം – പക്ഷെ ഒരിക്കലും പൂർണ്ണമായി ഒരു മനുഷ്യനായി അവനെ അംഗീകരിക്കാനാവില്ല.

സിൽവിയ വിൻ്റർ നമ്മെ ഓർമ്മിപ്പിക്കുന്നത് പോലെ, ആധുനിക വംശീയ ഘടനയിൽ “മനുഷ്യൻ” എന്നത് ഒരു ജീവിവർഗ്ഗത്തിൻറെ വിവരണമല്ല, മറിച്ച് ഒരു വംശീയ രാഷ്ട്രീയ സംവർഗ്ഗമാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യാവകാശങ്ങളിലെ “മനുഷ്യൻ” ജനാധിപത്യത്തിലെ “പൗരൻ”, മാനവവാദത്തിലെ “ഇര” – എല്ലാം ഈ കോളനിവത്കൃത നരവംശശാസ്ത്രത്തിലൂടെ അരിച്ചെടുക്കപ്പെടുന്നു. ഫലസ്തീനിയന്, അവനു മുമ്പുള്ള ആഫ്രിക്കക്കാരനെയോ അമേരിക്കൻ തദ്ദേശീയനെയോ പോലെ, ദുരിതത്തിൽ കേഴാനുള്ള അനുവാദമുണ്ട് (perfect victim), പക്ഷേ അവൻ രാഷ്ട്രീയ വിഷയിയായി സംസാരിക്കാൻ പാടില്ല. ദൃശ്യത കൂടിയ മരണത്തിൽ നിന്ന് രക്ഷിക്കപ്പെടാനും, അദൃശ്യവും സാവധാനത്തിലുമുള്ള മരണം തെരഞ്ഞെടുക്കാനുമുള്ള അനുവാദമുണ്ട്, പക്ഷേ അവന് ഒരിക്കലും തന്റെ കാര്യത്തിൽ തീരുമാനമുള്ള അധികാരിയാവാൻ (Sovereign) കഴിയില്ല.

4. ധാർമിക കാപട്യത്തിൻ്റെ സാമ്രാജ്യം

ഈ ധാർമിക കാപട്യം ഏറ്റവും വ്യക്തമാകുന്നത് “ലിബറൽ ജനാധിപത്യങ്ങൾ” എന്ന് വിളിക്കപ്പെടുന്നവരുടെ പെരുമാറ്റത്തിലാണ്. അമേരിക്ക, യു കെ, ഫ്രാൻസ്, ജർമ്മനി തുടങ്ങി നിയമത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് നിരന്തരം വാചാടോപം നടത്തുന്ന സാമ്രാജ്യങ്ങൾ  പതിറ്റാണ്ടുകളായി ഇസ്രായേലിൻ്റെ സൈനിക, രഹസ്യാന്വേഷണ നയതന്ത്ര സംവിധാനങ്ങളെ നിലനിർത്തുന്നു. ഈ വംശഹത്യയിൽ അവരുടേത് നിഷ്ക്രിയമായ ഒത്തുതീർപ്പല്ല, സജീവമായ കർതൃത്വം ആണ്.

ട്രംപ് നെസ്സെറ്റിൽ

ട്രംപിന്റെ ഇസ്രായേലി നെസെറ്റിന് (പാർലമെൻ്റ്) മുന്നിലുള്ള ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ എല്ലാ നാട്യങ്ങളെയും മറകളെയും വലിച്ചു നീക്കി. അദ്ദേഹത്തിൻ്റെ വാക്കുകളിൽ, ജറുസലേമിനെ ഇസ്രായേലിൻ്റെ തലസ്ഥാനമായി അംഗീകരിച്ചതും ഗോലാൻ കുന്നുകളുടെ കൂട്ടിച്ചേർക്കലിന് അംഗീകാരം നൽകിയതും (അദ്ദേഹത്തിന്റെ തന്നെ വമ്പുപറച്ചിലിൽ വെറും മിനിറ്റിനുള്ളിൽ എടുത്ത തീരുമാനം) ആലോചന ആവശ്യമുള്ള കാര്യമേ ആയിരുന്നില്ല, മറിച്ച് ഒരു ശതകോടീശ്വര ദാതാവ് – മിറിയം അഡെൽസൺ – ആഗ്രഹിച്ചതുകൊണ്ടാണ് അത് സംഭവിച്ചത്. കോളനിവത്ക്കരിക്കപ്പെട്ട ലോകത്ത്, തദ്ദേശീയനെ കുറിച്ചുള്ള ഒരു നയവും, യുക്തിസഹമായി നടക്കേണ്ടതല്ല. അത് അധീശർ പരസ്പരം വിലപേശിയും വിലകൊടുത്തു വാങ്ങിയും ആണ് നടപ്പാക്കുന്നത്. ഭൂപടങ്ങളും, പണവും, സൈനിക ശക്തിയും ഉപയോഗിച്ച് സ്വകാര്യ മുറികളിൽ മറ്റുള്ളവരുടെ വിധി തീരുമാനിക്കുന്ന കൊളോണിയൽ ശീലത്തിൻ്റെ സ്വാഭാവികതയാണിത്.

എങ്കിലും ട്രംപിൻ്റെ വീമ്പിൽ പുറത്തു വരുന്നത് ഡെമോക്രാറ്റോ റിപ്പബ്ലിക്കനോ ആയ എല്ലാ ഭരണകൂടങ്ങളും അവരുടെ അടച്ചിട്ട ചർച്ചാ മുറികളിൽ പ്രയോഗിച്ച കാര്യങ്ങൾ തന്നെയാണ്. സാമ്രാജ്യത്വത്തിൻ്റെ യന്ത്രങ്ങൾ ഇവിടെ അജ്ഞതയെ അല്ല ആശ്രയിക്കുന്നത്. അത് തിരഞ്ഞെടുത്ത് വിന്യസിക്കപ്പെടുന്ന അറിവധികാരം, നിന്ദയുടെ സദാചാരം, മാധ്യമങ്ങളുടെയും അക്കാദമിയുടെയും അച്ചടക്കമുള്ള ഓർമ്മക്കുറവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഗസ്സയിൽ തീമഴ പോലെ ബോംബുകൾ വീഴുകയും കൂട്ടപ്പട്ടിണിയിൽ കൊല്ലാക്കൊലകൾ നടക്കുകയും ചെയ്യുമ്പോൾ, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പാശ്ചാത്യ നേതാക്കൾക്ക് എല്ലാം കൃത്യമായി അറിയാം. പക്ഷെ ഫലസ്തീനിയൻ ജനത, അവരുടെ ധാർമിക സമൂഹത്തിൻ്റെയും സംഘർഷങ്ങളുടെയും ഭാഗമല്ലെന്ന് അവർ തീരുമാനിച്ചു കഴിഞ്ഞിരുന്നു.

5. സുരക്ഷാ ഭരണകൂടത്തിൻ്റെ ദൈവശാസ്ത്രം

9/11-ന് ശേഷമുള്ള ലോകം അനിജ്ദാർ “സൈനിക-വ്യാവസായിക സമുച്ചയത്തിൻ്റെ മതം” എന്ന് വിളിച്ചതിനെ ഉറപ്പിക്കുന്നു. ഈ വിശ്വാസ ക്രമത്തിൽ, സുരക്ഷ (security) മോക്ഷത്തിനെ (salvation) പകരം വയ്ക്കുകയും, ഭരണകൂടം പുരോഹിതനും ആരാച്ചാറുമാവുകയും ചെയ്യുന്നു. ഫലസ്തീനികൾ, ഇറാഖികൾ, അഫ്ഗാനികൾ, ലെബനീസ്, ലിബിയക്കാർ, യെമനികൾ എന്നിവരെല്ലാം ഈ ദൈവശാസ്ത്രത്തിൽ ബലിമൃഗങ്ങളായി ഉൾചേർക്കപ്പെടുന്നു. അവരുടെ ബലി, ഈ പുതിയ ദൈവിക ക്രമം നിലനിർത്തുന്നതിന് അത്യാവശ്യമായി വിശുദ്ധീകരിക്കപ്പെടുന്നു.

ഗസ്സ വെടിനിർത്തലിനെ “ഭീകരതയുടെ യുഗത്തിൻ്റെ അന്ത്യം” എന്നും “ധർമ്മ യുഗത്തിന്റെ ആരംഭം” എന്നും വാഴ്ത്തിയ ട്രംപിൻ്റെ നെസെറ്റ് പ്രഖ്യാപനം റിമ നജ്ജാർ തന്റെ മീഡിയം ബ്ലോഗിൽ എഴുതിയതുപോലെ –  വംശഹത്യയെ ഒരു സമ്പൂർണ്ണ ദൈവശാസ്ത്രമാക്കി മാറ്റുന്നു. അധിനിവേശത്തിനോ ദുരിതങ്ങൾക്കോ ആർക്കും ഉത്തരവാദിത്തമില്ലാത്ത ദൈവികമായ സമാപനം അത് വാഗ്ദാനം ചെയ്യുന്നു.

ഹിംസക്ക് പുറം കരാർ നൽകിക്കൊണ്ട്, ലിബറൽ സമൂഹങ്ങൾ തങ്ങളുടെ “നിരപരാധിത്വം” നിലനിർത്തുന്നു. ഡ്രോൺ യുദ്ധം, തോക്കുകൾ ഉന്നം നോക്കി നിൽക്കുന്ന അതിർത്തി മതിലുകൾ, അങ്ങനെ നിരീക്ഷണ കവാടപ്പുരകളും സാങ്കേതികവിദ്യകളും വഴി പ്രത്യക്ഷ ഹിംസയെ കാഴ്ചയ്ക്ക് പുറത്തു നിർത്തുന്ന പുറം അലങ്കാരങ്ങളിൽ ലിബറലിസത്തിൻറെ പുറംതള്ളലിൻ്റെയും അകറ്റിനിർത്തലിന്റെയും മീമാംസ പൂർണ്ണത നേടുന്നു. ഫാനോൺ വിവരിച്ച “കമ്പാർട്മെൻ്റലൈസ്ഡ് ലോക”മെന്ന കോളനിവത്കൃത യുക്തി അവ ഉൾക്കൊള്ളുന്നു.  സുരക്ഷിതമാവേണ്ടവരെയും നശിപ്പിക്കേണ്ടവരെയും വേർതിരിക്കുന്ന അദ്യശ്യമായ മതിലുകൾ ഇവിടെ ഉയർന്നു നിൽക്കുന്നു. സൗഖ്യത്തിൻറെ മേഖലകളും (zones of comfort) മരണത്തിന്റെ മേഖലകളും (zones of death) അല്ലെങ്കിൽ ഉണ്മയുടെ മേഖലകളും (zones of being) ശൂന്യതയുടെ മേഖലകളും (zones of nonbeing) തമ്മിൽ വിഭജിക്കപ്പെട്ട ഒരു ലോകം.

ഈ കമ്പാർട്മെന്റലൈസേഷൻ ഇപ്പോൾ ഗ്രഹമാകെ നിറഞ്ഞു നിൽക്കുന്നു. ഗസ്സയ്ക്ക് ചുറ്റുമുള്ള മതിലുകൾ യൂറോപ്പിൻ്റെ മെഡിറ്ററേനിയൻ അതിർത്തി വ്യവസ്ഥയിലും, അമേരിക്കയുടെ കുടിയേറ്റ ജയിലുകളിലും, ഇന്ത്യയുടെ കാശ്മീരിലെയും അസമിലെയും തുറന്ന കൂടാരങ്ങളിലും പ്രതിഫലിക്കുന്നു. ഭാഷ മാറുന്നു – “സുരക്ഷ”, “തീവ്രവാദ വിരുദ്ധത”, “നുഴഞ്ഞുകയറ്റ നിയന്ത്രണം”, – പക്ഷേ എല്ലാത്തിന്റെയും വ്യാകരണം സമാനമായി തുടരുന്നു. നാഗരികത അതിൻ്റെ തന്നെ കണ്ടുപിടുത്തമായ കിരാതത്വത്തിൽ നിന്ന് നിന്ന് സ്വയം കാത്തുസൂക്ഷിക്കുന്നു.

6. കോളനിവത്കൃത ധാർമിക ക്രമവും ലിബറൽ സഹാനുഭൂതിയുടെ പരിധിയും

ഗസ്സയിലെ ഭീകരത ലിബറൽ മനസ്സാക്ഷിയെ ഛിന്നഭിന്നമാക്കേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചില്ല. പകരം, ഗസ്സ ലിബറൽ ഘടനയുടെ ആന്തരികതയെ വെളിപ്പെടുത്തി. ഉക്രെയ്നു വേണ്ടി നിർത്താതെ കണ്ണീരൊഴുക്കിയ അതേ പത്രങ്ങളും ടിവി മുറികളും റാഫയിലെ ആശുപത്രികളിൽ ബോംബിടുന്നത് ന്യായീകരിക്കുന്നത് നാം കണ്ടു. അനസ്തേഷ്യ ഇല്ലാതെ കൈകാലുകൾ മുറിച്ചു മാറ്റപ്പെടുന്ന ഗസ്സയിൽ കുഞ്ഞുങ്ങൾ ഹമാസിന്റെ “ഹ്യൂമൻ ഷീൽഡുകളും” ആ ആശുപത്രികൾ അവരുടെ ആയുധപ്പുരകളുടെ ആവരണങ്ങളും ആയി. അതിനാൽ വെന്റിലേറ്ററുകളിൽ ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ച പിഞ്ചു കുഞ്ഞുങ്ങൾ യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടം (collateral damage) ആണെന്ന് ടിവി പണ്ഡിതർ നമ്മെ ബോധ്യപ്പെടുത്തി.

ഇന്ന് വംശഹത്യക്കെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന അതേ സർവകലാശാലകളാണ് വൈവിധ്യത്തെക്കുറിച്ചുള്ള സമ്മേളനങ്ങൾ നടത്തുന്നത്. ഉക്രൈൻ അധിനിവേശത്തിന് റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ അതേ സർക്കാരുകളാണ് ഇസ്രായേലിൻ്റെ ഗസ്സ ഉപരോധത്തിന് അളവില്ലാതെയും ഇടവേളകളില്ലാതെയും പണം നൽകുന്നത്. അവർ തന്നെ ഉണ്ടാക്കിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിലും നിയമ സംവിധാനങ്ങളിലും, അവർ ഇസ്രായേലിനെ അലോസരപ്പെടുത്തുന്ന എല്ലാ നടപടികൾക്കെതിരെയും വോട്ടുകളും വീറ്റോകളും ഉപയോഗിച്ചു.

വംശീയ ലിബറലിസത്തിൻ്റെ യുക്തിയാണ് ഈ അന്താരാഷ്ട്ര‌ ക്രമത്തെ മുന്നോട്ടു നയിക്കുന്നത്. ലിബറൽ വിഷയി ഫലസ്തീനികളോട് സഹാനുഭൂതി കാണിക്കുന്നതിൽ പരാജയപ്പെടുന്നതല്ല – അവർ അത് വിസമ്മതിക്കുന്നു. കാരണം, സഹാനുഭൂതി എന്ന സങ്കൽപ്പം തന്നെയും വംശീയതയാലും അറിവധികാരത്താലും രൂപപ്പെട്ടിരിക്കുന്നു. ഈ ലിബറൽ സഹാനുഭൂതി പ്രവർത്തിക്കുന്നത് മറ്റുള്ളവരുടെ പ്രശ്നങ്ങളുമായുള്ള ഉപരിപ്ലവമായ ഇടപെടലായാണ്. അത് സഹായിക്കാൻ ഉദ്ദേശിക്കുന്ന ആളുകളോടുള്ള യഥാർത്ഥ ആകുലതയേക്കാൾ, പാശ്ചാത്യ പ്രേക്ഷകരുടെ വൈകാരിക ആവശ്യങ്ങളാൽ നയിക്കപ്പെടുന്നു – തേജു കോലെ (teju colej “വൈറ്റ് സേവ്യർ ഇൻഡസ്ട്രിയൽ കോംപ്ലക്സ്” എന്ന് വിശേഷിപ്പിച്ച ഒന്ന്. അദ്ദേഹം പറയുന്നത് പോലെ “വെളുത്ത വംശജനായ രക്ഷകൻ രാവിലെ ക്രൂരമായ നയങ്ങളെ പിന്തുണയ്ക്കുന്നു, ഉച്ചകഴിഞ്ഞ് ചാരിറ്റികൾ സ്ഥാപിക്കുന്നു, വൈകുന്നേരം അവാർഡുകൾ സ്വീകരിക്കുന്നു.”

ഗസ്സയോട് യഥാർത്ഥത്തിൽ സഹാനുഭൂതി തോന്നുക എന്നതിനർത്ഥം ഒരാളുടെ സ്വന്തം നാഗരികതയുടെ സത്യസന്ധമായ അടിത്തറയെ അഭിമുഖീകരിക്കുക എന്നതാണ്. ആധുനികതയുടെ നേട്ടങ്ങൾ കൊളോണിയൽ കൊള്ളയിൽ നിന്ന് വേർതിരിക്കാനാവാത്തതാണെന്നും, ജനാധിപത്യം തന്നെ മറ്റുള്ളവരുടേത് കവർന്നെടുക്കുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നതിൽ അധിഷ്ഠിതമാണെന്നും സമ്മതിക്കുക എന്നതാണ്.

എന്നിട്ടും, യൂറോപ്പിലുടനീളം, ആ ധാർമിക ഘടന തകരാൻ തുടങ്ങിയിരിക്കുന്നു. 2015 ഒക്ടോബർ 4 ലെ വാരാന്ത്യം – പതിനായിരക്കണക്കിന് ആളുകൾ നിരോധനങ്ങളെയും ഭീകരതാ വിരുദ്ധ നിയമങ്ങളെയും ധിക്കരിച്ച് ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലയുടെ തടസ്സപ്പെടുത്തലിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയത് – ഒരു രാഷ്ട്രീയ വിള്ളലാണ് അടയാളപ്പെടുത്തിയത്. മാഡ്രിഡ് മുതൽ മാർസെയിൽ വരെ, ബെർലിൻ മുതൽ ബർമിംഗ്ഹാം വരെ, വിദേശത്ത് സാധാരണക്കാരുടെ മരണത്തെ അപലപിക്കുകയും സ്വന്തം രാജ്യത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ക്രിമിനൽവത്ക്കരിക്കുകയും ചെയ്യുന്ന ലിബറൽ ജനാധിപത്യങ്ങളുടെ വൈരുദ്ധ്യത്തെ, ഈ മാർച്ചുകൾ തുറന്നുകാട്ടി. “ഭീകരതാ വിരുദ്ധത” എന്ന മറവിൽ, യു കെയും ജർമ്മനിയും ഫ്രാൻസും മറ്റുള്ളവരും ഇപ്പോൾ ഫലസ്തീൻ ഐക്യദാർഢ്യത്തെ രാജ്യദ്രോഹമായി കണക്കാക്കുന്നു. അസംബന്ധം നിറഞ്ഞ ഒരു ദീകരവിരുദ്ധ നിയമത്താൽ നിരോധിക്കപ്പെട്ട ഫലസ്തീൻ ആക്ഷൻ എന്ന സംഘടനക്ക് നിരുപദ്രവകരമായ ഒരു സിറ്റ്-ഇൻ സമരത്തിലൂടെ ധാർമിക പിന്തുണ നൽകിയെന്ന പേരിൽ വൃദ്ധന്മാർ അടക്കമുള്ള നൂറുകണക്കിന് പേരെയാണ് യു കെ പോലീസ് അറസ്റ്റു ചെയ്തത്. യഥാർത്ഥ സഹാനുഭൂതി സംഘടിതവും കൂട്ടായതും രാഷ്ട്രീയപരമായി പ്രാധാന്യമുള്ളതുമാകുമ്പോൾ അതിനെ വംശീയ ലിബറലിസം എത്രത്തോളം ഭയപ്പെടുന്നു എന്ന് ഇത് വെളിപ്പെടുത്തുന്നു.

തലാൽ അസദ്

അസദ്, മിൽസ്, വിൻ്റർ എന്നിവർ ഒരുപോലെ വാദിച്ചത് പോലെ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ “സാർവത്രിക മാനവികത‌” (universal humanism) ഒരു സങ്കുചിതമായ രാഷ്ട്രീയ സംഹിതയാണ്. അത് മനുഷ്യരാശിയുടെ ഭൂരിഭാഗത്തെയും ഒഴിവാക്കിക്കൊണ്ട് മനുഷ്യനെ നിർവചിക്കുന്നു. പാശ്ചാത്യ ധാർമികതയ്ക്ക്, അതിന്റെ നിലവിലെ രൂപത്തിൽ, ഗസ്സയെ രക്ഷിക്കാൻ കഴിയില്ല, കാരണം ഗസ്സ അതിന്റെ ഘടനാപരമായ ബഹിർഭാഗത്ത് നിൽക്കുന്നു – അതായത് ഗസ്സയിലെ അമാനവരിലൂടെ യൂറോപ്പ് അതിൻറെ മാനവികതയെ നിർവചിക്കുന്നു.

7. പ്രതിരോധവും കോളനിവത്കരണാനന്തര ചക്രവാളവും

എന്നിട്ടും, ഗസ്സ അത്ഭുതകരമായി ചെറുത്തുനിൽക്കുന്നു. എട്ട് ആറ്റംബോംബുകൾക്ക് തുല്യമായ ബോംബുകൾ നിർമ്മിച്ച അവശിഷ്ട കുമ്പാരങ്ങൾക്കും നൂറുകണക്കിന് കുഞ്ഞുങ്ങളെയും വൃദ്ധരെയും എല്ലും തോലും മാത്രമാക്കി കൊന്നുകളഞ്ഞ കൂട്ടപട്ടിണി ഉപരോധത്തിനും കീഴിൽ, ചിതറി തെറിച്ച പതിനായിരക്കണക്കിന് ശരീരങ്ങളുടെ അവശിഷ്ടങ്ങൾ പ്രിയപ്പെട്ടവർക്ക് സാധ്യമായ ഒരു മരണാനന്തര ആദരവ് നൽകാൻ വേണ്ടി കീറിയ പ്ലാസ്റ്റിക് ബാഗുകളിൽ ശേഖരിക്കേണ്ടി വന്നതിന് ശേഷവും, ഫലസ്തീനികൾ ഒരിക്കൽ കൂടി തുടച്ചുനീക്കപ്പെടാൻ വിസമ്മതിച്ചിരിക്കുന്നു. അവരുടെ അവിശ്വസനീയമായ ചെറുത്തുനിൽപ്പ് – രാഷ്ട്രീയവും, സായുധവും, സാംസ്കാരികവും, കാവ്യാത്മകവും – ആധുനിക ലോകത്തിൻ്റെ ധാർമിക ക്രമത്തിനെതിരായ ഏറ്റവും സമൂലമായ കുറ്റപത്രമാണ്. ഘസ്സാൻ കനഫാനിയുടെ ദൃഢതയുടെ കഥകൾ മുതൽ അഭയാർത്ഥി ക്യാമ്പുകളിലെ കുട്ടികളുടെ മുദ്രാവാക്യങ്ങൾ വരെ, ഫലസ്തീനിലെ ചെറുത്തുനിൽപ്പ് ഒരിക്കലും കേവലം ഒരു ദേശത്തെ കുറിച്ചായിരുന്നില്ല. അത് മനുഷ്യൻ എന്ന സങ്കൽപ്പനത്തെ ഇടുങ്ങിയ നിർവ്വചനകളിൽ കുത്തകയാക്കിയവരിൽ നിന്ന് തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചുള്ള ഒരു മനോഹരമായ ഭാവനയാണ്.

നമ്മുടെ കാലഘട്ടത്തിൽ, ഈ ചെറുത്തുനിൽപ്പിൻ്റെ വംശാവലി യഹിയ സിൻവാർ, ഇസ്മായിൽ ഹനിയ്യ തുടങ്ങിയ അനേകം രക്തസാക്ഷികളിലൂടെ തുടർന്നു കൊണ്ടിരിക്കുന്നു – സാമ്രാജ്യത്വ മാധ്യമങ്ങൾ അവരെ എങ്ങനെ അപകീർത്തിപ്പെടുത്തിയാലും, അവരുടെ പേരുകൾ കീഴടങ്ങലിന് പകരം സാമ്രാജ്യത്വ വിരുദ്ധ സ്ഥൈര്യത്തിന്റെ പ്രതീകങ്ങളായി മാറിയിരിക്കുന്നു. ലെബനീസ് ചെറുത്തുനിൽപ്പിന്റെ പ്രതീകമായ ഹസ്സൻ നസ്‌ററുല്ലയെപ്പോലെ, അതിജീവനം അന്തസ്സിൽ നിന്ന് വേർതിരിക്കുന്നത് വിസമ്മതിക്കുന്ന ചെറുത്തുനിൽപ്പിൻ്റെ ഒരു വംശാവലിയിൽ അവർ ഉൾപ്പെടുന്നു. ഒരു പുരുഷായുസ്സ് മുഴുവൻ തടവറയുടെ ഇരുട്ടിൽ ചെലഴിച്ച മർവാൻ ബർഗൂത്തിയുടെയും നൂറുകണക്കിന് ഫലസ്തീൻ പോരാളികളുടെയും –  തടവിലും, പ്രവാസത്തിലും, ഉപരോധത്തിലും, മരണത്തിലും – നിലയ്ക്കാത്ത ശബ്ദങ്ങൾ, ചെറുത്തുനിൽപ്പിലൂടെയുള്ള നിലനിൽപ്പിനോടുള്ള അച്ചടക്കമുള്ള ഒരു സദാചാരനിഷ്ഠത വെളിപ്പെടുത്തുന്നു – ഒരു കോളനിവത്കൃത ദയയാൽ ഭരിക്കപ്പെടാതിരിക്കാനുള്ള അസാമാന്യമായ ഇച്ഛാശക്തി ആണത്. നാല്പത്തിയൊന്നു വർഷം ഫ്രഞ്ച് ജയിലിൽ കഴിഞ്ഞതിന് ശേഷം ഈയിടെ മോചിതൻ ആയ ലെബനീസ് വിപ്ലവകാരി ജോർജ്ജ് അബ്ദുല്ല തന്റെ മോചനസമയത്ത് പ്രഖ്യാപിച്ചു: “ചെറുത്തുനിൽക്കുന്ന കാലത്തോളം, വീട്ടിലേക്കുള്ള വഴി ഒരിക്കലും നഷ്ടപ്പെടുന്നില്ല… ചെറുത്തുനിൽപ്പ് ഈ മണ്ണിൽ വേരുന്നിയതാണ്. അതിനെ പിഴുതെറിയാൻ ആർക്കും കഴിയില്ല.” ഈ വിസമ്മതമാണ് – തങ്ങളുടെ അക്രമിയുടെ അംഗീകാരം ഒരിക്കലും തേടാത്ത അടിച്ചമർത്തപ്പെട്ടവരുടെ ഈ പ്രതിധാർമികതയുടെ വ്യക്തതയാണ് – അവരുടെ അപമാനവികവൽക്കരണത്തിൽ കെട്ടിപ്പടുത്തുയർത്തിയ ഒരു ലോകത്ത് മനുഷ്യനായിരിക്കുക എന്നതിനെ പുനർനിർവചിക്കുന്നത്.

ഈ അർത്ഥത്തിൽ, ഫാനോൻ്റെ ഉൾക്കാഴ്ചകൾ പ്രവചനാത്മകമായി തുടരുന്നു. അദ്ദേഹം എഴുതി “കോളനിവത്കരണത്തിൻ്റെ ഹൃദയത്തിൽ, കോളനിവത്കൃതന്റെ മനുഷ്യ പദവി നിഷേധിക്കപ്പെട്ടിരിക്കുന്നു.” ചെറുത്തുനിൽക്കുക എന്നാൽ തൻറെ ഭൂമി തിരികെ ആവശ്യപ്പെടുക മാത്രമല്ല, മറ്റുള്ളവരുടെ മരണത്തെയും നാശത്തെയും ആശ്രയിക്കാത്ത ഒരു പുതിയ മാനവികത സൃഷ്ടിക്കുക എന്നത് കൂടിയാണ്. ആൽബർട്ട് മെമ്മി ഇതിനെ “രണ്ടുപേരുടെയും വിമോചനം” എന്ന് വിളിച്ചു, കോളനിവത്കൃതന്റെയും കോളനിവാഴിയുടെയും – പക്ഷെ ചരിത്രം കാണിക്കുന്നത് പോലെ, രണ്ടാമത്തെയാൾ സ്വയം അകപ്പെട്ട ദുഷിപ്പിൻറെ കുഴിയിൽ നിന്ന് മോചനം തേടുന്നത് ഒരിക്കലും സംഭവിക്കുന്നില്ല.

തങ്ങളുടെ ശരീരങ്ങളെ അടിമപ്പെടുത്തിയ അതേ സാമ്രാജ്യം, ചിന്തകളെയും അടിമപ്പെടുത്തുന്നു എന്ന് മാൽക്കം എക്സ് ആഫ്രിക്കയിലെയും ഏഷ്യയിലെയും കോളനിവത്കൃതരോട് പറഞ്ഞു. ചെറുത്തുനിൽപ്പ് നിരാശയ്ക്ക് പകരം അന്തസ്സാണ് നൽകുന്നത് എന്ന് പഠിപ്പിച്ച അസാറ്റ ഷക്കൂർ ആ സത്യം പോരാട്ടമൊഴിയാത്ത തൻ്റെ നീണ്ട പ്രവാസജീവിതത്തിൽ ഉദ്ഘോഷിച്ചു. ഫലസ്തീനിയൻ അതിജീവനത്തിൻ്റെ ഓരോ ചെറു പ്രവൃത്തിയിലും അവരുടെ സന്ദേശം ഇന്ന് പ്രതിധ്വനിക്കുന്നു.

8. സദാചാരത്തിന്റെ അപ്രധാനതയ്ക്ക് അപ്പുറം

ഫ്രാൻസ് ഫാനോൺ

അപ്പോൾ, നമ്മെ അലട്ടേണ്ട ചോദ്യം ലോകത്തിന് അതിൻ്റെ മനസ്സാക്ഷി തിരിച്ചുപിടിക്കാൻ കഴിയുമോ എന്നതല്ല, മറിച്ച് മനസ്സാക്ഷിയെ അർത്ഥശൂന്യമാക്കുന്ന ഈ അനീതിയുടെയും അക്രമത്തിന്റെയും ധാർമിക ക്രമത്തെ തകർക്കാൻ കഴിയുമോ എന്നതാണ്. ഈ ലോകത്തിൻറെ യഥാർത്ഥ പ്രശ്നം അനുകമ്പയുടെ കുറവല്ല, മറിച്ച് ആരുടെ വേദനയാണ് നമ്മിൽ അനുകമ്പ നിറക്കേണ്ടത് എന്നതിനെ നിർവചിക്കുന്ന അധികാരഘടനയാണ്.

ഗസ്സയെ കുറിച്ച് ലോകം രോഷാകുലരാണെങ്കിലും അതിനെ തടയാൻ കഴിയുന്നില്ലെങ്കിൽ, അതിനർത്ഥം നമ്മുടെ ധാർമികതയും പ്രതിരോധവും തന്നെ കോളനിവത്കരിക്കപ്പെട്ടിരിക്കുന്നു എന്നാണ് – അത് എതിരിടുന്നു എന്ന് നടിക്കുന്ന വ്യവസ്ഥയെ നിലനിർത്തുന്ന വെറുമൊരു കെട്ടുകാഴ്ചയായി ഇത് രൂപാന്തരപ്പെട്ടിരിക്കുന്നു. “അന്താരാഷ്ട്ര സമൂഹം” പരസ്യമായി ദുഃഖിക്കുകയും സ്വകാര്യമായി ക്രൂരതക്കുള്ള ആയുധം നൽകുകയും ചെയ്യുന്നു. അതിൻ്റെ കണ്ണുനീർ യുദ്ധ യന്ത്രത്തെ ലുബ്രിക്കേറ്റ് ചെയ്യുന്നു.

അപകോളനീകരണ ചിന്ത ഒരു ധാർമികമായ സ്വയം തിരുത്തലല്ല, മറിച്ച് ഒരു വൈജ്ഞാനിക ഭേദനം ആണ് വാഗ്ദാനം ചെയ്യുന്നത്. ഭൂമിയിലെ ഭ്രഷ്ടരുടെയും നിന്ദിതരുടെയും സ്ഥാനത്ത് നിന്ന് ചിന്തിക്കാനും, സാമ്രാജ്യത്വത്തിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് നീതി, സമാധാനം, മനുഷ്യത്വം എന്നീ ആശയങ്ങളെ പുനർനിർമ്മിക്കാനും അത് നമ്മോട് ആവശ്യപ്പെടുന്നു. ഇത് ആശയവാദമല്ല: നീതിയുടെ അവശേഷിക്കുന്ന ഏക യാഥാർത്ഥ്യമാണിത്. നിലവിലെ ക്രമം നിലനിൽക്കുന്നിടത്തോളം കാലം, ഗസ്സ ഒരു അപവാദമായിരിക്കില്ല – അതൊരു മാതൃക മാത്രമായിരിക്കും

9. വിധിക്കപ്പെട്ടവരുടെ സമൂലമായ പ്രതീക്ഷ

അവിശ്വസനീയമായ സാമ്രാജ്യത്വ നിന്ദയുടെ ഈ അവശിഷ്ടങ്ങൾക്കിടയിലും, ഫലസ്തീനികൾ എട്ട് പതിറ്റാണ്ടുകളായി ആത്മാഭിമാനത്തോടെ നിലനിന്നു എന്നത് നീതി നമുക്ക് നൽകുന്ന പ്രതീക്ഷയാണ്. നിർബന്ധിത ക്ഷാമത്തെയും അന്തരീക്ഷത്തിൽ നിന്ന് തൊടുത്തുവിട്ട് പൊട്ടിത്തെറിച്ച തീയിനെയും അഭിമുഖീകരിച്ചിട്ടും, അവർ എഴുതുകയും, പഠിപ്പിക്കുകയും, രോഗശാന്തി നൽകുകയും, മരിച്ചവർക്ക് അതിരില്ലാത്ത ആദരവ് നൽകുകയും ചെറുത്തു നിർത്തുകയും ചെയ്യുന്നു. അവരുടെ ദൃഢത (സുമുദ്) നിഷ്ക്രിയമായ സഹനമല്ല, മറിച്ച് കോളനിവത്കൃത ലോകത്തിന് അപ്പുറമുള്ള ഒരു ഭാവിയുടെ ആവിഷ്കാരമാണ്. കോളനിവത്കൃതൻ, തന്റെ പീഡകന്റെ ധാർമികതയിലും വാഗ്ദാനങ്ങളിലും വിശ്വസിക്കുന്നത് നിർത്തുന്ന നിമിഷത്തിലാണ് വിമോചനം ആരംഭിക്കുന്നതെന്ന് ഫാനോനെ പോലെ അവരും നമ്മെ ഓർമിപ്പിക്കുന്നു.

അതിനാൽ ഗസ്സ മനുഷ്യരാശിയുടെ ശ്മശാനമല്ല; മനുഷ്യത്വത്തിന്റെയും നൈതികതയുടെയും പതനത്തിൻറെ ആഴം കാണിച്ചു തരുന്ന കണ്ണാടിയാണ്. അതിലേക്ക് നോക്കാതിരിക്കുക എന്നതിന്റെ അർത്ഥം ലോകം ഇപ്പോഴുള്ളതു പോലെ – നാഗരികത അനന്തമായ നാശാവശിഷ്ടങ്ങൾ ഉത്പാദിപ്പിച്ചുകൊണ്ട് അതിജീവിക്കുന്ന ഒരു ലോകം – അംഗീകരിക്കുക എന്നതാണ്. എന്നാൽ ഗസ്സയിലേക്ക് വിസ്മയത്തോടെ നോക്കുകയും, നീതിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നാൽ, നമ്മുടെ സ്വന്തം ധാർമിക ഭാവനയെ കോളനിവത്കരണ വിമുക്തമാക്കുന്നതിനുള്ള ദീർഘമായ ഒരു ദൗത്യം ആരംഭിക്കുക എന്നതാണ്.

ലിബറൽ നിരപരാധിത്വത്തിന്റെ യുഗം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ നിഘണ്ടു അതിൻ്റെ വാക്കുകൾ ഉപയോഗിച്ച് തീർന്നിരിക്കുന്നു. അവശേഷിക്കുന്നത് ഫാനോൺ ഒരിക്കൽ വിവരിച്ച തിരഞ്ഞെടുപ്പാണ് –  മരണത്തിലും നാശത്തിലും പണിത ഒരു ലോകത്തിൻ്റെ തുടർച്ചയായ ജീർണ്ണതയും, അതിൽ വസിക്കുന്ന എല്ലാവരുടെയും സമത്വത്തിൽ വിശ്വസിക്കുന്ന മറ്റൊന്നിന്റെ ജനനവും.

അഫ്താബ് ഇല്ലത്ത്