Campus Alive

മോഡി ഒരു ‘ പരമാധികാരി ‘ നിർമിക്കപ്പെടുന്ന വിധം

1977ൽ നടന്ന ഒരു അഭിമുഖത്തിൽ വെച്ച് ‘രാജാവിന്റെ ശരീരവും’ ‘പതിനേഴാം നൂറ്റാണ്ടിലെ യൂറോപ്പിലെ പരമാധികാരത്തെ (sovereignty) കുറിച്ചുള്ള ചോദ്യവും’ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ച് ശ്രദ്ധേയമായ ഒരു നിരീക്ഷണം ഫ്രഞ്ച് ഫിലോസഫറായ മിഷേൽ ഫൂക്കോ നടത്തുന്നുണ്ട്. ഫൂക്കോയുടെ വാക്കുകൾ പരാവർത്തനം ചെയ്യുകയാണെങ്കിൽ അത് ഇപ്രകാരമായിരിക്കും: ആധുനികപൂർവ കാലങ്ങളിൽ രാജാക്കന്മാർ ശാരീരികമായി രാജ്യത്തിന്റെ (nations) പ്രതിരൂപമായി ധരിക്കപെട്ടിരുന്നു, അവിടെ ‘രാജാവിന്റെ ശരീര’മെന്നത് ഒരു രൂപകമല്ല, മറിച്ച് ഒരു രാഷ്ട്രീയ യാഥാർഥ്യമാണ്, അതിന്റെ ഭൗതികമായ സാന്നിധ്യവും സംരക്ഷണവും രാജാധിപത്യത്തിന്റെ പ്രവർത്തനങ്ങൾക്ക് അനിവാര്യവുമാണ്. നിയമസംബന്ധിയും രാഷ്ട്രീയവുമായ തലങ്ങളിൽ, രാജാധിപത്യത്തിന്റെ അതിജീവനം ഏറിയ കൂറും രാജാവിന്റെ ശരീരം സംരക്ഷിക്കുന്നതിനെ ആശ്രയിച്ചായിരുന്നു ഉണ്ടായിരുന്നത്.

ആധുനിക ജനാധിപത്യ വിപ്ലവങ്ങൾ ഈ സ്ഥിതിയിൽ മാറ്റം കൊണ്ടുവന്നു. തുടക്കത്തിൽ പലരും അതിനെ ഒരു ഉട്ടോപ്യൻ ആശയമായി കരുതിയെങ്കിലും, പിന്നീട്, പ്രത്യയശാസ്ത്രപരമായും ശക്തിപ്രയോഗങ്ങളിലൂടെയും സംരക്ഷിക്കേണ്ട ഒരു പുതിയ, ബൃഹത്തായ രാഷ്ട്രീയ സ്വരൂപമായി അത് ഉയർന്നുവന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും പരമാധികാരത്തിന് സാധുത നൽകാനും, ദേശീയ പരമാധികാരം (national sovereignty) നടപ്പിൽ വരുത്താനുള്ള അവരുടെ അവകാശത്തിനും വേണ്ടിയാണ് ആധുനിക ഭരണഘടനകൾ പരിചയപ്പെടുത്തപ്പെട്ടിട്ടുള്ളത്.

ആധുനികപൂർവ കാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന, രാജാവിന്റെ/ഭരണാധികാരിയുടെ ശരീരത്തോട് ചേർത്തുവെച്ചുകൊണ്ടുള്ള പരമാധികാരത്തിന്റെ ആശയം സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ വീണ്ടും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ ബിബിസി (ഡോക്യുമെന്ററിയിലൂടെ) ഉയർത്തിയ ആരോപണങ്ങൾ ഇന്ത്യയുടെ രാഷ്ട്ര ശരീരത്തിനു നേരെ നടത്തുന്ന ആക്രമണമാണെന്ന് മനസ്സിലാക്കപ്പെടുന്ന സാഹചര്യത്തിൽ ഫൂക്കോയെ വായിക്കുന്നതിൽ തീർച്ചയായും കാര്യമുണ്ട്.

മറ്റൊരു ഗൗരവതരമായ ചോദ്യം കൂടി ഈ പ്രശ്നം ഉയർത്തുന്നുണ്ട്: ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ഭരണാധികാരിയുടെ ശരീരത്തെ ഒരു രാഷ്ട്രീയ സ്വരൂപമായി കാണുന്ന പ്രവണത വീണ്ടും ഉയർന്നുവരുന്നത് എന്തുകൊണ്ടാണ് അപകടകരമാവുന്നത്?

രാഷ്ട്രീയ വിമർശനത്തെ ‘അക്രമമായി’ മനസ്സിലാക്കുമ്പോൾ

ഇന്ത്യയുടെ “ഉദ്ഗ്രഥനത്തെയും പരമാധികാരത്തെയും” തുരങ്കം വെക്കുന്ന “ഹീനമായ പ്രോപഗണ്ട” എന്ന നിലക്കാണ് ബിബിസി ഡോക്യുമെന്ററിക്കെതിരെ ബിജെപി വക്താക്കളിൽ നിന്നും ഇന്ത്യൻ ഗവൺമെന്റിൽ നിന്നും വന്ന ആദ്യ പ്രതികരണങ്ങൾ.

അന്താരാഷ്ട്ര രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായയെയും, അവരുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കാൻ തക്ക ശേഷിയുള്ള ബിബിസി ഡോക്യുമെന്ററിയോടുള്ള ഗവൺമെന്റിന്റെ ഭയമാണ് സ്വാഭാവികമായും ഈ പ്രതികരണങ്ങളിൽ തെളിയുന്നത്. എന്നാൽ അത്തരം ഭയങ്ങൾക്കോ ഉത്കണ്ഠകൾക്കോ പുറമെ, ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ഡോക്യുമെന്ററിയെ വിലക്കാനുള്ള ഗവൺമെന്റ് തീരുമാനം, ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകൾ റെയ്ഡ് ചെയ്യുക വഴി ബിബിസിയെ ഭീഷണിപ്പെടുത്തുക, യൂട്യൂബിനോടും ട്വിറ്ററിനോടും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഒരു കോണ്ടന്റുകളും തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കാതിരിക്കാൻ ആവശ്യപ്പെടുക, തുടങ്ങിയവയെല്ലാം നിലവിൽ പ്രചാരത്തിലുള്ള പുതിയ പരമാധികാരത്തെ സംബന്ധിച്ചുള്ള ചർച്ചകളെ പ്രതിധ്വനിപ്പിക്കുന്നതാണ്- അഥവാ, പ്രധാനമന്ത്രിക്കെതിരെയുള്ള ഏത് വിമർശനങ്ങളെയും ഇന്ത്യയുടെ ദേശീയ പരമാധികാരത്തിനു മേലുള്ള, അനുവദിക്കാനാവാത്ത അക്രമമായി അവതരിപ്പിക്കുക എന്നത്.

ആശ്ചര്യകരമെന്നോണം, ഹിണ്ടൻബർഗ് റിപ്പോർട്ടിനോടുള്ള പ്രതികരണമായി അദാനി ഗ്രൂപ്പ് നടത്തിയ പ്രസ്താവനയിലും ഇതേ തരം തന്ത്രം അവലംബിച്ചിരിക്കുന്നതായി കാണാം. “ഇന്ത്യക്കും, അതിന്റെ സ്വാതന്ത്ര്യത്തിനും, ഇന്ത്യൻ സ്ഥാപനങ്ങളുടെ ഐക്യത്തിനും നിലവാരത്തിനും, ഇന്ത്യയുടെ വളർച്ചക്കും അഭിലാഷങ്ങൾക്കും എതിരായ ആസൂത്രിത അക്രമം” എന്നാണ് അവരതിനെ വിശേഷിപ്പിക്കുന്നത്.

‘പരമാധികാര’ രാഷ്ട്രീയ അധികാരം എന്ന ആശയവും, ‘പരമാധികാരവും’

ഈ പ്രശ്നത്തെ ശരിയാം വിധം മനസ്സിലാക്കുന്നതിന്, പരമാധികാര രാഷ്ട്രീയ അധികാരം എന്ന ആശയവും, പരമാധികാരവും ഇന്ത്യയിൽ ഉയർന്നുവന്ന രാഷ്ട്രീയ സാഹചര്യത്തെ ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഉൽപന്നമെന്നോണമാണ് ഇത് രാഷ്ട്രീയ വ്യവഹാരത്തിലേക്ക് കടന്നുചെല്ലുന്നത്. ആധുനിക യൂറോപ്യൻ- വിശിഷ്യ ബ്രിട്ടീഷ്- പ്രതിഭാസത്തോട് ചേർന്നാണ് അതിന്റെ പരിണാമം ആരംഭിക്കുന്നതെങ്കിലും, അതിന്റെ പരിണാമം സംഭവിച്ച പ്രത്യേകമായ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സാധ്യതകളിലും സത്തയിലും അത് ഇന്ത്യനായി തന്നെ തുടർന്നു. പരമാധികാര ശക്തി എന്ന നിലയിൽ നിന്നും ബ്രിട്ടീഷ് രാജാധിപത്യത്തെ മാറ്റി, രാജ്യത്തെ ഏക നിയമ സ്രോതസ്സായി പാർലമെന്റിനെ പ്രതിഷ്ഠിച്ച കോളനിയാനന്തര മാറ്റത്തെയും ഇത് സാധ്യമാക്കി.

മനുഷ്യത്വത്തിനു നിരക്കാത്തവയെന്ന് ആരോപിച്ചുകൊണ്ട് യൂറോപ്യൻ ആവിർഭാവമുള്ള അധിക രാഷ്ട്രീയ ആശയങ്ങളെയും വിമർശിച്ചിരുന്ന ഗാന്ധിക്കു പോലും, ജനകീയ പരമാധികാരത്തിന്റെ ഈ ഇന്ത്യൻ അവതാരം ഒട്ടും പ്രശ്നകരമായി തോന്നിയില്ല. പകരം, വ്യക്തി സ്വാതന്ത്ര്യത്തിനും സ്വയം നിർണയത്തിനും വലിയ അളവിൽ പ്രോത്സാഹനം നൽകുന്നത് കൊണ്ടുതന്നെ, ജനകീയ പരമാധികാരം എന്ന ആശയത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഗാന്ധിയൻ കാഴ്ചപ്പാടിൽ മനസ്സിലാക്കി. ദേശത്തിന്റെയോ രാഷ്ട്രത്തിന്റെയോ മേഖലകളിൽ നിന്നും രാഷ്ട്രീയമായി അകന്ന ഒന്നായി പരമാധികാരത്തെ പുനരാവിഷ്കരിക്കുന്നതിനെയും യഥാർഥത്തിൽ ഗാന്ധി പ്രോത്സാഹിപ്പിച്ചു.

ജനകീയ പരമാധികാരം എന്ന ആശയവും, ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്ന പരമാധികാരവും അപ്രകാരം ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ചേതനയായി മാറി.

എന്നാൽ, ഒരു രാഷ്ട്രീയ ആശയം എന്ന നിലക്ക്, പരമാധികാരം എന്നത് (അതിന്റെ കോളനിയാനന്തര രൂപത്തിൽ നിന്നും മാത്രം അർഥം സ്വീകരിക്കാതെ) ഇന്ത്യയിൽ ഒരു സംവാദ വിഷയമായി തന്നെ തുടർന്നു. ചില സമയത്ത് അതൊരു ദേശീയവാദ നിർമിതിയായി പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ അടിയന്തരാവസ്ഥയുടെ കാലത്ത് (1975-77) പരമാധികാരത്തിന്റെ ഈ രൂപത്തെ നമ്മൾ അനുഭവച്ചറിഞ്ഞിട്ടുണ്ട്. ബലപ്രയോഗം നടപ്പിൽ വരുത്താനുള്ള ഉപായമായി ദേശീയ പരമാധികാരത്തിനെതിരെയുള്ള അക്രമത്തെ ഉയർത്തിക്കാട്ടുകയായിരുന്നു ഇന്ദിര ഗാന്ധി അക്കാലത്ത് ചെയ്തത്. പിന്നീട് പല സാഹചര്യങ്ങളിലും അമിതാധികാര പ്രയോഗങ്ങളെ ന്യായീകരിക്കാനുള്ള ഉപകാരണമായി ദേശീയ സുരക്ഷക്കും പരമാധികാരത്തിനും മേലുള്ള ഉത്കണ്ഠകളെ സ്റ്റേറ്റ് എടുത്തുപയോഗിച്ചിട്ടുണ്ട്.

നിയമപരമായ കുറ്റവിമുക്തി (impunity), ചോദ്യംചെയ്യപ്പെടാത്ത അധികാരങ്ങൾ, ആക്രമിക്കപ്പെടാനാവത്ത വ്യക്തിത്വം, മുതലായ ഗുണങ്ങളോട് കൂടിയ 17ആം നൂറ്റാണ്ടിലെ യൂറോപ്യൻ രാജാവിന്റെ പുനരവതരണമാണ് സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഇത്തരം സംഭവങ്ങളുടെ പ്രവചന സാധ്യമായ ക്രമമാണ്. പരമാധികാരത്തിന്റെ ബദൽ സ്രോതസ്സുകളെ പറ്റിയും ചർച്ചകളിലേക്കും , പരമാധികാരം യഥാർഥത്തിൽ എവിടെയാണ് കുടികൊള്ളുന്നത് എന്നുള്ള ചോദ്യത്തിലേക്കുമാണ് ഇത് രാജ്യത്തെ നയിക്കുന്നത്.

ഇതൊരു നിയമ പ്രശ്നം മാത്രമല്ല, ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയെ കൂടിയാണിത് സൂചിപ്പിക്കുന്നത്, അഥവാ, ജനങ്ങളുടെ പരമാധികാരത്തെ ഉപയോഗിക്കുന്നു എന്നവകാശപ്പെടുന്ന ഒരു പോപുലിസ്റ്റ് പാർട്ടി/നേതാവ് എന്ന പ്രതിസന്ധി. സ്വയം പരമാധികാരിയാവുക എന്ന കാര്യത്തിൽ മോഡിയോ അയാളുടെ പാർട്ടിയെ എത്രകണ്ട് വിജയിച്ചു എന്നത് വേറെ തന്നെ ചോദ്യമാണ്, എന്നാൽ, യാതൊരു പരിഗണനയോ പ്രത്യയശാസ്ത്ര തർക്കങ്ങളോ കൂടാതെ ഇന്ത്യൻ മീഡിയയിൽ ഒരു വലിയ വിഭാഗവും മോഡിയുടെ സ്വരൂപത്തെ വ്യംഗ്യമായി അംഗീകരിച്ചിരിക്കുന്നു എന്നതാണ് വസ്തുത.

കൊളോണിയൽ?

ബിബിസിയുടെ തുറന്നുപറച്ചിലിനോട്‌ പ്രതികരിക്കവേ, വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബാക്ച്ചി രോഷാകുലനായിക്കൊണ്ട് ബിബിസി പ്രൊഡക്ഷനെതിരെ പറഞ്ഞത് “കൊളോണിയൽ ചിന്താഗതിയോടെ നിർമിച്ച പ്രോപഗണ്ട പീസ്” എന്നാണ്.

കോളോണിയൽ എന്നതിനെ ഒരു വ്യവഹാരിക ഫ്രെയിമായി തെരഞ്ഞെടുത്ത ഗവൺമെന്റും, പ്രധാന മന്ത്രിയും, ബിജെപിയും യഥാർഥത്തിൽ ഒരു രാഷ്ട്രീയ ലക്ഷ്യത്തെയാണ് ഉന്നംവെക്കുന്നത്. പ്രധാനമന്ത്രി പദത്തിന്റെ ആദ്യ നാളുകൾ മുതൽ ഒരു കോളനിയാനന്തര വിമോചകന്റെ റോളിലാണ് മോഡി സ്വയം അവരോധിക്കുന്നത്, മുസ്‌ലിം മുഗളന്മാരും ക്രിസ്ത്യൻ ബ്രിട്ടീഷുകാരും നടത്തിയ കോളനിവത്കരണത്തിന്റെ മോശം ഫലങ്ങളിൽ നിന്ന് ഇന്ത്യയെ മോഡി രക്ഷിക്കും എന്നതാണ് വെപ്പ്.

നിരന്തരമായ കൊളോണിയൽ ഇരവാദത്തിന്റെയും, അതിൽ നിന്നുള്ള മോചനത്തെ കുറിച്ചുള്ള വാഗ്ദാനത്തിന്റെയും നിർമിതിയിൽ അടങ്ങിയിട്ടുള്ളത്, 2015ൽ മോഡി പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടതു മുതൽ അയാൾ ഏറ്റെടുത്തതായി ഭാവിക്കുന്ന പ്രതികാരത്തിന്റെ സ്വരമാണ്. അത്തരം ആന്റി-കൊളോണിയൽ വാഗ്വാദങ്ങളുടെയും, അവമതികളുടെയും, പരിഹാസങ്ങളുടെയും, ഭീഷണികളുടെയും, പരാതികളുടെയും കൂട്ടത്തോട് യോജിക്കുന്ന ഒരുതരം വിനിമയമാണ് മോഡി ഉപയോഗിക്കുന്നതും. അയാൾക്കു മുൻപ് അനേകം ‘ദേശീയവാദികളായ നായകർ’ ശ്രമിച്ചിട്ടും നടക്കാതെ പോയ ഒരു പുതിയ കാലത്തിന്റെ ആരംഭമാണ് തന്റെ ഭരണമെന്ന് വലിയൊരു വിഭാഗം ജനങ്ങളെ വിശ്വസിപ്പിക്കാനും മോഡിക്ക് കഴിഞ്ഞിട്ടുണ്ട്.

മോഡിയുടെ ഫലപ്രദമായ ആശയവിനിമയം

ഒരു പരമാധികാരി എന്ന നിലക്ക് മോഡിയെ നിർമിച്ചെടുക്കുന്നതിൽ സഹായിക്കുന്ന മറ്റൊരു സംഗതി അയാളുടെ ആശയവിനിമയമാണ്. അയാളുടെ ദിനേനെയുള്ള റേഡിയോ പരിപാടിയായ മൻ കി ബാത്ത് ആവട്ടെ, സന്ദർഭികമായി അയാൾ നടത്താറുള്ള രാഷ്ട്ര സംബോധനയാവട്ടെ, അവയെല്ലാം പരമാധികാരി എന്ന പദവിയിലേക്ക് സ്വയം അവരോധിക്കാനുള്ള ഒരു ശേഷി അയാളിലേക്ക് പ്രവഹിപ്പിക്കുന്നുണ്ട്. പാരമ്പര്യത്തിൽ അധിഷ്ഠിതമായ, ആധുനികതയിലും ശാസ്ത്രത്തിന്റെ വികാസത്തിലും വലിയ അളവിൽ സംശയം കൂറുന്ന, വലിയൊരു വിഭാഗം ജനങ്ങളെയും വിശ്വസിപ്പിക്കുന്ന തരത്തിലാണ് മോഡി അയാളുടെ പ്രസംഗങ്ങളെ ചിട്ടപ്പെടുത്തുന്നത്. കോപവും പരിഹാസവും കലർന്ന അയാളുടെ ആശയവിനിമയങ്ങൾ ശാസ്ത്രത്തെ അവമതിക്കുകയും, ശാസ്ത്രജ്ഞരെയും പണ്ഡിതരെയും കുറച്ചുകാട്ടുകയും ചെയ്യുന്നു.

ശാസ്ത്രത്തെയും യുക്തിബോധത്തെയും ഇത്തരത്തിൽ അസാധുവാക്കുന്നതിനോടുള്ള ബുദ്ധിജീവികളുടെ പ്രതികരണമാണ് കൂടുതൽ ആശ്ചര്യകരമായിട്ടുള്ളത്. ഗണേശന്റെയും കർണന്റെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, പുരാതന ഇന്ത്യയിൽ കോസ്മറ്റിക് സർജറിയും പ്രത്യുൽപാദന ചികിത്സകളും നിലനിന്നിരുന്നു എന്നതു പോലെയുള്ള മോഡിയുടെ ആയുക്തികമായ പരാമർശങ്ങൾ വരുമ്പോൾ, അതിനെ അശാസ്ത്രീയമെന്നും ആയുക്തികമെന്നും അവർ രേഖപ്പെടുത്തുമെങ്കിലും, ഇന്ത്യൻ സമൂഹത്തിൽ മോഡിയുടെ അത്തരം പ്രസ്താവനകൾ വിശ്വസിക്കാൻ ആളുകൾ ഏറെയുണ്ട്.

അഗസ്റ്റോ റോ ബസ്റ്റോസിന്റെ ചരിത്ര നോവലായ “ഐ ദി സുപ്രീമി”ൽ പരാഗ്വൻ ഏകധിപതിയായ ഹോസേ ഗാസ്പർ റോഡ്രിഗസ് ഫ്രാൻസ്യ ചെയ്യുന്നതു പോലെ, ജനാവലിക്കു മുന്നിൽ താൻ അവതരിപ്പിക്കുന്ന പ്രസംഗങ്ങളിൽ ആയുക്തികമായ എന്തെങ്കിലും കണ്ടെത്തുന്നവരെ മോഡി നിരന്തരമായി അവഗണിക്കുന്നു. ചിലരോടുള്ള പ്രത്യേക പരിഗണനയും മറ്റു ചിലരോടുള്ള അവഗണനയുമാണ് യഥാർഥത്തിൽ മോഡിയെ കൂടുതൽ ജനകീയനും, ഒരുപാട് വിഭാഗം ആളുകൾക്കിടയിൽ പ്രിയങ്കരനും ആക്കുന്നത്.

ദി സുപ്രീമും (പരമാധികാരി) വീ ദി പീപ്പിളും (നമ്മൾ ജനങ്ങൾ) തമ്മിലുള്ള ബന്ധമാണ് ഫലപ്രദമായ സംസാരത്തിലൂടെ അയാളുടെ വികാസത്തിലേക്ക് വഴിനടത്തിച്ചത് എന്ന വസ്തുത ഇന്ത്യൻ സാഹചര്യത്തിൽ പലപ്പോഴും മനസ്സിലാക്കപ്പെടാറില്ല.

വിവർത്തനം : ഫിദ അബ്ദുസ്സലാം

കടപ്പാട് : ദ വയർ

പ്രൊഫ. എം.എച്ച് ഇല്യാസ്