Campus Alive

ഇസ്ലാമോഫോബിയയെ നേരിടുന്നതിലെ തെറ്റായ സമീപനങ്ങൾ

നല്ല കഥകളിലൂടെയും, എതിർ ആഖ്യാനങ്ങളിലൂടെയും, ബഹുമാന്യർഹതയിലൂടെയും, സംവാദങ്ങളിലൂടെയും, വ്യക്തിഗത ഇടപെടലുകളിലൂടെയും ഇസ്ലാമോഫോബിയയെ ചെറുക്കാൻ മുസ്ലിംകളോട് ആവശ്യപ്പെടുന്ന കാമ്പയിനുകൾ ഓരോ വർഷം  തോറും ഉയർന്നു കൊണ്ടിരിക്കുകയാണ്.  ഇത്തരം പരിശ്രമങ്ങളൊക്കെ തന്നെയും സദുദ്ദേശ്യത്തോട് കൂടെയുള്ളതാണെങ്കിലും, അറിവില്ലായ്മയിൽ നിന്നും തെറ്റിദ്ധാരണയിൽ നിന്നുമാണ് ഇസ്ലാമോഫോബിയ ഉത്ഭവിക്കുന്നത് എന്ന മനസിലാക്കലിന്റെ അടിസ്ഥാനത്തിലാണ് അവ പലപ്പോഴും നിലകൊള്ളുന്നത്. എന്നാൽ, യാഥാർത്ഥത്തിൽ ഇസ്ലാമോഫോബിയ എന്നത് പൊതു വ്യവഹാരത്തിലും, നിയമങ്ങളിലും,  രാഷ്ട്ര സംവിധാനങ്ങളിലും ആഴത്തിൽ ഇഴചേർക്കപെട്ട, ഘടനാപരവും സ്ഥാപനവത്കൃതവുമായ ഒരു  തരത്തിലുള്ള വംശീയതയായാണ് പ്രവർത്തിക്കുന്നത്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത്, ഒരു പ്രശ്നത്തിന്റെ കാരണത്തെ ശരിയായ രീതിയിൽ നിർണയിക്കാതിരുന്നാൽ  അത് നമ്മെ തെറ്റായ പരിശ്രമങ്ങളിലേക്ക് നയിക്കുന്നതായിരിക്കും. വ്യക്തികൾക്ക് ചിലപ്പോഴൊക്കെ മുൻധാരണകളെ തള്ളിക്കളയാൻ സാധിക്കുമെന്ന യാഥാർത്യത്തെയോ സാമുദായിക ജീവിതത്തിലേക്കുള്ള മുസ്ലിം സംഭാവനകളെയോ, ഇസ്ലാമിക മൂല്യങ്ങളുടെ സാക്ഷാത്കരണത്തെയോ നിരാകരിക്കാൻ അല്ല ഇങ്ങനെ പറയുന്നത്. പകരം, യഥാർത്ഥത്തിൽ നമ്മൾ എടുക്കേണ്ടുന്ന പണി, ഇസ്ലാമോഫോബിയ ഏത് ഘടനായുക്തിയിലാണ് പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കലാണ്. അതോടൊപ്പം തന്നെ ഇസ്‌ലാമോഫോബിയക്ക് എതിരായിട്ടുള്ള ഏതൊരു കാര്യപ്പെട്ട വെല്ലുവിളിയുടെയും കാതലായി നമ്മൾ മുൻഗണന നൽകേണ്ടത്: ദൃഢമായ രാഷ്ട്രീയ നിലപാടിനും  ജനസംഘാടനത്തിനും   കൂട്ടായ പരിശ്രമത്തിനും   സാമൂഹിക പ്രസ്ഥാന രൂപീകരണത്തിനുമാണ് .

“ഗുഡ് മുസ്ലിം” നയം ഉപയോഗിച്ച്‌   ഇസ്ലാമോഫോബിയയെ ചെറുക്കാൻ ശ്രമിക്കരുത്.

ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിലെ സർവസാധാരണമായ ഒരു രീതിയാണ് മുസ്ലിംകളെ മാതൃകാ പൗരന്മാരായി ചിത്രീകരിക്കുക എന്നത്. കഠിനാധ്വാനികളായ, ഉദാരശീലരായ, സമാധാന പ്രിയരായി മുസ്ലിംകളെ ചിത്രീകരിക്കുക. ഇങ്ങനയൊക്കെ ചെയ്യുന്നതിന് പിന്നിലുള്ള ന്യായമെന്നത് മുസ്ലിംകൾക്ക് എതിരെയുള്ള വിവേചനനങ്ങൾ നാം സ്വയം തെളിയിക്കുന്നതിലൂടെ ഇല്ലാതാവും എന്നാണ്. പക്ഷെ ഈയൊരു രീതി സ്വീകരിക്കുന്നത് വിപരീതഫലമാണ് ഉണ്ടാക്കുക. കാരണം അത് മുസ്ലിംകളുടെ സാമൂഹിക ഭാഗവാക്കാകലിനെ നിബന്ധനാടിസ്ഥാനത്തിലാക്കുന്നു. അതിൽ, മുസ്ലിംകൾ അംഗീരിക്കപ്പെടുന്നത്  അവർ “നന്മ” ചെയ്ത് കൊണ്ടിരിക്കുമ്പോൾ മാത്രമാണ്. അതോടൊപ്പം ഗുഡ് മുസ്ലിം (ബഹുമാന്യർഹമായവർ) ബാഡ് മുസ്ലിം         (വിമതർ, പൊതുപ്രവർത്തകർ, സാമൂഹത്തിന്റെ വാർപ്പ്പുമാതൃകയിൽ യോജിക്കാത്തവർ) എന്ന ഒരു ശ്രേണിയെ നിർമിക്കുന്നു. അവകാശങ്ങൾ എന്നത് ഓരോ പൗരനും  ഉറപ്പായും അനുഭവിക്കേണ്ടതിന് പകരം, ആനുകൂല്യങ്ങളായി മാറുന്നു. ഇത്തരത്തിലുള്ള ഒരു രീതി കോവിഡ് 19ന്റെ കാലത്ത് വളരെ വ്യക്തമായി നമ്മൾ അനുഭവിച്ചതാണ്. മുസ്ലിം ഡോക്ടർമാരെയും എൻ എച്ച് എസ് സ്റ്റാഫിനെയും അവർ ത്യജിച്ച ത്യാഗങ്ങളുടെ അടിസ്ഥാനത്തിൽ പ്രകീർത്തിക്കപ്പെട്ടിരുന്നു. എന്നാൽ പെരുന്നാൾ ഒത്ത് കൂടലുകൾ  നടന്നപ്പോൾ മാധ്യമങ്ങൾ പെട്ടെന്ന് തന്നെ മുസ്ലിംകളെ നിയമലംഘകരായി ചിത്രീകരിക്കുന്ന ആഖ്യാനങ്ങളിലേക്ക് തിരിഞ്ഞു.  നല്ല മുസ്ലിം ചമയുക എന്നത് ഒരിക്കലും ഒരു പരിച അല്ല: അത് മുസ്‌ലിംങ്ങളുടെ മേലുള്ള സംശയത്തിൻ്റെ നോട്ടത്തെ വൈകിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളു. നിങ്ങളെ അച്ചടക്കവത്കരിക്കുകയും നിയന്ത്രിക്കുകയും ചെയ്യാൻ രൂപകൽപന ചെയ്യപ്പെട്ട ഒരു വ്യവസ്ഥയെ, നല്ല പെരുമാറ്റം കൊണ്ട് മറികടക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കുന്നതല്ല.  

കൂടാതെ ഇത് തുറന്നടിച്ചുള്ള  വിമർശനങ്ങളെയും , വിയോജിപ്പുകളെയും, പൊതുസമൂഹത്തിന് യോഗ്യമായ വാർപ്പുമാതൃകയോട്  യോജിക്കാത്തതുമായ പ്രവർത്തികളെയും നിരുത്സാഹപ്പെടുത്തികൊണ്ട് വ്യത്യസ്തതകളെ നിശബ്‌ദമാക്കുന്നു. ആക്രമിക്കപ്പെടുന്ന ജനവിഭാഗങ്ങൾ പലപ്പോഴും പരിഗണിക്കപ്പെടുന്നത്, അവർ അവരുടെ പ്രയാസങ്ങളെ ആധിപത്യമുള്ള ജനവിഭാഗത്തിനെ ഊട്ടിയുറപ്പിക്കുന്ന ഭാഷയിൽ അവതരിപ്പിക്കുമ്പോൾ മാത്രമാണ് എന്ന്  പട്രീഷ്യ ഹിൽ കോളിൻസ് നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. പക്ഷെ, അങ്ങനെ ചെയ്യുന്നത് അവരുടെ അവകാശങ്ങളുടെ അർത്ഥത്തെ മാറ്റിമറിക്കുന്നു – അരികുവൽക്കരിക്കപ്പെട്ടവർക്ക് ലഭിക്കേണ്ടുന്ന  നീതി എന്നതിന് അപ്പുറം, അത്  അധികാരവർഗത്തെ  പ്രീതിപ്പെടുത്തുന്നതിനെ കുറിച്ചായി മാറുന്നു. ഗുഡ് മുസ്ലിം എന്ന ആഖ്യാനം കൃത്യമായി ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്. അവരുടെ സ്വന്തം ഭാഷയിൽ അവകാശങ്ങളെ നിലയുറപ്പിക്കുന്നതിന് പകരം ഈയൊരു രീതി മുസ്ലിംകളോട്, തങ്ങളുടെ ജീവിതവും ആവലാതികളും മറ്റുള്ളവർക് സ്വീകാര്യമാകുന്ന ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ആവശ്യപ്പെടുന്നു. ഇതുകൊണ്ട് തന്നെയാണ് പലപ്പോഴും ഇസ്ലാമോഫോബിയയെ ചെറുക്കാൻ ശ്രമിക്കുന്ന സമിതികളിൽ നിന്നും കമ്മിറ്റികളിൽ നിന്നും മുസ്ലിം സഖ്യങ്ങളിൽ നിന്നും തുറന്നടിച്ച്‌ കാര്യങ്ങൾ പറയുന്ന അതല്ലെങ്കിൽ മൗലികമായ വിമർശനങ്ങൾ ഉന്നയിക്കാൻ പ്രതിജ്ഞാബദ്ധരായ മുസ്ലിം സംഘടനകളും  വ്യക്തികളും മാറ്റിനിർത്തപ്പെടുന്നത്.

സംഭാവനകൾ  നിരത്തിക്കൊണ്ട് ഇസ്ലാമോഫോബിയയെ ചെറുക്കാൻ ശ്രമിക്കരുത്.

മറ്റൊരു രീതി എന്നത് എൻ എച് എസ് ഹീറോകൾ, യുദ്ധകാല സൈനികർ മുതൽ വിജയകരമായ സംരംഭകരും സമൂഹ നേതാക്കൾ വരെയുള്ള ഉദാഹരണങ്ങൾ നിരത്തി കൊണ്ട്  മുസ്ലിംകൾ നൽകിയ സംഭാവനകളെ അടയാളപ്പെടുത്തുക എന്നതാണ്. മുസ്ലിംകൾ ഉപയോഗപ്രദമാണ് എന്ന് കാണിച്ച് കൊടുക്കുന്നത് സ്വീകാര്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നതാണ് ഭാവം. പക്ഷെ ഇത് മുസ്ലിം ജീവിതത്തെ കേവലം പ്രയോജനപരതയിലേക്ക് ചുരുക്കുന്നു. എങ്ങനെയാണ് മുസ്ലിംകളുടെ സംഭാവനകൾ സർക്കാർ മുൻഗണനകളുമായി പൊരുത്തപെടുമ്പോൾ  അവർ വിലമതിക്കപ്പെടുന്നതെന്നും; അതിനെ വിമർശിക്കുമ്പോഴോ, രാഷ്ട്രീയ ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോഴോ (പ്രത്യേകിച്ച് ഗാസയിലെ വംശഹത്യയുടെ വിഷയത്തിൽ) അവർ അവഗണിക്കപ്പെടുന്നതും അല്ലെങ്കിൽ ശിക്ഷിക്കപ്പെടുന്നതെന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ഉയർന്ന് വരുന്ന ഒരു ചോദ്യം എന്നത്: സാധാരണ രീതിയിൽ സംഭാവനകൾ നൽകാൻ കഴിയാത്തവരുടെ കാര്യമെന്തായിരിക്കും – പ്രായമായവർ, തൊഴിലില്ലാത്തവർ, വികലാംഗർ? സ്വാഭിമാനത്തിനുള്ള അവരുടെ അവകാശം സംഭാവന ഫലത്തിന്റെ  അടിസ്ഥാനത്തിലായിരിക്കരുത്. കാരണം സമത്വമെന്നത് നിരുപാധികമായിരിക്കണം, ഉപാധിയടിസ്ഥാനത്തിലാവരുത്. 

അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളുടെ മൂല്യം, അവ അധികാരത്തെ ഉറപ്പിച്ച് നിർത്താൻ ഉതകുന്ന രീതിയിൽ ആഖ്യാനിക്കാൻ പറ്റുന്നുണ്ടോ എന്നതിനെ ആശ്രയിച്ചല്ല നിലനിൽക്കേണ്ടത്. അത്തരത്തിലുള്ള ഉൾപ്പെടുത്തലുകൾ എല്ലായ്‌പോഴും സോപാധികമാണ്. കാരണം അവ ചിലരെ  മാത്രമേ ദൃശ്യതയിലേക്ക് ക്ഷണിക്കുന്നുള്ളു. അത് പോലും അവരെ  അധികാര സ്ഥാപനങ്ങളുടെ ആഖ്യാനങ്ങളിലേക് വ്യവ്യസ്ഥാപിതമായി ഉൾച്ചേർക്കപെടാൻ സാധിക്കുമ്പോൾ മാത്രമാണ്. ഇത്തരത്തിലുള്ള യുക്തി, സമൂഹത്തിൽ ഉയർന്ന സ്ഥാനം വഹിക്കാത്തവരെ ഇല്ലാതാക്കുന്നു. ഇവിടെ വൈവിധ്യമെന്നത് നീതിയെക്കാൾ, അംഗീകാര യോഗ്യമായ രൂപങ്ങളുടെ  പ്രദർശനത്തിലേക്ക് ചുരുങ്ങുന്നു. സാമൂഹിക സ്വീകാര്യത പ്രകടിപ്പിക്കാത്തവരെ അദൃശ്യരായി കണക്കാക്കുന്നു. എവെലിന് ബ്രൂക്ക്സ് ഹിഗ്ഗിൻബൊതം ഇതിനെ  politics of respectability എന്ന രീതിയിൽ വിമർശിക്കുന്നു. അതിൽ അവകാശങ്ങൾ മാതൃകാപരമായ പെരുമാറ്റത്തിലോ ഉന്നത സേവനങ്ങളുമായോ സന്ദിഗ്ധമായി ബന്ധപെട്ടു കിടക്കുന്നു. ഈയൊരു വ്യവസ്ഥക്ക് കീഴിൽ, ‘പ്രയോജനപരത’  പ്രകടിപ്പിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്ന  നിമിഷം  തന്നെ, ഒരാൾക്ക് അയാളുടെ സമത്വം  നിരസിക്കപ്പെടാം.

ഇവിടെ കാണാതെ പോകുന്ന പ്രധാനപ്പെട്ട ഒരു കാര്യം, അവകാശങ്ങൾ  സേവനങ്ങൾക്കുള്ള പ്രതിഫലങ്ങൾ അല്ല എന്നുള്ളതാണ്.നീതിയെന്നത് ആധിപത്യഘടനകളുടെ പൊളിച്ചെഴുത്തിലൂടെയാണ് ലഭിക്കുന്നത്. അതല്ലാതെ അത്തരം ഘടനയ്ക്കുളിൽ യോഗ്യത തെളിയിച്ച്‌ കൊണ്ടല്ല എന്നു പണ്ഡിതരും ആക്ടിവിസ്റ്റുകളും നിരന്തരമായി പറയുന്നുണ്ട്. ആധിപത്യ സമൂഹത്തിന്റെ അംഗീകാരത്തിലേക്ക് സ്വാഭിമാനത്തെ ബന്ധിപ്പിക്കുന്നത്  അധീനതയുടെ അതേ വംശീയ യുക്തി ആവർത്തിക്കലാണ്. അതായത്, അടിച്ചമർത്തപ്പെട്ടവർ അധികാരമുള്ളവർക്ക് വായിച്ചെടുക്കാവുന്ന രീതിയിൽ പ്രത്യക്ഷപ്പെടുമ്പോൾ   മാത്രമേ സ്വാതന്ത്ര്യം നൽകപ്പെടുകയുള്ളൂ എന്നത്. സമൂഹമോ രാഷ്ട്രമോ അതിന്റെ സ്ഥാപനങ്ങളോ നമ്മെ ഉപകാരമുള്ളവരായി കാണുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കരുത് നമ്മുടെ സ്വാഭിമാനം കണക്കാക്കപ്പെടേണ്ടത്. മാറ്റം വരുത്താൻ പറ്റാത്ത, വിലപേശലിനപ്പുറത്തുള്ള, “തുല്യമായ അംഗത്വം” എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അത് നിലനിൽക്കേണ്ടത്.

ഇസ്ലാമോഫോബുകൾക്ക് വിശദീകരണങ്ങൾ നൽകി പ്രതിരോധിക്കരുത്.

പൊതുചർച്ചയിൽ പലപ്പോഴും ഇസ്ലാമോഫോബിയയെ, കേവലം അറിവിലായ്മയുടെ ഒരു പ്രശ്നമായി ചിത്രീകരിക്കപ്പെടാറുണ്ട് – വംശീയവാദികൾക്ക് മുസ്ലിംകളെ കുറച്ച് കൂടെ നന്നായി മനസിലാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ മുൻവിധികൾ നീങ്ങി പോകുമെന്നതാണ് ഇങ്ങനെ കരുതുന്നവരുടെ ധാരണ. ഈ കാരണത്താലാണ്, ക്ഷമയോട്കൂടെ വിശദീകരണങ്ങൾ നൽകിയാൽ, വൈരാഗ്യം അംഗീകരണത്തിലേക്ക് പരിവർത്തിക്കപെടും എന്ന് പ്രതീക്ഷിച്ച്‌, മുസ്ലിംകൾ സാമൂഹിക മാധ്യമങ്ങളിൽ തീവ്ര വലതുപക്ഷക്കാരോട് നിരന്തരം സംവദിച്ച് കൊണ്ടേയിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ധാരണകൾ ഇസ്ലാമോഫോബിയയെ അധികാരശക്തികളുടെ മനപൂർവമുള്ള ഒരു പദ്ധതി  എന്നതിന് പകരം, കേവല  ‘ആശയകുഴപ്പം’ ആയി തെറ്റിദ്ധരിക്കുന്നു.

തീവ്ര വലതുപക്ഷ സംഘടനകൾ മുസ്ലിം വിരുദ്ധ വ്യവഹാരങ്ങൾ ഉപയോഗിക്കുന്നത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ അല്ല. മറിച്ച് തങ്ങൾക്ക് അനുഭാവികളെ സമാഹരിക്കാനും, രാഷ്ട്രീയ മുതൽക്കൂട്ടായും, പലരെയും അകറ്റിനിർത്തി കൊണ്ടുള്ള ദേശീയ സ്വത്വങ്ങളെ ബലപ്പെടുത്താനും ആണ്. സംവാദങ്ങൾ അവരുടെ വീക്ഷണങ്ങൾക്ക് കൂടുതൽ സാധുത നൽകുകയാണ്. വംശീയവാദികളെ വിശദീകരണങ്ങൾ നൽകി ബോധ്യപ്പെടുത്തേണ്ടുന്ന ഒരു പ്രേക്ഷകനാക്കി വീണ്ടും കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടുവരപ്പെടുകയാണ്. വംശീയവാദികളുമായി സംവദിക്കുന്നത് ഇസ്ലാമോഫോബിയ എന്നത് പ്രഥമമായി, ചികിത്സിക്കപ്പെടാവുന്ന ഒരു രോഗമാണ് എന്ന  ആഴത്തിലുള്ള ഒരു ലിബറൽ മുൻ ധാരണയുടെ അടിസ്ഥാനത്തിലും കൂടെയാണ് – ഇസ്ലാമോഫോബിയ എന്നത് ആളുകളുടെ മനസ്സിൽ പക്ഷപാതപരമോ  മുൻവിധി ആയി നിലനിൽക്കുന്ന എന്തോ ഒരു കാര്യമാണ് എന്ന ധാരണയിൽ. ഇത് ഇസ്ലാമോഫോബിയയെ, വിദ്യാഭ്യാസത്തിലൂടെയും സംവാദങ്ങളിലൂടെയും ശരിപ്പെടുത്തി എടുക്കേണ്ടുന്ന കേവല അറിവില്ലായ്മയുടെ ഒരു പ്രശ്നമായി ചുരുക്കുന്നു. അറിവില്ലായ്മയെ ഘടനാപരമായ ഒരു വസ്തുത ആയിട്ടാണ്  ചാൾസ് മിൽസ് വിശേഷിപ്പിക്കുന്നത്. പ്രേത്യേകിച്ചും “വെളുത്ത വംശജരുടെ അജ്ഞതയെ, കേവലം വ്യക്തികളുടെ തെറ്റിദ്ധാരണകൾ ആയിട്ട് അല്ല, മറിച്ച് വ്യവ്യസ്ഥപിതമായ ഒന്നായിട്ടാണ് അദ്ദേഹം വിശദീകരിക്കുന്നത്. യഥാർത്ഥത്തിൽ എങ്ങനെയാണ് ചിന്താസംഹിതകളും, സംസ്കാരവും സമൂഹവും ചില സത്യങ്ങളെ മറച്ച് വെക്കുകയും തെറ്റായ ധാരണകളെ നിലനിർത്തുകയും ചെയ്യുന്നത് എന്നതിനെ കുറിച്ചാണ് അവ പറഞ്ഞുവെക്കുന്നത്. മിൽസിനെ സംബന്ധിച്ചടുത്തോളം ഈ രൂപത്തിലുള്ള അറിവില്ലായ്മ, അധികാരത്തെയും, ആനുകൂല്യങ്ങളെയും സംരക്ഷിക്കാൻ വേണ്ടി ലോകത്തെ തെറ്റായ രീതിയിൽ വീക്ഷിക്കുന്ന ഒരു മാർഗമാണ്. അതുകൊണ്ട്, വംശീയതയെ വിവരങ്ങൾ കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതല്ല. കാരണം അതിന്റെ അറിവിലായ്മ, ഘടനാപരവും ബോധപൂർവവുമാണ്.

ഉദാഹരണത്തിന്, മുസ്ലിംകൾക്കോ കറുത്ത വംശജർക്കോ  എതിരെ പോലീസ് അതിക്രമങ്ങൾ ഉണ്ടായാൽ, അവയെ പലപ്പോഴും  ഏതാനും ചില ഉദ്യോഗസ്ഥരുടെ പ്രവർത്തികളായിട്ടോ, ഇരകളുടെ  ഭാഗത്തായിരിക്കാം തെറ്റെന്ന് വാദിച്ച്‌ കൊണ്ടോ,   അല്ലെങ്കിൽ ഈയൊരു പ്രശ്നത്തിന് വംശവുമായി യാതൊരു വിധത്തിലുള്ളള്ള ബന്ധവുമില്ല എന്ന് പെട്ടെന്ന് തന്നെ വിലയിരുത്തികൊണ്ടോ തള്ളിക്കളയപ്പെടും. വംശീയ പ്രൊഫൈലിംഗ്, സ്റ്റോപ്പ്-ആൻഡ്-സെർച്ച് രീതികൾ, അനുപാതമില്ലാത്ത പോലീസ് അക്രമം എന്നിവയുടെ വ്യവസ്ഥാപിത സ്വഭാവം അംഗീകരിക്കുന്നതിന് ഈ പ്രതികരണങ്ങൾ വിസമ്മതിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അജ്ഞത എന്നത് കേവലം കാര്യങ്ങൾ അറിയാതിരിക്കുന്നത്തിന്റെ പ്രശ്നമല്ല. അതൊരു തെറ്റായ ലോകവീക്ഷണമാണ് – “വൈറ്റ് ഇന്നൊസെൻസ്”ലെയും വ്യവസ്ഥാപിതമായ നിഷ്പക്ഷതയിലെയും വിശ്വാസം നിലനിര്ത്താന് വേണ്ടി വംശീയതയെ ന്യായികരിക്കുന്ന ഒരു തെറ്റായ ലോകവീക്ഷണം .

ഇതിനോടൊപ്പം നമ്മളുടെ മേൽ ഒരു തരത്തിലുള്ള ഇരട്ട ബാധ്യത വന്നു ചേരുകയാണ്. വംശീയ ആധിപത്യത്തിന് എതിരെ ചെറുത്ത് നിൽക്കുന്നതോടൊപ്പം അക്രമികൾക്ക് ഉണ്ടാകുന്ന തെറ്റിദ്ധാരണ തിരുത്തി വിശദീകരങ്ങൾ നല്കികൊണ്ടിരിക്കാനും നമ്മൾ നിർബന്ധിതരാവുകയാണ്. അക്രമത്തെ ചെറുത്ത് നിൽക്കുകയും അതോടൊപ്പം അക്രമകാരികൾക്ക് ബോധവത്കരണം നൽകാനും മുസ്ലിംകൾ നിർബന്ധിക്കപ്പെടുകയാണ്.  അതുകൊണ്ടാണ് വംശീയവാദികളോട് ന്യായവാദങ്ങൾ നിരത്തി സംവദിച്ച് കൊണ്ട് ഇസ്‌ലാമോഫോബിയയെ പരിഹരിക്കാം എന്ന പ്രതീക്ഷ നിഷ്ഫലവും  അപകടകരവുമാകുന്നത്. ഇസ്ലാമോഫോബിയ എന്നത് ഏതെങ്കിലും തീവ്ര വിഭാഗങ്ങളിൽ നിലകൊള്ളുന്നതല്ല എന്നും അത്  രാഷ്ട്രീയ സ്ഥാപനങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നതാണ് എന്നുമുള്ള യാഥാർഥ്യത്തിൽ നിന്നും ഇത് ശ്രദ്ധ തിരിക്കുന്നു. മുസ്ലിംകൾക്ക് വംശീയവാദികളുമായി സംവാദം നടത്തി വിജയിക്കലല്ല ആവശ്യം. പൊതുസംവാദങ്ങളുടെ വ്യവസ്ഥതകൾക്കപ്പുറം ആത്മാഭിമാനം ഉറപ്പ് നൽകുന്ന വ്യവസ്ഥാപിതമായ നീതിയാണ് നമ്മൾക്ക് വേണ്ടത്. ഇസ്ലാമോഫോബിയ എന്നത് ശരിപ്പെടുത്തിയെടുക്കേണ്ടുന്ന  കേവലമൊരു തെറ്റിദ്ധാരണയല്ല. നേരെമറിച്ച്  പൊളിച്ചടുക്കപ്പെടേണ്ടുന്ന അധികാര ക്രമീകരണമാണ്. 

ഇസ്ലാമോഫോബിയയെ ഒരു അപവാദമായി മനസിലാക്കരുത്. 

സാധാരണാഗതിയിൽ വളരെ സഹിഷ്ണുതാപരമായി നിലനിൽക്കുന്ന സമൂഹത്തിലെ ഒരു വ്യതിചലനമോ അസ്വാഭാവികതയോ അതുമല്ലെങ്കിൽ ഏതാനും തീവ്ര പക്ഷക്കാരുടെ വാദമായിട്ടോ ഇസ്ലാമോഫോബിയയെ ചിത്രീകരിക്കുന്ന ഒരു ആഖ്യാനം നിലവിലുണ്ട്. എന്നാൽ ബ്രിട്ടനിൽ ഇസ്ലാമോഫോബിയ എന്നത് അരികുകളിൽ നിലനിൽക്കുന്ന ഒരു വ്യവഹാരം അല്ല. നേരെ മറിച്ച് അത് ഭരണത്തിലും സ്ഥാപന പ്രവർത്തനരീതികളിലും ഇഴചേർക്കപെട്ടാണ് നിലനിൽക്കുന്നത്. ബ്രിട്ടനിലെ Prevent framework എന്ന പദ്ധതി എടുത്ത് പരിശോധിക്കാം. അധ്യാപകരോടും, ഡോക്ടർമാരോടും നഴ്സറി ടീച്ചർമാരടക്കമുള്ളവരോടും  തീവ്രവാദവത്കരണത്തിന്റെ അടയാളങ്ങൾ നീരിക്ഷിക്കുകയും അത് റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. ഈ ഒരു പ്രവൃത്തി ക്രമാതീതമായി മുസ്ലിംകളെ ലക്ഷ്യം വെക്കുന്നു.  പല വിദഗ്ധരും prevent എന്ന പദ്ധതി സർവെയ്‌ലൻസിനെ ദൈനദിന ജീവിതത്തിലേക്ക് ഉൾച്ചേർക്കുന്നതായി നിരീക്ഷിക്കുന്നുണ്ട്. അത് അതിതീവ്ര ദൃശ്യതയെ ഉത്പാദിപ്പിക്കുകയും, മുസ്ലിംങ്ങളെ സോപാധിക സാമൂഹിക ഭാഗവാക്കലിലേക്ക് അച്ചടക്കവത്കരിക്കുകയും ചെയ്യുന്നു. ഇത് എൻ എച് എസിലേക്കും വ്യാപിച്ചിട്ടുണ്ട്, മുസ്ലിം ആരോഗ്യ സേവന പ്രവർത്തകരെ തീവ്രവാദികളായേക്കാം എന്ന സംശയത്തിന് വിധേയരാക്കപ്പെടുന്നു – ഇത് വ്യവസ്ഥാപിത സംശയാസ്പതയെ സാധാരണവത്കരിക്കുന്നു.

വിദ്യാഭ്യാസം, ഇമ്മിഗ്രേഷൻ, സർക്കാർ സേവന രംഗങ്ങൾ എന്നിവയിലൊക്കെ സമാനമായ യുക്തിയിലൂടെ ,ഇസ്ലാമോഫോബിയ വ്യാപകമായി പ്രവർത്തിക്കുന്നു – ഇത്തരം മേഖലകളിൽ ആണ് മുസ്ലിംകൾ ശിക്ഷിക്കപ്പെടാനും, നിരീക്ഷിക്കപ്പെടാനും, തങ്ങളുടെ കൂറ് തെളിയിക്കാൻ നിർബന്ധിതരാവാനും കൂടുതൽ സാധ്യതയുള്ളത്. ഇങ്ങനെ ഇസ്ലാമോഫോബിയയെ കേവലം അപവാദമായി കണ്ടുകൊണ്ട് നമ്മൾ, അത് എത്ര ആഴത്തിലാണ് നിയമത്തിലൂടെയും നയങ്ങളിലൂടെയും ബ്യൂറോക്രസിയിലൂടെയും മുഖ്യധാരയിൽ നിലനിൽക്കുന്നത് എന്നതിനെ കാണാതെപോവുകയാണ്. ഇതിനെയാണ് ഡേവിഡ് തിയോ ഗോൾഡ്ബർഗ്, “ഒരു ഭരണരീതിയായ വംശീയത” എന്ന് വിശേഷിപ്പിക്കുന്നത്.  എങ്ങനെയാണ് ആധുനിക ദേശരാഷ്ട്രങ്ങൾ  തങ്ങളുടെ ജനങ്ങളെ നിയന്ത്രിക്കാനും സ്വത്വങ്ങളെ നിർവചിക്കാനും അസ്ഥിരതയെ വിതരണം ചെയ്യുന്നതിനും   വംശീയ ക്രമീകരണങ്ങളെ ആശ്രയിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഈയൊരു രീതിയിൽ ഇസ്ലാമോഫോബിയയെ നോക്കികാണുമ്പോൾ അതൊരു തെറ്റിദ്ധാരണയോ മുഖ്യധാരയിൽ നിന്ന് വിഭിന്നമായ ഒരു മുൻവിധിയോ അല്ല.  നേരെമറിച്ച് രാഷ്ട്രീയ പദ്ധതികളെ നിലനിർത്തുകയും സംശയ ദൃഷ്ടികൾക്ക് നിയമസാധുത നൽകുകയും ചെയ്യുന്ന ഒരു ഘടനാപരമായ സംവിധാനമാണ്. ഇസ്ലാമോഫോബിയയെ തീവ്ര വലതുപക്ഷ വിദ്വേഷത്തിലേക് ചുരുക്കുന്നത് യാഥാർഥ്യത്തെ തിരിച്ചറിയാതിരിക്കലാണ്.  യഥാർത്ഥത്തിലുള്ള അപകടം നിലനിൽക്കുന്നത് തെരുവുകളിൽ അരങ്ങേറുന്ന വംശീയ പ്രക്ഷോഭങ്ങളിൽ മാത്രമല്ല, മറിച്ച് വളരെ നിശബ്ദവും  ദൈനംദിനവുമായ, ദേശരാഷ്ട്രത്തിന്റെ ഘടനകളിലേക്കുള്ള സംശയാദൃഷ്ഠിയുടെ ഉൾച്ചേർക്കലിലാണ്. 

ഇസ്ലാമോഫോബിയയ്ക് എതിരെയുള്ള ചെറുത്ത്  നിൽപ്പ്

ഇസ്ലാമോഫോബിയയെ ചെറുക്കുക എന്നത് കൊണ്ടുദ്ദേശിക്കപ്പെടുന്നത്  ബഹുമാന്യർഹതയ്ക്കും പ്രധിനിധി രാഷ്ട്രീയത്തിനും അപ്പുറം  ഘടനാ വിമര്ശനത്തിലേക്ക് നീങ്ങുക എന്നതാണ്. അതിൽ ഇസ്ലാമോഫോബിയയെ വംശീയത എന്ന്  നാമകരണം ചെയ്യലും, പ്രിവെൻറ്, ഭീകരത വിരുദ്ധ നിയമങ്ങൾ, കുടിയേറ്റ വ്യവസ്ഥകൾ, മാധ്യമ ആഖ്യാനങ്ങൾ എന്നിവയെയൊക്കെ   വംശീയവത്കരിക്കപ്പെട്ട ഭരണരീതിയായി കണക്കാക്കുന്നതും ഉൾപ്പെടും.; രണ്ടാമതായി, മുസ്ലിംകൾ സമത്വം നേടിയെടുക്കേണ്ടത് നല്ല പെരുമാറ്റത്തിലൂടെയും അതല്ലെങ്കിൽ സംഭവനകളിലൂടെയുമാണ് എന്ന യുക്തിയെ ചെറുക്കുക എന്നതാണ്. മൂന്നാമതായി, മുസ്ലിം പോരാട്ടങ്ങള വ്യവസ്ഥാപിത വംശീയത അനുഭവിക്കുന്ന കറുത്ത വർഗ്ഗക്കാരുടെയും, കുടിയേറ്റ സമൂഹങ്ങളുടെയും തൊഴിലാളി സമൂഹങ്ങളുടെയും പോരാട്ടങ്ങളോട് ബന്ധിപ്പിച്ച് കൊണ്ട് ഐക്യദാര്ഢ്യം രൂപീകരിക്കുക എന്നതാണ്. തത്ഫലമായി മുസ്ലിം പോരാട്ടങ്ങളെ ദേശാതീതമായ ഉമ്മാറ്റിക്ക്  ഐക്യദാർഢ്യവുമായി ബന്ധിപ്പിക്കലാണ്. ആത്യന്തികമായി നീതിയുടെ സാക്ഷാത്കാരണം എന്നത് മനോഭാവങ്ങളെ മാറ്റുന്നതിനും അപ്പുറമാണ്. അതിന് വേണ്ടത് വിവേചനാപരമായ ഭീകരതാവിരുദ്ധ നിയമങ്ങൾ എടുത്ത് മാറ്റുന്നത് മുതൽ മാധ്യമങ്ങളെ വിചാരണയ്ക്ക് വിധേയമാക്കൽ വരെ ഉൾപ്പെടുന്ന വ്യവസ്ഥകളുടെ പരിവർത്തനമാണ്. കേവല വ്യക്തിതല മാറ്റങ്ങൾക്കല്ല ഘടനാപരമായ പരിഷകരണത്തിന് വേണ്ടിയായിരിക്കണം നമ്മുടെ പ്രയത്നം. 

വിവർത്തനം : അഫ്കസ് മുഹമ്മദ് 

ഷഹീൻ കെ. മൊയ്തുണ്ണി