Campus Alive

അഗമ്പനെ മറന്നേക്കൂ!

(കോവിഡ്-19നുമായി ബന്ധപ്പെട്ടുള്ള ജോർജിയോഅഗമ്പന്റെ പ്രതികരണവും തുടർന്ന് വന്ന ചർച്ചകളോടുമുള്ള ഇറ്റാലിയൻ ഫിലോസഫർ സെർജിയോ ബെൻവെനൂതോയുടെ പ്രതികരണം)

കൊറോണ വൈറസിനെതിരെയുള്ള സോവെറൈനിസ്റ്റ്(sovereignist) നേതാക്കളുടെ പ്രതികരണം, യഥാർഥത്തിൽ അപരവിദ്വേഷികളിൽ  നിന്നും നാം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. അതിർത്തികൾ അടക്കുകയും വിദേശികളുടെ മേൽ കോവിഡ്-19 ആരോപിക്കുകയാണ് അവർ ചെയ്തത്. ആഭ്യന്തരമായി യാതൊരു നടപടികളുമെടുക്കാതെ യൂറോപ്പുമായുള്ള ബന്ധങ്ങളും വിനിമയങ്ങളും വിച്ഛേദിക്കുക വഴി ട്രംപ് ചെയ്തതും അതാണ്. അപകടം നമുക്കു വെളിയിലാണ്, ഉള്ളിലല്ല എന്നവർ വ്യാമോഹം കൊള്ളുന്നു.

ഈ പകർച്ചവ്യാധി നവ-ഫാഷിസ്റ്റുകളെ (ട്രംപ്, സാൽവിനി, ജോൺസൺ, എർദുഗാൻ എന്നിവരെ ഞാൻ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു) നിസ്സഹായരാക്കും എന്ന് പറയപ്പെടുന്നു. വൈറസ് ബാധ ആർക്കും പിടിപെടാം എന്ന സാഹചര്യത്തിൽ, അപകടം നമുക്ക് വെളിയിലല്ല, ഉള്ളിൽ തന്നെയാണുള്ളത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിന് ആഫ്രിക്കയെന്നോ ചൈനയെന്നോ മുസ്ലിമെന്നോ, നൂറ്റാണ്ടുകളോളം യൂറോപ്പിൽ ഒറ്റപ്പെട്ടുകിടന്ന ജൂതസമൂഹത്തെ പോലെ, സമൂഹത്തിനുള്ളിൽ തന്നെ അതിർത്തി വരച് ക്ലിപ്തപ്പെടുത്തിയ സംഘമെന്നോ സമുദായമെന്നോ ഒന്നും തന്നെയില്ല. അപകടം എല്ലായിടത്തുമുണ്ട് ഒരു കുട്ടിയിൽ, ഒരു വൃദ്ധരക്ഷിതാവിൽ, ഒരു കാമുകനിൽ… എവിടെയും. ജേർണലിസ്റ്റായ മസ്സിമോ ജിയാനിനി (massimo giannini) പറയുന്നതുപോലെ, “നമ്മൾ അപകടത്തിലാണ് എന്നല്ല, നമ്മൾ തന്നെയാണ് അപകടം” എന്നതാണ് ശെരി. അതോടെ, രാഷ്ട്രീയ ജീവികൾ എന്ന നിലക്ക് നമ്മിലുള്ള ഷ്മിറ്റിയൻ(schmittian) ചിന്ത (നാം vs അവർ, ഞാൻ vs അപരൻ എന്ന ചിന്ത) തകരുകയും എല്ലാവരും ഒരുപോലെ അപകടത്തിലാവുകയും ചെയ്യുന്നു. ഒരു ജിപ്സി എന്റെ മകളെക്കാൾ അപകടകാരിയല്ലാതായി തീരുന്നു. വംശീയ തരംതിരിവുകൾക്ക് പൊടുന്നനെ അവയുടെ സകല ഉള്ളടക്കങ്ങളും നഷ്ടപ്പെടുന്നു.

ഈ സാഹചര്യത്തിൽ, ഒരുപാട് (യൂറോപ്യൻ) രാഷ്ട്രങ്ങൾ അവരുടെ ഷെങ്ങെൻ വിസ (shcengen – ഷെങ്ങെൻ ഏരിയ എന്നറിയപ്പെടുന്ന 26 യൂറോപ്പ്യൻ രാജ്യങ്ങളിൽ പ്രവേശനം സാധ്യമാവുന്ന ഏകീകൃത വിസാ സംവിധാനം) എടുത്തുകളഞ്ഞിരിക്കുന്നു എന്നത് എന്നെ വിഷമിപ്പിക്കുന്നില്ല. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനുനേരെ വാതിൽ അടച്ചിടുക എന്നത് അസ്വസ്ഥതയുളവാക്കുന്നതാണ്. എന്നാൽ ഇതും അനേകം അടച്ചിടലുകൾക്കിടയിലെ ഒരെണ്ണം മാത്രമാണ്. ഇന്ന് ഓരോ പൗരനും മറ്റൊരു പൗരനിൽ നിന്ന് സ്വമേധയാ അടച്ചിടുകയാണല്ലോ.

പ്രശസ്ത ഫിലോസഫറായ ജോർജിയോ അഗമ്പൻ എഴുതുന്നു: “ഈ നടപടികൾ (ലോക്ഡൗൺ) പൗരസ്വാതന്ത്യത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന നിയന്ത്രണങ്ങളേക്കാൾ, എന്റെ അഭിപ്രായത്തിൽ, വിഷമകരമായത്, മനുഷ്യബന്ധങ്ങളിൽ അത് സൃഷ്ടിക്കുന്ന അപചയങ്ങളാണ്. അപരൻ, അത് ആരായാലും, ചിലപ്പോൾ പ്രിയപ്പെട്ടയാളാവാം, അവനെ/അവളെ തൊടാനോ പ്രാപിക്കാനോ വയ്യാതെയാകുന്നു. അവനിൽ/അവളിൽ നിന്നും നിശ്ചിത അകലം പാലിക്കൽ അനിവാര്യമായി മാറുന്നു. ചിലരുടെ അഭിപ്രായത്തിൽ അത് ഒരു മീറ്ററാണ്. അടുത്തിടെ ചില വിദഗ്ധന്മാർ നിർദ്ദേശിച്ചതാനുസരിച്ച് അത് 4.5 മീറ്റർ വരെ ആണ് (അധികമുള്ള 50 സെന്റിമീറ്ററിന്റെ കാര്യമാണ് ആശ്ചര്യകരം!.). അപ്രകാരം നമ്മുടെ ഉറ്റവർ പൂർണ്ണമായും ഭ്രഷ്ട് കൽപിക്കപ്പെട്ടവരായി മാറുന്നു”.

ഇതിനു സമാനവും തികച്ചും ഉപരിപ്ലവവുമായ ഒരു പ്രതികരണം കണ്ടെത്തുക പ്രയാസമാണ്. ഒരു മനുഷ്യനെ ഇഷ്ടപ്പെടുക എന്നാൽ അയാളെ ആലിംഗനം ചെയ്യുക, ചുംബിക്കുക, മത്സ്യങ്ങളെപ്പോലെ ഒട്ടിച്ചേർന്നു നിൽക്കുക എന്നൊക്കെയാണെന്നുള്ള ക്ലീഷേ ആഖ്യാനങ്ങളെ മറിച്ചിടുന്നതാണ് യഥാർത്ഥത്തിൽ ഈ പകർച്ചവ്യാധി. ഇന്ന്, ഞാനെന്റെ പ്രിയപ്പെട്ടവനെ/പ്രിയപ്പെട്ടവളെ സ്നേഹിക്കുന്നത് അവരിൽ നിന്ന് കുറച്ച് അകന്ന് നിന്നുകൊണ്ടാണ്. ഈ വൈരുദ്ധ്യം വലതും ഇടതുമായ എല്ലാ അലസ-പ്രത്യയശാസ്ത്ര (പ്രത്യയശാസ്ത്രം എന്നുപയോഗിച്ചിരിക്കുന്നത് മാർക്സിസ്റ്റ് അർഥത്തിൽ അല്ല) ചട്ടക്കൂടുകളെയും തകിടം മറിക്കുന്നതാണ്. പോപ്പുലിസത്തിന്റെ കാര്യം പറയേണ്ടതുമില്ലല്ലോ.

ചില രാഷ്ട്രീയ പ്രവർത്തകരും മീഡിയകളും നടത്തുന്ന ഉത്ബോധന പ്രവർത്തനങ്ങൾ (പ്രചരണങ്ങൾ) നമ്മുടെ സ്വാർത്ഥതക്കും നിസ്വാർത്ഥതക്കും ഒരുപോലെ സ്വീകാര്യമാകുന്നതാണ്. “നിങ്ങൾ മറ്റുള്ളവരെ ‘അവഗണിച്ചാൽ’, നിങ്ങൾ അവരെ സംരക്ഷിക്കുകയാണ്, നിങ്ങളെയും”. എന്നാൽ, മിക്കപ്പോഴും ഇത് (അവഗണന) ഒരുനിലക്കും ശെരിയല്ല. മറ്റുള്ളവരെപ്പോലെ യുവപ്രായക്കാർക്കും ഇൻഫെക്ഷൻ ബാധിക്കുമെങ്കിലും അവർ രോഗബാധിച്ച് കിടപ്പിലാകുന്നത് വിരളമാണെന്നത് ഇന്നൊരു സാമാന്യഅറിവായി മാറിയിരിക്കുന്നു. ഈ പകർച്ചവ്യാധി ജെറോന്റിസൈഡ് (വൃദ്ധരെ ബാധിക്കുന്നത്) ആണെന്നും 65 വയസ്സ് പിന്നിട്ടവരെയാണ് ഇത് അപകടകരമായി ബാധിക്കുക എന്നതും ഇന്നൊരു സാമാന്യഅറിവാണ്.

എന്റെ ഒരു യുവസുഹൃത്ത് എന്നിൽ നിന്ന് കുറഞ്ഞത് മൂന്നു മീറ്ററെങ്കിലും അകലം പാലിക്കുകയും എന്നോട് പുഞ്ചിരിക്കുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ ഈ ഭാവപ്രകടനത്തെ ഞാൻ മാനിക്കുന്നു. കാരണം എന്റെ സുരക്ഷയോർത്തിട്ടാണ് അദ്ദേഹം അപ്രകാരം ചെയ്യുന്നത്. ഞനൊരു വൃദ്ധനാണല്ലോ. അദ്ദേഹത്തിന്റെ വീട്ടിലുള്ള പ്രായമുള്ളവരെയും മതാപിതാക്കളെയും അദ്ദേഹം ഇപ്രകാരം സംരക്ഷിക്കാൻ ശ്രമിക്കുന്നു. ഏതുവിധേനയും, ഞാൻ അദ്ദേഹത്തോട് കൃതജ്ഞനാണ്. ഈ സാഹചര്യത്തിൽ, മറ്റുള്ളവർ എന്നോട് അകലം പാലിക്കുന്തോറും, എന്നോടവർ കൂടുതൽ അടുക്കുന്നതായി അനുഭവപ്പെടുന്നു. ഇതാണ് മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മ തലങ്ങളിൽ വരെ നടക്കുന്നതെന്താണെന്ന് മനസ്സിലാക്കുന്നതിൽ അഗമ്പൻ പരാജയപ്പെട്ടു എന്നുപറയാൻ കാരണം. ഇതിനു വിരുദ്ധമായി, സുരക്ഷിത അകലം പാലിക്കുക എന്നതിനോട് യാതൊരു ബഹുമാനവും കാണിക്കാത്ത, ഗ്ലൗസുകളും മാസ്കുകളും പോലും ഉപയോഗിക്കാത്ത അനേകം ആളുകളെ അടുത്ത കാലത്ത് ഞാൻ കാണുകയുണ്ടായി. പകർച്ചവ്യാധിയുടെ പ്രഹരശേഷിയെ കുറിച്ച് ഇപ്പോഴും അവർ സംശയമുന്നയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വാദങ്ങളിൽ നിന്ന് എനിക്കു മനസ്സിലായത്, അവർ തികഞ്ഞ ദോഷൈകദൃക്കുകളും സാമൂഹിക വിരുദ്ധരുമാണെന്നാണ്.

കഴിഞ്ഞ ശൈത്യകാലത്ത് 8000ഓളം ആളുകളാണ് ഇറ്റലിയിൽ പനി കാരണമുണ്ടായ ശ്വാസകോശ പ്രശ്നങ്ങളാൽ മരണപ്പെട്ടത്. അധികവും വയോധികർ. ഈ വർഷമാകട്ടെ, കൊറോണ വൈറസ് മൂലം മരണസംഖ്യ 20,000-25,000 വരെ ഉയരാൻ സാധ്യതയുണ്ട്. സാധാരണ കണക്കുകളെക്കാൾ മൂന്നിരട്ടി കൂടുതൽ. അധികവും പ്രായമുള്ളവർ തന്നെ. സാധാരണ അസുഖങ്ങൾ പിടിപെട്ട് മരിക്കുന്നവരെക്കാൾ മൂന്നിരട്ടി മാത്രം(!) ആളുകളാണ് കൊറോണ മൂലം മരണപ്പെടുന്നത് എന്നതാണോ, ഇതൊരു വ്യാജ പകർച്ചവ്യാധിയാണെന്നു പറയാൻ അഗമ്പന്റെ ന്യായം!?. എന്നാൽ അങ്ങനെയല്ല, ഇതിനേക്കാൾ എത്രെയോ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ള അജ്ഞാത വൈറസാണിത്. ഇതിനെതിരിൽ എടുക്കപ്പെടുന്ന എല്ലാ നടപടികളും പ്രതിരോധം ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്. എല്ലാറ്റിലുമുപരി, ഒരു ശൈത്യകാലത്ത് മരിക്കുന്നതിനെക്കാൾ മൂന്നിരട്ടി ആളുകൾ മരണപ്പെടുക എന്നത് നമ്മുടെ സമൂഹത്തിന് സ്വീകാര്യമായ സംഗതിയല്ല. അതൊരു ബയോ-പൊളിറ്റിക്കലായ- അതായത് നൈതികമായ (ethical) തെരഞ്ഞെടുപ്പാണ്.

ബോറിസ് ജോൺസൺ

ബോറിസ് ജോൺസനെപ്പോലെ അവലക്ഷണമുള്ള ഒരു ഭരണാധികാരി, ബ്രിട്ടീഷ്‌ ജനതയോട് പറഞ്ഞുകൊണ്ടിരിക്കുന്നത് “അകാലത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ വിട്ടുപിരിയാൻ തയ്യാറായിക്കോളൂ എന്നാണ്”. എന്തുകൊണ്ടാണ് നിലവിൽ മരിച്ചുകൊണ്ടിരിക്കുന്നവരെ അഭിസംബോധന ചെയ്യാത്തത്? എന്തുകൊണ്ടാണ് അവരുടെ എന്നതിലുപരി, നിങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ തയ്യാറായിക്കോളൂ എന്നു പറയാത്തത്?. മരണം എപ്പോഴും മറ്റുള്ളവർക്കാണ് സംഭവിക്കുക എന്ന മട്ടിലാണ് ഈ ജല്പനങ്ങൾ. ഒരുപക്ഷേ, ‘നിങ്ങളിലെ പ്രായമായവരെ നഷ്ടപ്പെടാൻ തയ്യാറായിക്കോളൂ എന്നായിരിക്കാം’ അദ്ദേഹം ഉദ്ദേശിച്ചിരിക്കുക. ജോൺസനെ സംബന്ധിച്ചിടത്തോളം മരണത്തിന്റെ എല്ലാ ചേരുവകളും പൂർത്തിയായവർക്കാണ് മരണം സംഭവിക്കുക. ‘അവർ’ എന്ന പ്രയോഗത്തിൽ നിങ്ങൾ ഉൾപ്പെട്ടിട്ടില്ല എന്ന അർഥത്തിലേക്ക് അഭിസംബോധനയുടെ നിലവാരം താഴ്ന്നുപോവുകയും ചെയ്യുന്നു. ഇതിനു വിപരീതമായി, ഇറ്റലി മറ്റൊരു നടപടിയാണ് നടത്തിയത്; മുതിർന്ന പൗരന്മാരെ സംരക്ഷിക്കാൻ ക്വാറന്റൈനും വാണിജ്യ സ്തംഭനവും ആവിഷ്കരിച്ചു. മുതിർന്ന പൗരന്മാരുടെ കൂട്ടത്തിൽ 1942-ൽ ജനിച്ച അഗമ്പനെയും കാണാൻ സാധിക്കും. മരണം ആഗ്രഹിക്കുന്നവരുടെ ജല്പനങ്ങളെ പ്രതിരോധിക്കുന്നതിൽ ഞാനൽപ്പം ഹീറോയിസം കാണുന്നു.

വിവർത്തനം: അഫ്സൽ ഹുസൈൻ

സെർജിയോ ബെൻവെനൂതോ