Campus Alive

പംഗൽ മുസ്‌ലിം: കുടിയിറക്കലിന്റെ രാഷ്ട്രീയ കൗശലം

(മണിപ്പൂരിലെ പംഗൽ മുസ്‌ലിംകൾക്കെതിരായ ഭരണകൂടത്തിന്റെ വിവേചനനടപടികൾക്കെതരിൽ എഴുതിയതിന്റെ പേരിൽ ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി ഗവേഷകനും സ്റ്റുഡന്റ് ആക്റ്റിവിസ്റ്റുമായ ചിങ്കിസ് ഖാനെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത ലേഖനത്തിന്റെ മലയാള വിവർത്തനം)

സംരക്ഷിത വനഭൂമിയിൽ കടന്നുകയറി എന്നാരോപിച്ചുകൊണ്ട് കിഴക്കൻ ഇംഫാൽ ജില്ലയിലെ ‘ക്ഷത്രി ബെൻഗൂൺ മാമാങ് അവാൻചിങിൽ’ അധിവസിച്ചിരുന്ന മിതെയ്-പംഗൽ മുസ്‌ലിംകളെ കുടിയൊഴിപ്പിക്കാനുള്ള മണിപ്പൂർ സ്റ്റേറ്റ് അധികാരികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങൾ ആരംഭിക്കുന്നത് 2018 ജൂലൈ 2നാണ്. ‘മേൽക്കൂരയില്ലാത്ത ജീവിതത്തിലേക്കാണ്’ ഈ നടപടികൾ പംഗലുകളെ തള്ളിവിട്ടിരിക്കുന്നത്. നാനൂറോളം പംഗലുകളെയാണ് ഈ നടപടികൾ സാരമായി ബാധിച്ചിരിക്കുന്നത്. 1970 മുതൽ പ്രദേശത്ത് അധിവസിക്കുന്ന ഗ്രാമവാസികളെ ഒഴിപ്പിക്കുന്നതിന് സർക്കാർ പുറത്തിറക്കിയ കാരണം-കാണിക്കൽ നോട്ടീസ് പിൻവലിക്കണം എന്ന് ഓൾ മണിപ്പൂർ മുസ്‌ലിം ഓർഗനൈസേഷൻ കോർഡിനേഷൻ കമ്മിറ്റിയും(AMMOCOC) പംഗലുകളുടെ മറ്റ് പൗരാവകാശ സംഘടനകളും ആവശ്യമുന്നയിച്ചിരുന്നു. അതേവർഷം ഏപ്രിൽ 10ന് സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗണിലാവുകയും ചെയ്‌തു. കുടിയൊഴിപ്പിക്കപ്പെട്ടവരെ ഉചിതമായ മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കണമെന്നും ഭക്ഷണം, വസ്ത്രമുൾപ്പെടെയുള്ള അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കണം എന്നും ആവശ്യമുയർന്നിരുന്നു.

കുടിയൊഴിക്കപ്പെട്ടവരുടെ അടിയന്തരവും ദീർഘകാല ആവശ്യവുമായ ഭൂമിയും പാർപ്പിടവും അനുവദിച്ചു നൽകണമെന്ന ശക്തമായ ആവശ്യങ്ങൾ ഉയരുകയും, അന്നുതന്നെ ഇതുസംബന്ധിയായി ധാരണാപത്രം സമർപ്പിക്കുകയും ചെയ്തു. കുടിയൊഴിപ്പിക്കൽ നടപടികൾ നീട്ടിവെക്കുന്നതുമായി ബന്ധപ്പെട്ട് മണിപ്പൂർ ഹൈക്കോടതിയുടെ കാരണം-കാണിക്കൽ നോട്ടീസ് ഉണ്ടായിരിക്കെ തന്നെ, വലിയ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടു കൂടിയാണ് കുടിയൊഴിപ്പിക്കൽ നടന്നത്. അങ്ങനെ, AMMOCOCയും സ്റ്റേറ്റ് ഗവണ്മെന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിലെ ഉടമ്പടികളെ പൂർണമായും അവഗണിച്ചുകൊണ്ട് കുടിയൊഴിപ്പിക്കൽ നടപടികൾ പൂർത്തിയായി. ആയതിനാൽ, വർഷങ്ങളായി പ്രദേശത്ത് അധിവസിച്ചവർ എന്ന യാഥാർഥ്യം നിൽനിൽക്കെ തന്നെ, ഒരുപാട് ആളുകളെയും വീടുകളെയും തകർത്തെറിയുന്ന ഗവണ്മെന്റ് നടപടികൾ സൂചിപ്പിക്കുന്നത്, ആ സമുദായത്തോടുള്ള അവഗണനയും കരുതലില്ലായ്മയുമാണെന്നു പറഞ്ഞാൽ തെറ്റാവില്ല. പംഗലുകളുടെ പൗരാവകാശ സംഘടനകളും സ്റ്റേറ്റ് ഗവണ്മെന്റും തമ്മിൽ ചർച്ചകളേറെ നടന്നുവെങ്കിലും നിർഭാഗ്യവശാൽ, അവരുടെ പുനരധിവാസത്തിനു വേണ്ട യാതൊരു നടപടികളും അധികാരികൾ ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഭാഗ്യവശാൽ, ചില അഭ്യുദയാകാംഷികൾ കുടിയൊഴിക്കപ്പെട്ടവർക്കു വേണ്ടി അവാൻചിങ് പ്രവിശ്യയിൽ കുറച്ചു ഭൂമി സംഭാവന ചെയ്തുകൊണ്ടും പാർപ്പിടം പണിയാൻ അവരെ സഹായിച്ചുകൊണ്ടും, അവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം ഏർപ്പെടുത്താൻ തയ്യാറായും മുന്നോട്ടുവന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ദൗർഭാഗ്യകരമായ സംഗതി, കുടിയൊഴിക്കപ്പെട്ടവരിലേറെ പേരും ജീവിതസാഹചര്യങ്ങളെ അതിജീവിക്കാൻ വാടക പാർപ്പിടങ്ങളിലും ബന്ധുക്കളുടെ ഷാങായികളിലും (മണിപ്പൂരിൽ വിശേഷാവസരങ്ങളിൽ വീടുകളോട് ചേർന്ന് പണികഴിപ്പിക്കപ്പെടുന്ന പരമ്പരാഗത ഷെഡ്ഡുകൾ) അഭയം കണ്ടെത്തുകയാണ് എന്നതാണ്.

ചിങ്കിസ് ഖാൻ

അതിലേറെ ദൗർഭാഗ്യകരമായ സംഗതി, എം.എൽ.എമാർക്ക് ക്വാർട്ടേഴ്സ് പണിയാൻ എന്ന പേരിൽ, മൻത്രിപുഖ്രി പ്രദേശത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ കൃഷിഭൂമിയും കെട്ടിടങ്ങളും ജംഗമവസ്തുക്കളും കണ്ടുകെട്ടാനുള്ള ഗവണ്മെന്റ് ശ്രമങ്ങളാണ്. ഗവണ്മെന്റ് നടപടികളോട് പ്രതിഷേധം പ്രകടിപ്പിക്കുക എന്നതിലുപരി, 2014-ലെ മണിപ്പൂർ നെൽവയൽ/ചതുപ്പുനില ആക്ടിനെ സ്റ്റേറ്റ് തെറ്റായി ഉപയോഗപ്പെടുത്തിയത്, കൃഷിഭൂമിയിൽ പാർപ്പിടങ്ങൾ പാടില്ല എന്ന വാദമുന്നയിക്കാനാണ്. അപ്പോഴും സമാനമായ അധിവാസകേന്ദ്രങ്ങളുള്ള മണിപ്പൂരിലെ ങാറിയാൻ, മയായി ലംബി, ടിധിം റോഡ്, ബാബുപുര പ്രദേശങ്ങളിലൊന്നും ഈ നടപടികളില്ല! പംഗലുകളോടുള്ള ഗവണ്മെന്റ് ദുർനടപടികളുടെ പ്രതിഫലനമെന്നോണം പ്രദേശത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വീടുകളും കടകളും മാറ്റിസ്ഥാപിക്കണമെന്ന ഭീഷണികൾ മറ്റുസമുദായങ്ങളിൽ പെട്ടവർ ഉയർത്തുന്ന കേസുകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ നടപടികളെ ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിൾ മൂന്ന് പ്രകാരം ജീവിക്കാനുള്ള അവകാശത്തെ (right to live) റദ്ദ് ചെയ്യുന്ന നടപടിയായി മനസ്സിലാക്കപ്പെടണം. അതേ പ്രഖ്യാപനം പാർപ്പിടമൊരുക്കാനും ജീവിതോപാധികൾ കണ്ടെത്താനുമുള്ള അവകാശവും വകയിരുത്തുന്നുണ്ട്.

വിവർത്തനം: അഫ്സൽ ഹുസൈൻ

ചിങ്കിസ് ഖാൻ/ഇംത്യാസ് ഖാൻ